TMJ
searchnav-menu
post-thumbnail

TMJ Cinema

ലോക: - കീഴാള മൂർത്തികളും മലയാള സിനിമയും

02 Sep 2025   |   5 min Read
അരവിന്ദ് വി എസ്

ക്രൂ

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർ ഹീറോ സിനിമ ലോക: - ചാപ്റ്റർ ഒന്ന് റിലീസ് ചെയ്തിരിക്കുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലെൻ ഗഫൂർ, ചന്ദു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, ശരത് സഭ, ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വേഫെറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.

സംവിധായകന്റെ കഥയിൽ തിരക്കഥയും സ്ക്രീൻ പ്ലേയും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരിയും നടിയുമായ ശാന്തി ബാലകൃഷ്ണൻ ആണ്. സംഗീത സംവിധാനവും ബാക്ഗ്രൗണ്ട് മ്യൂസിക്കും ജേക്സ് ബിജോയ്. ഛായാഗ്രഹണം നിമിഷ് രവിയും, എഡിറ്റർ ചമൻ ചാക്കോയുമാണ്. കലാ സംവിധാനം ചെയ്തിരിക്കുന്നത് ജിത്തു സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം മേൽവി ജെ, അർച്ചന റാവു എന്നിവരാണ്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പ്ലോട്ട്/ഹുക്ക്

ഐതിഹ്യങ്ങളിലെ കഥകൾ സൂപ്പർ ഹീറോ ഴോണറുമായി സ്വരുചേർത്ത് പറയുന്ന സമകാലീന കഥാ പരിസരമാണ് സിനിമക്കുള്ളത്. കല്യാണി അവതരിപ്പിക്കുന്ന നായികാ കഥാപാത്രം മറ്റൊരു ലോകത്ത് അക്രമിക്കപെടുന്നു. തന്റെ മൂത്തൊൻ ആവശ്യപ്പെടുന്നത് അനുസരിച്ച് മറ്റൊരു നാട്ടിലേക്ക് വരുന്ന അവൾ അവിടെ ഒരു ഹോട്ടൽ ജീവനക്കാരി ആയി ജോലി ചെയ്ത് ഒളിച്ചു ജീവിക്കുന്നു. അവരുടെ അയൽക്കാർ ആണ് നസ്ലൻ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രവും അവരുടെ കൂട്ടുകാരും. ഹോട്ടലിൽ തന്റെ സഹപ്രവത്തക നേരിടുന്ന പ്രശ്നത്തിൽ ഇടപെടുന്ന നായികയും അവരുടെ അയൽക്കാരും കൂടുതൽ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

ആസ്വാദനം/വിമർശനം

വലിയ മുതൽ മുടക്കും സാങ്കേതിക വിദ്യയുടെ സങ്കീർണതകളും ഇല്ലാതെ ആസ്വാദനമികവോടെ ഒരു സൂപ്പർ ഹീറോ സിനിമ തയ്യാറാക്കാം എന്ന് വീണ്ടും മലയാള സിനിമ തെളിയിച്ചിരിക്കുന്നു. പ്രേക്ഷകരിൽ ക്യൂരിയോസിറ്റി ഉണ്ടാക്കുന്നതിലും പിടിച്ചിരുത്തുന്നതിലും കഥ വിജയിച്ചിട്ടുണ്ട്. കഥയുടെ ഗതിയെ നിർണയിക്കുന്ന സംഭവങ്ങൾ, കഥാപാത്രങ്ങളുടെ ആഴം, വ്യക്തിത്വം, അവരുടെ തീരുമാനങ്ങളെ നിർണയിക്കുന്ന സംഭവങ്ങൾ, ന്യായങ്ങൾ, ലക്ഷ്യങ്ങൾ, സംഭാഷണങ്ങൾ എന്നിവ പ്രേക്ഷകനുമായി കൃത്യമായി സംവദിക്കുകയും ചെയുന്നുണ്ട്. സമകാലീനമായ സാഹചര്യത്തിലേക്ക് ഐതിഹ്യങ്ങളെ സ്വരുചേർക്കുന്നതിലും, പ്രേക്ഷർക്ക് ആസ്വദിക്കാവുന്ന തരത്തിൽ വൈകാരികതകളും, നർമവും, പ്രണയവും ഇഴുക്കിച്ചേർക്കുന്നതിലും സംവിധായകനും തിരക്കഥാകൃത്തും ക്രൂവും വിജയിച്ചിട്ടുണ്ട്. കഥയുടെ പുതുമ, അതിന്റെ തുടർച്ച, അവതരിപ്പിച്ച രീതി, ജിജ്ഞാസ ഉണർത്തുന്ന അവതരണം, കഥാപാത്രത്തെ രൂപപ്പെടുത്തിയ അന്തരീക്ഷം, കഥ സംഭവിക്കുന്ന ലോകം, കഥാപാത്രങ്ങളെ വിന്യസിച്ച രീതി, സംഭാഷണങ്ങൾ എന്നിവ തയ്യാറാക്കുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു. ഇനിയും വികസിക്കാൻ സാധ്യതയുള്ള കഥയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി വയ്ക്കുന്നതിലും സംവിധായകനും തിരക്കഥാകൃത്തും മികവ് കാണിച്ചു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
സാധാരണമായ ഒരു ലോകത്തെ സൂപ്പർ ഹീറോ കഥാ പരിസരത്തിന് അനുയോജ്യമാം വിധം വർണ ശബളമായ ലോകത്തെ ക്യാമറയിൽ ഒപ്പിയെടുക്കുന്നതിൽ ഛായാഗ്രഹണം വിജയിച്ചിട്ടുണ്ട്. വലിയ ഫ്രെയ്മുകളും ക്ലോസ് ഷോട്ടുകളും അനുയോജ്യമായ രീതിയിൽ കോർത്തിണക്കിയിരിക്കുന്നു. ഫ്ലാഷ്ബാക്ക്, രാത്രികളുടെ നഗര രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയുടെ ഛായാഗ്രഹണം മികച്ച് നിന്നു. സീനുകളുടെ ദ്രുത ഗതിയിലും ചിലപ്പോൾ പതിഞ്ഞതുമായ ഒഴുക്ക്, ഫ്ലാഷ് ബാക്കിലേക്കും സമകാലീന ലോകത്തേക്കുമുള്ള കഥയുടെ പോക്കുവരവ് എന്നിവ നിയന്ത്രിച്ച് പ്രദർശിപ്പിക്കുന്നതിൽ എഡിറ്റിംഗ് മികവുറ്റതായിരുന്നു. ജേക്സ് ബിജോയുടെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ കഥയുടെ വൈകാരികതയോട് നീതി പുലർത്തുന്നതായിരുന്നു. വ്യത്യസ്ത കാലഘട്ടത്തെയും അന്തരീക്ഷത്തെയും അനുഭവപ്പെടുത്തുന്നതിൽ അദ്ദേഹം മികച്ചു നിന്നും. മാന്ത്രികമായ ഐതിഹ്യ ലോകത്തെയും സമകാലീന ലോകത്തെയും തയ്യാറാക്കി പ്രേക്ഷകനെ വിശ്വസിപ്പിക്കുന്നതിൽ നിർമാണ സഹായവും, കലാസംവിധാനം വിജയിച്ചിട്ടുണ്ട്. അതിനോട് ചേർന്ന് നിന്ന വസ്ത്രാലങ്കാരം തീർച്ചയാവും അഭിനനന്ദനങ്ങൾ അർഹിക്കുന്നു.

കല്യാണി പ്രിയദർശൻ സിനിമയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. കഥാപാത്രം അവരുടെ പ്രകടനത്തിൽ ഭദ്രമായിരുന്നു. കഥാപാത്രത്തിന് ആവശ്യപ്പെടുന്ന ശാരീരിക രൂപ ഭാവ പ്രകടനങ്ങൾ പ്രദർശിപ്പിക്കുന്നതിൽ അവർ പൂർണമായും നീതി പുലർത്തി. നസ്ലന്റെ സ്വാഭാവിക പ്രകടനം പ്രേക്ഷകനെ വീണ്ടും കഥയുമായി ചേർത്ത് നിർത്തി. ചന്ദുവിന്റേയും അരുണിന്റേയും പ്രകടനങ്ങൾ തീർച്ചയായും സിനിമയുടെ നട്ടെല്ല് തന്നെയായിരുന്നു. അവരും മികച്ച രീതിയിൽ സിനിമയിൽ ഉടനീളം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. സാൻഡി മാസ്റ്റരുടെയും ശരത്ത് സഭയുടെയും പ്രകടനങ്ങൾ എടുത്ത് പറയേണ്ടതായി ഉണ്ട്. കഥയുടെ സങ്കീർണതയെ നിർണയിക്കുന്നതിലും ടെൻഷൻ ബിൽഡ് ചെയ്യുന്നതിലും ഇവരുടെ പ്രകടനങ്ങൾ വിശ്വാസ യോഗ്യമായിരുന്നു. ശരത് സഭയുടെ നാളിതുവരെ കാണാത്ത മറ്റൊരു പ്രകടനം പ്രേക്ഷകന് സിനിമയിൽ ദൃശ്യമാകും. അദ്ദേഹം കൂടുതൽ അവസരങ്ങളിൽ ഭാവിയിൽ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് സിനിമ ഉറപ്പ് നൽകി.

REPRESENTATIVE IMAGE | WIKI COMMONS
സാഹിത്യ സാംസ്‌കാരിക സ്വഭാവം കഥയുടെ അടരുകൾ 

ഒരു അതിമാനുഷിക കഥാപാത്രത്തെ വിശേഷിച്ചും അത്തരത്തിലുള്ള സ്ത്രീ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് എത്തിക്കുക എന്നുള്ളത് വലിയ ദൗത്യം തന്നെയാണ്. വിശേഷിച്ചും സവർണ ഹൈന്ദവ പുരാണേതിഹാസങ്ങൾ പ്രോപഗണ്ട ലക്ഷ്യങ്ങളുമായി കോടികൾ ചെലവഴിച്ചു നിർമിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ. ഈ സിനിമയുടെ കഥാഗതി ഇതിൽ നിന്നും വ്യതിചലിക്കുകയും അതിനൊരു പുതിയ അർത്ഥഘടന രൂപപ്പെടുകയും ചെയ്യുന്നു.

സ്വതവേ പുരാണേതിഹാസങ്ങൾ വലിയ രീതിയിൽ ജനങ്ങളിൽ സ്വീകാര്യമായതുകൊണ്ടും അത് വിശ്വാസവുമായി ബന്ധപ്പെട്ടു നിലനില്കുന്നതുകൊണ്ടും അത്തരം തീമുകളുടെ ഉപയോഗം സിനിമയുടെ കഥയെ പ്രേക്ഷകന് സ്വീകാര്യമാം വിധം രൂപപ്പെടുത്തുന്നതിൽ മിക്കവാറും എഴുത്തുകാർക്ക് എളുപ്പമുണ്ട്. അധീശത്വ ബോധങ്ങൾ പ്രബലമായി നിലനിൽക്കുന്നതുകൊണ്ട് എപ്പോഴും പ്രേക്ഷകന് ആസ്വാദ്യകരമായ രീതിയിൽ അനുഭവപ്പെടുത്തുന്നതിൽ ഇത്തരം തീമുകളുള്ള കഥകൾ അവതരിപ്പിക്കുമ്പോൾ സിനിമ പ്രവർത്തകർക്ക് എളുപ്പമുണ്ടാകാറുണ്ട്. ആൺ ബോധം നിലനിൽക്കുന്ന സമൂഹത്തിൽ ഒരു പുരുഷനെ നായകനായി സങ്കൽപ്പിക്കാൻ ബഹുഭൂരിപക്ഷം പ്രേക്ഷകർക്കും ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ നിലനിൽക്കുന്ന അധീശത്വ ബോധങ്ങൾ ഉപയോഗിച്ചുകൊണ്ട് നിർമിക്കുന്ന സിനിമകൾക്ക് എതിരെ വിമർശനങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
ഹോളിവുഡിൽ സ്പൈഡർമാനെയും, സൂപ്പർമാനെയും സങ്കല്പിച്ചാൽ തന്നെയും അതിലൊരു വെള്ളക്കാരനെയെ അവർക്ക് സങ്കൽപ്പിക്കാൻ കഴിയു എന്ന വിമർശനങ്ങൾ ആഫ്രിക്കൻ അമേരിക്കൻ, സ്വദേശി സാഹിത്യ വിമർശകരിൽ നിന്നും ഉണ്ടായിരുന്നു. സമാനമായി ഇന്ത്യൻ സിനിമ സാഹിത്യത്തിൽ ഉല്പാദിപ്പിക്കുന്ന സാധാരണ അർത്ഥങ്ങളിൽ മിക്കവാറും ശക്തരായ നായക സങ്കൽപ്പങ്ങൾ എന്നാൽ സവർണ സ്വത്വം അനിവാര്യമായിരിന്നു. ഇനി സൂപ്പർ ഹീറോയായും രക്ഷകനായും അവതരിക്കുമ്പോഴും നായകൻ എന്നത് ഇന്ത്യക്കകത്തെ അർത്ഥത്തിൽ സവർണ സ്വത്വം പേറുന്ന പുരുഷൻ ആയിരുന്നു. അങ്ങനെ അല്ലാതെ അപൂർവം ചില നായികമാർക്കും സമാന സ്വത്വം അനിവാര്യമായിരുന്നു. അപൂർവം അവസരങ്ങളിൽ കീഴാളർ പ്രധാന കഥാപാത്രങ്ങൾ ആകുമ്പോൾ പോലും അവർ അതിക്രമങ്ങൾക്കും അധികാരത്തിനും ഇരയാക്കപ്പെടുന്നവരായുമാണ് വരച്ചുകാട്ടപ്പെട്ടത്.

അതിനെ പൊളിച്ചെഴുതുന്നതാണ് ഈ സിനിമ. ഒരു ആദിവാസി സ്ത്രീയെ സൂപ്പർ ഹീറോ കഥാപാത്രമായി വരച്ചുകാട്ടുന്നതിലൂടെ ഇന്ത്യൻ സാമൂഹിക ഘടനയിൽ നാളിതുവരെ ഇല്ലാത്ത പൊളിച്ചെഴുത്തുകൾ ഈ സിനിമയിലൂടെ സംഭവിക്കുകയാണെന്ന് വേണം ഊഹിക്കാൻ. ആദിവാസിയായ സൂപ്പർ ഹീറോയെ സങ്കൽപ്പിക്കാൻ മലയാള സിനിമ സാഹിത്യത്തിന് കഴിഞ്ഞു തുടങ്ങി എന്നുള്ളത് വലിയ മാറ്റം തന്നെയാണ്. കേരളത്തിൽ നിലനിൽക്കുന്ന ബഹിഷ്കൃതരുടെയും കീഴാളരുടെയും സാംസ്‌കാരിക സാഹിത്യ രൂപങ്ങൾ, ബിംബങ്ങൾ മുഖ്യധാരയിലേക്ക് വളരെ പതുക്കെയെങ്കിലും കടന്നുവരുന്നതിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി തെളിവുകളുണ്ട്. എന്നാൽ ഈ സിനിമയെ അതിൽ നിന്നും സവിശേഷമാക്കുന്നത് അത് കീഴാളമായ ഒരു ശക്തമായ കഥാപാത്രത്തെ തീർത്തും ആധുനികതയ്ക്ക് അപ്പുറമുള്ള ഒരു സമൂഹത്തിൽ അൾട്രാ മോഡേൺ സമൂഹത്തിൽ സ്ഥാപിച്ചു എന്നതും കൊണ്ട് കൂടിയാണ്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
മുഖ്യകഥാപാത്രത്തിന് സെക്കുലർ അല്ലാത്ത കൃത്യമായ കീഴാള സ്വത്വപരമായ അടയാളപ്പെടുത്തലുകൾ ഉൾകൊള്ളുന്നതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. അങ്ങനെ ഉള്ള കഥാപാത്രം ലോകത്തെ തിന്മയിൽ നിന്നും രക്ഷിക്കാനായി പോരാടുമ്പോൾ അത് തീർച്ചയായും നിലനിൽക്കുന്ന അധീശത്വ ബോധങ്ങളുമായി ബന്ധപ്പെട്ട അർത്ഥങ്ങളെ പുനർനിർമ്മിക്കുന്നു. സവർണരുടെ ആരാധനയിലേക്ക് ജിജ്ഞാസാപൂരം എത്തി നോക്കുന്ന ആദിവാസി വിഭാഗത്തിൽ ഇന്നുള്ള പെൺകുട്ടിയിൽ കഥ അടയാളപ്പെടുത്തുന്നത് തന്നെ അധികാരമുള്ളവർ തൊട്ടുകൂടാത്തവരായി മാറ്റി നിർത്തപ്പെട്ട ഒരു സമൂഹത്തെ സിനിമ അടയാളപ്പെടുത്തുന്നു. അശുദ്ധി കല്പിക്കപെട്ട ആ മനുഷ്യർക്ക് മേലെ എതിരെ നിൽക്കുന്നവർ അധികാരം പ്രയോഗിക്കുകയും അതിനെ മാന്ത്രികമായ ശക്തികൊണ്ട് ആദിവാസിയായ പെൺകുട്ടി പ്രതിരോധിക്കുകയും ചെയുന്ന രംഗം വരുമ്പോൾ തന്നെ കഥാകൃത്ത് ആരുടെ പക്ഷത്താണ് നിലനിൽക്കുന്നത് എന്ന കൃത്യമായി പ്രേക്ഷകന് വ്യക്തമാകുന്നു. ശക്തരായ കഥാപാത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിലൊരാൾക്ക് കീഴാളസ്വത്വം അടയാളപ്പെടുത്തുക എന്നുള്ളത് കഥാകൃത്ത് എടുക്കുന്ന രാഷ്ട്രീയ പക്ഷപാതിത്വം തന്നെയാണ്. എന്നാൽ കീഴാളയായ സൂപ്പർ ഹീറോ പിന്നീട് ഉടനീളം രക്ഷിച്ചെടുക്കുന്നത് സ്വത്വങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടവർ അല്ല എന്നുള്ളത് ആ കഥയെ വീണ്ടും മനോഹരമാക്കുന്നു. യക്ഷിയും ചാത്തനും അടക്കം ബ്രാഹ്‌മണ്യ മൂർത്തി ഭാവങ്ങൾക്ക് പുറത്തുനിൽക്കുന്ന അശുദ്ധരായ ഒരു കൂട്ടം ദേവതാ സങ്കല്പങ്ങളെ, കേരളീയ പൊതുസമൂഹം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിന്റെ കൂടി ലക്ഷണങ്ങളാണ് ഇത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബ്രഹ്മയുഗത്തിൽ ചാത്തനെ ചിത്രീകരിച്ചത് തീർത്തും പൈശാചികമായ ദേവതാ രൂപമായിട്ടും ബ്രാഹ്മണ്യ അധികാരത്തിന് കീഴ്പ്പെട്ട് നിൽക്കുന്ന ഒന്നുമായിട്ടാണ്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ലോകയിലേത്. ലോകയിൽ ബ്രാഹ്മണ്യ അധികാരത്തെ അപ്രത്യക്ഷമാക്കുന്നു എന്ന് മാത്രമല്ല, ക്രൈസ്തവ പുരോഹിത രൂപമായ കത്തനാരെ യക്ഷിയുടെയും ചാത്തന്റെയും സഖ്യ കക്ഷിയായി പുനരാനയിക്കുകയാണ് ചെയുന്നത്. ഒരുപക്ഷെ ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന സൂപ്പർ ഹീറോ ചിത്രത്തിൽ നിന്ന് ലോക വ്യത്യസ്തമാകുന്നത് പലവിധത്തിലുള്ള ഇത്തരം സംസ്കാരങ്ങളെയും ചിഹ്നങ്ങളെയും അർത്ഥതലങ്ങളെയും പല വിധത്തിൽ ബന്ധപ്പെടുത്തി പുതിയ ഒരു അർത്ഥവ്യവസ്ഥ ഉണ്ടാകുന്നതുകൊണ്ട് കൂടിയാണ്.

REPRESENTATIVE IMAGE | WIKI COMMONS
എന്നാൽ കഥയിൽ പലയിടത്തും ക്ഷണികനേരം കൊണ്ട് പരിചയപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ ആഴത്തിലേക്ക് പോകാൻ കഴിയാത്തത് ഒരു ഏച്ചുകെട്ടലായി അനുഭവപ്പെട്ടു എന്നുള്ളത് വാസ്തവമാണ്. പരിചിതരും സ്വീകാര്യതയുള്ളവരുമായ നടന്മാരെ പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു സീക്വലിനുള്ള സാധ്യതകൾ അവശേഷിപിച്ചുകൊണ്ട് പരിചയപ്പെടുത്തിയത് കഥയെ വൈകാരികമായി സന്തോഷത്തിലേക്ക് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും അത് കഥാഘടനയിൽ സംശയങ്ങളും സങ്കീർണതകളും ഉണ്ടാക്കാനും കാരണമായി. എന്നാൽ ഒരു അർത്ഥത്തിൽ പ്രേക്ഷകരിൽ ജിജ്ഞാസ ഉണർത്തുന്നതുമായിരുന്നു. അതോടൊപ്പം നസ്ലന്റെ കഥാപാത്രത്തിന് മറ്റൊരു മുൻ കഥാപാത്രവുമായും അവസാനം പരിചയപ്പെടുത്തിയ പ്രധാന വില്ലന് പഴയ രാജാവിനോട് ഉണ്ടായ സമാനതകളും വിശദീകരിക്കാൻ കഴിയാത്തതും കഥാഘടനയിൽ ജിജ്ഞാസയും സംശയങ്ങളും ഉണ്ടാക്കി. എന്നാൽ വലിയൊരു ക്യാൻവാസിൽ ഈ കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ സിനിമ മികച്ച അനുഭവം തന്നെ സമ്മാനിച്ചു.

നിഗമനം

നായികാ പ്രാധാന്യവും മാന്ത്രികതയും പതുക്കെ വികസിക്കുന്ന കഥാഗതിയും ദ്രുതഗതിയിലുള്ള ആക്ഷൻ രംഗങ്ങൾ, ശത്രുനിഗ്രഹവും ചേർന്ന് തീർച്ചയായും ഇതൊരു വിപണി മൂല്യമുള്ള സിനിമയാണ്. കഥയുടെ ഘടനയും കഥാപാത്രത്തിന്റെ അസ്തിത്വങ്ങളുമായി ബന്ധപെട്ട് ഇതൊരു രാഷ്ട്രീയ കാഴ്ചയുള്ള സിനിമയായും പല വിധത്തിൽ അനുഭവപ്പെടുന്നു. തീർച്ചയായും ഇത് മലയാള സിനിമയിൽ കണ്ട് ആസ്വദിക്കേണ്ട മികച്ച ഒരു കലാസൃഷ്ടി തന്നെയാണ്.


#cinema
Leave a comment