TMJ
searchnav-menu
post-thumbnail

TMJ Cinema

മില്‍ക്ക് ഓഫ് സോറോ: അമ്മിഞ്ഞപ്പാലിലൂടെ കടന്നുവന്ന ഭീതികള്‍

28 May 2024   |   5 min Read
ബാലചന്ദ്രൻ ചിറമ്മൽ

പെറുവിന്റെ ചരിത്രം കലാപങ്ങളുടെയും ആഭ്യന്തരയുദ്ധങ്ങളുടെയും കൂടി ചരിത്രമാണ്. ആദ്യമൊക്കെ സ്പാനിഷ് അധിനിവേശക്കാരായിരുന്നെങ്കില്‍ പിന്നീട് പെറുവിലെ വിവിധ ജനവിഭാഗങ്ങളും രാഷ്ട്രീയ ഗ്രൂപ്പുകളും തമ്മിലുള്ള പോരാട്ടങ്ങളായി അവ മാറി. അധികാരത്തിന് വേണ്ടിയുള്ള ഇത്തരം കലാപങ്ങളും കുതന്ത്രങ്ങളും ഇപ്പോഴും തുടരുന്നു. പ്രസിഡന്റ് പെദ്രോ കാസ്റ്റില്ലോയുടെ അധികാര പ്രവേശവും തുടര്‍ന്നുള്ള അറസ്റ്റും പെറുവിലെ ആദ്യ വനിതാ പ്രസിഡന്റായി ദീന ബലുവര്‍ത്തെയുടെ അധികാരാരോഹണവുമൊക്കെ സമീപകാല ദുരന്തങ്ങളാണ്.

കലാപ കലുഷിതമായ ഭൂതകാലത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ പേറുന്നവരാണ് ഇപ്പോഴും പെറുവിലെ ജനത. സ്പാനിഷ് അധിനിവേശക്കാരുമായി മാത്രമല്ല രാജ്യത്തിനകത്ത് തന്നെയുള്ള വിവിധ വിഘടിത ഗ്രൂപ്പുകളുമായും പെറുവിലെ ഭരണകൂടം നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടു. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ പോലെ പെറുവിനും യുദ്ധങ്ങളുടെയും കലാപങ്ങളുടെയും ദീര്‍ഘമായ ചരിത്രമുണ്ട്. സൈമണ്‍ ബൊളിവറാണ് നാം ഇന്ന് കാണുന്ന പെറുവിന്റെ സ്രഷ്ടാവ്. പെറുവിന്റെ മാത്രമല്ല ഇന്ന് ലാറ്റിനമേരിക്കയില്‍ ഉള്ള മിക്ക രാജ്യങ്ങളെയും സ്പാനിഷ് കൊളോണിയല്‍ വാഴ്ചയില്‍ നിന്ന് മോചിപ്പിച്ചത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ കാലശേഷവും ഈ രാജ്യങ്ങളിലൊക്കെ ആഭ്യന്തര കലാപങ്ങള്‍ തുടര്‍ന്നു. ഇതില്‍ നിന്ന് പെറുവും രക്ഷപ്പെട്ടില്ല.   
1980 മുതല്‍ 2000 വരെയുള്ള കാലയളവില്‍ പെറുവില്‍ രൂക്ഷമായ ആഭ്യന്തര കലാപങ്ങളാണ് നടന്നത്. മാവോയിസ്റ്റ് ഗ്രൂപ്പായ ഷൈനിങ്ങ് പാത്ത് (Shining Path) സര്‍ക്കാരുമായി ഇക്കാലത്ത് നിരന്തരമായി ഏറ്റുമുട്ടി. ഈ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ സേന ഇടപെടുകയും ഇതിന്റെ മറവില്‍ കടുത്ത അക്രമങ്ങള്‍ നടത്തുകയും ചെയ്തു. മാത്രമല്ല വിപ്ലവകാരികളെ ഒതുക്കാന്‍ സര്‍ക്കാര്‍ സേന ഗ്രാമീണരായ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഇക്കാലയളവില്‍ സര്‍ക്കാര്‍ സേന നടത്തിയ മനുഷ്യാവകാശ ലംഘനം ഏറ്റവും ക്രൂരമായ ഒന്നായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആയിരക്കണക്കിന് സാധാരണ മനുഷ്യരെയാണ് പട്ടാളം ക്രൂരമായി പീഡിപ്പിച്ചതും കൊലചെയ്തതും. നിരവധി നിരപരാധികളെ ജയിലിലടച്ചു. ഈ ക്രൂരതകളുടെ നടുങ്ങുന്ന ഓര്‍മകള്‍ പിന്‍തലമുറയ്ക്ക് കൈമാറിയാണ് മുന്‍തലമുറ വിടവാങ്ങിയത്. വര്‍ത്തമാനകാലത്തെ യുവതലമുറകളധികവും ഭീതിയുടെ ദുസ്വപ്നങ്ങള്‍ മനസ്സില്‍പേറി നടക്കുന്നവരാണ്. മുന്‍തലമുറ അവര്‍ക്ക് നല്‍കിയ ക്രൂരതയുടെ സാക്ഷ്യപത്രങ്ങള്‍ അവരുടെ മനസ്സില്‍ എക്കാലത്തെയും ഭീതിദമായ ദുസ്വപ്നങ്ങള്‍ കോരിയിട്ടു. 

ഷൈനിങ്ങ് പാത്ത് | PHOTO: WIKI COMMONS
ഈ ഭീകരത നിരവധി പെറൂവിയന്‍ സിനിമയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ദ ലയണ്‍സ് ഡെന്‍ (ഫ്രാന്‍സിസ്‌കോ ലോംബാര്‍ഡി, 1988), യു ഒണ്‍ലി ലിവ് വണ്‍സ് (മരിയാനെ ഐഡ് 1993), നൈതര്‍ ഗോഡ് നോര്‍ ഡെവിള്‍ (നിലോ പെരേര 1991), 'ലാ ഗ്രിംഗ' (ആല്‍ബര്‍ട്ടോ ഡുറന്റ് 1991), റിപ്പോര്‍ട്ട് ഓണ്‍ ഡത്ത് (ഡാനി ഗാവിഡിയ), കരേജ് (ആല്‍ബര്‍ട്ടോ ഡ്യൂറന്റ് 1998) തുടങ്ങിയ നിരവധി സിനിമകള്‍ പെറൂവിയന്‍ ആഭ്യന്തര കലാപങ്ങളെ കുറിച്ച് ലോകത്തിന് വിവരം നല്‍കുന്നവയാണ്. ക്ലോദിയ ലോസ (Claudia Llosa) യുടെ 2009 ലെ സ്പാനിഷ് സിനിമയായ ''മില്‍ക്ക് ഓഫ് സോറോ''യും പെറൂവിയന്‍ ജനതയുടെ ഭീതിയുടെയും നടുക്കത്തിന്റെയും കഥയാണ് പറയുന്നത്. 

''മില്‍ക്ക് ഓഫ് സോറോ''യിലെ നായിക ഫൗസ്റ്റ എന്ന യുവതിയാണ്. അവളുടെ അമ്മയുടെ മരണത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് അവര്‍ പാടിയ പാട്ടിലൂടെ അവര്‍ കടന്ന് പോയ മഹാദുരിതങ്ങളുടെ പൊള്ളുന്ന അനുഭവം നമുക്ക് കിട്ടുന്നുണ്ട്. ക്രൂരമായ ബലാത്സംഗം മാത്രമല്ല മറ്റ് ശാരീരിക പീഡനങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു. അന്ന് ഫൗസ്റ്റയെ ഗര്‍ഭം ധരിച്ചിരുന്ന  അവര്‍ക്ക് സ്വന്തം ഭര്‍ത്താവിന്റെ ലിംഗം പോലും വെടിമരുന്ന് ചേര്‍ത്ത് വിഴുങ്ങേണ്ടി വന്നു. ഇതിലും ഭേദം തന്നെ കൊല്ലുകയാണെന്ന് അവര്‍ നിലവിളിച്ചത്രേ. അത് യഥാര്‍ഥത്തില്‍ അവരുടെ മാത്രം അനുഭവമല്ല. മറിച്ച് പെറൂവിയന്‍ ജനത, പ്രത്യേകിച്ച് സ്ത്രീകള്‍ അനുഭവിച്ച പീഡനങ്ങളുടെ കത്തുന്ന വിവരണമാണ്. 

പെറൂവിയന്‍ ജീവിതം ഈ സങ്കടങ്ങളുടെയും ദുസ്വപ്നങ്ങളുടെയും ഇടയിലാണ് കടന്നുപോയത്. ഫൗസ്റ്റയുടെ അമ്മ മരിച്ചിടത്ത് നിന്ന് നാം പോകുന്നത് ഫൗസ്റ്റയുടെ അമ്മാവന്റെ വീട്ടിലേക്കാണ്. അവിടെ അദ്ദേഹത്തിന്റെ മകളുടെ വിവാഹ ഒരുക്കങ്ങള്‍ നടക്കുകയാണ്. മരണവും വിവാഹവുമൊക്കെ ഇങ്ങനെയാണ് അവര്‍ കൊണ്ടാടുന്നത്. ഗ്രാമങ്ങളിലാണ് പട്ടാളത്തിന്റെ ക്രൂരത അധികവും അരങ്ങേറിയത്. നിസ്സഹായരും സാധുക്കളുമായ ഗ്രാമീണരെ വേട്ടയാടുക എളുപ്പമാണ്. അവര്‍ ദരിദ്രരും അധികാരത്തില്‍ വലിയ സ്വാധീനമില്ലാത്തവരുമായതുകൊണ്ട് ചെറുത്തുനില്‍പ്പും കുറവായിരിക്കും. മാത്രമല്ല സര്‍ക്കാര്‍ വിരുദ്ധ സംഘടനകള്‍ അധികവും ഗ്രാമങ്ങളും അവയ്ക്ക് ചുറ്റപ്പെട്ട് കിടക്കുന്ന മലനിരകളുമാണ് അവരുടെ ചെറുത്തുനില്‍പ്പിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തത്. ഫൗസ്റ്റ ജനിച്ചതും വളര്‍ന്നതും അത്തരം ഒരു ഗ്രാമത്തിലാണ്. സ്‌നേഹത്തിനും സുരക്ഷാബോധത്തിനും പകരം അമ്മിഞ്ഞപ്പാലിലൂടെ ഫൗസ്റ്റയ്ക്ക് ലഭിച്ചത് ഭീതിജനകമായ കഥകളാണ്. സ്ത്രീ എന്ന നിലയില്‍ അവളുടെ അമ്മയ്ക്ക് നേരിടേണ്ടിവന്ന മഹായാതനകളുടെ ക്രൗര്യം നിറഞ്ഞ കഥകളിലൂടെ പുരുഷവര്‍ഗത്തെ അപ്പാടെ ഭയപ്പെടാനാണ് ഫൗസ്റ്റ പഠിച്ചത്. അതുകൊണ്ട് തന്നെ അവള്‍ ബലാത്സംഗഭീതിയിലാണ്. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഫൗസ്റ്റ അവളുടെ യോനിയില്‍ ഒരു ഉരുളക്കിഴങ്ങ് വെച്ചിട്ടുണ്ട്. അത് കാരണം അവള്‍ ബലാത്സംഗം ചെയ്യപ്പെടില്ല എന്നാണ് അവള്‍ കരുതുന്നത്. അതും അമ്മയില്‍ നിന്ന് ലഭിച്ച അറിവാണ്. അമ്മയുടെ ഒരു അയല്‍ക്കാരി അങ്ങനെ ചെയ്തത് കൊണ്ട് അവളെ ആരും ബലാത്സംഗം ചെയ്തില്ല എന്ന് അമ്മ ഫൗസ്റ്റയോട് പറഞ്ഞിരുന്നത്രേ. ഫൗസ്റ്റയ്ക്ക് അസുഖം വന്നപ്പോള്‍ ഡോക്റ്റര്‍ അത് കണ്ടുപിടിക്കുകയും അവളുടെ അമ്മാവനോട് അത് നീക്കം ചെയ്യാന്‍ ഒരു ചെറു ശസ്ത്രക്രിയ നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഗര്‍ഭനിരോധനത്തിനാണ് അവള്‍ അത് ചെയ്തത് എന്നാണ് ഡോക്ടര്‍ കരുതിയത്. എന്നാല്‍ ഫൗസ്റ്റ അതിന് തയ്യാറായില്ല.  പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത് എന്നും അവിടെ ഭയപ്പെടേണ്ടതില്ല എന്നും അമ്മാവന്‍ പറയുന്നുണ്ട്. എങ്കിലും ഭീതിദമായ എന്തോ ഒന്ന് ഫൗസ്റ്റയെ എപ്പോഴും പിന്തുടരുന്നുണ്ട്.
 
ഫൗസ്റ്റ | PHOTO: WIKI COMMONS
ജീവിതം മുഴുവന്‍ പുരുഷന്മാരെ ഭയന്നാണ് ഫൗസ്റ്റ മുന്നോട്ടുപോകുന്നത്. അവള്‍ പണിയെടുക്കുന്ന വീട്ടിലെ തോട്ടം സൂക്ഷിപ്പുകാരനെയും പടിയിറങ്ങുമ്പോള്‍ കയറിവരുന്ന അജ്ഞാതനായ പുരുഷനെയും പ്രണയത്തോടെ അവളോട് അടുക്കാന്‍ ശ്രമിച്ച ചെറുപ്പക്കാരനേയും ഒക്കെ അവള്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഒറ്റയ്ക്കുള്ള യാത്രകള്‍ അവള്‍ക്ക് ദുരിതയാത്രകളാണ്. ഈ ഭീതി അവളെ പ്രണയത്തില്‍ നിന്ന് പോലും അകറ്റുന്നുണ്ട്. പല പ്രണയാഭ്യര്‍ത്ഥനകളും അതുകൊണ്ട് തന്നെ അവള്‍ നിരസിക്കുന്നുണ്ട്.

ഫൗസ്റ്റ സ്വന്തം യോനിയില്‍ കടത്തിവെച്ച ആ ഉരുളക്കിഴങ്ങ് യഥാര്‍ഥത്തില്‍ പെറുവിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടെ പ്രതീകമാണ്. സ്വന്തം ഭൂതകാലത്തിന്റെ നടുങ്ങുന്ന ഓര്‍മകളായി അത് ഓരോ പെറൂവിയന്‍ സ്ത്രീയുടെയും ഉള്ളില്‍ വീണ്ടും വീണ്ടും നാമ്പ് നീട്ടുന്ന ദുസ്വപ്നമായി നിലകൊള്ളുന്നു. ഫൗസ്റ്റയുടെ പുരുഷ ഭീതിയായും ഈ ഉരുള്‍ക്കിഴങ്ങ് ഉണ്ട്. ഒടുവില്‍ അവള്‍ സ്വതന്ത്രയും തന്റേടിയുമായ സ്ത്രീയായി മാറുന്നത് ഈ ഉരുളക്കിഴങ്ങ് എടുത്ത് കളയുന്ന പ്രതീകത്തിലൂടെയാണ് സംവിധായിക നമ്മോട് പറയുന്നത്. അതുവരെ പുരുഷന്മാരെയും പ്രണയത്തെയും ഭയത്തോടെ സമീപിച്ച ഫൗസ്റ്റ അതില്‍ നിന്ന് രക്ഷപ്പെടുകയും ഒരു സ്വതന്ത്ര സ്ത്രീയായി മാറുകയും ഒരു പുരുഷനെ കണ്ടെത്തുകയും ചെയ്തു.

അമ്മയുടെ മൃതദേഹം സ്വന്തം ഗ്രാമത്തില്‍ സംസ്‌ക്കരിക്കണമെന്നാണ് ഫൗസ്റ്റയുടെ ആഗ്രഹം. അതുകൊണ്ട് തന്നെ അവള്‍ അമ്മയുടെ ഭൗതികശരീരം വീട്ടില്‍ തന്നെ കിടത്തിയത്. ഗ്രാമത്തിലേക്ക് കൊണ്ടുപോകാനുള്ള പണമാണ് അവളുടെ പ്രശ്‌നം. സംസ്‌കാരച്ചടങ്ങുകള്‍ക്കും പെട്ടിക്കുമൊക്കെ എത്ര പണം വേണം എന്ന് അവള്‍ ഇതിനിടെ അന്വേഷിക്കുന്നുണ്ട്. അമ്മയുടെ മൃതദേഹം അഴുകാതിരിക്കാന്‍ അവള്‍ കൂട്ടുകാരുമായി ചേര്‍ന്ന് അതിനെ നിരന്തരം പരിപാലിച്ച് പോന്നു. എന്നാല്‍ മകളുടെ കല്യാണം ഉടനെ നടത്തേണ്ടത് കൊണ്ട് ഉടനെ അമ്മയെ സംസ്‌കരിക്കണമെന്ന് അമ്മാവന്‍ ആവശ്യപ്പെടുന്നു.

REPRESENTATIVE IMAGE | WIKI COMMONS
അതിനിടയില്‍ ഫൗസ്റ്റ ഒരു വലിയ വീട്ടില്‍ ജോലിക്ക് പോകാന്‍ തുടങ്ങി.  അതിന് കിട്ടുന്ന പണം കൊണ്ട് അമ്മയെ നാട്ടിലെത്തിക്കാം എന്നാണവള്‍ കരുതിയത്. എന്നാല്‍ ഫൗസ്റ്റയ്ക്ക് സഹജമായി അമ്മയില്‍ നിന്ന് കിട്ടിയ സംഗീതത്തെ വിറ്റ് കാശാക്കുക എന്നതായിരുന്നു പിയാനിസ്റ്റായ വീട്ടുടമ ഐഡയുടെ ലക്ഷ്യം. അത് പക്ഷേ, വെറുതെയല്ല, ഓരോ പാട്ടിനും ഒരു പേള്‍ (മുത്ത്) അവള്‍ക്ക് സംഭാവനയായി കിട്ടും. യഥാര്‍ഥത്തില്‍ ഫൗസ്റ്റയുടെ സംഗീതത്തെ അവര്‍ വിലക്കെടുക്കുകയായിരുന്നു. എന്നാല്‍ ഫൗസ്റ്റയ്ക്ക് അതിന്റെ പ്രശസ്തി കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നുമില്ല. സ്വന്തം പഴയ പിയാനോ കത്തിച്ച് പുതിയത് വാങ്ങിക്കൊണ്ട് തന്റെ പഴയ സംഗീത ചോദനയ്ക്ക് പകരം ഫൗസ്റ്റ എന്ന പുതിയ ആളെ ഐഡ വിലയ്ക്ക് വാങ്ങിയതായി നമുക്ക് കാണാം. പെറുവിലെ ഉപരിവര്‍ഗം എങ്ങനെയാണ് സാധാരണക്കാരായ മനുഷ്യരെ ചൂഷണം ചെയ്യുന്നത് എന്ന് ഐഡയിലൂടെ നമുക്ക് കാട്ടിത്തരികയാണ് സംവിധായിക ചെയ്യുന്നത്. എന്നിരിക്കലും ഫൗസ്റ്റ അതിന് വഴങ്ങുകയും അമ്മയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് പണം കണ്ടെത്തുകയും ചെയ്തു.  

ഫൗസ്റ്റയുടെ സഹോദരന്‍ മരിച്ചത് പ്രേതങ്ങള്‍ ആവേശിച്ചിട്ടാണെന്ന് അവള്‍ ഒരു കൂട്ടുകാരനോട് പറയുന്നുണ്ട്. അവന്റെ വയറിന്റെ ഫോട്ടോ മാത്രമേ തിരിച്ച് കിട്ടിയുള്ളൂവത്രേ. ബാക്കിയെല്ലം പ്രേതങ്ങള്‍ കൊണ്ടുപോയി എന്നാണ് അവള്‍ പറയുന്നത്. അതുകൊണ്ട് നടക്കുമ്പോള്‍ മതിലിന് അരികിലൂടെ ഒളിച്ച് നടക്കണം ഇല്ലെങ്കില്‍ പ്രേതങ്ങള്‍ ആക്രമിക്കുമത്രേ. പട്ടാളത്തെ ഭയന്ന് ഒളിച്ച് നടന്നിരുന്ന ഒരു യൗവനത്തെയാണ് ഈ വാചകങ്ങളിലൂടെ ആവിഷ്‌കരിക്കുന്നത്. പട്ടാളം പിടിച്ചാല്‍ ചിത്രങ്ങള്‍ മാത്രമാവും ലഭിക്കുക.


REPRESENTATIVE IMAGE | WIKI COMMONS
1980 തൊട്ട് രണ്ട് ദശകങ്ങള്‍ പെറുവിലെ സാധാരണ മനുഷ്യര്‍ നേരിട്ട ദുരിതങ്ങളുടെ നേര്‍സാക്ഷ്യമാണ് ക്ലോദിയ ലോസ ''മില്‍ക്ക് ഓഫ് സോറോ''യിലൂടെ അവതരിപ്പിക്കുന്നത്. ഫൗസ്റ്റ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെ ഒരു രാജ്യത്തെ ഗ്രസിച്ച അധികാര ശക്തിയുടെ പീഡനങ്ങള്‍ തുറന്നുകാട്ടുകയാണ് അവര്‍ ചെയ്തത്. അത് ലോകം മുഴുവന്‍ അംഗീകരിക്കുകയും ചെയ്തു.
പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ 1976 ല്‍ ഒരു എഞ്ചിനീയറുടെയും പ്ലാസ്റ്റിക് കലാകാരിയുടെയും മകളായി ജനിച്ച ലോസ വിഖ്യാതമായ ബ്രിട്ടീഷ്- പെറൂവിയന്‍ സാംസ്‌കാരിക കേന്ദ്രമായ ന്യൂട്ടന്‍ കോളേജില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് ലിമ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദം നേടി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും സണ്‍ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും സംവിധാനത്തില്‍ ഉപരിപഠനം നടത്തി.  വിഖ്യാത എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയോ വര്‍ഗസ് ലോസയുടെയും വിഖ്യാത സംവിധായകന്‍ ലൂയി ലോസയുടെയും (ഇദ്ദേഹമാണ് പ്രശസ്ത ചിത്രം ''അനക്കോണ്ട'' സംവിധാനം ചെയ്തത്) മരുമകളായ ക്ലോദിയയെ ലാറ്റിനമേരിക്കന്‍ സിനിമയുടെ പ്രതീകമായാണ് ലോകം കണക്കാക്കുന്നത്. 2006 ല്‍ ''മെയ്ഡിന്‍യുഎസ്എ'' എന്ന സിനിമയോടെ സംവിധായികയുടെ കുപ്പായമിട്ട ക്ലോദിയയുടെ രണ്ടാമത്തെ സിനിമയാണ് ''മില്‍ക്ക് ഓഫ് സോറോ''. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ആദ്യ പെറു ചിത്രമാണിത്. ബെര്‍ളിന്‍ മേളയില്‍ ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് കൂടാതെ നിരവധി പുരസ്‌കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.



#cinema
Leave a comment