
നാരായണീന്റെ മൂന്നാണ്മക്കൾ സാമ്പ്രദായിക കാഴ്ചകളെ പൊള്ളിക്കുന്ന സിനിമ
മലയാള സിനിമയില്‍ അടുത്തകാലത്ത് തിയേറ്ററില്‍ വലിയ ശ്രദ്ധ കിട്ടാതെ പോവുകയും പടം ഒടിടി റിലീസിനു ശേഷം സജീവ ശ്രദ്ധയിലേക്ക് വരുകയും ചെയ്ത ചിത്രമാണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍. ഒടിടി ഉപയോക്താക്കളില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നിരിക്കേ ഈ സിനിമയെ പുതിയ കാലം ഏറ്റെടുത്തിരിക്കുന്നു എന്നു കരുതുന്നതിൽ സാംഗത്യമുണ്ടെന്നു തോന്നുന്നു.
മനുഷ്യ ബന്ധങ്ങളുടെ കഥയാണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമ പറയുന്നത്. കവിതയും സാഹിത്യവും ചിത്രകലയുമെല്ലാം പലകാലങ്ങളില്‍ പല രൂപത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ള തീമാണ്. ബന്ധങ്ങളെ, വികാരങ്ങളെ, അവയെ മനുഷ്യര്‍ ട്രീറ്റ് ചെയ്യുന്ന രീതിയെ എല്ലം മലയാള സിനിമ തന്നെ പലകുറി അടയാളപ്പെടുത്തിയിട്ടുണ്ട്. ബന്ധങ്ങളില്‍ നാം സാമ്പ്രദായികമായി പുലര്‍ത്തിപ്പോരുന്ന നിഷ്‌കര്‍ഷകളെയെല്ലാം അവ പൊളിച്ചു പണിതിട്ടുമുണ്ട്. അത്തരമൊരു പൊളിച്ചു പണിയല്‍ ആണ് ഈ സിനിമയിലും കാണാൻ കഴിയുന്നത്. പുറമേ ഇതാണ് സിനിമയുടെ തീം. ഇതിലേക്ക്, പ്രേക്ഷകരെ ചിന്തിപ്പിക്കും വിധമുള്ള എലമെന്റുകള്‍ കണ്ണികളായി ചേര്‍ത്തു ചേര്‍ത്താണ് സിനിമ പുരോഗമിക്കുന്നത്. മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, അസ്വസ്ഥതകള്‍ എല്ലാം സിനിമ പുരോഗമിക്കുംതോറും പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്നുണ്ട്. സിനിമയില്‍, സഹോദരങ്ങളായ മൂന്നു പേരുടെയിടയില്‍, അവര്‍ താമസിക്കുന്ന വീടിന്റെ അകത്തളങ്ങളില്‍ സദാ തളംകെട്ടി നില്‍ക്കുന്ന നിശബ്ദത ഈ സങ്കീര്‍ണതയെ കുറിക്കുന്നുണ്ട്. അതേസമയം, അത് തുടക്കം മുതല്‍ ഒടുക്കം വരെയും സിനിമയുടെ ഭാവവുമാണ്.REPRESENTATIVE IMAGE | WIKI COMMONS
മരണം കാത്തുകിടക്കുന്ന നാരായണി എന്ന വൃദ്ധയുടെ വാര്‍ധക്യം ബാധിച്ച ശരീരമാണ് നാരായണിയുടെ മൂന്നാണ്‍മക്കളെ ആ പഴയ തറവാട്ടില്‍ എത്തിക്കുന്നത്. അവിടെ ഒരു മരണത്തിനു ചുറ്റും കുറേ ജീവിതങ്ങള്‍ പുളയുന്നു. ഏതൊക്കെയോ നിമിഷങ്ങളില്‍ ജീവിതം തന്നെ മരണത്തെ ആശ്രയിക്കുന്നു. മരണം സൃഷ്ടിക്കുന്ന ശൂന്യതയെ അതു കൊതിക്കുന്നു. ഏതാണ്ട് ഇതേ തീം തന്നെയാണ് എം ടിയുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന സിനിമയും ചര്‍ച്ച ചെയ്തത്. അച്ഛന്‍ മാധവന്‍ മാസ്റ്ററുടെ മരണത്തിനു വേണ്ടി കാത്തിരിക്കുന്ന മക്കളുടെയും മറ്റു ബന്ധുക്കളെയുമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ കാണിക്കുന്നത്. സ്വര്‍ഗ്ഗം തുറക്കുന്ന സമയം എന്ന എം ടിയുടെ തന്നെ ചെറുകഥയാണ് പിന്നീട് ഈ പേരിൽ സിനിമയായത്.
ഒരു മരണത്തിനു ചുറ്റും കറങ്ങുന്ന കുറേ ജീവിതങ്ങളും അവരുടെ അസ്തിത്വ പ്രതിസന്ധികളും എം ടി പറഞ്ഞു പോകുന്നുണ്ട്. അതു തന്നെയാണ് നാരായണിയുടെ മൂന്നാണ്‍മക്കളുടെ സംവിധായകന്‍ ശരണ്‍ വേണുഗോപാലും ചെയ്യുന്നത്. വിഖ്യാത സംവിധായകന്‍ ഇഗ്മര്‍ ബര്‍ഗ്മാന്റെ സെവന്‍ത് സീല്‍ ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ നാരായണിയുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. ബര്‍ഗ്മാന്‍ ജീവിതവും മരണവും തമ്മിലുള്ള വ്യവഹാരമായി സിനിമയെ അവതരിപ്പിച്ചപ്പോള്‍ നാരായണിയുടെ മൂന്നാണ്‍മക്കളും, ആള്‍ക്കൂട്ടത്തില്‍ തനിയെയുമെല്ലാം ജീവിതവും മരണവും തമ്മിലുള്ള ഈ സംവാദത്തെ കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങളില്‍ ലയിപ്പിക്കുന്നു എന്നുമാത്രം. മലയാളത്തില്‍ തന്നെ, പുറത്തിറങ്ങിയ സ്വ ലേ എന്ന സിനിമയും ഇതേ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മരണവും ദുഃഖവും അനിവാര്യതയുമാകുമ്പോള്‍ നാം ഏതു തിരഞ്ഞെടുക്കണമെന്ന ചോദ്യം തന്നെയാണ് സ്വ ലേയും മുന്നോട്ടു വെച്ചത്.REPRESENTATIVE IMAGE | WIKI COMMONS
ആള്‍ക്കൂട്ടത്തില്‍ തനിയെ, സ്വ ലേ എന്നീ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി നാരായണിയുടെ മൂന്നാണ്‍മക്കളില്‍ മരണം അതിനു ചുറ്റും ജീവിച്ചിരിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ടെങ്കിലും, പുതിയ ബന്ധങ്ങള്‍ക്കു കാരണമാവുകയും ചെയ്യുന്നുണ്ട്. നാരായണിയുടെ ഇളയ മകന്‍ ഭാസ്‌കറിന്റെ മകൻ നിഖിലും മൂത്തമകന്‍ വിശ്വന്റെ മകള്‍ ആതിരയുമായി പുതിയൊരു ബന്ധം ഉടലെടുക്കുന്നു. ആതിരയും നിഖിലും അവരുടെ മുന്‍പുണ്ടായിരുന്ന പ്രണയബന്ധങ്ങളില്‍ പരാജയപ്പെട്ടവരാണ്. ജീവിതത്തിൽ ആദ്യമായാണ് അവർ പരസ്പരം കാണുന്നത് പോലും. ഇരുവരുടെയും സംഭാഷണങ്ങളില്‍ നിന്ന് അത് പ്രേക്ഷകര്‍ക്ക് വെളിപ്പെട്ടു കിട്ടുന്നുണ്ട്. പ്രണയ പരാജയം എന്ന പൊതുഘടകമാണ് അവരെ കൂടുതല്‍ അടുപ്പിക്കുന്നത്. സഹോദരങ്ങളുടെ മക്കള്‍ തമ്മിലുണ്ടാകുന്ന പ്രണയബന്ധത്തെ, അതിനെ നിഷേധിക്കുന്ന ഇവിടുത്തെ സാമൂഹിക വ്യവസ്ഥയെ റീ ഡിഫൈന്‍ ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ടോ എന്ന തോന്നലുണ്ടാക്കുന്നിടത്താണ് നാരായണീന്റെ മൂന്നാണ്‍മക്കള്‍ മറ്റ് രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. പ്രേക്ഷകരെയും സാമൂഹിക ശാസ്ത്രജ്ഞരെയും ഈ ചോദ്യം നേരിടാന്‍ ചിത്രം പ്രേരിപ്പിക്കാം. കഥ തീരുമ്പോഴേക്കും പ്രേക്ഷകര്‍ ചോദ്യത്തിന്റെ സങ്കീര്‍ണതയില്‍ പെട്ടുപോകുമെന്നുറപ്പ്. സിനിമ മുന്നോട്ട് വയ്ക്കുന്നു എന്ന് വായിച്ചെടുക്കാവുന്ന ഈ ചോദ്യത്തെയും അഭിമുഖീകരിക്കേണ്ടതുണ്ട് എന്ന പുതിയ കാലത്തിന്റെ ബോധ്യവും കൂടെയാവാം സിനിമയുടെ ഒടിടിയിലെ വിജയം, എന്ന ആലോചനയ്ക്ക് സാംഗത്യമുണ്ട് എന്നു തന്നെ കരുതാം.
ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് സിനിമയുടെ എല്ലാ ഫ്രെയിമിലുമുള്ളത്. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധവും അതിന്റെ ഉലച്ചിലുകളും, ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധവും അതിലെ നിസ്സഹായതകളും അസഹനീയതകളും, അമ്മയും മകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍, നിശ്ബദതകള്‍, ഭാസ്‌കറിന്റെ ആദ്യ പ്രണയം, ആ ബന്ധത്തിന്റെ ഇപ്പോഴുമുള്ള ആഴം, ഇതിനെല്ലാം പുറമേ ആതിരയും നിഖിലും തമ്മിലുള്ള സൗഹൃദവും അടുപ്പവും അതിന്റെ സാമ്പ്രദായിക പൊരുത്തക്കേടുകളും, അവര്‍ക്ക് മുന്‍പുണ്ടായിരുന്ന ബന്ധങ്ങളും അതിലെ അകല്‍ച്ചകളും.. ഇങ്ങനെ മനുഷ്യര്‍ തമ്മിലുള്ള വൈകാരികമായ കൊടുക്കല്‍ വാങ്ങലുകളെ കോര്‍ത്തുകോര്‍ത്താണ് ഓരോ ഫ്രെയിമുകളും സിനിമയില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അതൊരു നല്ല പരീക്ഷണമായാണ് അനുഭവപ്പെട്ടത്.REPRESENTATIVE IMAGE | WIKI COMMONS
സിനിമയില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിലും ഒരു എം ടിയന്‍ ടച്ച് കാണാം. ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനില്‍ ഭ്രാന്ത് ആരോപിക്കപ്പെടുന്നതു പോലെ, ജോജു ജോര്‍ജിന്റെ സേതു എന്ന കഥാപാത്രത്തെ അയാളുടെ ചുറ്റുപാട് തന്നെ പൊട്ടന്‍ എന്നു മുദ്രകുത്തുന്നു. 'അഞ്ചും അഞ്ചും ഗുണിക്കാന്‍ അറിയാത്ത പൊട്ടന്‍' എന്നാണ് സിനിമയില്‍ ഒരിടത്ത് സേതുവിന്റെ ജ്യേഷ്ഠന്‍ വിശ്വന്‍ തന്നെ അയാളെ വിശേഷിപ്പിക്കുന്നത്. 'വാതുറന്ന് എന്തെങ്കിലും പറ പൊട്ടാ' എന്ന് സുരാജിന്റെ കഥാപാത്രം ഭാസ്‌കറും അയാളോട് കയര്‍ക്കുന്നുണ്ട്. 'എന്നെ ഇനി അങ്ങനെ വിളിക്കരുത്' എന്ന് അയാള്‍ പറയുന്നുണ്ടെങ്കിലും ഭ്രാന്തന്‍ വേലായുധനെപ്പോലെ വ്യവസ്ഥയോട് സന്ധിചെയ്യേണ്ടി വരുന്ന നിസ്സഹായനാണ് അയാള്‍ അപ്പോഴൊക്കെ. ഡിസ്‌ലെക്‌സിയ എന്ന പഠനവൈകല്യമുണ്ടായിരുന്ന കുട്ടിയാണ് സേതു എന്ന് നിഖിലിന്റെയും ആതിരയുടെയും സംഭാഷണത്തിനിടയില്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവും. പഠന വൈകല്യമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന സേതു, പക്ഷേ അയാള്‍ക്ക് വേണ്ടതെല്ലാം പഠിച്ച മനുഷ്യനാണ്. അയാളുടെ സംഭാഷണത്തില്‍ നിന്ന് അത് പലപ്പോഴും വ്യക്തമാകുന്നുമുണ്ട്. ‘Ephemeral എന്നൊരു വാക്കുണ്ട് ഇംഗ്ലീഷില്‍ Relationships are ephemeral. പെട്ടെന്ന് ഇല്ലാണ്ടാവും,’ എന്ന്, ഒരു നെടുവീര്‍പ്പോടെ മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ച് ആകുലപ്പെടുന്നത് പഠനവൈകല്യമുണ്ടെന്നു പറയപ്പെടുന്ന സേതുവാണ്. ഉദ്യോഗം ഭരിക്കുന്ന വിശ്വനോ, ഭാസ്‌കറോ അല്ല. മറ്റൊരു സന്ദര്‍ഭം നോക്കാം. തന്റെ അനാദിപീടികയില്‍ ബ്രാഹ്മിണ്‍സിന്റെ കറി പൗഡര്‍ അന്വേഷിച്ചു വരുന്നയാള്‍ക്ക്, സാധാരണ കവറില്‍ പൊതിഞ്ഞുവെച്ച മുളകുപൊടി കൈമാറുമ്പോള്‍ അയാള്‍ പറയുന്നത് 'ഇവിടെ എല്ലാവര്‍ക്കുമുള്ളതേ ഉള്ളൂ ഡാ' എന്നാണ്. ഇതാണ് പഠനവൈകല്യമുണ്ടെന്നു പറയപ്പെടുന്ന സേതുവിന്റെ ജീവിതാവബോധം. മറ്റു രണ്ടു കഥാപാത്രങ്ങള്‍ക്കും ഇല്ലാത്തതും അതുതന്നെ.
നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ മനുഷ്യരുടെ ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ജാതിക്കും മതത്തിനും ഇപ്പോഴും എത്രമാത്രം സ്വാധീനമുണ്ടെന്നതും സിനിമ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയമാണ്. സുരാജിന്റെ ഭാസ്‌കര്‍ എന്ന കഥാപാത്രം മുസ്ലീമായ ഒരു പെണ്‍കുട്ടിയെ(നഫീസ) ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു എന്ന ഒറ്റ കാരണംകൊണ്ടു മാത്രമാണ് സ്വന്തം വീട്ടില്‍ നിന്നു പുറത്താക്കപ്പെടുന്നത്. പണയം വച്ച സ്ഥലം പണംനല്‍കി തിരിച്ചെടുക്കാന്‍ വരുന്ന ഒരു നാട്ടുകാരണവരെ നിരാശനാക്കി മടക്കിയയച്ചിട്ട്, 'പണ്ട് ഇവനൊക്കെ ജാതി പറഞ്ഞല്ലാതെ നമ്മടെ അച്ഛനെ വിളിച്ചിട്ടില്ല' എന്ന് അലന്‍സിയര്‍ അവതരിപ്പിക്കുന്ന വിശ്വന്‍ എന്ന കഥാപാത്രം പറയുമ്പോള്‍ 'അതിന് നമുക്കുമില്ലേ ഈ ജാതി സ്പിരിറ്റൊക്കെ' എന്നാണ് സുരാജ് അവതരിപ്പിക്കുന്ന അനിയന്‍ കഥാപാത്രം ഭാസ്‌കര്‍ മറുപടി പറയുന്നത്. തുടര്‍ന്നുവരുന്ന സംഭാഷണത്തില്‍ അവര്‍ ഒരു സംഘട്ടനത്തിനു തുടക്കം കുറിക്കുകയാണ്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഇപ്പോഴും അന്തര്‍ലീനമായി കിടക്കുന്ന ജാതി-ഉപജാതി വര്‍ഗീകരണങ്ങളെ പ്രശ്‌നവത്കരിക്കാനും സിനിമ വിട്ടുപോകുന്നില്ല. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിൽ രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തെ നിര്‍ണയിക്കുന്നത് അവരുടെ ആന്തരിക പരിസ്ഥിതി മാത്രമല്ലെന്നും ബാഹ്യ പരിസ്ഥിതിക്കും അതില്‍ വലിയ റോള്‍ ഉണ്ടെന്നും നാരായണീന്റെ മൂന്നാണ്‍മക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. ജാതിയാല്‍ നിയന്ത്രിക്കപ്പെടുന്ന ഈ സിസ്റ്റം മനുഷ്യരെ എങ്ങനെയെല്ലാം അകറ്റുന്നു എന്നും. ഈ പശ്ചാത്തലത്തില്‍ നാരായണീന്റെ മൂന്നാണ്‍മക്കള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സ്ഥിതികളോടും സംവദിക്കുന്നുണ്ടെന്നും പ്രേക്ഷകനു വ്യക്തമാകും. REPRESENTATIVE IMAGE | WIKI COMMONS
കഥ തന്നെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രധാനഘടകം. വലിയ അത്ഭുതങ്ങളൊന്നുമില്ലെങ്കിലും അതു കഥയുടെ പോരായ്മയല്ല. കഥയില്‍ വലിയ പുതുമ അവകാശപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മനുഷ്യ ബന്ധങ്ങളെ പഠിക്കാനുള്ള കലയുടെയും കലാകാരൻമാരുടെയും മറ്റൊരു ശ്രമം എന്ന തരത്തില്‍ നാരായണീന്റെ മൂന്നാണ്‍മക്കളെയും അടയാളപ്പെടുത്താം.
നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമ പറയാന്‍ ശ്രമിക്കുന്നതൊക്കെ വലിയ ബഹളങ്ങളില്ലാതെ നന്നായി ചെയ്യുന്നുമുണ്ട്. ഒടിടിയിലെ പ്രേക്ഷകന് കണക്ട് ചെയ്യാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് സിനിമയുടെ വിജയം. സാമ്പ്രാദായിക കാഴ്ചകളെ പൊളിക്കുന്ന സിനിമയുടെ കാഴ്ച സാധ്യമാക്കുന്നതും സാമ്പ്രദായികമല്ലാത്ത പ്ലാറ്റ്ഫോം ആണെന്നത് ഈ സിനിമ ആരു കാണണമെന്ന്/ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സിനിമയുടെ തന്നെ തിരഞ്ഞെടുപ്പുമാണ്.
ബന്ധങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ബന്ധങ്ങളെ നിര്‍വചിക്കുക എന്നതുപോലെതന്നെ സങ്കീര്‍ണങ്ങളാണ്. ചെറിയ ശ്രദ്ധക്കുറവുപോലും ആഖ്യാനത്തെ ആകെ ബാധിച്ചേക്കാം എന്നിരിക്കേ, ആഖ്യാനം കൊണ്ടുതന്നെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിഞ്ഞത് സംവിധായകന്റെ മികവ് തന്നെ. സിനിമയുടെ നിശബ്ദത എന്ന സ്ഥായീഭാവത്തെ ഒട്ടും അലോസരപ്പെടുത്താത്തതാണ് രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും. അപ്പു പ്രഭാകറിന്റെ ക്യാമറയും ഫ്രെയിമുകളും സിനിമയെ വിഷ്വലി മികച്ച അനുഭവമാക്കുന്നുമുണ്ട്.