വിനോദം എന്ന ഉൽപ്പന്നം
ഏഷ്യയിലെ ഏറ്റവും വികസിതമായ രാജ്യമാണ് ജപ്പാൻ. സാങ്കേതിക വിദ്യയുടെ അവസാനവാക്കായി നാം കണ്ടിരുന്നത് ജപ്പാനെയായിരുന്നു. ചൈന എന്നു പറയുമ്പോൾ ഡ്യൂപ്ലിക്കേറ്റ് എന്നു നാം മനസ്സിലാക്കുന്നതു പോലെ ജപ്പാൻ എന്നാൽ ഒറിജിനൽ എന്നുകൂടി നാം അർത്ഥം കണ്ടെത്തുമായിരുന്നു. പഴയ പ്രതാപങ്ങൾ അവസാനിച്ചിട്ടും ജപ്പാൻ വേറിട്ടു നിൽക്കുന്നു എന്ന തോന്നലിലാണ് നമ്മളിപ്പോഴും. ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് എന്ന ജാപ്പനീസ് മൂവിക്ക് IFFK യിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ലഭിച്ചു എന്നറിഞ്ഞപ്പോൾ മനസ്സിലൂടെ കടന്നുപോയ ചില ചിന്തകളാണ് മുകളിൽ കുറിച്ചത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മാത്രമല്ല, നല്ല ഒന്നാന്തരം സിനിമകളും ജപ്പാൻകാർ ഉണ്ടാക്കിയിരുന്നു. ഒരു കാലത്ത് അകിരാ കുറാസോവയില്ലാത്ത ഫിലിം ഫെസ്റ്റുകൾ നമുക്കുണ്ടായിരുന്നില്ല. ഗ്രാമീണ വിശുദ്ധിയിൽ ലാഭക്കൊതിയുടെ വിരൽപ്പാടുകൾ പതിയുന്നതിൻ്റെ കഥയാണ് റെബൂക്കാ ഹേമ ഗുച്ചി സംവിധാനം ചെയ്ത ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് എന്ന സിനിമ. പ്രമേയപരമായ പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ എന്നു നിസ്സംശയം പറയാം. നിർമിതിയിലെ സൗന്ദര്യമാണ് ഈ സിനിമയെ കാണാൻ കൊള്ളാവുന്ന ഒന്നാക്കി മാറ്റുന്നത്. ഒരു സാധാരണ ജാപ്പനീസ് ജീവിതത്തിൻ്റെയും സിനിമയുടേയും വേഗ രാഹിത്യം ഈ സിനിമയിലും കാണാം. ധ്യാനാത്മകമായ ഒരനുഭവം പോലെ ഈ സിനിമയിലെ പ്രകൃതി നിൽക്കുന്നു. കാഴ്ചയ്ക്കുമപ്പുറത്ത് അനുഭവത്തിൻ്റെ ഒരു തലം അതു തുറന്നു വെക്കുന്നുണ്ട്.
വികസനവും പരിസ്ഥിതിയും പരസ്പരം സ്നേഹിക്കുന്ന രണ്ടു സുഹൃത്തുക്കളല്ല. ഒന്നു ചെറുതാകുമ്പോഴാണ് മറ്റേത് വലുതാകുന്നത് എന്ന തോന്നൽ നമുക്കുണ്ട്. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും പാരിസ്ഥിതിക ചൂഷണങ്ങളിലും മുമ്പൻമാരാണ്. പരിസ്ഥിതിയെ ചൂഷണം ചെയ്തതിൻ്റെ അളവും അവരുടെ വികസനത്തിൻ്റെ തോതും ഏറെക്കുറേ ഒരേ വിതാനത്തിലാണ്. പിൽക്കാലത്താണ് ഇതിൻ്റെ പ്രശ്നങ്ങളെക്കുറിച്ച് അവർക്ക് ബോധ്യം വരുന്നത്. 1962 ൽ അമേരിക്കയിൽ റേച്ചൽ കഴ്സൻ്റെ സൈലൻ്റ് സ്പ്രിംഗ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതു മുതലാണ് പാശ്ചാത്യ ലോകത്ത് പ്രകൃതിസംരക്ഷണം എന്ന ആശയം വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. കീടനാശിനികളുടെ ഉപയോഗം പ്രകൃതിയെയും ജീവജാലങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണമായിരുന്നു ആ പുസ്തകം. പ്രകൃതി ചൂഷണത്തിന് കുറവൊന്നും ഉണ്ടായില്ലെങ്കിലും പ്രകൃതിസംരക്ഷണം എന്ന ആശയം കൂടി അതോടൊപ്പം ശക്തമായി. ലാഭത്തിൻ്റെ ഒരു വിഹിതം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കു കൂടി വിനിയോഗിക്കാൻ വൻകിട കമ്പനികൾ നിർബന്ധിതമായി. പാശ്ചാത്യ വികസന മാതൃകകൾ പിന്തുടരുന്ന രാജ്യങ്ങളിലെല്ലാം പിൽക്കാലത്ത് ഈ രീതി നടപ്പിലായി.
ഒരുപക്ഷേ, ജപ്പാനിൻ്റെ അവബോധത്തിൽ നേരത്തെ തന്നെ ഈ ആശയങ്ങൾ ഉണ്ടായിരുന്നിരിക്കണം. സാങ്കേതികജ്ഞാനവും കഠിനാധ്വാനവും അവരെ ഉയരങ്ങളിലെത്തിച്ചെങ്കിലും ബുദ്ധൻ്റെ പിന്തുടർച്ചയും പാരമ്പര്യവും അവരുടെ ഉപബോധമനസ്സിലുണ്ടാവണം. ബുദ്ധനു മുമ്പ് ജപ്പാനെ ആവേശിച്ച ഷിൻ്റോ മതവും ഒരർത്ഥത്തിൽ പ്രകൃതിയുടെ ആത്മീയതയെ ഉയർത്തിപ്പിടിക്കുന്നു. ആർഭാടത്തിൻ്റെ അമേരിക്കൻ മാതൃകകൾ അവർക്ക് സ്വീകാര്യമായിരുന്നില്ല. പ്രകൃതിയോടൊപ്പം ചേർന്നു പോകുന്ന വികസനമാതൃകകൾ അവർ കണ്ടെത്തി. പാർപ്പിടങ്ങൾക്കു വേണ്ടി മരങ്ങൾ മുറിച്ചുനീക്കുന്നതിനു പകരം മരങ്ങൾക്കിടയിൽ പാർപ്പിടങ്ങൾ എന്ന മിയാവാകി പദ്ധതി അവതരിപ്പിച്ചു. ജപ്പാനിൻ്റെ ഹൃദയത്തിൽ ഇപ്പോഴുമുള്ള ആ പ്രകൃതി ബോധത്തെയാണ് ഈവിൾ ഡസ് നോട്ട് എക്സിസ്റ്റ് എന്ന സിനിമ പ്രതിനിധാനം ചെയ്യുന്നത്.
ഒരു ജപ്പാൻ സിനിമയ്ക്ക് ചേരും വിധം സാങ്കേതികത്തികവാർന്ന ചിത്രീകരണം. ജാപ്പനീസ് ഗ്രാമത്തിൻ്റെ പ്രകൃതിഭംഗിയും മികച്ച ചിത്രീകരണവും ചേർന്ന് ഈ സിനിമ മനോഹരമായ ദൃശ്യാനുഭവമാകുന്നു. ഗ്രാമത്തിലെ സൗന്ദര്യത്തികവാർന്ന ഒരു സ്ഥലത്ത് ഒരു കോർപ്പറേറ്റ് കമ്പനി കോട്ടേജുകളും ഹോളിഡേ ഹോമുകളും സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നു. ഈ പദ്ധതിയേക്കുറിച്ച് വിശദീകരിക്കുന്നതിനു വേണ്ടി നഗരത്തിൽ നിന്ന് കമ്പനിയുടെ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. അവർ പദ്ധതിയെക്കുറിച്ച് നന്നായി വിശദീകരിക്കുന്നു. തുടർന്നു നടന്ന ചോദ്യോത്തര സെഷനാണ് പ്രശ്നമായത്. ഗ്രാമീണരുടെ പല ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. ഗ്രാമീണരെ എളുപ്പം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയും എന്നാണ് അവർ കരുതിയിരുന്നത്. എന്നാൽ തങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ അവർക്കറിയാമെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുന്നു. ആ കാര്യം തുറന്നു സമ്മതിക്കാനും അവർ തയ്യാറാകുന്നുണ്ട്. ഒരുപക്ഷേ ഒരു ശരാശരി ജപ്പാൻകാരൻ്റെ ഉള്ളിൽ നിഹിതമായ ഒരു പ്രാകൃതികബോധം ഉള്ളടങ്ങിയിട്ടുണ്ടാവണം.
ലളിതവും നിശ്ശബ്ദവുമായി ജീവിക്കുന്ന ഒരു ഗ്രാമീണനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. അയാളും പതിനൊന്നു വയസ്സുകാരിയായ അയാളുടെ മകൾ ഹനയും ടോക്കിയോവിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നത്. ആവശ്യമുള്ളതെല്ലാം അവർക്ക് പ്രകൃതിയിൽ നിന്ന് ലഭിക്കുന്നുണ്ട്. അല്ലെങ്കിൽ പ്രകൃതിയിൽ നിന്ന് ലഭിക്കുന്നത് മാത്രം ഉപയോഗിച്ച് അവർ ലളിതമായി ജീവിക്കുന്നു. കണ്ണീരു പോലെ തെളിവാർന്ന ജലം ലഭിക്കുന്ന ഉറവയുണ്ടവിടെ. മാനുകൾക്കും മനുഷ്യർക്കും ഒരു പോലെ അഭയമായ ഭൂപ്രദേശം. അവിടെയാണ് പുതിയ പ്രൊജക്റ്റ് വരുന്നത്. പുതിയ പദ്ധതി ഗ്രാമത്തിലെ കുടിവെള്ള ലഭ്യത, മാനുകളുടെ സ്വഭാവിക ജീവിതം എന്നിവയെ ബാധിക്കും എന്നതായിരുന്നു ഗ്രാമീണരുടെ ഭയം. ഗ്രാമീണരെ സ്വാധീനിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിനുമായിട്ടാണ് കമ്പനിയുടെ പ്രതിനിധികൾ ആ ഗ്രാമത്തിൽ വരുന്നത്. രണ്ടാമത്തെ വരവിൽ അവരാഗ്രാമത്തിൽ താമസിക്കുന്നു. ഹനയുടെ അച്ഛന് അവർ പ്രോജക്ടിൽ ജോലി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ അയാളത് നിഷേധിക്കുന്നു. എനിക്കിവിടെ പണം കൊണ്ട് പ്രത്യേക ആവശ്യമൊന്നുമില്ലെന്നാണ് അയാളുടെ വാദം.
PHOTO: WIKI COMMONS
ഒടുവിൽ ആ ഗ്രാമീണൻ്റെ ജീവിതത്തിൽ അയാൾ ഭയപ്പെട്ട ദുരന്തം സംഭവിക്കുന്നു. അയാളുടെ മകളെ കാണാതാവുന്നു. അവളെ വനത്തിൽ നഷ്ടപ്പെടുകയായിരുന്നു. മാനുകൾക്ക് നേരത്തേ തന്നെ വെടിയേറ്റു തുടങ്ങിയിരുന്നു. കാണാതായ കുട്ടിയെ തിരഞ്ഞ് ആ ഗ്രാമം മുഴുവൻ കാട്ടിലലയുന്നുണ്ട്. ഒടുവിൽ, വെടിയേറ്റ മാനിനൊപ്പം മകളെ കണ്ടെത്തുന്ന ഘട്ടത്തിൽ അയാൾ തന്നോടൊപ്പം മകളെ തേടുകയായിരുന്ന കമ്പനിയുടെ പ്രതിനിധിയെ ആക്രമിക്കുകയാണ്. മാനിന് വെടിയേൽക്കുന്നതിനും മകൾക്ക് നേരിട്ട ദുരന്തത്തിനും പുതിയ പദ്ധതി പ്രത്യക്ഷത്തിൽ കാരണമാകുന്നില്ല. കാരണം പദ്ധതിയുടെ ഒരു പ്രവർത്തനവും അവിടെ ആരംഭിച്ചിട്ടില്ല. എങ്കിലും പ്രകൃതിക്കെതിരായ എല്ലാ നീക്കങ്ങളെയും പ്രകൃതി പ്രതിരോധിക്കും എന്ന ആശയമാവണം ഇവിടെ പങ്കുവെക്കുന്നത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ പിടിച്ചെടുത്തു കൊണ്ടാവും പ്രകൃതി അതിൻ്റെ പ്രതികാരം പൂർത്തീകരിക്കുക എന്ന് നമുക്കീ സിനിമയിൽ നിന്നു വായിച്ചെടുക്കാം. പ്രകൃതിയിലേക്കുള്ള അന്യായമായ കടന്നുകയറ്റങ്ങൾ നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതത്തെയാണ് ബാധിക്കുന്നത് എന്ന ആശങ്കയാവണം ഈ സിനിമ പങ്കുവെക്കുന്നത്.
പ്രകൃതി നൽകുന്ന സ്വാഭാവികമായ ആഹ്ലാദത്തിനു പകരം കൃത്രിമമായി സൃഷ്ടിക്കുന്ന ആനന്ദങ്ങൾ നമ്മുടെ ജീവിതത്തെത്തന്നെ കെടുത്തിക്കളയുന്നു എന്നു പറയാനാവണം സംവിധായകൻ ഉദ്ദേശിച്ചിരിക്കുക. ഓരോ സിനിമയും ഓരോ ആശയങ്ങൾ കൂടിയാണല്ലോ. മനുഷ്യപുരോഗതിയുടെ ഏറ്റവും നവീനമായ തലങ്ങളിൽ എത്തിച്ചേർന്ന ജനതയിൽ തന്നെ ആധുനികവിരുദ്ധവും മനുഷ്യൻ്റെ പുരോഗതിക്ക് പ്രതിമുഖവുമായ ആശയങ്ങൾ കൂടി ആഴത്തിൽ വേരോടിയിട്ടുണ്ട് എന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. പ്രകൃതി ഒരു ആത്മീയ സാന്നിധ്യമായി അനുഭവപ്പെടുന്ന ദിക്കുകളിലെല്ലാം അങ്ങനെയൊരാശയം കൂടി ഇല്ലാതിരിക്കില്ല.
വേഗമേറിയ വികസനത്തിൻ്റെയും പുരോഗതിയുടെയും ഇര കൂടിയാണ് പുതിയ ജപ്പാൻ. ഒഴുക്കു നിലച്ചുപോയ ഒരു സമൂഹമായി അവർ മാറിയിട്ടുണ്ട്. കടലിലെത്തിച്ചേർന്ന പുഴ പോലെ ഇനി ഒഴുകേണ്ടതില്ലാത്ത ഒരു ലക്ഷ്യപൂർത്തിയിലേക്ക് അവർ എത്തിച്ചേർന്നിട്ടുണ്ട്. ഒരുപക്ഷേ, ഈ കുറ്റബോധം കൂടി അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ടാവണം. അങ്ങനെ വരുമ്പോൾ ഈ സിനിമ അവരുടെ ഒരു പശ്ചാത്താപം കൂടിയാണ്.