പറയാത്ത ഒരു കഥയുടെ പൊറുതികേട്
''ഞാന്‍ അങ്ങനെ അധികം സംസാരിക്കുന്ന ആളൊന്നുമല്ല. പിന്നെ കല്യാണം കഴിഞ്ഞിട്ട് പത്തിരുപത് കൊല്ലം ഒക്കെ ആയില്ലേ. ഇനിയിപ്പോ എന്നാ ഇത്ര സംസാരിക്കാനൊള്ളേ?..''
നിങ്ങളുടെ ഉള്ളില്‍ ആരോടും പറയാത്ത ഒരു കഥ സൂക്ഷിക്കുന്നതിനേക്കാള്‍ വലിയ തിക്കുമുട്ടല്‍ മറ്റൊന്നില്ല എന്ന് പ്രമുഖ അമേരിക്കന്‍ കവയിത്രിയും പൗരാവകാശ പ്രവര്‍ത്തകയുമായിരുന്ന മായ ആഞ്ചലോ എഴുതുന്നുണ്ട്. ഓരോ മനുഷ്യന്റെയും അസ്തിത്വം ഒരു രഹസ്യജീവിതം ഉള്ളടക്കുന്നുണ്ട്. മാന്യതയുള്ള ഓരോ മനുഷ്യനും സ്വകാര്യമായ രഹസ്യങ്ങളുടെ ഒരു കൂടാണ്. ഈ ഒളിജീവിതം, വഞ്ചന എന്ത് കൊണ്ടാണ് സംസ്‌കൃതചിത്തനായ ആധുനികമനുഷ്യന്റെ അനിവാര്യവിധിയായി തുടരുന്നത്? കാതല്‍ എന്ന ജിയോ ബേബി ചിത്രം ഉന്നയിക്കുന്ന ചോദ്യവും മറ്റൊന്നല്ല. എനിക്ക് കള്ളം പറയാത്ത എന്റെ അപ്പയെയാണ് ഇഷ്ടമെന്ന് ചിത്രത്തില്‍ മകള്‍ അച്ഛനോട് പറയുന്നുണ്ട്.
മധ്യവര്‍ഗപിതൃരൂപസിംഹാസനങ്ങള്‍ ഉപേക്ഷിച്ച് നായകന്‍ മാത്യു ഇറങ്ങി വരുന്ന അടിത്തട്ടുകള്‍ അസ്വാസ്ഥ്യജനകവും സങ്കീര്‍ണവുമാണ്. ഒരു നിലവിളി വിനിമയം കിട്ടാതെ അടക്കി വീര്‍പ്പുമുട്ടി ജീവിക്കേണ്ടി വരുന്ന ജീവിതം മനുഷ്യര്‍ വ്യവസ്ഥാപിതനയങ്ങളില്‍ ജീവിച്ചു തീര്‍ക്കുന്നുണ്ട്. ഈ ഒളിവും മറവുമാണ് കുടുംബം, ദാമ്പത്യം പോലെയുള്ള സ്ഥാപനങ്ങളുടെ വിശുദ്ധി നിലനിര്‍ത്തുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കോരിയൊഴിച്ച നാറുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് മനുഷ്യരുടെ ഉള്ളകങ്ങളിലേക്ക് ഒരു സഞ്ചാരം ഈ ചിത്രത്തില്‍ സംഭവിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ യാതൊരുവിധ ഹിംസയും ചെയ്യാത്ത മാത്യു എന്ന ഗൃഹനാഥന്‍ ആന്തരികമായി ചെയ്യുന്ന ഹിംസ ഭാര്യ ഓമന വെളിപ്പെടുത്താന്‍ ശ്രമിക്കുന്നു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ പ്രത്യക്ഷത്തില്‍ ദൃശ്യമായ ഹിംസ പോലെ ഒന്നല്ല ഇത്. അദൃശ്യവും നിശബ്ദമായി തുടരുന്ന ഇത്തരം അനവധി ഹിംസകളാണ് ഈ വ്യവസ്ഥ ഉറപ്പിച്ചെടുക്കുന്നത്. അതേസമയം മാത്യുവിനോടുള്ള ആഴത്തിലുള്ള ഒരു പരിഗണന ഈ വെളിപ്പെടുത്തലില്‍ അവള്‍ ഉള്ളടക്കുന്നുണ്ട്. ഇനിയെങ്കിലും എന്റെ കൂടെ സമാധാനമായി ഒരു തവണ എങ്കിലും കിടന്നു കൂടെ എന്ന ചോദ്യത്തില്‍ അതുണ്ട്.
ഉള്ളിന് ഒരു ഭാഷയുണ്ടോ? ''തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരന്‍'' എന്ന് കുമാരനാശാന്‍ എഴുതുന്നുണ്ട്. ഉള്ളു കാട്ടുന്ന ഒരു ഭാഷയ്ക്ക് വേണ്ടിയുള്ള തേടല്‍ മനുഷ്യനെ വേട്ടയാടുന്നുണ്ട്. ഉള്ളു തുറക്കാനരുതാതെ കാലങ്ങള്‍ നിശബ്ദമായി ജീവിച്ചു തീര്‍ത്ത ഒരാള്‍ മാത്യുവിലുണ്ട്. എല്ലാ അനുഭവങ്ങളില്‍ നിന്നും അയാള്‍ പിന്‍മടങ്ങിയിരിക്കുന്നു. വിധിച്ച ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള കടമ കഴിക്കല്‍ മാത്രമാണ് അയാളെ നിലനിര്‍ത്തുന്നത്.
ഉള്ളിന്റെ ഭാഷ എങ്ങനെയാണ് ചിത്രീകരിക്കുക? ചാരുലത എന്ന ചിത്രത്തില്‍ ഒരു ബൈനോക്കുലറിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ചന്തള്‍ അകര്‍മാന്‍ മടുപ്പിനെയും മുഷിപ്പിനെയും ചലിക്കാതെ വച്ചിട്ട് പോയ ഒരു ക്യാമറയിലൂടെ എന്ന മട്ടിലാണ് ദൃശ്യമാക്കുന്നത്. കാതല്‍ എന്ന ചിത്രത്തില്‍ നിശബ്ദതയും പറച്ചില്‍ എന്ന ക്രിയയുമാണ് ഈ ധര്‍മ്മം നിര്‍വഹിക്കുന്നത്. ദൃശ്യപരമായ ഒരു മീഡിയം ആകുമ്പോഴും ഈ പറച്ചില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയം എന്താണ്. നീലക്കുയില്‍ എന്ന ചിത്രത്തില്‍ രാഷ്ട്രീയം പച്ചയായി പറഞ്ഞു നില്‍ക്കുന്ന ഒരു പോസ്റ്റുമാന്‍ ഉണ്ട്. പിന്നീട് പല നായകന്മാരും തങ്ങളുടെ രക്ഷാദൗത്യം മലയാള സിനിമയില്‍ പറഞ്ഞു സ്ഥാപിക്കുന്നുണ്ട്. ഒരുപക്ഷേ തീരെ തുറന്നു ചര്‍ച്ച ചെയ്യാത്ത നവമാധ്യമങ്ങളിലും മറ്റും മാത്രം ദൃശ്യമായ ആഴമുള്ള ചില സംവാദങ്ങള്‍ മധ്യവര്‍ഗ്ഗ കുടുംബത്തിനകത്തേക്ക് നിക്ഷേപിക്കാന്‍ സംഭാഷണം എന്ന മാര്‍ഗം കാതല്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ദൃശ്യതയില്ലാത്ത മനുഷ്യര്‍ സംഭാഷണങ്ങളിലൂടെയാണ് പലപ്പോഴും സ്വയം ദൃശ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. അത് സംഭാഷണമോ ആത്മഭാഷണമോ ആകാം. അധികാരമില്ലാത്തവര്‍ ആഖ്യാന കര്‍തൃത്വത്തിലേക്ക് വരുമ്പോള്‍ സംഭാഷണരൂപം കേന്ദ്ര പദവി നേടുന്നുണ്ട് എന്ന് പ്രദീപന്‍ പാമ്പിരിക്കുന്ന് നിരീക്ഷിക്കുന്നുണ്ട്. ദളിത് ജീവിതരക്ഷാപ്രവര്‍ത്തനം ചെയ്തുകൊണ്ട് ഉദാരമാനവ പുരുഷന്റെ നീളുന്ന പ്രസംഗം നീലക്കുയിലില്‍ കേള്‍ക്കാം. സംവിധായകന്‍ തന്നെയാണ് ഇവിടെ നിന്ന് പ്രസംഗിക്കുന്നത്. കാതലില്‍ ഇത്തരത്തില്‍ ഏകമുഖമല്ല, മറിച്ച് നിലനില്‍ക്കുന്ന വ്യവസ്ഥയും ഇനിയും ആവിര്‍ഭൂതമാകേണ്ട ഒരു വ്യവസ്ഥയും തമ്മിലുള്ള വാദപ്രതിവാദം എന്ന മട്ടിലാണ് സംഭാഷണം പുരോഗമിക്കുന്നത്.
നിര്‍ണായകമായ ഒരു രംഗത്തില്‍ ഓമന താന്‍ എന്തുകൊണ്ടാണ് വ്യവസ്ഥയില്‍ തുടര്‍ന്നത് എന്നതിന് ഒരു കാരണം തുറന്നു പറയുന്നുണ്ട്. മാത്യുവിന്റെ അച്ഛനില്‍ നിന്നും അവള്‍ക്കു ലഭിച്ച അറ്റമില്ലാത്ത പരിഗണനകള്‍ മുറിച്ചു കടക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവള്‍ വ്യവസ്ഥയില്‍ തുടര്‍ന്നത്. അവള്‍ ആഗ്രഹിച്ചത് പോലെയുള്ള ഒരു സ്‌നേഹലോകം സ്വന്തം അപ്പനേക്കാള്‍ അവള്‍ക്ക് ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ലഭിക്കുന്നുണ്ട്. അതേസമയം കാരണങ്ങള്‍ തുറന്നു പറഞ്ഞിട്ടും ഓമനയുടെ പിതാവ് മകള്‍ക്കൊപ്പം നില്‍ക്കുന്നില്ല. തന്റെ സഹോദരനോടും ഒരു സന്ദര്‍ഭത്തില്‍ തനിക്ക് സമാധാനം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂടെ നില്‍ക്കണം എന്ന് ഓമന പറയുന്നുണ്ട്. കുടുംബക്കാരും കൂട്ടക്കാരും നിര്‍ബന്ധിക്കുമ്പോഴും ഓമന അവള്‍ക്കുവേണ്ടി സ്വയം വാദിക്കുന്നു.
മാത്യു ഒരു ഘട്ടത്തില്‍ പോലും ഇത്തരം സംഭാഷണങ്ങള്‍ക്ക് മുതിരുന്നില്ല എന്ന് കാണാം. അത്രമേല്‍ വാക്കറ്റവനാണ് അയാള്‍. പലപ്പോഴും സമരസപ്പെട്ട് നില്‍ക്കുന്ന ഒരാളുടെ ഒരുതരം ഒത്തുതീര്‍പ്പിന്റെ ഭാഷയിലാണ് അയാള്‍ സ്വയം വ്യക്തമാക്കുന്നത്. കീഴടങ്ങിപ്പോയ ഒരുവനാണ് അയാള്‍. തന്നെത്തന്നെ മറന്നു പോകേണ്ടി വന്ന ഒരുവന്‍. അസ്സല്‍ ഒളിച്ചുവെച്ച് പകര്‍പ്പായി ജീവിക്കേണ്ടി വന്ന ഒരാള്‍. അയാള്‍ക്കൊരു ഭാഷയില്ല. കോടതിയിലും ഈ നില അയാള്‍ തുടരുന്നു. മാന്യനും സ്‌നേഹനിധിയും എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നവനുമായ ഒരാള്‍ നിശബ്ദമായി പേറുന്ന ഈ കുരിശ് എന്താണ്? അയാള്‍ തന്റെ അച്ഛനോടും കാലങ്ങളായി സംസാരിക്കുന്നില്ല. ഔപചാരികമായ സംഭാഷണങ്ങള്‍ ഒഴിച്ചാല്‍ മാത്യുവും ഭാര്യ ഓമനയും യാതൊരു വിനിമയവും പരസ്പരം പങ്കിടുന്നില്ല. രക്ഷിതാക്കളുടെ ഈ വിനിമയമില്ലായ്മ മകളുടെ സംഭാഷണത്തിലും വ്യക്തമാണ്. ഓമന ചിത്രത്തില്‍ ഏറ്റവുമധികം സംസാരിക്കുന്നത് അപ്പനോടാണ്. പുറത്തുപോയി വരുമ്പോള്‍ അവള്‍ക്കായി അപ്പന്‍ പലതും സൂക്ഷിക്കുന്നുണ്ട്.
മറ്റൊരു കഥാപാത്രമായ തങ്കനും ഇതുപോലെ ഒരു നിശബ്ദജീവിതം നയിക്കുന്നവനാണ്. ആവശ്യമുള്ളിടത്ത് പോലും അയാള്‍ പലപ്പോഴും സംസാരിക്കുന്നില്ല. അയാള്‍ക്ക് വരുന്ന ഇഷ്ടക്കേടുകള്‍ പോലും പലപ്പോഴും അയാള്‍ സ്വയം ഒതുക്കുന്നു. ഒരല്പം മദ്യം കഴിച്ച നിമിഷത്തിലാണ് അയാള്‍ തുറന്നു സംസാരിക്കുന്നത്. സ്‌നേഹത്തില്‍ പുറത്തായി പോകുന്ന മനുഷ്യന്റെ വല്ലാത്ത ഒരു ഉള്‍വേവ് അയാളിലുണ്ട്. ചിത്രത്തില്‍ വിനിമയമില്ലായ്മകളെല്ലാം സമീകരിക്കുന്ന ഒരിടം കോടതിയാണ്. എല്ലാവര്‍ക്കും പരസ്പരം പറയാനുള്ളതെല്ലാം കോടതിയിലാണ് പറയുകയും കേള്‍ക്കുകയും ചെയ്യുന്നത്. ഭാര്യക്ക് പറയാനുള്ളതെല്ലാം പറഞ്ഞു തീരും വരെ ബാഗും തൂക്കി നിശബ്ദനായി നില്‍ക്കുന്ന ഒരു ഭര്‍ത്താവ് കോടതിരംഗത്തില്‍ ഉണ്ട്. കക്ഷി അമ്മിണിപ്പിള്ളയോ ജയ ജയഹേയിലെ പുരുഷനോ നില്‍ക്കുന്ന നില്‍പ്പല്ല ഇത്. കോടതി വാദപ്രതിവാദങ്ങളിലൂടെ കറുപ്പിനും വെളുപ്പിനും ഇടയില്‍ ഇതുവരെ തെളിയാത്ത ചാര മേഖലകള്‍ ആലോചിക്കാന്‍ ശ്രമിക്കുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥയുടെ കുറ്റസമ്മതവും തിരിച്ചറിയലും ഒക്കെയായി മധ്യവര്‍ഗനില അത് പൂര്‍ണ്ണമായും കൈവിടുന്നില്ല. വ്യവസ്ഥയ്ക്ക് പുറത്തുള്ള ലോകങ്ങള്‍ കോടതിക്കും കുടുംബത്തിനും പുറത്താണ് സന്ധിക്കുന്നത്. തങ്കന്‍ എന്ന കഥാപാത്രം കോടതിയില്‍ എവിടെയും പ്രത്യക്ഷപ്പെടുന്നില്ല. എല്‍ ജി ബി ടി ക്യു കമ്മ്യൂണിറ്റിയില്‍ നിന്നും മറ്റുമുള്ള പുതിയ ബഹുസ്വര മേഖലകളുടെ പ്രതിനിധികള്‍സന്ധിക്കുന്നതും കോടതിക്ക് പുറത്താണ് എന്ന് കാണാം. കോടതി മധ്യവര്‍ഗ്ഗകുടുംബത്തിന്റെ സൂക്ഷ്മാധികാരചര്‍ച്ചകളിലേക്ക് സമീപകാലത്ത് ഇറങ്ങി വന്നിട്ടുണ്ട്. ജയ ജയഹേ, സൗദി വെള്ളക്ക പോലുള്ള ചിത്രങ്ങളിലും ഇത് ദൃശ്യമാണ്.
ആവിര്‍ഭവിക്കേണ്ടതായ ഒരു ലോകത്തെ ആവിഷ്‌കരിക്കുന്നതിന് സാഹിത്യവും സിനിമയും കണ്ടെത്തിയ ഒരു മാര്‍ഗ്ഗം സംവാദമാണ്. ഈ സംവാദം നാടന്‍ കഥകളുടെ കാലം മുതല്‍ക്കേ ഇവിടെ പുലരുന്നുണ്ട്. പറയുക എന്നത് കേള്‍ക്കപ്പെടാത്ത വിഷയങ്ങള്‍ക്കും കേള്‍പ്പോരില്ലാത്ത വിഷയികള്‍ക്കുമുള്ള ഏകമുക്തിമാര്‍ഗമാണ്. വിക്രമാദിത്യ - വേതാള ദ്വയം ഈ സംവാദാത്മകതയുടെ ബീജം ഉള്‍ക്കൊള്ളുന്നു. പൊതു ഇടങ്ങളില്‍ നിന്ന് പുറന്തള്ളപെട്ട് കൊടും കാട്ടില്‍ തലകീഴായി കിടക്കാന്‍ വിധിക്കപ്പെടുന്ന ഒരാളാണ് പഴങ്കഥയിലെ വേതാളം. കഥ പറച്ചിലാണ് അയാള്‍ക്കുള്ള ഏക വിമോചനമാര്‍ഗം. അധികാരചിഹ്നങ്ങള്‍ അഴിച്ചു വച്ച് ശ്മശാനതീരങ്ങളിലേയ്ക്ക് ഇറങ്ങി വരുന്നയാളാണ് ഇവിടെ വിക്രമാദിത്യന്‍ എന്ന കേള്‍വിക്കാരന്‍. ജീവിതം എന്ന സങ്കീര്‍ണ്ണ സമസ്യയുടെ കുരുക്കഴിക്കലാണ് ഇവിടെ പറച്ചിലും കേള്‍വിയും സംവഹിക്കുന്നത്. തല പൊട്ടിത്തെറിക്കും എന്ന് അറിഞ്ഞിട്ടും ഒരാളുടെ ഉള്ളു തൊടുന്ന കേള്‍വിക്കുള്ള ഒരു ശ്രമം കാതലായി ഓമന നടത്തുന്നുണ്ട്. ആ നിമിഷം അവള്‍ക്ക് അഴിച്ചു വെക്കേണ്ടി വരുന്നത് അതുവരെ സ്വരുകൂട്ടിയതൊക്കെയുമാണ്. എങ്കിലും അവള്‍ക്കു വേണ്ടി മാത്രമല്ല അവള്‍ അത് ചെയ്യുന്നത്. രക്ഷപ്പെടേണ്ടത് തനിക്ക് മാത്രമല്ല എന്ന് അവള്‍ക്ക് ബോധ്യമുണ്ട്.
എന്തുകൊണ്ടാണ് മാത്യു 20 വര്‍ഷവും വിവാഹമോചനത്തെ പറ്റി പറയുമ്പോള്‍ ഒഴിഞ്ഞു മാറുകയും ആ ചോദ്യം നേരിടാതിരിക്കുകയും ചെയ്തത്, എന്തുകൊണ്ടാണ് എങ്ങും തൊടാത്ത മറുപടികള്‍ അയാള്‍ കോടതിയില്‍ നല്‍കുന്നത്, എന്തുകൊണ്ടാണ് അയാളുടെ കാതലായ ഒരു പ്രണയം അയാളില്‍ നിന്നും വിദൂരത്തില്‍ ആയിരിക്കുന്നത്, അതിന്റെ ചെറു സൂചനകള്‍ പോലും ദൃശ്യപ്പെടാതിരിക്കുന്നത്?. അത്തരം ഒരു സാധ്യത ഇനിയും പുലരാത്ത ഇടമാണ് ഇവിടെ പുലരുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. സ്വാഭാവികവും സാധാരണവുമായി പ്രണയം ഉണരുന്ന കൗമാരക്കാരിയെ വിഷം കൊടുത്ത് കൊന്നു തിന്നുന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ പുലരുന്നത്. മുടി വളര്‍ത്തിയതിനും കളര്‍ ചെയ്തതിനും മനുഷ്യര്‍ക്ക് ജീവന്‍ കൊടുക്കേണ്ടിവരുന്ന ഒരിടമാണത്. അസ്വാഭാവികതകള്‍ സ്വാഭാവികവും സ്വാഭാവികതകള്‍ അസ്വാഭാവികമായി അനുശീലിക്കപ്പെട്ട ഒരു സമൂഹത്തില്‍ ഈ ഒളിജീവിതം അനിവാര്യമാണ്.
ആരാലും കാഴ്ചപ്പെടാത്ത മേഖലകളില്‍ ആര്‍ക്കും ഒരു ചേതവും വരുത്താതെ ആരുടെയും ഒരു കാര്യങ്ങള്‍ക്കും ഒരു മുടക്കവും വരുത്താതെ ആരെയും മുറിപ്പെടുത്താതെ ആരെയും ചതിക്കാതെ ആരെയും ഉപേക്ഷിക്കാതെ ചിലര്‍ സ്വയം ഉപേക്ഷിച്ച് നിലനിര്‍ത്തുന്ന ഒന്നു കൂടിയാണ് ഇവിടുത്തെ തിരുകുടുംബങ്ങള്‍. നിശബ്ദം അവരുടെ ഇഷ്ടങ്ങള്‍ ഒരു ചന്ദനമരത്തിന്റെ സുഗന്ധം എന്നപോലെ ഉള്ളില്‍ സൂക്ഷിച്ചുവച്ച് അവര്‍ അതിജീവിക്കുന്നു. അവരുടെ കാതല്‍ എന്തായിരുന്നോ അത് ഒരിക്കലും തിരിച്ചറിയപ്പെടാതെ അവര്‍ക്കൊപ്പം മണ്ണടിയുന്നു. സ്വാഭാവികമായ പ്രകാശനങ്ങള്‍ അസാധ്യമായി തീരുമ്പോള്‍ ജീവിതം ദുസഹവും യാതനാ നിര്‍ഭരവും ആയിത്തീരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും തമ്മിലുള്ള മൗനം മുറിയുകയും ഒരു തുറന്ന സംഭാഷണം അവര്‍ക്കിടയില്‍ സാധ്യമാവുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇനിയും പറയാത്തതായി രണ്ടു മനുഷ്യര്‍ക്കിടയില്‍ അവശേഷിക്കുന്നത് എന്റെ ദൈവമേ എന്നൊരു നിലവിളിയാണ്. ശ്വാസം മുട്ടുന്ന ഒരു പിടച്ചില്‍. ഈ വ്യവസ്ഥയില്‍ പരസ്പരം ബന്ധിതരായിരിക്കുന്ന ഈ വിധി എത്ര ദയനീയമാണ് എന്ന് ഒരു നെടുവീര്‍പ്പ്. ഒടുവില്‍ ഞാന്‍ മാത്യൂസ് എന്ന് സ്വയം വെളിപ്പെടുത്തി സംസാരിച്ചു തുടങ്ങാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ട്. അതുവരെ സൂക്ഷിച്ച സന്ദേഹങ്ങള്‍ അയാളില്‍ ശേഷിക്കുന്നില്ല. എത്രയോ കാലമായി നിലവറയില്‍ സൂക്ഷിച്ച പറയപ്പെടാത്ത ഒരു കഥയുടെ പൊറുതികേട് പോലെ ശ്വാസംമുട്ടിക്കുന്ന മറ്റൊന്നുമില്ല എന്ന് ഈ ചിത്രം അടിവരയിടുന്നു.