മിസ്റ്റര്‍ ജോണ്‍സ്: പ്രചരണായുധമാകുന്ന സിനിമ
വിപണിയുടെ മാത്രമല്ല അധികാരത്തിന്റേയും ഇഷ്ടഭോജ്യം തന്നെയാണ് എല്ലാ കലകളും. സ്വന്തം സ്ഥാനം ഉറപ്പിക്കാനും പ്രതിഷേധങ്ങളെ തണുപ്പിക്കാനുമുള്ള ഉപാധിയായി കലയെ അധികാരികള്‍ എല്ലാ കാലത്തും ഉപയോഗിച്ചിട്ടുണ്ട്. ആധുനിക യാന്ത്രിക സമൂഹത്തിലെ ഏറ്റവും കരുത്തുള്ള കലയായ സിനിമയെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്വന്തം പ്രത്യയശാസ്ത്രത്തിന്റെ പ്രചരണോപാധിയായി അധികാരികള്‍ എല്ലാകാലത്തും ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചരിത്രത്തിന്റെ അഭേദ്യമായ ഭാഗം കൂടിയാണ് പ്രചരണ അഥവാ പ്രൊപഗണ്ട സിനിമ. ലോകത്തിലെ ആദ്യത്തെ മികച്ച സിനിമകളിലൊന്നായ ഗ്രിഫിത്തിന്റെ ''ബേര്‍ത്ത് ഓഫ് എ നേഷന്‍'' കറുത്തവര്‍ക്കെതിരായ പ്രൊപഗണ്ട സിനിമയാണ്. ഏറ്റവും മികച്ച പ്രൊപഗണ്ട സിനിമ ഹിറ്റ്ലര്‍ക്ക് വേണ്ടി ലെനി റീഫന്‍സ്റ്റാള്‍ നിര്‍മിച്ച ''ട്രയംഫ് ഓഫ് ദ വില്‍'' ആയിരിക്കും. ഇത്രയും മൂര്‍ച്ചയേറിയ ഒരു പ്രൊപഗണ്ട സിനിമ അതിന് മുന്‍പോ ശേഷമോ ലോകം കണ്ടിട്ടില്ല.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ലോകം മുഴുവന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രൊപഗണ്ടകളുടെ കാലമായി മാറി. ആഗോള തലത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആക്രോശങ്ങള്‍ കൊണ്ട് മീഡിയകള്‍ നിറഞ്ഞു കവിയുകയായിരുന്നു. ഫ്രാന്‍സിസ് ഫുകുയാമ എന്ന സാമ്രാജ്യത്വ ബുദ്ധിജീവി ''ചരിത്രത്തിന്റെ അവസാനം'' എന്ന പുസ്തകത്തിലൂടെയാണ് അതിന് തുടക്കം കുറിച്ചത് എന്ന് പറയാം. പിന്നീട് 'ചരിത്രത്തിന്റെ അവസാനത്തെ' കുറിച്ച് വലതുപക്ഷ ബുദ്ധിജീവികള്‍ നൂറുകണക്കിന് പ്രബന്ധങ്ങള്‍ രചിച്ചു. അത് മനുഷ്യജീവിതത്തിന്റെ സകല മേഖലയിലും പടര്‍ന്ന് കയറി. കലയിലും സിനിമയിലുമൊക്കെ അത് പ്രതിഫലിച്ചു. എന്നാല്‍ ചരിത്രം അവസാനിച്ചിട്ടില്ലെന്ന് പിന്നീട് ബോധ്യമായി. എന്നിട്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധ സിനിമകള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. അക്കൂട്ടത്തിലെ ഒരു സിനിമയാണ് 2019 ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ ജോണ്‍സ്'. പഴയ സോവിയറ്റ് യൂണിയനും പ്രത്യേകിച്ച് സ്റ്റാലിനും എതിരായ വലതുപക്ഷ പ്രൊപഗണ്ടാ സിനിമകളുടെ ശ്രേണിയില്‍ പെട്ട സിനിമയാണിത്.
പോളിഷ് സംവിധായികയായ അഗ്നിഷ്‌ക ഹോളന്ദ് (Agnieszka Holland) സംവിധാനം ചെയ്ത ഈ പോളിഷ്-യു കെ-ഉക്രൈന്‍ സംയുക്ത സംരഭം ഉക്രൈന്‍- റഷ്യന്‍ സംഘര്‍ഷത്തെ നാറ്റോ പക്ഷത്തിന് വേണ്ടി വെള്ളപൂശാന്‍ കൂടി നിര്‍മിക്കപ്പെട്ടതാണെന്ന് ന്യായമായും സംശയിക്കാം. ഉക്രൈനെ ന്യായീകരിക്കേണ്ടത് സമകാലീന ലോകരാഷ്ട്രീയത്തില്‍ നാറ്റോ പക്ഷത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഉത്തരവാദിത്തമാണ്. ഉക്രൈനോട് റഷ്യക്ക് പരമ്പരാഗത ശത്രുതയുണ്ടെന്ന് വിളിച്ച് പറയുകയാണ് സിനിമയുടെ മൗലിക ധര്‍മം എന്ന് പറയാം.
അഗ്നിഷ്‌ക ഹോളന്ദ് | PHOTO: FLICKER
അഗ്നിഷ്‌ക ഹോളന്ദ് പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നതിന് പത്തുവര്‍ഷം മുന്‍പാണ് സിനിമ സംവിധാനം ചെയ്യാന്‍ തുടങ്ങിയത്. സോവിയറ്റ് ആര്‍മിയില്‍ ക്യാപ്റ്റനും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമൊക്കെയായിരുന്നു അവരുടെ അച്ഛന്‍. ജൂതനായ അദ്ദേഹത്തിന്റെ കുടുംബം ഹിറ്റ്ലറുടെ തടവറയില്‍ കൊല്ലപ്പെടുകയായിരുന്നു. സ്വന്തം പിതാവുമായി അത്രയൊന്നും അടുപ്പം തനിക്കില്ലെന്ന് അഗ്നിഷ്‌ക തുറന്ന് പറഞ്ഞിട്ടുണ്ട്. റോമന്‍ കാത്തലിക്ക് വിശ്വാസിയായിരുന്ന അമ്മയായിരുന്നു അവരുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചത്. റോമന്‍ കത്തോലിക്ക് ആയിരുന്നെങ്കിലും ഹിറ്റ്ലറുടെ അധിനിവേശ കാലത്ത് പോളണ്ടിലെ ജൂതന്മാരെ സംരക്ഷിക്കുന്നതില്‍ അവര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ ഭര്‍ത്താവ്, അതായത് അഗ്നീഷ്‌കയുടെ അച്ഛന്‍ ഒരു ജൂതനായത് ഇതിന് ഒരു കാരണമാവും. അതുകൊണ്ട് തന്നെ അവരെ ഇസ്രായേല്‍ അവരുടെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ ''റൈറ്റിയസ് എമങ്ങ് ദ നാഷന്‍സ് മെഡല്‍ (Righteous Among the Nations medal)' നല്‍കി ആദരിക്കുകയും ചെയ്തു. പോളിഷ് പീപ്പിള്‍സ് പാര്‍ടിയിലും പോളിഷ് യുനൈറ്റഡ് വര്‍ക്കേര്‍സ് പാര്‍ടിയിലും കേന്ദ്രകമ്മിറ്റിയിലടക്കം അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1944 ലെ വാഴ്സ കലാപത്തില്‍ പോളിഷ് പ്രതിരോധ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. എങ്കിലും അഗ്നിഷ്‌ക പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ടിയോട് ഒട്ടും അനുഭാവം പുലര്‍ത്തിയില്ല എന്ന് മാത്രമല്ല 1968 ല്‍ ചെക്കോസ്ലാവാക്യയില്‍ നടന്ന ''പ്രാഗ് വസന്തം'' എന്നറിയപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനത്തെ പിന്തുണച്ചതിന് അവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചിട്ടുണ്ട്. പ്രാഗിലെ അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ഫിലിം ആന്‍ഡ് ടിവി സ്‌കൂളില്‍ (FAMU) നിന്ന് 1971 ല്‍ ബിരുദമെടുത്ത അഗ്നീഷ്‌ക ഹോളന്ദ് കൃസ്തോവ് സനൂസിയുടെയും ആന്ദ്രെ വൈദയുടെയുമൊക്കെ സഹസംവിധായികയായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്വതന്ത്രമായി സിനിമ ചെയ്യുന്നത്. 1978 ലാണ് അവരുടെ ആദ്യത്തെ ഫീച്ചര്‍ സിനിമ ''പ്രൊവിന്‍ഷ്യല്‍ ആക്റ്റേര്‍സ് (Provincial Actors) 'പുറത്തിറങ്ങുന്നത്. പോളിഷ് സിനിമയിലെ ''സിനിമ ഓഫ് ദ മോറല്‍ ആങ്ങ്സൈറ്റി (cinema of moral anxiety)' പ്രസ്ഥാനത്തിന്റെ തുടക്കമായി നിരൂപകര്‍ വിലയിരുത്തിയ സിനിമയാണ് ''പ്രൊവിന്‍ഷ്യല്‍ ആക്റ്റേര്‍സ്''. പിന്നീട് ഫീവര്‍, എ ലോണ്‍ലി വുമണ്‍ (A Lonely Woman) തുടങ്ങിയ സിനിമകളും സംവിധാനം ചെയ്തു. പക്ഷെ പോളിഷ് ഭരണകൂടം അവരുടെ പല സിനിമകള്‍ക്കും അംഗീകാരം നല്‍കിയില്ല. ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ ആന്ദ്രേ വൈദ നല്‍കിയ ഉപദേശങ്ങള്‍ അഗ്നിഷ്‌ക സ്വീകരിച്ചതുമില്ല. ഒരു സിനിമാ സംവിധായിക എന്ന നിലയില്‍ അവര്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിക്കുകയും അത് വഴി ഭരണകൂടത്തിന്റെ അപ്രീതിക്ക് വിധേയയാവുകയും ചെയ്തു. ഒടുവില്‍ 1981 ല്‍ അഗ്നിഷ്‌ക പോളണ്ട് വിട്ട് ഫ്രാന്‍സില്‍ കുടിയേറി. പിന്നീട് നിര്‍മിച്ച സിനിമകള്‍ പലതും സ്വന്തം രാജ്യത്തെ പോലും ഇകഴ്ത്തുന്നതാണെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. 2023 ലെ അവരുടെ സിനിമ ''ഗ്രീന്‍ ബോര്‍ഡേര്‍സ്'' അതുകൊണ്ട് തന്നെ അതിനിശിതമായ വിമര്‍ശനത്തിന് വിധേയമായ സിനിമയാണ്. നാസി പ്രൊപഗണ്ടാ സിനിമയോടാണ് പോളിഷ് നിയമ മന്ത്രി സ്ബിഗ്നിയോ സോബ്രോ (Zbigniew Ziobro) അതിനെ വിശേഷിപ്പിച്ചത്. പോളണ്ടുകാരെ കള്ളന്മാരും കൊലപാതകികളുമായി ചിത്രീകരിക്കുന്ന സിനിമയാണത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര സഹമന്ത്രി ബ്ലാദെ പ്രൊബൊസി പോളിഷ് ഭരണകൂടത്തെയും പോളണ്ടുകാരെയും ഹാനികരമാകും വിധത്തില്‍ അപകീര്‍ത്തികരമായ സിനിമ എന്നാണ് അതിനെ വിശേഷിപ്പിച്ചത്.
1930 കാലത്ത് ഉക്രൈനില്‍ നടമാടിയ മാരകമായ ക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത്. ഇത് ഒരു ഡോക്യു-ഫിക്ഷന്‍ ആണ്. കഥാപാത്രങ്ങളൊക്കെ ജീവിച്ചിരുന്നവരുമാണ്. മിസ്റ്റര്‍ ജോണ്‍സ് (ഗാരത്ത് ജോണ്‍സ്) എന്ന പത്രപ്രവര്‍ത്തകന്‍, അദ്ദേഹം ഹിറ്റ്ലറോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയും ചെയ്തതിന്റെ ഖ്യാതിയുള്ള പത്രപ്രവര്‍ത്തകനാണ്, സ്റ്റാലിനെ ഇന്റര്‍വ്യൂ ചെയ്യുവാന്‍ മോസ്‌കോയിലേക്ക് പോകുന്നിടത്ത് നിന്നാണ് സിനിമ ആരംഭിക്കുന്നത്. മോസ്‌കോയില്‍ പോള്‍ ക്ലബ് എന്ന സുഹൃത്തിന്റെ സഹായം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തിലാണ് ജോണ്‍സ് പുറപ്പെടുന്നത്. ജോണ്‍സ് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ ഡേവിഡ് ലോയിഡ് ജോര്‍ജിന്റെ പൊളിറ്റിക്കല്‍ അഡൈ്വസറായിരുന്നു. എന്നാല്‍ ''ഗ്രെയിറ്റ് ഡിപ്രഷന്റെ'' കാലത്ത് സാമ്പത്തിക പ്രയാസം കാരണം ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ പിരിച്ച് വിട്ടു. ഗാരത്ത് ജോണ്‍സിന് ഉക്രൈനുമായി അകന്ന ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മ ഉക്രൈനില്‍ ഒരു ട്യൂട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുപയോഗിച്ചാണ് അദ്ദേഹം മോസ്‌കോയിലേക്കുള്ള വിസ ഒപ്പിച്ചത്. എന്നാല്‍ മോസ്‌കോയില്‍ അദ്ദേഹത്തെ കാത്തിരുന്നത് പോളിന്റെ മരണ വാര്‍ത്തയായിരുന്നു. അതറിയിച്ചതാകട്ടെ പോളിന്റെ സുഹൃത്തും സഹപ്രവര്‍ത്തകയും. അതുകൊണ്ട് തന്നെ തന്റെ പ്രഥമദൗത്യം അദ്ദേഹത്തിന് നഷ്ടമായി. മാത്രമല്ല ഏഴ് ദിവസത്തേക്ക് അനുവദിച്ചിരുന്ന വിസയുടെ കാലാവധി രണ്ട് ദിവസമായി ചുരുക്കുകയും ചെയ്തു.
റഷ്യയില്‍ അന്ന് ഉണ്ടായിരുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകനുമായി അദ്ദേഹം ബന്ധപ്പെടുകയും അവര്‍ നടത്തിയ ഒരു പാര്‍ടിയില്‍ പങ്കെടുക്കുകയും ചെയ്തു. അവിടെ വെച്ചാണ് ഉക്രൈനില്‍ നടമാടുന്ന കടുത്ത ക്ഷാമത്തെ കുറിച്ച് ജോണ്‍സ് അറിയുന്നതും കൃത്രിമ രേഖകളുണ്ടാക്കി അവിടേക്ക് പോകുന്നത്. ഹോളോഡോമാര്‍ (Holodomar-വിശപ്പ് കൊണ്ട് മരിക്കുക എന്നുള്ളതിന്റെ ഉക്രൈന്‍ വാക്കാണിത്) എന്ന അതീവ ഗുരുതരമായ ദുരന്തം യഥാര്‍ഥത്തില്‍ സോവിയറ്റ് യൂണിയന്‍ ബോധപൂര്‍വം സൃഷ്ടിച്ച ക്ഷാമമാണ് എന്ന് അദ്ദേഹം ''കണ്ടെത്തുകയും'' അതീവ രഹസ്യമായി സോവിയറ്റ് യൂണിയന്‍ സൂക്ഷിച്ച ആ രഹസ്യം താന്‍ പുറത്തുകൊണ്ടുവരികയും ചെയ്തു എന്നാണ് റഷ്യ വിട്ടതിന് ശേഷം ജോണ്‍സ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിന്നീട് പറഞ്ഞത്. ഹോളോഡോമാര്‍ ഉക്രൈന്‍ വംശഹത്യയാണെന്നും ഉക്രൈന്‍ ജനതയെ ഉന്മൂലനം ചെയ്യുകയാണ് അതിന്റെ ലക്ഷ്യമെന്നുമാണ് പ്രചരിക്കപ്പെട്ടത്. ഇപ്പോഴും ഉക്രൈന്‍ ഭരണകൂടം അത് ആവര്‍ത്തിക്കുന്നു. ജോര്‍ജ് ഓര്‍വല്‍ തന്റെ പ്രസിദ്ധമായ ''അനിമല്‍ ഫാം'' എഴുതിയത് ജോണ്‍സിന്റെ അനുഭവങ്ങളില്‍ നിന്നാണെന്നും സിനിമയില്‍ സൂചനയുണ്ട്. ഓര്‍വല്‍ സിനിമയിലെ ഒരു കഥാപാത്രമാണ്.
PHOTO: WIKI COMMONS
ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ ഈ വാര്‍ത്ത ഏറ്റെടുത്തു. ജോണ്‍സ് ലോകപ്രശസ്തനാവുകയും ചെയ്തു. അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖകന്‍ വാള്‍ട്ടര്‍ ഡ്യൂരാന്റി (Walter Duranty) സോവിയറ്റ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മോസ്‌കോവില്‍ ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയനിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അദ്ദേഹത്തിന് 1932 ല്‍ പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുകയുമുണ്ടായി. ജോണ്‍സിന്റെ വെളിപ്പെടുത്തല്‍ ഡ്യൂരാന്റിയുടെ പുലിറ്റ്സര്‍ സമ്മാനത്തെ വലിയ വിവാദമാക്കി മാറ്റി. അത് പിന്‍വലിക്കാന്‍ പുലിറ്റ്സര്‍ കമ്മിറ്റിയുടെ മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായെങ്കിലും അത് നടന്നില്ല. എന്നാല്‍ ജോണ്‍സിന്റെ വിവാദവാര്‍ത്തകളെ ഡ്യൂരാന്റി തള്ളിക്കളഞ്ഞു. ക്ഷാമം എന്നത് ഇല്ലാക്കഥയാണെന്നും അദ്ദേഹം വാര്‍ത്തനല്‍കി. എന്നാല്‍ സോവിയറ്റ് വറുതി ഒരു യാഥാര്‍ഥ്യം തന്നെയായിരുന്നു, പക്ഷെ ഉക്രൈന്‍ ആരോപിക്കുന്നത് പോലെ അത് വംശഹത്യയായിരുന്നില്ല എന്നാണ് റഷ്യന്‍ ഭരണകൂടം അന്നും ഇന്നും പറയുന്നത്. അതിനുള്ള വാദമുഖങ്ങള്‍ അവര്‍ നിരത്തുന്നുമുണ്ട്. 1932-33 വര്‍ഷം സോവിയറ്റ് യൂണിയന്‍ അതികഠിനമായ ക്ഷാമത്തിലൂടെയാണ് കടന്ന് പോയത്. എന്നാല്‍ ഇക്കാര്യം രാഷ്ട്രീയ കാരണങ്ങളാലാവും അന്നത്തെ സര്‍ക്കാര്‍ പുറത്തറിയിക്കാതെ ഒതുക്കി വെക്കുകയായിരുന്നു. ഈ ക്ഷാമം പക്ഷെ ഉക്രൈനെ മാത്രമായി ബാധിച്ചിരുന്ന ഒന്നായിരുന്നില്ല. ഉക്രൈനെ പോലെയോ അതിനേക്കാള്‍ മാരകമായോ കസാഖിസ്ഥാനെയും റഷ്യയുടെ വോള്‍ഗാ പ്രദേശത്തെയും അത് ബാധിച്ചു. ഇത് ഏറ്റവും മാരകമായി ബാധിച്ചത് കസാഖിസ്ഥാനെയാണ്. അവിടെ അത് അഷര്‍ഷിലിക്ക് (Asharshylyk) എന്ന പേരിലാണ് അറിയപ്പെടുന്നത്. കസാഖിസ്ഥാന്റെ മുഴുവന്‍ ജനസംഖ്യയില്‍ മൂന്നിലൊന്നും അതോടെ നഷ്ടമായി. സോവിയറ്റ് യൂണിയനില്‍ മൊത്തം 3.5 മില്ല്യനും 10 മില്ല്യനും ഇടയില്‍ ജനങ്ങള്‍ മരിച്ചു വീണു എന്നാണ് കണക്കാക്കുന്നത്. പക്ഷെ ഉക്രൈന്‍ മാത്രമാണ് അതിനെ വംശഹത്യയായി കരുതുന്നത്. 1937 നെ സെന്‍സസ് പ്രകാരം 1926 സെന്‍സസിനേക്കാള്‍ ഉക്രൈനില്‍ 20.5% ജനസംഖ്യ കുറഞ്ഞു എന്നാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് കസാഖ്സ്ഥനില്‍ 30.9% വും റഷ്യയിലെ വോള്‍ഗ മേഖലയില്‍ 23% ആണ്. ഉക്രൈനേക്കാളും ക്ഷാമം ബാധിച്ചത് മറ്റ് മേഖലയാണെന്ന് വ്യക്തം. അമേരിക്കന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ ഉക്രൈന്‍ എന്ന സംഘടന അമേരിക്കയോട് ഈ ക്ഷാമത്തെ കുറിച്ച് ഒരു അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടതില്‍ നിന്ന് ഇതിന്റെ പിന്നിലെ രാഷ്ട്രീയക്കളി മനസ്സിലാകും.
ആഗോളതലത്തില്‍ സാമ്രാജ്യത്വം നടത്തുന്ന റഷ്യാ വിരുദ്ധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വേണം നമുക്ക് ''മിസ്റ്റര്‍ ജോണ്‍സ്'' എന്ന സിനിമയെ സമീപിക്കാന്‍. സോവിയറ്റ് ക്ഷാമം ഒരു യാഥാര്‍ഥ്യമാണെങ്കിലും അത് മനുഷ്യ നിര്‍മിതമാണ് എന്നും അതിന്റെ ലക്ഷ്യം ഉക്രൈന്‍ ജനതയെ വംശീയമായി ഇല്ലാതാക്കാനാണെന്നുമുള്ള സിനിമയിലെ സൂചനകള്‍ ഇതുവരെ ലഭിച്ച വസ്തുതകളുടെ പിന്‍ബലത്തില്‍ വിശ്വാസയോഗ്യമല്ല. ഉക്രൈന്‍-റഷ്യന്‍ ജനതക്കിടയില്‍ വിഭജനം സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ഉക്രൈന്‍ അധികാരികളുടെയും അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളുടെയും സ്ഥാപിത താല്പര്യങ്ങളെ സംരക്ഷിക്കാനുള്ള ബോധപൂര്‍വമായ പ്രൊപഗണ്ടയാണ് സിനിമയിലൂടെ പുറത്ത് വന്നത്. സിനിമ നിര്‍മിച്ചത് ഉക്രൈനും ബ്രിട്ടനും പോളണ്ടും കൂടിയാണെന്ന് ഓര്‍മിക്കുന്നതും നല്ലതാണ്. എങ്കിലും കലാപരമായി വളരെ മികച്ച സിനിമയാണ് ''മിസ്റ്റര്‍ ജോണ്‍സ്''. അഗ്നീഷ്‌കയുടെ മറ്റ് ചിത്രങ്ങളും വലിയ മികവ് പുലര്‍ത്തുന്നവയാണ്.