TMJ
searchnav-menu
post-thumbnail

TMJ Cinema

മൾട്ടിവേഴ്‌സിലേക്കുള്ള മൾട്ടിപ്പിൾ നരേറ്റീവുകൾ

24 May 2023   |   6 min Read
ഡോ. രാജേഷ് എം ആർ

വർഷത്തെ ഓസ്‌കാർ അവാർഡിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഇംഗ്ലീഷ് - മാൻഡറിൻ ചിത്രമാണ് എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് (2022). ഡാൻ ക്വാൻ, ഡാനിയേൽ ഷീനെർട്ട് എന്നിവർ സംവിധാനം ചെയ്ത ഈ സിനിമ മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട്, അമേരിക്കയിലേക്ക് കുടിയേറിയ ചൈനീസ് ദമ്പതികളായ വെയ്മണ്ടും, എവ്ലിനും അവരുടെ മകളും മുത്തച്ഛനും അടങ്ങുന്ന കുടുംബത്തിന്റെ കഥയാണ്. ഉപജീവനത്തിനായി ഒരു അലക്കു ഷോപ്പ് (laundromat) നടത്തി ജീവിക്കുന്ന അവർക്ക്, ടാക്‌സ് സംബന്ധമായ അനേകം പ്രശ്‌നങ്ങളുമുണ്ട്. ചൈനീസ് വംശജരോട് വെറുപ്പുള്ള ടാക്‌സ് ഉദ്യോഗസ്ഥയുടെ നടപടികൾ അവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഒരു ദിവസം ടാക്‌സ് അടയ്ക്കാനായി ഓഫീസിലേക്ക് പോകുന്ന എവ്ലിനു മുന്നിൽ, മൾട്ടിവേഴ്‌സിന്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. മൾട്ടിവേഴ്‌സിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുന്ന ഒരു ദുഷ്ട ശക്തി ഉടലെടുത്തതായി മനസ്സിലാക്കുന്ന എവ്ലിൻ, അവിടുള്ളവരെ സഹായിക്കാനായി ഇറങ്ങി പുറപ്പെടുന്നു. സ്‌നേഹമെന്തെന്നറിയാത്ത, കാരുണ്യം തൊട്ടു തീണ്ടിയില്ലാത്ത, സർവ്വ ശക്തയായ ഒരു ശത്രുവിനെ എവ്ലിൻ എങ്ങനെ നേരിടുന്നു എന്നതാണ് എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയുടെ പ്രമേയം.

95ാമത് ഓസ്‌കർ വേദിയിൽ മികച്ച ചിത്രത്തിനുളള പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങളാണ് 'എവരിതിംങ് എവരിയർ ഓൾ അറ്റ് വൺസ്' നേടിയത്. മികച്ച നടി, സഹനടൻ, തിരക്കഥ, സംവിധാനം, എഡിറ്റിംങ് എന്നീ വിഭാഗത്തിലാണ് നേട്ടം. എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസിലെ അഭിനയത്തിൽ മികച്ച നടിയായ മിഷേൽ യോ, ഓസ്‌കർ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യൻ വനിതയായി. അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും, ചടുലമായ എഡിറ്റിംഗ് കൊണ്ടും, കൃത്യമായ ജനപ്രിയ ചേരുവകൾ കൊണ്ടും, ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ഗംഭീരമായ സിനിമാറ്റിക് എക്‌സ്പീരിയൻസാണ്. എവരിതിംഗ്, എവരിവെയർ, ഓൾ അറ്റ് വൺസ് എന്നിങ്ങനെ ഓരോരോ പാർട്ടായിട്ടാണ് സിനിമ അവതരിപ്പിക്കുന്നത്. 


'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്' സിനിമയിലെ രംഗം 

അമേരിക്കയിലെ ഒരു ഐആർഎസ് ഓഡിറ്റിന് കീഴിലുള്ള അലക്കുശാലയുടെ ഉടമയായ  എവ്ലിൻ വാങും (മിഷേൽ യോ) അവളുടെ ഭർത്താവ് വെയ്മണ്ടും (കെ ഹുയ് ക്വാൻ) അവരുടെ മകൾ ജോയ് യും (സ്റ്റെഫാനി ഹ്‌സു) ചേർന്ന് ഒരു സന്തോഷകരമായ നിമിഷം ആസ്വദിക്കുന്ന രംഗം കാണിച്ചാണ് സിനിമ തുടങ്ങുന്നത്. അവരുടെ സ്വീകരണമുറിയിലെ ചുമരിലെ കണ്ണാടിയിൽ അവരുടെ ചിരിക്കുന്ന മുഖങ്ങൾ പ്രതിഫലിക്കുന്നത് കാണുന്നു.  ക്യാമറ, കണ്ണാടിയിലൂടെ സൂം ചെയ്യുമ്പോൾ, ബിസിനസ്സ് രസീതുകളാൽ അലങ്കോലപ്പെട്ട ഒരു മേശയും പിന്നീട്  എവ്ലിന്റെ പുഞ്ചിരി മങ്ങുന്നതും കാണുന്നു. ഒരു ചൈനീസ് ന്യൂ ഇയർ പാർട്ടിക്ക് ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഒരു ഓഡിറ്ററുമായി ഒരു മീറ്റിംഗിന് തയ്യാറെടുക്കുകയാണ്. ഈ സമയത്ത് എവ്ലിന്റെ പിതാവിന്റെ സന്ദർശനവും പുറമെ, എവ്ലിന്റെ മകൾ ജോയ് തന്റെ കാമുകിയായ ബെക്കിയെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നതും അമ്മയോട് പറയുന്നു. അവർ സ്വവർഗ്ഗാനുരാഗികളാണെന്നത് ഉൾക്കൊള്ളാൻ എവ് ലിന് കഴിയുന്നില്ല. അവളുടെ ഭർത്താവ് അവരുടെ വിവാഹ മോചനത്തിന്റെ അവസ്ഥയെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. തന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും എവ്ലിൻന് അമിതഭാരം അനുഭവിക്കാൻ തുടങ്ങുന്നതുപോലെ തോന്നുന്നു. ഈ അവസ്ഥയിലാണ് എവ് ലിൻ ടാക്‌സ് ഓഫീസിലേക്ക് തന്റെ ഭർത്താവിനൊപ്പം പോകുന്നത്. ഓഫീസിലേക്കുള്ള ലിഫ്റ്റിൽ വെച്ചാണ് സിനിമ മൾട്ടിവേഴ്‌സിന്റെ ആഖ്യാനരീതികളിലേക്ക് ട്വിസ്റ്റ് ചെയ്യുന്നത്.


'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്' സിനിമയിലെ രംഗം 

ഒന്നിലധികം പ്രപഞ്ചങ്ങളെയാണ് മൾട്ടി യൂണിവേഴ്‌സ് അഥവാ മൾട്ടിവേഴ്‌സ് എന്നു പറയുന്നത്. കോടിക്കണക്കിന് താരാപഥങ്ങളും ഏതാണ്ട് എണ്ണമറ്റ നക്ഷത്രങ്ങളുമുള്ള, ദശലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ പരന്നുകിടക്കുന്ന നമ്മുടെ പ്രപഞ്ചം ഒന്നായിരിക്കില്ല എന്നാണ് മൾട്ടിവേഴ്സ് സിദ്ധാന്തം സൂചിപ്പിക്കുന്നത്. പകരം, നമ്മുടേതിൽ നിന്ന് വിദൂരമായി വേർപെടുത്തിയ തികച്ചും വ്യത്യസ്തമായ ഒരു പ്രപഞ്ചമോ അതിലധികമോ  ഉണ്ടായിരിക്കാം.

ലോകസിനിമയിലെ ഓരോ മൾട്ടിവേഴ്‌സിനും വ്യത്യസ്തമായ രൂപവും ഭാവവും ഉണ്ട്. 'ദി മാട്രിക്‌സ്, ദ ഫാൾ, 2001: എ സ്‌പേസ് ഒഡീസി, അവതാർ, അവഞ്ചേഴ്‌സ് എന്നി സിനിമകൾ നോക്കുക. ഡോ.സ്‌ട്രേഞ്ച് ഇൻ ദ മൾട്ടിവേഴ്‌സ് ഓഫ് മാഡ്നസ് എന്ന സിനിമയിലൂടെ സമയത്തെയും ലോകത്തിന്റെ യാഥാർഥ്യത്തെയും ഒരേ ചരടിലും പല പല ചരടുകളിലും കോർക്കാൻ ശ്രമിച്ച്, ഏകപ്രപഞ്ചമെന്ന (യൂണിവേഴ്സ്) ആശയത്തിൽനിന്ന് ബഹുമുഖപ്രപഞ്ചമെന്ന (മൾടിവേഴ്‌സ്) സത്യത്തിലേക്കുള്ള വാതിലുകൾ മലർക്കെ തുറക്കുകയാണ് മിസ്റ്റിക് ആർട്‌സിൽ നിപുണനായ ഇതിലെ നായകൻ. മാർവൽ രൂപം കൊടുത്ത ഭാവനാത്മ 'യൂണിവേഴ്‌സി'നുള്ളിലെ ഏറ്റവും സങ്കീർണമായ കഥയാണ് ഈ ചിത്രം പറയുന്നത്.


'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്' സിനിമയിലെ രംഗം 

എവ്ലിനോട് സങ്കൽപ്പിക്കാൻ കഴിയാത്ത ശക്തികളുള്ള  ഒരു ദുഷ്ടശക്തിയിൽ നിന്ന് മൾട്ടിവേഴ്സിനെ രക്ഷിക്കണമെന്ന് ഭർത്താവ് ആദ്യം പറഞ്ഞപ്പോൾ, അവളുടെ ആദ്യ പ്രതികരണം, ''ഇന്ന് വളരെ തിരക്കിലാണ്-ഉം'' എന്നാണ്. അവൾ ഭയങ്കര തിരക്കുള്ള അമ്മയാണ്, നികുതിയിൽ മുങ്ങിത്താഴുന്നു, അസന്തുഷ്ടമായ ദാമ്പത്യം, സങ്കടങ്ങൾ നിറഞ്ഞ ജീവിതം എന്നിവയാണ് എവ്ലിന്റെ ഒഴികഴിവ്.  ലോകത്തെ രക്ഷിക്കുന്നത് ഈ മോശമായ സമയത്ത് സാധിക്കുകയില്ലല്ലോ.''എന്നെ അതിൽ നിന്ന് ഒഴിവാക്കൂ,'' അവൾ ആവേശത്തോടെ പറയുന്നു, എന്നാൽ തന്റെ ഭർത്താവ് മറ്റൊരു പ്രപഞ്ചത്തിൽ നിന്നുള്ള ശക്തി സംഭരിച്ച്  ഒരു കൂട്ടം സുരക്ഷാ ഗാർഡുകളുമായി പോരാടുകയും ചെയ്യുന്നു.

മൾട്ടിവേഴ്‌സിന്റെ അനന്ത സാധ്യതകൾ പ്രേക്ഷകനു മുന്നിൽ തുറന്നിടുന്നതിനോടൊപ്പം തന്നെ, ഏഷ്യൻ  അമേരിക്കൻ വംശജർ നേരിടുന്ന പ്രശ്‌നങ്ങൾ, ടോക്‌സിക് പാരന്റിംഗ്, മോഡൽ റിയലിസം, എക്‌സിറ്റൻഷ്യലിസം  എന്നീ ആശയങ്ങൾ കൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. കൃത്യമായ ഒരു ജോണർ (genre) ൽ ഉൾപ്പെടുത്താൻ കഴിയാത്ത ഈ ചിത്രം, അതിന്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ആക്ഷൻ, കോമഡി, സയൻസ് ഫിക്ഷൻ, ഫാന്റസി, മാർഷ്യൽ ആർട്‌സ്, അനിമേഷൻ, റൊമാൻസ് തുടങ്ങിയ ജോണറുകൾ ഒരേ സമയം കൈകാര്യം ചെയ്യുന്നു. ഈ ചിത്രം, സിനിമയെന്ന സങ്കേതത്തിന്റെ വ്യത്യസ്തമായൊരു പരീക്ഷണമെന്നു തന്നെ പറയാം. കൂടാതെ ഇൻ ദി മൂഡ് ഫോർ ലവ്' എന്നിങ്ങനെയുള്ള സിനിമ റഫറൻസുകൾ,  മിഷേൽ യോയുടെ  ഹോങ്കോംഗ് ആക്ഷൻ ഫിലിമുകൾ, വുക്സിയ ക്ലാസിക് 'ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ' എന്നിങ്ങനെ ജനപ്രിയ സംസ്‌കാരത്തിലെ പല റഫറൻസുമെല്ലാം സിനിമയിലേക്ക് കടന്നുവരുന്നുണ്ട്.  

ജോയ് വളരുന്ന തലമുറകളുടെ വിഭജനത്തെ പ്രതിനിധീകരിക്കുന്നു. എവ്‌ലിന് തന്റെ അച്ഛനുമായിട്ട് അകലം ഉണ്ട്. അതേ പോലെ തന്റെ  അമ്മയുമായുള്ള  ബന്ധത്തിന്റെ വിള്ളലുകളും ഒരു അമേരിക്കൻ സ്വപ്നത്തിന്റെ നിരാശകളും ജോയ് വഹിക്കുന്നു. മകളുടെ ലക്ഷ്യമില്ലായ്മ കാണുമ്പോൾ ഒരു വലിയ നിരാശയാണ്, എവ്ലിനുണ്ടാകുന്നത്. തങ്ങളുടെ കുടുംബജീവിതം മുന്നോട്ടു പോകാൻ വേണ്ടി എവ്ലിൻ പലതും ത്യജിച്ചു. മകൾക്കു വേണ്ടിയും പല ആഗ്രഹങ്ങളും ഒഴിവാക്കി. ഈ സമ്മർദ്ദം ഒരു കലാപത്തിൽ പ്രകടമാകുന്നു, അത് ബഹുമുഖങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുന്ന ഒരു മണ്ഡലത്തിലേക്ക് പോകുന്നു, അവിടെ എല്ലാവരേയും ശൂന്യതയിലേക്ക് വലിച്ചെടുക്കാൻ തയ്യാറായ ഒരു തമോദ്വാരം ഉണ്ടാകുന്നു. തലമുറകളുടെ ആഘാതത്തിന്റെ കൂട്ടുകെട്ടിൽ നിന്നാണ് ഈ ശൂന്യത ഉണ്ടാകുന്നതെങ്കിൽ, അതേ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട നിരുപാധികമായ സ്‌നേഹത്തിലൂടെ അത് മാറ്റാൻ കഴിയുമെന്ന് ചിത്രം പറയുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നിമിഷങ്ങളാണ് അരാജകത്വത്തെ മാറ്റുന്നത്. എവ്ലിനും വെയ്മണ്ടും തമ്മിലുള്ള ബന്ധം മൾട്ടീവേഴ്സുകളിലൂടെ ആവർത്തിച്ച് ഒഴുകുമ്പോൾ, അവരുടെ മകൾ ജോയ് ആണ് തങ്ങളെ കൂട്ടിച്ചേർക്കുന്ന കേന്ദ്രമെന്ന് മനസ്സിലാക്കുന്നു.


'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്' സിനിമയിലെ രംഗം 

വംശീയമായ പ്രശ്‌നങ്ങളും എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് എന്ന സിനിമയിൽ കാണാം. എവ്ലിനും കുടുംബവും ചൈനക്കാരാണ്. ഇത് കഥയിൽ പ്രധാനമാണ്. വൈകുന്നേരം അവൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന ചൈനീസ് ന്യൂ ഇയർ പാർട്ടി അവളുടെ പിതാവിന്റെ സ്‌നേഹം തിരികെ നേടാനുള്ള  ശ്രമമാണ്. അവളുടെ നിഷ്‌കളങ്കനായ ഭർത്താവ് വെയ്മണ്ടിനൊപ്പം (കെ ഹുയ് ക്വാൻ) ഒരിക്കലും അമേരിക്കയിൽ വരാൻ പാടില്ലായിരുന്നു എന്ന ഓർമ്മ എപ്പോഴും എവ്ലിനെ അലട്ടുന്നുണ്ട്. അവളുടെ ഏഷ്യൻ സംഭാഷണം അവളിൽ അന്യതാബോധം ഉണ്ടാക്കുന്നുണ്ട്. മറ്റൊരു രാജ്യത്ത് താമസിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സ്വത്വ സംഘർഷം ഇവിടെ കാണാം. പുതിയ അലക്കു ഷോപ്പു തുടങ്ങാനും ടാക്‌സ് സംബന്ധമായ കാര്യങ്ങൾക്കുമായി IRS ഉദ്യോഗസ്ഥയായ ഡെയ്ഡ്രെയുമായി എവ്ലിനും ഭർത്താവും സംസാരിക്കുന്നു. ഈ കൂടിക്കാഴ്ചയിൽ എവ്ലിന് തങ്ങൾ ചൈനക്കാരായതിനാൽ മനഃപൂർവ്വമായി ഇവർ ബുദ്ധിമുട്ടിക്കുകയാണെന്നു തോന്നുന്നു. വംശീയ വിദ്വേഷമാണ് ഇതിനു പിന്നിലെന്നാണ് അവർ മനസ്സിലാക്കുന്നത്.

IRS ഉദ്യോഗസ്ഥയായ ഡെയ്ഡ്രെയുമായുള്ള ആ കൂടിക്കാഴ്ചയിൽ, വെയ്മണ്ട്‌ന്റെ ശരീരം 'ആൽഫ വേഴ്‌സ്' ൽ നിന്നുള്ള വെയ്മണ്ട് -ന്റെ പതിപ്പായ ആൽഫ-വെയ്മണ്ട്  ഏറ്റെടുക്കുന്നു.  ഓരോ ജീവിത തിരഞ്ഞെടുപ്പും ഒരു പുതിയ ബദൽ പ്രപഞ്ചം സൃഷ്ടിക്കുന്നതിനാൽ നിരവധി സമാന്തര പ്രപഞ്ചങ്ങൾ നിലവിലുണ്ടെന്ന് ആൽഫ-വേയ്മണ്ട് എവ്ലിനോട് വിശദീകരിക്കുന്നു.  ആൽഫ-എവ്ലിൻ നയിച്ച ആൽഫവേഴ്സ്, 'വേഴ്സ്-ജമ്പിംഗ്' സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു, ഇത്  സാധ്യമായ, വിചിത്രമായ പ്രവർത്തനങ്ങൾ നടത്തി അവരുടെ സമാന്തര വ്യക്തിത്വത്തിന്റെ കഴിവുകളും ഓർമ്മകളും ശരീരങ്ങളും ആക്സസ് ചെയ്യാൻ ആളുകളെ പ്രാപ്തമാക്കുന്നു. സാധ്യമായ നിരവധി സമാന്തര ലോകങ്ങൾ ഉണ്ട്. അവ നമ്മുടെ യഥാർത്ഥ ലോകം പോലെയാണ്. സാധ്യതയും സാങ്കൽപ്പിക പ്രസ്താവനകളും വിശദീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് സാധ്യമായ ലോകങ്ങൾ എന്നത്. ചില തത്ത്വചിന്തകർ, സാധ്യമായ എല്ലാ ലോകങ്ങളും നിലവിലുണ്ടെന്നും അവ നാം ജീവിക്കുന്ന ലോകം പോലെ തന്നെ യഥാർത്ഥമാണെന്നും അഭിപ്രായപ്പെടുന്നു. ഈ സങ്കല്പത്തെയാണ് മോഡൽ റിയലിസം എന്ന് വിളിക്കുന്നത്.

IRS ബിൽഡിംഗിൽ ഒത്തുചേരുന്ന ജോബുവിന്റെ കൂട്ടാളികളെ നേരിടാൻ എവ്ലിൻ തയ്യാറാകുന്നു. ഒരു കുങ്ഫു മാസ്റ്ററും ചലച്ചിത്രതാരവും ആയിത്തീരുന്നത് പോലെ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്ത മറ്റ് പ്രപഞ്ചങ്ങളെ അവൾ കണ്ടെത്തുന്നു; തന്റെ ആദ്യകാല ജീവിതങ്ങളാണ് ജോബുവിന്റെ കൂട്ടാളികളെ നേരിടാൻ എവ്ലിനെ പ്രാപ്തയാക്കുന്നത്. വിവാഹമോചന രേഖകൾക്കൊപ്പം അവൾ വേമണ്ടിന്റെ പദ്ധതികളെക്കുറിച്ചും മനസ്സിലാക്കുന്നു. ജോബുവിനെ പരാജയപ്പെടുത്താൻ എവ്ലിന് അസാമാന്യമായ കഴിവുണ്ടെന്ന് ആൽഫ-വേമണ്ട് വിശ്വസിക്കുന്നു. എവ്‌ലിൻ, ജോബുവിന്റെ പോരാളികളെ നിർവീര്യമാക്കുകയും ചെയ്യുന്നു.


'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്' സിനിമയിലെ രംഗം 

വീട്ടിൽ വെച്ച് എവ്ലിൻ വെയ്മണ്ടുമായി അനുരഞ്ജനം നടത്തുകയും ജോയിയുടെയും ബെക്കിയുടെയും ബന്ധം അംഗീകരിക്കുകയും ഗോങ് ഗോങ്ങിനോട് അത് പറയുകയും ചെയ്യുന്നു. കൂടാതെ അവരുടെ നികുതികൾ വീണ്ടും അടക്കാൻ ഡെയ്ഡ്രെയോട് പറയുന്നു. ഈ കാര്യം വെയ്മണ്ടിനെ ബോധ്യപ്പെടുത്തിയതിന് ശേഷം ഡെയ്ഡ്രെയുമായി എവ്ലിൻ സംസാരിക്കുന്നു. അവസാനത്തിൽ ഡെയ്ഡ്രെയുമായി മാന്യമായ ബന്ധം സ്ഥാപിച്ച് തന്റെ സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകാൻ എവ്ലിൻ തീരുമാനിക്കുന്നു. താൻ എപ്പോഴും ജോയ്ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എവ്ലിൻ ജോയിയോട് പറയുന്നു. എവ്ലിനും ജോയിയും ആലിംഗനം ചെയ്യുന്നു. കുറച്ച് സമയത്തിനു ശേഷം, കുടുംബത്തിന്റെ ബന്ധം മെച്ചപ്പെട്ടതോടെ, നികുതികൾ റീഫിൽ ചെയ്യുന്നതിനായി അവർ IRS കെട്ടിടത്തിലേക്ക് മടങ്ങുന്നു. പ്രവാസ ജീവിതം സൃഷ്ടിക്കുന്ന ജനറേഷൻ ഗ്യാപ് ഒഴിവാക്കാനുള്ള ശ്രമം സിനിമയുടെ അവസാനത്തുള്ള എവ്ലിന്റെ ജീവിതത്തിൽ കാണാം.

എവ്ലിൻ അവളുടെ അസന്തുഷ്ടയായ മകളായ ജോയുടെ കൂടെ തനിച്ചായിരിക്കുമ്പോൾ മകളെ കൂടുതൽ നിയന്ത്രിക്കുന്നവളും അവളുടെ മേലെ തന്റെ ആഗ്രഹങ്ങൾ പറയാൻ ശ്രമിക്കുന്നവളുമാണ്. ടോക്്‌സിക് പാരന്റിങ്ങിന്റെ അവസ്ഥ എവ്ലിന്റെ പെരുമാറ്റത്തിൽ കാണാം.'ജോയ്, ദയവായി കാത്തിരിക്കൂ, എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ജോയിയെ വേദനിപ്പിച്ചുവെന്നറിഞ്ഞ് എവ്ലിൻ ജോയിയുടെ പിന്നാലെ ഓടുന്നു. അൽപ്പനേരത്തെ മടിക്കുശേഷം അവൾ പറഞ്ഞു, 'നിങ്ങൾ തടിച്ചുകൊഴുക്കുന്നു.' മകളും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ വിള്ളലുകളാണ് ഇവിടെ നാം കാണുന്നത്. ആ അകൽച്ചയെ സ്‌നേഹം കൊണ്ട് അടുപ്പിക്കാനാണ്  എവ്ലിൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്നത്. ലോകത്തെ കീഴടക്കുന്ന ദുഷ്ടശക്തിയായ ജോബു തുപാകി  തന്റെ മകളായ  ജോയ് ആണെന്ന് വെളിപ്പെടുത്തുമ്പോൾ, അത് വ്യക്തമാകുന്നു. തന്റെ മകളെ നിത്യമായ അന്ധകാരത്തിൽ നിന്ന് രക്ഷിക്കാൻ എവ്ലിന് മാത്രമേ കഴിയൂ. മൾട്ടിവേഴ്‌സ് ആഖ്യാനത്തിന്റെ ഉദ്ദേശ്യവും ആശയവും ഇതാണ്. കൂടാതെ സിനിമയിൽ  അസ്തിത്വപരമായ എവ്ലിന്റെ  പ്രശ്‌നങ്ങളെ അസംബന്ധവും സ്വതന്ത്രവുമായ നർമ്മം കൊണ്ട് അടയാളപ്പെടുത്തുന്നു. മൾട്ടിവേഴ്സ് ആഹ്ലാദകരമായ ഒരു ഫാന്റസിയായി ഇവിടെ കളിക്കുന്നു. നോൺ ലീനിയർ ആഖ്യാനത്തിലൂടെ, കഥ പറച്ചിലിന് അധിക പ്രാധാന്യം കൊടുക്കാതെ, വ്യത്യസ്ത ജോണറുകൾ കൂട്ടി കലർത്തി ജനപ്രിയ ശൈലിയിൽ ആവിഷ്‌ക്കരിക്കുകയാണ് ഈ സിനിമ. വംശീയത, ടോക്‌സിക് പാരന്റിംഗ്, ജനറേഷൻ ഗ്യാപ്, പ്രവാസി സ്വത്വ സംഘർഷങ്ങൾ എന്നിവയെല്ലാം ഇവിടെ വിഷയങ്ങളാകുന്നുണ്ട്. ഇത്തരത്തിൽ പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം നൂതനത്വം പുലർത്തുന്ന ഒരു എക്‌സ്പിരിമെന്റൽ സിനിമയായി 'എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ് 'നെ കാണാവുന്നതാണ്.

#cinema
Leave a comment