
തുടരുന്ന സംഘർഷങ്ങളും അവയുടെ ഘടനയും പരിശോധിക്കുന്ന ‘സംഘർഷ ഘടന’
വളരെ ചുരുക്കം ചില സിനിമകൾക്ക് മാത്രമേ സിനിമ കഴിഞ്ഞതിന് ശേഷവും, ക്രെഡിറ്റ്സ് റോൾ ആയിക്കൊണ്ടിരിക്കുമ്പോൾ നമ്മളെ സീറ്റിൽ തന്നെ തുടർന്നും ഇരുത്താൻ കഴിയാറുള്ളൂ. മിക്കവാറും അത്തരം സിനിമകൾ, അത് കണ്ട് കഴിഞ്ഞ് തീയേറ്റർ വിട്ട് ഇറങ്ങുമ്പോഴും, സിനിമയും കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും ഇങ്ങനെ മനസ്സിൽ തന്നെ തങ്ങി നിക്കും, നമ്മളെ ആഴത്തിൽ ചിന്തിപ്പിക്കും. പലപ്പോഴും അത് ഫിലോസോഫിക്കൽ ആവാം, കഥയിൽ നടന്നിട്ടുള്ള, നമ്മളെ ഉലച്ച എന്തെങ്കിലും സാഹചര്യമാവാം, പ്രകടനങ്ങളാവാം, മറ്റ് ഏതെങ്കിലും സാങ്കേതിക വശങ്ങളുമൊക്കെയാവാം. മിക്കവാറും ക്ലൈമാക്സിനോട് അടുത്താകും കഥാപരമായി അത്തരം സന്ദർഭങ്ങൾ ഉണ്ടാവുക. തിയേറ്റർ വിട്ടാലും മനസ്സിൽ തങ്ങുന്ന, നമ്മളെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള സിനിമകളാണ് മികച്ച സിനിമകൾ എന്നൊരു അഭിപ്രായം മുമ്പൊരിക്കൽ കേട്ടിട്ടുണ്ട്. അങ്ങനെ ഈ അടുത്ത് കണ്ടതിൽ സിനിമ കഴിഞ്ഞതിന് ശേഷവും സീറ്റിൽ തന്നെ കുറച്ച് നേരം തുടർന്ന, വളരെ നേരം മനസിൽ തന്നെ തങ്ങി നിന്ന ഒരു സിനിമയാണ് കൃഷാന്ദ് സംവിധാനം ചെയ്ത ‘സംഘർഷ ഘടന - The Art of Warfare’ എന്ന ചിത്രം.
മിക്കവാറും എന്തെങ്കിലും ട്രാജഡിയോ അല്ലെങ്കിൽ മനസിനെ ഉലയ്ക്കുന്ന എന്തെങ്കിലും സംഭവമോ, പ്രത്യേകിച്ച് ചിത്രത്തിന്റെ ക്ലൈമാക്സിനോടടുത്ത് സംഭവിക്കുമ്പോഴാവും ഇത് പോലെ സീറ്റിൽ തന്നെ തുടരുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള അനുഭവം ഉണ്ടാവുക. എന്നാൽ ‘സംഘർഷ ഘടന’യിലേക്ക് വരുമ്പോൾ അത്തരത്തിൽ ഉള്ള എന്തെങ്കിലും വലിയ ഒരു സംഭവം സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ലെന്ന് പറയേണ്ടി വരും, പക്ഷേ കഥയുടെ ഭാഗമായി വന്ന ഒരു ക്ലൈമാക്സ് റിവീൽ(reveal), ഒരു ഫ്ലാഷ്ബാക്ക്; ചില ധാരണകളെ, ചില കഥാപാത്രങ്ങളെ ഉൾക്കൊണ്ട വിധത്തെ മാറ്റിമറിക്കുന്നതായിരുന്നു. അതും കൂടെ ഒരു കാരണമാവാം കുറേനേരം ചിന്തിപ്പിച്ചതിന്. എന്നാൽ അത് മാത്രമല്ല താനും.
സംഘർഷ ഘടന - The Art of Warfare | PHOTO: WIKI COMMONS
BC നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ചൈനീസ് മിലട്ടറി ജനറലോ ഫിലോസഫറോ ഒക്കെയാവാം എന്ന് കരുതപ്പെടുന്ന എഴുത്തുകാരൻ സുങ് ത്സുവിന്റെ ‘ദി ആർട്ട് ഓഫ് വാർ’(Sun Tzu’s The Art of War) എന്ന പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ‘സംഘർഷ ഘടന’ എന്ന ചിത്രം കൃഷാന്ദ് ഒരുക്കിയിരിക്കുന്നത്. യുദ്ധത്തിലും മറ്റും ഉപയോഗിക്കേണ്ട സ്ട്രാറ്റജികളെക്കുറിച്ചും തന്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകമാണിത്. ലോകത്താകെ മിലിറ്ററി ടാക്റ്റിക്സ്നും മറ്റും, അവ രൂപീകരിക്കാനും മനസിലാക്കാനും ആശ്രയിക്കപ്പെട്ട കൃതിയാണ് ‘ദി ആർട്ട് ഓഫ് വാർ’. പുസ്തകത്തിലെ വരികൾ വോയ്സ് ഓവറായി സിനിമയിൽ ഉടനീളം സന്ദർഭത്തിനനുസരിച്ച് വരുന്നുണ്ട്. മാത്രമല്ല ലോകത്ത് നടന്ന പല യുദ്ധങ്ങളും, നെപ്പോളിയന്റെ യുദ്ധങ്ങൾ, ലോക മഹായുദ്ധങ്ങൾ, സിറിയയിലെ യുദ്ധം തുടങ്ങി - അതിൽ ഉപയോഗപ്പെടുത്തിയ സ്ട്രാറ്റജികളും - ഏറ്റവും ഒടുവിൽ ഇസ്രായേൽ-പലസ്തീൻ യുദ്ധം(വംശഹത്യ) വരെ സാഹചര്യത്തിനനുസരിച്ച് കൃഷാന്ദ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു, ഉദാഹരണങ്ങൾ പോലെ, ചിലപ്പോൾ ഒരു വിശദീകരണം പോലെ. ഇവയിലെല്ലാം കടന്നു വരുന്ന ചോദ്യങ്ങളും, ഉത്തരങ്ങളും; അതിനൊപ്പം തന്നെ, ആത്യന്തികമായി യുദ്ധത്തിൽ ആര് ജയിക്കുന്നു എന്നും നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.
കൊച്ചിയെ കേന്ദ്രീകരിച്ചുള്ള ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് ‘സംഘർഷ ഘടന’. വളരെ മികച്ച വിഷ്വലുകളും പുരാതന ചൈനീസ് സംഗീതത്തിന് ഒരു ode എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള സംഗീതവും പെട്ടെന്ന് തന്നെ സിനിമയെ interesting ആക്കുന്നു. എന്നിരുന്നാലും കഥയിലേക്ക് ഹുക്ക്(hook) ആവാൻ കുറച്ച് സമയം വേണ്ടി വന്നു. മാത്രമല്ല തുടർച്ചായ ഇംഗ്ലീഷ് വോയ്സ് ഓവർ ഇടയ്ക്ക് മടുപ്പുളവാക്കുന്നതായിരുന്നു. കൃഷാന്ദിന്റെ സിനിമയിൽ സ്ഥിരമായി കാണാവുന്ന ഹ്യൂമർ ‘സംഘർഷ ഘടന’യിലും വേണ്ടുവോളം ഉണ്ട്. തുടക്കത്തിൽ തന്നെ വയലന്റായ ഒരു ക്രൈം കാണിച്ച് കൊണ്ട് തുടങ്ങുന്ന സിനിമ, പിന്നീട് ഹ്യൂമർ അടങ്ങിയ ഡ്രാമയായും, പ്രധാന കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെയും സഞ്ചരിക്കുന്നു. ‘എന്ത് കൊണ്ടാണ്’ എന്ന ചോദ്യം സിനിമയിലുടനീളം ഉള്ളതും പ്രേക്ഷകനെ ക്യൂരിയസ് ആക്കി നിലനിർത്തുന്നു.
സംഘർഷ ഘടന - The Art of Warfare, പോസ്റ്റർ | PHOTO: WIKI COMMONS
ഗ്യാങ്സ്റ്ററുകൾ ഓവർ ദി ടോപ്പ് ആവാതെ സിനിമയിൽ ഉടനീളം ഗ്രൗണ്ടഡ്(grounded) ആയി നിലനിന്നത് സിനിമയ്ക്ക് ഒരു ഫ്രഷ് അനുഭവം നൽകുന്നുണ്ടായിരുന്നു. പോലീസ് അന്വേഷണവും, ചോദ്യം ചെയ്യലുകളിലെ തമാശകളുമെല്ലാം ആസ്വാദ്യമായിരുന്നു. ഗുണ്ടാ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കൃഷിയും മറ്റുമായി ജീവിതം തുടരുന്ന, സ്റ്റോയ്ക്ക്(Stoic) ആയിട്ടുള്ള ‘കൊടമഴ സുനി’ എന്ന കഥാപാത്രം വളരെ രസകരമായിരുന്നു. പ്രത്യേകിച്ച് ഒരു കഥാപാത്രം, ‘സുനി ഒരു പാമ്പാണ്, അണലി’ എന്നൊക്കെ പഴയകാലത്തെ സുനിയെക്കുറിച്ച് പറയുമ്പോൾ അയാൾ തന്നെയാണോ നമ്മൾ ഈ സ്ക്രീനിൽ കാണുന്ന ആൾ എന്ന് ചിലപ്പോൾ പെരുമാറ്റം കൊണ്ട് തോന്നിയേക്കാം, കാഴ്ചയിൽ അങ്ങനെ സംശയിക്കാൻ ഇടവരുന്നില്ലെങ്കിലും. കൂടാതെ മൃദുല മുരളി അവതരിപ്പിച്ച ‘സുധ’ എന്ന പോലീസ് ഓഫീസർ കഥാപാത്രം, കൺവെൻഷനൽ വനിതാ സീനിയർ പോലീസ് ഓഫീസർ ആയുള്ള പ്രകടനങ്ങളിൽ നിന്നും മാറി, സോഫ്റ്റ് ആയിട്ടുള്ള, കീഴുദ്യോഗസ്ഥർക്ക് സപ്പോർട്ടും സഹായങ്ങളും നൽകുന്ന, കഥാപാത്രമായതും കഥാപാത്ര നിർമിതിയിലെ ഒരു പുതുമയായി അനുഭവപ്പെട്ടു. ‘To your face’ എന്ന് പറയുന്ന പോലെ, മുഖത്തടിച്ച പോലെയോ, അടിച്ചേൽപ്പിക്കാതെയോ, കുത്തിത്തിരുകിയ പോലെ അനുഭവിപ്പിക്കാതെ വളരെ നാച്ചുറലായി, ഓർഗാനിക് ആയിട്ടുള്ള ഇത്തരം ചില പൊളിച്ചെഴുത്തുകൾ, കഥാപാത്ര നിർമിതികൾ വളരെ ആസ്വാദ്യകരമാണ്.
സിനിമയിലെ മികച്ച പല പ്രകടനങ്ങളിൽ, എടുത്ത് പറയേണ്ട പ്രകടനങ്ങൾ കാഴ്ചവച്ചത് സുനിയായി അഭിനയിച്ച സനൂപ് പടവീടൻ, കൂടാതെ മൃദുല മുരളി, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, മനോജ് കാന എന്നിവർക്കൊപ്പം വിഷ്ണു അഗസ്ത്യയുമാണ്. ആർഡിഎക്സ് എന്ന ചിത്രത്തിലെ സമാനമായ ഭാവങ്ങളൊക്കെ ആയിരുന്നു വിഷ്ണു അഗസ്ത്യയുടേതെങ്കിലും ക്ലൈമാക്സിനോടടുത്ത് ഇമോഷണലി പെർഫോമൻസ് ചെയ്യാനുള്ള സ്കോപ്പ് ഉണ്ടാവുകയും, അത് വളരെ മികച്ച രീതിയിൽ, വിഷ്ണു അഗസ്ത്യ പ്രകടിപ്പിക്കുകയും ചെയ്തു.
വിഷ്ണു അഗസ്ത്യ 'സംഘർഷ ഘടന'യിൽ | PHOTO: IMDB
പ്രശസ്ത ഹോങ് കോങ് സംവിധായകനായ വോങ് കാർ-വായിയെയും ‘സംഘർഷ ഘടന’ ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമയായ ‘Fallen Angels’ലും മറ്റും കണ്ടിട്ടുള്ള ചില ഷോട്ടുകൾ ‘സംഘർഷ ഘടന’യിൽ കണ്ടതും, നിയോൺ ലൈറ്റുകളും, കളർ ടോണുകളും മറ്റും ഈ ചിത്രം വോങ് കാർ-വായിക്കുള്ള ഒരു ഹോമേജ്(Homage) ആണെന്നും തോന്നിപ്പിച്ചു. മാത്രമല്ല ഹോം അപ്ലയൻസ് കടയിലെ ടിവികളിൽ വാർത്ത കാണുമ്പോൾ മറ്റൊരു ടിവിയിൽ വോങ് കാർ-വായിയുടെ ‘In The Mood For Love’ലെ രംഗങ്ങളും കാണിക്കുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ മുൻപ് മെൻഷൻ ചെയ്ത പുരാതന, പരമ്പരാഗതമായ ചൈനീസ് സംഗീതവും സിനിമയ്ക്ക് ഒരു ഫ്രെഷ്നെസ് നൽകുന്നു. ആ സംഗീതമാവട്ടെ സിനിമയുടെ ഡ്രാമ, ചില സമയം ത്രില്ലെർ സ്വഭാവത്തിനൊപ്പം ഇഴുകി ചേരുകയും, മാത്രമല്ല ഒരു ഇമിറ്റേഷനോ മറ്റോ ആയി തീരെ അനുഭവപ്പെട്ടതുമില്ല. രാജേഷ് നരോത്ത് ആണ് സിനിമയ്ക്കായി സംഗീതം നിർവഹിച്ചിരിക്കുന്നത്.
29ആം IFFKയിൽ പ്രീമിയർ ചെയ്തതിന് ശേഷം വളരെ ചുരുക്കം ചില തിയേറ്ററുകളിൽ മാത്രമാണ് ‘സംഘർഷ ഘടന’ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ റിലീസിന് ശേഷം തിയേറ്ററിൽ നിന്നും സിനിമ കണ്ടിറങ്ങിയതും സിനിമയുടെ പ്രൊഡ്യൂസർ കൂടെയായ ‘കൃഷാന്ദ് ഫിലിംസി’ന്റെ വക സിനിമ കണ്ട എല്ലാ പ്രേക്ഷകർക്കും ഒരു കാർഡ് വിതരണം ചെയ്യുന്നുണ്ടായിരുന്നു. ‘സിനിമ കണ്ടതിന് നന്ദി എന്നായിരുന്നു’ ആ കാർഡിൽ ഉണ്ടായിരുന്നത്. ആ കാർഡിൽ ഒരു വാചകം കൂടെയുണ്ടായിരുന്നു, ‘He who wishes to fight must first count the cost’ എന്നായിരുന്നു അത്. സിനിമയെ സംബന്ധിച്ചും, ജീവിതത്തെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണത്. എന്ത് വിലയാണ് ഫൈറ്റ്/സംഘർഷം തുടരാൻ, അല്ലെങ്കിൽ ഫൈറ്റ്/സംഘർഷം തുടങ്ങുന്നതിന് മുൻപ് നമ്മൾ നൽകേണ്ടത്? അതിനെക്കുറിച്ച് ആലോചിച്ചിട്ടാണോ നമ്മൾ ഫൈറ്റിന്/സംഘർഷങ്ങൾക്ക് ഇറങ്ങി പുറപ്പെടുന്നത്? ഇത് തന്നെയാണ് ദൈനംദിന ജീവിതത്തിലും, ഇന്നോളം ലോകം കണ്ട പല യുദ്ധങ്ങളിലും, ഇപ്പോഴത്തെ ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിലും(വംശഹത്യ) അടക്കം നമ്മളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്. The cost of war. അതിനൊപ്പം തന്നെ spoils of war!
വോങ് കാർ-വായിയുടെ 'Fallen Angels' | PHOTO: WIKI COMMONS
ആരാണ് ഒരു സംഘർഷം/യുദ്ധം ജയിക്കുന്നത്? സിനിമയിലെ തന്നെ ഒരു കഥാപാത്രം പറയുന്നുണ്ട്, ആരും വിജയികളല്ലെന്ന്. എങ്കിലും യുദ്ധങ്ങൾ തുടരുന്നു. അവരവർക്ക് വേണ്ടിയല്ലാതെ ചില ആളുകളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ബലി കൊടുക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. അങ്ങനെയും ‘സംഘർഷ ഘടന’ നമ്മളെ ചിന്തിപ്പിക്കുന്നു. അത്തരത്തിൽ ഇത് ഒരു പൊളിറ്റിക്കൽ സിനിമ കൂടെയാവുന്നു. ‘പെർഫെക്ട്’ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും, മികച്ച ഒരു അനുഭവം സമ്മാനിച്ച, ഒരു ഗ്ലോബൽ അപ്പീൽ ഉള്ള, ഗ്ലോബലായിട്ടുള്ള പല വിഷയങ്ങൾ/ആശയങ്ങൾ കൈകാര്യം ചെയ്യുന്ന ‘സംഘർഷ ഘടന - The Art of Warfare’, കഴിയുമെങ്കിൽ തിയേറ്ററിൽ നിന്നും തന്നെ കാണേണ്ട, പിന്നീട് ഓടിടിയിൽ ഇറങ്ങുമ്പോൾ തീർച്ചയായും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമയാണ്.


