TMJ
searchnav-menu
post-thumbnail

TMJ Cinema

ഭയത്തിന്റെ (എലി)ക്കെണികള്‍

01 Mar 2024   |   4 min Read
യാക്കോബ് തോമസ്‌

ങ്ങനെ ദൈവകോപവും ഭൂത പ്രേത പിശാചുബാധയും നിമിത്തം വാരാനിടയുള്ള അത്യാപത്തുകളെപ്പറ്റി എത്രയെത്ര താക്കീതുകളാണ് ബാല്യകാലത്ത് ഞാന്‍ കേട്ടിട്ടുള്ളത്. ദൈവങ്ങളോ പിശാചുക്കളോ കാട്ടിക്കൂട്ടിയിട്ടുള്ള ദ്രോഹങ്ങളുടെ എത്ര പേടിപ്പെടുത്തുന്ന കഥകള്‍... ഇഎംഎസ് തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഈ ഓര്‍മ്മകള്‍ കേരളീയസമൂഹത്തിന്റെ പഴയകാലത്തെക്കുറിച്ച് ചില ധാരണകള്‍ നല്കുന്നുണ്ട്. ഭയം ജനിപ്പിക്കുന്നതിലൂടെയാണ് ഒരാളുടെ വ്യക്തിരൂപീകരണത്തെ അക്കാലത്ത് നിര്‍വഹിച്ചിരുന്നതെന്നും ഈ ഭയം ആചാരമായി എല്ലാത്തിനെയും അനുസരിക്കുന്ന ശീലമായി മാറുന്നുവെന്നുമാണ് ഇവിടെ പറയുന്നത്. ദൈവത്തെയും പിശാചിനെയും കുറിച്ചുള്ള ഭയം എല്ലാത്തിനും അധികാരിയായി ദൈവത്തെ പ്രതിഷ്ഠിക്കുകയും അതിനോടുള്ള ചെറിയ വിയോജിപ്പുപോലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള ഭയമായി മാറുകയും ചെയ്യുന്നു. സമൂഹത്തില്‍ കാണുന്നതെല്ലാം ദൈവത്താല്‍ സാധ്യമായതാണെന്നും ജാതിയും ആചാരങ്ങളും മറ്റുവഴക്കങ്ങളും ദൈവസൃഷ്ടിയാണെന്നും മനുഷ്യര്‍ക്കത് എതിര്‍പ്പില്ലാതെ അംഗീകരിക്കേണ്ടതുണ്ടെന്നും ഈ ഭയം പഠിപ്പിക്കുന്നു. കേരളീയ ഫ്യൂഡലിസം ജാതിയെ വഴക്കമായി സ്ഥാപിച്ചെടുത്തത് ഈ ഭയത്തിലൂടെയാണെന്ന് കാണാം. ജാതി ദൈവസൃഷ്ടിയാണെന്ന് സ്ഥാപിച്ചെടുത്തതിലൂടെ അതുമായി ബന്ധപ്പെട്ട ആചാരങ്ങളും കീഴ്‌വഴക്കങ്ങളും ദൈവികമാണെന്നു വിശ്വസിപ്പിക്കപ്പെടുന്നു. അതിന്റെ ലംഘനങ്ങള്‍ ഘോരപാപമാണെന്നും ശിക്ഷയ്ക്കര്‍ഹമാണെന്നും പഠിപ്പിക്കപ്പെടുന്നു. ഇത്തരമൊരു ഫ്യൂഡല്‍ ഭയത്തിന്റെ കഥയാണ് സര്‍പ്പക്കാട് എന്ന കവിതയില്‍ വൈലോപ്പിള്ളി വരച്ചിടുന്നത്. വീടിനുപിറകില്‍ ഇരുട്ടും ഭയവുമായി നില്ക്കുന്ന സര്‍പ്പക്കാട് കുട്ടിക്കാലത്ത് പല കഥകളായി ഭയമായി നിറഞ്ഞത് കവിയോര്‍ക്കുന്നു. വളര്‍ന്നപ്പോള്‍ ആ ഭയത്തില്‍നിന്ന് പുറത്തുകടന്ന് അതിനെ വെട്ടിമാറ്റുന്ന ഇച്ഛയായി മാറുന്നു. മുത്തശ്ശിക്കഥകളിലൂടെയും മറ്റുമാണ് ഭയത്തിന്റെ ലോകം സൃഷ്ടിക്കുന്നതെന്നാണ് ഇഎംഎസും വൈലോപ്പിള്ളിയും പറയുന്നത്. ഇരുട്ടുപിടിച്ച സ്ഥലങ്ങളും ക്രൂരതയുടെ ആഖ്യാനങ്ങളും കൂടിച്ചേരുമ്പോഴാണ് ഭയം സൃഷ്ടിക്കപ്പെടുന്നത്. ഈ ഭയം എല്ലാത്തിനെയും എതിര്‍പ്പില്ലാതെ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഭയവും പാപബോധവും പ്രായശ്ചിത്തവും ചേര്‍ന്ന സാമൂഹികതയിലൂടെയാണ് കേരളീയ ഫ്യൂഡലിസം പ്രവര്‍ത്തിച്ചതെന്നു കാണാം. അങ്ങനെ എല്ലാത്തിനോടും ഭയംകലര്‍ന്ന സമീപനത്തിലൂടെ അടിയായ്മ നിരന്തരം ഉല്പാദിപ്പിക്കാന്‍ അക്കാലത്തെ സാമൂഹികവ്യവഹാരങ്ങള്‍ക്ക് കഴിഞ്ഞു. ഈ ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന ഭയത്തിന്റെ സവിശേഷമായ ആഖ്യാനമാണ് ഭ്രമയുഗം എന്ന സിനിമയും പറയുന്നത്.

ഭയത്തിന്റെ ഉല്പാദനത്തിലൂടെയാണ് ജാതിവ്യവസ്ഥ രൂപംകൊണ്ടതെന്ന് കേരളചരിത്രം പറയുന്നുണ്ട്.  ഗോത്രകാലത്തിനുശേഷം ബ്രാഹ്‌മണരുടെ അധിനിവേശത്തോടെയാണ് ക്ഷേത്രകേന്ദ്രീകൃതമായ വിശ്വാസം രൂപപ്പെട്ടതെന്നും അതിലൂടെയാണ് ജാതി ഒരു വ്യവസ്ഥയായി ഗോത്രകലാചാരങ്ങളും മറ്റും കൂട്ടിക്കലര്‍ത്തി രൂപംകൊണ്ടതെന്നും ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. ഗോത്രസമൂഹങ്ങള്‍ക്കുമേല്‍ ബ്രാഹ്‌മണരാധിപത്യം നേടിയത് തങ്ങളുടെ വേദങ്ങളിലുള്ള വിശ്വാസവും പൂജയിലും മറ്റുമുള്ള മേല്‌ക്കോയ്മയിലൂടെയുമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ആ ആധിപത്യം ബൗദ്ധികമായ ആധിപത്യമായി മാറുകയും തദ്ദേശീയരുടെ അറിവുകളും വിശ്വാസവും തരംതാഴ്ന്നതായി മാറ്റപ്പെടുകയും ചെയ്യുന്നു. അങ്ങനെ ജാതി ആധിപത്യത്തിലുള്ളവരോടുള്ള ഭയമായി മാറുകയും അവരുടെ അടുത്തുചെല്ലുന്നതും ബന്ധമുണ്ടാക്കുന്നതും ശരിയല്ലെന്ന ബോധം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ അയിത്തം വ്യവസ്ഥയായി മാറുകയും തീണ്ടലുകള്‍ ഉണ്ടാവാതിരിക്കുന്നതിനുള്ള ഇടപാടായി ജീവിതം മാറുകയും ചെയ്യുന്നു. അയിത്തവും മറ്റും ലംഘിക്കുന്നത് ഘോരപാപമായി മുദ്രകുത്തപ്പെടുന്നതോടെ കീഴാളരുടെ ജീവിതമെന്നത് ഭയത്തിന്റെ ലോകമായി മാറുന്നു. മേലാളരുടെ മുമ്പില്‍ തീണ്ടാപ്പാടകലത്ത് തന്റെ ശ്വാസം ചുറ്റുമുള്ള വായുവിനെ മലിനമാക്കും എന്നുകരുതി ഓച്ഛാനിച്ചുനില്ക്കുന്ന കീഴാളര്‍ നേരെനില്ക്കുവാന്‍പോലും അവകാശമില്ലാത്ത പ്രത്യേകതരം ജീവിയായിട്ടാണ് തന്നെ കാണുന്നത്. മേലാളനില്‍നിന്നും കിട്ടാവുന്ന ശിക്ഷയെക്കുറിച്ചുള്ള ഭയമാണ് അയാളെ അങ്ങനെയാക്കുന്നതെന്നാണ് വസ്തുത. ഇങ്ങനെ ഭയം ഉല്പാദിപ്പിച്ച് ഒരാളെ ജാതിനിയമം അടിച്ചേല്പിക്കുന്ന പ്രക്രിയയാണ് ഫ്യൂഡല്‍കാലത്ത് കേരളത്തില്‍ നടന്നത്. ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്ന വിശ്വാസം അലിഖിതവഴക്കമായി ഇന്നും പലരും ഉന്നയിക്കുന്നത് പഴമയുടെ ഭയംകൊണ്ടാണ്. അങ്ങനെ ലംഘിക്കപ്പെട്ടാല്‍  ദൈവികശിക്ഷകളുണ്ടാകുമെന്ന വിശ്വാസം ഇന്നും പ്രബലമാണ്. അതുകൊണ്ടാണ് ആര്‍ത്തവമൊക്കെ വലിയ അശുദ്ധിയായി ആധുനികകാലത്തും നിലനില്ക്കുന്നത്. ആധുനികതയിലും ഫ്യൂഡലിസത്തിന്റെ ഭയങ്ങള്‍ ജീവിതത്തെ വരിഞ്ഞുമുറുക്കുന്നത് ദൃശ്യമാകുന്നു.

PHOTO: YOUTUBE
പതിനേഴാംനൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ അടിമവ്യാപാരത്തില്‍നിന്നും രക്ഷപ്പെട്ട തേവന്‍ കൊടുമണ്‍ പോറ്റിയുടെ തറവാട്ടിലെത്തി അവിടെ അയാളുടെ അടിമയായി കഴിയുന്നതാണ് ഭ്രമയുഗത്തിന്റെ ഇതിവൃത്തം. കൊടുംകാടായിരുന്നു ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭകാലംവരെ കേരളമെന്ന് ചരിത്രത്തില്‍കാണാം. ആ ചരിത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് എന്നാലതിനപ്പുറം പ്രതീകം കൂടിയാണ് കാടെന്നു പറയുന്നതാണ് സിനിമയുടെ ആഖ്യാനകൗശലം. യക്ഷിയൊക്കെയുള്ള ഘോരകാനനവും അതിനുള്ളിലെ തറവാടും ചരിത്രത്തിലെ യാഥാര്‍ത്ഥ്യം എന്നതിനൊപ്പം വര്‍ത്തമാനകാലത്തെ ചരിത്രവത്കരിക്കുന്ന അടയാളമായും വരുന്നു. പോറ്റിയുടെ തറവാട്ടിലെത്തുന്ന തേവന്‍ അവിടുത്തെ വേലക്കാരനിലൂടെ ആ തറവാട്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ ചിലത് അറിഞ്ഞപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. എന്നാല്‍ പകിടകളിയില്‍ ജയിച്ചാല്‍ തനിക്കു പോകാമെന്ന് പോറ്റി പറയുന്നു. പകിടകളിയില്‍ അയാള്‍ തേവനെ തോല്പിച്ചു. അഥവാ ആര്‍ക്കുമൊരിക്കലും ജയിക്കാന്‍ കഴിയാത്ത കളിയാണ് ആ പകിടകളി. അയാളുടെ രക്ഷപ്പെടല്‍ എന്നെന്നേക്കുമായി അവസാനിക്കുന്നു. അയാളവിടുത്തെ ഒരടിമയായി മാറുന്നു. ബോധം നശിച്ച് കാലംപോകുന്നതുപോലും അറിയാതെ തേവന്‍ ഭയത്തിന്റെ ഇരുട്ടില്‍ ആഴത്തില്‍ കഴിയാന്‍ നിര്‍ബന്ധിതനാവുന്നു. എന്നാല്‍ പോറ്റിയല്ല മറിച്ച് ആ തറവാട്ടിലെ ചാത്തനെന്ന ദേവസങ്കല്പമാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും പോറ്റിയുള്‍പ്പെടെ ബാക്കിയെല്ലാവരും ചാത്തന്റെ അടിമകളാണന്നും ഒടുവില്‍ വെളിപ്പെടുന്നു. വേലക്കാരന്‍ ചാത്തനെ ഇല്ലാതാക്കാനുള്ള യത്‌നത്തിലാണ്. ചാത്തന്റെ ശക്തി ആവാഹിച്ചിട്ടുള്ള മുദ്രമോതിരം അണിയുന്നതിലൂടെയാണ് ഒരാള്‍ ചാത്തന്റെ പ്രതിനിധിയാകുന്നത്. വേലക്കാരനും തേവനും കൂടി പോറ്റിയെ ഇല്ലാതാക്കിയപ്പോള്‍ ചാത്തന്റെ മുദ്രമോതിരം കിട്ടുന്നത് തേവനാണ്. വേലക്കാരനാകട്ടെ പോര്‍ച്ചുഗീസ് പട്ടാളത്തിന്റെ വെടിയേറ്റു കൊല്ലപ്പെടുകയും ചെയ്യുന്നു. പോറ്റിയുടെ തറവാട് ഏതാണ്ട് പൂര്‍ണമായും തകരുന്നുണ്ടെങ്കിലും ബ്രാഹ്‌മണ്യത്തെ സാധ്യമാക്കിയ ചാത്തന്റെ അധികാരം അവശേഷിക്കുന്നുണ്ടെന്നാണ് സിനിമ പറയുന്നത്. തോക്കുമായി പ്രത്യക്ഷപ്പെടുന്ന പോര്‍ച്ചുഗീസ് പട്ടാളം ആധുനികതയുടെ അടയാളമായി കടന്നുവരുന്നതായും പറയാം.

എല്ലാത്തിനെയും ജാതിപരമായി ചിട്ടപ്പെടുത്തിയ കേരളീയ ജാതിവ്യവസ്ഥ മനുഷ്യരുടെ ശ്വാസോച്ഛ്വാസത്തെവരെ ജാതീയമാക്കിയാണ് നിര്‍വചിച്ചത്. ഓരോ ജാതിക്കാര്‍ക്കും ഓരോ തരത്തിലുള്ള വീടും ഭക്ഷണരീതികളും വേഷവും ജാതി നിശ്ചയിച്ചു. മുകള്‍ത്തട്ടിലുള്ള ബ്രാഹ്‌മണ്യത്തിനെ എതിരിടുകയോ കീഴടക്കുകയോ ചെയ്യുന്ന ഒന്നും കീഴ്ജാതിക്കാര്‍ക്ക് പാടില്ലെന്നായിരുന്നു ഇതിന്റെ അടിസ്ഥാനതത്വം. അങ്ങനെ നമ്പൂതിരിയുടെ വീട് മന എന്ന നാലുകെട്ടാവുന്നു. അതിന്റെ പടിപ്പുരപോലും ചെല്ലാന്‍ സവര്‍ണരല്ലാത്തവര്‍ക്കു സാധ്യമല്ലായിരുന്നു. ഒന്നോ രണ്ടോ കസേരകളും ഭരണികളും മാത്രമുള്ള പോറ്റിയുടെ തറവാട് കേരളത്തിലെ ഫ്യൂഡല്‍കാലത്തെ മറ്റു തറവാടുകള്‍പോലെ ജാതിയുടെ നിയമങ്ങള്‍ക്കനുസരിച്ച് രൂപപ്പെട്ട ഒന്നായിരുന്നു. ആശാരിമാരും മറ്റു പണിക്കാരും അശുദ്ധരായി ഗണിക്കപ്പെട്ട സാമൂഹികതയില്‍ സാങ്കേതികവിദ്യയിലൂടെ മെച്ചപ്പെട്ട നിര്‍മാണങ്ങള്‍ സാധ്യമല്ലായിരുന്നു. അതിനാല്‍ വളരെ പരിമിതമായ ഗാര്‍ഹികോപകരണങ്ങളെ കേരളത്തിലെ ബ്രാഹ്‌മണരുടെപോലും വീടുകളില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് ചരിത്രം പറയുന്നത്. വിദേശികളുടെ വരവോടെയാണ് മെച്ചപ്പെട്ട ഗാര്‍ഹികോപകരണങ്ങളും നിര്‍മാണരീതികളും കേരളത്തില്‍ വ്യാപകമാകുന്നത്. വീടുകള്‍ ഓടിടാന്‍പോലും ജാതികാരണം നായന്മാര്‍ക്കുപോലും അക്കാലത്തൊന്നും കഴിഞ്ഞിരുന്നില്ല. കീഴാളര്‍ക്ക് ജനലുകള്‍ പോലുമില്ലാത്ത മണ്‍കുടിലുകളേ നിര്‍മിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ചുരുക്കത്തില്‍ മനുഷ്യരുടെ സാമൂഹികവികാസത്തെ പാടേ നിര്‍ജ്ജീവമാക്കി നിര്‍ത്തിയ പ്രക്രിയയായിരുന്നു ജാതിവ്യവസ്ഥയെന്ന് പറയുന്ന ഘടകം.  ജാതിയെങ്ങനെ സവിശേഷമായ അധികാരരൂപമായി മനുഷ്യരെ അടിമകളാക്കി മാറ്റുന്നുവെന്ന് വര്‍ത്തമാനകാലത്തിന്റെ ജാതി- ഭരണകൂടരൂപങ്ങളെ സൂചിപ്പിച്ചുകൊണ്ട് കാണിച്ചുതരികയാണ് ഭ്രമയുഗം.

PHOTO: YOUTUBE
1982 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത എലിപ്പത്തായം എന്ന സിനിമ പ്രമേയപരമായി ഭ്രമയുഗത്തോട് ബന്ധം പുലര്‍ത്തുന്നുണ്ടെന്നു കാണാം. ആധുനികതയില്‍ പുലരുന്ന കേരളീയ നായര്‍ത്തറവാടിന്റെ ആധുനികതയോടുള്ള വിമുഖതയാണ് അതിന്റെ പ്രമേയം. ഭ്രമയുഗത്തിലേതുപോലെ പോറ്റിയുടെ സ്ഥാനത്ത് ഉണ്ണി വരുന്നു. അയാളുടെ കീഴില്‍ രണ്ടു സഹോദരിമാരും. പോറ്റിയെപ്പോലെ അധികാരം പ്രകടമായി കാണിക്കുന്ന ആളല്ല ഉണ്ണി. എന്നല്ല വളരെ ദുര്‍ബലനാണെന്നും അയാളുടെ മാനറിസങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ, അയാള്‍ ആര്‍ക്കും വിധേയപ്പെടുന്ന ആളല്ല, ആരെയും അനുസരിക്കുന്ന ആളുമല്ല. സഹോദരിമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിഷേധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ആളാണ് ഉണ്ണി. അതായത് ആധുനികകാലത്തിനു ചേര്‍ന്ന ഒരു സ്വഭാവവും അയാള്‍ക്കില്ല. മറിച്ച് അയാളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നടത്താനാണ് അയാള്‍ മറ്റുള്ളവരെ ഉപയോഗിക്കുന്നത്. കേരളത്തില്‍ ആധുനികത ശക്തമായപ്പോള്‍ ബ്രാഹ്‌മണ്യത്തില്‍ അടിയുറച്ച് സവര്‍ണത്തറവാടുകള്‍ ആളോഹരിവാദത്തിലും മറ്റും പ്രതിസന്ധിയിലായെന്നാണ് ചരിത്രം. സവര്‍ണരുടെ ആഢ്യത്വം നിറഞ്ഞ ജീവിതരീതികള്‍ പുതിയകാലത്തിന് ഇണങ്ങുന്നതുമായിരുന്നില്ല. എല്ലാത്തരത്തിലും ആധുനികതയോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ബ്രാഹ്‌മണ്യവും അവരുടെ തറവാടുകളും തകരുകയായിരുന്നുവെന്നാണ് ചരിത്രം. അവിടെയാണ് തറവാടുകളുടെ തകര്‍ച്ച വലിയ പ്രശ്‌നമായി അവതരിപ്പിക്കുന്ന കഥകളുണ്ടായത്. ആധുനികതയോട് പൊരുത്തപ്പെടാതെ എലിപ്പത്തായമായി മാറുകയാണ് ഉണ്ണിയുടെ തറവാടെന്നാണ് സിനിമ പറയുന്നത്. നായര്‍ തറവാടിന്റെ ദൃശ്യതയിലൂടെയാണ് എലിപ്പത്തായം സഞ്ചരിക്കുന്നത്. കറുപ്പിലും വെളുപ്പിലും ഭ്രമയുഗവും ദൃശ്യവല്കരിക്കുന്നത് അത്തരമൊരു തറവാടാണ്. എലിപ്പത്തായത്തിലും ഒരു കസേര പൂമുഖത്ത് കാണാം. ഭ്രമയുഗത്തിലേതുപോലെ കാര്യമായ ഉപകരണങ്ങള്‍ അവിടെയുമില്ലെന്നു കാണാം. കൊത്തുപണികളുള്ള വാതിലും താക്കോലും വലിയ ഭരണികളും മാത്രം. ഉണ്ണിയുടെ ടോര്‍ച്ചും കട്ടിലുമാണ് അവിടെയുള്ള ആധുനിക ഉപകരണങ്ങള്‍. ഭ്രമയുഗത്തിലേതുപോലെ ഒരു അധികാരിയായ ചാത്തന്‍ ഇവിടെയില്ലെന്നു പറയാമെങ്കിലും മറഞ്ഞിരിക്കുന്ന നായര്‍ മേധാവിത്വമെന്ന അധികാരത്തെ എലിപ്പത്തായത്തില്‍ നിരന്തരം കാണാം. ആ അധികാരം ഒരു എലിപ്പത്തായമായും അതിലെ ആളുകള്‍ എലിപ്പത്തായത്തിലെ എലികളുമായി മാറുന്നുവെന്നത് ആഢ്യജാതിബോധത്തിന് കാര്യമായ നിലനില്പില്ലെന്നുള്ള ആധുനികതയുടെ പ്രഖ്യാപനമാണ്. ജാതിയുടെയും ആഢ്യത്വത്തിന്റെയും പ്രത്യയശാസ്ത്രം എലിക്കെണിപോലെ  രക്ഷപെടാനാവാത്തവിധം ആളുകളെ കുടുക്കുന്നുവെന്ന് ഈ കാഴ്ചകള്‍ പറയുന്നു.

സിനിമാ പ്രേക്ഷകര്‍ കാണുന്നത് കേവലം ചരിത്രത്തിലെ ഒരനുഭവം എന്ന നിലയില്‍ മാത്രമല്ല, മറിച്ച് സമകാലികതയിലെ ജീവിതാനുഭവത്തിന്റെ പങ്കാളിത്തമെന്ന നിലയില്‍ക്കൂടിയാണ്. അങ്ങനെ നോക്കുമ്പോള്‍ പതിനേഴാംനൂറ്റാണ്ടിലെ തറവാടും അതിലെ പോറ്റിയും ചാത്തനും അവര്‍ക്കടിമപ്പെടുന്ന മനുഷ്യരും സമകാലികസമൂഹത്തിലെ ജീവിതാനുഭവങ്ങളോടു കണ്ണിചേരുന്നുണ്ട്. ജാതിയും തറവാടിത്തവും ബ്രാഹ്‌മണ്യവും അവയുടെ പ്രത്യയശാസ്ത്രവും സവിശേഷമായ ഒരധികാരഘടനയാണെന്നും അതില്‍ നിന്നു രക്ഷപെടുക സാധ്യമല്ലെന്നുമാണ് സിനിമ പറയുന്നത്.  ഭരണകൂടംപോലുള്ളവ ജാതിയുടെയും മതത്തിന്റെയും കോട്ടകള്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ പ്രത്യയശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ട് ഭയപ്പെടുത്തി മനുഷ്യരെ ആ കോട്ടകളില്‍ രക്ഷപ്പെടാനാവാത്തവിധം തളച്ചിടുന്നു. സംഘപരിവാരത്തിന്റെ അക്രമോത്സുക ഹിന്ദുത്വവാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു കോട്ടയായി സമകാലികതയില്‍ ഇന്ത്യയില്‍ രൂപപ്പെടുന്നുണ്ട്. വൈവിധ്യംനിറഞ്ഞ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പലമകള്‍ അത്തരം ഹിംസാത്മകവാദങ്ങളില്‍ ചോദ്യംചെയ്യപ്പെടുന്നുവെന്ന് കാണാം. ജാതിയുടെയും അതിന്റെ ലിംഗബന്ധങ്ങളുടെയും അധികാരവലയങ്ങള്‍ വര്‍ത്തമാനകാലത്തും അധിനിവേശിക്കുന്നിടത്താണ് കൊടുമണ്‍ പോറ്റിമാരുടെ ചിരിയുടെ പൊരുള്‍ വ്യക്തമാകുന്നത്. ആധിപത്യപ്രത്യയശാസ്ത്രങ്ങളുടെ മുദ്രമോതിരങ്ങളെ ഇല്ലാതാക്കി വിമോചനത്തിന്റെ പുതിയ വഴികള്‍ സൃഷ്ടിക്കാനാവുമോ എന്നാണ് നീതിയുടെ പക്ഷത്തുനില്ക്കുന്നവരുടെ മുന്നില്‍ ഇത്തരം കാഴ്ചകള്‍ ഉയര്‍ത്തുന്ന ചോദ്യം.


#cinema
Leave a comment