മലയാളത്തിന്റെ മോഹന്‍ലാല്‍ മലയാളത്തിന്റെ ലിജോ
Movies started out as an extension of a magic trick, so making a spectacle is part of the game.
- Alejandro Gonzalez Inarritu
പണ്ടൊരുകാലത്ത് ഇതിഹാസമായിരുന്ന വാലിബന്റെ കഥ, അയാള്‍ അവതാരമായിരുന്നു. പാതി മനുഷ്യജന്മമാണ് വാലിബന്‍. കണ്‍ കണ്ടത് നിജമല്ല, കാണാന്‍ പോകുന്നതാണ് നിജം വാലിബന്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമ വാലിബന്റെ ജീവിതവും അയാള്‍ സഞ്ചരിക്കുന്ന വഴികളും മനുഷ്യരും വീരകൃത്യങ്ങളുമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. പല അധ്യായങ്ങളിലൂടെ കടന്നുപോകുന്ന സിനിമയ്ക്ക് അമര്‍ചിത്രകഥയുടെയും മുത്തശ്ശിക്കഥയുടെയും പുരാണേതിഹാസങ്ങളുടെയും രുചിയാണ്.
അയാള്‍ ആരുമല്ല
അകിര കുറസോവയുടെ 1961 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'യോജിമ്പോ'. പേരില്ലാത്ത ആ സമുറായ്യുടെ പിന്നിലൂടെ സഞ്ചരിക്കുന്ന ക്യാമറയുടെ ദൈര്‍ഘ്യമേറിയ ഷോട്ടില്‍തന്നെ അയാള്‍ ആരുടേയും ആരുമല്ല എന്ന സൂചന സംവിധായകന്‍ നല്‍കുന്നു. ഒരു വലിയ കമ്പ് മുകളിലേക്ക് വലിച്ചെറിഞ്ഞ് വീഴുന്ന ദിശയിലേക്ക് അയാള്‍ എന്തിനോ പോകുന്നു. ഈ രംഗം ഓര്‍മിപ്പിക്കുന്ന തരത്തിലാണ് വാലിബനും സംഘവും യാത്ര ചെയ്യുന്നതും. കൃത്യമായ ലക്ഷ്യങ്ങള്‍ അവര്‍ക്കില്ല, ഏത് നാടും ഈ മല്ലന്റെ നാടായി മാറും. കുറസോവ 1961 ലെ യോജിമ്പോയുടെ രണ്ടാംഭാഗമായ സാഞ്ചുറോ എന്ന സിനിമയിലാണ് യോദ്ധാവിന്റെ നിരവധി അഭ്യാസങ്ങളും ആരെയും തന്റെ വാളിനാല്‍ കീഴ്‌പ്പെടുത്താനാകുമെന്നും തെളിയിക്കുന്ന തരം രംഗങ്ങളും പ്രകടമാക്കുന്നത്. സാമുറായികളുടെ ഹെയര്‍സ്‌റ്റൈല്‍ ആണ് മോഹന്‍ലാല്‍ അവതരിപ്പിച്ച വാലിബന്റെയും എന്നത് കഥാപാത്രത്തിന്റെ രസം വര്‍ധിപ്പിച്ചു. മുടിയും വാളും കുറസോവ സ്‌റ്റൈലില്‍ വന്നപ്പോള്‍ സിനിമയുടെ ഭൂപ്രദേശം സ്പഘറ്റി വെസ്റ്റേണ്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതാണ്. എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്സ് (1964), ഫോര്‍ എ ഫ്യൂ ഡോളേഴ്സ് മോര്‍ (1965) തുടങ്ങിയ സെര്‍ജിയോ ലിയോണ്‍ സിനിമകളെ വാലിബനില്‍ കാണാം. യോജിമ്പോയുടെ റീമേക് ആണ് സ്പഘറ്റി വെസ്റ്റേണ്‍ സിനിമകളിലെ തലതൊട്ടപ്പനായ ലെയോന്റെയും എനിയോ മോറികോണിന്റെയും ക്ലിന്റ് ഈസ്റ്റ്‌വൂഡ് എന്ന നടന്റെയും ഒരുമിച്ചുള്ള ആദ്യ സിനിമയായ എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്സ്. അമര്‍ ചിത്രകഥപോലെ വാലിബന്റെ യാത്രയിലേക്ക് കയറാന്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് വൈഡ് ഫ്രെയിംസ് ആണ്. ഇത്തരത്തിലുള്ള സിനിമകള്‍ക്ക് ഭൂപ്രദേശത്തിന്റെ പങ്ക് ചെറുതല്ല. നായകന്റെ മനസ്സുപോലെ പരന്നതും, വിശാലമായതും, വരണ്ടതുമൊക്കെ അധികവായനകള്‍ക്ക് സാധ്യതകളുണ്ട്.
സാഞ്ചുറോ | PHOTO: WIKI COMMONS
വടക്കന്‍ പാട്ടുകളില്‍ വീരനായകന്റെ വീരകഥകള്‍ വര്‍ണ്ണിക്കുന്നതുപോലെ വാലിബന്‍ എന്ന മല്ലന്റെ കഥകള്‍ അയാളുടെ ചിന്നന്‍ പാടിനടക്കുന്നു. ലോകത്തിന്റെ പല നാടോടിക്കഥകളുടെ ഇണചേരല്‍ സിനിമയില്‍ ദര്‍ശിക്കാനാകും. ഇന്ത്യന്‍ നാടോടിക്കഥകളും, തമിഴ് പാട്ടുകളും സംഭാഷണങ്ങളും, മറാത്തി നിര്‍ത്ത രൂപങ്ങളും മുതല്‍ നാടകശൈലിയുടെ സൗന്ദര്യവും കക്കാരിശ്ശിനാടക ഗാനങ്ങളിലെ വര്‍ണനകളും സിനിമ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഭാഗങ്ങളില്‍ വാലിബന്റെ ശക്തിയും ബുദ്ധിയും പ്രണയവും കാണുന്നതിലൂടെ സിനിമ സഞ്ചരിക്കുന്നത് കാലദേശങ്ങളില്‍ പെടാത്ത ഈ 'ലോകത്തുള്ള' പറങ്കികളുടെ അധീനതയിലുള്ള കോട്ടയിലേക്കാണ്. ഷാന്‍ (1980) ഷോലയ് (1975) സിനിമകളുടെ വലിപ്പവും, 'മെഹ്ബൂബ മെഹ്ബൂബ്' (ഷോലയ്) ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ഗാനങ്ങളും എംജിആര്‍ സിനിമകളിലെ വലിയ ജീവിതമുള്ള നായകന്റെ കൂടിച്ചേരലും ഉണ്ടാകുന്ന മലൈക്കോട്ടയില്‍ പല സംസ്‌കാരങ്ങളുടെ കടന്നുപോക്ക് സിനിമകളുടെ ചരിത്രത്തിലേക്കുള്ള ഒരു യാത്രപോലെയായിമാറുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അനുഭവം സിനിമയിലൂടെയും കഥകളിലൂടെയും ഉള്ളതാണെന്ന് വീണ്ടും വീണ്ടും അയാള്‍ വെളിവാക്കുന്നു. ലിജോ എന്ന സംവിധായകനെ മറ്റ് സംവിധായകരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും ഇതാണ്. അയാള്‍ ശൈലിയുടെ തടവുകാരനല്ല. ശൈലിയുടെ ഘടനയെയും രൂപത്തെയും മറ്റൊരു തരത്തില്‍ മാറ്റിപ്പണിയാന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. തന്റെ പത്താമത്തെ സിനിമയിലൂടെ ലിജോ പക്വതയുള്ള സംവിധായകന്റെ നിലവാരത്തിലേക്ക് മുന്നേറി. ജെല്ലിക്കെട്ടുവരെയുള്ള സിനിമകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍, ലിജോ സിനിമയില്‍ 'കെയോസ്' ആണെങ്കില്‍ ചുരുളിക്ക് ശേഷമുള്ള ലിജോ സിനിമ മനുഷ്യനിലേക്കുള്ള യാത്രയാണ് നടത്തുന്നത്. നായകന്‍ മുതല്‍ ജെല്ലിക്കെട്ട് വരെ നോക്കിക്കാണുമ്പോള്‍ ഭ്രാന്തമായ ക്യാമറ പോലെ അയാളുടെ സിനിമയിലെ ശബ്ദങ്ങളും പലപ്പോഴും തുളച്ചുകയറുന്ന അവസ്ഥയിലായിരുന്നു. യുവാവില്‍ നിന്നും മധ്യവയസ്സിലേക്ക് എത്തിനില്‍ക്കുമ്പോള്‍ വേഗത അല്പം കുറഞ്ഞ സംവിധായകനെ പെല്ലിശ്ശേരിയില്‍ കാണാം.
മത്സരത്തിന്റെയും, വാതുവെപ്പിന്റെയും, പോരാട്ടത്തിന്റെയും, പ്രണയത്തിന്റെയും കഥയായി സിനിമ മുന്നേറുമ്പോള്‍ ഷേക്സ്പിയര്‍ മനുഷ്യനില്‍ കണ്ടുപിടിച്ച (അടയാളപ്പെടുത്തിയ) ചതിയിലേക്ക് സഞ്ചരിക്കവെ വാലിബന് തന്റെ എല്ലാം നഷ്ടപ്പെട്ട് തുടങ്ങുന്നു. ജീവിതത്തില്‍ താന്‍ തോല്‍ക്കാത്ത മനുഷ്യനായി മുന്നേറിയപ്പോള്‍ അയാള്‍ക്ക് മനസ്സിലാകുന്നു തനിക്ക് തന്നോട് തന്നെ ജയിക്കാന്‍ ആയിട്ടില്ലെന്ന സത്യം. മനുഷ്യചരിത്രത്തില്‍ മനുഷ്യന്‍ മനുഷ്യനിലേക്കുതന്നെ നോക്കുന്ന മുഹൂര്‍ത്തത്തിലേക്ക്; വാലിബനെ തന്റെ ജീവിതാവസ്ഥകള്‍ എത്തിക്കുന്നു. മധു നീലകണ്ഠന്‍ എന്ന ഛായാഗ്രാഹകനും പ്രശാന്ത് പിള്ള എന്ന സംഗീത സംവിധായകനും പലപ്പോഴും സിനിമയുടെ മജ്ജയും മാംസവുമായി മാറുന്നുണ്ട്. സിനിമയിലെ നീളമേറിയ രംഗത്തിലൂടെ ഭൂമിയെയും ഭൂപ്രദേശത്തെയും പല നിറങ്ങളിലൂടെ കാണുമ്പോള്‍ മധു എന്ന ക്യാമറമാന്‍ നല്‍കുന്ന സിനിമാറ്റിക് അനുഭവം ചെറുതല്ല. പശ്ചാത്തല സംഗീതം ആവശ്യത്തിനുമാത്രം ഉപയോഗിച്ച പ്രശാന്ത് നിശബ്ദതയ്ക്കും അതിലൂടെ കടന്ന് വരുന്ന ലോകത്തിന്റെ ശബ്ദങ്ങളും സിനിമയുടെ ഭൂമികയ്ക്ക് അര്‍ഥം നല്‍കുകയും സിനിമയുടെ വേഗതയ്ക്കുള്ള തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. വിഷ്വല്‍ എന്ന മാധ്യമത്തിനെ ഉയര്‍ത്തുക എന്ന ധര്‍മ്മമാണ് ശബ്ദം ഇവിടെ കൈക്കൊണ്ടത്.
മലൈക്കോട്ടൈ വാലിബന്‍ | PHOTO: FACEBOOK
ലിജോ എന്ന ഓറ്റിയര്‍ (ഓഥര്‍)
ലിജോ ജോസ് പെല്ലിശ്ശേരിയില്‍ ലോകത്തിലെ എല്ലാ സംവിധായകരെയും കാണാന്‍ സാധിക്കും. എല്ലാ നല്ല സിനിമകളുടെയും സ്വാധീനം തന്റെ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി തന്റെ പല കാലങ്ങളിലായുള്ള അഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയും അതുതന്നെ. പത്താമത്തെ സിനിമയിലേക്ക് എത്തിനില്‍ക്കുന്ന പെല്ലിശ്ശേരി, സംവിധായകന്‍ പക്വതയോടെയാണ് മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയെ സമീപിച്ചിരിക്കുന്നത്. ആഖ്യാനത്തിന്റെ സഞ്ചാരത്തിലോ സിനിമയുടെ പരിചരണത്തിലോ മുന്‍ സിനിമയിലേതുപോലെ പരീക്ഷണ സ്വഭാവം കാണിക്കാത്ത ലിജോ ഇവിടെ മറ്റൊരുതരത്തിലാണ് ഓറ്റിയര്‍ ആയി മാറുന്നത്. മോഹന്‍ലാല്‍ എന്ന നടനെക്കാള്‍ പ്രേക്ഷകര്‍ ലാലേട്ടന്‍ എന്ന ഒരു സ്റ്റാറിന്റെ (താരത്തിന്റെ) വേഷപ്പകര്‍ച്ച കാണാനായി കാത്തിരിക്കുമ്പോള്‍ ഒരു സംവിധായകന്‍ എന്ന തരത്തില്‍ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്യാത്ത സിനിമയുടെ രൂപത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് മോഹന്‍ലാല്‍ എന്ന കൗതുക മനുഷ്യനെ വാലിബന്‍ എന്ന മല്ലനായി അവതരിപ്പിച്ചു. ദ്രുതഗതിയിലുള്ള എഡിറ്റിംഗ് ഉപയോഗിക്കാതെ സിനിമയുടെ ദൃശ്യ-ആഖ്യാനത്തിനുള്ള വേഗതയില്‍ സഞ്ചരിക്കുകയും ചെയ്തു. ഓറ്റിയര്‍ ഫിലിം മേക്കര്‍ എന്ന നിലയില്‍ വാണിജ്യ സിനിമയില്‍ മലയാളത്തില്‍ ലിജോ മാത്രമാണുള്ളതെന്നത് ഒരു ഭാഷയിലെ സിനിമയുടെ തകര്‍ച്ചകൂടെയായി കാണാം. തന്റെ സിനിമ ആര് കാണണം എങ്ങനെ അവതരിപ്പിക്കണം എന്നത് ഒരു ബോധ്യമാണ്.
പരിപൂര്‍ണ അര്‍ത്ഥത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരു മികച്ച സംവിധായകന്‍ എന്ന് പറഞ്ഞു വെക്കുന്നില്ല, ലിജോയില്‍ ഒരു സംവിധായകന്‍ മിസ്സിംഗ് ആയി നില്‍ക്കുന്നത് ആദ്യകാല സിനിമ മുതല്‍ കാണാം. ലിജോ സിനിമകള്‍ അനുഭവിക്കാനാകും എന്നാല്‍ സ്പര്‍ശിക്കാനാകില്ല.
വാലിബന്‍ സെക്‌സിയാണ്
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മോഹന്‍ലാലിനെ ഇത്ര സെക്‌സിയായി അവതരിപ്പിച്ച സിനിമ വേറെയില്ല. അയാളിലെ പ്രണയവും സങ്കടവും വീരവും 'സോര്‍ബ' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ്. രണ്ടാമൂഴത്തിലെ ഭീമനെ ദൃശ്യത്തിലൂടെ കണ്ടത് നമ്പൂതിരിയിലൂടെയാണ്, എന്നാല്‍ ക്യാമറയ്ക്കുളില്‍ ഭീമന്റെ ഒരു സാമ്യം വാലിബനിലൂടെയും ലഭിക്കുന്നുണ്ട്. അയാള്‍ ധരിക്കുന്ന വസ്ത്രമായാലും അയാളുടെ സഞ്ചാരപഥമായാലും നിസ്സഹായതയായാലും വാലിബന്‍ എല്ലാംകൊണ്ടും സെക്‌സിയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി | PHOTO: FACEBOOK
മണ്ണില്‍ ചവിട്ടുന്ന ഫാന്റസി
ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളില്‍ ഫാന്റസി സ്വഭാവം ആദ്യകാലം മുതല്‍ കാണാന്‍ സാധിക്കും. എന്നാല്‍ ആദ്യകാലങ്ങളില്‍ ലിജോ ഫാന്റസിക്ക് മാജിക്കല്‍ എന്ന രൂപമാണ് കൊടുത്തത് എന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. ആദ്യസിനിമയായ നായകനില്‍ വില്ലന്‍ ആയ ജെ.എസ്സിന്റെ ചിത്രം മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തുമ്പോള്‍ അത് പതിയാതെ വരികയും 'ചെകുത്താന്റെ ചിത്രമെടുത്താല്‍ അത് പതിയില്ല' എന്ന് ജെ.എസ് എന്ന മാന്ത്രികന്‍ കൂടിയായ വില്ലന്‍ മറുപടി പറയുന്നുമുണ്ട്. പി.എസ് റഫീഖ് തന്നെയാണ് നായകന്റെ തിരക്കഥയും. ആമേന്‍ എന്ന ചിത്രത്തിലാണ് റഫീക്കിന്റെയും ലിജോയുടെയും മാന്ത്രിക-യാഥാര്‍ത്ഥ്യ ലോകം മറ്റൊരു രൂപത്തില്‍ മലയാള സിനിമയില്‍ വന്നുപതിച്ചത്. ആദ്യ രണ്ടു സിനിമകളില്‍ ഇനാരിറ്റുവിന്റെ സിനിമയെ ഓര്‍മ്മിപ്പിച്ചെങ്കില്‍ പിന്നീട് സെര്‍ബിയന്‍ സിനിമകളിലെയും ഫ്രഞ്ച് സിനിമകളിലെയും (അമേലി (2001)) ശൈലിയില്‍ ഇരുവരുടെയും മാജിക്കല്‍ ലോകം ദൃശ്യമായിവന്നു. മലൈക്കോട്ടെ വാലിബനില്‍ എത്തിനില്‍ക്കുമ്പോള്‍ മാജിക്കല്‍ എന്ന തലത്തില്‍ അവതരിപ്പിക്കാതെ അതിനെ ഫാന്റസിയുടെ തീമില്‍ അവതരിപ്പിച്ചു. സിനിമ യാഥാര്‍ത്ഥ്യത്തിനും മുകളിലുള്ളതാണ് എന്നതാണ് സംവിധായകന്റെ സിനിമയോടുള്ള പ്രത്യയശാസ്ത്രം എന്ന് മനസ്സിലാക്കാം. ഡബിള്‍ ബാരല്‍ എന്ന കോമിക് സിനിമയിലെ കഥാപാത്രങ്ങളും ഈ മ യൗവില്‍ അന്ത്യത്തോടടുക്കുമ്പോള്‍ മാലാഖമാരെ കാണുന്നതും അതിനും മുന്‍പ് അവര്‍ മനുഷ്യരെപ്പോലെ ചീട്ടുകളിയില്‍ മുഴുകുന്നതും, ചുരുളിയില്‍ അന്യഗ്രഹജീവികളെയും ചുരുളി എന്ന ഗ്രഹവും അവിടുത്തെ സമയക്രമവും എല്ലാം വേറെ ലോകമാണ്. വേളാങ്കണിയില്‍ പോയിവന്ന ജെയിംസില്‍ സുന്ദരത്തിന്റെ ആത്മാവ് പ്രവേശിക്കുന്നതുവരെ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയില്‍ കാണാം.
മലയാള സിനിമാ പ്രേക്ഷകര്‍ എന്ന പൊയ്
ഒരു സിനിമാതീയേറ്ററില്‍ എങ്ങനെ പെരുമാറണം എന്ന സാമാന്യമര്യാദ പോലുമില്ലാത്തവരാണ് മലയാളി പ്രേക്ഷകര്‍. അവരുടെ അഭിരുചി കേരളത്തിന്റെ പുരോഗമനംപോലെ പുകമറ മാത്രമാണ്. ഏതൊരു മനുഷ്യജീവിയെ പോലെയും അവര്‍ പുതിയ ഒന്നിനെ ശത്രുക്കളെപോലെ കാണുന്നവര്‍ ആണ്. സിനിമയിലും അതുതന്നെ. കെട്ടിലും മട്ടിലും പുതുമയുള്ള ഒരു ചിത്രം വന്നാല്‍ അവര്‍ ഭയത്തോടെയല്ലാതെ അതിനെ കാണുകയില്ല. അവര്‍ അതിനെ ദൂരേക്ക് പായിക്കുകതന്നെ ചെയ്യും. മലയാളത്തില്‍ പുതുമയുള്ള (എല്ലാതരത്തിലും) ഒരു സിനിമ പോലും വിജയിച്ചിട്ടില്ല. മറ്റൊരു സത്യം വാണിജ്യ സിനിമയില്‍ ഒരുകാലത്തും പുതുമയുള്ള സിനിമ മലയാളത്തില്‍ പുറത്തുവന്നിട്ടുമില്ല. കേട്ടുമടുത്ത, കണ്ടുമടുത്ത ഒന്നിനെ വേറൊരു കെട്ടിലും മട്ടിലും അവതരിപ്പിച്ചാല്‍ ഒരു ശതമാനംപോലും തലച്ചോറുപയോഗിക്കാതെ തങ്ങളിലേക്ക് എത്തുന്ന 'പുതുമയുള്ള' സിനിമ മാത്രമാണ് വാണിജ്യപരമായി തീയേറ്ററില്‍ വിജയിക്കുന്നത്. ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ട് മലയാള സിനിമകളാണ് തീയേറ്ററില്‍ വിജയിച്ചത്, ജിത്തു ജോസഫിന്റെ 'നേര്', മിഥുന്‍ മാനുവലിന്റെ 'ഓസ്‌ലര്‍'. രണ്ട് സിനിമകളിലെയും ഒരു സാമ്യം കാണികളുടെ വൈകാരികതലം മുതലെടുക്കുകയായിരുന്നു. അനാവശ്യമായ കഥാപാത്രങ്ങളുടെ ഫ്‌ലാഷ് ബാക്ക് രംഗത്തിലൂടെയും സംഭാഷണത്തിലൂടെയും അവതരിപ്പിക്കുന്നുണ്ട്. ഒസ്ലര്‍ എന്ന സിനിമയില്‍ ക്രൂരമായ തന്റെ കൊലപാതക പരമ്പരയെ അയാള്‍ ഗ്ലോറിഫൈ ചെയുന്നത് ആരുടേയും ഉള്ളലിയിക്കുന്ന പൈങ്കിളി ദുരന്ത പ്രണയകഥയിലൂടെയാണ്. മിഥുന്‍ മാനുവലിന്റെ തന്നെ സിനിമയായ അഞ്ചാം പതിരയിലും ഇതേ അവസ്ഥതന്നെ കാണാം; വില്ലന്റെ കൊലപാതക പരമ്പരയെ അയാളുടെ ഫ്‌ലാഷ് ബാക്ക് കൊണ്ട് കണ്ണുനയിച്ച്, വീണ്ടും പത്തുപേരെ കൊന്നാലും ന്യായമുണ്ടെന്ന് വാദിക്കുന്ന യുക്തി. ഐ.എഫ്.എഫ്.കെ എന്ന പെരുന്നാളിന് സിനിമ കാണുകയും കൈയ്യടിക്കുകയും ചെയ്യുന്ന ഡെലിഗേറ്റുകള്‍ മലയാള ഭാഷയില്‍ അത്തരത്തിലുള്ള ഒരു സിനിമ വന്നാല്‍ സ്വീകരിക്കാത്തതിന്റെ ഉത്തരം ഗ്രീക്ക് തത്വചിന്തകര്‍ മുതല്‍ നമ്മുടെ സിസക് വരെയുള്ള തത്വചിന്തകര്‍ ആലോചിക്കാറുണ്ടെന്നത് നിജം.
ഒസ്ലര്‍ | PHOTO: FACEBOOK
മലയാള സിനിമ എന്ന നിജം/പൊയ്
മലയാള സിനിമയുടെ മാറ്റം എന്ന് കഴിഞ്ഞ പതിനഞ്ചുകൊല്ലമായി കേള്‍ക്കുമ്പോള്‍ ആ മാറ്റം നല്ലതായിരുന്നോ എന്ന സംശയം പലപ്പോഴും തലപൊക്കാറുണ്ട്. 2019 വരെയുള്ള മലയാള സിനിമയുടെ 10 കൊല്ലത്തില്‍ വാണിജ്യ സിനിമ മുന്നോട്ട് തന്നെ സഞ്ചരിച്ചു. അതിനുശേഷമുള്ള കൊല്ലങ്ങളില്‍ മലയാള സിനിമയ്ക്ക് നിലവാരമുള്ള വാണിജ്യ സിനിമകള്‍ ലഭിച്ചിട്ടില്ല എന്നത് തന്നെ നിജം. ഇതോടൊപ്പം മലയാളത്തില്‍ അല്പം പിന്നോട്ട് (2019 വരെ) വലിഞ്ഞ സമാന്തര സിനിമകളുടെ കുതിപ്പ് ആശ്വാസവുമാണ്. സമാന്തര സിനിമകള്‍ പുതിയ ഘട്ടത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ന്യൂ ജനറേഷന്‍ എന്ന റിയലിസ്റ്റിക് തട്ടിപ്പ് സിനിമകള്‍ കുറഞ്ഞുവരുന്നത് തന്നെ ഒരു നല്ല സൂചനയായി മാറുമ്പോഴും ന്യൂ ജനറേഷനിലെ സംവിധായകര്‍ക്ക് റിയലിസ്റ്റിക് ശൈലിയില്‍ നിന്ന് മാറി സിനിമ ചെയാന്‍ അറിയില്ല എന്നതാണ് സത്യാവസ്ഥ. ചുരുക്കം ചില സംവിധായകര്‍ മാത്രമേ റിയലിസ്റ്റിക് വിട്ട് സിനിമയിലേക്ക് (സിനിമ) എത്തിയിട്ടുള്ളു. മലയാള സിനിമയ്ക്ക് ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ ഇന്ന് സ്ഥാനമുണ്ടായിരിക്കും. മറ്റുഭാഷക്കാര്‍ മലയാള സിനിമയെ പാടിപ്പുകഴ്ത്തുമ്പോഴും ലോകോത്തര നിലവാരത്തില്‍ മലയാള സിനിമക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് നിജം.
മലയാള വാണിജ്യ സിനിമകളുടെ പൊതുസ്വഭാവം വാലിബനില്‍ ഇല്ല എന്നുള്ളത് തന്നെ നിജം. നായകന്റെ അക്രമങ്ങള്‍ നിറഞ്ഞ സീനുകളോ നായകന്‍ ചോരയില്‍ ആറാടുന്ന രംഗങ്ങളോ തുടങ്ങി ക്രൈം (കുറ്റം) എന്ന തരത്തില്‍ പൊതുസമൂഹത്തില്‍ ഉള്ള ഒന്നിനെ മലയാള സിനിമയില്‍ കണ്ടുവരുന്ന തരത്തില്‍ ആഘോഷിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഈ സിനിമയെ ഇന്നത്തെകാലത്ത് ഇത്രയധികം വേറിട്ടു നിര്‍ത്തുന്നത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയ്ക്ക് മലയാള സിനിമയില്‍ മൂന്നുമണിക്കൂറോളം പശ്ചാത്തല സംഗീതം നല്‍കി തങ്ങള്‍ (സംവിധയകന്‍) ഉദ്ദേശിക്കുന്ന അര്‍ത്ഥം ഇതാണ് എന്ന തരത്തില്‍ മലയാള സിനിമ തിയേറ്ററില്‍ കാണുന്നത് ഉത്സവപ്പറമ്പില്‍ സ്പീക്കറിന് കീഴെ പെട്ടതുപോലെയാണ്.
അശ്ലീല പദമായി മാറിക്കഴിഞ്ഞ ഇമോഷണലി കണക്ട് മലൈക്കോട്ടെ വലിബനിലോ ലിജോയുടെ മറ്റ് സിനിമയിലോ കാണാന്‍ സാധിക്കാത്തത് തന്നെയാണ് ഒരു കലാകാരന്‍ എന്ന നിലയില്‍ അയാളുടെ കലാസൃഷ്ടി വലുതാകുന്നത്. കഥാപാത്രങ്ങളുടെ സങ്കടത്തിലോ അവരുടെ ജീവിത വ്യഥയിലോ പ്രേക്ഷകനും വീണുപോയാല്‍ അതൊരു കലാസൃഷ്ടിയുടെ തട്ടിപ്പ് ശ്രമങ്ങളുടെ ഒന്നാമത്തെ ലക്ഷണമായി പറയാം. വികാരം വിറ്റ് കാശുണ്ടാക്കുന്ന കല കലയല്ല, അത് പണത്തിനുവേണ്ടി മാത്രം ഉണ്ടാക്കുന്ന എന്തോ ആണ്. ഇന്ന് മലയാള സിനിമയിലെ സംവിധായകരില്‍ നിന്നും ഏറ്റവുമധികം കേള്‍ക്കുന്ന ഈ വാക്ക് അവരുടെ കലയോടുള്ള അടഞ്ഞ സമീപനത്തെയും, പ്രതലത്തില്‍ മാത്രം ഉരുണ്ടുകളിക്കുന്ന കോടി ക്ലബുകളുടെയും ആപ്തവാക്യമായി മാറിക്കഴിഞ്ഞു. അവനവനെയും പ്രേക്ഷകനെയും കബളിപ്പിക്കാന്‍ സാധിക്കും, 'കല' എന്ന ഭാവികാലത്തിലേക്കുള്ള ഭൂതകാലത്തിലെ സന്ദേശത്തിനെ കബളിപ്പിക്കാന്‍ ആകില്ല. ഏത് കലാസൃഷ്ടിയും സമയത്തിന്റെ കലതന്നെയാണ്. ഏത് സമയത്തിന്റയും കല.