മലയാള സിനിമയുടെ കാതലുരുകുമ്പോൾ
**SPOILER ALERT**
നിങ്ങള്ക്കെങ്ങനെയൊക്കെ, ആരെ, എത്രകാലം പ്രണയിക്കാം. ബന്ധങ്ങള്‍, പ്രായം, സമൂഹം, കുടുംബം, വിശ്വാസം, മതം, കുട്ടികള്‍, രാഷ്ട്രീയം തുടങ്ങിയവയൊക്കെ ഇത്തരം ബന്ധങ്ങളെ എങ്ങനെ നിര്‍വചിക്കും. പങ്കാളിയുടെ ശാരീരികാവശ്യങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ തന്റേതായ കാരണങ്ങളുള്ളപ്പോഴും അതൊന്നും തുറന്നുപറയാനനുവദിക്കാത്തൊരു സമൂഹത്തില്‍ ജീവിക്കുന്നൊരു പുരുഷനോ സ്ത്രീയോ അത്തരം സങ്കടകാലങ്ങളെ എങ്ങനെ അതിജീവിക്കും? ജിയോ ബേബിയുടെ മമ്മൂട്ടി-ജ്യോതിക ചിത്രം 'കാതല്‍' മനുഷ്യരുടെ ഇത്തരം അകക്കാമ്പുകളെക്കുറിച്ചാണ് രാഷ്ട്രീയധീരതയോടെ സംസാരിക്കുന്നത്.
നിങ്ങളുടെ ലൈംഗികസ്വത്വം നിങ്ങളുടെ തിരഞ്ഞെടുപ്പല്ലെന്നും സാമൂഹികസദാചാരത്താല്‍ നയിക്കപ്പെടുന്നൊരു സംവിധാനത്തിന് അത് നിര്‍ണയിക്കാനാകുമെന്നും നമ്മള്‍ ആവര്‍ത്തിച്ചുപറയാറുള്ള വസ്തുതയാണ്. അതുവഴി സ്വതന്ത്രജീവിതം നഷ്ടപ്പെടുന്ന എത്രയോ മനുഷ്യര്‍ നമ്മുടെ പരിചിതവലയത്തിലുണ്ടാകാം. കല്യാണം കഴിഞ്ഞാല്‍ മാറുന്നൊരു 'അസുഖ'മായി മാത്രം ലൈംഗികാഭിരുചിവ്യതിയാനങ്ങളെ പരിഗണിച്ചുപോരുന്നൊരു സമൂഹത്തില്‍നിന്ന് വളരെ പതുക്കെയെങ്കിലും നാം ജനാധിപത്യവഴിയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരന്വേഷണത്തിന്റെ ധീരമായ തുടര്‍ച്ചകൂടിയാണ് കാതല്‍.
എഴുപതുകഴിഞ്ഞൊരാളുടെ സിനിമാ തിരഞ്ഞെടുപ്പുകളിലെ വൈവിധ്യമെന്ന സ്ഥിരംപല്ലവിയാലൊന്നും അഭിനന്ദിച്ചാല്‍പോരാ മമ്മൂട്ടിയെ. മുമ്പ് മനീഷ് നാരായണന് നല്‍കിയൊരു അഭിമുഖത്തില്‍ കഥാപാത്രങ്ങള്‍ക്കായി സ്വയംതേച്ചുമിനുക്കുന്ന പ്രോസസിനെക്കുറിച്ച് മമ്മൂട്ടി പറയുന്നുണ്ട്. അതൊരു സത്യസന്ധമായ വര്‍ത്തമാനമാണെന്ന് കാതല്‍ ഉറപ്പിക്കുന്നു. സമൂഹം മെല്ലെയാണെങ്കിലും മുന്നോട്ടാണ് സഞ്ചരിക്കുന്നത്. ഇതുവരെ അവഗണിച്ച, അരികിലാക്കിയ അനേകം ജനസമൂഹങ്ങളുടെകൂടി ഇന്ധനത്താലാണ് നമ്മള്‍ ചലിക്കുന്നത്. അത് തിരിച്ചറിഞ്ഞ്, അപ്‌ഡേറ്റായി, അതിനൊപ്പം നില്‍ക്കാന്‍ മമ്മൂട്ടിയെപ്പോലൊരാള്‍ തീരുമാനിക്കുന്ന സന്ദര്‍ഭം പ്രധാനപ്പെട്ടതാണ്. അവിടെയാണ് 'കാതല്‍' സംഭവിക്കുന്നത്.
മാത്യു ദേവസി, ഓമന, തങ്കന്‍. മൂന്ന് കഥാപാത്രപേരുകള്‍ക്കപ്പുറം അവരുടെ കാതലാണ് സിനിമ തേടുന്നത്. കുടുംബ, സമൂഹിക, ലൈംഗികജീവിതത്തില്‍ അവര്‍ തുടര്‍ന്നുപോരുന്ന വഴികള്‍, അതിലെ അതൃപ്തികള്‍, നിശ്ശബ്ദമായി അടക്കിപ്പിടിച്ച് ഒരു കിടക്കപങ്കിട്ട് ജീവിച്ചുതീര്‍ത്ത ഇരുപത് വര്‍ഷങ്ങള്‍. പറഞ്ഞുവരുമ്പോള്‍ നമ്മുടെയിടയില്‍ പലരും തുടര്‍ന്നുപോരുന്നൊരു ജീവിതത്തിന്റെ തിരക്കാഴ്ചകൂടിയാണ് കാതല്‍.
മുഖ്യധാരാ ആണത്തത്താല്‍ നിര്‍മിക്കപ്പെട്ട ധീരോദാത്തനതിപ്രതാപ ഗുണവാന്‍ വിശേഷണങ്ങളാല്‍ അലങ്കരിക്കപ്പെട്ട നായകനിര്‍മിതികളാണ് നമ്മുടെ താരങ്ങള്‍. പലരെ പ്രണയിക്കാവുന്ന, 'നോക്കിയാല്‍ ഗര്‍ഭിണിയാവുന്നതരം' ലൈംഗികശേഷി സൂക്ഷിക്കുന്ന, ആരെയും വലിച്ചുവാരി തല്ലാനാവുന്ന, കഥാന്ത്യത്തില്‍ വിജയം വരിച്ച് ആണത്തഹുങ്കാല്‍ അതിക്രമം കാണിക്കുന്നതരം നായകന്മാരാണ് നമുക്കുള്ളതൊക്കെയും. ദളിത്, സ്ത്രീ, ട്രാന്‍സ് വിരുദ്ധ തമാശകള്‍ പറഞ്ഞ് കൈയ്യടിവാങ്ങിയ ഒരു ചലച്ചിത്രപാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ഇവിടെയുണ്ട്. ഇത്തരമൊരു ചലച്ചിത്രവഴിയില്‍നിന്നാണ് അമ്പതാണ്ടിന്റെ അഭിനയചരിത്രമുള്ള മമ്മൂട്ടി, ഭാര്യയുടെ ലൈംഗികാവശ്യങ്ങളില്‍ പങ്കാളിയാവാന്‍ കഴിയാത്ത, മറ്റൊരു ആണ്‍സുഹൃത്തിനോട് അനുരാഗം സൂക്ഷിക്കുന്നൊരു നായകനായി മാറുന്നത്.
ഇതൊരു ചെറിയകാര്യമല്ല. കോടതിയില്‍ ഭാര്യാ-ഭര്‍ത്തൃ ജീവിതത്തിലെ ലൈംഗികവഴികളെപ്പറ്റി ചോദ്യമുണ്ടാകുമ്പോള്‍ ഓമനയുടെ ബാഗും പിടിച്ച് നില്‍ക്കുന്നൊരു ദേവസിയുണ്ട്. ഈ സമൂഹം മുഴുവന്‍ തന്റെ എതിര്‍പക്ഷത്താണെന്ന ബോധ്യത്തില്‍ ഒരക്ഷരം മിണ്ടാതെ നില്‍ക്കുന്നൊരു സന്ദര്‍ഭം. അമ്പതാണ്ടിന്റെ പിന്തുണയാല്‍ സാധ്യമായൊരു അഭിനയമുഹൂര്‍ത്തം. അതിനെ മറികടക്കാന്‍ സിനിമ കഴിഞ്ഞ് പലമണിക്കൂറുകള്‍ക്കിപ്പുറവും കഴിഞ്ഞിട്ടില്ല.
തങ്കന്‍ എന്നൊരു കഥാപാത്രം. അയാളുടെ നിര്‍മിതി, അതിന്റെയൊരു ഡെപ്ത്. അടുത്തകാലത്ത് ഇത്രമേല്‍ അസ്വസ്ഥപ്പെടുത്തിയൊരു കഥാപാത്രമുണ്ടാവില്ല. മാത്യു ദേവസിക്കുചുറ്റും അച്ഛനും ഭാര്യയും മകളും അയാളെ കേള്‍ക്കാന്‍ ശ്രമിക്കുന്ന വക്കീലും ഒരു പരിധിവരെ പാര്‍ട്ടിയും ഇലക്ഷനില്‍ ചരിത്രവിജയം സമ്മാനിക്കുന്ന തീക്കോയിയിലെ മൂന്നാം വാര്‍ഡുമുണ്ട്. തങ്കന്‍ പലപ്പോഴും ഒറ്റയ്ക്കാണ്. അയാളെങ്ങനെയാകും ഈ സമൂഹത്തെ, തന്റെ പ്രണയത്തെ, അതിലെ ഏകാന്തതയെ അതിജീവിച്ചിട്ടുണ്ടാവുക. ഏതു പ്രതീക്ഷയാകും അയാളെ വഴിനടത്തിയിട്ടുണ്ടാവുക. സമൂഹം അയാളുടെ വീട്ടുമതിലില്‍ എഴുതിയ പരിഹാസവാക്കുകള്‍ക്ക് പുറത്ത് സ്‌നേഹം പുരട്ടിയൊരു പോസ്റ്ററൊട്ടിക്കുമ്പോള്‍ അയാളനുഭവിക്കുന്ന അനുഭൂതിയെ നമുക്കെങ്ങനെ അളക്കാനാവും. മലയാള ചലച്ചിത്രചരിത്രത്തിലെ സമാനതകളില്ലാത്ത കഥാപാത്രമായി അതിഗംഭീര പെര്‍ഫോമന്‍സിലൂടെ സുധി കാലിക്കറ്റ് എന്ന നടന്‍ തന്നെ രേഖപ്പെടുത്തുന്നു.
അടുക്കളപ്പണി, ജോലിക്ക് പോകല്‍, പ്രാര്‍ഥിക്കുക, ഭര്‍ത്താവിനൊപ്പം കിടക്കയുടൊരറ്റം പങ്കിടുക. ഓമനയുടെ ജീവിതത്തില്‍ നിരന്തരമാവര്‍ത്തിക്കുന്ന പ്രോസസ്. അവര്‍ ഒന്ന് ഉറക്കെ സംസാരിക്കുകയോ, ചിരിക്കുകയോ, ഭക്ഷണം കഴിക്കുകയോ, സ്പര്‍ശിക്കുകയോ വെള്ളംകുടിക്കുകയോപോലും ചെയ്യുന്നത് നമ്മള്‍ കാണുന്നില്ല. ഉള്ളിലേക്ക് കയറാന്‍ രണ്ടുവഴികളുള്ളൊരു വീട്.
പക്ഷേ, തന്റെ അവസ്ഥകളെ മറികടക്കാനുള്ള വഴി അവര്‍ക്കറിയാം. മകളെയോ ഭര്‍ത്താവിനെയോ അയാളുടെ അച്ഛനെയോ സ്വന്തം അമ്മയെയോ സഹോദരനേയോ അതിനുവേണ്ടി അവര്‍ സഹായത്തിന് വിളിക്കുന്നില്ല. ജ്യോതികയുടെ കരിയറിലെതന്നെ സവിശേഷസാന്നിധ്യമാകും ഓമന. കലാഭവന്‍ ഹനീഫ്, ചിന്നു ചാന്ദ്‌നി, മുത്തുമണി... അങ്ങനെ കുറച്ചുപേരുടെ കഥാപാത്രങ്ങള്‍ ചേര്‍ന്നൊരു ലോകം സാധ്യമാക്കിയ 'കാതല്‍' മനുഷ്യനെ കടഞ്ഞെടുത്തുണ്ടാക്കിയ ചലച്ചിത്രകാവ്യമാണ്.
എത്രയോകാലമായി ഒരുവിഭാഗം സഹജീവികളെ അപമാനിച്ച് പുറത്താക്കിയ ഒരു മീഡിയംതന്നെ തിരുത്താന്‍ തയ്യാറാകുന്നു എന്നതാണ് പ്രധാനം. വൈവിധ്യമേറിയ ജീവിതാവസ്ഥകളെ ചലച്ചിത്രത്തില്‍ രേഖപ്പെടുത്തുകയെന്നത് രാഷ്ട്രീയ ഉത്തരവാദിത്തമാകുമ്പോഴും ഒരു സന്ദേശം കൈമാറിയവസാനിപ്പിക്കുകയെന്ന ക്ലീഷേ വഴികളിലേക്ക് സഞ്ചരിക്കാതെ ഫാമിലിഡ്രാമയെന്നനിലയില്‍ പെയിന്‍ഫുളായ സിനിമാനുഭവത്തിലെത്തിക്കാന്‍ ജിയോ ബേബിയെന്ന ഗംഭീരസംവിധായകനാകുന്നുണ്ട്.