TMJ
searchnav-menu
post-thumbnail

TMJ Cinema

ലോകയും കിനാവള്ളിയും കുഞ്ഞ് മഞ്ചാടിയും!

11 Sep 2025   |   9 min Read
ഡോ. നാരായണൻ എൻ ജി

ലയാള സിനിമയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടാവുന്ന ഗംഭീര തീയേറ്റർ എക്സ്പീരിയൻസ് ആണ് 'ലോകാ' നമുക്ക് നൽകുന്നത്. മലയാളികൾ കണ്ട് ശീലിച്ചിട്ടുള്ള സിനിമാ ശീലങ്ങൾ മാറ്റിവച്ച് കാണാവുന്ന കിടിലൻ സിനിമ. ഡോമിനിക് അരുൺ സംവിധാനം ചെയ്ത ലോകാ നമുക്ക് നൽകുന്നത് ഒരു പുതിയ ലോകമാണ്. സിനിമയുടെ കഥ പിന്തുടരുന്ന അഖ്യാനരീതി തന്നെ വളരെ വ്യത്യസ്തമാണ്. നമ്മൾ വേറൊരു ഭൂമികയിൽ എത്തിയപോലെയുള്ള ഒരു അനുഭവം ആണ് ലോക സമ്മാനിക്കുന്നത്. ഭൂമിയിലും അല്ല, ആകാശത്തും അല്ല എന്നൊക്കെയുള്ള ഒരു അവസ്ഥ നമ്മൾ ആലോചിക്കാറില്ലേ? ഒരു പ്രത്യേകതരം യൂഫോറിയ! ആ ഒരു അവസ്ഥയാണ് ലോകാ കാണുമ്പോൾ നമുക്ക് ലഭിക്കുക. 

യാഥാർഥ്യത്തിന്റെയും ഫിക്ഷന്റെയും ഒരു വരമ്പുണ്ട്. അതിന്റെ രണ്ടിന്റെയും വരമ്പിലാകും പ്രേക്ഷകൻ എന്ന നിലയിൽ നമ്മളുണ്ടാവുക. ഒരു സമയം മനസ്സ് പറയും: "ഏയ്‌.. ഇതൊന്നും നടക്കുന്ന കഥയല്ല, വെറും കെട്ട് കഥ.." കുറച്ചു കഴിയുമ്പോൾ അതേ മനസ്സ് തന്നെ പറയും: " ഇനി ഇങ്ങനെയുള്ള ആളുകൾ നമുക്ക് ഇടയിൽ ഉണ്ടെങ്കിലോ..?" ഇല്ല എന്നറിയാമെങ്കിലും ഉണ്ടെന്ന് വിശ്വസിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന എന്തൊക്കെയോ ഘടകങ്ങൾ നമ്മുടെ മനസ്സിന്റെ ഉള്ളറകളിൽ ഉറങ്ങി കിടക്കുന്നത് കൊണ്ടാണ് നമുക്ക് അങ്ങനെ അനുഭവപ്പെടുന്നത്. അതിന് കാരണം നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ കണ്ട് പരിചയിച്ചിട്ടുള്ള ശീലങ്ങളും, നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥയും ഒക്കെയാണ്. അതിനേക്കാളുപരി, നമ്മൾ "മുത്തശ്ശികഥകൾ" എന്ന് ഓമനിച്ച് വിളിച്ചിരുന്ന 'കെട്ട്'/'കേട്ട്' കഥകൾ ആണ്. കുഞ്ഞുനാളിൽ മുത്തശ്ശിമാരും മുത്തശ്ശന്മാരും അവരുടെ മടിയിലിരുത്തി നമ്മളോട് പറഞ്ഞിരുന്ന കഥകൾ അവർ സമൂഹത്തിൽ നിന്നും കേട്ട് ഓർത്ത് വച്ചിരുന്ന കഥകളാണ്. അവ 'കെട്ട് കഥകൾ' ആണോ? അതോ കേട്ട് കേട്ട് വന്ന 'യഥാർത്ഥ കഥ'കളാണോ?

REPRESENTATIVE IMAGE | WIKI COMMONS
ആ ‘കെട്ട് കഥ’കളെ വളരെ ഭംഗിയായി തിരക്കഥയിലേക്ക് ചേർത്ത് പറയാൻ സാധിച്ചതാണ് ലോകയുടെ വിജയത്തിന് കാരണമായത്. എല്ലാത്തരം പ്രേക്ഷകരെയും ചേർത്ത് നിർത്താൻ കാരണം ഈ പഴങ്കഥകളെ സിനിമയിലേക്ക് blend ചെയ്ത 'writer brilliance' ആണ്. സംവിധായകൻ കൂടിയായ ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് ലോകയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഡോമിനിക് അരുണിന്റെ മുൻചിത്രം മലയാളത്തിലെ ഏറ്റവും ‘underrated’ സിനിമകളിൽ ഒന്നായ "തരംഗം" (2017) ആണ്. അതിലെ നായികയായിരുന്നു ശാന്തി ബാലചന്ദ്രൻ. അന്ന് തൊട്ട് രൂപപ്പെട്ട കഥയാണ് ലോകയായി ഇന്ന് നമുക്ക് മുന്നിൽ എത്തിയത്. 7 വർഷത്തോളമായി മിനുക്കി എടുത്ത കഥ ആയതുകൊണ്ട് തന്നെ അതിന്റെ ക്വാളിറ്റി സിനിമയിൽ കാണാനുമുണ്ട്. നേരത്തേ സൂചിപ്പിച്ചത് പോലെ കള്ളിയങ്കാട്ട് നീലി എന്ന മിത്തിന്റെ കഥാപരിസരത്തെ അതിസൂക്ഷമമായി, ഇപ്പോഴത്തെ രീതിയിൽ പറഞ്ഞാൽ, "നൈസ് ആയി" കടമെടുത്ത് സിനിമയിലേക്ക് ചേർത്തത്തിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. അത് ഞാൻ നേരത്തേ പറഞ്ഞ 'കെട്ട് കഥകളെ' നടന്ന കഥയായി കാണാനുള്ള മലയാളിയുടെ നൊസ്റ്റാൾജിയ കൊണ്ട് കൂടിയാണ്. 

പഞ്ചവൻകാടിനെ വിറപ്പിച്ച നീലി:  ലോകയിലെ നീലി 2.0

'ലോക'യിൽ ഡോമിനിക് അരുൺ കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് പുതിയ കാലവുമായി കൂട്ടിയിണക്കി പറയാൻ ശ്രമിച്ചത്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ കുട്ടിക്കാലത്ത് നമ്മൾ കേട്ടിരുന്ന കള്ളിയങ്കാട്ട് നീലിയുടെ കഥ വ്യത്യസ്തമായിരുന്നു. അത് പഞ്ചവൻകാട്ടിലെ നീലിയുടെ കഥയായിരുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
ഇപ്പോൾ ഉള്ള തിരുവനന്തപുരം ജില്ലയിൽ (പാലക്കാട്‌ ജില്ല എന്നും ചില റെഫറൻസുകൾ പറയുന്നു) ആയിരുന്നു അന്നത്തെ പഞ്ചവൻകാട്. ദുർഭൂതങ്ങളും മാടനും മറുതയും ചാത്തനും വിഹരിച്ചിരുന്ന പഞ്ചവൻകാട്! പഞ്ചവൻകാട്ടിൽ ഭീകരത വിതച്ച ഒരു രക്തദാഹിയായ യക്ഷിയായിരുന്നു നീലി. ഐതിഹ്യങ്ങളനുസരിച്ച്, നീലിക്ക് ആളെ മയക്കുന്ന ഒരു 'ദിവ്യ സൗന്ദര്യ'മുണ്ടായിരുന്നു. ആ സൗന്ദര്യമാണ് കള്ളിയങ്കാട്ട് നീലിയെ ഒരു 'സുന്ദര യക്ഷി' ലേബലിൽ പ്രസിദ്ധമാക്കിയത്. കൊറോണ സമയത്ത് നടനും റാപ്പറും ആയ നീരജ് മാധവ് ഒരുക്കിയ 'പണി പാളി' എന്ന റാപ്പിൽ സുന്ദരിയായ നീലി യക്ഷിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 

ഒരു ദുരാത്മാവാകുന്നതിന് മുൻപ്, ഒമ്പതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ പാക്കന്നൂരിലെ ദേവദാസിയായിരുന്ന കർവേണിയുടെ മകളായി 'അല്ലി' എന്ന പേരിലാണ് നീലി ജനിച്ചത്. മുട്ടോളം നീളമുള്ള മുടിയും, വിടർന്ന കണ്ണുകളും, ഒതുങ്ങിയ അരക്കെട്ടും, ഞാന്നു കിടക്കുന്ന പൊക്കിൾചുഴിയും, ആകർഷകമായ സൗന്ദര്യവുമുള്ളവളുമായിരുന്നു അവൾ. നാട്ടിലെ ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്ന 'നമ്പി'യുമായി പ്രണയത്തിലായ അല്ലി അയാളെ വിവാഹം കഴിച്ചു. എന്നാൽ പണത്തിന് വേണ്ടി മാത്രം അല്ലിയെ വിവാഹം കഴിച്ച നമ്പി മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്നു. മരുമകന്റെ ദുർനടപ്പിൽ മനംനൊന്ത് കർവേണി നമ്പിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. ഗർഭിണിയായ അല്ലി വീട്ടുകാരെ എതിർത്ത് നമ്പിയോടൊപ്പം വീടുവിട്ടുപോയി. യാത്രാമധ്യേ ആഭരണങ്ങൾ മോഷ്ടിക്കാനായി നമ്പി അല്ലിയെ കൊലപ്പെടുത്തി. വിവരമറിഞ്ഞ് സഹോദരിയെ കൂട്ടിക്കൊണ്ടുവരാൻ പാഞ്ഞെത്തിയ അമ്പി, അവളുടെ മൃതദേഹം കണ്ട് പാറയിൽ തലയിടിച്ച് ആത്മഹത്യ ചെയ്തു. പിന്നീട് നമ്പിയെ ഒരു സർപ്പം കടിച്ച് കൊല്ലുകയും ചെയ്തതായാണ് ഐതിഹ്യത്തിൽ പറയുന്നത്. അല്ലിയും അമ്പിയും പിന്നീട് ചോഴരാജാവിന്റെ മക്കളായ 'നീലനും നീലിയുമായി' പുനർജനിച്ചു. മുൻ ജന്മത്തിൽ അനുഭവിച്ചതിനുള്ള പക അവർക്ക് കുട്ടിക്കാലത്ത് തന്നെ എല്ലാവരോടും ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഇരുവരും കന്നുകാലികളുടെ രക്തം കുടിച്ച് രാജ്യത്ത് ദുരന്തങ്ങൾ വിതച്ചു. തങ്ങളുടെ മക്കളാണ് ഇതിന് കാരണമെന്ന് മനസ്സിലാക്കിയ ചോഴരാജാവ് അവരെ തന്റെ രാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനടുത്തുള്ള പഞ്ചവൻകാട്ടിൽ ഉപേക്ഷിച്ചു. പിന്നീട് അതിനടുത്തുള്ള പഴവന്നൂർ ഗ്രാമവും പഞ്ചവൻ കാടും അവരുടെ വാസസ്ഥലമായി മാറി. ആ വഴിയുള്ള യാത്രക്കിടയിൽ നിരവധി പുരുഷന്മാരെ വശീകരിച്ച് കൊന്നൊടുക്കി നീലി. രാത്രികാലങ്ങളിൽ സുന്ദരിയായ സ്ത്രീയുടെ രൂപത്തിൽ വഴിപോക്കരെ ആകർഷിക്കുകയും പിന്നീട് ഭീകരരൂപം പ്രാപിച്ച് അവരെ കൊലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു നീലിയുടെ രീതി. "ചുണ്ണാമ്പുണ്ടാകുമോ.?" എന്ന കിളി നാദത്തിൽ ഉള്ള ചോദ്യം കേൾക്കുമ്പോൾ തിരിഞ്ഞ് നോക്കും. അപ്പോൾ ആരെയും വശീകരിക്കുന്ന സൗന്ദര്യവുമായി നീലി നിൽക്കുന്നുണ്ടാകും. നീലിയുടെ പ്രതികാരവും ക്രൂരതയും അക്കാലത്ത് ഒരു വലിയ ഭയമായി ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അവളുടെ കഥകൾ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് ജനങ്ങളുടെ മനസ്സിൽ ഉറച്ചുപോയി.

REPRESENTATIVE IMAGE | WIKI COMMONS
ഗ്രാമത്തിലെ എഴുപത് ഊരാളന്മാർ നീലിയേയും നീലനേയും തളയ്ക്കാനായി നാഗർകോവിലിലെ പ്രസിദ്ധനായ മന്ത്രവാദിയെ വരുത്തി. അയാൾക്ക് നീലനെ കീഴടക്കാൻ കഴിഞ്ഞെങ്കിലും നീലിയെ തളയ്ക്കാൻ സാധിച്ചില്ല. പിന്നീട് നീലനുവേണ്ടി നീലി നാഗർകോവിലിൽ വച്ച് തന്നെ ആ മന്ത്രവാദിയെ കൊന്നു. എന്നാലും തന്റെ സഹോദരന്റെ മരണത്തിന് കാരണം ആ എഴുപത് ഊരാളന്മാർ ആണെന്ന് നീലിക്ക് അറിയാമായിരുന്നു. 

അതേസമയം, അല്ലിയുടെ ഭർത്താവായിരുന്ന നമ്പിയുടെ പുനരവതാരമായ 'ആനന്ദൻ' എന്നയാൾ കച്ചവടത്തിനായി പഞ്ചവൻകാട് വഴി മുസിരിസിലേക്ക് പോവുകയായിരുന്നു. ഒരു വിശിഷ്ഠമായ മാന്ത്രികവടി കൈവശമുണ്ടായിരുന്നതിനാൽ നീലിക്ക് ആനന്ദനെ തൊടാൻ കഴിഞ്ഞില്ല. അതിനാൽ അവൾ അയാളെ പിന്തുടർന്നു. നീലി പിന്തുടരുന്നത് മനസ്സിലാക്കിയ അയാൾ ഓടി എഴുപത് ഊരാളന്മാർ ഉള്ള പഴവന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടെ നീലി ഒരു കുട്ടിയുള്ള സ്ത്രീയുടെ രൂപമെടുത്ത്, ആനന്ദൻ തന്റെ ഭർത്താവാണെന്നും വഴക്കിട്ട് ഓടിപ്പോവുകയാണെന്നും ഗ്രാമവാസികളെ വിശ്വസിപ്പിച്ചു. ആനന്ദൻ അവൾ നീലിയാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും നാട്ടുകാർ ആരും വിശ്വസിച്ചില്ല. എന്നാൽ പിന്നീട് നാട്ടുകാർക്ക് നീലി “യക്ഷി” ആണെന്ന് മനസിലായി. യക്ഷി അയാളെ ഉപദ്രവിച്ചാൽ എല്ലാ ഊരാളന്മാരും അയാളോടൊപ്പം മരിക്കുമെന്ന് അവർ ശപഥം ചെയ്തു. നീലിയെ തളയ്ക്കാനുള്ള വഴികളും അവർ നോക്കി. എന്നാൽ ആ രാത്രി നീലി തന്റെ ശക്തിയും തന്ത്രവും കൊണ്ട് ആനന്ദനെ കൊന്ന് പക നിറവേറ്റി. അടുത്ത ദിവസം രാവിലെ ആനന്ദൻ മരിച്ചതുകണ്ട്, ഊരാളന്മാർ തങ്ങളുടെ ശപഥം നിറവേറ്റുന്നതിനായി തീയിലേക്ക് എടുത്തുചാടി. തന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരായ ആനന്ദനെയും എഴുപത് ഊരാളന്മാരെയും കൊന്ന ശേഷം നീലി ഒരു 'കള്ളിപ്പാല' മരത്തിനടിയിൽ വാസമുറപ്പിച്ചു. ആ സ്ഥലം 'കള്ളിയങ്കാട്ട്' എന്ന് പിന്നീട് അറിയപ്പെട്ടു. രാത്രികാലങ്ങളിൽ പക ഒടുങ്ങാതെ നീലി പാലമരത്തിൽ നിന്നുമിറങ്ങി ആ വഴി വന്നിരുന്ന ആളുകളെ പിന്നെയും ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. 

ഒടുവിൽ, ഈ ദുർമൂർത്തിയെ എങ്ങുനിന്നോ വന്ന ഒരു ഭട്ടതിരിപ്പാട് നേരിട്ടുവെന്നാണ് കഥ. ശക്തനായ മന്ത്രവാദിയും ബ്രാഹ്മണനുമായിരുന്ന ആ ഭട്ടതിരിപ്പാട്, നീലിയുടെ ക്രൂരതകൾക്ക് അറുതിവരുത്താൻ തീരുമാനിച്ചു. തന്റെ മന്ത്രശക്തികൊണ്ട് നീലിയെ കീഴടക്കാൻ അദ്ദേഹം ശ്രമിച്ചു. നീലി തന്റെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിച്ചെങ്കിലും, ഭട്ടതിരിപ്പാടിന്റെ മന്ത്രശക്തിക്ക് മുന്നിൽ അവൾക്ക് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ നീലിയെ ആ പാലമരത്തിൽ തന്നെ ആവാഹിച്ച് തളച്ചുവെന്നാണ് വിശ്വാസം. എന്നാൽ സമകാലിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, നീലിയെ ഒരു മരത്തിൽ തളയ്ക്കുകയായിരുന്നില്ല, മറിച്ച് “കടമറ്റത്ത് കത്തനാർ” അവളെ കുരിശിലേറ്റുകയായിരുന്നു. ഇത് ചില ഗ്രന്ഥങ്ങളിൽ പരാമർശിക്കാത്തതിനാൽ വളരെയധികം തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഐതിഹ്യങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു പുരോഹിതനും മാന്ത്രികനുമാണ് അദ്ദേഹം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല' പോലുള്ള കൃതികളിലൂടെയും, ടെലിവിഷൻ പരമ്പരകളിലൂടെയും ഈ കഥാപാത്രം മലയാളികൾക്കിടയിൽ കൂടുതൽ പ്രചാരം നേടി. 

REPRESENTATIVE IMAGE | WIKI COMMONS
ജയസൂര്യ നായകൻ ആകുന്ന റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ജയസൂര്യ കടമറ്റത്ത് കത്തനാർ ആയും, സൗത്ത് ഇന്ത്യൻ സൂപ്പർ നായികാ അനുഷ്ക ഷെട്ടി കള്ളിയങ്കാട്ട് നീലി ആയും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. മന്ത്രവാദത്തിലൂടെ ദുരാത്മാക്കളെ അടക്കി ഭരിച്ച ഒരു പുരോഹിതനായിട്ടാണ് കത്തനാർ അറിയപ്പെടുന്നത്. പ്രത്യേകിച്ച്, ആധുനിക കാലത്തെ ദൃശ്യമാധ്യമങ്ങൾ ഈ രണ്ട് കഥാപാത്രങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. 2004 കാലഘട്ടത്തിൽ ഏഷ്യാനെറ്റിൽ 'കടമറ്റത്ത് കത്തനാർ' എന്ന പേരിൽ ടീവി സീരിയൽ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. പ്രകാശ് പോൾ കടമറ്റത്ത് കത്തനാർ ആയും, സുകന്യ കല്ലിയാങ്കാട്ട് നീലിയായും വേഷമിട്ട സീരിയൽ വൻ വിജയമായിരുന്നു. ശക്തനായ ഒരു മന്ത്രവാദിയായ കത്തനാർ, കേരളത്തിലെ ഏറ്റവും ശക്തയായ യക്ഷിയായ നീലിയെ തളയ്ക്കുന്ന കഥ, നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ ഒരു പ്രതീകമായി പലപ്പോഴും അവതരിപ്പിക്കാറുണ്ട്. നീലിയുടെ പ്രതികാരദാഹവും, കത്തനാരെപ്പോലുള്ളവരുടെ സംരക്ഷകന്റെ പങ്കും ഈ കഥകൾക്ക് കൂടുതൽ ആഴം നൽകുന്നു.

എന്നാൽ ഈ കഥയെ പൊളിച്ചെഴുതുകയാണ് ഡോമിനിക് അരുൺ ലോകയിലൂടെ ചെയ്തിരിക്കുന്നത്. അന്നത്തെ സമൂഹത്തിൽ നിലിനിന്നിരുന്ന ജാതിവ്യവസ്ഥയുടെയും, വർണ വിവേചനത്തിന്റെയും ഭാഗമായി സമൂഹത്തിൽ നിന്നും ജനനം കൊണ്ട ഒരു ഹീറോ പരിവേഷമാണ് ഡോമിനിക് അരുൺ ലോകയിലൂടെ നീലിക്ക് നൽകിയിരിക്കുന്നത്. താഴ്ന്ന ജാതിക്കാർക്ക് അയിത്തം കല്പിച്ചിരുന്ന കാട്ടിലെ ഭഗവതിയുടെ അമ്പലത്തിൽ പ്രവേശിച്ച “കൊച്ചു നീലി”യെയും നാട്ടുകാരെയും വധിക്കാനായി രാജാവ് എത്തുകയും അതിൽ നിന്ന് രക്ഷനേടാൻ അവർ ഗുഹാമുഖത്ത് അഭയം പ്രാപിക്കുകയും ചെയ്യുന്നു. അവിടെ വച്ച് ഒരു നിയോഗം പോലെ ഗുഹയുടെ ഉള്ളിലേക്ക് പോകുന്ന കൊച്ചു നീലിയെ വവ്വാലുകൾ ആക്രമിക്കുകയും ഒരു വൈറസ് ബാധ വഴി കൊച്ചുനീലിക്ക് അജയ്യമായ ശക്തി ലഭിക്കുകയും, നീലി രക്തം കുടിക്കുന്ന യക്ഷിയായി മാറുകയും ചെയ്യുന്നു. തന്റെ അച്ഛനെയും അമ്മയെയും ഉറ്റവരെയും ഉടയവരെയും കൊന്നൊടുക്കുന്ന രാജാവിനും സൈന്യത്തിനും മുൻപിൽ തന്റെ പൂർണ ശക്തിയിൽ നീലി എത്തുമ്പോൾ അവളെ ആ നാട്ടുകാർ തങ്ങളുടെ ഭഗവതിയായി കണ്ട് കൈ കൂപ്പുന്നു. തനിക്കും നാട്ടുകാർക്കും നടന്ന അനീതിയുടെ പ്രതികാരമായി നീലി അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ നീലിയെ തളയ്ക്കാനായി കത്തനാർ വരുന്നു. നീലിയുടെ ശക്തി മനസ്സിലാക്കുന്ന കത്തനാർ മനുഷ്യരാശിയുടെ നന്മക്കായി നീലിയെ ഉപയോഗിക്കുന്നു. നീലിക്ക് മരണമില്ല എന്ന് പറയുന്നതിലൂടെ നീലിയുടെ പ്രായത്തെ സിനിമയിൽ തന്നെ ട്രോൾ ചെയ്യുന്ന കാഴ്ചയും കണ്ടു. ചാത്തൻ, ഒടിയൻ, മാടൻ തുടങ്ങിയ നീലിയുടെ അതേ ശക്തിയുള്ള പല ദുർഭൂതങ്ങളും, അവരെയെല്ലാം ഒരു കുടക്കീഴിൽ നിർത്തുന്ന അവരുടെ നേതാവായി “മൂത്തോൻ” എന്ന അതിശക്തനും..!

REPRESENTATIVE IMAGE | WIKI COMMONS
കഥയുടെ ഈ മാറ്റമാണ് ലോകയെ ഗംഭീരമാക്കുന്നത്. ഒരു വടക്കൻ വീരഗാഥയിൽ പാണന്റെ കഥകളിലെ ചന്തുവിനെ എം ടി വാസുദേവൻ നായർ പൊളിച്ചെഴുതിയത് പോലെ കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെ ശാന്തി ബാലകൃഷ്ണൻ മാറ്റി എഴുതുകയാണ് ചെയ്തത്. 2011ൽ ഇറങ്ങിയ ‘ഉറുമി’ എന്ന സിനിമയിൽ പഴയ കാലവും, പഴയ കാലത്തെ കഥാപാത്രങ്ങൾ വേറെ രൂപത്തിൽ പുതിയ കാലത്ത് വരുന്നതും കാണിച്ചിട്ടുണ്ട്. അത് പോലെ ലോകയിലും കാലഘട്ടം മാറിയാലും സാമൂഹ്യ സാഹചര്യങ്ങൾ മാറുന്നില്ല എന്ന് പറയാതെ പറയുന്നുണ്ട്. പുതിയ കാലത്തോട് ചേർത്ത് നീലിയെ മാറ്റുമ്പോൾ പല ചോദ്യങ്ങളും അവശേഷിക്കുകയും ചെയ്യുന്നു. നീലിയുടെ പ്രായം, ഭക്ഷണം, ശക്തി, പ്രായമാകുമ്പോൾ നഷ്ടമാകുന്നു ശക്തികൾ, നിയന്ത്രണങ്ങൾ, സ്നേഹം, വികാരം എന്നിവയെല്ലാം തിരക്കഥയിൽ മനോഹരമായി വരച്ചിടുന്നു. വൈറസിലൂടെ ആണ് ശക്തി ലഭിച്ചത് എന്ന് പറയുന്നതിലൂടെ ഒരു scientific അപഗ്രഥനം നടത്താൻ ശ്രമിച്ചതിനോട് മാത്രമാണ് നേരിയ വിയോജിപ്പുള്ളത്.

അഭിനയം, സാങ്കേതികത: ലോകാ എങ്ങനെ വ്യത്യസ്തമാകുന്നു ?

കേന്ദ്ര കഥാപാത്രമായ ചന്ദ്ര/കള്ളിയങ്കാട്ട് നീലിയായി കല്യാണി പ്രിയദർശൻ ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചിട്ടുള്ളത്. ആ സൂപ്പർഹീറോ കഥാപാത്രത്തിന് വേണ്ട 'ഓറ' ഉണ്ടാക്കാൻ കല്യാണിക്ക് കഴിയുന്നുണ്ട്. ആക്ഷൻ സീനുകൾ ഒക്കെ മെയ്‌വഴക്കത്തോടെ കല്യാണി ചെയ്ത് ഫലിപ്പിച്ചു. ഒരു ആക്ഷൻ സൂപ്പർഹീറോ ചെയ്യേണ്ട fights ഇത്രയും നന്നായി കല്യാണി ചെയ്യുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നസ്ലെനും വളരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ആ കഥാപാത്രത്തിന് വേണ്ട പാകത്തിനുള്ള പേടിയും, പരിഭ്രമവും, സ്നേഹവും, വികാരങ്ങളും നസ്ലെന്റെ കയ്യിൽ ഭദ്രമായിരുന്നു. തമിഴിൽ നിന്നുമെത്തിയ സാൻഡി മാസ്റ്റർ ശരിക്ക് ഞെട്ടിക്കുന്ന പ്രകടനമാണ് സിനിമയിൽ. "ഒത്ത എതിരാളി" എന്നൊക്കെ നമ്മൾ പറയാറുണ്ടല്ലോ, അതായിരുന്നു സാൻഡി മാസ്റ്റർ അവതരിപ്പിച്ച നാചിയപ്പാ ഗൗഡാ. ലിയോ എന്ന ചിത്രത്തിലൂടെ സാൻഡി മാസ്റ്റർ എത്രത്തോളം എഫക്റ്റീവ് ആണെന്ന് തെളിയിച്ചതാണ്. ഇവിടെയും അദ്ദേഹം അത് ഊട്ടിയുറപ്പിച്ചിരിക്കുന്നു. ചന്തു സലീംകുമാർ തന്റെ വേഷം നന്നായി ചെയ്തു. മറ്റൊരു കൂട്ടുക്കാരനായ അരുൺ കുര്യനും നന്നായി. രണ്ട് ക്യാമിയോ സിനിമയിലുണ്ട്. അതിൽ ചാത്തൻ ആയി എത്തുന്ന ടോവിനോ തോമസ് കിടുക്കിയിട്ടുണ്ട്. കുറച്ചു നിമിഷങ്ങളിലേക്കെങ്കിലും തീയറ്റർ കുലുക്കാൻ ദുൽകർ സൽമാന് കഴിഞ്ഞു. ഒരു 'കൈ' മാത്രം കൊണ്ട് മലയാളത്തിന്റെ മമ്മൂക്കയും തീയറ്ററിൽ കയ്യടിയുടെ പൂരപറമ്പ് സൃഷ്ടിച്ചു. ചെറിയ ഒരു ക്യാമിയോ ആയി വന്ന സണ്ണി വെയ്ൻ പോലും നല്ല impact ഉണ്ടാക്കി. ശിവാജിത് പത്മനാഭനും ഭംഗിയായി. നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, ശരത് സഭ, വിജയരാഘവൻ തുടങ്ങിയവരും സിനിമയിലുണ്ട്. ഒരു വലിയ കയ്യടി അർഹിക്കുന്നത് കല്യാണി പ്രിയദർശന്റെ കുട്ടിക്കാലം ചെയ്ത ദുർഗ സി വിനോദ് ആയിരുന്നു. ദുർഗയുടെ ആ ഓട്ടവും അതിൽ ജെക്‌സ്‌ ബെജോയ് കൊടുത്ത പശ്ചാത്തല സംഗീതവും ഇപ്പോഴും മനസ്സിൽ നിന്ന് പോയിട്ടില്ല. 

REPRESENTATIVE IMAGE | WIKI COMMONS
ടെക്‌നിക്കലി നോക്കുകയാണെങ്കിലും ലോക വലിയൊരു ചുവടുവയ്പ്പാണ്. സിനിമയിൽ ഏറ്റവും മിന്നിയത് ജേക്സ് ബിജോയ് തന്നെ. തകർപ്പൻ ബിജിഎംസ് ആണ് പടത്തിൽ ജേക്സ് കൊടുത്തിട്ടുള്ളത്. ട്രൈലറിൽ കണ്ട പോലെ ശരിക്ക് ഞെട്ടിച്ചിട്ടുണ്ട്. ഇന്റർവെൽ ബിജിഎം ഒരു സംഭവം തന്നെയാണ്.

"തനിലോക മുറക്കാരി..
നരഭാവന ധിക്കാരി..
പരലോകക്കാരി, വീണ ഭൂവിനുടയാളീ…
ഉലകത്തിന്നമരത്തേ..
തലവത്തിത്തരമുത്തേ..
കൊടി നീ നട്ടാ പിളർന്ന ലോകമൊന്നായേ…
ആലത്തിന് സെന്റർ
തനിയാളത്തി കലന്തർ..!
ആപത്തിന് മെന്റർ
തരമാകാത്ത സറണ്ടർ..!!"

ഈ വരികൾ എഴുതിയ മുഹ്സിൻ പരാരി നമ്മളെ വിസ്മയിപ്പിക്കുന്നു. ‘Unconventional' ആയ വരികളിലൂടെ മുഹ്സിൻ കേൾവിക്കാരെ ആകർഷിക്കുന്നു. നിമിഷ് രവിയുടെ ഫ്രെയിംസ് വ്യത്യസ്തമാണ്. ലോകയുടെ ലോകത്തേക്ക് നമ്മളെ എത്തിക്കാൻ നിമിഷിന്റെ ക്യാമറ കണ്ണുകൾക്ക് കഴിയുന്നുണ്ട്. ചമൻ ചാക്കോയുടെ എഡിറ്റിംഗ് എടുത്ത് പറയേണ്ടതാണ്. എഡിറ്റിംഗിന് നല്ല റോളുണ്ട് സിനിമയിൽ. ഫാസ്റ്റ് കട്ടുകളും, slow renditionഉം ഒരുപോലെ വേണ്ട എഡിറ്റിംഗ് ചമൻ ചാക്കോ വൃത്തിയായി ചെയ്തു.  Vfx works ഒക്കെ സിനിമയുടെ ഉജ്വല പ്രൊഡക്ഷൻ ക്വാളിറ്റി സൂചിപ്പിക്കുന്നു. നിർമ്മാതാവായ ദുൽകർ സൽമാനും, പ്രൊഡക്ഷൻ ഡിസൈൻ ചെയ്ത ബാംഗ്ളാനും ഇതിൽ കയ്യടി അർഹിക്കുന്നുണ്ട്. വ്യക്തമായ മാർക്കറ്റിംഗ് സ്ട്രേറ്റേജിയും പ്രൊമോഷനും സിനിമയ്ക്ക് ഗുണം ചെയ്തു. 'യാനിക്ക് ബെൻ' ഒരുക്കിയ ആക്ഷൻ കോറിയോഗ്രഫി ഇതിനോടകം പ്രശംസ നേടിക്കഴിഞ്ഞു. മേൽവി ജെയും അർച്ചന അഖിൽ റാവുവും ഒരുക്കിയ വസ്ത്രങ്ങൾ കല്യാണിക്ക് നന്നായി ചേർന്ന് നിന്നു. ടോവിനോയുടെ 'costumes' ഉം വ്യത്യസ്തമായി. ബാംഗ്ലൂർ ആണ് കഥയുടെ 'setting' എങ്കിലും സിനിമ ചിത്രീകരണം കൂടുതലും കേരളത്തിൽ ആയിരുന്നു എന്നത് സിനിമയുടെ ഗംഭീര കലാസംവിധാന മികവിനെ സൂചിപ്പിക്കുന്നു. ട്രൈലറിൽ കണ്ട കല്യാണി മുകളിലേക്ക് പോകുന്ന ദൃശ്യം ചാലക്കുടിയിൽ ആണ് ചിത്രീകരിച്ചത് എന്ന് കണ്ടിരുന്നു. സംവിധാനത്തിനും തിരക്കഥയ്ക്കും പുറമെ 'ലോകാ'യുടെ മറ്റ് സിനിമാ വിഭാഗങ്ങൾ കൂടി പ്രത്യേകം പ്രകീർത്തിക്കുന്ന കാഴ്ച്ചയും കണ്ടു. അത് ഒരു സിനിമയുടെ സമ്പൂർണ വിജയത്തിന്റെ സൂചനയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
ലോകയുടെ വിജയ ഫോർമുല...!!

ലോകയുടെ വിജയത്തിന് അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും ഒരേപോലെ പ്രശംസയർഹിക്കുന്നുണ്ട്. ഒരു നടന്റെയോ, നടിയുടെയോ, സംവിധായകന്റെയോ ലേബലിൽ വിജയിച്ച സിനിമയല്ല ലോക. എല്ലാ വിഭാഗങ്ങളും കൃത്യമായി 'ക്ലിക്ക്' ആയതുകൊണ്ടാണ് പ്രേക്ഷകർക്ക് ഒരുപോലെ 'ക്ലിക്ക്' ആയത്. ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'വ്യത്യസ്തം' ആകണം എന്ന് ഉറപ്പിച്ചുകൊണ്ട് തന്നെയാണ്. ആ വ്യത്യസ്തത പ്രേക്ഷകരെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആകെത്തുകയിൽ വളരെ മികച്ച തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമയാണ് ലോക ചാപ്റ്റർ 1. അടുത്ത പാർട്ടിനായി നമ്മളെ കാത്തിരിപ്പിക്കുന്ന തരത്തിൽ ഗംഭീരമായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ എൻജോയ് ചെയ്യിക്കുന്നു, ത്രിൽ അടിപ്പിക്കുന്നു, ഒപ്പം mysterious ഫീലും നൽകുന്നു. 

പണ്ട് കുട്ടിക്കാലത്ത് എന്റെ മുത്തശി എനിക്ക് പറഞ്ഞുതന്ന ഒരു കഥയുണ്ട്. മുത്തശ്ശിയുടെ മടിയിൽ ഇരിക്കുമ്പോൾ മുത്തശി ഇങ്ങനെ 'കിനാവള്ളി'യുടെ കഥ പറയും. വീട്ടിൽ നിന്ന് കുറച്ചു നടന്നു കഴിഞ്ഞാൽ ഒരു ചെറിയ കാടിന്റെ ഓരത്ത് എത്തും. അവിടെ ഒരു കുളം കാണും. ആ കുളത്തിൽ കാലൊന്ന് ചവിട്ടിയാൽ കുളത്തിന്റെ അടിയിൽ നിന്നും കുറേ വള്ളികൾ വരും. ആ വള്ളികൾ വന്ന് നമ്മളെ ഇങ്ങനെ കുളത്തിന്റെ അടിയിലേക്ക് ആഴ്ത്തികൊണ്ട് പോകും. നമ്മൾ എത്ര കുതറി മാറാൻ ശ്രമിച്ചാലും ആ വള്ളിയിൽ നിന്ന് പിടിവിടാൻ പറ്റില്ല. വള്ളിയിൽ നിന്ന് മാറാൻ ശ്രമിക്കുംതോറും കുരുക്ക് മുറുകി കൊണ്ടേയിരിക്കും. ആ കിനാവള്ളി നമ്മളെയും കൊണ്ട് കുളത്തിന്റെ അടിയിലേക്ക് പോകും. കാനാടിചാത്തന്റെ തറവാട്ടിലേക്കാണ് ആ കിനാവള്ളി നമ്മളെ കൊണ്ട് പോവുക. അവിടെ കുഞ്ഞു മക്കളുടെ ചോര കുടിക്കുന്ന 'ഉല്ലാല്ല മാടൻ' എന്നൊരു ഭൂതമുണ്ട്. കാതിൽ വലിയ തളയും, കഴുത്തിൽ നിറയെ പണ്ടങ്ങളും, കാലിൽ ചിലങ്കയും ഇട്ടൊരു ഭീകര രൂപം. കുട്ടിയായ ഞാൻ പറയാതെ വീട് വിട്ട് പുറത്ത് പോകാതിരിക്കാൻ മുത്തശ്ശി പറഞ്ഞ കഥയാണ് ഇത്. ഏറെക്കാലം ഇത് സത്യമാണെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഏത് കുളം കണ്ടാലും ഇന്നും എനിക്ക് കിനാവള്ളി ഓർമ വരും. 'കിനാവള്ളി' എന്നൊരു സങ്കല്പം ഇല്ലെന്ന് ഇന്നെനിക്കറിയാം. പക്ഷേ ഉള്ളിന്റെ ഉള്ളിൽ ആ കിനാവള്ളിയുടെ സങ്കല്പം ഉണ്ടാകും എന്നൊരു 'വെറുംചിന്ത' ഉണ്ട്.  കിനാവള്ളിയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്. ആ കഥയോർക്കുമ്പോൾ എനിക്കുണ്ടാകുന്ന ഒരു ഗൃഹാതുരതയുണ്ട്. മുത്തശ്ശിയുടെ ഓർമയുണ്ട്. സാങ്കൽപ്പിക കഥയാണെന്ന് അറിഞ്ഞിട്ടും അത് സത്യമാണെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ ഉള്ളിലെ ഒരു കൊച്ചു വലിയ ബാല്യം...ആ ബാല്യകാലത്തിന്റെ സുഖം.. ഒരു കുഞ്ഞ് മഞ്ചാടിയുടെ മണം..!! 'ലോകാ' കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ലഭിച്ചതും അത് തന്നെയായിരുന്നു.. ഒരു കുഞ്ഞ് മഞ്ചാടിയുടെ മണം...!!


#cinema
Leave a comment