TMJ
searchnav-menu
post-thumbnail

TMJ Cinema

വാക്കുകളും അഭിനയവുമായി രൂപാന്തരപ്പെടുന്ന മാനിഫെസ്റ്റോകള്‍

12 Sep 2023   |   16 min Read
പി കെ സുരേന്ദ്രന്‍
രു വ്യക്തിയുടെയോ, സംഘത്തിന്റെയോ, രാഷ്ട്രീയ പാര്‍ട്ടിയുടെയോ, സര്‍ക്കാരിന്റെയോ ഉദ്ദേശ്യങ്ങള്‍ അല്ലെങ്കില്‍ വീക്ഷണങ്ങള്‍ എന്നിവയുടെ പ്രസിദ്ധീകരിക്കപ്പെട്ട പ്രഖ്യാപനമാണ് പ്രകടനപത്രിക (Manifesto). ഒരു മാനിഫെസ്റ്റോ സാധാരണയായി മുമ്പ് പ്രസിദ്ധീകരിച്ച അഭിപ്രായമോ പൊതു സമ്മതമോ സ്വീകരിക്കുന്നു അല്ലെങ്കില്‍ രചയിതാവ് വരുത്തണമെന്ന് വിശ്വസിക്കുന്ന മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനായി നിര്‍ദ്ദേശിച്ച ആശയങ്ങളോടുകൂടിയ ഒരു പുതിയ ആശയം പ്രോത്സാഹിപ്പിക്കുന്നു. ഇത് പലപ്പോഴും രാഷ്ട്രീയമോ സാമൂഹികമോ കലാപരമോ ആയ സ്വഭാവമാണ്, ചിലപ്പോള്‍ വിപ്ലവാത്മകമാണ്.
''Whoever its author and whatever its subject, a manifesto is understood as the testimony of a historical present tense spoken in the impassioned voice of its participants" എന്ന് 'മാനിഫെസ്റ്റോസ്: പ്രൊവോക്കേഷന്‍സ് ഓഫ് ദി മോഡേണ്‍' എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ജാനറ്റ് ലിയോണ്‍ (Manifestoes: Provocations of the Modern, Janet Lyon). ലിയോണിനെ സംബന്ധിച്ചിടത്തോളം പ്രകടനപത്രിക ഏകശാസ്ത്രപരമായിരിക്കേണ്ടത് ആവശ്യമാണ്. നേരെമറിച്ച്, ലൂയിസ് അല്‍ത്തൂസറിനെ (Louis Althusser) സംബന്ധിച്ചിടത്തോളം മാനിഫെസ്റ്റോ വൈരുദ്ധ്യാത്മക സ്വഭാവമുള്ളതാണ്. അദ്ദേഹത്തെ സംബന്ധിച്ച് മാനിഫെസ്റ്റോകള്‍ അഭ്യര്‍ത്ഥനകളാണ്: വര്‍ത്തമാനത്തിന്റെയും ഭൂതകാലത്തിന്റെയും വൈരുദ്ധ്യാത്മക മധ്യസ്ഥതയിലൂടെ അത് ഭാവിയെ അഭിസംബോധന ചെയ്യുന്നു.

പ്രകടനപത്രികകള്‍ (Manifestos) എന്നത് 'പ്രകടനം നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള പാഠങ്ങള്‍' ആണ് എന്നാണ് പണ്ഡിതരായ വുള്‍ഫ്ഗാങ് അഷോള്‍ട്ടും വാള്‍ട്ടര്‍ ഫാന്‍ഡേഴ്‌സും (Wolfgang Asholt, Walter Fähnder) അഭിപ്രായപ്പെടുന്നത്. ട്രിസ്റ്റന്‍ സാറയുടെ 'ദാദാ മാനിഫെസ്റ്റോ' (Tristan Tzara's Mani feste Dada, 1918) അല്ലെങ്കില്‍ ഡാനിയല്‍ ബ്യൂറനും (Daniel Buren) മറ്റ് മൂന്ന് കലാകാരന്മാരും ചേര്‍ന്ന് എഴുതിയ 'ദി ലീഫ് ലെറ്റ് മാനിഫെസ്റ്റേഷന്‍' (The leaflet Manifestation) പോലെയുള്ള പ്രകടനപത്രികയുടെ രൂപത്തില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ ടെക്സ്റ്റുകള്‍ ലഘുലേഖയുടെ രൂപത്തില്‍ വിതരണം ചെയ്യുന്നതിന് മുമ്പ് വാക്കുകള്‍ ഉപയോഗിച്ച് പ്രകടനത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. 
 
ദാദായിസത്തിന്റെ പല പ്രഖ്യാപനങ്ങളും സൂറിച്ചിലെ ഒരു ഹ്രസ്വകാല കലാ നിശാക്ലബ്ബായ കാബറേ വോള്‍ട്ടയറിലാണ് (Cabaret Voltaire) നടന്നത്. ഹ്യൂഗോ ബോളും (Hugo Ball) അദ്ദേഹത്തിന്റെ സഹയാത്രികയായ എമ്മി ഹെന്നിംഗ്‌സും (Emmy Hennings) ചേര്‍ന്ന് കലാപരമായും രാഷ്ട്രീയപരവുമായ ആവശ്യങ്ങള്‍ക്കായുള്ള ക്ലബ്ബായി കാബറേ വോള്‍ട്ടയര്‍ സ്ഥാപിച്ചു. ഈ ക്ലബ്ബ് ദാദായിസത്തിന്റെ സ്ഥാപനത്തില്‍ നിര്‍ണായകമായി. ഓരോ പ്രഖ്യാപനത്തിനും വായനയ്ക്കും മുമ്പായി, പങ്കെടുക്കുന്നവര്‍ വിചിത്രമായ രീതിയില്‍ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. വേഷവിധാനത്തിലൂടെ സ്വയത്തെ വ്യത്യസ്തവും മുഖംമൂടി ധരിച്ചതുമായ ഒന്നായി രൂപാന്തരപ്പെടുത്തി, ഇത്തരം വേഷവിധാനത്തിലുള്ളപ്രകോപനപരമായ പ്രകടനങ്ങളിലൂടെ ശരീരത്തെ അവരുടെ മാനിഫെസ്റ്റോകളിലെ നൂതനമായ ഉള്ളടക്കം ആശയവിനിമയം നടത്തുന്നതിനുള്ള അവസരമായി ഉപയോഗിച്ചു. 

CABARET VOLTAIRE ON 1916-02-05, HUGO BALL, PERFORMING AT CABARET VOLTAIRE | PHOTO: WIKI COMMONS
1916 മെയ് മാസത്തിലെ കാബറേ വോള്‍ട്ടയറിലെ ഒരു പ്രകടനത്തെ കുറിച്ച് ദാദായിസ്റ്റ് ഹ്യൂഗോ ബോള്‍ വിവരിക്കുന്നു: ഈ പ്രകടനത്തില്‍ മാസ്‌ക്കുകള്‍ ഒരു പ്രധാന ഘടകമായിരുന്നു. പുതിയ പ്രകടനത്തിനായി നിരവധി മാസ്‌കുകള്‍ കൊണ്ടുവന്നു. അവ ജാപ്പനീസ് അല്ലെങ്കില്‍ പുരാതന ഗ്രീക്ക് തിയേറ്ററിനെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും ആധുനികമാണ്. തുടര്‍ന്ന് എല്ലാവരും ഉടന്‍ തന്നെ ഒരെണ്ണം ധരിച്ചു. അഞ്ച് മിനിറ്റ് മുമ്പ് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, തുടര്‍ന്ന് ഞങ്ങള്‍ ഏറ്റവും വിചിത്രമായ ചലനങ്ങളുമായി നടക്കുകയായിരുന്നു. ഈ മുഖംമൂടികളുടെ പ്രേരകശക്തി അപ്രതിരോധ്യമായി നമ്മിലേക്ക് വന്നു. പുതിയ വേഷം സൃഷ്ടിപരമായ ഉത്തേജനവും പ്രവര്‍ത്തനങ്ങളുടെ പിന്നിലെ പ്രേരകശക്തിയുമാണ്. മാസ്‌ക് കൊണ്ട് മുഖം മറയ്ക്കുന്നതിലൂടെ വ്യത്യസ്ത വ്യക്തിത്വം സ്വീകരിക്കാന്‍ അനുവദിക്കുന്നു. അതേസമയം സംസാരിക്കുന്ന വാക്കുകള്‍ കലാകാരനില്‍ നിന്ന് വേര്‍പെടുത്തുകയും അതുവഴി കൂടുതല്‍ പൊതുവായതും എന്നാല്‍ കൂടുതല്‍ അടിസ്ഥാനപരവുമായ ഉച്ചാരണമായി മാറുകയും ചെയ്യുന്നു.

1910 ഏപ്രില്‍ 27-ന് വെനീസിലെ ഒരു ക്ലോക്ക് ടവറിന്റെ മുകളില്‍ നിന്ന് ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോകള്‍ അടങ്ങിയ ലഘുലേഖകള്‍ താഴെയിട്ടതായും 1913-ല്‍ ബെര്‍ലിനിലെ പോട്സ്ഡാമര്‍ പ്ലാറ്റ്സില്‍ ഒരു കാറില്‍ നിന്ന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്. 1962 ജൂണ്‍ 9-ന് വുപ്പെര്‍ട്ടലില്‍ നടന്ന ഒരു ഫ്‌ലക്‌സസ് കച്ചേരിയില്‍, ആര്‍തസ് സി. കാസ്പാരി (Arthus C. Caspari) ജോര്‍ജ്ജ് മസിയൂനാസിന്റെ (George Maciunas) ഒരു പ്രകടനപത്രിക വായിച്ചു, അതേസമയം ഇവ ചുമരില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 1962 ഫെബ്രുവരിയില്‍, ഡസല്‍ഡോര്‍ഫിലെ ഫെസ്റ്റം ഫ്‌ലക്സോറമില്‍ വെച്ച് മാനിഫെസ്റ്റോയുടെ ഓഫ്‌സെറ്റ്-പ്രിന്റ് കോപ്പികള്‍ മസിയുനാസ് തന്നെ ആള്‍ക്കൂട്ടത്തിലേക്ക് എറിഞ്ഞു. ഇതൊക്കെയും മാനിഫെസ്റ്റോകളുടെ നാടകീയമായ അല്ലെങ്കില്‍ പ്രകടനപരമായ വശത്തേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നു. 
 
ബ്രിട്ടീഷ് തത്ത്വചിന്തകനായ ജോണ്‍ എല്‍. ഓസ്റ്റിന്‍ 1955-ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രഭാഷണ പരമ്പരയില്‍, സ്ഥിരമായ/തുടര്‍ച്ചയായുള്ള ഉച്ചാരണങ്ങള്‍ക്ക് ഒരു പ്രകടനാത്മകമായ (performative) മാനം ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇതൊക്കെയും ചേര്‍ത്ത് അദ്ദേഹത്തിന്റെ മരണാനന്തരം How to Do Things with Words എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരു ഉച്ചാരണം പുറപ്പെടുവിക്കുന്നതിലൂടെ നാം ഒരു വിചിത്ര പ്രവൃത്തിയാണ് ചെയ്യുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍: ഒരു ഉച്ചാരണം സ്ഥിരമായി ഒരു പ്രവര്‍ത്തനമാണ്, കൂടാതെ ഭാഷാപരമായ ഉച്ചാരണങ്ങളുടെ സഹായത്തോടെ നമുക്ക് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയും.
 
ഈ മുഖവുര ജര്‍മ്മന്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്ര സംവിധായകനുമായ ജൂലിയന്‍ റോസ്ഫെല്‍ഡ് (Julian Rosefeldt) രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച 'മാനിഫെസ്റ്റോ' (Manifesto, 2015) എന്ന രചനയിലേക്കുള്ള പ്രവേശികയാണ്. ഈ കലാസൃഷ്ടി ആദ്യം മെല്‍ബണിലെ ഓസ്ട്രേലിയന്‍ സെന്റര്‍ ഫോര്‍ മൂവിംഗ് ഇമേജില്‍ പതിമൂന്ന്-ചാനല്‍ വീഡിയോ ഇന്‍സ്റ്റലേഷനായി 'പ്രീമിയര്‍' ചെയ്തു. തുടര്‍ന്ന് ഈ ഇന്‍സ്റ്റലേഷന്‍ ലോകത്തിലെ പ്രശസ്തങ്ങളായ പല ആര്‍ട്ട് ഗാലറികളിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ ഇന്‍സ്റ്റലേഷനില്‍ നിന്ന് സൃഷ്ടിച്ച 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫീച്ചര്‍ സിനിമ 2017 ജനുവരിയില്‍ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു.

JULIAN ROSEFELDT | PHOTO: WIKI COMMONS
നമ്മുടെ സിനിമകള്‍ പൊതുവെ, കഥയെയാണ് / ഫിക്ഷനെയാണ് സിനിമയാക്കുക. എന്നാല്‍ ഈ സിനിമയില്‍ സംവിധായകന്‍ ആശയങ്ങളെയാണ് സിനിമയാക്കുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളും ദാര്‍ശനികവും ധാര്‍മ്മികവുമായ സിദ്ധാന്തങ്ങള്‍ / ആശയങ്ങള്‍ അവതരിപ്പിക്കുകയാണല്ലോ. ഇത് ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളിലും മതത്തിലും കാണാം. ഈസോപ്പ് കഥകളും വിക്രമാദിത്യ കഥകളും ഗുണപാഠങ്ങളും സന്ദേശങ്ങളുമാണ്. ഒരു തത്വചിന്താ പ്രവര്‍ത്തനമാണ് സിനിമ എന്ന ദെല്യൂസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. 
 
സമകാലിക പശ്ചാത്തലത്തില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നിന്നുള്ള വിവിധ തരത്തിലുള്ള കലാകാരന്മാരുടെ ഏകദേശം അമ്പതോളം മാനിഫെസ്റ്റോകള്‍ സിനിമ (ഇന്‍സ്റ്റലേഷനും) അവതരിപ്പിക്കുന്നു. പത്തര മിനിറ്റ് ദൈര്‍ഘ്യമുള്ള 13 ഭാഗങ്ങളാണ് സിനിമയിലുള്ളത്. ഓരോന്നിലും (സിനിമയിലും ഇന്‍സ്റ്റാലേഷനിലും) കേറ്റ് ബ്ലാന്‍ഷെ (Cate Blanchett) എന്ന പ്രശസ്ത ആസ്‌ട്രേലിയന്‍ നടി ഭവനരഹിതന്‍ (ഇവിടെ ബ്ലാന്‍ഷെ പുരുഷനായി അഭിനയിക്കുന്നു), സ്റ്റോക്ക് ബ്രോക്കര്‍, ശരീരം മുഴുവന്‍ ടാറ്റു കുത്തിയ പങ്ക് (Punk), ഒരു പാര്‍ട്ടി നടത്തുന്ന ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കണ്ണോക്ക് പറയുന്നവള്‍ (Funeral Speaker), കോറിയോഗ്രാഫര്‍, പാവകള്ളിക്കാരി, മാലിന്യ സംസ്‌കരണ പ്ലാന്റിലെ തൊഴിലാളി, ശാസ്ത്രജ്ഞ, വീട്ടമ്മ, ടിവിയില്‍ വാര്‍ത്ത വായിക്കുന്നവള്‍ (റിപ്പോര്‍ട്ടറും), സ്‌കൂള്‍ അധ്യാപിക എന്നീ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് വിവിധ കലാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ മാനിഫെസ്റ്റോകളില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ വായിക്കുന്നു. 1848-ലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മുതല്‍ അമേരിക്കന്‍ കലാകാരനായ എലൈന്‍ സ്റ്റുര്‍ട്ടെവന്റിന്റെ (Elaine Frances Sturtevant) 2004-ലെ മാനിഫെസ്റ്റോ വരെ. പദങ്ങളുടെ തിരഞ്ഞെടുപ്പ്, വാക്യഘടന എന്നിവയിലൂടെ ഓരോ കഥാപാത്രത്തിനും വ്യക്തിഗത സംഭാഷണ രീതി സൃഷ്ടിക്കുകയാണ് സംവിധായകന്‍. 
 
ബ്ലാന്‍ഷെ അവരുടെ തലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. തന്റെ പ്രകടന പാടവം അവര്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ - സ്വതന്ത്ര സിനിമകള്‍, ബ്ലോക്ക്ബസ്റ്ററുകള്‍, നാടകം, പ്രതിഷ്ഠാപനങ്ങള്‍ - അടയാളപ്പെടുത്തിയിട്ടുണ്ട്. ടോണി അവാര്‍ഡിനും രണ്ട് പ്രൈംടൈം എമ്മി അവാര്‍ഡുകള്‍ക്കുമുള്ള നോമിനേഷനുകള്‍ക്ക് പുറമേ രണ്ട് അക്കാദമി അവാര്‍ഡുകള്‍, നാല് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍, നാല് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചു. 

അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്റെ ജീവിതത്തില്‍ നിന്നും സംഗീതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട 'ഐ ആം നോട്ട് ദേര്‍' (I am Not There) എന്ന സിനിമയില്‍ അഞ്ച് പുരുഷ അഭിനേതാക്കള്‍ക്കൊപ്പം ബ്ലാന്‍ഷെയും ഡിലനെ അവതരിപ്പിക്കുന്നു. ജൂലിയന്‍ റോസ്ഫെല്‍ഡിന്റെ 'യൂഫോറിയ' (Euphoria) എന്ന മള്‍ട്ടി മീഡിയ ഇന്‍സ്റ്റാലേഷന്‍ മുതലാളിത്തം, അത്യാഗ്രഹം, കണ്‍സ്യൂമറിസം എന്നിവയെക്കുറിച്ചാണ്. ഈ സൃഷ്ടിയില്‍ ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റിനകത്ത് അലയുന്ന കടുവയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ബ്ലാന്‍ഷെയാണ്. കാലാവസ്ഥാ വ്യതിയാനത്തേയും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളേയും സംബന്ധിക്കുന്ന പല പ്രവര്‍ത്തനങ്ങളിലും അവര്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നു. അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടും ബ്ലാന്‍ഷെ പ്രവര്‍ത്തിക്കുന്നു.

CATE BLANCHETT | PHOTO: TWITTER
'മാനിഫെസ്റ്റോ'യുടെ പ്രധാന ആശയം പ്രത്യേക മാനിഫെസ്റ്റോ ടെക്സ്റ്റുകള്‍ ചിത്രീകരിക്കുക എന്നതല്ല, അല്ലെങ്കില്‍ മാനിഫെസ്റ്റോയിലെ വാചകങ്ങളെ അതുപോലെ പറയുക / അവതരിപ്പിക്കുക എന്നതല്ല. പല ടെക്സ്റ്റുകള്‍ എഡിറ്റ് ചെയ്ത് സംയോജിപ്പിക്കുകയും പുതിയ ടെക്സ്റ്റുകളായി പുനഃക്രമീകരിക്കുകയും ചെയ്തു. ഒരു മാനിഫെസ്റ്റോയില്‍ നിന്നുള്ള ഒരു വാചകം എടുത്ത് മറ്റൊരു മാനിഫെസ്റ്റോയിലെ / മറ്റൊരാളുടെ വാക്കുകള്‍ ഉപയോഗിച്ച് അതിനെ തടസ്സപ്പെടുത്തുന്നു. ചിലപ്പോള്‍ അവ തികച്ചും യോജിക്കും. വാക്കുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരു പുതിയ ഊര്‍ജ്ജം കൈവന്നു. മാനിഫെസ്റ്റോയിലെ വാചകം വായിക്കാന്‍ തുടങ്ങിയാല്‍ അത് കൂടുതല്‍ സ്പഷ്ടവും കൂടുതല്‍ സംസാരിക്കാവുന്നതുമാണ്. അങ്ങിനെ ഇത് ശബ്ദങ്ങളുടെ ഒരു ശേഖരം, ഒരു സംഭാഷണം ഒക്കെയായി മാറി. ഫ്യൂച്ചറിസ്റ്റുകളുടെയും സര്‍റിയലിസ്റ്റുകളുടെയും ആദ്യകാല മാനിഫെസ്റ്റോകളില്‍ പലതും പല കലാകാരന്മാര്‍ ചേര്‍ന്ന് എഴുതിയതാണ്. അതായത് ഈ ടെക്സ്റ്റില്‍ ഒന്നിലധികം ശബ്ദങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് വ്യത്യസ്ത മാനിഫെസ്റ്റോകളില്‍ നിന്നുള്ള ഈ ഒന്നിലധികം ശബ്ദങ്ങളെ സംവിധായകന്‍ പുതിയ മോണോലോഗുകളിലേക്ക് പുനഃക്രമീകരിച്ചു: ഈ രീതിയില്‍ രചയിതാക്കള്‍ പരസ്പരം സംസാരിക്കുന്നു, അതേ സമയം, അവര്‍ ഒരേ സ്വരത്തില്‍ പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്നു. 
 
സിനിമയുടെ ക്രെഡിറ്റില്‍ 'മനോഹരമായ ഈ മാനിഫെസ്റ്റോകളുടെ എല്ലാ അത്ഭുതകരമായ രചയിതാക്കള്‍ക്കും' എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ഇതിലൂടെ മാനിഫെസ്റ്റോ രചയിതാക്കള്‍ക്കുള്ള ആദരം അര്‍പ്പിക്കുകയാണ്. എന്നാല്‍ സംവിധായകനെ സംബന്ധിച്ച് മാനിഫെസ്റ്റോകള്‍ പാഠപുസ്തകങ്ങളായി നിലനില്‍ക്കേണ്ട വിശുദ്ധ ഗ്രന്ഥങ്ങളല്ല. അവയുമായി കളിക്കണം, അകം പുറം പരിശോധിക്കണം, കളിയാക്കണം, വീണ്ടും കണ്ടുപിടിക്കണം. നമ്മുടെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ ആഘോഷമാണ് സിനിമയുടെ മുഴുവന്‍ ഊര്‍ജ്ജവും. അങ്ങിനെ ഈ മാനിഫെസ്റ്റോകളെ പുതിയതും ശ്രദ്ധേയവുമായ ഒന്നായി അവതരിപ്പിക്കുന്നു. 
 
ഈ പഴയകാല മാനിഫെസ്റ്റോകളെ ഇന്ന് നാം എങ്ങിനെ കാണണം? അല്ലെങ്കില്‍ അവയുടെ പ്രസക്തി എന്താണ്? കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലാ മാനിഫെസ്റ്റോ എഴുതിയവര്‍ ഈ രംഗത്ത് ന്യൂനപക്ഷമായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ കേള്‍ക്കാന്‍ കലാകാരന്മാര്‍ നിലവിളിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന ആവിഷ്‌കാര മാര്‍ഗങ്ങളുള്ള ഒരു ആഗോള ശൃംഖലയും ബിസിനസുമാണ് ഇന്ന് കലാരംഗം. കലാപരമായ ആവിഷ്‌കാരത്തിന്റെ ഒരു മാധ്യമമെന്ന നിലയില്‍ മാനിഫെസ്റ്റോ ആഗോളവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ കലാലോകത്ത് അത്ര പ്രസക്തമല്ല. അഭിമുഖം, പോഡിയം ചര്‍ച്ച, ടോക്ക് ഷോ, ഗൂഗിള്‍ മീറ്റ് എന്നിവ പ്രകടനപത്രികയുടെ മുന്‍കാലത്തെ ആവശ്യകതയെ മാറ്റിസ്ഥാപിച്ചുവെന്ന് പറയാം. ഇന്ന് മാനിഫെസ്റ്റോയുടെ ആക്രോശം അനാവശ്യവും അതിശയോക്തിപരവും ഏതാണ്ട് റൊമാന്റിക് ആയും അല്‍പ്പം പരിഹാസ്യമായി പോലും തോന്നാം. എന്നിരുന്നാലും, വളരെ രസകരമായ ചില സമകാലിക മാനിഫെസ്റ്റോകളുണ്ട് - ഉദാഹരണത്തിന്, നിക്ക് സ്നിസെക്കിന്റെയും അലക്സ് വില്യംസിന്റെയും മാനിഫെസ്റ്റോ ഫോര്‍ ആന്‍ ആക്സിലറേഷന്‍ പൊളിറ്റിക്സ് (Manifesto for an Accelerationist Politics (2013) by Nick Srnicek and Alex Williams), അല്ലെങ്കില്‍ ഡോണ ഹാരാവേയുടെ ഫെമിനിസ്റ്റ് സൈബര്‍ഗ് മാനിഫെസ്റ്റോ (the feminist Cyborg Manifesto, Donna Haraway (1991)). ഇവ സാമൂഹിക- സാമ്പത്തികവും രാഷ്ട്രീയവുമായ വിശകലനം എന്ന നിലയില്‍ ഇന്നും പ്രസക്തമാണ്. 1920 കളില്‍ നിന്നോ 1960 കളില്‍ നിന്നോ ഉള്ള ഒരു പ്രകടനപത്രിക വായിക്കുമ്പോള്‍, ആ യഥാര്‍ത്ഥ ശബ്ദം നാം ഇപ്പോഴും കേള്‍ക്കുന്നു, ഒരു ആശയം ലോകത്തിലേക്ക് എത്തിക്കാനുള്ള തീവ്രമായ ആഗ്രഹം. 

'MANIFESTO 2015' | PHOTO: WIKI COMMONS
ഈ മാനിഫെസ്റ്റോയുടെ സൃഷ്ടാക്കളായ എഴുത്തുകാരുടെയോ കലാകാരന്മാരുടെയോ കാലവും ജീവിതവും പരിഗണിക്കുമ്പോള്‍, അവര്‍ മാനിഫെസ്റ്റോ എഴുതിയിരിക്കുന്നത് അവരുടെ ഇരുപതുകളുടെ തുടക്കത്തിലോ അല്ലെങ്കില്‍ അവരുടെ ജീവിതത്തിന്റെ കൗമാരത്തിന്റെ അവസാന വര്‍ഷങ്ങളിലോ ആണെന്ന് കാണാം. അവര്‍ക്കെല്ലാം പൊതുവായുള്ളത് അവരാരും സുരക്ഷിതരല്ല എന്ന ബോധമാണ്. അവര്‍ക്ക് എല്ലാം മടുത്തിരിക്കുന്നു, ഇതിനെയെല്ലാം കീറിക്കളയാനും പുതുമയുള്ളത് എന്തെങ്കിലും സൃഷ്ടിക്കാനും അവര്‍ ആഗ്രഹിക്കുന്നു എന്നതാണ് പൊതുവായ കാര്യം. ചിലപ്പോള്‍ അവര്‍ ഒരു പുതിയ ലോകം കണ്ടുപിടിക്കാന്‍ ആഗ്രഹിക്കുന്നു, അത് ഒരുപക്ഷെ വളരെ ഉട്ടോപ്യന്‍ ആയിരിക്കും. അവര്‍ പിടിവാശിക്കാരായിരിക്കാം. എന്നാല്‍ ഓരോരുത്തരും ഉന്മേഷമുള്ളവരായിരുന്നു. അവര്‍ ദ്വേഷ്യത്തോടെ വളരെ ഉച്ചത്തില്‍ വിളിച്ചു പറയുന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. 
'മാനിഫെസ്റ്റോ'യുടെ പ്രതിഷ്ഠാപനത്തില്‍ ഒരു ഗാലറിയുടെ വിശാലമായ ഹാളില്‍ 13 ഭീമന്‍ സ്‌ക്രീനുകള്‍ തന്ത്രപരമായി ക്രമീകരിച്ചിരിക്കുന്നു. ഗാലറിയില്‍ പ്രവേശിക്കുന്ന പ്രേക്ഷകര്‍ക്ക് ഒരേ സമയം നടക്കുന്ന ഈ പ്രദര്‍ശനങ്ങള്‍ ഏത് ക്രമത്തിലും കാണാം.'വീഡിയോ ആര്‍ട്ട് തിയറി: എ കംപാരറ്റീവ് അപ്രോച്ച് ' എന്ന പുസ്തകത്തില്‍ ഹെലന്‍ വെസ്റ്റ്ഗീസ്റ്റ് (Video Art Theory: A Comparative Approach, Helen Westgeest) ഇപ്രകാരം എഴുതുകയുണ്ടായി: വീഡിയോ ഇന്‍സ്റ്റലേഷനുകളുടെ ചില വശങ്ങള്‍ കാണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. 'ഒരേസമയം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഒരു സ്‌ക്രീനില്‍ നിന്ന് മറ്റൊന്നിലേക്ക് എപ്പോള്‍ മാറണം, വിവിധ പ്രൊജക്ഷനുകള്‍ തമ്മിലുള്ള ബന്ധം, ഗാലറിയില്‍ അവനെ/അവളെ എവിടെ സ്ഥാപിക്കണം എന്നിവ തിരഞ്ഞെടുക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിക്കുന്നു'. ഈ അനുഭവം സിനിമാ തിയേറ്ററിന്റേതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്, തീയേറ്ററില്‍ പ്രേക്ഷകര്‍ സിനിമ മുഴുവന്‍ കാണുന്നത് ഒരേ സ്‌ക്രീനിന്റെ മുന്നില്‍ ഇരുന്നാണല്ലോ. ആര്‍ട്ട് ഗാലറിയില്‍ റോസ്ഫെല്‍ഡും അദ്ദേഹത്തിന്റെ എഡിറ്ററും ചേര്‍ന്ന് ദൈര്‍ഘ്യവുമായി ബന്ധപ്പെട്ട എല്ലാ തിരഞ്ഞെടുപ്പുകളും മുന്‍കൂറായി തയ്യാറാക്കിയിട്ടുണ്ടെങ്കിലും, ഒരു സ്‌ക്രീനില്‍ എത്രനേരം നോക്കണം, അല്ല തുടക്കം മുതല്‍ അവസാനം വരെ ഒന്നിച്ച് കാണണോ മുതലായ കാര്യങ്ങള്‍ പ്രേക്ഷകരില്‍ നിക്ഷിപ്തമാണ്. അതായത്, സിനിമയില്‍ നിന്ന് വ്യത്യസ്തമായി ഇന്‍സ്റ്റലേഷനിലൂടെ നീങ്ങുമ്പോള്‍ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും സ്വന്തം കോമ്പിനേഷനുകള്‍ സൃഷ്ടിക്കാന്‍ കാഴ്ചക്കാരെ ക്ഷണിക്കുന്നു. മറ്റൊന്ന്, തിയേറ്ററില്‍ ഓരോ സിനിമയും ഒരു നിശ്ചിത സമയത്ത് ആരംഭിക്കുന്നു. ആര്‍ട്ട് ഗാലറിയില്‍, കാഴ്ചക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സമയത്ത് കാണാന്‍ സ്വാതന്ത്ര്യമുണ്ട്, സൃഷ്ടി ലൂപ്പ് ചെയ്ത് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒപ്പം അവര്‍ക്ക് ചുറ്റിക്കറങ്ങാനും സ്വാതന്ത്ര്യമുണ്ട്.
മാനിഫെസ്റ്റോകളെ കുറിച്ചുള്ള ഈ സിനിമതന്നെ ഒരു മാനിഫെസ്റ്റോ ആയി മാറുകയാണോ? ബഹുലത, അവ്യക്തത, ആഖ്യാന സിനിമയുടെ വിഭാഗങ്ങള്‍ക്ക് പുറത്ത് ചിന്തിക്കാനുള്ള സാധ്യതകള്‍ എന്നിവയുടെ പ്രകടനപത്രിക പോലെയാണ് ഈ സിനിമ. ഒരു ഗാലറി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ റോസ്ഫെല്‍ഡിന് ഇത് സ്വാഭാവികമായി ലഭിക്കുന്ന ഒന്നാണ്. പക്ഷേ അത് ഒരു പ്രശസ്ത സിനിമാതാരം അഭിനയിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് അന്യമായിരിക്കും. എന്നാല്‍, സിനിമയില്‍ ഈ നടി സാധാരണപോലെയുള്ള ഒരു അഭിനേതാവല്ല, പകരം, വളരെ വഴക്കമുള്ള സാമഗ്രിയാണ്. അതായത്, സംവിധായകന്റെ കയ്യില്‍ അഭിനേത്രി ഒരു മിക്‌സ്ഡ് മീഡിയ വസ്തുവായിത്തീരുന്നു എന്നുപറയാം. കേറ്റ് ബ്ലാന്‍ഷെ യഥാര്‍ത്ഥത്തില്‍ കഥാപാത്രങ്ങളല്ല, അവര്‍ ഓരോ മുഖംമൂടി ധരിക്കുകയും പിന്നീട് അഴിച്ചുമാറ്റുകയും ചെയ്യുന്നു. 'Cate was very important because they're not only characters, they're messengers of certain thoughts, like archetypes. They're vessels for ideas. They're exaggerated, almost clichés of characters' എന്ന് സംവിധായകന്‍. 
 
ബ്ലാന്‍ഷെ കഥാപാത്രങ്ങളായി പൂര്‍ണ്ണമായും മാറുന്നില്ല, അല്ലെങ്കില്‍, ജീവിക്കുന്നില്ല. അവര്‍ക്ക് കഥാപാത്രങ്ങളുടെ വേഷഭൂഷാതികള്‍ ഉണ്ട് എന്നെല്ലാതെ കഥാപാത്രമായി മാറാന്‍ സംഭാഷണങ്ങള്‍ ഇല്ല. മറ്റൊന്ന്, കഥാപാത്രങ്ങളും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന മാനിഫെസ്റ്റോയിലെ ഉദ്ധരണികളും, വോയിസ് ഓവര്‍ നരേഷനും, ആത്മഗതങ്ങളും പരസ്പരപൂരിതമല്ല. അതുപോലെത്തന്നെയാണ് സംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലവും - ഒരു വാര്‍ത്താ അവതാരകയുടെ മേശ, ഒരു ഫാമിലി ഡൈനിംഗ് റൂം, ഒരു സ്‌കൂള്‍, ഒരു സ്റ്റോക്ക് എക്സ്ചേഞ്ച്, ഒരു ശവസംസ്‌കാരച്ചടങ്ങ് എന്നിവ. ഇത് വാക്കുകളെ ഉയര്‍ത്തിക്കാണിക്കുകയും ഒപ്പം അവയെ അസംബന്ധമാക്കി മാറ്റുകയും അതേസമയം അര്‍ത്ഥവത്താക്കുകയും ചെയ്യുന്നു. അതുപോലെ ഓരോ മാനിഫെസ്റ്റോയും വ്യത്യസ്ത അവസ്ഥകളിലാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലാന്‍ഷെ കഥാപാത്രത്തില്‍ നിന്ന് ഒരു അകലം പാലിക്കുന്നു. അപ്പോള്‍ പ്രേക്ഷകരും അതുപോലെത്തന്നെയാണ്. ബ്ലാന്‍ഷെ കഥാപാത്രവുമായി താദാത്മ്യപ്പെടുന്നില്ല, അതുകൊണ്ടുതന്നെ പ്രേക്ഷകരും. ഇത് അഭിനയത്തെ കുറിച്ചുള്ള ഇന്ത്യന്‍ സങ്കല്‍പങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ആശയങ്ങളെ 'അഭിനയിച്ച് ' (നേരെ കൊണ്ടുവന്ന് ) കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതാണല്ലോ ഇന്ത്യന്‍ സങ്കല്‍പ്പം. കഥാപാത്രങ്ങള്‍ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കരുത്, അവര്‍ അവരായിത്തന്നെ നിന്ന് കഥാപാത്രമായി അഭിനയിക്കുക എന്നതാണ് ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും സൈദ്ധാന്തികനുമായിരുന്ന റോബര്‍ട്ട് ബ്രസ്സോയുടെ സങ്കല്‍പം. ബര്‍തോള്‍ഡ് ബ്രഹ്ത്തിന്റെ ആശയങ്ങളും ഇവിടെ സ്മരിക്കാവുന്നതാണ്.

MANIFESTO INSTALLATION | PHOTO: TWITTER
സാധാരണ സിനിമകളില്‍ (ആര്‍ട്ട് സിനിമയിലും) കഥപറച്ചിലിലെ എക്സ്പോസിഷന്‍ ഘടന എന്നത് കഥാപാത്രങ്ങളെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അളവിനെ സൂചിപ്പിക്കുന്നു. കാഴ്ചക്കാരെ ആകര്‍ഷിക്കുന്നതിനും കഥാപാത്രങ്ങളുമായി താദാത്മ്യപ്പെടുന്നതിനും, സിനിമയുടെ ആഖ്യാനത്തില്‍ പങ്കുചേരാനും വേണ്ടിയാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സിനിമയില്‍ ആരീതിയിലുള്ള ഓറിയന്റേഷന്‍ ഇല്ല. ഇത് ഗൊദാര്‍ദിന്റെ 'ബ്രത്ത് ലസ്സ് ' എന്ന സിനിമയെ ഓര്‍മ്മിപ്പിക്കുന്നു. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മിഷേലിന്റെയും പട്രീഷ്യയുടെയും ജീവിതലക്ഷ്യം ഗോദാര്‍ദ് ഒരിക്കലും വ്യക്തമാക്കിയിട്ടില്ല. അവരുടെ ഭൂതകാലത്തെക്കുറിച്ചും എന്താണ് അവരുടെ പദ്ധതിഎന്നും അവര്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്നും അവര്‍ എന്താണ് വെറുക്കുന്നതെന്നും അവര്‍ പരസ്പരം സ്‌നേഹിക്കുന്നുണ്ടോ മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രവചനാതീതമാണ്. 
വൈരുദ്ധ്യവും അതില്‍ നിന്ന് ജനിക്കുന്ന അനുഭവവും സിനിമയുടെ പ്രത്യേകതയാണ്. മാനിഫെസ്റ്റോകള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഒരു തരത്തിലുള്ള ആത്മഗതമായി മാറുമ്പോള്‍, അല്ലെങ്കില്‍ വോയ്സ് ഓവറുകളായി അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങളാവുമ്പോള്‍ ഈ മാനിഫെസ്റ്റോകള്‍ പ്രേക്ഷകരുടെ ബോധത്തെ തടസ്സപ്പെടുത്തുകയും അവയുടെ യഥാര്‍ത്ഥ ചരിത്രസാഹചര്യങ്ങളില്‍ നിന്ന് അവയെ പിഴുതെറിയുകയും ചെയ്യുന്നു. റോസ്‌ഫെല്‍ഡ് മാനിഫെസ്റ്റോകളെ 'അവരുടെ കാലത്തെ ഭൂകമ്പമാപിനികള്‍' എന്നാണ് വിളിക്കുന്നത്. ഒരു കാലഘട്ടത്തില്‍ വലിയ ആഘാതങ്ങള്‍ ഉണ്ടാക്കിയ മാനിഫെസ്റ്റോകള്‍ തികച്ചും വ്യത്യസ്തമായ ഒരു കാലഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന ലോകങ്ങളിലേക്ക് സ്ഥാനഭ്രംശം വരുത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ഈ ഭാഗം വ്യക്തമാക്കുന്നു:

കിഴക്കന്‍ യൂറോപ്പിലെവിടെയോ ഒരു ശവസംസ്‌കാരച്ചടങ്ങ് നടക്കുകയാണ്. കറുത്ത വസ്ത്രം ധരിച്ച ആളുകള്‍ തുറന്ന ശവക്കുഴിക്ക് ചുറ്റും കൂടിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ അടുത്ത സുഹൃത്ത് വിലപിക്കല്‍ ചടങ്ങില്‍ വായിക്കുന്നത് ദാദാ മാനിഫെസ്റ്റോയിലെ വരികളാണ്.
'One dies as a hero or an idiot which is the same thing. The only word which is not ephemeral is the word death. I am against systems...no more religions, no more republicans, no more royalists, no more imperialists, no more anarchists, no more oscialists, no more Bolsheviks, no more politicians, no more proletarians, no more democrats, no more bourgeois, no more aristocrats, no more armies, no more police, no more fatherlands, enough of all these imbecilities, no more anything, no more anything'. 
റഷ്യന്‍ ഉച്ചാരണമുള്ള ഒരു സ്ത്രീ കോറിയോഗ്രാഫര്‍, റിഹേഴ്‌സലിനിടെ സ്റ്റേജിന്റെ വശത്ത് നിന്ന് അന്യഗ്രഹജീവികളുടെ വേഷം ധരിച്ച നര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്. എന്നാല്‍ അവര്‍ പറയുന്നത് യുവോണ്‍ റെയ്നര്‍, ജോര്‍ജ്ജ് മസിയൂനാസ്, കുര്‍ട്ട് ഷ്വിറ്റേഴ്സ് (Yvonne Rainer, George Maciunas, and Kurt Schwitters) എന്നിവരുടെ മാനിഫെസ്റ്റോകളില്‍ നിന്നുള്ള ഭാഗങ്ങളാണ്.
'No to spectacle...Life is an artwork and the artwork is life. The more we know, the less we understand, the better it is...Fluxus is a pain in art's ass...Purge the world of dead art, imitation, artificial art, abstract art, illusionistic art, mathematical art. Promote non Art Reality to be grasped by all peoples, not only critics, dilettantes and professionals. Promote a revolutionary flood and tide in Art. Promote living art, anti-art'. 
ഒരു യാഥാസ്ഥിതിക വീട്ടമ്മ മേശമേല്‍ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നിരത്തി. അപ്പോള്‍ മക്കളും ഭര്‍ത്താവും ഭക്ഷണം കഴിക്കാനായി മേശയ്ക്ക് ചുറ്റും ഇരിക്കുന്നു. അമ്മ ശാന്തമായി ഇരുന്നുകൊണ്ട് ഭക്ഷണത്തിന് മുമ്പുള്ള പ്രാര്‍ത്ഥന ആരംഭിക്കുന്നു. എന്നാല്‍ അവര്‍ പറയുന്നത് ക്ലെസ് ഓള്‍ഡന്‍ബര്‍ഗിന്റെ (Claes Oldenburg)
I am for an Art എന്ന മാനിഫെസ്റ്റോയില്‍ നിന്നുള്ള വരികളാണ്: 'I am for an art that is political-erotical-mystical...I am for all art that takes its from the lines of life itself, that twists and extends and accumulates and spits and drips, and is heavy and coarse and blunt and sweet and stupid as life itself...I am for art that limps and rolls and runs and jumps". 
ഒരു ക്ലാസ് റൂമില്‍ പരീക്ഷാ പേപ്പറുകള്‍ നല്‍കുന്നതിന് മുമ്പ് എട്ട് മുതല്‍ ഒമ്പത് വയസ്സ് വരെ പ്രായമുള്ള കുട്ടികളോട് ടീച്ചര്‍ സംസാരിക്കുകയും തുടര്‍ന്ന് ക്ലാസ് മുറിയില്‍ ചുറ്റിനടക്കുകയും പരീക്ഷ എഴുതുന്ന കുട്ടികളെ നിരീക്ഷിക്കുകയും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 'നിങ്ങളുടെ ഭാവനയ്ക്ക് ഇന്ധനം നല്‍കുന്ന എവിടെനിന്നും മോഷ്ടിക്കാന്‍' എല്ലാവരേയും ഉപദേശിച്ച ചലച്ചിത്ര സംവിധായകന്‍ ജിം ജാര്‍മുഷിന്റെ വാക്കുകള്‍ ഉപയോഗിച്ച് അവള്‍ തന്റെ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്നു:
"There are deeper strata of truth in cinema, and there is such a thing as poetic, ecstatic truth. It is mysterious and elusive, and can be reached only through fabrication and imagination and stylization. Nothing is original. Steal from anywhere that reosnates with inspiration or fuels your imagination. Devour old films, new films, music, books, paintings, photographs, poems, dreams [...] Select only things to steal from that speak directly to your osul. If you do this, your work (and theft) will be authentic".
തുടര്‍ന്ന്, കുട്ടികളുടെ വര്‍ക്ക്ബുക്കുകള്‍ ശരിയാക്കിക്കൊണ്ട് ഡാനിഷ് സംവിധായകരായ ലാര്‍സ് വോണ്‍ ട്രയറും തോമസ് വിന്റര്‍ബര്‍ഗും ചേര്‍ന്ന് സ്ഥാപിച്ച പ്രസ്ഥാനമായ ഡോഗ്മ 95-ന്റെ ചലച്ചിത്ര സംവിധായകര്‍ക്കായുള്ള പത്ത് കല്‍പ്പനകളില്‍ ചിലത് വായിക്കുന്നു. കൂട്ടത്തില്‍ 'It's not where you take things from - it's where you take them to' എന്ന ഗൊദാര്‍ദിന്റെ വാക്കുകളും അവര്‍ ഉദ്ധരിക്കുന്നുണ്ട്.

JEAN LUC GODARD | PHOTO: TWITTER
പാവ നിര്‍മ്മിക്കുന്ന സ്ത്രീ ആന്ദ്രേ ബര്‍ട്ടന്റെ 1924-ലെ സര്‍റിയലിസത്തെക്കുറിച്ചുള്ള മാനിഫെസ്റ്റോയിലെ വരികള്‍ ഉരുവിടുന്നു, ഭാവനരഹിത പറയുന്നത് Situationist Manifesto-യിലെ വരികളാണ്. സ്റ്റോക്ക് ബ്രോക്കര്‍ ഫ്യൂച്ചറിസ്റ്റ് മാനിഫെസ്റ്റോയിലെ വരികളും, മാലിന്യ നിര്‍മാര്‍ജന ജോലിക്കാരി വാസ്തുവിദ്യയെക്കുറിച്ചും പറയുന്നു, പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരു സി.ഇ.ഓ. Abstract Expressionist മാനിഫെസ്റ്റോ വായിക്കുന്നു. ന്യൂസ് റീഡര്‍ വാര്‍ത്താ വായന തുടങ്ങുമ്പോള്‍ ഒരു മാനിഫെസ്റ്റോയിലെ 'All current art is fake' എന്ന വാചകമാണ് പറയുന്നത്.

ഇരട്ട എന്ന ആശയം സിനിമയുടെ ഒരു പ്രത്യേകതയാണ്. ഒരു ടിവി സ്റ്റുഡിയോയില്‍ വാര്‍ത്ത വായിക്കുന്ന ഭാഗത്ത് ബ്ലാന്‍ഷെ അവതാരകയായും ഫീല്‍ഡിലെ റിപ്പോര്‍ട്ടറുമായി അഭിനയിക്കുന്നു. സ്റ്റുഡിയോ ആങ്കറും ഫീല്‍ഡ് റിപ്പോര്‍ട്ടറും പരസ്പരം 'കേറ്റ് ' എന്നാണ് അഭിസംബോധന ചെയ്യുന്നത്. അവസാനം, സ്റ്റുഡിയോ ഫൂട്ടേജ് പോലെ തന്നെ ഔട്ട്‌ഡോര്‍ ഷൂട്ടും മിഥ്യയുടെ നിര്‍മ്മാണമായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നു - ക്യാമറ മഴപെയ്യിക്കുന്ന ജനറേറ്ററും കാറ്റുണ്ടാക്കുന്ന യന്ത്രവും വെളിപ്പെടുത്തുന്നു, പിന്നെ സ്വിച്ച് ഓഫ് ചെയ്യുന്നു. ഈ ഭാഗത്തിന്റെ തുടക്കത്തിലെ ട്രാക്കിംഗ് ഷോട്ടില്‍ ചിത്രീകരണത്തിന് തയ്യാറാക്കുന്ന ഉപകരണങ്ങളെയാണ് കാണിക്കുന്നത്. അവതാരകയെ നേരിട്ട് അവതരിപ്പിക്കുന്നതിന് പകരം സിനിമാറ്റിക് മായികത സൃഷ്ടിക്കുന്നതിനുള്ള സാങ്കേതിക മാര്‍ഗങ്ങളാണ് കാണിക്കുന്നത്. ഒപ്പം വാര്‍ത്ത വായിക്കാന്‍ ബ്ലാന്‍ഷെറ്റിനെ ടച്ചപ്പ് ചെയ്യുന്നവരെയും സാങ്കേതിക പ്രവര്‍ത്തകരെയും കാണിക്കുന്നു. ഇവിടെയാണ് വാര്‍ത്താ വായനയുടെ തുടക്കത്തില്‍ അവതാരക ഉരുവിട്ട വാക്കുകള്‍ - 'നിലവിലെ എല്ലാ കലകളും വ്യാജമാണ് ... മനുഷ്യരെല്ലാം വ്യാജമാണ്' - പ്രസക്തമാവുന്നത്.

പാവകള്‍ കൊണ്ടു നിറഞ്ഞ ഒരു മുറിയില്‍ ബ്ലാന്‍ഷെ വളരെ സൂക്ഷ്മതയോടെ പാവ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. പുരുഷരൂപത്തിലുള്ള പാവയുടെ മൊട്ടത്തലയില്‍ നിന്ന് മെല്ലെ അവളുടെതന്നെ പ്രതിച്ഛായ ഉണ്ടായിവരുന്നു. ബ്ലാന്‍ഷെ തന്റെ ആള്‍ട്ടര്‍ ഈഗോയെ നിര്‍മ്മിക്കുമ്പോള്‍ ആന്ദ്രേ ബ്രെട്ടന്റെ മാനിഫെസ്റ്റോയില്‍ നിന്നുള്ള വാക്കുകള്‍ ഉരുവിടുന്നു. ബ്ലാന്‍ഷെറ്റിന്റെ യഥാര്‍ത്ഥ മുഖവും പാവ മുഖവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലും മാനിഫെസ്റ്റോയില്‍ നിന്നുള്ള വാക്കുകളും സര്‍റിയലിസത്തിന്റെ അഗ്രഗാമികളില്‍ ഒരാളായിരുന്ന മാന്‍ റേയുടെ പ്രശസ്തമായ Kiki with the mask, 1926 എന്ന ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്നു.

അഭിനേത്രി മാനിഫെസ്റ്റോകള്‍ വായിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളല്ല നാം കാണുന്നത്. പകരം ഒരാള്‍ അവരുടെ ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതും അവരുടെ ജോലി ചെയ്യുന്നതും കാണിക്കുന്നു - അടിസ്ഥാനപരമായി ഒരു സാധാരണ സാഹചര്യത്തിലുള്ള പ്രവര്‍ത്തനം. കാഴ്ചക്കാരന്റെ മനസ്സില്‍ ഇത് ശബ്ദങ്ങളില്‍ നിന്നും ദൃശ്യങ്ങളില്‍ നിന്നും മോണോലോഗ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രത്യേക സാഹചര്യവുമായുള്ള ആന്തരിക പോരാട്ടത്തിന്റെ അല്ലെങ്കില്‍ സംഘട്ടനത്തിന്റെ സാക്ഷ്യമായി മാറുന്നു. അവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം ഉദ്ദേശിച്ചിട്ടുള്ള ഒരു ഇന്റീരിയര്‍ മോണോലോഗ് ആയി വാചകം രൂപപ്പെടുത്തുന്നു. ഒരു ആന്തരിക ശബ്ദമായാലും അല്ലെങ്കില്‍ കേള്‍ക്കാവുന്ന രീതിയില്‍ വ്യക്തമായ ശബ്ദമായാലും അത് ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തനത്തിനുള്ള ബദല്‍ സാധ്യതകളാണ്, എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നടപ്പിലാക്കപ്പെടുന്നില്ല, അല്ലെങ്കില്‍ അവതരിപ്പിക്കുന്നില്ല. ഈ രീതിയില്‍, റോസ്ഫെല്‍ഡ് പ്രധാനമായും സാധാരണ ദൃശ്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പിരിമുറുക്കത്തിന്റെ തലം സൃഷ്ടിക്കുന്നു.
ദൃശ്യങ്ങളും മാനിഫെസ്റ്റോയിലെ ഉച്ചരിക്കുന്ന വാക്കുകളും തമ്മിലുള്ള പൊരുത്തക്കേട് ഒരു സാഹചര്യത്തില്‍ നിന്ന് പ്രേക്ഷകരെ ഒരു പ്രത്യേക രീതിയില്‍ വേര്‍പിരിക്കുന്നു. അതാത് കഥാപാത്രങ്ങളുടെ ഫിക്ഷണല്‍ തലത്തില്‍ പ്രേക്ഷകര്‍ ഇല്ലെങ്കിലും, അവരുടെ പ്രസംഗത്തിന്റെ വിളംബര ശൈലി കാരണം പ്രേക്ഷകര്‍ക്ക് അവര്‍ അഭിസംബോധന ചെയ്യപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു. മാത്രവുമല്ല, പ്രധാന കഥാപാത്രം കാഴ്ചക്കാരനെ നേരിട്ട് നോക്കുകയും അവനെ അല്ലെങ്കില്‍ അവളെ അഭിസംബോധന ചെയ്യുകയും ചെയ്യുന്ന ഒരു നിമിഷം ഉള്‍പ്പെടുത്തിക്കൊണ്ട് സംവിധായകന്‍ ഈ അവസ്ഥയെ ശക്തമാക്കുന്നു.

എന്നാല്‍, നാടകത്തില്‍ ചെയ്യുന്നതുപോലെ പ്രേക്ഷകരെ സിനിമയില്‍ നിന്ന് അകലത്തില്‍ നിര്‍ത്തുന്ന രീതി (Distancing effect) സംവിധായകന്‍ ഉപയോഗിക്കുന്നില്ല. ഇത്തരം ശൈലി ഉപയോഗിക്കുന്ന സിനിമകളെ പോലെ സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കഥാപാത്രങ്ങള്‍ പറയുന്നില്ല. അല്ലെങ്കില്‍ ആഖ്യാനത്തിന്റെ ആശയവിനിമയ ചട്ടക്കൂടിനുള്ളില്‍ കാര്യങ്ങളും ആളുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നമുക്ക് നല്‍കുന്നില്ല, അവര്‍ വിമര്‍ശനാത്മകമോ അപമാനകരമോ ആയ നിരീക്ഷണങ്ങള്‍ നടത്തുന്നില്ല. സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അഭിപ്രായപ്പെടാന്‍ കഥാപാത്രങ്ങള്‍ മെനക്കെടുന്നില്ല. അല്ലെങ്കില്‍ ആഖ്യാനത്തിന്റെ ആശയവിനിമയ ചട്ടക്കൂടിനുള്ളില്‍ സംഭവങ്ങളും കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ നമുക്ക് നല്‍കുന്നില്ല, അവര്‍ വിമര്‍ശനാത്മകമോ അപമാനകരമോ ആയ നിരീക്ഷണങ്ങള്‍ നടത്തുന്നില്ല. എന്നിരുന്നാലും, സീനുകള്‍ തമ്മിലുള്ള ഐക്യത്തിന് ഭീഷണിയാവുകയും സിനിമയുടെ നാലാം ചുമര്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നു. വിചിത്രമായ കാര്യം, കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ റോളുകള്‍ക്ക് പുറത്ത് കടക്കുന്നില്ല; പകരം, കാഴ്ചക്കാരന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നു.

KIKI WITH THE MASK, 1926 | PHOTO: WIKI COMMONS
കേള്‍ക്കാന്‍ / വായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയ ലഘുലേഖകള്‍ ഒരു പുതിയ, ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥ കൈവരിക്കുന്നു. നാടകീയ സാഹചര്യങ്ങളിലൂടെയും സന്ദര്‍ഭോചിതമല്ലാത്ത അവസ്ഥകളിലേക്ക് സിനിമ പ്രേക്ഷകനെ വലിച്ചെറിയുന്നു. മാനിഫെസ്റ്റോകള്‍ ശകലങ്ങളാക്കി അവയുടെ ചരിത്രസാഹചര്യങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയും അതിയാഥാര്‍ത്ഥ്യമോ ഹാസ്യാത്മകമോ അസാധുവായതോ ആയ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് നാടകീയവല്‍ക്കരണത്തിലൂടെയും അഭിനേത്രിയിലൂടെയും പുതിയ സന്ദര്‍ഭങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഈ സിനിമ സാധാരണ സിനിമകളെ പോലെ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിനിധാനം എന്ന ആശയത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഐക്യപ്പെടലാണ് പ്രതിനിധാനം സൃഷ്ടിക്കുന്നതില്‍ ഒരു ഘടകമെങ്കില്‍ ഇവിടെ വൈരുദ്ധ്യത്തിലൂടെയാണ്, ഐക്യമില്ലായ്മയിലൂടെയാണ് സിനിമ പ്രവര്‍ത്തിക്കുന്നത്. സിനിമയിലെ പ്രതിനിധാനം എന്ന വിഷയത്തെ കുറിച്ച് രണ്ടു രീതിയില്‍ ചിന്തിച്ച ചലച്ചിത്ര സംവിധായകരാണ് ഗൊദാര്‍ദും, മണി കൗളും. 'ബൂര്‍ഷ്വാ പ്രതിനിധാന സങ്കല്‍പ്പത്തിനെതിരെ സമരം ചെയ്യുക'' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഗൊദാര്‍ദ് പല തന്ത്രങ്ങളിലൂടെ, പല ഇടപെടലുകളിലൂടെ ദൃശ്യങ്ങളെയും അതിന്റെ പ്രതിനിധാന ശേഷിയെയും കീറിമുറിക്കുന്നു. പ്രതിനിധാന ക്രമം പൊളിച്ചെഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകത്തെ അതേപോലെ പുനരുല്‍പ്പാദിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിനിധാനം എന്ന സങ്കല്‍പം ബൂര്‍ഷ്വാ സിനിമയുടെ ഘടനകളെ സാധൂകരിക്കുന്നതാണ്. 'The cinema can not show the truth, or reveal it, because the truth is not out there in the real world, waiting to be photographed. What the cinema can do is produce meanings and meanings can only be plotted, not in relation to osme abstract yardstick or criterion of truth, but in relation to other meanings' എന്ന് ഗൊദാര്‍ദ്. മറ്റൊരു സന്ദര്‍ഭത്തില്‍ ഭാഷയുടെ ഘടനാപരമായ സംശയം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി:
we do not speak, language speaks through us. The logic would seem to be: fiction = acting = lying = deception = representation = illusion = mystification = ideology.
ഗൊദാര്‍ദിന്റെ സിനിമകളെ മുന്‍നിര്‍ത്തിയുള്ള പീറ്റര്‍ വോളന്റെ കൗണ്ടര്‍ സിനിമയെ കുറിച്ചുള്ള ലേഖനം ഇക്കാര്യം കൂടുതല്‍ വിശദമാക്കുന്നു. ഈ സന്ദര്‍ഭത്തില്‍ വോളന്‍ സാമ്പ്രദായിക സിനിമയുടെ ഏഴ് ചാവുദോഷങ്ങളെ (Seven deadly sins) കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനെ തകര്‍ത്തുകൊണ്ട് ഒരു പ്രതിസിനിമ എങ്ങിനെ സൃഷ്ടിക്കാം എന്നാണ് അദ്ദേഹം ആലോചിച്ചത്. അതിലൊന്ന് യാഥാര്‍ത്ഥ്യവും പ്രതിനിധാനത്തിന്റെ തകര്‍ച്ചയും എന്ന വിഷയമാണ്. 
ഗൊദാര്‍ദിനെ സംബന്ധിച്ച് ഇത് രാഷ്ട്രീയപരവും തത്വചിന്താപരവും ആയിരുന്നുവെങ്കില്‍ മണി കൗളിനെ സംബന്ധിച്ച് ഇത് തത്വചിന്താപരമാണ്. ഇതേ സംബന്ധിച്ച് അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി:
'The transformation of a oscial object into a cinematic one is facilitated by a certain mode of spatio-temporal intervention that rejects the possibility of a degree zero transition from the oscial to the cinematic. This is a process of de-naturing'.
കൗള്‍ സിനിമാറ്റിക് സ്ഥല-കാലത്തെ സാമൂഹിക-രാഷ്ട്രീയ സ്ഥല-കാലത്തില്‍ നിന്ന് അകറ്റുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
'The cinematic space-time thus emerges from the subjectivity of the artist, his own way of seeing or extending himself into the camera'
എന്ന് കൗള്‍ കൂട്ടിച്ചേര്‍ക്കുന്നു.

പ്രശസ്ത നോവല്‍ എഴുത്തുകാരിയും, തിരക്കഥാകൃത്തും, ചലച്ചിത്ര സംവിധായികയുമായിരുന്ന മാര്‍ഗരറ്റ് ദൂറാസ് ദൃശ്യങ്ങളും ശബ്ദങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രക്ഷുബ്ധതയിലൂടെയാണ് സിനിമയിലെ പ്രതിനിധാനം തകര്‍ക്കുന്നത് ''യാഥാര്‍ത്ഥ്യത്തിന്റെ തനിപ്പകര്‍പ്പ് എന്ന രീതിയിലുള്ള പ്രതിനിധാനത്തില്‍ നിന്ന് സിനിമയെ മോചിപ്പിക്കണം. അവ ഒരിക്കലും ഒരു കഥയുടെ ചിത്രീകരണമോ ജീവിതത്തിന്റെ തനിപ്പകര്‍പ്പ് ആക്കാനുള്ള ശ്രമമോ ആയിരിക്കരുത്'' എന്ന് ദൂറാസ്. 
സിനിമയിലെ പ്രതിനിധാനങ്ങളെ തകര്‍ക്കുന്നവയാണ് അബ്ബാസ് കിയരോസ്തമിയുടെ സിനിമകള്‍. അദ്ദേഹത്തിന്റെ 'ഷിറിന്‍', 'ക്ലോസപ്പ്' എന്നീ സിനിമകള്‍ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 'I think life is os difficult to catch, it's os furtive, that a copy, a film, can in no way catch it and represent it' എന്ന് കിയരോസ്തമി. പ്രബുദ്ധ കേരളം എല്ലാ രംഗത്തും മുന്‍പന്തിയിലാണ് എന്നാണല്ലോ നാം പറയുന്നത്. സാഹിത്യത്തിന്റെയും സിനിമയുടെയും മേഖലയിലും കേരളം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഈ രംഗത്തുനിന്നൊന്നും കേരളത്തില്‍ ഒരു മാനിഫെസ്റ്റോ പോലും ഉണ്ടായിട്ടില്ല. ഇന്ത്യയുടെ കാര്യത്തിലും ഇതുതന്നെയായിരിക്കും അവസ്ഥ. അതേ സമയം, ലോകത്തിന്റെ പല ഭാഗത്ത് നിന്നായി ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും ആയി നിരവധി മാനിഫെസ്റ്റോകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ചിത്രകലാ രംഗത്ത് The Indian Radical Painters and Sculpters Aossciation-ന്റെ Questions and Dialogue എന്ന പേരില്‍ ഒരു മാനിഫെസ്റ്റോ ഉണ്ട്. അതുപോലെ സിനിമാ മേഖലയില്‍ അരുണ്‍ കൗളും മൃണാള്‍ സെന്നും ചേര്‍ന്നെഴുതിയ Manifesto of the New Cinema Movement എന്ന മാനിഫെസ്റ്റോയും ഉണ്ട്. 


MARGUERITE DURAS | PHOTO: WIKI COMMONS
രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, അല്ലെങ്കില്‍ ചരിത്രം എന്നിവയുടെ സ്ഥിരമായ ഒഴുക്കിലുള്ള വിള്ളലുകള്‍, ഇടവേളകള്‍, വെല്ലുവിളികള്‍ എന്നിങ്ങനെയാണ് മാനിഫെസ്റ്റോകളെ സാധാരണയായി മനസ്സിലാക്കുന്നത്. സിനിമാ മാനിഫെസ്റ്റോകള്‍ പോലെ മറ്റ് ചലിക്കുന്ന ഇമേജ് മാനിഫെസ്റ്റോകള്‍ക്കും ഇത് ഒരുപോലെ സത്യമാണ്. മാനിഫെസ്റ്റോകള്‍ സിനിമയിലെ രാഷ്ട്രീയവും സൗന്ദര്യപരവുമായ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു, അതുപോലെ പ്രാധാന്യത്തോടെ ലോകത്തില്‍ സിനിമയുടെ പങ്ക് എന്താണ് എന്നും അലോചിക്കുന്നു. അവ ചലച്ചിത്ര സമ്പ്രദായങ്ങള്‍ക്ക് ഉത്തേജകമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 
സ്‌കോട്ട് മക്കെന്‍സിയുടെ 'ഫിലിം മാനിഫെസ്റ്റോസ് ആന്‍ഡ് ഗ്ലോബല്‍ സിനിമാ കള്‍ച്ചര്‍' (Film Manifestos and Global Cinema Cultures, Scott MacKenzie) എന്ന പുസ്തകം കഴിഞ്ഞ 110 വര്‍ഷത്തെ പ്രധാന മാനിഫെസ്റ്റോകളും അധികം അറിയപ്പെടാത്ത പല മാനിഫെസ്റ്റോകളും ഒരുമിച്ച് കൊണ്ടുവരുന്നു. (ഈ പുസ്തകത്തില്‍ ഒരു വ്യക്തി എഴുതിയ ഒറ്റ പേജുള്ള മാനിഫെസ്റ്റോകള്‍ ധാരാളമുണ്ട് ). ഈ വൈവിധ്യമാര്‍ന്ന മാനിഫെസ്റ്റോകളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിചരിത്രം, സാരാംശത്തില്‍, സിനിമയുടെ ഒരു പുതിയ ചരിത്രത്തെ ജീവസുറ്റതാക്കുന്നു.

ചലച്ചിത്ര മാനിഫെസ്റ്റോകള്‍ ഒരു സര്‍ഗ്ഗാത്മകവും രാഷ്ട്രീയവുമായ പ്രവര്‍ത്തനം പലപ്പോഴും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യുകയോ അംഗീകരിക്കപ്പെടാതെ പോവുകയും ചെയ്യുന്നു എങ്കിലും ഇവ ചലച്ചിത്ര സിദ്ധാന്തം, വിമര്‍ശനം, ചരിത്രം എന്നിവയെ മുന്നോട്ട് കൊണ്ടുപോവുന്നു. (പല മാനിഫെസ്റ്റോകളും ഉട്ടോപ്യന്‍ ആയി നമുക്ക് അനുഭവപ്പെടുമെങ്കിലും ഏതൊരു സാമ്പത്തിക വ്യവസ്ഥയിലും ഈ ഉട്ടോപ്യ പ്രായോഗികമായി യാഥാര്‍ത്ഥ്യമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു). പല മാനിഫെസ്റ്റോ രചയിതാക്കളും സിനിമയെ മാറ്റിമറിച്ചു: ചലച്ചിത്ര മാനിഫെസ്റ്റോകളുടെ ലക്ഷ്യം പ്രകോപനം മാത്രമല്ല, സിനിമ എന്ന മാധ്യമത്തെ പുതിയ രൂപത്തില്‍ ഭാവന ചെയ്യുക എന്നതാണ്, അതിനാല്‍ത്തന്നെ ലോകത്തെത്തന്നെയും പുനര്‍വിചിന്തനം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗം. എന്നാല്‍ ഇവിടെ ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ പുറത്തിറക്കുന്ന പ്രകടന പത്രികകള്‍ / വാഗ്ദാനങ്ങള്‍ മാത്രമേ ഉള്ളൂ. അതാകട്ടെ, രാഷ്ട്രീയ പാര്‍ട്ടികളോ സമ്മതിദായകരോ മുഖവിലയ്ക്ക് എടുക്കുന്നുമില്ല. 

''Today I think of the manifesto as a rite of passage, not only for young artists but alos for young people in general. We shouldn't forget that these texts were usually written by very young men who had barely left home when they reached for the pen. Thus their manifestos are not only texts which are intended to turn art - and eventually the whole world - upside down and revolutionise it; at the same time they are testimonials about the search for identity, shouted out into the world with great insecurity" എന്ന് സംവിധായകന്‍ ജൂലിയന്‍ റോസ്ഫെല്‍ഡ്.
#cinema
Leave a comment