TMJ
searchnav-menu
post-thumbnail

TMJ Cinema

നരിവേട്ട: പാതിവെന്ത രാഷ്ട്രീയ സിനിമ

03 Jun 2025   |   4 min Read
അരുൺ കുറവൻ

കേരളത്തിൽ മാറി മാറി ഭരിച്ച് പോരുന്ന എൽഡിഎഫ് - യുഡിഎഫ് സർക്കാരുകൾ മത്സരിച്ചു പരസ്യം ചെയ്തുണ്ടാക്കിയ നുണയാണ് സമത്വ സുന്ദര കേരള മോഡൽ.

ഇന്നും തുടർന്നുപോരുന്ന ഭൂസമരങ്ങളും, ഭൂപരിഷ്കരണത്തിന്റെ ഇരകളായ ഇവിടുത്തെ ദളിത് ആദിവാസികളുടെ യഥാർത്ഥ ജീവിതവും, ജാതികോളനികളും, ജാതീയതയും മറച്ചുപിടിച്ചുകൊണ്ട് നിലനിന്നുപോരുന്ന ഇത്തരം പരസ്യബോർഡുകൾ തകർത്തെറിഞ്ഞ് മാത്രമേ നിങ്ങൾക്ക് മുത്തങ്ങയിലേക്കു കടന്നു ചെല്ലാനാകൂ. അല്ലാത്തപക്ഷം നരിവേട്ട പോലൊരു പാതിവെന്ത പൊളിറ്റിക്കൽ സിനിമ നിർമ്മിച്ച്  സഹതാപക്കണ്ണീർ പൊഴിക്കാവുന്നതാണ്.

നരിവേട്ടയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ എത്ര അലസമായും പക്വതയില്ലാതെയുമാണ് മുത്തങ്ങ ഭൂസമരത്തെ സമീപിച്ചിരിക്കുന്നത്. എന്തായാലും, സവർണ മലയാള സിനിമ എടുത്താൽ പൊങ്ങുന്നതല്ല ദളിത് ആദിവാസി ജീവിതങ്ങൾ എന്നത് നരിവേട്ടയിലൂടെ ഒന്ന് കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. സ്വന്തം ഭൂമിയിൽ നിന്ന് മാത്രമല്ല, സമൂഹത്തിൽ നിന്ന് ജാതീയമായി മാറ്റിനിർത്തപ്പെട്ട ജനങ്ങളാണ് ഇന്ത്യയിലെ ദളിത്-ആദിവാസികൾ. പറയുന്നതൊക്കെയും നേരിട്ടോ അല്ലാതെയോ അവരുടെ ജീവിതങ്ങളെ ബാധിക്കും എന്നുള്ളതുകൊണ്ട് അത്രയും ദുർബലരായ ഒരു ജനവിഭാഗത്തെ പറ്റിയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കുറച്ചധികം ജാഗ്രത പുലർത്തേണ്ടതുണ്ട്. 

REPRESENTATIVE IMAGE | WIKI COMMNS
ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയിട്ടുള്ള അഭിമുഖത്തിൽ നരിവേട്ടയുടെ കഥയും തിരക്കഥയും എഴുതിയ അബിൻ ജോസഫ് ഈ സിനിമ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ പറ്റി പറയുന്നത്, “അധികാരം എന്ന് പറയുന്നതിന് ജാതിയോ ജെൻഡറോ പ്രിവിലേജോ ഒന്നും വിഷയമല്ല. ആ പവർ ഡയനാമിക്‌സിനെതിരെ തിരിയുന്നവരെയൊക്കെ അത് ഇല്ലാതാക്കാൻ ശ്രമിക്കും,” എന്നതാണ്. എല്ലാവരിലും ഒരുപോലെ അല്ല അധികാരം പ്രയോഗിക്കപ്പെടുന്നത്, അതുകൊണ്ടു തന്നെ തിരക്കഥാകൃത്തിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തുന്നു. മുത്തങ്ങയിലെ ആദിവാസികൾക്ക് പകരം ചങ്ങനാശ്ശേരിയിലെ സവർണ്ണരായിരുന്നു സമരം ചെയ്തത് എങ്കിൽ ആകാശത്തേയ്ക്കെങ്കിലും വെടി പൊട്ടുമെന്നു നിങ്ങൾക്ക് തോന്നുന്നുണ്ടോ? പൊട്ടിയാൽ തന്നെ വാർത്താസമ്മേളനത്തിൽ, "ഇതാണ് കേരളത്തിനുള്ള സന്ദേശം,” എന്നൊരു മന്ത്രിക്ക് പറയാൻ കഴിയുമോ? 

ഒരാൾക്ക് മുകളിലുള്ള അധികാര പ്രയോഗം ജാതിയും ജെൻഡറും നിറവും പ്രിവിലേജുമൊക്കെ അനുസരിച്ച് വ്യത്യസ്തം ആയിരിക്കുമെന്നതുകൊണ്ടു തന്നെ ഒരേ രീതിയിൽ അതിനെ കാണാൻ പറ്റില്ല എന്നും, ഇന്ത്യൻ സാഹചര്യത്തിൽ ജാതി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുള്ള കഥാകൃത്തിന്റെ അറിവില്ലായ്‍മ, മുത്തങ്ങ സമരം പോലെയൊരു ആദിവാസി ഭൂപ്രശ്നം തന്റെ കഥയിലേക്ക്‌ എടുത്തുപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ അയോഗ്യതായി കണക്കാക്കേണ്ടതാണ്. 

REPRESENTATIVE IMAGE | WIKI COMMONS
ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മുത്തങ്ങ ഭൂസമരത്തെ പറ്റിയും ഇപ്പോഴും തുടർന്നുപോരുന്ന മറ്റനവധി ഭൂസമരങ്ങളെ പറ്റിയും മുഖ്യധാരയിൽ ഒരു ചർച്ചയുണ്ടാക്കാനും, യുവതലമുറയെ അത്തരം ചരിത്ര സമരങ്ങളിലേക്ക് ലിങ്ക് ചെയ്യുവാനും ഈ സിനിമയ്ക്ക് സാധിച്ചു എന്നത് ശരിയാണ്. പക്ഷെ ചർച്ചകൾ ഏതു വഴിക്കാണ് പോകുന്നത്? കേവലം പോലീസിന്റെ നരനായാട്ട് എന്ന രീതിയിലേക്ക് പ്രശ്നത്തെ ചുരുക്കി കൊണ്ടുപോകുകയും, പ്രത്യേകിച്ച്  യുവതലമുറയിൽ അത്തരം തെറ്റായ ഒരു  ആശയരൂപീകരണത്തിന് സിനിമ വഴി ഒരുക്കുകയും ചെയ്യുന്നുണ്ട് എന്നത് ഈ സിനിമയുടെ ഒരു പ്രധാന പോരായ്മയാണ്. മുത്തങ്ങ സമരത്തെ ഒരു പോലീസുകാരന്റെ കണ്ണിലൂടെ നോക്കുമ്പോൾ വിട്ടു പോകുന്ന കാഴ്ചകളൊക്കെ നിസ്സാരമായി തോന്നുമെങ്കിലും, തിയ്യേറ്റർ സ്ക്രീനിന് മുന്നിലുള്ളവരിലേക്ക് വച്ച് നീട്ടുന്ന ഈ മുറിവൈദ്യം ഗുണത്തേക്കാൾ ദോഷം ചെയ്യും.   

സി കെ ജാനുവിന്റെ ആത്മകഥയായ "അടിമമക്ക"യുടെ അവതാരികയിൽ കമൽറാം സജീവ് പറയുന്നുണ്ട്, "ഭരണകൂടങ്ങളും രാഷ്ട്രീയ സംവിധാനവും സിവിൽ സൊസൈറ്റിയും നടത്തിയ അതിക്രൂരമായ ആദിവാസി വംശഹത്യയുടെ, നിരാകരണത്തിന്റെ രേഖപ്പെടുത്താത്ത ചരിത്രമെന്ന നിലയ്ക്ക് 'അടിമമക്ക' പ്രധാനപ്പെട്ടതും പ്രസക്തിയുള്ളതുമായ ആത്മകഥയാണ്,”. നരിവേട്ടയിലേക്ക് വരുമ്പോൾ കാണാനാകാതെ പോകുന്നതും ആദിവാസി ജനതയെ ചുറ്റും നിന്നാക്രമിച്ച രാഷ്ട്രീയ സംവിധാനത്തെയും സിവിൽ സൊസൈറ്റിയെയും മീഡിയയെയുമൊക്കെയാണ്. സി കെ ജാനു, എം ഗീതാനന്ദൻ തുടങ്ങിയ സമര നേതാക്കളൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഈ അതിക്രമങ്ങളെ പറ്റിയാണ്. ഒരു മാധ്യമത്തിന്റെ ഇന്റർവ്യൂവിൽ എം ഗീതാനന്ദൻ പറയുന്നത്, "മുത്തങ്ങ വെടിവയ്പ്പിന് ശേഷം നഗരത്തിലുള്ള ഓട്ടോറിക്ഷ തൊഴിലാളികൾ, ബസ് ഡ്രൈവർമാർ, ക്രിമിനലുകൾ അങ്ങനെയുള്ള എല്ലാ സംഘങ്ങൾക്കും ആവശ്യത്തിന് ലൈസൻസ് കൊടുത്തിരിക്കുന്ന ഒരു വംശീയമായ റെയ്‌ഡ് ആയിരുന്നു രൂപപ്പെട്ടിരുന്നത്. ആർക്കും എന്തും ചെയ്യാം എന്നൊരവസ്ഥയായിരുന്നു. സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പോലും നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു.എല്ലാ ലീഡിങ് മീഡിയയും, പ്രത്യേകിച്ച് പ്രിന്റ് മീഡിയ, ഏകപക്ഷിയമായ സർക്കാർ വാർത്തകൾ മാത്രമാണ് കൊടുത്തിരുന്നത്. അക്കാലത്ത് സി കെ ജാനുവിനുള്ള മാവോയിസ്റ്റ്, ശ്രീലങ്കൻ തീവ്രവാദ ബന്ധം മുതൽ സദാചാര പ്രശ്നങ്ങൾ വരെയുള്ള കുപ്രചരണങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയും, പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇന്നും റാപ്പർ ഹിരൺദാസ് മുരളിയുടെ(വേടൻ) ശ്രീലങ്കൻ ബന്ധം നോക്കി പോകുന്ന മാധ്യമങ്ങൾ മാറ്റമൊന്നും ഇല്ലാതെ നുണപ്രചാരണം തുടരുന്നുണ്ട്.

അടിമമക്ക | PHOTO : WIKI COMMONS
കേരള ജനതയുടെയുള്ളിൽ ആദിവാസികൾക്കെതിരെ വിദ്വേഷം ഉണ്ടാക്കാൻ വേണ്ടി നടത്തിയ ഇത്തരം നുണകൾ അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗം ജനതയെ കൂടുതൽ ദുർബലർ ആക്കുന്നതിലേക്ക് കൊണ്ട് ചെന്നെത്തിച്ചു. മധുവിനെ കെട്ടിയിട്ടു തല്ലിക്കൊല്ലാനും, ആദിവാസി ജനതയെ റോഡിലൂടെ വലിച്ചിഴയ്ക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് കേരളത്തിലെ ജനതയെ എത്തിച്ചതിൽ ഈ കുപ്രചരണങ്ങൾക്കും പങ്കുണ്ട്. ഇതിനൊക്കെ നേതൃത്വം കൊടുത്തതാകട്ടെ, ഭരണ-പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളും. ഇത്രയും രാഷ്ട്രീയ-സാമൂഹ്യ മാനങ്ങളുള്ള, അതിന്മേൽ ഉണ്ടാകുന്ന ചർച്ചകൾ ഒരു ജനവിഭാഗത്തെ നേരിട്ടോ അല്ലാതെയോ ബാധിക്കാൻ സാധ്യതയുള്ള ഒരു വിഷയം കൈകാര്യം ചെയ്തതിൽ നരിവേട്ട ടീമിന് പിഴവ് സംഭവിച്ചിട്ടുണ്ട്.

ഒരു സാധാരണക്കാരനായ പോലീസ് കോൺസ്റ്റബിളിനെ/സിവിൽ പോലീസ് ഓഫീസറെ സിസ്റ്റം എങ്ങനെ മാനിപുലേറ്റ് ചെയ്യുന്നു എന്നുള്ള ത്രെഡിനെ മുത്തങ്ങ സമരം കൂടി ഉൾപ്പെടുത്തി ഒരു സിനിമയാക്കുമ്പോൾ സമരത്തിന്റെ യാഥാർത്ഥ്യത്തിൽ നിന്ന് ചർച്ചകൾ വഴി മാറി പോകുന്നുണ്ടെങ്കിൽ അതിനുത്തരവാദികൾ ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ്. കുട്ടിക്കാലത്ത് വാർത്തയിൽ ആദിവാസികളുടെ കഷ്ടപ്പാട് കണ്ടപ്പോൾ ഉണ്ടായ സിമ്പതി കൊണ്ട് മുത്തങ്ങ സമരം പോലൊരു ഐതിഹാസിക സമരപോരാട്ടം സിനിമയിലേക്ക് ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ, ഈ വിഷയത്തിനുള്ള അർഹിക്കുന്ന പ്രാധാന്യം കൊടുക്കാതെ സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിച്ചുകൊണ്ട്, സേഫ് സോണിൽ ഇരുന്നുകൊണ്ടുള്ള ഈ കഥപറച്ചിൽ, മൺമറഞ്ഞുപോയ, ഇപ്പോഴും പാതി ജീവനോടെ ജീവിച്ചിരിക്കുന്ന സമരപോരാളികളോട്  ഒക്കെയും കാട്ടുന്ന അനീതിയാണ്, നിങ്ങളവരോട് മാപ്പ് പറയേണ്ടതുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
കുട്ടനാട്ടിൽ നിന്ന് വരുന്നൊരു സാധാരണക്കാരനായ പോലീസുകാരന്റെ കാഴ്ചകളിലൂടെ കഥ പറയുമ്പോൾ മുത്തങ്ങ സമരത്തിന്റെ ചരിത്രപരമായ വ്യാപ്തി ഉൾക്കൊള്ളാൻ കഴിയില്ല എന്ന് സിനിമയുടെ ഭാഷയിൽ നിന്നുകൊണ്ട് വാദിച്ചു ജയിക്കാൻ കഴിഞ്ഞേക്കും. പക്ഷെ ഫിക്ഷന്റെ എല്ലാവിധ സ്വാതന്ത്ര്യവും ഉപയോഗിച്ചുകൊണ്ട് യാഥാർഥ്യത്തെ നേർപ്പിച്ചില്ലാതെയാക്കി പോലീസിന്റെ അതിക്രമം എന്ന രീതിയിലേക്ക് മാത്രം സിനിമയെ ഒതുക്കിക്കളഞ്ഞുകൊണ്ട്, നിങ്ങൾ ഒരു ജനതയുടെ പോരാട്ടത്തെയാണ്, ചരിത്രത്തെയാണ് തെറ്റായി കാണിച്ചിരിക്കുന്നത്, നിങ്ങളവരോട് മാപ്പ് പറയേണ്ടതുണ്ട്.

നരിവേട്ട കണ്ട് കരഞ്ഞ് കണ്ണ് കലങ്ങി തിയ്യേറ്ററിന് വെളിയിലേക്കിറങ്ങുന്നവർ, കേരളത്തിലിപ്പോഴും ഭൂസമരങ്ങൾ നടക്കുന്നുണ്ട് എന്ന് മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, വെടിയേറ്റ് വീണ കൊച്ചു പെൺകുട്ടിയെ സ്‌ക്രീനിൽ കണ്ടു വേദനിച്ചവരൊക്കെ, 'അമ്മമാർ വീട്ടിൽ ഇല്ലെങ്കിൽ ഞങ്ങളെങ്ങനെ സ്കൂളിൽ പോകും?,’ എന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതിയ നിലമ്പൂർ ഭൂസമരത്തിൽ പങ്കെടുക്കുന്നവരുടെ മക്കളുടെ കണ്ണീർ കാണുന്നുണ്ട് എങ്കിൽ, ഭരണവർഗ്ഗത്തിനോട് എന്തുകൊണ്ടാണ് കേരളത്തിലെ ഭൂരഹിതർക്കിപ്പോഴും, അവർക്ക് അവകാശപ്പെട്ട ഭൂമി നൽകാത്തത് എന്ന് ചോദിക്കുന്നുണ്ടെങ്കിൽ, അത് നരിവേട്ടയുടെ നേട്ടം തന്നെയാണ്. പക്ഷെ കേരളജനത അങ്ങനെ ചിന്തിക്കുമോ എന്നത് സംശയമാണ്.  

എം ഗീതാനന്ദൻ | PHOTO : THE MALABAR JOURNAL
കേരളത്തിലെ എല്ലാ ഭൂരഹിതർക്കും കൊടുക്കാനുള്ള ഭൂമി കേരളത്തിലുണ്ടെന്ന് ഭരണാധികാരികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങൾക്കും മീഡിയയ്ക്കുമൊക്കെ അറിയാവുന്ന കാര്യമാണ്. എന്നിട്ടും മരിച്ച് കഴിഞ്ഞാൽ അടക്കം ചെയ്യാൻ ആറടി മണ്ണുപോലും കിട്ടാത്ത മനുഷ്യർ മണ്ണിന് വേണ്ടി സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ, അവരെ വിഘടനവാദികളായും തീവ്രവാദികളായും നക്സലൈറ്റുകളായും മാവോയിസ്റ്റുകളായും പീപ്പിൾസ് വാർ ഗ്രൂപ്പും മറ്റ് വിദേശ ബന്ധമുള്ളവരുമായൊക്കെ ചിത്രീകരിക്കുകയാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്ര കാലമായിട്ടും ഈ മനുഷ്യർക്ക് ഭൂമി കൊടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേരളം കൈവരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നരിവേട്ട പോലൊരു സിനിമ ഭൂരഹിത ദളിത് ആദിവാസി ജീവിതങ്ങളിൽ എന്തെങ്കിലും വലിയ മാറ്റം സൃഷ്ടിക്കും എന്ന് കരുതുന്നില്ല.

ദി മലബാർ ജേർണലിലെ അഭിമുഖത്തിൽ എം ഗീതാനന്ദൻ പറഞ്ഞത് പോലെ, നരിവേട്ട എന്നത് ഒരു സിവിൽ പോലീസ് ഓഫീസറുടെ ജീവിതം പറയുന്ന ഫിക്ഷൻ ആണ്. കേരളത്തിലെ ആദിവാസി ജനതയുടെ സംഘർഷങ്ങൾ പറയാൻ ശ്രമിക്കുന്ന ഒരു പൊളിറ്റിക്കൽ സിനിമ എന്ന നിലയിൽ വ്യക്തിപരമായി എനിക്കത് ഇഷ്ടപ്പെട്ടില്ല.


#cinema
Leave a comment