വാഴ്ത്തലുകളില്‍ നഷ്ടമായ കാണലുകള്‍
കെ ജി ജോര്‍ജ് എന്ന സംവിധായകന്‍ അന്തരിച്ചതിനു ശേഷം അദ്ദേഹത്തെ കുറിച്ച് ഓണ്‍ലൈനിലും ഓഫ്ലൈനിലും ധാരാളമായി എഴുതപ്പെട്ടു. മരിച്ചവരെ കുറിച്ച് നല്ലതേ പറയാവൂ, അല്ലെങ്കില്‍ ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ എന്തും പറയാം എന്ന ബോധമായിരിക്കും പലരെയും നയിക്കുന്നത്. ഒരാള്‍ മരിക്കുമ്പോള്‍ ആ വ്യക്തി ഇല്ലാതാവുന്നു എന്നത് ശരിയാണെങ്കിലും ആ വ്യക്തി ജീവിച്ച ജീവിതം ബാക്കിയുണ്ടല്ലോ. ഒരു കലാകാരനാവുമ്പോള്‍ അയാളുടെ കലാപ്രവര്‍ത്തനത്തെ അപഗ്രഥിക്കുകയാണ് വേണ്ടത്.
ജോര്‍ജ് സിനിമാ രംഗത്തേക്ക് കടന്നുവരുന്ന സമയത്ത് സിനിമകള്‍ ജനപ്രിയ ചേരുവകളില്‍ വാര്‍ത്തവയായിരുന്നു. നായകന്‍ സര്‍വ്വഗുണ സമ്പന്നന്‍. വളരെ സാഹിതീയവും, സംസ്‌കൃതപദ സമ്പന്നവുമായ ഭാഷയില്‍ ശ്രുതി ശുദ്ധമായി ഒരു വെള്ളിപോലും വീഴാത്ത രീതിയിലുള്ള പാട്ടുകള്‍ പാടി നായികയ്‌ക്കൊപ്പം മരം ചുറ്റി പ്രേമിക്കുന്നവന്‍. കായികശേഷി ഇല്ലെങ്കിലും ധാരാളം പേരെ ഒറ്റയ്ക്ക് ഇടിച്ചു നിരത്താന്‍ പോന്നവന്‍. അയാളാണ് രക്ഷകന്‍. നായിക നായകന്റെ നിഴലില്‍ കഴിയേണ്ടവള്‍. അവളും സര്‍വ്വഗുണ സമ്പന്ന. സ്ത്രീകള്‍ പൊതുവെ പുരുഷാധിപത്യ വ്യവസ്ഥയില്‍ അടങ്ങിയൊതുങ്ങി കഴിയുന്നവര്‍. അതേസമയം പ്രതിനായിക, ക്ലബ്ബുകളില്‍ അര്‍ദ്ധനഗ്‌ന നൃത്തം ചെയ്യുന്നവള്‍. അതിഭാവുകത്വം, അമിത നാടകീയത എന്നിവയായിരുന്നു അക്കാലത്തെ സിനിമകളുടെ പൊതു സ്വഭാവം.
എല്ലാ ഘടകങ്ങളും ഒന്നിച്ചു ചേര്‍ത്ത സന്തോഷം, സങ്കടം, ഹാസ്യം, സംഘര്‍ഷം, പാട്ട്, നൃത്തം പോപ്പുലര്‍ എന്റര്‍ടൈനര്‍ ആയിരുന്ന അക്കാലത്തെ ഒളിച്ചോട്ട സിനിമകളിലേക്ക് യാഥാര്‍ത്ഥ്യബോധം കൊണ്ടുവന്നു ജോര്‍ജ്. എന്നാല്‍ അത് ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം എന്ന രീതിയിലായിരുന്നു. എന്നാല്‍, ഒരു സാമൂഹിക വസ്തുവിനെ സിനിമാറ്റിക് വസ്തുവായി പരിവര്‍ത്തനം ചെയ്യുന്നത് ഒരു പ്രത്യേക രീതിയിലുള്ള സാമൂഹികവും കാലബദ്ധവുമായ ഇടപെടലിലൂടെയാണ് സാധ്യമാവുക. എന്നാല്‍, സാധാരണയായി സമൂഹത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തെ സിനിമയിലേക്ക് അതേപോലെ പറിച്ചു നടാനാണ് എല്ലാവരും ശ്രമിക്കുക. ഇവിടെ സംവിധായകന്റെ ജോലി യാഥാര്‍ത്ഥ്യത്തിന്റെ കേവല ചിത്രീകരണം മാത്രമായി പരിമിതപ്പെടുന്നു, ക്യാമറ വെറുമൊരു റെക്കോര്‍ഡിംഗ് യന്ത്രം മാത്രമായി മാറുന്നു.
കെ ജി ജോര്‍ജ്| PHOTO: WIKI COMMONS
ക്യാമറ യാഥാര്‍ത്ഥ്യത്തെ ഒപ്പിയെടുത്തു, ജീവിതത്തെ പച്ചയായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ് നാം സംസാരിക്കുന്നത്. അതായത് യാഥാര്‍ത്ഥ്യത്തിന്റെ കേവല പ്രതിഫലനം എന്ന നിലയില്‍. അതുപോലെത്തന്നെയാണ് അഭിനയത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളും. അഭിനേതാവ് കഥാപാത്രമായി ജീവിച്ചു, അഭിനയം കണ്ട് കരഞ്ഞുപോയി എന്നൊക്കെയാണ് നാം പറയുക. എന്നാല്‍, കലയില്‍ (സിനിമയിലും) ശൈലീവല്‍ക്കരണം ഉണ്ട്, അമൂര്‍ത്തതയുണ്ട്. മറ്റൊന്ന്, സിനിമ യന്ത്രത്തിന്റെ കലയായതിനാല്‍ അതില്‍ രാസായനിക പ്രക്രിയ നടക്കുന്നുണ്ട്. എഡിറ്റിംഗ്, സംവിധായകന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ എന്നിവ കടന്നുവരുമ്പോള്‍ സിനിമ യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പ് അല്ലാതാവുന്നു.
'The movie is not a thing which is taken by the camera; the movie is the reality of the movie moving from reality to the camera' എന്നാണ് പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരാന്‍ ഴാന്‍-ലുക് ഗൊദാര്‍ദിന്റെ അഭിപ്രായം. 'Art is twice removed from reality' എന്ന് പ്ലാറ്റോ. 'Art is not a mirror...it does not reflect, it shapes' എന്ന് ബ്രഹ്ത്ത്. 'World is impermanent, momentary, illusions like mirage' എന്ന് വജ്രസൂത്ര.
നമ്മുടെ സിനിമകള്‍ നിലവിലുള്ള സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയുടെ മൂല്യങ്ങളെയും വിശ്വാസങ്ങളെയും പരിരക്ഷിക്കുന്നവയാണ്. ഈ രീതിയിലുള്ള പുനസ്ഥാപനത്തിലൂടെയും പവിത്രീകരണത്തിലൂടെയുമാണ് ആ വ്യവസ്ഥിതിയുടെ തുടര്‍ച്ച ഉണ്ടാവുന്നത്. മറ്റൊരര്‍ത്ഥത്തില്‍ അധീശവര്‍ഗത്തിന്റെ പ്രത്യയശാസ്‌ത്രോപകരണമായി സിനിമ പ്രവര്‍ത്തിക്കുന്നു. ഇത് നായകനിലൂടെ സാധിക്കുന്നു. സ്ത്രീകളെ വാര്‍പ്പ് മാതൃകയിലാണ് അവതരിപ്പിക്കുന്നത്. അവള്‍ പുരുഷന്റെ നിഴലായി ജീവിക്കേണ്ടവള്‍. അവള്‍ ചാരിത്ര്യശുദ്ധി ഉള്ളവളായിരിക്കണം. അവള്‍ പുരുഷന് മുന്നില്‍ ഇരിക്കരുത്, ഇരുന്നാല്‍ത്തന്നെ കാലിന്മേല്‍കാല്‍കയറ്റിവെക്കരുത്. കാലുകള്‍ ചലിപ്പിക്കരുത്. 'തര്‍ക്കുത്തരം' പറയരുത്. ഭാര്യ പുരുഷനേക്കാള്‍ ഉയരം കുറഞ്ഞവളായിരിക്കണം. ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ ഭക്ഷണം കഴിക്കേണ്ടവള്‍. (കാലാന്തരേണ ഇവയില്‍ ചിലതൊക്കെ മാറിയെങ്കിലും പുതിയ 'വിലക്കുകള്‍' ഉണ്ടായിവരുന്നു). ഇത്തരം മൂല്യങ്ങളെ ചോദ്യം ചെയ്യാന്‍ സിനിമയ്ക്ക് പ്രത്യയശാസ്ത്ര സമ്മതിയില്ല. സിനിമകള്‍ കുടുംബം, ദാമ്പത്യം, സമൂഹത്തോടുള്ള മനോഭാവം, ധര്‍മ്മാധര്‍മ്മ ചിന്തകള്‍ എന്നിവയ്ക്ക് പോറലേല്‍പ്പിക്കില്ല.
എന്നാല്‍ ജോര്‍ജ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ-പുരുഷ ബന്ധങ്ങളെ, കുടുംബം എന്ന സ്ഥാപനത്തിലെ ആധിപത്യ പ്രവണതകളെ, ഹിംസയെ, ഷണ്ഡത്വത്തെ, ലൈംഗിക അസംതൃപ്തിയെ തുറന്നുകാട്ടി. പ്രണയം/രതി എന്നിവ ഇവിടെ ബലപ്രയോഗമോ ചൂഷണോപാധിയോ ആണ്. സ്ത്രീകള്‍ പുരുഷന്റെ ആര്‍ത്തിക്കും ഹിംസയ്ക്കും ഇരകള്‍. ജോര്‍ജ് സിനിമകളിലെ സ്ത്രീകള്‍ മരണതുല്യമായ അവസ്ഥകളിലേക്ക് തള്ളപ്പെടുന്നു. ഇവിടെ ആരോടും പറയാതെ വീടുവിട്ടു പോവുന്ന സ്ത്രീകളുണ്ട്. അദ്ദേഹത്തിന്റെ 'പഞ്ചവടിപ്പാലം' ഒരു പൊളിറ്റിക്കല്‍ല്‍ സറ്റയറാണ്.
ഉള്ളടക്കത്തിന്റെ തലത്തില്‍ 'പുരോഗമനപരമായ' ആശയങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ജോര്‍ജിന്റെ ശൈലി വ്യവസ്ഥാപിതമാണ്. ലോക സിനിമ വളരെ മുമ്പേ തന്നെ പരീക്ഷണാത്മകമായ പല പ്രസ്ഥാനങ്ങളിലൂടെ കടന്നുവരികയുണ്ടായി. അപ്പോഴാണ് ജോര്‍ജ് താഴെപ്പറയുന്ന ശൈലിയില്‍ സിനിമയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ 'ഇരകള്‍' എന്ന സിനിമയുടെ തുടക്കം ഇപ്രകാരം: ശബ്ദപഥം ബഹളമയമാണ്, അരോചകമാണ്. സിനിമയില്‍ സങ്കട സന്ദര്‍ഭത്തിന് വയലിന്‍ കരയിക്കുകയാണ്. ഇത് പഴങ്കഞ്ഞിയാണ്. അകലെ നിന്ന് ബസ് വരുന്നു. കട്ട്. ബസ്സിനുള്ളില്‍ യാത്രക്കാരന്‍ പുറത്തേക്ക് നോക്കിയിരിക്കുന്നു. കട്ട്. വീണ്ടും ബസ്. കട്ട്. ടൈറ്റില്‍. കട്ട്. യാത്രക്കാരന്‍. കട്ട്. ബസ്. യാത്രക്കാരന്‍. ബസ്....ബസ്സിറങ്ങിയ യാത്രക്കാരന്‍ ജീപ്പില്‍ കയറുന്നു. കട്ട്. ജീപ്പ് കെട്ടിടത്തിന്റെ മുറ്റത്ത് നിര്‍ത്തുന്നു. കട്ട്. കെട്ടിടത്തിനകത്ത് തിലകനും ഇന്നസെന്റും സംസാരിക്കുന്നതിനിടയില്‍ ഇന്നസെന്റ് ജനലിലൂടെ നോക്കുന്നു. കട്ട്. ജീപ്പില്‍ നിന്ന് ഒരാള്‍ ഇറങ്ങുന്നു. കട്ട്. ഇന്നസെന്റ് പറയുന്നു: ബേബിച്ചനാണ്... ഇതുപോലെ നൈരന്തര്യം നിലനിര്‍ത്തുന്ന രീതിയില്‍ തിരിച്ചും മറിച്ചും കട്ടുചെയത് സംഭാഷണങ്ങളിലൂടെ സിനിമയെ പുരോഗമിപ്പിക്കുന്നു. ഇത് മെയിന്‍സ്ട്രീം സിനിമ പിന്തുടരുന്ന എഡിറ്റിംഗ് പദ്ധതിയാണ്. (ഇന്ന് മെയിന്‍സ്ട്രീം സിനിമ വളരെ വ്യത്യസ്തമായാണ് എഡിറ്റ് ചെയ്യുന്നത്). അതായത്, വിഷയത്തിന്റെ തലത്തില്‍ 'വിപ്ലവകര'മായതുകൊണ്ടുമാത്രം സിനിമ മഹത്താവില്ല. രൂപത്തിന്റെ തലത്തിലും 'വിപ്ലവകര'മാവണം. (ഇവ പരസ്പര വിരുദ്ധമല്ല). രണ്ടു വശത്തെയും നവീകരിക്കുന്ന, അട്ടിമറിക്കുന്ന സിനിമകളാണ് നല്ല സിനിമകള്‍. എന്നാല്‍, ജോര്‍ജിന്റെ സിനിമകള്‍ രൂപത്തിന് പരിക്കേല്‍പ്പിക്കുന്നില്ല എന്നുമാത്രമല്ല, അത് യാഥാസ്ഥിതികവുമാണ്.
'ഇരകള്‍' എന്ന സിനിമയിലെ രംഗം| PHOTO: WIKI COMMONS
ഇവിടെ മണി കൗളിന്റെ വാക്കുകള്‍ പ്രസക്തമാണ്: ''ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി മുതലായ അക്കാലത്തെ രാഷ്ട്രീയ പ്രബുദ്ധതയുള്ള സംവിധായകര്‍ വളരെ റിയലിസ്റ്റിക്കായ ശൈലിയില്‍ ആദിവാസികള്‍, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍, ലൈംഗികത്തൊഴിലാളികള്‍, ഫാക്ടറിത്തൊഴിലാളികള്‍ എന്നിവരെ സിനിമയില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഇത്തരം വിഷയങ്ങള്‍ തീര്‍ച്ചയായും സിനിമയില്‍ അവതരിപ്പിക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇത്തരം സിനിമകള്‍ പുതിയ ഉള്ളടക്കം തേടുക മാത്രമാണ് ചെയ്യുന്നത്. രൂപത്തില്‍ ഈ സിനിമകള്‍ വാണിജ്യ സിനിമയുടെ അടിസ്ഥാന ഘടകങ്ങള്‍ നിലനിര്‍ത്തുകയാണ് '.
മാത്രവുമല്ല, ജോര്‍ജ് രേഖീയമായ ആഖ്യാനം തന്നെയാണ് പിന്തുടരുന്നത്. ഒരു സ്ഥലത്തു നിന്ന് ആരംഭിച്ച് ക്ലൈമാക്‌സില്‍ അവസാനിക്കുന്ന രീതിയിലുള്ള ആഖ്യാനം. യൂറോപ്യന്‍ നവോഥാന ചിത്രകലയുടെ പരിപ്രേക്ഷ്യത്തിന്റെ സംയോജനം എന്ന ആശയം യൂറോപ്യന്‍ സിനിമ പുനര്‍നിര്‍മ്മിച്ചു. ഇത് നമ്മുടെ വാണിജ്യ സിനിമയേയും ഭൂരിഭാഗം ആര്‍ട്ട് സിനിമയേയും ബാധിച്ചു. അതുകൊണ്ടാണ് ജോര്‍ജിന്റെ സിനിമകള്‍ക്ക് പലരും ഫെല്ലിനിയുടെ സിനിമകള്‍ക്കൊപ്പം സ്ഥാനം കൊടുക്കുന്നതിനോട്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ '8½' എന്ന സിനിമയുമായി താരതമ്യം ചെയ്യുന്നതിനോട് ഞാന്‍ വിയോജിക്കുന്നത്. ജോര്‍ജിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പേര് '8½ Intercuts' എന്നാണ്. എന്നാല്‍, ഫെല്ലിനിയുടെ ഈ സിനിമ അനേകത (Multiplicity) എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന സിനിമയാണ്. രേഖീയ ആഖ്യാനത്തില്‍ ഐക്യത്തിനാണ് പ്രാധാന്യം. ഇതില്‍ നിന്ന് വ്യത്യസ്തമായി അനേകത വലിയ സാധ്യത ഒരുക്കുന്നു. '8½' എന്ന സിനിമയുടെ തിരക്കഥ ഫെല്ലിനിക്കൊപ്പം മറ്റു നാലുപേര്‍ ചേര്‍ന്നാണ് എഴുതിയത്. ഈ പ്രക്രിയയിലൂടെയായിരിക്കും സിനിമയുടെ ശ്ലഥമായ, തകര്‍ന്ന രൂപം ഉരുത്തിരിഞ്ഞുവന്നത്. സിനിമയില്‍ സമാന്തരമായി പലതും സംഭവിക്കുന്നു. ഓരോ നിമിഷവും സിനിമ മാറുകയും മുന്നോട്ട് പോവുകയും ചെയ്യുന്നു. ഒന്നിനകത്ത് നിരവധി സിനിമകള്‍. പല തന്തുക്കളെയും കൂട്ടിത്തുന്നുന്നു. സിനിമ വളരെ സങ്കീര്‍ണ്ണമായ ആഖ്യാനം പിന്തുടരുന്നു. അതുകൊണ്ട് ഒരു കാഴ്ചയ്ക്ക് ശേഷം നാം എന്താണ് കണ്ടതെന്ന് അറിയാതാവുന്നു. നമ്മുടെ സിനിമകള്‍ പൊതുവെ സംഭവങ്ങളെ ഒന്നിച്ചുകൊണ്ടുവന്ന് അതിനെ രേഖീയമായി അടുക്കുകയാണ്. ആശയങ്ങളെക്കാള്‍ സിനിമയുടെ രൂപത്തില്‍ ഊന്നുന്ന ഫെല്ലിനിയുടെ ശൈലിയെ പലരും പുകഴ്ത്തിയിട്ടുണ്ട്. 'A filmmaker who prefers ideas to images will never advance further because he is fighting the nature of his art. The printed word is ideal for ideas; film is made for images, and images are best when they are free to evoke many associations and are not linked to narrowly defined purposes' എന്നാണ് ഫെല്ലിനിയേക്കുറിച്ച് എഴുതിയ അലന്‍ സ്റ്റോണിന്റെ അഭിപ്രായം.
നാടകം പകര്‍ത്തിയതുപോലെയാണ് പല രംഗങ്ങളും. നാലഞ്ച് കഥാപാത്രങ്ങളുള്ള ഒരു രംഗത്ത് ഒരാള്‍ സംഭാഷണം പറയുന്നു. അടുത്തയാള്‍ ഈ സംഭാഷണം തീരാന്‍ കാത്തുനിക്കുന്നു, തന്റെ ഊഴം എത്തിയ ഉടനെ മറുപടി പറയുന്നു. മറുപടി മുന്‍കൂട്ടി തയ്യാറാക്കിയതുപോലെയാണ്. ഒരാള്‍ സംസാരിക്കുമ്പോള്‍ ആരോടാണോ സംസാരിക്കുന്നത്, അയാള്‍ക്ക് ഒരു പ്രതികരണവും ഇല്ല. അയാള്‍ സംസാരത്തെ മുറിച്ചുകൊണ്ട് ഇടയില്‍ കയറി ഒന്നും പറയുന്നില്ല. (അങ്ങിനെയാണല്ലോ നാം പൊതുവെ സംസാരിക്കുക). ഒരാള്‍ ഒരു കാര്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും അയാളുടെ മനസ്സില്‍ പല കാര്യങ്ങളും കടന്നുവരാം. അതുപോലെ കേള്‍ക്കുന്ന ആളുടെ മനസ്സിലും. ഒരു മനുഷ്യന്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെങ്കിലും അയാള്‍ ഒരു അവ്യവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. രണ്ടുപേര്‍ സംസാരിക്കുമ്പോള്‍ ആദ്യം ഒരാള്‍, പിന്നെ മറ്റൊരാള്‍ എന്ന രീതിയില്‍ കട്ടുചെയ്താണ് പൊതുവെ നമ്മുടെ സിനിമകള്‍ കാണിക്കുക (Cause and effect എന്ന രീതിയില്‍). ജോര്‍ജും അതുതന്നെയാണ് ചെയ്യുന്നത്. സാധാരണ ജീവിതത്തില്‍ രണ്ടുപേര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെ ജനലിനു പുറത്തെ വൃക്ഷത്തേയും പിന്നെ ഇളംകാറ്റില്‍ ഇളകുന്ന ശിഖരങ്ങളെയും നോക്കുന്നു. ഇതുപോലെ മറ്റുപലതിലേക്കും നോക്കുന്നു. ഇതൊക്കെയും ഒരാള്‍ ജീവിക്കുന്ന നിമിഷത്തിന് സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ ജോര്‍ജിന്റെ, അതുപോലെ മറ്റുള്ളവരുടെയും ലക്ഷ്യം സംഭാഷണങ്ങള്‍ പറഞ്ഞുതീര്‍ക്കുക എന്നതാണ്.
ശബ്ദപഥം എപ്പോഴും സജീവമാണ്, ഒന്നുകില്‍ പശ്ചാത്തല സംഗീതം, അല്ലെങ്കില്‍ സംഭാഷണങ്ങള്‍. കഥാപാത്രങ്ങള്‍ കുറേ നേരം സംസാരിക്കാതിരിക്കുമ്പോള്‍, അല്ലെങ്കില്‍ സിനിമ കുറച്ചു നേരം നിശബ്ദമാവുമ്പോള്‍ പ്രേക്ഷകര്‍ അസ്വസ്ഥമാവും, അപ്പോള്‍ അവര്‍ സിനിമയില്‍ നിന്ന് പുറത്തുകടക്കാന്‍ സാധ്യതയുണ്ട്. ഇത് നമ്മുടെ ഭൂരിഭാഗം സംവിധായകരും ആഗ്രഹിക്കുന്നില്ല, ജോര്‍ജും. അത് സിനിമയുടെ പരാജയമായിട്ടാണ് സംവിധായകര്‍ കാണുന്നത്. അതുകൊണ്ട് പലവിധത്തിലും പ്രേക്ഷകരെ സിനിമയില്‍ എപ്പോഴും ആമഗ്‌നരാക്കുന്നു. അഭിനേതാക്കളിലൂടെയാണ്, സംഭാഷണത്തിലൂടെയാണ്, പശ്ചാത്തല സംഗീതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്.
'ആദാമിന്റെ വാരിയെല്ല്' സിനിമയിലെ രംഗം| PHOTO: WIKI COMMONS
എഴുതിവച്ചിരിക്കുന്ന സ്‌ക്രിപ്റ്റിനെ (ടെക്സ്റ്റിനെ) അതേപോലെ പകര്‍ത്തുകയാണ് ജോര്‍ജ്. ഉദാഹരണമായി, ഒരാള്‍ ഭാര്യയോട് യാത്രപറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്നു, ഗേറ്റില്‍ എത്തി തിരിഞ്ഞുനോക്കുന്നു, അപ്പോള്‍ വരാന്തയില്‍ നില്‍ക്കുന്ന ഭാര്യ കൈ വീശുന്നു, അയാള്‍ ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുന്നു, വഴിയിലൂടെ നടന്ന് മറയുന്നു. ഇതൊക്കെയും ഭാര്യ നോക്കിനില്‍ക്കുന്നു. ഈ രീതിയില്‍ ദൃശ്യങ്ങള്‍ ഉണ്ടാക്കുക എന്നത് സിനിമയല്ല. അതുകൊണ്ടുതന്നെ സിനിമ സാഹിത്യം പോലെ അനുഭവപ്പെടുന്നു. എം.ടി.യുടെ സ്‌ക്രിപ്റ്റ് കിട്ടിയാല്‍ പിന്നെ സംവിധായകന് അത് ചിത്രീകരിക്കുകയേ വേണ്ടൂ എന്ന് പറയുന്നതുപോലെ. അപ്പോള്‍ സിനിമയില്‍ സംവിധായകന്റെ, സിനിമാറ്റോഗ്രഫിയുടെ റോള്‍ എന്താണ്?
ജോര്‍ജിന്റെ സിനിമകള്‍ സ്ത്രീ വിമോചന ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും, ആ രീതിയില്‍ 'പുരോഗമനപരം' ആണെങ്കിലും, സിനിമയിലെ പുരുഷ നോട്ടത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നില്ല, 'ആദാമിന്റെ വാരിയെല്ല് ' എന്ന സിനിമയുടെ അവസാനം സിനിമയുടെ നാലാം ചുമര്‍ തകര്‍ക്കുന്നുണ്ടെങ്കിലും. ഈ സിനിമയില്‍ വാസന്തി അവളുടെ മുറിയില്‍ സാരി മാറുന്നത് കാണിക്കുന്നു, അവളുടെ പാതി വസ്ത്രം ധരിച്ച ശരീരത്തിലേക്ക് അല്‍പനേരം നോക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ലഭിക്കുന്നു. കുളി കഴിഞ്ഞ് ആലീസ് തലമുടി ഉണക്കുന്നതും കണ്ണാടിയില്‍ നോക്കി ആസ്വദിക്കുന്നതും കാണിക്കുന്നു. ലൈംഗിക വികാരം ഉണര്‍ത്തുന്ന രീതിയിലാണ് അവളെ കാണിച്ചിരിക്കുന്നത്. ആലീസ് ഭക്ഷണം വിളമ്പുമ്പോള്‍, ഭര്‍ത്താവിന്റെ ബിസിനസ് സുഹൃത്തുക്കളുടെ ലൈംഗികാസക്തമായ നോട്ടത്തിന് വിധേയയാകുന്നു. പ്ലേറ്റുകള്‍ വൃത്തിയാക്കാന്‍ വരുന്ന അമ്മിണിയും അതേ അവസ്ഥയിലാണ്. രാത്രിയില്‍ മാമച്ചന്‍ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ക്യാമറ അമ്മിണിയുടെ ശരീരത്തിന്റെ മുകള്‍ ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ പോലും, അവള്‍ അശ്രദ്ധമായി വസ്ത്രം ധരിച്ചിരിക്കുന്നതിനാല്‍ അവളുടെ ഹാഫ് സാരി അവളുടെ ശരീരത്തിന്റെ മുകള്‍ഭാഗം പൂര്‍ണ്ണമായും മറയ്ക്കുന്നില്ല. ഇതൊക്കെയും കാണിച്ചിരിക്കുന്നത് പുരുഷന്റെ ഉദ്ദേശം, മനസ്സിലിരിപ്പ് അവതരിപ്പിക്കാനാണ്. മറ്റൊരു സിനിമയില്‍ ക്യാമറയുടെ നോട്ടം ഇറുങ്ങിയ ബ്ലൗസ് ധരിച്ച യുവതിയുടെ നെഞ്ചിലും ഇടുപ്പിലും മുതുകിലും കേന്ദ്രീകരിക്കുന്നു. അക്കാലത്ത് യുവതികള്‍ ഇറുങ്ങിയ വസ്ത്രമായിരിക്കും ധരിച്ചിരിക്കുക എന്ന ന്യായം പറയാം. ഈ രീതിയില്‍ വസ്ത്രം ധരിച്ച സ്ത്രീകളെ പുരുഷന്‍ നോക്കും എന്നും പറയാം. (ഇറുങ്ങിയ വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് സ്ത്രീകളെ പുരുഷന്‍ ബലാല്‍സംഗം ചെയ്യുന്നത് എന്നാണല്ലോ പൊതുബോധം).
സിനിമയില്‍ (കലയില്‍) ജീവിതത്തെ അതേപടി അവതരിപ്പിക്കുകയല്ലലോ വേണ്ടത്. ഇപ്രകാരം സംഭവിക്കുന്നത് നാം പൊതുവെ സിനിമയെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനമായാണ് കാണുന്നത് എന്നതുകൊണ്ടാണ്. മണി കൗളിന്റെ അഭിപ്രായത്തില്‍, ഒരു സാമൂഹിക വസ്തുവിനെ സിനിമാറ്റിക് ആക്കി മാറ്റുന്നത് ഒരു പ്രത്യേക സ്ഥല-കാല ഇടപെടല്‍ വഴിയാണ്. (ഇതിനെ അദ്ദേഹം ഡീ-നാച്ചറിംഗ് പ്രക്രിയ എന്ന് വിശേഷിപ്പിക്കുന്നു). ഇത് സാമൂഹിക വസ്തു എന്നതില്‍ നിന്ന് സിനിമാറ്റിക് വസ്തുവിലേക്കുള്ള സാധ്യതയെ നിരാകരിക്കുന്നു (ഇവിടെ ചലച്ചിത്രകാരന്റെ ജോലി പരിമിതമാണ്, യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്തുക എന്നതുമാത്രമാണ്).
'ഇരകള്‍' എന്ന സിനിമ തൊഴിലാളി വിരുദ്ധമാണ്. തൊഴിലാളികളെയും നേതാക്കന്മാരെയും വളരെ മോശം രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തൊഴിലാളി സമരം ഒതുക്കാന്‍ നേതാവ് പണം വാങ്ങുന്നു. തൊഴിലാളികള്‍ എന്നു പറഞ്ഞ് മേലനങ്ങാതെ ജീവിക്കുന്നവര്‍ എന്നാണ് മുതലാളി പറയുന്നത്. തൊഴിലാളികള്‍ ചാരായം കുടിക്കുന്നവരാണ് എന്നാണ് ഒരാള്‍ അധിക്ഷേപിക്കുന്നത്. തൊഴിലാളി നേതാക്കളെ കഴുവേറികള്‍ എന്നാണ് മുതലാളി വിളിക്കുന്നത്. (ഇതൊക്കെയും തൊഴിലാളികളെക്കുറിച്ചുള്ള പൊതുബോധമാണ് എന്ന രീതിയില്‍ ന്യായീകരിച്ചേക്കാം). 'ഇലവങ്കോട് ദേശം' എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം താന്‍ വെജിറ്റേറിയന്‍ ആണെന്ന് തെളിയിക്കാന്‍, തന്റെ ജാതി അറിയിക്കാന്‍ കാട്ടുമൂപ്പനെ തന്റെ പൂണൂല്‍ കാണിക്കുകയാണ്.
''തന്റെ കൃതികളെ ബൗദ്ധികമായ ആഡംബരത്താല്‍ ഭാരപ്പെടുത്താന്‍ ജോര്‍ജ് ഒരിക്കലും അനുവദിച്ചില്ല'' എന്നാണ്, അത് സിനിമയുടെ മഹത്വമായാണ് പലരും കാണുന്നത്. എഴുപതുകളില്‍ മണി കൗള്‍, അരവിന്ദന്‍, അടൂര്‍ എന്നിവരുടെ സിനിമകളെ നാം ബുദ്ധിജീവി സിനിമകള്‍ എന്നാണ് വിശേഷിപ്പിച്ചത്. സാമ്പ്രദായികമല്ലാത്ത ഈ സിനിമകള്‍ ആസ്വദിക്കാനും, ഉള്‍ക്കൊള്ളാനും ബുദ്ധിമുട്ടായിരുന്നു എന്നതുകൊണ്ടായിരിക്കാം. നമ്മുടെ ജൈവികമായ ആസ്വാദന ശേഷിയെ പലതിനാലും നിയന്ത്രിച്ചു എന്നതിനാലായിരിക്കാം ഈ സിനിമകള്‍ ആസ്വദിക്കാന്‍ ബുദ്ധിമുട്ടാവുന്നത്. നമ്മുടെ ഭൂരിഭാഗം സിനിമകളും ഒറ്റക്കാഴ്ചയില്‍ത്തന്നെ മനസ്സിലാവുന്നതാണ്. സിനിമ പ്രേക്ഷകര്‍ക്കായി ഒന്നും ബാക്കിവെക്കുന്നില്ല. ഇത് പരസ്യ സിനിമകളുടെ പ്രഭാവം ആയിരിക്കാം. ബുദ്ധി വാച്ച്മാനെ ഏല്‍പ്പിച്ചാണ് സിനിമ കാണാന്‍ തീയേറ്ററിലേക്ക് കയറിയത് എന്ന് നാം പറയാറുണ്ട്.
നാം മഹാന്മാരായ ചലച്ചിത്ര സംവിധായകരായി വിശേഷിപ്പിക്കുന്ന ബര്‍ഗ്മാന്‍, താര്‍കോവ്‌സ്‌കി, രാഷ്ട്രീയ സിനിമയുടെ അപ്പോസ്തലനായി കണക്കാക്കുന്ന ഗൊദാര്‍ദ് എന്നിവരുടെ സിനിമകള്‍ തത്വചിന്താപരമാണ്. ഫ്രോയ്ഡ്, യുംഗ്, എറിക് ഫ്രോം, കാസിമിയര്‍സ് ഡെബ്രോവ്‌സ്‌കി, കാരെന്‍ ഹോര്‍ണി, ജോഹാന്‍ കുല്‍ബര്‍ഗ്, സീലിയ ഗ്രീന്‍, ആര്‍ ഡി ലെയിംഗ്, ക്ലാരന്‍സ് ക്രോഫോര്‍ഡ്, മാര്‍ട്ടന്‍സന്‍-ലാര്‍സെന്‍, മിഹാലി റോബര്‍ട്ട് സിക്സെന്റ്മിഹാലി, ആര്‍തര്‍ ജാനോവ്, ഐനോ കൈല തുടങ്ങിയവരാല്‍ പ്രചോദിതനായ ബര്‍ഗ്മാന്റെ സിനിമകള്‍ ആസ്വദിക്കാന്‍ മനഃശാസ്ത്രത്തെ കുറിച്ച് അടിസ്ഥാന ധാരണയെങ്കിലും വേണ്ടേ? രാഷ്ട്രീയം, തത്വ ചിന്ത, പല കലാ രൂപങ്ങള്‍, അങ്ങിനെ ലോകത്തിലെ സകലമാന ചിന്തകളും സിനിമയില്‍ അവതരിപ്പിക്കുന്ന ഗൊദാര്‍ദിന്റെ സിനിമകള്‍ ഇതിനെക്കുറിച്ചൊക്കെ ഒരു ധാരണയും ഇല്ലാത്തവര്‍ എങ്ങിനെ ഉള്‍ക്കൊള്ളും? പകരം, ഈ സിനിമകളെ ബുദ്ധിജീവി സിനിമ, ദുര്‍ഗ്രഹ സിനിമ എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥം? അപ്പോള്‍ ബുദ്ധി ഉപയോഗിക്കാതെ ഈ സിനിമകള്‍ ആസ്വദിക്കുന്നത് എങ്ങിനെയാണ്? ബൗദ്ധികതയോടുള്ള ഈ എതിര്‍പ്പ് ഇന്നത്തെ നമ്മുടെ സിനിമകളെ ദരിദ്രമാക്കുന്നു. ഇത് സമൂഹത്തിന്റെ മൊത്തം ചിന്താഗതിയാണ്. കേരളത്തില്‍ തത്വചിന്തകര്‍ ഉണ്ടാവുന്നില്ല എന്ന കാര്യം ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.
'യവനിക' സിനിമയിലെ രംഗം| PHOTO: WIKI COMMONS
മനഃശാസ്ത്രപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു എന്നതാണ് ജോര്‍ജിന്റെ കേമത്തമായി പലരും പറയുന്നത്. എന്നാല്‍ സിനിമയും മനഃശാസ്ത്രവുമായി ബന്ധമില്ല. മനഃശാസ്ത്രം എന്നത് ഇതിവൃത്തവുമായി, കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് പാഠവുമായി (Text) ബന്ധപ്പെട്ടതാണ്. അത് ഒരു പരിധിവരെ സാഹിത്യത്തില്‍ നിന്ന് കടം കൊണ്ടതാണ്. നാം പൊതുവെ സിനിമയെ പാഠത്തിന്റെ അടിസ്ഥാനത്തിലാണ് അപഗ്രഥിക്കുന്നത്. മനഃശാസ്ത്രം സിനിമയില്‍ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. ബര്‍ഗ്മാന്‍ തന്റെ സിനിമകളില്‍ മനഃശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്രാഫ്റ്റ് ആണ്, വിശിഷ്യ 'പെര്‍സോണ' എന്ന സിനിമയെ, മഹത്തരമാക്കുന്നത്. മനഃശാസ്ത്ര വിഷയവും സിനിമയുടെ അസാമ്പ്രദായികമായ ക്രാഫ്റ്റും കൂടിച്ചേരുമ്പോഴാണ് സിനിമ ആസ്വദിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ഗൊദാര്‍ദ് അഭിപ്രായപ്പെടുന്നു, 'മനഃശാസ്ത്രപരമായ രീതിയില്‍ പ്രേക്ഷകരെ കഥയില്‍ ആമഗ്‌നരാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അതേസമയം പ്രേക്ഷകര്‍ സിനിമയെ കുറിച്ച് ബുദ്ധിപരമായ രീതിയില്‍ ചിന്തിക്കണമെന്നാണ് എന്റെ ആഗ്രഹം''.
എഴുപതുകള്‍ക്ക് ശേഷം ഇടനില സിനിമകളെ നാം പുകഴ്ത്തിയതിന്റെ ഫലമാണ് മലയാള സിനിമ ഇന്ന് അനുഭവിക്കുന്നത്. ഇന്നത്തെ ഭൂരിഭാഗം സിനിമകളും ഉള്ളടക്കത്തിലെ രാഷ്ട്രീയ ശരിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, നമ്മുടെ എഴുത്തും ചര്‍ച്ചയും ആ രീതിയില്‍ത്തന്നെയാണ്. ലോകം വളരെ സങ്കീര്‍ണ്ണമായ അവസ്ഥയിലും നമുക്ക് നല്ല സിനിമകള്‍ ഉണ്ടാവുന്നില്ല. പ്രശ്‌നാധിഷ്ഠിതമായ ശരാശരി സിനിമകള്‍ മാത്രമാണ് ഇന്ന് ഉണ്ടാവുന്നത്. എന്തിനധികം, സിനിമയുടെ സ്വഭാവത്തെപ്പോലും കൃത്യമായി തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. മധ്യവര്‍ത്തി സിനിമാക്കാരായ ശ്യാം ബെനെഗളിനേയും ഗോവിന്ദ് നിഹലാനിയേയും, അതുപോലുള്ള മറ്റുള്ളവരേയും, നാം ആര്‍ട്ട് സിനിമാക്കാരായാണ് വിശേഷിപ്പിക്കുന്നത്. ഇവരെ ചിലര്‍ അവാംഗ് ഗാര്‍ഡ് സംവിധായകരായിപ്പോലും വിശേഷിപ്പിക്കുകയുണ്ടായി. ഒരു നിരൂപകന്‍ സത്യജിത് റായിയെ 'the avant-garde path-breaker' എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
ജോര്‍ജ് സ്വയം ഒരിക്കലും ഒരു മഹാനായ സംവിധായകനായി കണ്ടിരുന്നു എന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പല അഭിമുഖങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നു. ജോര്‍ജിനെ കുറിച്ച് എഴുതിയവരും സംസാരിക്കുന്നവരും അദ്ദേഹത്തെ ഒരു മധ്യവര്‍ത്തി സിനിമാക്കാരനായാണ് വിശേഷിപ്പിക്കുന്നത്. കലയ്ക്കും കച്ചവടത്തിനും ഇടയില്‍ സിനിമയുണ്ടാക്കിയ ആള്‍. കല രണ്ടേ ഉള്ളൂ, നല്ല കലയും, ചീത്ത കലയും. അപ്പോള്‍ എങ്ങിനെയാണ് ഇവയ്ക്കിടയില്‍ പാലം പണിയുക? ഇത്തരത്തിലുള്ള ഒരാളെയാണ് മലയാളത്തിലെ പുതിയ തലമുറ സംവിധായകര്‍ ബെഞ്ച്മാര്‍ക്ക് ആക്കുന്നത് എന്നാണ് പലരും പറയുന്നത്. അതുതന്നെയാണ് മലയാള സിനിമയുടെ ഇന്നത്തെ ദുരന്തം. ഇന്നത്തെ സിനിമകള്‍ ശരാശരിയോ, അതിലും താഴ്ന്നതോ ആണ്. ഒരു മധ്യവര്‍ത്തി സിനിമാക്കാരനെ ബെഞ്ച്മാര്‍ക്ക് ആക്കുമ്പോള്‍ മലയാളത്തിലേയും ലോകത്തിലെയും കലാ സിനിമയുടെ, സൗന്ദര്യാത്മക സിനിമയുടെ വലിയ പാരമ്പര്യത്തെ നാം റദ്ദ്‌ചെയ്യുകയാണ്. ഇവരിലൂടെയാണ് സിനിമ വളര്‍ന്നതും വികസിച്ചതും എന്ന് നാം അറിയുക.