TMJ
searchnav-menu
post-thumbnail

TMJ Cinema

'കഠിന കഠോരം', സിനിമ വഴിയെത്തുന്ന സ്വത്വ രാഷ്ട്രീയം

06 May 2023   |   4 min Read
പി ടി മുഹമ്മദ് സാദിഖ്

ർഷദ് തിരക്കഥയെഴുതി മുഹഷിൻ സംവിധാനം ചെയ്ത കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമ അടുത്ത കാലത്തിറങ്ങിയ മികച്ച സിനിമകളിൽ ഒന്നാണ്. ഹൃദയമുള്ളവർക്ക് കണ്ണീരോടെയല്ലാതെ ആ സിനിമ കണ്ടു തീർക്കാനാകില്ല. കൊറോണയുടെ പേരിൽ  മനുഷ്യനെ ദുരിതത്തിലും സങ്കടത്തിലുമാക്കിയ ഭരണാധികാരികളോടുള്ള പ്രതിഷേധവും പ്രതികാരവുമാണ് ആ സിനിമ. അതാണ് നിഷ്കളങ്കമെന്ന് ഒറ്റക്കാഴ്ചയിൽ തോന്നുന്ന ആ സിനിമയുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം കഠിനവും കഠോരവുമാണ്. മീഡിയ വണിൽ പ്രമോദ് രാമനോട് ആഷിക് പറയുന്ന സ്വത രാഷ്ട്രീയ സിനിമാക്കാരുടെ തുടക്കക്കാരനാണ് ഹർഷദ് എന്ന് മനസ്സിലാക്കുമ്പോൾ ആ രാഷ്ട്രീയം പെട്ടെന്ന് പിടി കിട്ടും.

രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ്. അതിനെതിരെ സ്വീകരിക്കേണ്ട നിലപാട് ആദ്യം വ്യക്തമാക്കിയത് നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തി രൂരിൽ സംഘടിത നമസ്കാരത്തിന് നേതൃത്വം നൽകി കേസിൽ പെട്ട ജമാഅത്തുകാരനായ ഡോക്ടറേയും ഓർക്കുക. കോവിഡിനെ പ്രതിരോധിക്കാൻ ഭരണകൂടം ഏർപ്പടുത്തിയ പ്രോട്ടോക്കോളും നിയന്ത്രണങ്ങളും മനുഷ്യത്വ വിരുദ്ധവും ദൈവ വിരുദ്ധവുമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടരുണ്ട്. ആ വിശ്വാസത്തിന്റെ പ്രോപഗണ്ടയാണ് കഠിന കഠോരമീ അണ്ഡ കടാഹം എന്ന സിനിമ. ഈ പ്രോപഗണ്ട ലോക്ക് ഡൗൺ കാലത്ത് നടത്തിയത് ജമാഅത്തെ ഇസ്ലാമി ജിഹ്വയായ മാധ്യമം പത്രമാണ്. അതേ രാഷ്ട്രീയമാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമ മുന്നോട്ട് വയ്ക്കുന്നത്.

ഹർഷദ് | Photo: Facebook

അത് തിരിച്ചറിയണമെങ്കിൽ  ലോക് ഡൗണ്‍ കാലത്ത് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തകളും ലേഖനങ്ങളും മുഖപ്രസംഗവും വായിക്കണം. മുക്കത്തെ പൈപ്പ് വെള്ളം കുടിക്കുന്ന വൃദ്ധന്റെ പടവും വാർത്തയും ഓർക്കുക. 2020 മെയ് 5 ലെ  മാധ്യമം പത്രത്തിന്റെ ആശുപത്രികള്‍ക്കും വേണം ലോക്ക് ഡൗണ്‍ ഇളവുകള്‍ എന്ന മുഖപ്രസംഗവും തലേ ദിവസത്തെ അതേ പത്രത്തില്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം അധ്യക്ഷന്‍ ഡോ. കെ. മുഹമ്മദ് ഇസ്മായില്‍ എഴുതിയ ഇങ്ങിനെ മുടക്കിയിടേണ്ടതുണ്ടോ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്ന ലേഖനവും വായിക്കണം. ഡോക്ടറുടെ  ലേഖനത്തിന്റെ കോപ്പി പേസ്റ്റാണ് പിറ്റേന്നത്തെ മുഖപ്രസംഗം. രണ്ടും വായിക്കുമ്പോഴാണ് ലോക്ക് ഡൗണൊക്കെ എന്തൊരു വിവരക്കേടായിപ്പോയെന്ന ഇസ്ലാമിക വീക്ഷണം മനസ്സിലാകുക. മുഖ്യമന്ത്രിയുടെ ഉപദേശകരെ തെറി പറഞ്ഞുകൊണ്ടാണ് ഡോക്ടറുടെ  ലേഖനം അവസാനിക്കുന്നതെങ്കില്‍ ആശുപത്രികള്‍ക്കു വേണ്ടി വാദിച്ചു കൊണ്ടാണ് മാധ്യമത്തിന്റെ മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.

കഠിന കഠോരമീ അണ്ഡകടാഹത്തിലെ ബേസിലിന്റെ കഥാപാത്രം മാസ്കിനെ പുച്ഛിക്കുന്നുണ്ട്. അതേ സമയം മാസ്ക് വിൽപനയാണ് മൂപ്പരുടെ ബിസിനസ്. പ്രോട്ടോകോൾ ഒക്കെ പാവപ്പെട്ടവരെ ദ്രോഹിക്കാനുള്ള സർക്കാർ നടപടികളാണെന്നാണ് സിനിമ പറഞ്ഞു വെക്കുന്നത്. അതു തന്നെയാണ് മാധ്യമം ലോക്ക് ഡൗൺ കാലത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. സാമൂഹിക വ്യാപനം ഉണ്ടായ ശേഷം ലോക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ മതിയായിരുന്നുവെന്നാണ് ഡോക്ടറുടെ മാധ്യമം  ലേഖനത്തിലെ ഒരു കണ്ടെത്തൽ. എന്നുവെച്ചാല്‍ കുറേ പേര്‍ രോഗത്തിനു കീഴടങ്ങി, ചാവേറുകളായി സാമൂഹിക പ്രതിരോധ ശേഷി ആര്‍ജിച്ചെടുക്കണമെന്ന്. ഇതേ നിര്‍ദേശം ആവര്‍ത്തിക്കുകയാണ് പിറ്റേന്നത്തെ മുഖപ്രസംഗവും. ഏതാണെന്ന് വ്യക്തമാക്കാത്ത  ഏതോ റിപ്പോര്‍ട്ടുകളെ പഴിചാരിയാണ് മുഖപ്രസംഗം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. 

മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം:

സംസ്ഥാനത്ത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമകാത്ത സാഹചര്യത്തില്‍ ഇത്തരമൊരു ലോക്ഡൗണിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. വൈറസിനെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കിയ സ്ഥിതിക്ക് സാമൂഹിക സമ്പര്‍ക്കം നിയന്ത്രിച്ചു കൊണ്ടു തന്നെ പൊതുഇടങ്ങള്‍ തുറന്നു കൊടുക്കാമായിരുന്നു. ഇതുവഴി സാമുഹിക പ്രതിരോധം (herd immunity) ആര്‍ജിക്കാമായിരുന്നു. സാമൂഹിക പ്രതിരോധം ആര്‍ജിക്കാതെ സമ്പൂര്‍ണമായ രോഗമുക്തി സാധ്യമല്ല തന്നെ. ഒന്നുകില്‍ രോഗത്തെ അഭിമുഖീകരിച്ചു കൊണ്ട് അത് ആര്‍ജിക്കണം. അതുമല്ലെങ്കില്‍ വാക്‌സിനേഷനാണ് മാര്‍ഗ്ഗം. അതിന് ഇനിയും കാത്തിരിക്കണം.


'കഠിന കഠോരമീ അണ്ഡകടാഹം' സിനിമയിലെ രംഗം

ലോക് ഡൗണ്‍ നേരത്തെ ആയിപ്പോയെന്നാണ് പത്രം പറഞ്ഞത്. സാമൂഹിക വ്യാപനം ഇല്ലാത്തതിനാല്‍ ലോക് ഡൗണ്‍ ആവശ്യമേ ഉണ്ടായിരുന്നില്ലെന്നും പത്രം വ്യക്തമാക്കുന്നു. ഡോക്ടറും മാധ്യമവും കോവിഡിനെ തുരത്താൻ മുന്നോട്ട് വെക്കുന്ന പ്രധാന നിർദേശം സാമൂഹിക പ്രതിരോധമാണ് (Herd immunity).

ഇതൊടൊപ്പം ആ കാലത്ത് പുറത്തു വന്ന ചില വാര്‍ത്തകള്‍ കൂടി ചൂണ്ടിക്കാണിക്കട്ടെ. അല്‍ ജസീറ ടീവിയില്‍ വന്ന ഒരു വാര്‍ത്ത ആദ്യം പറയാം. മെയ് 11 നാണ് അമേരിക്കയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ഇളവുകള്‍ നടപ്പിലായാല്‍ ഓഗസ്റ്റ് ആദ്യവാരമാകുമ്പോഴേക്കും 1,35,000 പേര്‍ അമേരിക്കയില്‍ മരിക്കും. യൂനിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ണടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക് ആന്റ് ഇവാല്യുവേഷനെ ഉദ്ധരിച്ചാണ് അല്‍ ജസീറ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയാല്‍ സാമ്പത്തിക രംഗം മെച്ചപ്പെട്ടേക്കും പക്ഷേ ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മറ്റൊരു വാര്‍ത്ത ബിബിസിയിലാണ് കണ്ടത്. ആ വാര്‍ത്ത ഫ്രാന്‍സില്‍നിന്നാണ്. അവിടെ ജനുവരി അവസാനവാരമാണ് ആദ്യ കോവിഡ് 19 രോഗം സ്ഥിരീകരിച്ചതെന്നായിരുന്നു ഇതുവരെയുള്ള കണക്കൂകൂട്ടല്‍. എന്നാല്‍ ഡിസംബറില്‍ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിലും ഇതേ പ്രശ്‌നമുണ്ട്. നേരത്തെ കരുതിയിരുന്നതിനേക്കാള്‍ ഒരു മാസം മുന്നേ അവിടെയും കോവിഡ് ബാധയുണ്ടായിരുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതും ആ സമയത്താണ്.

മാധ്യമം വലിയ കാര്യത്തിൽ മുന്നോട്ടു വെച്ച സാമൂഹിക പ്രതിരോധം എന്ന സംഗതി സ്വീഡനിലാണ് ആദ്യം നടപ്പാക്കിയത്. അവിടെ തന്നെ അതിന്റെ അപകടങ്ങൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയും ഇംഗ്ലണ്ടും ഈ സംഗതി വേണ്ടെന്നു വെച്ചു.  പ്രതിരോധ കുത്തിവെപ്പ് കണ്ടു പിടിക്കും മുമ്പ് സാമൂഹിക പ്രതിരോധത്തിന് ഇറങ്ങുന്നത് വിവരക്കേടാണെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടിയതുമാണ്. പല കാരണങ്ങൾ കൊണ്ട് ഇന്ത്യയിലും ഇത് നടപ്പാക്കാൻ പറ്റില്ലെന്ന് എഡിൻബർഗ് സർവ്വകലാശാലയിലെ ഗ്ലോബൽ പബ്ലിക് ഹെൽത്ത് ചെയർമാൻ ദേവി ശ്രീധറും ഇതേ സർവകലാശാലയിലെ ഗവേഷകയായ ജനവി ഫെർണാണ്ടസും  ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു (ഫോറിൻ പോളിസി ഡോട്ട് കോം).


'കഠിന കഠോരമീ അണ്ഡകടാഹം' സിനിമയിലെ രംഗം

ഇന്ത്യയിൽ ഇത് നടപ്പാക്കിയാൽ ആശുപത്രികൾ നിറഞ്ഞു കവിയുമെന്നും മരണനിരക്ക് ഗണ്യമായി കൂടുമെന്നും അവർ മുന്നറിയിപ്പ് നൽകി. കോവിഡ് 19 ന്റെ പ്രതിരോധം എങ്ങനെയാണെന്ന് വിദഗ്ധർക്ക്  ഒരു പിടിയും കിട്ടാത്ത സമയമായിരുന്നു അതെന്ന് ഓർക്കണം. പ്രതിരോധ ശേഷി എത്ര കാലത്തേക്ക്, വീണ്ടും രോഗം വരാനുള്ള സാധ്യത എന്നിവയെ കുറിച്ചൊക്കെ ലോകാരോഗ്യ സംഘടന തന്നെ പഠിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ലേഖനങ്ങളും മുഖപ്രസംഗവുമൊക്കെ മാധ്യമം നിരന്തരം പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. കഠിന കഠോരമീ അണ്ഡകടാഹത്തിലെ ബച്ചുവിലുടെ ഇതേ രാഷ്ട്രീയമാണ് ഹർഷദും മുഹഷിനും അവതരിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ അനാവശ്യവും മനുഷ്യ വിരുദ്ധവുമായിരുന്നു. ഇൻഷാ അല്ലാഹ്.. അല്ലാഹു ഉദ്ദേശിക്കുന്നതു പോലെയേ കാര്യങ്ങൾ നടക്കൂ. ഹർഷദിന്റെ പുഴുവിൽ സവർണനെ മുസ്ലിം കുത്തിക്കൊല്ലുന്നതു പോലെ കഠിന കഠോരമീ അണ്ഡകടാഹത്തിൽ അല്ലാഹുവിന്റെ ഇംഗിതം പോലെ ഖബർസ്ഥാനിലെത്തി ഭർത്താവിന്റെ മയ്യിത്തിൽ സ്നേഹം അർപ്പിക്കുകയാണ് ബച്ചുവിന്റെ ഉമ്മ. കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ പരിചരിക്കാനോ അവസാനമായി ഒരു നോക്ക് കാണാനോ കഴിയാതെ സങ്കടപ്പെട്ട അനേകം മനുഷ്യരുണ്ട്. അവരെ ഒന്നടങ്കം ഭരണകൂട വിരുദ്ധരിക്കുക എന്ന രാഷ്ട്രീയത്തോടൊപ്പം രോഗസംബന്ധമായ മത നിലപാട് അരക്കിട്ടുറപ്പിക്കുക കൂടിയാണ് ഈ സിനിമ ചെയ്യുന്നത്.





#cinema
Leave a comment