TMJ
searchnav-menu
post-thumbnail

TMJ Cinema

മായികതയുടെ നടനശരീരം കാഴ്ചയുടെ ലിജോപ്പടം: മലയാളത്തിന്റെ സിനിമാറ്റിക് വാലിബന്‍

07 Feb 2024   |   4 min Read
ജിഷ്ണു ആര്‍. കാര്യാവില്‍

കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടെ വാലിബന്‍ സംഭവിച്ചു. സംഭവിച്ചുവെന്ന പ്രയോഗം യാദൃശ്ചികമല്ല. 'മലയാളത്തിന്റെ മോഹന്‍ലാലും' മലയാളത്തിലെ ദൃശ്യാനുഭവങ്ങള്‍ക്ക് അപരിചിതത്വവും പുതുമയും നല്‍കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും ഒരുമിച്ച ആദ്യസിനിമ എന്നതാണ് ഈ പ്രയോഗത്തിന്റെ പശ്ചാത്തലം. ഇതില്‍ പതിവില്ലാത്തൊരു ചേര്‍ച്ചയുണ്ട്. ജനപ്രിയതയുടെ ഭാഗമായ മാസ്സ് രംഗങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം ഫാന്‍ബേസുള്ള, മോഹന്‍ലാല്‍ എന്ന നടനും പ്രേക്ഷകരുടെ സംവേദനത്തിന് അല്പമെങ്കിലും വെല്ലുവിളിയുയര്‍ത്തുകയും കാഴ്ച്ചാശീലങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്ന, ക്ലാസിക്കല്‍ സിനിമകളുടെ ശില്പിയായ ലിജോ ജോസ് പെല്ലിശ്ശേരിയും എന്നത് ഒരര്‍ത്ഥത്തില്‍ വൈരുധ്യങ്ങളുടെ ചേര്‍ച്ചയാണ്. ഈ വൈരുധ്യങ്ങള്‍ പരസ്പരം വെച്ചുമാറാന്‍ ശേഷിയുള്ള അതുല്യ പ്രതിഭകളും കൂടിയാണ് ഇരുവരുമെന്നതും നിസ്തര്‍ക്കമാണ്. ഈ പ്രതീക്ഷകളാണ് മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയ്ക്കു മുന്‍പേ പ്രേക്ഷകര്‍ക്കു മുന്നില്‍ ആദ്യ പരിഗണനയായി എത്തിയിട്ടുണ്ടാവുക. അതിനാല്‍ തന്നെ കാഴ്ചക്കാരുടെ പ്രതീക്ഷകള്‍ തൃപ്തിപ്പെടണമെന്നുള്ളതായിരുന്നു മലൈക്കോട്ടെ വാലിബനെ സംബന്ധിച്ച് പടത്തിന് മുമ്പേയുള്ള പ്രതിസന്ധി. ഇതിനെ സിനിമ എങ്ങനെ അഭിമുഖീകരിച്ചുവെന്നുള്ളതും മലയാളി പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിലും സിനിമാ വിശകലനത്തിലും വേരുറച്ചുപോയ ചില പ്രവണതകളെ ചര്‍ച്ചചെയ്യാനും മലൈക്കോട്ടെ വാലിബന്‍ എന്ന സിനിമയുടെ സംവേദന സാധ്യതകളെ തുറന്നിടാനുമാണ് ലേഖനം ശ്രമിക്കുന്നത്.

റിവ്യൂ ബോംബിങ് സിനിമയെ പ്രതിസന്ധിയിലാക്കുന്നുവെന്ന മുറവിളികള്‍ ഈ അടുത്തകാലത്തായി കാര്യമായി ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ്. സിനിമ പണംകൊടുത്തു കാണുന്നവന് അതേക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതേസമയം പൊതു അഭിപ്രായത്തെ സ്വാധീനിക്കാനുള്ള ശേഷിയും ഇത്തരം സിനിമാ വിശകലനങ്ങള്‍ക്കുണ്ട്. അണിയറപ്രവര്‍ത്തകരുടെ 'ബില്‍ഡപ്പുകള്‍' വഴി വരികയും ഫാന്‍ഷോയോടെ പ്രതിസന്ധിയിലകപ്പെടുകയും ചെയ്ത സിനിമകള്‍ മുന്‍പും മോഹന്‍ലാലെന്ന നടന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ടെന്നത് ഒടിയനോടെ തെളിയിക്കപ്പെട്ടതാണ്. സമാനമാണ് വാലിബന്റേയും വിധി. ലിജോ സിനിമകളുടെ പതിവിന് വിരുദ്ധമായ റിലീസ് രീതിയായിരുന്നു ഇതെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മമ്മൂട്ടി-മോഹന്‍ലാല്‍ എന്ന ഇരട്ടത്തത്തിനെ മറികടക്കാനാവാത്ത മലയാള സിനിമ 'നന്‍പകല്‍ നേരത്ത് മയക്ക'വുമായാണ് ചിത്രത്തെ താരതമ്യപ്പെടുത്തുന്നത്. മമ്മൂട്ടിയെന്ന നടന്‍ ഇക്കാലയളവില്‍ സിനിമയെ സംബന്ധിച്ചെടുത്ത നിലപാടുകള്‍ തിരഞ്ഞെടുപ്പുകളുടേതാണ്. അതിനാല്‍തന്നെ കരിയര്‍ ബെസ്റ്റുകളെന്ന് വിളിക്കാവുന്ന പടങ്ങളാണ് മമ്മൂട്ടിയില്‍നിന്ന് ഇടക്കാലത്തുണ്ടായതെല്ലാം. മാത്രവുമല്ല നല്‍പകലിന്റെ പരിചരണവും പ്രമേയവും 'അവാര്‍ഡ് സിനിമകള്‍' എന്ന അപ്രഖ്യാപിത ഗണത്തിലുള്ളതായതിനാലും ഫാന്‍ഷോപോലുള്ള റിലീസ് തന്ത്രവും അതിന്റെ ഭാഗമായുണ്ടായേക്കാവുന്ന അമിതപ്രതീക്ഷകളുടെ ഭാരങ്ങളും സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. വാലിബന്റെ അവസ്ഥ അതായിരുന്നില്ല, ഇതിനെല്ലാം നേര്‍വിപരീതമായിരുന്നു. അതിനാല്‍ ആദ്യ അഭിപ്രായത്തെ സിനിമയ്ക്ക് എതിരാക്കുന്ന എല്ലാഘടകങ്ങളും ഒത്തുചേര്‍ന്ന പടമാണ് മലൈക്കോട്ടെ വാലിബന്‍. അത് റിവ്യൂ ബോംബിങിന്റെ മാത്രം ഇരയായി കണ്ടുകൂടാ.

നന്‍പകല്‍ നേരത്ത് മയക്കം | PHOTO: FACEBOOK
മലയാളത്തിലെ സിനിമാ സംവേദനശീലത്തെ കാര്യമായി സ്വാധീനിച്ചവയാണ് റിയലിസ്റ്റിക് സിനിമകള്‍. സിനിമാറ്റിക് അനുഭവമെന്നതിനേക്കാള്‍ ജീവിതാനുഭവങ്ങളുടെ ഡീറ്റേലിങ് ആണ് ഈ ചിത്രങ്ങളുടെ ആസ്വാദനത്തിന്റെ പ്രധാന ഘടകം. സിനിമയുടെ പ്രമേയത്തിലും പരിചരണത്തിലും ഈ സിനിമകള്‍ പുലര്‍ത്തിയ സൂക്ഷ്മതകള്‍ പില്‍ക്കാലത്ത് ഇതേ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കുപോലും മറികടക്കാന്‍ സാധിക്കാത്തവിധം മലയാളസിനിമയുടെ കാഴ്ചാശീലങ്ങളില്‍ വേരുറച്ചുപോയിട്ടുണ്ട്. അതേസമയം സിനിമാറ്റിക് മാത്രമായ നിരവധി അന്യഭാഷാ സിനിമകള്‍ കേരളത്തില്‍ റിലീസാവുകയും കാര്യമായ കളക്ഷന്‍ നേടുകയും ചെയ്തിട്ടുണ്ട്. കെ ജി എഫ് 2, കാന്താര തുടങ്ങിയവ ഉദാഹരണമാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമയായ മിന്നല്‍ മുരളി അക്കാലത്തെ Netflix തരംഗമായിരുന്നെങ്കിലും നമ്മുടെ അവാര്‍ഡ് പരിഗണനകളുടെ അടുത്തെത്താന്‍പോലും ആ സിനിമയ്ക്ക് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍നിന്നുവേണം മലൈക്കോട്ടെ വാലിബന്റെ പ്രമേയത്തെ വിലയിരുത്താന്‍. മുത്തശ്ശിക്കഥകള്‍ക്കു സമാനമായ പശ്ചാത്തലവും കാലവുമാണ് സിനിമയിലുള്ളത്. അതിനെ ഭാവനാത്മകവും സ്വപ്നസമാനവുമായി ആവിഷ്‌കരിക്കുന്നതില്‍ ഛായാഗ്രഹണത്തിനും പശ്ചാത്തല സംഗീതത്തിനും സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. 

മുത്തശ്ശിക്കഥകള്‍ക്ക് സമാനമാണെന്നതുകൊണ്ടുതന്നെ സിനിമാറ്റിക് ഫാന്റസിയെ ആസ്വദിക്കുക എന്നതുമാത്രമാണ് പ്രേക്ഷകന് ചെയ്യാനുള്ളത്. അതിനാവശ്യമായ അടിസ്ഥാന ചേരുവകള്‍ മലൈക്കോട്ടെ വാലിബനിലുണ്ട്. അതിനാല്‍ യുക്തിയുടെ അളവുകോലല്ല ഈ സിനിമയുടെ നിലവാരത്തെ നിര്‍ണ്ണയിക്കേണ്ടത്. സ്ഥലം, കാലം എന്നിവയിലൊന്നും കൃത്യമായ സൂചനകളേതുമില്ല. എന്നാല്‍ മിത്തിക്കലായ നിരവധി സൂചനകള്‍ സിനിമയിലുണ്ടുതാനും. ആദ്യമായി മാതംഗി പറയുന്ന ഉപകഥയില്‍ കുതിരയെത്തേടിയാണ് വാലിബന്‍ നടക്കുന്നത്. വാലിബന്‍ അവനവനെത്തന്നെ തിരിച്ചറിയുന്ന സന്ദര്‍ഭം ഈ ഉപകഥാഖ്യാനത്തിലുണ്ട്. അയാളൊരു യാഗാശ്വമാണ്. വിധിനിര്‍ണ്ണയിക്കുന്ന യുദ്ധത്തിലേക്ക് അതിന് ഓടാതെ വയ്യ. അപദാനങ്ങള്‍ പാടി യാഗാശ്വത്തെ നാടുചുറ്റിക്കുകയാണ് അയ്യനാരും ചിന്നനും. ആ കഥ അവസാനിക്കുന്ന രംഗത്തില്‍ മേഘത്തിന് ഓടുന്ന കുതിരയുടെ രൂപം കാണിക്കുന്നുണ്ട് എന്നതും ഇവിടെ ശ്രദ്ധേയമാണ്. മറ്റൊന്നാണ് വാലിബന്റെ ചെവിയിലെ കുണ്ഡലം. പുരാണത്തില്‍ കര്‍ണ്ണന് സമാനമായ ജന്മസന്ദേഹം അനുഭവിക്കുന്ന കഥാപാത്രമാണയാള്‍. സൂര്യപുത്രനായ കര്‍ണ്ണന് സൂതപുത്രനായി ജീവിക്കേണ്ടി വന്നതും അതിന്റെ അപമാനങ്ങള്‍ പോര്‍ക്കളത്തില്‍ അയാള്‍ക്ക് നിരന്തരമായി നേരിടേണ്ടിവന്നതും ഓര്‍ക്കാവുന്നതാണ്. ഈ ജന്മസന്ദേഹം വാലിബനേയും പ്രതിസന്ധിയിലാക്കുന്നു. കര്‍ണന്റെ റഫറന്‍സിന് മറ്റൊരു സൂചന കൂടിയുണ്ട്, കഥാദ്യത്തിലെ മല്ലിലും മാങ്ങോട്ടുകളരിയിലെ മല്‍പ്പിടുത്തവും സൂര്യോദയത്തിലാണ് നടക്കുന്നത്. ഇതില്‍ രണ്ടിലും ജയം വാലിബന് ഒപ്പമാണ്. പരാജയപ്പെടുന്ന മലൈക്കോട്ടയിലെ യുദ്ധമാകട്ടെ സൂര്യാസ്തമയത്തിലുമാണ്. ഒടുവില്‍ തന്റെ അവസാനയുദ്ധത്തിനായി തയ്യാറെടുക്കുന്ന വാലിബന് ഏറ്റുമുട്ടേണ്ടത് സ്വന്തം അച്ഛനോടാണ്. പിതാവായ ഹനുമാനോട് പോരടിക്കാനിറങ്ങിയ മകരധ്വജന്റെ കഥയും ഇവിടെ ഓര്‍ക്കാവുന്നതാണ്. ഏഴുമലയും കീഴടക്കിയ മല്ലന്റെ കാഴ്ച സൂര്യോദയത്തിന് സമാനമായ ദൃശ്യമാണ് നല്‍കുന്നത്. വലുതാവാനും ചെറുതാവാനും കഴിവുള്ള മുത്തശ്ശിക്കഥയിലെ ആ കഥാപാത്രത്തിന്റെ കാല്‍പ്പാടും കാഴ്ചയുടെ മാന്ത്രികലോകം സൃഷ്ടിക്കുന്നു.

മലൈക്കോട്ടെ വാലിബന്‍ | PHOTO: FACEBOOK
മാന്ത്രികതയും മിത്തുകളുംകൊണ്ട് നിര്‍മ്മിക്കപ്പെട്ട കഥയില്‍ റിയലിസത്തിന്റെ യുക്തിയോ രാഷ്ട്രീയ ശരികളോ തിരയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്. ഈ സിനിമയുടെ ജോണര്‍ വേറെയാണ് എന്ന മറുപടി മാത്രമാണ് അതര്‍ഹിക്കുന്നത്. പതിവ് എല്‍. ജെ. പടങ്ങളിലെ ആണത്താഘോഷമാണ് സിനിമയുടെ രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെയ്ക്കുന്നത് എന്ന വാദങ്ങളെല്ലാം ഏത് വിധത്തിലാണ് നിലനില്‍ക്കുക. അങ്കമാലി, ജെല്ലിക്കെട്ട്, ചുരുളി എന്നിവയെ സംബന്ധിച്ച് ഈ വാദം ശരിയാണ് എന്ന് ഉറപ്പിക്കാവുന്നതാണ്. എന്നാല്‍ അത്തരമൊരു പ്രമേയ പശ്ചാത്തലമോ റിയലിസത്തിന്റ അംശമോ ഇല്ലാത്ത ഫാന്റസിക് സിനിമയില്‍ ഈ വായന സാധ്യമാകുമോ? സിനിമയുടെ പ്രമേയം എന്തായിരുന്നാലും അത് മനുഷ്യാനുഭവമാണ്, അതിനാല്‍ അത് രാഷ്ട്രീയം സംസാരിക്കണം എന്നതാണ് നിലപാടെങ്കില്‍ നമ്മുടെ വിശകലനോപാധികളെ നമ്മള്‍തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അത് എല്ലാകാലങ്ങള്‍ക്കും എല്ലാ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായതാവില്ല. സ്ത്രീപഠിപ്പിക്കുന്ന മാങ്ങോട്ടുകളരി ചതിയുടേതാണ് അതിനാലത് നിലംപതിക്കണമെന്ന രംഗത്തെ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് ചുരുക്കവാദമാണ്. വാലിബന്റെ ഗുരുവായ അയ്യനാരും ചതിയുടെ, വിഷത്തിന്റെ കൂടാരമാണ്. അത് പിന്നീടുള്ള കഥാഗതിയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. തന്റെ തന്നെ കഥാപാത്രത്തിന് കൈവരാനുള്ള പതനത്തിന്റെ സൂചനകൂടിയാണത്. മാങ്ങോട്ടുകളരിക്ക് പുറത്ത് തളര്‍ന്നു കിടക്കുന്ന മറ്റൊരുമല്ലന്‍ വിജയലഹരിയില്‍ മതിമറക്കുമ്പോള്‍ വിശ്വസിച്ചവരില്‍നിന്നുള്ള ചതി മനസ്സിലാക്കാന്‍ കഴിയില്ലെന്ന സൂചന വാലിബന് നല്‍കുന്നുണ്ട്. ചതിയിലേക്കുള്ള പ്രയാണമാണ് തന്റെ ഓരോ വിജയവും എന്നുള്ള തിരിച്ചറിവില്‍ വാലിബന്‍ പിന്നീടെത്തുന്നു. തേനമ്മയുടെ കഥാപാത്രം കഥാഗതിയെ നിയന്ത്രിക്കുന്ന തരത്തില്‍ വാലിബനുമേല്‍ സംശയത്തിന്റെ വിത്തിടുമ്പോഴും വാലിബന്‍ അകപ്പെട്ടുപോയ സന്ദര്‍ഭത്തില്‍നിന്ന് അയാളേയും അയാളെ ആശ്രയിച്ച മനുഷ്യരേയും രക്ഷിക്കുന്ന കഥാപാത്രംകൂടിയാണ്. അല്ലാതെ ട്രാന്‍സ് കമ്മ്യൂണിറ്റിയെകുറിച്ചുള്ള പൊതുബോധനിര്‍മ്മിതി സാധ്യമാക്കുന്ന സന്ദര്‍ഭമായതിനെ വ്യാഖ്യാനിക്കാന്‍ സാധിക്കുമോ?

തേനമ്മ | PHOTO: FACEBOOK
സിനിമ ഒരു കലയല്ല, നിരവധി കലകളുടെ ചേര്‍ച്ചയാണ്. അങ്ങനെ പരിഗണിക്കുമ്പോള്‍ മലൈക്കോട്ടൈ വാലിബന്‍ വലിയ വിജയമാണ്. അസാധ്യമായ ഫ്രെയ്മുകളും പശ്ചാത്തല സംഗീതവും അവിടെ എടുത്തു പറയേണ്ടതാണ്. മധുനീലകണ്ഠനും പ്രശാന്ത് പിള്ളയും അതിന് കാര്യമായ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. നാടകീയതയും ഫ്രെയ്മുകളുടെ നിശ്ചലതയും ലിജോ മുന്‍പും സിനിമകളില്‍ പരീക്ഷിച്ചിട്ടുള്ളവയാണ്. അവ ഈ സിനിമയില്‍ അസാധാരണമായ ദൃശ്യാനുഭവമായി മാറിയിരിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു ഘടകം മോഹന്‍ലാല്‍ എന്ന നടനെ സംബന്ധിച്ചാണ്. ഇനിയും അയാളില്‍നിന്ന് മാസ് പടങ്ങള്‍ പ്രതീക്ഷിക്കുന്നതും അതിനെ അയാളില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഒരേസമയം പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരും ആ നടനോട് ചെയ്യുന്ന അനീതിയാണ്. അതിനാലാണ് സിനിമയോടുള്ള പ്രതികരണം ഇത്ര നിഷേധാത്മകമായത്. ഫാന്‍ഷോ നടത്തി മാസ്സിന്റെ അയ്യരുകളി കാണാന്‍ തിയേറ്ററില്‍ കേറേണ്ട സിനിമയല്ല മലൈക്കോട്ടെ വാലിബന്‍. ബ്രില്യന്‍സുകളേക്കാള്‍ മാന്ത്രികതയാണ് അതിന്റെ സ്വഭാവം. നാട്ടുകഥകളും വിശ്വാസങ്ങളും അതിന്റെ മായികതകളും അനുഭവിച്ചവര്‍ക്ക് ഈ സിനിമയിലെ മോഹന്‍ലാലിലെ നടനെ എളുപ്പം തിരിച്ചറിയാനാവും. പോരടിക്കുമ്പോള്‍ അത് മനുഷ്യനോടാണോ എന്ന് തോന്നിപ്പിക്കുംവിധം, വലുതാവാനും ചെറുതാവാനും ശേഷിയുള്ള ശരീരഘടനയുള്ള, മണ്ണില്‍പ്പതിഞ്ഞ കാല്‍പ്പാദത്തിന് രാക്ഷസീയത അനുഭവിപ്പിക്കാനാവുന്ന മറ്റേത് നടനാണ് മലയാളത്തിലുള്ളത്. അഭിനയ മുഹൂര്‍ത്തങ്ങള്‍ എന്നുവിളിക്കാവുന്ന വൈകാരിക സന്ദര്‍ഭങ്ങള്‍ വിരളമായ പ്രമേയമാണ് വാലിബന്റേത്. അതിനാല്‍ നേരത്തേയുള്ള മോഹന്‍ലാല്‍ മാസ്സുകളില്‍ കാണാവുന്ന ക്ലോസപ്പ് രംഗങ്ങള്‍ സിനിമയില്‍ ചുരുക്കമാണ്. എന്നാല്‍ മായികതയെ ഭാവന ചെയ്യാന്‍ പ്രേക്ഷകനെ എളുപ്പം പ്രേരിപ്പിക്കുന്ന മോഹന്‍ലാലെന്ന നടന്റെ ശരീരമാണ് ഇവിടെ അഭിനയവസ്തു. ശരീരംവിട്ട് അഭിനയിക്കാനാവുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണിന്നും മോഹന്‍ലാല്‍. പിരിയന്‍ മീശയിലോ വൈകാരികതകൊണ്ട് വിറയ്ക്കുന്ന കവിളുകളിലോ അല്ല, ശരീരം മുഴുവനായും പ്രേക്ഷക ഭാവനയ്ക്ക് വസ്തുവാക്കി മാറ്റുന്ന മറ്റൊരു മോഹന്‍ലാല്‍ ഇവിടെ സാധ്യമാക്കുന്നു. അതിനാല്‍ തീര്‍ച്ചയായും തിയേറ്റര്‍ അനുഭവമാകേണ്ട മലയാളത്തിന്റെ മോഹന്‍ലാല്‍ നടിച്ച എല്‍. ജെ. പി മാന്ത്രികതയാണ് മലൈക്കോട്ടെ വാലിബന്‍.



#cinema
Leave a comment