TMJ
searchnav-menu
post-thumbnail

TMJ Cinema

പെണ്‍കാതല്‍

11 Jan 2024   |   4 min Read
സെറീന

തീയേറ്ററില്‍ത്തന്നെ കണ്ട ചിത്രമാണ് ജിയോ ബേബിയുടെ കാതല്‍. ഒരുവരി പോലും എഴുതാനാവാത്തൊരു കനം ദിവസങ്ങളോളം ഉള്ളില്‍ നിറഞ്ഞു. അപരിചിതമായൊരു ജീവിത പരിസരത്തിന്റെ കണ്ണ് നീറ്റുന്നൊരു പുകമറയില്‍ നിന്നും തങ്കനും മാത്യുവും ഓമനയും അപ്പനും ഇറങ്ങി വന്ന്, എന്നെ മനസ്സിലാവുന്നില്ലേ എന്ന് ചോദിച്ചു. സോഷ്യല്‍ മീഡിയയില്‍ നിറയെ ചങ്ങാതിമാരുടെ അഭിപ്രായങ്ങള്‍ വായിച്ചു. അതില്‍ 90% മനുഷ്യരും തങ്കന്റെയും  മാത്യുവിന്റെയും നിസ്സഹായമായ വേദനയോട് ചേര്‍ന്നുനിന്നു. അവരെ ഏറ്റെടുത്തു. ശരിയാണ്, ഭിന്നലൈംഗികതയുള്ള മനുഷ്യര്‍ക്കുവേണ്ടി തീര്‍ച്ചയായും സംഭവിക്കേണ്ടതു തന്നെയായിരുന്നു ഈ സിനിമ. ഒറ്റവാക്ക് ഉരിയാടാതെയാണ്, ഒറ്റതൊടല്‍ പോലുമില്ലാതെയാണ് രണ്ട് മനുഷ്യര്‍ക്കിടയിലെ ഉടലിന്റെ കാമനകളെയും പ്രണയത്തെയും ജിയോ ബേബി അതിഗംഭീരമായി നമുക്ക് കാണിച്ചുതന്നത്. നിസ്സഹായത എന്ന വാക്കിന്റെ ആഴം നമ്മള്‍ കണ്ടു. നേരിന്റെ സൗന്ദര്യം ആത്മാവിനെ തൊട്ടു. തങ്കനായി വന്ന സുധി കോഴിക്കോട് എന്തൊരു നടനാണ്! ആര്‍ക്കും മുഖംതരാതെ ആരുടെയും കണ്ണില്‍ നോക്കാതെ അയാള്‍ നടന്നു, ഉള്ളില്‍ അയാള്‍ കൊണ്ടുനടന്ന രഹസ്യം,  അയാളെ ജീവിപ്പിക്കുന്ന തീയായിരുന്നു, ആര്‍ക്കും പിടിതരാത്ത ആ കണ്ണുകളില്‍ അത് കത്തിനില്‍പ്പുണ്ടായിരുന്നു.

ഇന്നിപ്പോള്‍ ഓടിടി യില്‍ കാതല്‍ പിന്നെയും കാണുമ്പോള്‍ എനിക്ക് തോന്നിയത് മറ്റൊന്നാണ്, ഓമന എന്ന സ്ത്രീയുടെ മാത്രം കാതലാണ് ഈ സിനിമയുടെ കാതല്‍ എന്ന്. ഭിന്നലൈംഗികതയുള്ള മനുഷ്യരെ എന്നപോലെ തന്നെയാണ്, ലൈംഗികത എന്ന വാക്കുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ സ്ത്രീയെയും സമൂഹം അഭിസംബോധന ചെയ്യുന്നത്. അഭിപ്രായങ്ങളും തീരുമാനങ്ങളുമുള്ള ഒരു സ്ത്രീയെ നേരിടേണ്ടി വരുമ്പോള്‍ അവളെ തോല്‍പ്പിക്കാന്‍ കണ്ടെത്തുന്ന ഏറ്റവും എളുപ്പമുള്ള വഴി ലൈംഗികതയുമായി, അവളുടെ ശരീരവുമായി മാത്രം അവളെ ചേര്‍ത്തുകെട്ടുക എന്നതാണ്. അങ്ങനെ അപമാനിച്ചു അവളെ തോല്‍പ്പിച്ചു കളയാം എന്നതാണ്. അങ്ങനെ ഒരു ലോകത്താണ്, എന്റെ ശരീരം നേരിടുന്ന അവഗണന എനിക്ക് അംഗീകരിക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ നിയമവ്യവസ്ഥയെ സമീപിക്കുന്നത്. ഒരു കോടതിയെയും സമീപിക്കാനാവാതെ, എന്തിന് ഏറ്റവും അടുത്തൊരാളോട് തുറന്നുപറയാന്‍ പോലും ഭയന്ന് എത്രയോ സ്ത്രീകള്‍ ഈ അവസ്ഥയെ നേരിടുന്നുണ്ടാവണം നമ്മുടെ വീടകങ്ങളില്‍. നിരാശയിലേക്കും ആത്മഹത്യയിലേക്കും പോയ മനുഷ്യരുണ്ട് പക്ഷേ, അത് നമ്മള്‍ സംസാരിക്കില്ല ചര്‍ച്ച ചെയ്യില്ല. അവരുടെയെല്ലാം ലോകത്തേക്കുള്ള ഒരു വെട്ടംവീശല്‍ കൂടിയാണ് ഈ സിനിമ. അവിടെയാണ് സ്വയം വിലമതിക്കുന്ന, സ്വയം തിരിച്ചറിയുന്ന ഓമന എന്ന സ്ത്രീ, തലയുയര്‍ത്തി നില്‍ക്കുന്നത്. കുട്ടികളുണ്ടാകുന്നതിനുള്ള വഴി മാത്രമായി ലൈംഗികതയെ മനസ്സിലാക്കുന്ന മനുഷ്യര്‍ പോലുമുണ്ട് നമുക്കിടയില്‍.

PHOTO: YOUTUBE
പത്തൊന്‍പത് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് ഓമന. വിവാഹം കഴിഞ്ഞിട്ട് ഇരുപതുവര്‍ഷം. നാല്‍പ്പത് വയസ്സിലേറെ പ്രായമുള്ള ഒരു സ്ത്രീ ഭര്‍ത്താവിനെതിരെ കോടതിയില്‍ പോകുന്നത് ഒരേയൊരു കാര്യം പറഞ്ഞിട്ടാണ്, തന്റെ ശരീരത്തോട് താല്പര്യമില്ലാത്ത ഒരാളോടൊപ്പം ആ അവഗണനയുടെ അപമാനം സഹിച്ചു ജീവിക്കാന്‍ ഇനി സാധ്യമല്ല അതുകൊണ്ട് വിവാഹമോചനം വേണം. ഒരു കുട്ടി ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഒരുവിഭാഗം മനുഷ്യര്‍ അവള്‍ക്കൊപ്പം നില്‍ക്കുമായിരുന്നു. നോക്കൂ, ഇത് നമ്മുടെ ചുറ്റുവട്ടത്ത് നമ്മുടെ കുടുംബത്തില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നാണോ? അവള്‍ക്ക് എന്ത് സൂക്കേടാണ്, കെട്ടിക്കാന്‍ പ്രായമുള്ള ഒരു പെങ്കൊച്ചിന്റെ അമ്മയല്ലേ... കല്ലെറിഞ്ഞു കൊല്ലാന്‍ പറ്റാത്തതില്‍ പല്ലിറുമ്മും അവള്‍ക്ക് ചുറ്റുമുള്ള ലോകം. അങ്ങനെയൊരു ലോകത്തു നിന്നാണ് ഓമന തന്റെ പോരാട്ടം തുടങ്ങുന്നത്. ഒരു സ്ത്രീയ്ക്ക് വിവാഹജീവിതം അവസാനിപ്പിച്ച് ഇറങ്ങിപ്പോരാന്‍ കാരണമായി പറയപ്പെടുന്ന ഗാര്‍ഹിക പീഡനമോ മറ്റ് മോശം സാഹചര്യങ്ങളോ ഒന്നും തന്നെ ആ വീട്ടില്‍ ഇല്ല. മാത്യുവിന്റെയും ഓമനയുടെയും ബന്ധത്തില്‍ വഴക്കുകളോ പൊട്ടിത്തെറികളോ മറ്റ് സാമ്പത്തിക സാമൂഹിക പ്രശ്‌നങ്ങളോ ഒന്നുമില്ല. എത്ര സൗമ്യനും ജനപ്രിയനുമാണ് മാത്യു. മകളുടെ ചെറിയൊരു അകല്‍ച്ചയില്‍പോലും അസ്വസ്ഥനായി അവള്‍ ഓക്കേ അല്ലേ എന്ന് ചോദിക്കുന്ന സ്‌നേഹസമ്പന്നനായ അച്ഛനുമാണ് അയാള്‍. 

എന്നിട്ടും ആ ബന്ധത്തില്‍ നിന്ന് ഇറങ്ങി വരുന്നുണ്ട് ഓമന. 'ഞാനിത് എനിക്കുവേണ്ടി മാത്രം ചെയ്തതാണ് എന്ന് തോന്നുന്നുണ്ടോ മാത്യുവിന്' എന്ന് ഓമന ചോദിക്കുമ്പോള്‍ ബന്ധങ്ങളുടെ എത്ര വലിയൊരു തുറസ്സിലേക്കാണ് നമ്മുടെ കണ്ണ് പായുന്നത്!  സാധാരണ മാത്യുവും തങ്കനും തമ്മിലുള്ള ബന്ധം വെളിവാക്കപ്പെടുമ്പോള്‍, ഒരു കുടുംബം തകര്‍ത്തവന്‍, അവനെ നാടുകടത്തണം (ഒരു സന്ദര്‍ഭത്തില്‍ ഓമനയുടെ സഹോദരന്‍ അത് പറയുന്നുണ്ട്) എന്നൊക്കെ മാത്രം ചിന്തിക്കാന്‍ പറ്റുന്ന ഒരു ലോകത്തില്‍ ഓമന തങ്കനെ നോക്കി ചിരിക്കുന്ന ആ ചിരിക്ക് (പോളിംഗ് ബൂത്തിലെ ക്യൂവില്‍ )എന്തൊരു വെളിച്ചമാണ് ! 

PHOTO: YOUTUBE
സ്വന്തം സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി, തന്റെ  പ്രതിച്ഛായയുടെ കാരണമായി, തന്റെ സന്തോഷങ്ങളുടെ ഉറവിടമായി, തന്റെ ആശ്രയമായി  ഒക്കെ ബന്ധങ്ങളെ മുറുകെ പിടിച്ചുവച്ച് ശ്വാസംമുട്ടിച്ചു കൊല്ലുന്ന മനുഷ്യര്‍ക്കിടയില്‍ ആ അപ്പന്‍ എത്ര തെളിച്ചമുള്ള മനുഷ്യനാണ്! ഹൃദയത്തിന്റെ നേര് എന്നൊരു വാചകം വിരല്‍ത്തുമ്പില്‍ വന്നുവീഴും കോടതി മുറിയില്‍ സാക്ഷി പറയുന്ന ആ മനുഷ്യനെ ഓര്‍ക്കുമ്പോള്‍.
 
ഞാന്‍ മാത്യുവിനെ കരുണയോടെയാണ് നോക്കിയത്, ആവുന്നത്രയും അലിവോടെ.  എന്റെ ദൈവമേ എന്ന അയാളുടെ നിലവിളിയില്‍ എന്റെയും ഹൃദയം മുറിഞ്ഞു പക്ഷേ,  എന്റെ ഉള്ളിലെ സ്ത്രീ അയാളെ അതുപോലൊരു കോടതി മുറിയില്‍ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു. എല്ലാം പേടിയായിരുന്നു, എനിക്ക് എന്നെത്തന്നെ പേടിയായിരുന്നു എന്ന കുമ്പസാരത്തിലോ കരച്ചിലിലോ എനിക്കയാളെ നിരുപാധികം വിട്ടയയ്ക്കാന്‍ തോന്നുന്നില്ല. സ്വന്തം പ്രണയവും ലൈംഗികതയും തിരിച്ചറിഞ്ഞ ഒരാള്‍ക്ക് അതിലേക്കുള്ള വഴികള്‍ നിലനിര്‍ത്തിയ ഒരാള്‍ക്ക്, ഇത്രയും ആഴമുള്ളൊരു സ്ത്രീ കൂടെയുള്ളപ്പോള്‍ അവളുടെ ശരീരത്തെയും അവള്‍ അനുഭവിക്കുന്ന നിരാസത്തെയും നിരാശയെയും മനസ്സിലാവേണ്ടതല്ലേ? അവളുടെ ആഗ്രഹങ്ങളെക്കുറിച്ചു ബോധ്യമുണ്ടാവേണ്ടതല്ലേ? ഓമന എന്ന കഥാപാത്രത്തിന്റെ ആഴമറിയുമ്പോള്‍, (ഏതെല്ലാം ജീവിതസന്ദര്‍ഭങ്ങളിലൂടെ അയാള്‍ക്കത് മനസ്സിലായിട്ടുണ്ടാവണം) ഇരുപതുകൊല്ലം കൂടെ ജീവിച്ച മാത്യുവിന് എല്ലാ ഭയവും ഇറക്കിവയ്ക്കാനാവുന്ന  അഭയമാവുമായിരുന്നല്ലോ ആ സ്ത്രീ.

PHOTO: YOUTUBE
അപ്പോള്‍ അതല്ല, സ്വന്തം മുഖംമൂടി അഴിഞ്ഞുവീഴും വരെ അതിനകത്തയാള്‍ സുരക്ഷിതനായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ തന്റെ പ്രണയത്തെയും ശരീരത്തെയും അയാള്‍ മറക്കാതെ സൂക്ഷിച്ചു. തൊട്ടടുത്ത് ഒരു സ്ത്രീ നിശ്ശബ്ദയായി അങ്ങനെ അവസാനിച്ചു പോകട്ടെയെന്നയാള്‍ ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ തീരുമാനിച്ചിരുന്നു. വിവാഹമോചനം വേണമെന്ന അവളുടെ ആവശ്യത്തെ അഡ്രസ്സ് ചെയ്തുകൊണ്ടുള്ള ഒരു തുറന്ന സംസാരത്തിനുപോലും അയാള്‍ ഒരുക്കമായിരുന്നില്ല. അയാളുടെ നിവൃത്തികേടിലാണ്, അതില്‍ മാത്രമാണ് അയാളിലെ കരച്ചിലും നന്മയും പുറത്തുവരുന്നത്. 'എന്റെ അവസ്ഥ മനസ്സിലാക്കു' എന്നാണയാള്‍ അപ്പോഴും ഓമനയോടു പറയുന്നത്... 'എന്റെ അവസ്ഥ അതിലും കഷ്ടമാണ് മാത്യു' എന്നാണ് ഓമനയുടെ  മറുപടി അവസാന നിമിഷംവരെ നുണ പറഞ്ഞും സത്യത്തിനു നേരെ കണ്ണടച്ചും അയാള്‍ പിടിച്ചുനില്ക്കാന്‍ നോക്കുന്നുണ്ട്. 'പാവം ഓമന അതിന്റെ ജീവിതവും വെറുതേ പാഴായിപോയി' എന്നയാള്‍ സങ്കടപ്പെടുന്നത് സ്വന്തം മുഖംമൂടി പൂര്‍ണ്ണമായും അഴിഞ്ഞുപോയപ്പോള്‍ മാത്രമാണ്. അവള്‍ പോയശേഷം അവളില്ലാത്തതിന്റെ ശൂന്യത അയാള്‍ക്ക് ആ ആളൊഴിഞ്ഞ അടുക്കളയുടെ കാഴ്ചയാണ്. സ്‌നേഹം നിറഞ്ഞൊരു കെട്ടിപ്പിടിക്കലിന്റെ സൗഹൃദം നിറഞ്ഞ ഓര്‍മ്മ പോലും അയാളെ തൊടുന്നില്ല. 

ഒടുവില്‍ മഴവില്ല് തെളിയുന്ന ആകാശത്തിന് താഴെ അതിരുകളില്ലാത്ത ഒരു ലോകത്തിലേക്ക് തങ്കനോടൊപ്പം മാത്യു പോകുന്നു.  ജീവിതത്തിലും തെരഞ്ഞെടുപ്പിലും വിജയിച്ച ഒരാളായി. പക്ഷേ, അപ്പോള്‍ തെളിയുന്ന  ചരിത്രവിജയമെന്ന ആ പോസ്റ്ററില്‍ മാത്യുവിനു പകരം എന്റെയുള്ളില്‍  ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത ഓമനയുടെ ചിത്രമാണ് തെളിയുന്നത്. അവളില്ലായിരുന്നെങ്കില്‍ മാത്യുവും തങ്കനും അമ്പേ തോറ്റുപോയ മനുഷ്യര്‍ മാത്രമാവുമായിരുന്നു. അവളില്ലായിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ജയിപ്പിക്കാനാവാത്ത വിധത്തില്‍ മാത്യു തോറ്റു പോകുമായിരുന്നു. അവളാണ് കാതല്‍. അതേ, ഓമന. ശരിക്കും ഓമന.
#cinema
Leave a comment