TMJ
searchnav-menu
post-thumbnail

TMJ Cinema

ഓർമ്മയുടെ സൂക്ഷിപ്പുകാർ

07 Apr 2023   |   9 min Read
സിവിക് ജോൺ

ണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍. അതിന് നടുവിലൂടെ ചെമ്മണ്ണ് കൊണ്ടുള്ള വഴി. വഴി അവസാനിക്കുന്നത് ഒരു പഴഞ്ചന്‍ വീട്ടിലാണ്. നായകന്‍ സഞ്ചരിക്കുന്ന കാര്‍ ആ പാതയോരത്താണ് നില്‍ക്കുന്നത്. ആ വീട്ടില്‍ കൂടി ഒന്നന്വേഷിച്ചേക്കാം എന്ന്‍ പറഞ്ഞ് കാറില്‍ നിന്നും ഇറങ്ങുന്ന ഒരാള്‍.

ഇതുവരെ വിവരിച്ച സംഭവങ്ങള്‍ കുറ്റമറ്റ ഒരു റൊമാന്റിക് ചിത്രത്തിനുള്ള പിഴക്കാത്ത ചേരുവയാണ്. ചുറ്റും കടല്‍ പോലെ പരന്നുകിടക്കുന്ന സൂര്യകാന്തിപ്പൂക്കള്‍ക്ക് നടുവിലായല്ലാതെ മറ്റേത് കാഴ്ച്ചയ്ക്കാണ് ഒരു പ്രണയത്തെ അതിനേക്കാള്‍ ഭംഗിയില്‍ വരച്ചിടാനാവുക. അതുകൊണ്ട് തന്നെ ട്രാച്ചിംബ്രോഡ് എന്ന സ്ഥലം അന്വേഷിച്ചിറങ്ങിയ അമേരിക്കന്‍ ജൂതയുവാവിന്റെയും അയാളുടെ ഗൈഡിന്റെയും യാത്ര ആ വീട്ടിലേക്കുള്ള വഴിയോരത്ത് താല്‍ക്കാലികമായെങ്കിലും അവസാനിക്കുമ്പോള്‍, കഥയില്‍ അതുവരെയും യാതൊരു സൂചനയും തരാതെ ഒളിഞ്ഞുകിടക്കുന്നൊരു പ്രണയം വെളിപ്പെടാന്‍ പോകുന്നെന്ന പ്രതീതിയാവും നമുക്ക് ലഭിക്കുക. പക്ഷേ സംഭവിക്കുന്നതോ? ലീവ് ഷ്റൈബര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് എലീജാ വുഡ് പ്രധാനവേഷത്തിലെത്തിയ എവെരിതിംഗ് ഈസ്‌ ഇല്ലുമിനേറ്റഡ് എന്ന ചിത്രം ജോനാഥന്‍ സഫ്രാൻ ഫോയറിന്റെ അതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ജോനാഥന്‍ തന്റെ മുത്തശ്ശന്റെ ഗ്രാമമായിരുന്ന ട്രാച്ചിംബ്രോഡ് അന്വേഷിച്ചു യുക്രൈനിൽ പോകുന്നതാണ് നോവൽ കൈകാര്യം ചെയ്യുന്ന ഇതിവൃത്തങ്ങളിലൊന്ന്. അതിനു മുന്‍പോ ശേഷമോ മറ്റൊരു ചിത്രവും സംവിധാനം ചെയ്യാത്ത ലീവ് ഷ്റൈബറിനെ അത്തരമൊരുദ്യമത്തിന് പ്രേരിപ്പിച്ചത് അയാളുടെ പൈതൃകം തന്നെയാവണം. ഒരു ജ്യൂവിഷ് ചിത്രകാരിയായിരുന്നു ലീവിന്റെ അമ്മ. അമ്മയുടെ അച്ഛനാകട്ടെ ഉക്രൈനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ഒരാളും. അതുകൊണ്ടുതന്നെ തന്റെ പൈതൃകത്തിന്റെ വേരുകള്‍ ചികഞ്ഞ്, തന്റെതാകേണ്ടിയിരുന്ന, എന്നാല്‍ തനിക്ക് തീര്‍ത്തും അപരിചിതമായ ജന്മനാട്ടിലേക്ക് യാത്രയാവുന്ന യുവാവ് എന്ന നോവലിലെ വിവരണം തന്റെ ആത്മാവിനെയും അതുവരെയുള്ള ജീവിതത്തെയും എല്ലാവിധത്തിലും സാധൂകരിക്കുന്നതായി തോന്നിയിരിക്കും ലീവിന്.

നവംബർ വിപ്ലവത്തിന് ശേഷം രൂപം കൊണ്ടതായിരുന്നു സോഫിയെവ്ക/ ട്രോച്ചെൻബ്രോഡ് എന്നറിയപ്പെട്ടിരുന്ന പട്ടണം. റഷ്യൻ ചക്രവർത്തിയായിരുന്ന പോൾ ഒന്നാമന്റെ ഭാര്യ സോഫി രാജകുമാരിയുടെ പേരിൽ നിന്നുമാണ് സോഫിയെവ്ക എന്ന പേര് നഗരത്തിന് ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. പലകാലങ്ങളിലായി കുടിയൊഴിക്കപ്പെട്ട ജൂതന്മാർ അവിടെ കൂട്ടമായി വസിച്ചുപോന്നു. ഒരുസമയത്ത് ആ നഗരത്തിൽ നാലായിരത്തോളം ജൂതന്മാരുണ്ടായിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഏഴോളം സിനഗോഗുകളും. ആ നാലായിരം പേരിലൊരാളായിരുന്നു ജോനാഥൻ സഫ്രാൻ ഫോയറിന്റെ മുത്തശ്ശൻ.  പ്രാഗിൽ വിദ്യാർത്ഥിയായിരുന്ന ഫോയർ തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ മുത്തശ്ശന്റെ പട്ടണം അന്വേഷിച്ചു യുക്രൈനിലേക്ക് യാത്ര ചെയ്തിരുന്നു. മുത്തശ്ശനെ നാസികളിൽ നിന്നും രക്ഷപ്പെടുത്തിയ പെൺകുട്ടിയുടെ ഒരു പഴകിയ ഫോട്ടോഗ്രാഫ് മാത്രമാണ് ആ യാത്രയിൽ അയാളുടെ പക്കൽ ഉണ്ടായിരുന്നത്. ആ യാത്രയിൽ നിന്നുമാണ് പിന്നീട് Everything is Illuminated എന്ന നോവൽ രൂപം കൊണ്ടത്. സോഫിയെവ്ക/ ട്രോച്ചെൻബ്രോഡ് പട്ടണത്തിന്റെ മാതൃകയിലാണ് ഫോയർ തന്റെ ആദ്യനോവലിൽ ട്രാച്ചിംബ്രോഡ്‌ എന്ന നഗരം സൃഷ്ടിച്ചിരിക്കുന്നത്. ഒരേസമയം വളരെ സങ്കീർണ്ണവും സംതൃപ്തി നൽകുന്ന വായനാനുഭവവുമാണ് അത്.

ക്രമരഹിതമായി ചുരുളഴിയുന്ന പുസ്തകത്തിൽ പ്രധാനമായും മൂന്ന് കഥാഗതികളാണുള്ളത്. ഒന്ന് ജോനാഥൻ എഴുതുന്ന നോവൽ. ട്രാച്ചിംബ്രോഡ്‌ എന്ന പട്ടണം രൂപംകൊണ്ടത് മുതൽ നാസി പട്ടാളത്തിന്റെ ക്രൂരതകളിൽ ആ പട്ടണം നശിപ്പിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങൾ തന്റെ പൂർവികരുടെ കഥയുമായി ഇടകലർത്തി വിശദമാക്കുന്ന ഒന്ന്. രണ്ടാമത്തേത്, യുക്രൈനിൽ ജോനാഥന്റെ ഗൈഡ് ആയ അലക്സ് ജോനാഥനുമൊത്തു നടത്തിയ യാത്രയെ മുൻനിർത്തി എഴുതുന്ന ഭാഗങ്ങൾ. ഇംഗ്ലീഷ് ഭാഷയിൽ വലിയ പരിജ്ഞാനമില്ലാത്ത, ശബ്ദകോശത്തിന്റെ സഹായത്തോടെ മാത്രം എഴുതുന്ന അയാളിലൂടെയാണ് രണ്ടു തലമുറക്കിപ്പുറം തന്റെ വേരുകൾ അന്വേഷിച്ച് ഭാഷ പോലും അറിയാത്ത ഒരിടത്തേക്ക് ജോനാഥൻ നടത്തുന്ന യാത്ര എത്ര വിചിത്രമായ ഒന്നാണെന്ന് നമ്മൾ അറിയുന്നത്. മൂന്നാമത്തേത് അലക്സ് ജോനാഥന് എഴുതുന്ന കത്തുകളാണ്. ആ കത്തുകളിലൂടെ, മുത്തശ്ശന്റെ പട്ടണം തിരഞ്ഞുനടത്തിയ യാത്രക്ക് ശേഷം അവർ തമ്മിൽ തുടരുന്ന സൗഹൃദവും, അലക്സിന്റെ ജീവിതവുമെല്ലാം നമുക്ക് മുന്നിൽ വെളിപ്പെടുന്നു.



ലീവ് ഷ്റൈബര്‍ ഒരുക്കിയ ചലച്ചിത്രവും ഫോയറിന്റെ നോവലും മികവുറ്റവയാണെങ്കിലും ലീവിന്റെ ചലച്ചിത്രാവിഷ്കാരം ഒരിക്കലും പൂർണ്ണമായ ഒന്നല്ല. തന്റെ വേരുകൾ ചികഞ്ഞുള്ള ഒരു യുവാവിന്റെ യാത്രയെ കൃത്യമായി അടയാളപ്പെടുത്തുമ്പോഴും ചലച്ചിത്രത്തിൽ ഇടം പിടിക്കാതെ പോകുന്ന ഒന്നുണ്ട്. ജോനാഥൻ സഫ്രാൻ ഫോയർ എന്ന കഥാപാത്രം എഴുതുന്നതായി അവതരിപ്പിക്കപ്പെടുന്ന നോവൽ ഭാഗമാണ് അത്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ അതിമനോഹരമായ ഒരു പ്രണയചിത്രമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ദൃശ്യത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നല്ലോ. വിചിത്രമായ ഭ്രമകല്പനകൾ നിറഞ്ഞ ട്രാച്ചിംബ്രോഡ് പട്ടണത്തിന്റെ ചരിത്രം ഏതൊരു പ്രണയകഥയോടും കിടപിടിക്കുന്ന ഒന്നുതന്നെയായിരുന്നു. തന്റെ ചലച്ചിത്രം ഏത് സൗന്ദര്യബോധത്തെയാണ് മുന്നോട്ട് വെക്കേണ്ടതെന്ന തിരഞ്ഞെടുപ്പ് ലീവ് ഷ്റൈബര്‍ എന്ന സംവിധായകനെ സംബന്ധിച്ചിടത്തോളം സങ്കീർണ്ണമായ ഒന്നായിരുന്നിരിക്കും. അതുകൊണ്ടാണ് Everything is Illuminated ഹോളോകോസ്റ് അടിസ്ഥാനമാക്കി രൂപംകൊണ്ട നല്ല ചിത്രങ്ങളിലൊന്നാവുമ്പോഴും കഥകളും ഉപകഥകളുമായി പിരിഞ്ഞുകിടക്കുന്ന, യാഥാർത്ഥ്യ വും ഭാവനയും തമ്മിലുള്ള നേർത്ത അതിർവരമ്പുകൾ മാഞ്ഞുപോവുന്ന ബ്രോഡ് എന്ന യുവതിയുടെ കഥ ചലച്ചിത്രം മാത്രം പരിചയിച്ചവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ നഷ്ടമായി പരിണമിക്കുന്നത്.

ജോനാഥൻ സഫ്രാൻ ഫോയർ എഴുതിയ നോവലും ലീവ് ഷ്റൈബറിന്റെ ചലച്ചിത്രവും തുടങ്ങുന്നത് അലക്സിൽ നിന്നാണ്. അലക്‌സാണ്ടർ പെർചോവ്. ഇരുപത്തിയൊന്ന് വയസുള്ള ഈ യുവാവാണ് അമേരിക്കയിൽ നിന്നുമെത്തുന്ന ജോനാഥന്റെ ഗൈഡ്. ബദ്ധപ്പെട്ടു മാത്രം ഇംഗ്ലീഷ് സംസാരിക്കുന്ന അലക്സ്, അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന, അമേരിക്കൻ ഫാഷൻ സ്റ്റൈലുകൾ പിന്തുടരുന്ന ഒരാളാണ്. ഇംഗ്ലീഷ് ഭാഷയുടെ മേലുള്ള അസ്വാധീനം അയാളുടെ എഴുത്തിനു പലപ്പോഴും ഹാസ്യരസം പകരുന്നുണ്ട്. ഹെറിറ്റേജ് ടൂറിങ് എന്ന ട്രാവൽ ഏജൻസിയിലാണ് അലക്സിന്റെ അച്ഛൻ ജോലി ചെയ്യുന്നത്. മുത്തശ്ശനും അവിടെ തന്നെയായിരുന്നു ജോലി. തങ്ങളുടെ പൈതൃകം തിരഞ്ഞുവരുന്ന സമ്പന്നരായ വിദേശികളാണ് എക്കാലവും ഹെറിറ്റേജ് ടൂറിങ് എന്ന ട്രാവൽ ഏജൻസിയുടെ പതിവുകാർ. അത്തരമൊരു സഞ്ചാരി എന്നുമാത്രമേ ജോനാഥനെക്കുറിച്ചും അവർ കരുതിയിരിക്കൂ. പക്ഷേ അയാളുടെ പ്രേരണകൾ കുറേക്കൂടി ആഴമുള്ളതായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു നടന്ന കൂട്ടക്കുരുതിയിൽ നിന്നും കഷ്ടിച്ചു രക്ഷപെടുന്ന ജോനാഥന്റെ മുത്തശ്ശൻ ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നുമാണ് ജോനാഥന്റെ മുത്തശ്ശിയെ കണ്ടുമുട്ടുന്നത്. വിവാഹശേഷം അവർ അമേരിക്കയിലേക്ക് കുടിയേറുന്നു. ചലച്ചിത്രത്തിൽ തന്റെ ചെറുമകന്റെ ബാല്യകാലം കാണുന്നത് വരെ അയാൾ ജീവനോടിരിക്കുന്നുണ്ടെങ്കിലും നോവലിൽ അമേരിക്കയിലെത്തി അധികം വൈകാതെ ജോനാഥന്റെ മുത്തശ്ശൻ മരണപ്പെടുകയാണുണ്ടായത്. നാസിപട്ടാളക്കാരിൽ നിന്നും തന്റെ ജീവൻ രക്ഷിച്ചത് അഗസ്റ്റീന എന്നൊരു പെൺകുട്ടിയാണെന്ന് അയാൾ എപ്പോഴും തന്റെ ഭാര്യയോട് പറയുമായിരുന്നു. ആ ഓർമകളത്രയും, വർഷങ്ങൾക്ക് ശേഷം അവർ തന്റെ കൊച്ചുമകനു കൈമാറുന്നു. ഓരോ കാഴ്ചയെയും, അതിന്റെ എല്ലാ പൂർണതയോടും കൂടി ശേഖരിക്കാനിഷ്ടപ്പെടുന്ന കൊച്ചുമകന്, തന്റെ മുത്തശ്ശന്റെ യുക്രൈൻ ജീവിതം വളരെ കൗതുകം ജനിപ്പിക്കുന്ന ഒരു പസിൽ ആയി മാറുകയാണ്. അങ്ങനെയാണ് മരണക്കിടക്കയിൽ വെച്ച് മുത്തശ്ശി കൈമാറിയ ഒരു ലോക്കറ്റും ട്രാച്ചിംബ്രോഡ് എന്ന പട്ടണത്തിന്റെ ഏകദേശമാപ്പും കൊണ്ട്, തന്റെ മുത്തശ്ശന്റെ പൂർവകാലജീവിതത്തെ വെളിച്ചത്തുകൊണ്ടുവരാമെന്ന ശുഭാപ്തിവിശ്വാസത്തിൽ അയാൾ യുക്രൈനിലേക്ക് പുറപ്പെടുന്നത്.

സമാന്തരമായി സഞ്ചരിക്കുന്ന മറ്റൊരാഖ്യാനത്തിൽ നാം സോഫിയോവ്ക എന്നും ട്രാച്ചിംബ്രോഡ് എന്നും പേരായ നഗരത്തിന്റെ കഥ പരിചയിക്കുന്നു. ബ്രോഡ് നദിയിലുണ്ടാവുന്ന ഒരു അപകടത്തിന്റെ വിവരണത്തിൽ നിന്നുമാണ് ഈ ആഖ്യാനം ആരംഭിക്കുന്നത്. 1791 മാർച്ച് 18 ന് ട്രാച്ചിം ബി എന്ന യുവാവിന്റെ നാൽചക്ര വാഹനം ബ്രോഡ് നദിയിലേക്ക് നിയന്ത്രണം തെറ്റി വീഴുന്നു. വാഹനത്തിൽ ട്രാച്ചിമിനൊപ്പം അയാളുടെ ഗർഭിണിയായ ഭാര്യയുമുണ്ടായിരുന്നു എന്ന് പലരും സംശയം പറയുന്നുണ്ട്. അവരുടെ ശരീരങ്ങൾ കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കേ നദിയിൽ നിന്നും ഒരു പെൺകുഞ്ഞിനെ ലഭിക്കുന്നു. ട്രാച്ചിമിന്റെ മൃതദേഹം ഒരിക്കൽ പോലും ലഭിക്കുന്നില്ല. കുഞ്ഞിനെ എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങുന്ന പട്ടണവാസികൾ ഒടുവിൽ അതിനെ റബ്ബിയുടെ പക്കൽ ഏൽപ്പിക്കുന്നു. ആ പെൺകുഞ്ഞിനെ സ്വന്തമായി വളർത്താൻ ആഗ്രഹിക്കുന്നവർ എന്തുകൊണ്ട് കുഞ്ഞിനെ തനിക്ക് നൽകണമെന്ന കാരണത്തോടെ തന്നെ സമീപിക്കാനാണ് റബ്ബി അവരെ അറിയിക്കുന്നത്.



അമ്പത്തിരണ്ട് പേരാണ് കുഞ്ഞിനെ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് റബ്ബിയെ സമീപിക്കുന്നത്. അക്കൂട്ടത്തിൽ നിന്നും യോഗ്യനായ ഒരാളെ തിരഞ്ഞെടുക്കാൻ കഴിയാതെ ഒടുവിൽ റബ്ബി ആ ചുമതലയേൽപ്പിക്കുന്നത് ആ പെൺകുഞ്ഞിനെത്തന്നെയാണ്. അങ്ങനെയാണ് ഒരു കാലത്ത് സഫ്രാൻ എന്ന് പേരുണ്ടായിരുന്ന, ഭാര്യയും മക്കളുമുണ്ടായിരുന്ന, ഇപ്പോൾ ഏകാകിയും നിഷ്കാസിതനുമായ യാങ്കൽ ഡി. ആ പെൺകുഞ്ഞിന്റെ രക്ഷിതാവാകുന്നത്. കുഞ്ഞിനെ ലഭിച്ച നദിയുടെ സ്മരണയിൽ അയാൾ ആ പെൺകുട്ടിയെ ബ്രോഡ് എന്ന് വിളിക്കുന്നു. പെൺകുട്ടിയുടെ രക്ഷിതാവായി തന്നെ തിരഞ്ഞെടുത്ത കാര്യം യാങ്കൽ അറിയുന്നത് പട്ടണവാസികളുടെ സ്വപ്‌നങ്ങൾ വിശകലനം ചെയ്യുന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടിരിക്കെയാണ്. പട്ടണവാസികൾ ആവർത്തിച്ചുകാണുന്ന സ്വപ്നങ്ങൾ The Book of Recurrent Dreams എന്ന പേരിൽ രേഖപ്പെടുത്തുന്ന പതിവുണ്ട്. അവർ രേഖപ്പെടുത്തിയ പല കാര്യങ്ങളും വളരെ അതിശയകരമായ വായനയ്ക്കുതകുന്നവയാണ്. പെൺകുഞ്ഞുമായി യാങ്കൽ/സഫ്രാൻ തന്റെ വീട്ടിലേക്ക് പോകുന്നതിന്റെ ഉള്ളുനിറക്കുന്ന വിവരണം ഫോയർ നൽകുന്നുണ്ട്. വീട്ടിലേക്കുള്ള പടിക്കെട്ടും വാതിലിലെ കൈപ്പിടിയും മുതൽ തന്റെ ഹൃദയമിടിപ്പ് വരെ കുഞ്ഞിന് വിശദീകരിച്ചുനൽകുന്നു യാങ്കൽ. ചെറിയൊരു ട്രേയിൽ കടലാസ് വിരിച്ച് കുഞ്ഞിനെ അതിൽ കിടത്തിയശേഷം അയാൾ ചിന്തിക്കുന്നത് കുഞ്ഞുങ്ങൾ സ്വപ്നം കാണുന്നതെന്താവുമെന്നാണ്. താൻ മരണാനന്തരജീവിതം സ്വപ്നം കാണുന്നത് പോലെ ജീവിതത്തിനും മുൻപുള്ള എന്തോ ആവും കുഞ്ഞുങ്ങളുടെ സ്വപ്നത്തിൽ എന്നാണയാളുടെ പക്ഷം. 

അയാളെ സംബന്ധിച്ചിടത്തോളം സഫ്രാൻ എന്ന പേരിൽ ജീവിച്ച കാലം ഏറെ അകലെയായിരുന്നു. അക്കാലത്ത് അയാളൊരു പലിശക്കാരനായിരുന്നു. നീതികരമല്ലാത്ത ധനസമ്പാദനമാർഗങ്ങൾ ഉപയോഗിക്കുന്നുവെന്ന ആരോപണത്തിൽ അയാൾ ശിക്ഷിക്കപ്പെട്ടു. അയാളുടെ മക്കൾ മരണപ്പെട്ടിരുന്നു. പിൽക്കാലത്ത് അയാളുടെ ഭാര്യയേയും അയാൾക്ക് നഷ്ടപ്പെട്ടു. എന്നാൽ അവർ മരണപ്പെട്ടില്ല. അയാളുടെ പ്രശ്നത്തിൽ വിധി പറയാൻ വന്ന യാങ്കൽ എന്ന് പേരുള്ള ഉദ്യോഗസ്ഥനൊപ്പം ഒരുദിവസം അവർ ഇറങ്ങിപോവുകയായിരുന്നു. ഒരു മധ്യാഹ്നത്തിൽ ഗ്രന്ഥശാലയിൽ നിന്നും മടങ്ങിവന്ന സഫ്രാനെ കാത്തിരുന്നത് മുൻവാതിലിലെ പുൽത്തടുക്കിൽ വെച്ചിരുന്ന കുറിപ്പാണ്. I had to do it for myself. മറ്റു വിശദീകരണങ്ങളൊന്നുമില്ലാതെ ആ ചെറുകുറിപ്പിൽ അതുവരെ തുടർന്ന ജീവിതം പുറകിലുപേക്ഷിച്ച് അയാളുടെ ഭാര്യ അയാളെ കടന്നുപോയി. ആ കുറിപ്പ് സൂക്ഷിക്കാനോ നശിപ്പിക്കാനോ മനസ്സുവരാതെ അത് താനേ നഷ്ടപ്പെടുന്നൊരു നിമിഷത്തിനായി ജീവിക്കുകയാണ് സഫ്രാൻ. അപമാനഭാരത്താൽ അയാൾ ആ പട്ടണം വിട്ടു. നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് അയാൾ സഞ്ചരിച്ചു. മൂന്നുവർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ അയാൾ തന്റെ പേര് യാങ്കൽ എന്ന് മാറ്റിയിരുന്നു. പക്ഷേ എന്തൊക്കെ ചെയ്തിട്ടും ആ കടലാസുകഷ്ണം ഉപേക്ഷിക്കപ്പെടുന്ന പൂച്ചകളെന്നപോലെ കൃത്യമായി അയാളെ കണ്ടെത്തിക്കൊണ്ടിരുന്നു. It kept returning to him. It stayed with him, like a part of him, like a birthmark, like a limb, it was on him, in him, him, his hymn: I had to do it for myself. എന്നാണു ഫോയർ അതിനെ വിവരിക്കുന്നത്. 

പട്ടണത്തിൽ നിന്നും അകന്നുനിന്ന മൂന്നു വർഷങ്ങളിൽ ഓരോ ദിവസവും അയാൾ ഉണർന്നത് നന്മ ചെയ്യുവാനും സന്തോഷമായിരിക്കാനുമുള്ള ഊർജ്ജവുമായാണ്. എന്നാൽ ഉച്ചയോടെ ഈ ജീവിതത്തിൽ ഒന്നും നേരെയാകാൻ പോകുന്നില്ലെന്ന ചിന്ത അയാളിൽ നിറയും. വൈകുന്നേരമാവുമ്പോഴേക്കും തന്റെ ഏകാന്തതയിൽ, കുറ്റബോധത്തിൽ ഒറ്റപ്പെട്ട് അയാളിരിക്കും. ഞാൻ സങ്കടപ്പെടുകയല്ല എന്നു നിരന്തരം പറയുമ്പോഴും ഓരോദിവസവും അത് തന്നെയാണ് ആവർത്തിച്ചാവർത്തിച്ചു സംഭവിച്ചത്, ആ കുഞ്ഞ് അയാളുടെ ജീവിതത്തിലെത്തും വരെ. വർത്തമാനകാലത്ത്, ആദ്യമായൊരു ജൂതനെ കാണുന്നതിന്റെ ആകാംക്ഷ മറച്ചുവെക്കാത്ത, ശരിതെറ്റുകളെക്കുറിച്ച് വേണ്ടത്ര ബോധ്യമില്ലാത്ത, ബദ്ധപ്പെട്ട് മാത്രം ഇംഗ്ലീഷിൽ സംസാരിക്കുന്ന അലക്സ് എന്ന ഗൈഡ് യുക്രൈനിൽ ജോനാഥനെ കാത്തിരിക്കുന്നുണ്ട്. നായകനെ ട്രാച്ചിംബ്രോഡിലെത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അലക്സിനെ സഹായിക്കാനുള്ളത് അന്ധൻ എന്ന് സ്വയം അവകാശപ്പെടുന്ന അയാളുടെ മുത്തശ്ശനാണ്. അലക്സ് സീനിയർ എന്ന് പേരുള്ള അദ്ദേഹമാണ് ആ യാത്രയിൽ അവരുടെ സാരഥി. കാഴ്ചയില്ലാത്ത തന്റെ കാഴ്ച എന്ന് വൃദ്ധൻ വിശേഷിപ്പിക്കുന്ന സാമി ഡേവിസ് ജൂനിയർ ജൂനിയർ എന്ന നായയും അവർക്കൊപ്പമുണ്ട്. വിഖ്യാതഗായകൻ സാമി ഡേവിസ് ജൂനിയറിന്റെ പേരിലുള്ള ആ നായയുടെ വികൃതികൾ പലപ്പോഴും കഥാഗതിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുന്നുണ്ട്. 

പുസ്തകത്തിൽ നാം ഈ യാത്രയെക്കുറിച്ചു വായിക്കുക അലക്സിന്റെ വിവരണങ്ങളിലൂടെയാണ്. ശബ്ദകോശമുപയോഗിച്ചു രൂപപ്പെടുത്തിയ ഭാഷയിലൂടെ അയാൾ പറയുന്ന കഥയിൽ ഒരുമിച്ചുള്ള യാത്രയിലെ ആദ്യത്തെ സായാഹ്നത്തിൽ അവർ രാത്രിഭക്ഷണത്തിനിരിക്കുന്ന രംഗമുണ്ട്. ഒരുതരം മാംസവും കഴിക്കാത്ത ഒരു പൂർണ്ണ സസ്യഭുക്കാണ് ജോനാഥൻ എന്നറിയുമ്പോഴുള്ള അവരുടെ ആദ്യപ്രതികരണം ‘ഇയാൾക്ക് ഭ്രാന്താണോ’ എന്നതാണ്. പരമ്പരാഗതമായി ഭക്ഷണശീലങ്ങളുടെ സുപ്രധാനഭാഗമായി മാംസം ശീലിച്ചുവന്ന അവർക്ക് പൂർണ്ണ സസ്യഭുക്കായ ഒരു അമേരിക്കൻ ജൂതൻ എന്ന സംജ്‌ഞ മനസിലാക്കാൻ പ്രയാസമാണ്. ഭോജനശാലയുടെ ഉടമസ്ഥയെ പ്രീതിപ്പെടുത്തി അയാൾക്ക് വേണ്ടി ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങ് അവർ വാങ്ങിക്കൊടുക്കുന്നുണ്ട്. വളരെ പണിപ്പെട്ട് സംഘടിപ്പിച്ച ആ ഉരുളക്കിഴങ്ങ് മുറിക്കാൻ കഴിയും മുൻപേ ജോനാഥന്റെ കയ്യിൽ നിന്നും തെന്നി അത് നിലത്ത് വീഴുകയാണ്. ഇയാൾ എന്താണീ ചെയ്യുന്നത് എന്ന ഭാവത്തിൽ ഇരുന്നിരുന്ന അലക്സ് സീനിയർ പോലും ആ കാഴ്ചയിൽ ഒരു നിമിഷം പകക്കുന്നുണ്ട്. ക്ഷണനേരം നീണ്ടുനിൽക്കുന്ന സ്തോഭജനകമായ മൗനത്തിനൊടുവിൽ നിലത്തുവീണ ഉരുളക്കിഴങ്ങ് എടുത്ത് അലക്സ് സീനിയർ നാലായി വിഭജിക്കുന്നു. ആദ്യഭാഗം സാമി ഡേവിസിന് നൽകുന്നു. ബാക്കിയുള്ളവ തങ്ങൾക്കിടയിൽ വീതിക്കുന്നു. ഒരു വാക്കേറ്റത്തിനും പൊട്ടിത്തെറിക്കുമെല്ലാം സാധ്യതയുള്ള സംഭ്രമജനകമായ അന്തരീക്ഷം എങ്ങനെ മാറിമറിയുന്നു എന്ന് ആസ്വാദകർ അമ്പരക്കേ തനിക്ക് ലഭിച്ച കാൽ ഭാഗത്തെ ഒരു എവിഡൻസ് ബാഗിലേക്ക് മാറ്റി ശ്രദ്ധയോടെ പാക്ക് ചെയ്യുന്ന ജോനാഥനെ കാണാം. അന്ധൻ എന്ന് സ്വയം അവകാശപ്പെടുന്ന അലക്സ് സീനിയറിനോടൊപ്പം നമ്മൾ കാഴ്ചക്കാരും അറിയാതെ ചിരിച്ചുപോവുകയും that's some jew എന്ന് പറയുകയും ചെയ്യും. 



Humor is the only truthful way to tell a sad story എന്ന് പുസ്തകത്തിലൊരിടത്തു ഫോയർ എഴുതുന്നുണ്ട്. ഈ ആഖ്യാനത്തിലുടനീളം അതിനെ ശരിവെക്കുന്ന ഭാഗങ്ങൾ കാണാം. ജോനാഥനുമായി ഇടതടവുകളില്ലാതെ സംഭാഷണത്തിൽ മുഴുകുന്ന അലക്സ് അത് എഴുതുന്നത് വാചകങ്ങൾ തമ്മിൽ ഒട്ടും അകലമില്ലാത്ത, സംഭാഷണങ്ങൾ വേർതിരിക്കാൻ കഴിയാത്ത ഒരു വിചിത്രരീതിയിലാണ്. ശബ്ദകോശത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന വാക്കുകൾ പലപ്പോഴും വാചകങ്ങളുടെ അർഥം തന്നെ മാറ്റിക്കളയുന്നുണ്ടെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നേയില്ല എന്ന രീതിയിൽ അലക്സ് തന്റെ സംസാരവും എഴുത്തും തുടരുന്നു. ആരംഭത്തിൽ അലക്സിനോ മുത്തശ്ശനോ ജോനാഥനെ സഹായിക്കണമെന്ന വലിയ നിർബന്ധമൊന്നുമില്ലെങ്കിലും അഗസ്റ്റീനയുടെ ചിത്രം അവരുടെ മനസ് മാറ്റുന്നു. ആ ചിത്രത്തെക്കുറിച്ച് അലക്‌സും ജോനാഥനും തമ്മിൽ സംഭാഷണങ്ങളുണ്ടാവുന്നുണ്ട്. ചിത്രത്തിനു പുറകിലെ എഴുത്തിനെക്കുറിച്ച് മുത്തശ്ശിയോടൊന്നും ചോദിച്ചില്ലേ എന്ന് ചോദിക്കുമ്പോൾ അൻപത് വർഷത്തോളം മുത്തശ്ശി ഈ ചിത്രം സൂക്ഷിച്ചുവെച്ചിരുന്നു, ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിൽ അവർക്ക് എപ്പോഴേ അതാകാമായിരുന്നു എന്നാണ് ജോനാഥൻ പറയുന്ന മറുപടി. There was a sadness amid him and the photograph, and nothing in the world frightened me more. എന്നാണ് ആ ചിത്രത്തെയും ജോനാഥനെയും കുറിച്ച് അലക്സ് തന്റെ ആഖ്യാനത്തിൽ കുറിക്കുന്നത്. ഒന്നോ രണ്ടോ ദിവസങ്ങൾക്കുശേഷം ഈ യാത്ര അവസാനിപ്പിച്ച് മടങ്ങാമെന്ന ചിന്തയിൽ യാത്ര തുടങ്ങിയവരാണെങ്കിലും എങ്ങനെയും ജോനാഥന് അയാളുടെ മുത്തച്ഛന്റെ വിവരങ്ങൾ കണ്ടെത്തി കൊടുക്കണമെന്ന തീരുമാനത്തിലെത്താൻ ആ രാത്രി കാരണമാവുന്നു. എന്നാൽ സാമി ഡേവിസ് ജൂനിയർ ജൂനിയറിന്റെ പദ്ധതി മറ്റൊന്നായിരുന്നു. അന്ന് രാത്രി അയാൾ കൊണ്ടുവന്ന ഭൂപടങ്ങൾ മുഴുവൻ പുനർസൃഷ്ടിക്കാനാവാത്ത വിധം ആ നായ നശിപ്പിച്ചുകളയുകയാണ്. പിറ്റേന്ന് പകൽ ജോനാഥനും അലക്‌സും മുത്തശ്ശനും സാമി ഡേവിസും അടങ്ങുന്ന സംഘം ട്രാച്ചിംബ്രോഡിലേക്കുള്ള യാത്ര തുടരുന്നു. വഴിയിൽ പലരോടും അവർ ആ പട്ടണത്തെക്കുറിച്ച് ചോദിക്കുന്നുണ്ടെങ്കിലും ആർക്കും അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് അറിയില്ല. ഇതിനിടയിൽ അലക്‌സും ജോനാഥനും തമ്മിൽ സ്വാഭാവികമായ ഒരു സൗഹൃദം ഉടലെടുക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ചും അമേരിക്കയിലെ ജീവിതത്തെക്കുറിച്ചും തങ്ങളുടെ കുടുംബങ്ങളെക്കുറിച്ചും എല്ലാം അവർ സംസാരിക്കുന്നുണ്ട്. എഴുത്തിനെക്കുറിച്ച് അവർ തമ്മിലുണ്ടാകുന്ന സംഭാഷണം തന്നെ ശ്രദ്ധിക്കൂ, 

"Father informs me that you are writing a book about this trip." "I like to write." I punched his back. "You are a writer!" "Shhhh." "But it is a good career, yes?" "What?" "Writing. It is very noble." "Noble? I don't know." "Do you have any books published?" "No, but I'm still very young." "You have stories published?" "No. Well, one or two." "What are they dubbed?" "Forget it." "This is a first-rate title." "No. I mean, forget it." "I would love very much to read your stories." "You probably won't like them." "Why do you say that?" "I don't even like them." "Oh." "They're apprentice pieces." "What does it mean apprentice pieces?" "They're not real stories. I was just learning how to write." "But one day you will have learned how to write." "That's the hope."

ഒരു ദിവസം എങ്ങനെയെഴുതണമെന്നു പഠിച്ചേക്കും എന്നാണു പ്രതീക്ഷ എന്ന് പറയുന്ന എഴുത്തുകാരൻ മനോഹരമായ കാഴ്ച തന്നെയാണ്. ഒരുപക്ഷേ പലർക്കും മനസിലാവാത്ത ഒന്ന്. ആ വാചകം പറയുന്ന ജോനാഥൻ അലക്സിന്റെ ആഖ്യാനത്തിലെ കഥാപാത്രമാണെങ്കിൽ ജോനാഥന്റേതായി ഫോയർ എഴുതുന്ന ആഖ്യാനത്തിൽ എഴുത്തിന്റെ ഭംഗി വെളിവാക്കുന്ന അനവധി മുഹൂർത്തങ്ങളുണ്ട്.

ബ്രോഡ് വളർന്നുവരവേ സ്വാഭാവികമായും അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നു. ബ്രോഡ് തന്റെ മകളല്ല എന്ന സത്യം വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത യാങ്കൽ അവൾക്കായി ഒരു കഥ മെനയുകയാണ്. കൗതുകത്തോടെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന കുഞ്ഞിന് മറുപടി നൽകുന്നതിലൂടെ അയാൾക്കിപ്പോഴില്ലാത്തൊരു ഭാര്യയുടെ മിഴിവാർന്ന രൂപം അയാളിൽ തെളിയുന്നു. ഏറ്റവും മനോഹരമായ സംജ്ഞകൾ ഉപയോഗിച്ച് അയാൾ ആ രൂപത്തിന് നിറം ചേർത്തെടുക്കുന്നു. സ്വാഭാവികമായ അതിന്റെ പരിണാമഗുപ്തിയിൽ അയാൾ ആ മായാരൂപിയുമായി പ്രണയത്തിലാവുന്നു. അതിനെകുറിക്കാൻ ഫോയർ ഉപയോഗിക്കുന്ന വാചകങ്ങളിങ്ങനെയാണ്. 

“It was inevitable: Yankel fell in love with his never-wife. He would wake from sleep to miss the weight that never depressed the bed next to him, remember in earnest the weight of gestures she never made, long for the un-weight of her un-arm slung over his too real chest, making his widower's remembrances that much more convincing and his pain that much more real.



അടിവരയിട്ട വാക്കുകൾ നോക്കൂ.. സങ്കല്പം മാത്രമായ ഒന്നിനെ വിശേഷിപ്പിക്കാൻ അയാളുപയോഗിക്കുന്ന ആ വാചകങ്ങളാണ് എഴുതാൻ എന്നെങ്കിലും പഠിക്കുമായിരിക്കും എന്ന് പറയുന്ന ജോനാഥനിൽ വിശ്വസിക്കാൻ നമ്മളെ പ്രേരിപ്പിക്കുക. രാത്രികളിൽ, തനിക്കില്ലാത്ത ഭാര്യ തനിക്കൊരിക്കലും എഴുതിയിട്ടില്ലാത്ത പ്രണയലേഖനങ്ങൾ വായിച്ച് യാങ്കൽ നെടുവീർപ്പിട്ടു. ഓരോ രാത്രിയും ഉറങ്ങുന്നതിനു മുൻപായി താൻ തലയിണയെ ഇറുകെ പുണരാറുണ്ടെന്നും അപ്പോഴതിന് നിന്റെ സാദൃശ്യം തോന്നുമെന്നും എഴുതിയ പ്രണയലേഖനങ്ങൾ. നീയും അങ്ങനെ തന്നെ ചെയ്യുന്നുണ്ടാവുമെന്ന് എനിക്കറിയാമെന്നും അതിനാലാണ് ഞാനത് എല്ലാ രാത്രിയിലും ആവർത്തിക്കുന്നതെന്നും പറയുന്ന പ്രണയലേഖനങ്ങൾ. മായാരൂപിയായ ഒരു ഭാര്യ ഒരിക്കലും എഴുതാതെപോയ ഒരു പ്രണയലേഖനത്തിലെ വാചകങ്ങൾ അയാളുടെ ജീവിതത്തെ സ്നേഹത്തിന്റെ ഏകാന്തതയാൽ ഞെരുക്കിക്കളഞ്ഞു. 

പക്ഷേ അയാളുടെ ഏകാന്തതയിൽ ബ്രോഡ് എന്ന പെൺകുട്ടി കൂട്ടിരുന്നു. നഗരത്തിനു പുതിയ പേരിടാനുള്ള വോട്ടെടുപ്പിൽ നദിയിൽ മുങ്ങിപ്പോയ യുവാവിന്റെയും ആ പെൺകുട്ടിയുടെയും പേരുകൾ ചേർത്ത് ട്രാച്ചിംബ്രോഡ് എന്ന പേര് നിർദ്ദേശിക്കുന്നു യാങ്കൽ. എല്ലാവരും താൻ നിർദേശിച്ച പേരിനു വോട്ട് ചെയ്തപ്പോൾ ട്രാച്ചിംബ്രോഡ്‌ എന്ന പേരുമാത്രം ഒന്നിലധികം വോട്ടു നേടി. തുടർച്ചയായ രണ്ടാം നറുക്കെടുപ്പിലും യാങ്കൽ വിജയിച്ചത് പട്ടണത്തിലെ റബ്ബിയടക്കം അത്ഭുതത്തോടെ കണ്ടു. വാർധക്യത്തിലും അയാളുടെ ഏകാന്തതയെ കൂടുതൽ സാർത്ഥകമാക്കി ആ പെൺകുട്ടി. അവൾ ഒരിക്കലും ഒന്നിനെയും കൂസിയില്ല. ആർക്കും വഴങ്ങിയില്ല, ആരെയും വെല്ലുവിളിച്ചില്ല. എല്ലാവരും അവളെ സ്നേഹിച്ചിരുന്നു. അവളെ വെറുത്തവർ പോലും രഹസ്യമായി അവളെ പ്രണയിച്ചു. രാത്രികളിൽ എത്രയോ പേർ അവളെ മാത്രം സ്വപ്നം കണ്ടു. പക്ഷേ യാങ്കലിന്റെ ഏകാന്തതയിൽ പങ്കാളിയാവുമ്പോഴും ബ്രോഡ് ആ നഗരത്തിലെ ഏറ്റവും വിഷാദവതിയും ഏകയുമായിരുന്നു.

വിഷാദം അതിന്റെ അനന്തമായ ഇഴകളായി വേർപിരിയുന്ന ഒരു പ്രിസമായിരുന്നു ബ്രോഡ് എന്നാണ് ഫോയർ എഴുതുന്നത്. അതിന്റെ ഓരോ ഇഴകളെയും വേർതിരിച്ചറിയാനും അതിനെ വിലമതിക്കാനും അവൾക്ക് കഴിഞ്ഞിരുന്നു. ഈ ലോകത്തിൽ 613 തരം ദുഃഖങ്ങളുണ്ടെന്ന് ബ്രോഡ് കണ്ടെത്തിയിരുന്നു. ഓരോന്നും സവിശേഷമായവ. അവയെല്ലാം അവൾ രേഖപ്പെടുത്തിവെച്ചു. എല്ലായിടത്തും അവൾ ദുഃഖത്തെ തിരഞ്ഞു. ആ തിരച്ചിലിനിടെ ദൈവം ദുഃഖിതനാണോ എന്ന് യാങ്കലിനോട് ബ്രോഡ് ചോദിക്കുന്നുണ്ട്. അങ്ങനെയൊരാളുണ്ടെങ്കിലല്ലേ അയാൾക്ക് ദുഃഖമുണ്ടാവൂ എന്ന് തമാശ പറയുന്ന യാങ്കലിനോട് നീയൊരു വിശ്വാസിയാണോ എന്നറിയാനാണ് ഞാൻ ചോദിച്ചത് എന്ന് ബ്രോഡ് പറയുന്നു.

(തുടരും)


#cinema
Leave a comment