TMJ
searchnav-menu
post-thumbnail

TMJ Cinema

110 കൊല്ലങ്ങൾക്കിടയിൽ ഇന്ത്യൻ തിയേറ്ററുകൾ ഏറ്റവുമേറെ നിറഞ്ഞത് ഈ ദിവസങ്ങളിൽ

15 Aug 2023   |   3 min Read
ഹരിഗോവിന്ദ് എ

കോവിഡ് 19 ന്റെ  മൂര്‍ദ്ധന്യത്തില്‍ നിന്ന് ലോകം കരകേറിയെങ്കിലും അതിന്റെ ആഘാതം മറ്റ് പല വ്യവസായങ്ങളെ പോലെ സിനിമ ലോകത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിന്റെ വിശകലനങ്ങള്‍ ഓടിടിയെ മുതല്‍ മനുഷ്യന്റെ മാറിവരുന്ന ശീലങ്ങളെയും സാമ്പത്തിക സ്ഥിതിഭേദങ്ങളെയും ഒക്കെ പ്രതിക്കൂട്ടില്‍ ആക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതം ഇന്‍ഡ്യന്‍ സിനിമയേയും പ്രതികൂലമായി ബാധിച്ചു. ബോളിവുഡിന്റെ ഇന്‍ഡ്യന്‍ സിനിമയില്‍ ഉള്ള പരമാധികാരം തച്ചുടയ്ക്കപ്പെടാന്‍ ഒരുപരിധിവരെ ഈ മഹാമാരി ഒരു കാരണമായി.

കോവിഡ് മൂലം മാസങ്ങളോളം അടച്ച് ഇടേണ്ടി വന്നിട്ടും പിന്നീടുള്ള തിരിച്ചുവരവില്‍ പാതി സീറ്റിങ് ഉള്‍പ്പടെയുള്ള പല അഗ്‌നിപരീക്ഷണങ്ങളും നേരിട്ടിട്ടും പ്രതീക്ഷയോടെ അതിജീവിച്ച തീയേറ്ററുകള്‍ പോലും കുറച്ച് നാള്‍ മുമ്പു വളരെ ഞെരുക്കത്തോടെ ആണ് നിലനില്‍പ്പിനായി പാടുപെട്ടത്. അത്തരമൊരു സാഹചര്യത്തിലാണ് ആഗസ്റ്റ് 11-13 വീക്കെന്‍ഡില്‍ ഇന്‍ഡ്യന്‍ ബോക്‌സ് ഓഫീസ് പുതിയ ചരിത്രത്തിന് സാക്ഷ്യംവഹിച്ചത്.

PGI (Producer's Guild of India) യും MAI (Multiplex Association of India) യും 110 കൊല്ലം ഉള്ള ഇന്‍ഡ്യയിലെ സിനിമാ ചരിത്രത്തില്‍ തന്നെ എറ്റവുമധികം കളക്ഷനും തിരക്കും ഉള്ള ഒരു വാരാന്ത്യമായാണ് ഈ ദിവസങ്ങളെ രേഖപ്പെടുത്തിയത്.  നീണ്ട കാത്തിരിപ്പുകള്‍ക്കുശേഷം ഇറങ്ങിയ നാല് സിനിമകള്‍ ആണ് ഈ വാരം ചരിത്രം തിരുത്തി കുറിക്കുന്നത്. തമിഴില്‍ രജനികാന്തിന്റെ 'ജയിലര്‍' ഹിന്ദിയില്‍ സണ്ണി ഡിയോളിന്റെ 'ഗദ്ദാര്‍ 2'' അക്ഷയ് കുമാറിന്റെ 2012 ല്‍ ഇറങ്ങിയ ''ഓ മൈ ഗോഡ്''ന്റെ രണ്ടാം ഭാഗം ആയ ''ഓ മൈ ഗോഡ് 2'' ചിരഞ്ജീവി നായകന്‍ ആയി എത്തിയ ''ഭോലാ ശങ്കര്‍'' ഈ നാല് സിനിമകള്‍ മൊത്തത്തില്‍ 390 കോടി രൂപയുടെ വ്യവസായം ആണ് ഈ മൂന്നുദിവസം കൊണ്ട് ഇന്‍ഡ്യ ഒട്ടാകെ ഉള്ള തീയേറ്ററുകളില്‍ നേടിയത്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളും വളരെ വലിയ തിരക്കിനാണ് സാക്ഷ്യംവഹിച്ചത്. സിനിമാ ടിക്കറ്റുകളുടെ വിറ്റുപോക്കിനു പുറമെ ഭക്ഷണപാനീയങ്ങളിലൂടെയും സിനിമ കാണാന്‍ എത്തിയ പ്രേക്ഷകര്‍ മാളുകളില്‍ നടത്തിയ ഷോപ്പിങ്ങിലൂടെയും വലിയ വ്യവസായ നേട്ടമാണ് കൈവരിക്കാന്‍ കഴിഞ്ഞത്. ഏകദേശം 2.5 കോടി ആളുകള്‍ എങ്കിലും ഇന്‍ഡ്യയൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഈ മൂന്ന് ദിവസങ്ങളിലായി എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

PHOTO: WIKI COMMONS
സൗത്ത് ഇന്‍ഡ്യയില്‍ 'ജയിലര്‍' തരംഗമാവുകയാണ്. രജനികാന്തിന്റെ തിരിച്ചുവരവായി കൂടി കണക്കാക്കുന്ന ചിത്രം 300 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിക്കഴിഞ്ഞു. പാന്‍ ഇന്‍ഡ്യന്‍ സ്വഭാവമുള്ള സിനിമയില്‍ പല ഭാഷകളിലെ പ്രമുഖരും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. ഹിന്ദിയില്‍ നിന്ന് ജാക്കി ഷറഫ് മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍ കന്നഡയില്‍ നിന്ന് ശിവ രാജ്കുമാര്‍ അങ്ങനെ വല്യ ഒരു താരനിര സിനിമയുടെ പാന്‍ ഇന്‍ഡ്യന്‍ സാധ്യതകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. 

നോര്‍ത്ത് ഇന്‍ഡ്യയില്‍ പക്ഷേ, ബോക്‌സ് ഓഫീസിന്റെ ഗതി 'ഗദ്ദാര്‍ 2''വിനൊപ്പം ആണ്. 2001 ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഗദ്ദാര്‍: ഏക്ക് പ്രേം കഥ''യുടെ രണ്ടാം ഭാഗം ആണ് 'ഗദ്ദാര്‍ 2'. സിനിമയുടെ കാത്തിരിപ്പിനായി ആദ്യ സിനിമയുടെ വിജയം ഒരു കാരണമായെങ്കിലും സിനിമയ്ക്ക് ലഭിച്ച തരംഗവും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളുടെ തൂത്തുവാരലുകളും സിനിമാ നിരൂപകരെ പോലെ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരെയും അമ്പരപ്പിക്കുകയാണ്. ആദ്യ രണ്ടു ദിവസംകൊണ്ട് സണ്ണി ഡിയോളിന്റെ കരിയറില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി ഗദ്ദാര്‍ 2 മാറി. 

ആദ്യ ദിവസ കളക്ഷനുകളില്‍ പിന്നില്‍ നിന്നെങ്കിലും അക്ഷയ് കുമാറിന്റെ ''ഓ മൈ ഗോഡ് 2'' സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെയും അതിന്റെ അവതരണ മികവിന്റെയും ചുവടുപിടിച്ച് വേര്‍ഡ് ഓഫ് മൗത്ത് പബ്ലിസിറ്റിയിലൂടെ പതുക്കെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. 'A' സര്‍ട്ടിഫിക്കറ്റ് കിട്ടിയതും സിനിമയുടെ ആദ്യ ദിവസ കളക്ഷനെ ബാധിച്ചിട്ടുണ്ടായിരുന്നു. ആദ്യ സിനിമയില്‍ അക്ഷയ് കുമാറിന്റെ ഒപ്പം പരേഷ് റവാള്‍ ആയിരുന്നെങ്കില്‍ ഇത്തവണ പങ്കജ് ത്രിപാഠി ആണ്. ചിരഞ്ജീവിയുടെ ''ഭോലാ ശങ്കര്‍'' ആദ്യ ദിവസങ്ങളില്‍ 20 കോടിയോളം കളക്ട് ചെയ്ത് ഈ മൂന്ന് ചിത്രങ്ങള്‍ക്കൊപ്പം ചരിത്രത്തിന്റെ ഭാഗമായി. 

സമാന്തരമായി ഹോളിവുഡിലും രണ്ടാഴ്ചകള്‍ക്കു മുമ്പെ ഇതുപോലൊരു വാരാന്ത്യത്തിനു സാക്ഷ്യംവഹിച്ചിരുന്നു. നവ മാധ്യമങ്ങളില്‍ 'Barbenheimer' എന്ന ഹാഷ് ടാഗില്‍ തരംഗമായ ഗ്രെറ്റ ഗെര്‍വിഗിന്റെ ''ബാര്‍ബി''യും ക്രിസ്റ്റഫര്‍ നോളന്റെ ''ഓപ്പണ്‍ ഹൈമര്‍''ഉം ആണ് കോവിഡ് മഹാമാരിക്കുശേഷം ഉള്ള ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വാരാന്ത്യങ്ങളില്‍ ഒന്ന് സാധ്യമാക്കിയത്. ഈ രണ്ട് ചിത്രങ്ങള്‍ ചേര്‍ന്ന് 246 മില്ല്യന്‍ ഡോളര്‍ ആണ് മൂന്നുദിവസംകൊണ്ട് തൂത്തുവാരിയത്. ഹോളിവുഡിന്റെ ചരിത്രത്തില്‍ തന്നെ ഇത് അഞ്ചാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ആണ്. 357 മില്ല്യണ്‍ ഡോളര്‍ കളക്ട് ചെയ്ത് 2019 ല്‍ ഇറങ്ങിയ 'അവഞ്ജര്‍സ് എന്‍ഡ് ഗെയിം' ആണ് ഒന്നാം സ്ഥാനത്ത്. 

PHOTO: WIKI COMMONS
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ രണ്ട് ചിത്രങ്ങളെയും ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇന്‍ഡ്യയിലും ബാര്‍ബന്‍ ഹൈമറിന്റെ പ്രഭാവം വളരെ ശക്തമായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് തന്നെ ഈ രണ്ട് ചിത്രങ്ങള്‍ക്കും ഐ മാക്‌സ് ഉള്‍പ്പെടെ ഉള്ള തീയേറ്ററുകളില്‍ ബുക്കിങ്ങിനുള്ള പ്രവാഹമായിരുന്നു. ഒരു സ്ത്രീ സംവിധാനം ചെയ്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും ഗ്രെറ്റ ഗെര്‍വിഗിന്റെ ''ബാര്‍ബി' സ്വന്തമാക്കി. കളക്ഷന്റെ കാര്യത്തില്‍ 500 മില്ല്യണ്‍ ഡോളറിനു മുകളില്‍ നേടി ഓപ്പണ്‍ ഹൈമറും വലിയൊരു മാര്‍ജിന്‍ പ്രോഫിറ്റില്‍ എത്തിനില്‍ക്കുകയാണ്.

മഹാമാരിയുടെ പ്രതിസന്ധിക്കുശേഷം സിനിമാ പ്രേമികള്‍ക്ക് ഇടയിലും തിയേറ്റര്‍ ഉടമകള്‍, പ്രൊഡ്യൂസേഴ്‌സ് ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകരുടെ ഇടയിലും ഇത് വളരെ ആശ്വാസം ഉളവാക്കുന്ന സൂചകങ്ങള്‍ ആണ്. മലയാളത്തിന്റെ എന്ന് അര്‍ഹതപ്പെടാന്‍ ഇക്കൊല്ലം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമെ വിജയം കണ്ടിട്ടുള്ളൂ. അതില്‍ത്തന്നെ രോമാഞ്ചവും, 2018 ഉം ആണ് ഏറ്റവും വലിയ വിജയം നേടിയത്. ഓണത്തെ വരവേല്‍ക്കാന്‍ കൈനിറയെ ചിത്രങ്ങള്‍ ഒരുങ്ങുകയാണ് തീയേറ്ററുകളിലേക്ക്. 2019 ന് ശേഷം ഇതാദ്യമായാണ് ഓണത്തിന് ഒരു മള്‍ട്ടി സ്റ്റാര്‍ ക്ലാഷ് വരുന്നത്. കുറുപ്പിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രം ആണ് അഭിലാഷ് ജോഷി ഒരുക്കുന്ന ''കിങ് ഓഫ് കൊത്ത''. ഹനീഫ് അദേനി ഒരുക്കുന്ന നിവിന്‍ പോളി ചിത്രം ആയ ''രാമചന്ദ്ര ബോസ് ആന്റ് കൊ''വും ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസ് പെപ്പെയും നായക വേഷങ്ങളില്‍ എത്തുന്ന ''ആര്‍ ഡി എക്‌സ്''ഉം ആണ് ഇക്കുറി പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഓണച്ചിത്രങ്ങള്‍.


#cinema
Leave a comment