
എമ്പുരാനും മിത്തുകളും യാഥാസ്ഥിതികരായ പ്രേക്ഷകരും
പൃഥ്വിരാജ് സംവിധാനം ചെയ്ത 2019ൽ ഇറങ്ങിയ മലയാളം സിനിമയായിരുന്നു ലൂസിഫർ. ആ സിനിമയുടെ രണ്ടാം ഭാഗം എമ്പുരാൻ റിലീസായത് മുതൽ സിനിമയുടെ സംവിധായകനായ പൃഥ്വിരാജിനും, മോഹൻലാലിനും അടക്കം സിനിമപ്രവർത്തകർക്ക് നേരെ സംഘപരിവാർ സംഘടനകളുടെ ഭാഗത്ത് നിന്നും രൂക്ഷമായ സൈബർ ആക്രമണങ്ങൾ ഉണ്ടായി. തുടർന്ന് മോഹൻലാൽ ക്ഷമാപണം നടത്തി. പിന്നീട് സിനിമയിൽ നിന്ന് 24ഓളം സീനുകൾ വെട്ടിമാറ്റുകയും പുതിയ പതിപ്പ് ഇറങ്ങുകയും ചെയ്തു.
ഗുജറാത്തിലെ ഗോധ്രയിൽ 2002ൽ ട്രെയിനിലുണ്ടായ തീപിടിത്തവും, അതിനെത്തുടർന്ന് നടന്ന ഗുജറാത്ത് മുസ്ലിം വംശഹത്യയും ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന വിധത്തിൽ ചിത്രീകരിച്ചു എന്നാണ് സിനിമക്കെതിരെയുള്ള പ്രചാരണങ്ങളിൽ ചിലത്. ഗോധ്ര ട്രെയിൻ അപകടം വേണ്ട വിധം ചിത്രീകരിച്ചില്ലെന്നും എന്നാൽ മുസ്ലിം വംശഹത്യ ചിത്രീകരിച്ചെന്നുമാണ് വാദം. തന്റെ മുൻചിത്രങ്ങളിലെ സംഘപരിവാർ വിമർശനത്തിന്റെ പേരിൽ സംവിധായകൻ പൃഥ്വിരാജിനെതിരെ സംഘപരിവാർ ദേശവിരുദ്ധ പ്രവർത്തനങ്ങളും തീവ്രവാദബന്ധവും ആരോപിച്ചുകൊണ്ടിരിക്കുന്നു. സിനിമ വീണ്ടും എഡിറ്റ് ചെയ്യും എന്ന വാർത്ത പടർന്നതിനെ തുടർന്ന് സിനിമ കാണുവാൻ വലിയ രീതിയിൽ തള്ളിക്കയറ്റവുമുണ്ടായി.
സിനിമ സാങ്കേതികമായി മികച്ചു നിൽക്കുമ്പോഴും സൗന്ദര്യാത്മകമായി പിടിച്ചു നിർത്തുന്ന ഒന്നല്ല. ഒരുപാട് കഥാഗതികൾ സമന്വയിപ്പിക്കുന്നതിന്റെ പരിമിതി സിനിമയെ ആസ്വാദ്യകരമായി അനുഭവപ്പെടുത്തുന്നതിൽ പിന്നോട്ടടിപ്പിച്ചു. കഥയുടെ ഗതിയെ നിർണയിക്കുന്നതിൽ പ്രധാനകഥാപാത്രത്തിന്റെ അനുഭവങ്ങൾ, അറിവുകൾ, ഇടപെടലുകൾ എന്നിവ വളരെ പരിമിതമായിരുന്നു. പ്രധാന കഥാപാത്രത്തിന് മുന്നിൽ പ്രതിബന്ധങ്ങൾ ഇല്ലാതിരുന്നത് കാണികളെ വൈകാരികമായി പിടിച്ചിനിർത്തുന്നതിൽ സിനിമയുടെ കഥ പരാജയപ്പെട്ടു. രണ്ടാമത്തെ പകുതിയിൽ പലപ്പോഴും സംഗീതം സിനിമയുടെ ആസ്വാദനത്തിന് മാറ്റുകൂട്ടുന്നതായില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഇത്തരം ഘടകങ്ങൾ നിലനിൽക്കുമ്പോഴും സിനിമ വലിയ തോതിൽ ചർച്ചയാവുകയും വലിയ കളക്ഷൻ നേടുകയും ചെയ്തു. ഗോധ്ര സംഭവവും അതിനെക്കുറിച്ചുള്ള സംശയങ്ങളും ഗുജറാത്തിൽ നടന്ന മുസ്ലിം കൂട്ടക്കുരുതിയും ചർച്ചയാവുകയും, ബാബു ബജ്‌രംഗിയെപോലെയുള്ള ഹിന്ദുത്വ തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങൾ, ചർച്ചകൾ എന്നിവ കേരളത്തിൽ വീണ്ടും ഉയർന്നുവരികയും ചെയ്തു. സംഘപരിവാറിനെ വിമർശനാത്മകമായ രീതീയിൽ തന്നെയായിരുന്നു സിനിമ സമീപിച്ചത് എന്നതിൽ തർക്കമില്ല. മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി സമൂഹത്തിലെ മതേതരത്വത്തിനും സാഹോദര്യത്തിനും സംഘപരിവാർ എതിരാണെന്നും കഥാഘടന അനുഭവപ്പെടുത്തി. ആദ്യപകുതിയിൽ ഗുജറാത്ത് മുസ്ലിം വംശഹത്യ ചിത്രീകരിക്കുന്ന സന്ദർഭത്തിൽ ഹിന്ദുത്വ ഭീകരതയുടെ ആഴം പ്രേക്ഷകന് അനുഭവപ്പെടുത്തുന്നതിൽ സംഗീതവും കഥയുടെ ഒഴുക്കും ഉൾപ്പടെ സിനിമ വിജയിച്ചു.
കഥയുടെ ഉള്ളടക്കവും കാണികളുടെ പെരുമാറ്റവും
സിനിമയുടെ ഉള്ളടക്കം, അതിന്റെ കഥാഘടന ഉൾക്കൊള്ളൂന്ന അർഥങ്ങൾ, ധർമ്മബോധങ്ങൾ, അവ ഉല്പാദിപ്പിക്കുന്ന സമൂഹത്തിലെ അധികാരബന്ധങ്ങൾ എന്നിവയെല്ലാം പ്രേക്ഷകനെ സ്വാധീനിക്കുന്നുണ്ട്. സമൂഹത്തിൽ പ്രബലമായ അധികാര ബലാബലങ്ങൾക്കും സങ്കല്പങ്ങൾക്കും കീഴ്‌പെട്ടുകൊണ്ടാണ് മിക്കവാറും സിനിമകൾ കേരളത്തിലും എഴുതപ്പെട്ടത്. അവ മിക്കവാറും സമൂഹത്തിലെ ബ്രാഹ്മണിക് അധികാര ഘടനയുടെ അനുഭവങ്ങളും അറിവുകളും സങ്കല്പങ്ങളും പുനരുല്പാദിപ്പിക്കുന്നവ ആയിരുന്നു. പ്രേക്ഷകർക്ക് എളുപ്പത്തിൽ കഥയുമായി ആഴത്തിൽ അലിഞ്ഞു ചേരുവാൻ ഇത് കാരണമായി. അത് വലിയ കൂട്ടം പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്തിരുന്നു.
അധികാര ക്രമങ്ങൾ
കുറച്ചുകൂടി വ്യക്തമാക്കിയാൽ ഇത്തരം സിനിമകളുടെ കഥയുടെ പൊതുസവിശേഷത സ്വയം തീരുമാനങ്ങൾ എടുത്തു നടപ്പാക്കാനുള്ള അധികാരം ഒരു പ്രത്യേക തരം കഥാപാത്രങ്ങളിൽ മാത്രം നിക്ഷിപ്തമാകും എന്നതാണ്. ഇത് എപ്പോഴും സവർണ പുരുഷ കഥാപാത്രങ്ങൾക്ക് മാത്രം ലഭ്യമാകുന്ന ഒന്നാണ്. അതായത് അത് നായകനാകട്ടെ വില്ലനാകട്ടെ, നമ്മുടെ സമൂഹത്തിൽ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ കഴിയുന്നത് എപ്പോഴും സവർണർക്കായിരിക്കുമെന്ന സങ്കൽപ്പം സിനിമകളുടെ കഥാഘടനകളിൽ പ്രധാനമാണ്. ഹിന്ദുമതത്തിലെ സാമൂഹിക ക്രമത്തിന്റെ കീഴ്ത്തട്ടുകളിൽ വരുന്നവർ, മുസ്ലിങ്ങൾ, സ്ത്രീകൾ, മറ്റു ലിംഗവിഭാഗങ്ങൾ എന്നിവർ കഥാഘടനയിൽ മിക്കപ്പോഴും മുൻപ് സൂചിപ്പിച്ച കഥാപാത്രത്തിനെ ആശ്രയിച്ചു ജീവിക്കുന്നവരോ കഥാഘടനയിൽ കൊഴിഞ്ഞുപോകാൻ സാധ്യതയുള്ളവരോ ആയിരിക്കും. ഇനി അഥവാ ഇത്തരം പ്രധാന കഥാപാത്രങ്ങൾ ഉണ്ടെങ്കിൽ തന്നെ പലപ്പോഴും മുൻപ് സൂചിപ്പിച്ച അധികാരമുള്ള മറ്റൊരു കഥാപാത്രത്തിന്റെ മുഴുവൻ അതിക്രമവും ഏറ്റുവാങ്ങുന്ന ഇരകളായിട്ടായിരിക്കും കഥകൾ രൂപപ്പെടുക. ഈ അധികാരക്രമത്തോടൊപ്പം നന്മയുടെ ഒരു ക്രമവും ഈ കഥാഘടനയെ നിർണയിക്കും.ഗോധ്ര സംഭവം | PHOTO: WIKI COMMONS
നന്മയുടെയും തിന്മയുടെയും ക്രമം
ഇത്തരം കഥകളുടെ മറ്റൊരു സവിശേഷത നന്മ, തിന്മ എന്നീ സങ്കല്പങ്ങളുടെ സാമൂഹിക ക്രമമാണ്. നന്മ, തിന്മ എന്ന ദ്വന്ദങ്ങൾ മുൻപ് സൂചിപ്പിച്ച അധികാരത്തിന്റെ ബന്ധങ്ങളിലാണ് ഇന്ത്യൻ സിനിമകളുടെ കഥകളിൽ രൂപപ്പെടുന്നത്. കഥാഗതിയിൽ സവർണരുടെ തീരുമാനങ്ങൾ എന്ത് തന്നെയായാലും അതിന് സാധൂകരണം ഉണ്ടാകുകയും നന്മ, തിന്മ എന്ന ദ്വന്ദങ്ങൾ അത്തരം കഥാപാത്രങ്ങളെ ബാധിക്കാതിരിക്കുകയും ചെയ്യും. കഥാപാത്രങ്ങൾ സവർണരല്ലാതെ അധികാരപ്രയോഗം നടത്താൻ കഴിയുന്ന കീഴാളർ ആണെങ്കിൽ തിന്മയും പൈശാചികതയും അവരിൽ ആരോപിക്കപ്പെടുകയും ചെയ്യും. ഒരേ സമയം അധികാരരാഹിത്യത്തിന്റെയും പൈശാചികതയുടെയും ദ്വന്ദങ്ങളിലായിരിക്കും കീഴാള കഥാപാത്രങ്ങൾ മാറി മറിയുക. ഈ മാതൃകകൾ ഇന്ത്യൻ സിനിമകളുടെ കഥാഘടനകളിൽ ശക്തമായ സാന്നിധ്യമാണ്. ഇത് വരുന്നത് സിനിമകളുടെ കഥാഘടന ഇന്ത്യയിലെ ഹിന്ദു മിത്തുകളുടെ തുടർച്ചയിലാണ് എന്നതുകൊണ്ടാണ്.
ഇന്ത്യൻ സിനിമ മിത്തുകളുടെ കഥാഘടനകളുടെ തുടർച്ച
ഹിന്ദു മിത്തുകളിൽ കീഴാളർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് മുഴുവൻ കഥാഘടനയിൽ സാധൂകരണം ഉണ്ടാകുകയും കീഴാളരെ പൈശാചികരായി നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റ തുടർച്ച തന്നെയാണ് ഇന്ത്യൻ സിനിമകളിലും സിനിമാ കഥാസങ്കല്പങ്ങളിലും പുനരുല്പാദിപ്പിക്കപ്പെടുന്നത്. ഹിന്ദു മിത്തുകളിൽ മഹാഭാരതമായാലും രാമായണമായാലും കീഴാള കഥാപാത്രങ്ങളുടെ വിദ്യാഭ്യാസവും, അധികാരവും നേടാനുള്ള നിരന്തരമായ മത്സരങ്ങളെ നശിപ്പിക്കുന്ന ശക്തനായ കഥാപാത്രങ്ങളായിട്ടാണ് നായക സ്വരൂപങ്ങൾ രൂപപ്പെടുന്നത്. നന്മ തിന്മകൾ ഹിന്ദു മിത്തുകളിലെ ദൈവങ്ങളെയും സവർണരെയും ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല. കീഴാള, സ്ത്രീ, മുസ്ലിം കഥാപാത്രങ്ങളെ അടിച്ചമർത്തുന്ന, അപമാനിക്കുന്ന നായകന്മാർക്ക് കാണികളുടെ ഇടയിൽ നിന്നും ലഭിച്ചിരുന്ന വലിയ സ്വീകാര്യത ഇത്തരത്തിൽ പരിശോധിക്കപ്പെടേണ്ടതാണ്.
ചില ഉദാഹരണങ്ങൾ മനസിലാക്കാൻ തൂവാനത്തുമ്പികൾ, ദേവാസുരം, ദി കിംഗ് എന്നീ സിനിമകൾ സൂചിപ്പിക്കേണ്ടി വരും. തൂവാനത്തുമ്പികൾ എന്ന സിനിമയിൽ മോഹൻലാൽ വലിയ ഭൂവുടമയാണ്. ജഗതി അവതരിപ്പിക്കുന്ന കഥാപാത്രം കുടികിടപ്പുകാരനായിട്ടാണ് ആ സിനിമയിൽ ചിത്രീകരിക്കുന്നത്. ആ കഥാപാത്രഘടന തന്നെ വളരെ മടിയനായ, മോശക്കാരനായ ഒന്നായിട്ടാണ് അടയാളപ്പെടുത്തുന്നത്. പണം കൊടുത്ത് സ്ത്രീകളുടെ ശരീരത്തെ ഉപയോഗിക്കുന്ന മോഹൻലാലിൻറെ നായക കഥാപാത്രം വളരെ നന്മ നിറഞ്ഞ ഒന്നായും പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു. ആ സിനിമയിലെ കഥാപാത്രത്തിന്റെ ഫാന്റസികളെ അക്കാലത്ത് കാല്പനികവത്കരിച്ചിരുന്നു.
തൂവാനത്തുമ്പികൾ എന്ന സിനിമയിൽ നിന്നും | PHOTO: WIKI COMMONS
ദേവാസുരം എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രം തന്റെ ഭൂമി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്ന മുസ്ലിം അയൽക്കാരന്റെ കഥാപാത്രത്തെ അപമാനിക്കുന്ന രംഗം ആദ്യകാലത്തു വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരിന്നു. അയാളുടെ പാരമ്പര്യം ഓർമിപ്പിക്കുന്ന മോഹൻലാൽ കഥാപാത്രം മുൻപ് സൂചിപ്പിച്ച അർഥങ്ങൾ തന്നെയാണ് ഉല്പാദിപ്പിക്കുന്നത്. ദി കിംഗ് എന്ന സിനിമയിൽ മമ്മൂട്ടിയുടെ കളക്ടർ കഥാപാത്രം വാണി വിശ്വനാഥ് അവതരിപ്പിക്കുന്ന തന്റെ സഹപ്രവർത്തകയായ കഥാപാത്രത്തോട് നടത്തുന്ന “നീ വെറും പെണ്ണാണ്” എന്ന സംഭാഷണം ആദ്യ കാലങ്ങളിൽ വലിയ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. അതിന് കാരണം ഈ കഥാഘടനകൾ എപ്പോഴും സവർണ അനുഭവങ്ങളിൽ നിന്നുമോ അത്തരം ഭാവുകത്വങ്ങളിൽ നിന്നുമോ രൂപപ്പെട്ടിരുന്നവയായിരുന്നു എന്നാണ്.
എന്നാൽ ചരിത്ര തുടർച്ചയിൽ കീഴാളരും, സ്ത്രീകളും ലിംഗന്യൂനപക്ഷങ്ങളും നടത്തിയ സാഹിത്യ, സാംസ്‌കാരിക, സാമൂഹിക മുന്നേറ്റങ്ങളും അവരുടെ അനുഭവങ്ങളും സൗന്ദര്യാത്മകതയും സങ്കല്പങ്ങളും മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് ഈ കഥാഘടനകളിൽ വലിയ മാറ്റം ഉണ്ടാക്കി. കേരളത്തിൽ സർക്കാർ തലത്തിലും അല്ലാതെയും നടക്കുന്ന നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും ലോകമൊട്ടാകെയുള്ള ചലച്ചിത്ര അനുഭവങ്ങൾ കേരളത്തിലേക്ക് എത്തിച്ചു. കഥപറച്ചിൽ രീതികൾ പങ്കുവയ്ക്കപെട്ടു. അതിനെ സംബന്ധിച്ച പുത്തനറിവുകൾ മുഖ്യധാരയിലേക്ക് വന്നു. അത് പ്രേക്ഷകനെ മാറ്റി മറിച്ചു.
പ്രേക്ഷകർ കഥാഘടനയെ സ്വാധീനിക്കുമോ?
പ്രേക്ഷകർ ഒരേ സ്വഭാവ സവിശേഷതകൾ ഉള്ളവരാണോ? അവരുടെ പ്രതീക്ഷകൾക്ക്, സ്വപ്നങ്ങൾക്ക്, അനുഭവങ്ങൾക്ക് സമാനതകളുണ്ടോ? തീർച്ചയായും ഇല്ല. സിനിമകളുടെയും അവയ്ക്കുണ്ടായ സ്വീകാര്യതയുടെയും സിനിമകളെക്കുറിച്ചുള്ള ഓർമകളുടെയും പരിശോധനകൾ പ്രേക്ഷകരെക്കുറിച്ചുള്ള പഠനം കൂടിയാണ്. അവരെക്കുറിച്ചുള്ള പരിശോധന കൂടിയില്ലാതെ നിലവിൽ എമ്പുരാൻ എന്ന സിനിമയേക്കുറിച്ച് ചർച്ച ചെയ്യാനാകില്ല.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യൻ സിനിമകളിൽ പൊതുവിൽ ഉണ്ടായിരുന്ന കഥാഘടന ബ്രാഹ്മണിക ഘടനയെയും അതിന്റെ നീതി-സാന്മാർഗിക-സൗന്ദര്യാത്മക ബോധത്തെയും നിലനിർത്തിക്കൊണ്ടായിരുന്നു. അത് ഒരളവു വരെ കേരളത്തിൽ കയ്യടികളോടെ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇന്ത്യൻ മുഖ്യധാര സിനിമയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പുതിയ ചലനങ്ങൾ ഉടലെടുക്കുകയും, അതിന്റെതായ വൈവിധ്യങ്ങൾ നിറഞ്ഞ സൗന്ദര്യാത്മകതയും അനുഭവങ്ങളും നീതിബോധങ്ങളും പങ്കുവയ്ക്കപ്പെടാനും തുടങ്ങി. അത് അത്രകാലവും സിനിമാ കാഴ്ചകളിൽ സുഖമമായിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് അസ്വസ്ഥതയുണ്ടാക്കാൻ തുടങ്ങി. അക്കാലം വരെ നായകന്മാർ ചെയ്തുപോന്ന ഹിംസകളെ വളരെ സ്വാഭാവികമെന്ന് കരുതിയിരുന്ന മനുഷ്യർക്ക് മുന്നിൽ നീതിയുടെ പുതിയ അടരുകൾ സിനിമ വ്യവഹാരങ്ങളിൽ മുള പൊട്ടി വന്നത് അംഗീകരിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.
കുറച്ചുകൂടി വ്യക്തമായി സൂചിപ്പിച്ചത് യാഥാസ്ഥിതികരായ ഒരു കൂട്ടം പ്രേക്ഷകർക്ക് സിനിമകളിലെ പുതിയ കഥാഘടനകളും സൗന്ദര്യാത്മകതയും ഉൾക്കൊള്ളാനുള്ള പരിമിതികൾ ഏറെയായിരുന്നു. അതിന് കാരണം സിനിമകളിൽ രൂപപ്പെട്ട പുതിയ അടരുകൾ നിലനിന്നിരുന്ന അധികാര ഘടനകളെ തകിടം മറിച്ചു എന്നതാണ്. തീരുമാനം എടുത്ത് നടപ്പാക്കാൻ കഴിയുന്ന സവർണ പുരുഷൻ എന്ന ബ്രാഹ്മണിക കഥാഘടന പരിവർത്തനം ചെയ്യപ്പെടുകയും കേന്ദ്ര സ്ഥാനത്ത് കീഴാളരുടെ തീരുമാനങ്ങളും അവരുടെ അനുഭവങ്ങളും ഉയിർകൊള്ളുകയും ചെയ്തു.
ദളിതരുടെയും, സ്ത്രീകളുടെയും, ആദിവാസികളുടെയും, ലിംഗന്യൂനപക്ഷങ്ങളുടെയും, അവരുടെ പ്രതിനിധാനങ്ങളായ കഥാപാത്രങ്ങളും പ്രത്യക്ഷപെട്ടു. അത് അധികാരമില്ലായ്മയുടെയും പൈശാചികതയുടെയും ദ്വന്ദങ്ങളുടെ പുറത്തുള്ളവയായിരുന്നു. ഇത്തരം പ്രതിനിധാനങ്ങൾ ഉൾക്കൊള്ളുവാൻ വളരെ ന്യൂനപക്ഷം വരുന്ന ഒരു കൂട്ടം പ്രേക്ഷകർക്ക് സാധിച്ചിരുന്നില്ല. അവർ കുറച്ചധികം കാലമായി സിനിമകളിൽ ഇത്തരം നവധാരകളെ ടാർഗറ്റ് ചെയുന്നത് പതിവായിരുന്നു.
മാമന്നൻ എന്ന സിനിമയിൽ ഫഹദ് ഫാസിൽ | PHOTO: WIKI COMMONS
കൊച്ചി കേന്ദ്രീകൃതമായി മലയാള സിനിമയിൽ ഉയർന്നുവന്ന നവധാര സിനിമകളെ ഈ കൂട്ടം പ്രേക്ഷകർ പ്രകൃതി പടം എന്നാണ് അഭിസംബോധന ചെയ്തത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ഫഹദ് ഫാസിൽ അഭിനയിച്ച “ഷമ്മി” എന്ന വില്ലൻ കഥാപാത്രത്തെ മഹത്വവത്കരിച്ചുകൊണ്ട് പല ഓൺലൈൻ ഗ്രൂപ്പുകളിലും ഇത്തരം വിഭാഗങ്ങൾ ട്രോളുകൾ പങ്കുവച്ചിരുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്കെതിരെ രൂക്ഷമായ ആക്രമണങ്ങളാണ് ഈ വിഭാഗങ്ങളിൽ നിന്നും ഉണ്ടായത്. ആ സിനിമയിലും സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കുടുംബ നാഥന്റെ വില്ലൻ കഥാപാത്രത്തെ ന്യായീകരിക്കുന്ന വലിയ വിഭാഗം പ്രേക്ഷകരിൽ ഉണ്ടായിരുന്നു. പാ രഞ്ജിത്തിന്റേയും മാരി സെൽവരാജിന്റെയും സിനിമകളെ സൈബർ ആക്രമണം നടത്താൻ ഈ വിഭാഗം എന്നും മുന്നിൽ ഉണ്ടായിരുന്നു. അവസാനം മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നൻ എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിനെ മഹത്വവത്കരിക്കുന്ന അനേകം റീലുകളാണ് ഈ വിഭാഗം പ്രേക്ഷകർ പുറത്തുവിട്ടത്. മുൻകാലങ്ങളിലൊന്നും വില്ലന്മാരെയും അവരുടെ പ്രവർത്തികളെയും മഹത്വവത്കരിക്കുന്ന ഒരു സംഘങ്ങളും ഉണ്ടായിരുന്നില്ലെന്നും, വരേണ്യരായ പ്രതിനായകന്മാർ കീഴാള നായകന്മാർക്ക് എതിരെ ഉണ്ടായിരുന്നില്ലെന്നും കൂടി ഓർമ്മിക്കേണ്ടതുണ്ട്.
എമ്പുരാൻ എന്തുകൊണ്ട് യാഥാസ്ഥിതികരെ അസ്വസ്ഥപ്പെടുത്തുന്നു?
സിനിമകളിലെ ഈ നവധാര അസ്വസ്ഥപ്പെടുത്തുന്ന യാഥാസ്ഥിതികരായ പ്രേക്ഷകരുടെ ഏറ്റവും പുതിയ പരിണാമമാണ് എമ്പുരാൻ എന്ന സിനിമക്കെതിരെ നടക്കുന്നത്. സവർണ-പുരുഷ കഥാപാത്രത്തിന്റെ തീരുമാനങ്ങളിൽ കഥാഗതി വികസിക്കുകയും ദളിതരും ആദിവാസികളും മുസ്ലിങ്ങളും സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും അതിന് ചുറ്റും കൊഴിഞ്ഞു പോകാൻ സാധ്യത ഉള്ളവാരായി നിൽക്കുന്നു എന്നതാണ് ഇവർക്ക് ഉൾകൊള്ളാൻ കഴിയുന്ന പരമാവധി കഥാഘടന. അവരെ സംബന്ധിച്ച് കഥയിൽ കീഴാളർ അധികാരമില്ലായമകളിലൂടെയും നന്മ-തിന്മ ദ്വന്ദങ്ങളിലൂടെയും കടന്നുപോകണം.
യാഥാസ്ഥിതികർ അവരുടെ നിത്യജീവിതങ്ങളിൽ നിന്നും കുടുംബ-ബന്ധു പശ്ചാത്തലങ്ങളിൽ കീഴാളർ തീരുമാനം എടുക്കുന്നതിനെയും അത് നടപ്പാക്കുന്നതിനേയും വളരെ അസഹിഷ്ണുതയോടെ കാണുവാൻ ശീലിക്കപ്പെട്ടവരായിരിക്കും. മിത്തുകൾ ഭക്തി കഥകളായും, അമ്മൂമ്മ കഥകളായും ഇവരിലേക്ക് നിരന്തരമായി ഇത്തരം ബോധ്യങ്ങൾ നൽകിക്കൊണ്ടിരിക്കും. താൻ ജീവിക്കുന്ന സാമൂഹികക്രമത്തെക്കുറിച്ചും അത്തരം അനുഭവലോകമായിരിക്കും അവർ രൂപപ്പെടുത്തിയിട്ടുണ്ടാവുക. അതുകൊണ്ടാണ് കീഴാളരുടെ തീരുമാനങ്ങളും, സൗന്ദര്യാത്മകതയും, നീതി ബോധവും സിനിമകളിൽ കാണുമ്പോൾ ഈ യാഥാസ്ഥിതിക കൂട്ടങ്ങളിലുള്ള പ്രേക്ഷകർക്ക് അസ്വസ്ഥകൾ ഉണ്ടാകുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
കീഴാളരുടെ തീരുമാനങ്ങളിൽ കഥാഗതികൾ വികസിക്കുന്നത് ഇവരുടെ മിത്തുകളിലൂടെയും കുടുംബങ്ങളിലൂടെയും അടുത്ത സാമൂഹിക ചുറ്റുപാടുകളിലൂടെയും ഇവർ കണ്ടും അറിഞ്ഞും രൂപപ്പെടുത്തിയെടുത്ത അറിവുകൾക്ക് വിരുദ്ധമാണ്. അതിനെ അംഗീകരിക്കുവാൻ അവർക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് അവർ പുതിയ നവധാര സിനിമകളെ ആക്രമിക്കുകയും വില്ലൻ കഥാപാത്രങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്നത്. തീർച്ചയായും ഈ ആൾക്കൂട്ടം നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവരാണ്.
എമ്പുരാൻ എന്ന സിനിമയുടെ കഥ എന്തുകൊണ്ട് ഈ വിഭാഗം മനുഷ്യരെ ഇത്രമേൽ അസ്വസ്ഥപ്പെടുത്തുന്നു എന്ന് ചോദിച്ചാൽ അതിന് കാരണം പുതിയ സിനിമാകഥകൾ ഉല്പാദിപ്പിക്കുന്ന ഇത്തരം പുതിയ ഘടനാപരമായ അർത്ഥങ്ങളും സങ്കല്പങ്ങളും നന്മ-തിന്മകളും നീതിബോധങ്ങളുമാണ്.
ഈ യാഥാസ്ഥിതികരെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കകത്ത് മുസ്ലിം ജനവിഭാഗങ്ങൾ അധികാരം പ്രയോഗിക്കാൻ പാടില്ലാത്തവരും നിരന്തരം സവർണരുടെ സാധൂകരണത്തിന്(Validation) വിധേയരാവേണ്ടവരുമാണ്. അവിടെയാണ് ഹിന്ദുത്വ പ്രവർത്തകർ നടത്തിയ മുസ്ലിം കൂട്ടക്കുരുതിയിൽ നിന്നും രക്ഷപെട്ട ഒരു ബാലൻ പിന്നീട് ശക്തനായി തിരിച്ചു വരുന്നതും, തന്റെ ഉറ്റവരെ കൊന്ന ശത്രുവായ സവർണ ഹിന്ദുവിനെ നിഗ്രഹിക്കുന്നതും ഒരു മാസ്സ് മസാല മുഖ്യധാരാ സിനിമയിൽ ചിത്രീകരിക്കപ്പെടുന്നത്. എമ്പുരാന്റെ കഥ ഏതൊക്കെ ഗതിയിലൂടെ ഒഴുകിയാലും ദുർബലനായ ഒരു മുസ്ലിം ബാലൻ ശക്തനായി സകല അധികാരങ്ങളോടെയും വിഭവങ്ങളോടെയും തിരിച്ചു വരുന്നതും ഹിന്ദുത്വവാദിയായ ശത്രുവിനെ നിഗ്രഹിക്കുന്നതുമാണ് ആത്യന്തികമായ ഘടകങ്ങൾ.
REPRESENTATIVE IMAGE | WIKI COMMONS
യാഥാസ്ഥികരുടെ മിത്തുകളുടെ സൗന്ദര്യാത്മകതക്ക് പുറത്തുള്ള ഒന്നാണ് ഈ ചെറുഘടകങ്ങൾ ചേർന്ന വലിയ ഘടന. കീഴാളൻ സ്വത്തും അധികാരവും നേടുവാൻ ശ്രമിക്കുന്നു, സവർണ്ണ നായകൻ അയാളെ നിഗ്രഹിച്ചു പാരമ്പര്യമായി തുടർന്നുപോന്ന നിലയിലേക്ക് ഘടനയിലേക്ക് തിരിച്ചു എത്തിക്കുന്നു. സ്ത്രീകളും മറ്റു കീഴാളരും ഈ വ്യവസ്ഥിതിയിൽ ഈ പുരുഷന്റെ താല്പര്യങ്ങളെ സംരക്ഷിക്കുന്നു. ഇതാണ് പൊതുവിൽ മിത്തുകളും ഇന്ത്യൻ സിനിമകളും തുടർന്ന് പോന്ന കഥാഘടന. പുതിയ കാലത്ത് ഈ കീഴാളന്റെ അപരസ്ഥാനത്ത് മുസ്ലിം സ്വത്വം കൂടി നിർമ്മിക്കപ്പെട്ടു. ഇവിടെയാണ് മുരളി ഗോപി എന്ന എഴുത്തുകാരനും പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും സിനിമ പ്രേക്ഷകരിലെ യാഥാസ്ഥിതികർക്ക് ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കുന്നത്.
നാളിതുവരെയും കീഴാളരുടെ നിത്യജീവിതവും സൗന്ദര്യാത്മകതയും അവരുടെ തീരുമാനങ്ങളും പുതുസിനിമകളിൽ വിഷയമായിട്ടുണ്ടെങ്കിലും ഇത്തരം ഒരു പരീക്ഷണം തീർത്തും പുതുമയുള്ളതാണ്. അത് സവർണ പുരുഷനെ നേരെ പ്രതിനായക സ്ഥാനത്ത് നിർത്തുകയും അശക്തനായ മുസ്ലിം സ്വത്വത്തെ നായകസ്ഥാനത്ത് സ്ഥാപിക്കുകയും ചെയുന്നു. തീർച്ചയായും അധികാരവും സ്വത്തുടമസ്ഥയും നേടി മുസ്ലിം നായകൻ തിരിച്ചു വരുന്നത് സവർണ യാഥാസ്ഥിതികർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്. അതിനേക്കാൾ ഏറ്റവും ഭയാനകമായത് കഥാഘടനയിൽ പ്രതിനായകനായ സവർണ പുരുഷന് നേരെ നന്മ-തിന്മകളുടെ ദ്വന്ദം പ്രയോഗിക്കപ്പെട്ടു എന്നുള്ളതാണ്. സവർണ പുരുഷ കഥാപാത്രങ്ങൾ അവരുടെ പ്രവൃത്തികൾ എന്ത് തന്നെ ആയാലും ഈ സാധൂകരണത്തിന് പുറത്തുള്ളവരായിരുന്നു. അവിടെയാണ് സിനിമ കൂടുതൽ വ്യത്യസ്തമാകുന്നത്. ആ അർത്ഥത്തിൽ എമ്പുരാൻ ഇന്ത്യൻ സിനിമയിൽ ചലനം സൃഷ്ടിച്ച സിനിമയാണ്.


