ലാപതാ ലേഡീസ്: ഒതുങ്ങിക്കഴിയേണ്ടവള്‍ പുറത്ത് കടക്കുമ്പോള്‍
ട്രെയിനില്‍ വെച്ച് വിലപിടിപ്പുള്ളതും അല്ലാത്തതുമായ പലതും നഷ്ടപ്പെടുക സര്‍വ സാധാരണമാണ്. എങ്കിലും, നഷ്ടപ്പെടുന്നത് പ്രതിശ്രുത വരന്റെ പുതുമണവാട്ടിയാണെങ്കിലോ? കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടാകും. ഇതാണ് 'ലാപതാ ലേഡീസ്' എന്ന ചിത്രം. ഒരുപിടി സാമൂഹിക പ്രശ്‌നങ്ങളെ വളരെ സരളമായ രീതിയില്‍ ഭംഗിയായി അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ഡയറക്ടര്‍ 'കിരണ്‍ റാവു'. ഭര്‍ത്താവായ ആമിര്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ആമിര്‍ ഖാന്‍ പ്രൊഡക്ഷനിലൂടെയാണ് ചിത്രം പുറത്തുവന്നിട്ടുള്ളത്. രണ്ടുമാസം മുമ്പ് തിയേറ്ററുകളിലെത്തിയ ചിത്രം നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെയാണ് കൂടുതല്‍ പ്രചാരം നേടിയത്.
ഫെമിനിസം
ഘൂംഘട്, ദുപ്പട്ട, നിക്കാബ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഇന്ത്യയുടെ പല ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വസ്ത്രധാരണ രീതിയെ ചിത്രം വിമര്‍ശനാത്മകമായി നോക്കിക്കാണുന്നു. അതോടൊപ്പം, ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനവും ആവശ്യപ്പെടുന്നു. സ്ത്രീ പുരുഷനെ മുഖമുയര്‍ത്തി നോക്കാവുന്നതല്ല, ഭര്‍ത്താവിനെ പേര് വിളിക്കാവുന്നതല്ല, പുരുഷന്റെ തീരുമാനത്തിന് വഴങ്ങിക്കഴിയണം തുടങ്ങിയ പുരുഷാധിപത്യത്തിന്റെ വക്രമായ സാമൂഹിക സ്ഥിതിയെ പാടെ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നുമുണ്ട്. ആദ്യമായി ശമ്പളം ലഭിക്കുന്ന സ്ത്രീയുടെ നിര്‍വൃതിയും ഉന്നത പഠനത്തിന് ദൂരസ്ഥലങ്ങളില്‍ എത്താനുള്ള സ്ത്രീയുടെ വ്യഗ്രതയുമെല്ലാം ചിത്രം ഒപ്പിയെടുക്കുന്നു.
REPRESENTATIVE IMAGE | WIKI COMMONS
പലപ്പോഴും സാഹിത്യങ്ങളിലും സിനിമ പോലുള്ള കലാരൂപങ്ങളിലും 'ഫെമിനിസം' കടന്നുവരുമ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. പുരുഷനെ വിഷം ചീറ്റുന്ന സര്‍പ്പമായി ചിത്രീകരിക്കുന്നതാണ് അതിന് കാരണം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീ ശാക്തീകരണത്തെ വളരെ ലളിതമായി അവതരിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. അതിന് പുറമേ, നിര്‍ബന്ധിത വിവാഹം, സ്ത്രീധനം, കൈക്കൂലി തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെയും ഇത് വിരല്‍ചൂണ്ടുന്നുണ്ട്.
സിനിമയുടെ വിജയം
വമ്പന്‍ താരങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളോ ഇല്ലാതെ രണ്ടായിരങ്ങളിലെ നാട്ടിന്‍പുറങ്ങളും നാട്ടുജീവിതവും ചിത്രീകരിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളായിരുന്നിട്ടും അസാധാരണമായ അഭിനയ മികവ് ചിത്രത്തിലുടനീളം അനുഭവപ്പെടും. പോലീസ് റോളിലെത്തുന്ന രവി കിഷന്‍ തന്റെ ഇരുമുഖാഭിനയം കൊണ്ട് അമ്പരപ്പിക്കുമെന്നുറപ്പ്. നിഷ്‌കളങ്കമായി പ്രണയിക്കുന്ന ഫൂലും (നിതാന്‍ഷി ഗോയല്‍) ഭര്‍ത്താവ് ദീപകും (സ്പര്‍ശ് ശ്രീവാസ്തവ) മനം കുളിര്‍പ്പിക്കും. കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പാട് പെടുന്ന ജയ (പ്രതിഭാ പാട്ടീല്‍) ഗ്രാമീണ സ്ത്രീ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപിടി പ്രതീക്ഷകള്‍ ബാക്കി വെച്ചുകൊണ്ടാണ് സ്‌ക്രീനില്‍ നിന്ന് മറയുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഗ്രാമീണമായ കഥ പറച്ചിലുകളില്‍ കണ്ടുവരാറുള്ള അനാവശ്യമായ കഥാപാത്രങ്ങളോ അസ്ഥാനത്തുള്ള ഡയലോഗുകളോ കുത്തിനിറച്ച് ചിത്രം വികൃതമാക്കിയിട്ടില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഹാസ്യവും നര്‍മവുമെല്ലാം ആവശ്യമായ രീതിയില്‍ മാത്രം കലര്‍ത്തുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. രണ്ടായിരങ്ങളിലെ ഗ്രാമവും ഗ്രാമീണ ജീവിതവും അന്നത്തെ റെയില്‍ പോലീസ് സാങ്കേതിക സംവിധാനങ്ങളും എല്ലാം അതുപോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നതിനാല്‍ ചിത്രം പലര്‍ക്കും ഒരു നൊസ്റ്റാള്‍ജിക് അനുഭവം നല്‍കുന്നുണ്ട്.
പ്രതീക്ഷ
സാമൂഹിക പ്രശ്‌നങ്ങളെ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ മതമോ രാഷ്ട്രീയമോ കലര്‍ത്തി കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ് കാലമിതുവരെയും നമ്മള്‍ കണ്ടിട്ടുള്ളത്. എന്നാല്‍, രാജ്യത്തെ പ്രശ്‌നങ്ങള്‍ ഏതെങ്കിലും മതമോ ആശയമോ മൂലം ഉണ്ടാകുന്നതല്ല എന്ന പ്രാഥമികമായ സന്ദേശമാണ് ലാപതാ ലേഡീസ് എന്ന ചിത്രം സമൂഹത്തിന് നല്‍കുന്നത്. മാത്രമല്ല, കുഞ്ഞുബാല്യങ്ങള്‍ മുതല്‍ പ്രായമെത്തിയവര്‍ക്ക് വരെ ഒരുപോലെ മനസ്സിലാക്കാവുന്നതും ആനന്ദദായകവുമാണിത്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിക്ക് അത്യാവശ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങള്‍പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമുണ്ട്. ഒരുവശത്ത് കലയും വിനോദവും കൊണ്ട് സമൂഹത്തെ നീചതയിലേക്ക് കൂപ്പുകുത്തിക്കുന്നവര്‍ അടക്കി വാഴുമ്പോള്‍ മറുഭാഗത്ത് ഇത്തരം നന്മകള്‍ കൈയ്യടി നേടുന്നു എന്നത് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഒപ്പം നമ്മുടെ ഭാവിയെക്കുറിച്ചുള്ള ചില പ്രത്യാശകളും...