TMJ
searchnav-menu
post-thumbnail

TMJ Cinema

നെക്രോറിയലിസം – സോവിയറ്റ് യൂണിയനിലെ വിമത സിനിമകള്‍

03 Apr 2025   |   15 min Read
പി കെ സുരേന്ദ്രൻ

രാഷ്ട്രീയം, കല, സംഗീതം, മതം, ലൈംഗികത, വംശം എന്നിവയോടുള്ള പരമ്പരാഗത മനോഭാവങ്ങളെ വെല്ലുവിളിക്കുന്ന പ്രതിസംസ്കാര പ്രസ്ഥാനം(Counter-culture movement) 1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലും പാശ്ചാത്യ ലോകത്ത്, പ്രത്യേകിച്ച് അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും അതിന്റെ ഉച്ചസ്ഥായിയിലെത്തി.  അധികാരത്തോടുള്ള അവഹേളനം പ്രകടിപ്പിക്കുകയും എൽഎസ്ഡി പോലുള്ള ലഹരിമരുന്നുകളുടെ ഉപയോഗത്തെ പിന്തുണയ്ക്കുകയും ചെയ്ത അമേരിക്കൻ മനഃശാസ്ത്രജ്ഞൻ തിമോത്തി ലിയറി(Timothy Leary) പ്രതിസംസ്കാരത്തിലെ അറിയപ്പെടുന്ന വ്യക്തിയായി മാറി. അദ്ദേഹത്തിന്റെ "turn on, tune in, drop out", "set and setting", കൂടാതെ "think for yourself and question authority" പ്രസ്താവനകള്‍ പ്രശസ്തങ്ങളായി. അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സണ്‍ ലിയറിയെ "അമേരിക്കയിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ" എന്നാണ് വിശേഷിപ്പിച്ചത്‌. സൈക്കഡെലിക് മരുന്നുകളെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നത് ലിയറി തുടർന്നു,  മനോരോഗചികിത്സയിൽ ചികിത്സാപരമായ ഉപയോഗത്തിന് എൽഎസ്ഡി സാധ്യത കാണിക്കുന്നുവെന്ന് ലിയറി വിശ്വസിച്ചു. 1960കളിലും 1970കളിലും, പ്രതിസംസ്കാര പ്രസ്ഥാനത്തിന്റെ ഉന്നതിയിൽ, പല കാരണങ്ങളാല്‍ ലിയറി 36 തവണ അറസ്റ്റിലായി.

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റൊണാൾഡ് റീഗനെതിരെ കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് ലിയറി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. 1969 ജൂൺ 1ന് ലിയറി ഗായകരായ ജോൺ ലെനന്റെയും യോക്കോ ഓനോയുടെയും മോൺട്രിയൽ ബെഡ്-ഇന്നില്‍ ചേർന്നു. തുടർന്ന് ലെനൻ ലിയറിക്ക് ‘കം ടുഗെദർ’ എന്ന പേരിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം എഴുതി. ഈ ഗാനമാണ് ലിയറി തന്റെ റാലികളില്‍ ഉപയോഗിച്ചത്.

ഈ പ്രസ്ഥാനം മുഖ്യധാരാ മൂല്യങ്ങളെയും മാനദണ്ഡങ്ങളെയും നിരാകരിച്ചു, സമാധാനം, സ്നേഹം, സാമൂഹിക നീതി, റോക്ക് സംഗീതം, ഹിപ്പിസം എന്നിവയുൾപ്പെടെയുള്ള ബദൽ ജീവിതശൈലികൾ എന്നിവയ്ക്കായി വാദിച്ചു. വിയറ്റ്നാം യുദ്ധത്തിനും, വംശീയത, മറ്റ് സാമൂഹിക അനീതികൾ എന്നിവയ്ക്കെതിരെയുള്ള പ്രതിഷേധം എന്നിവ ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്രയായി. റോക്ക് ആൻഡ് റോൾ സംഗീതം, ബീറ്റില്‍സ്,  നാടോടി സംഗീതം, സൈക്കഡെലിക് കല എന്നിവ പ്രതിസംസ്കാരത്തിന്റെ പ്രധാന മേഖലയായി. പ്രതിസംസ്കാര പ്രസ്ഥാനം അമേരിക്കൻ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തി, സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ സ്വാധീനിച്ചു, ബദൽ ജീവിതശൈലികൾക്കും പ്രസ്ഥാനങ്ങൾക്കും പ്രചോദനം നല്‍കി.

Timothy Leary | Biography, Books, & Facts | Britannicaതിമോത്തി ലിയറി | PHOTO: WIKI COMMONS
1960കളിലെ പ്രതിസംസ്കാരത്തില്‍ സായുധ പ്രതിഷേധ ഗ്രൂപ്പുളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, കാലിഫോർണിയയിൽ ഹ്യൂയി പി ന്യൂട്ടണും(Huey P Newton) ബോബി സീലും(Bobby Seale) സ്ഥാപിച്ച ഒരു ഗ്രൂപ്പായ ബ്ലാക്ക് പാന്തർ പാർട്ടി, കറുത്തവരെ പോലീസ് ക്രൂരതയിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുകയും, “കറുത്തവർ ആയുധമെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ‘പാന്തർ ബിൽ’ എന്ന് വിളിക്കപ്പെടുന്ന നിയമനിർമ്മാണം പാസാക്കാൻ സര്‍ക്കാരിനെ പ്രേരിപ്പിച്ചു, ഗവർണർ റൊണാൾഡ് റീഗൻ ഒപ്പിട്ട നിയമത്തിൽ നിറച്ച തോക്കുകൾ തുറന്ന സ്ഥലത്ത് കൊണ്ടുപോകുന്നത് നിരോധിച്ചു.

പ്രതിസംസ്കാരവുമായി ആഴത്തില്‍ ഇഴചേര്‍ന്ന് അമേരിക്കയില്‍ ഉയര്‍ന്നുവന്ന മറ്റൊരു പ്രസ്ഥാനമാണ് അണ്ടര്‍ഗ്രൗണ്ട് സിനിമ. 1957ൽ അമേരിക്കൻ ചലച്ചിത്ര നിരൂപകനും ചിത്രകാരനും എഴുത്തുകാരനുമായ മാന്നി ഫാർബറിന്റെ(Emanuel Farber) ഒരു ഉപന്യാസത്തിലാണ്  ‘അണ്ടർഗ്രൗണ്ട് ഫിലിം’ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത് എന്ന് പറയപ്പെടുന്നു. അണ്ടർഗ്രൗണ്ട് സിനിമ എന്നാല്‍ ശൈലിയിലും ഴോണറിലും ധനസമാഹരണത്തിലും നിലവിലുള്ള വ്യവസ്ഥയ്ക്ക് പുറത്തുള്ള സിനിമയാണ്.  ഹോളിവുഡിന് എതിരെയുള്ള സിനിമാ സങ്കല്‍പ്പങ്ങള്‍ അവതരിപ്പിച്ച സംവിധായകരുടെ സൃഷ്ടികളെ പരാമർശിക്കാനാണ് ഫാർബർ ഈ സംജ്ഞ ഉപയോഗിച്ചത്. ‘അണ്ടർഗ്രൗണ്ട് പ്രസ്സ്’ എന്നതുപോലെ നിയമാനുസൃതവും ഔദ്യോഗികവും അല്ലാതെ രഹസ്യാത്മകവും അട്ടിമറി സ്വഭാവവും ഉള്ള സംസ്കാരത്തെ സൂചിപ്പിക്കുന്ന ഒരു രൂപകമായി ഈ പദം വികസിച്ചു.

1950കളുടെ അവസാനത്തിൽ, കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിലും ന്യൂയോർക്ക് സിറ്റിയിലും പ്രവർത്തിക്കുന്ന ആദ്യകാല സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരെ വിശേഷിപ്പിക്കാൻ ‘അണ്ടർഗ്രൗണ്ട് ഫിലിം’ എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. താമസിയാതെ ബ്രിട്ടനിലെ ലണ്ടൻ ഫിലിം-മേക്കേഴ്‌സ് കോ-ഓപ്പ്, ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഉബു ഫിലിംസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സമാന വ്യക്തികളെയും വിശേഷിപ്പിക്കാന്‍ ഈ പദം ഉപയോഗിച്ചു. Shirley Clarke, Stan Brakhage, Harry Everett Smith, Maya Deren, Andy Warhol, Kenneth Anger, Jonas Mekas, Ken Jacobs, Ron Rice, Jack Smith, George and Mike Kuchar, Bruce Conner എന്നിവര്‍ ഈ പ്രസ്ഥാനത്തില്‍ ഉള്‍പ്പെടുന്നു.

Manny Farber - Library of Americaഇമ്മാനുവൽ ഫാർബർ | PHOTO: WIKI COMMONS
ഈ സിനിമകൾ ലൈംഗിക വിമോചനം, രാഷ്ട്രീയ വിയോജിപ്പ്, വ്യക്തിപരമായ സ്വത്വം തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്തു, ഉള്ളടക്കത്തിലും രൂപത്തിലും വ്യവസ്ഥാപിതമായ മാനദണ്ഡങ്ങൾക്കെതിരെ മുന്നോട്ട് പോകുന്നതിലൂടെ, ഈ സിനിമകൾ രാജ്യത്തുടനീളം സംഭവിക്കുന്ന സാംസ്കാരിക മാറ്റങ്ങളുടെ ദൃശ്യപ്രതിനിധാനമായി മാറി. ഹോളിവുഡിന്റെ ചെത്തിമിനുക്കിയ ചലച്ചിത്രനിർമ്മാണ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ സൗന്ദര്യശാസ്ത്രം സ്വീകരിച്ചുകൊണ്ട്, ഈ പ്രസ്ഥാനം പലപ്പോഴും ലോബജറ്റ് നിർമ്മാണ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു.

ആർട്ട് ഗാലറികൾ അല്ലെങ്കിൽ സ്വതന്ത്ര സിനിമാശാലകൾ പോലുള്ള ഇതര വേദികളിലാണ് സാധാരണയായി അണ്ടര്‍ഗ്രൗണ്ട് സിനിമകളുടെ പ്രദർശനങ്ങൾ നടത്തിയിരുന്നത്. ഇതിലൂടെ ചലച്ചിത്ര നിർമ്മാതാക്കളിലും പ്രേക്ഷകരിലും ഒരു സമൂഹബോധം വളർത്തിയെടുത്തു. ഈ സിനിമകള്‍ സമകാലിക സ്വതന്ത്ര സിനിമകളിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, ഇത് ഭാവി തലമുറയിലെ ചലച്ചിത്ര പ്രവർത്തകർക്ക് പാരമ്പര്യേതര കഥപറച്ചിൽ രീതികൾ പര്യവേക്ഷണം ചെയ്യാൻ പ്രചോദനം നൽകുന്നു.

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണെങ്കിലും സോവിയറ്റ് യൂണിയനിലും പ്രതിസംസ്കാരം നിലനിന്നിരുന്നു. 1957ൽ സോവിയറ്റ് യുവാക്കൾക്കിടയിൽ പാശ്ചാത്യ ജനപ്രിയ സംസ്കാരത്തിന്റെ വ്യാപകമായ വ്യാപനം ഉണ്ടായിത്തുടങ്ങി. ഈ സമയത്ത്, സോവിയറ്റ് യുവാക്കള്‍ സംഗീതം, വസ്ത്രധാരണം എന്നിവയിലെ ബദൽ-സാംസ്കാരിക പ്രവണതകളുമായി പരിചയപ്പെട്ടു. ഇതില്‍ പ്രധാനം അവര്‍ റോക്ക് ആൻഡ് റോൾ സംഗീതവും അതിന്റെ ശൈലിയുമായി പരിചയപ്പെട്ടു എന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ധാർമ്മിക, പ്രത്യയശാസ്ത്ര, സാംസ്കാരിക മാതൃകകൾ പിന്തുടരാനുള്ള യുവതലമുറയുടെ വിമുഖത ഇതിലൂടെ കൂടുതൽ വ്യക്തമായി. പാശ്ചാത്യ സംഗീതത്തിന്റെയും ഫാഷന്റെയും പ്രിയം അധാർമ്മികം, ബൂർഷ്വാ പ്രവണത, ജീര്‍ണ്ണത, ദേശസ്നേഹം ഇല്ലായ്മ, പ്രത്യയശാസ്ത്രപരമായി ശരിയല്ലാത്തത് എന്നീ രീതികളില്‍ മേധാവികള്‍ വിലയിരുത്തുകയും ഇതിന്റെ വ്യാപനം തടയുന്നതിന് ലക്ഷ്യമിട്ടുള്ള റെയ്ഡുകൾക്കും പട്രോളിംഗിനും ആഹ്വാനം ചെയ്യാൻ പാർട്ടി ഉദ്യോഗസ്ഥരെയും യുവജന സംഘടനകളെയും പ്രേരിപ്പിച്ചു. സോവിയറ്റ് മാധ്യമങ്ങൾ പാശ്ചാത്യ സ്വാധീനത്തിനെതിരെയും, വിദേശ ജനകീയ സംസ്കാരത്തിൽ താൽപ്പര്യം കാണിച്ച സോവിയറ്റ് യുവാക്കളെ ശക്തമായി അപലപിക്കുന്നതിലുമുള്ള പ്രചാരണത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു. 1980കളില്‍ ഗ്ലാസ്നോസ്റ്റോടുകൂടി ഇതൊക്കെയും സോവിയറ്റ്  പൊതുജന ജീവിതത്തിലേക്ക് കടന്നുവന്നു. (Banned in the USSR: Counterculture, State Media and Public Opinion During the Soviet Union’s  Final Decade, Boris Von Faust).

REPRESENTATIVE IMAGE | WIKI COMMONS
"സ്റ്റൈലിയാഗി"(സ്റ്റൈലിഷ് യുവാക്കൾ), പാശ്ചാത്യ സംഗീതവും ഫാഷനും പിന്തുടര്‍ന്ന ഹിപ്പികൾ, ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്ന, പലപ്പോഴും അടിച്ചമർത്തലുകൾ നേരിടുന്ന അണ്ടര്‍ഗ്രൗണ്ട് കലാ-ബൗദ്ധിക വൃത്തങ്ങൾ എന്നിങ്ങനെ ‘വിമതർ’ എന്ന് പലപ്പോഴും മുദ്രകുത്തപ്പെട്ട ഒരു കൂട്ടം ബുദ്ധിജീവികളും കലാകാരന്മാരും അവരുടെ രചനകൾ, കല, ആക്ടിവിസം എന്നിവയിലൂടെ ഔദ്യോഗിക പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചു, ഇത് പീഡനത്തിലേക്കും നാടുകടത്തലിലേക്കും നയിച്ചു. ഇവരും രഹസ്യമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

റഷ്യൻ സാമ്രാജ്യത്തിലും സോവിയറ്റ് യൂണിയനിലും ഏകദേശം 1890 മുതൽ 1930വരെ വളർന്നുവന്ന അവാംഗ്-ഗാര്‍ഡ് പ്രസ്ഥാനം ആധുനിക കലയുടെ സ്വാധീനമുള്ള വലിയൊരു തരംഗമായിരുന്നു. ചിലർ അതിന്റെ ആരംഭം 1850ൽ ആണെന്ന് അഭിപ്രായപ്പെടുന്നു. അക്കാലത്ത് അഭിവൃദ്ധി പ്രാപിച്ച നിരവധി വ്യത്യസ്തവും എന്നാൽ അഭേദ്യമായി ബന്ധപ്പെട്ടതുമായ കലാ പ്രസ്ഥാനങ്ങള്‍ - സുപ്രീമാറ്റിസം, കൺസ്ട്രക്റ്റിവിസം, റഷ്യൻ ഫ്യൂച്ചറിസം, ക്യൂബോ-ഫ്യൂച്ചറിസം, സാം, ഇമാജിനിസം, നിയോ-പ്രൈമിറ്റിവിസം എന്നിവ - ഇതിൽ ഉൾപ്പെടുന്നു. 1917ലെ ബോൾഷെവിക് വിപ്ലവത്തിന്റെ കാലം മുതൽ 1932 വരെയുള്ള കാലഘട്ടത്തിലാണ് റഷ്യൻ അവാംഗ്-ഗാർഡ് അതിന്റെ സൃഷ്ടിപരമായ ഉന്നതിയിലെത്തിയത്.

1932ൽ ജോസഫ് സ്റ്റാലിന്റെ സർക്കാർ ബോൾഷെവിക് സെൻട്രൽ കമ്മിറ്റിയുടെ സാഹിത്യ-കലാ സംഘടനകളുടെ പുനഃസംഘടനയെക്കുറിച്ചുള്ള 1932ലെ ഉത്തരവിലൂടെ കലകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇത് എല്ലാ കലാകാരന്മാരുടെ യൂണിയനുകളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലാക്കി. രണ്ട് വർഷത്തിന് ശേഷം, സ്റ്റാലിൻ സൗന്ദര്യാത്മകവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യങ്ങളെ ഏകീകരിക്കുന്ന ഒരു നയം നടപ്പിലാക്കി, അതിനെ സോഷ്യലിസ്റ്റ് റിയലിസം എന്ന് വിളിക്കുകയും, “ഉള്ളടക്കത്തിൽ സോഷ്യലിസ്റ്റും രൂപത്തിൽ യാഥാർത്ഥ്യബോധവും” ഉള്ള കലയായി നിർവചിക്കുകയും ചെയ്തു. മാത്രമല്ല, പുതിയ നയം സര്‍ക്കാറിന് അസ്വീകാര്യമായ നാല് കലാവിഭാഗങ്ങളെ നിർവചിച്ചു: രാഷ്ട്രീയ കല, മത കല, ലൈംഗിക കല, ഫോര്‍മലിസ്റ്റ് കല, അതിൽ അമൂർത്തീകരണം, എക്സ്പ്രഷണിസം, കണ്‍സെപ്ച്വല്‍ ആര്‍ട്ട് എന്നിവ ഉൾപ്പെടുന്നു. പുതിയ നയവുമായി പൊരുത്തപ്പെടാൻ കഴിയാത്തതോ ഇഷ്ടപ്പെടാത്തതോ ആയ അവാംഗ്-ഗാർഡ് കലാകാരന്മാരെ അവരുടെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുകയോ സ്റ്റാലിന്റെ മഹത്തായ ശുദ്ധീകരണത്തിന്റെ ഭാഗമായി ഗുലാഗിലേക്ക് അയയ്ക്കുകയോ ചെയ്തു.

Socialist realism | TateREPRESENTATIVE IMAGE | WIKI COMMONS
സോവിയറ്റ് ഭരണകൂടത്തെ വിമർശിക്കുന്ന സാഹിത്യം രഹസ്യമായി എഴുതുകയും പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ, ഗവൺമെന്റിന്റെ സെൻസർഷിപ്പിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണങ്ങൾക്കുമെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു രൂപമായാണ് ‘സമിസ്ദത്ത്’(സ്വയം പ്രസിദ്ധീകരിച്ചത്) എന്നറിയപ്പെടുന്ന സോവിയറ്റ് അണ്ടര്‍ഗ്രൗണ്ട് സാഹിത്യ പ്രസ്ഥാനം ഉയർന്നുവന്നത്. രഹസ്യ സ്വഭാവമുള്ളതും സെന്‍സർ ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുമായ സാഹിത്യം/രേഖകള്‍ കൈകൊണ്ട് എഴുതിയാണ് വായനക്കാരനിൽ നിന്ന് വായനക്കാരന് കൈമാറിയത്. അതിന് ഒരു കാരണം, അച്ചടിച്ച ഗ്രന്ഥങ്ങൾ ഉറവിടത്തിൽ നിന്ന് കണ്ടെത്താൻ എളുപ്പമായിരുന്നു എന്നതാണ്. സെന്‍സര്‍ഷിപ്പിനെ മറികടക്കാനുള്ള രീതിയായിരുന്നു ഇത്. ഓഫീസുകളും സ്റ്റോറുകളും അവരുടെ ടൈപ്പ്റൈറ്ററുകളുടെ ടൈപ്പ്ഫേസിന്റെ ഉദാഹരണങ്ങൾ അടങ്ങിയ രേഖകൾ പ്രാദേശിക കെജിബി ശാഖകൾക്ക് സമർപ്പിക്കേണ്ടിയിരുന്നു. ഇതിലൂടെ ലേഖനം/രേഖ/പുസ്തകം പ്രിന്റ്‌ ചെയ്തവരെ കണ്ടെത്തുകയും, നിയമവിരുദ്ധമെന്ന് കരുതുന്നവ നിർമ്മിച്ച ടൈപ്പ്റൈറ്റർ ഉപയോഗിച്ചവരെ ശിക്ഷിക്കാനും കഴിയും.

1950കളുടെ അവസാനം മുതൽ 1980-90കൾ വരെ ഉക്രെയ്നിലെ സോവിയറ്റ് കാലഘട്ടത്തിലാണ് ഉക്രേനിയൻ അണ്ടർഗ്രൗണ്ട് വികസിച്ചത്. കിഴക്കൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും ഏകാധിപത്യ രാജ്യങ്ങളിൽ ഭരണകൂടം നിരോധിച്ച സംസ്കാരത്തെയാണ് ഈ പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. അനൗദ്യോഗിക കല, നിലവിലുള്ളതിനെ എതിര്‍ക്കുന്ന കല, വിമത സാഹിത്യ, ദൃശ്യ, സംഗീത കല എന്നിങ്ങനെ മറ്റ് പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. പുറം ലോകം അധികമൊന്നും അറിയാതെ അകത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇത്തരം ചലനങ്ങള്‍ സാഹചര്യം അനുകൂലമായപ്പോള്‍(ഗോര്‍ബച്ചോവിന്റെ ഗ്ലാസ്സ്നോസ്റ്റ്) പുറത്തു വന്നു. മുമ്പ് നിഷിദ്ധമായിരുന്ന ദൃശ്യങ്ങളുടെയും പ്രമേയങ്ങളുടെയും ഒരു പ്രളയത്തിന് ഇത് കാരണമായി, ഇത് നെക്രോറ്റിക് സൗന്ദര്യശാസ്ത്രം എന്ന് അറിയപ്പെട്ടു.

സോവിയറ്റ് കാലഘട്ടത്തിന്റെ അവസാനത്തിലും അതിന്  ശേഷമുള്ള കാലഘട്ടത്തിലും നിലനിന്നിരുന്ന ഒരു പ്രസ്ഥാനമാണ് ‘ചെർണുഖ’(Chernukha). കറുപ്പ് അല്ലെങ്കില്‍ വൃത്തികേട്  എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. സോവിയറ്റ് ഔദ്യോഗിക കലാസമ്പ്രദായത്തിന് പുറത്ത് അഭിവൃദ്ധി പ്രാപിച്ച വിശാലമായ ഈ അണ്ടർഗ്രൗണ്ട് പ്രസ്ഥാനം സോവിയറ്റ് സംസ്കാരത്തിലെ അടിച്ചേല്‍പ്പിക്കപ്പെട്ട ശുഭാപ്തിവിശ്വാസത്തിന്റെ നിരാകരണമായി, കലയിലും മാധ്യമങ്ങളിലും, പ്രത്യേകിച്ച് സിനിമയിലും സാഹിത്യത്തിലും, നിരന്തരമായ നിഷേധാത്മകതയിലേക്കും അശുഭാപ്തിവിശ്വാസത്തിലേക്കുമുള്ള പ്രവണതയാണ് ഇതിന്റെ സവിശേഷത. സോഷ്യലിസ്റ്റ് റിയലിസത്തിന് നേർവിപരീതമായിരുന്നു ‘ചെർണുഖ’യുടെ നിലപാട്. ഈ പ്രസ്ഥാനം സമൂഹത്തിന്റെ ഇരുണ്ട വശങ്ങള്‍ അവതരിപ്പിച്ചു. നിരാശ, അക്രമം, സാമൂഹിക തകർച്ച എന്നിവയുടെ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്തു.

REPRESENTATIVE IMAGE | WIKI COMMONS
1980കളുടെ തുടക്കത്തിൽ, സോഷ്യലിസം സജീവമായിരുന്നപ്പോള്‍ ലെനിൻഗ്രാഡിൽ ഉദയംകൊണ്ട ഒരു പ്രസ്ഥാനമാണ് ‘നെക്രോറിയലിസം’. കലയുടെ ദ്വന്ദ്വ സ്വഭാവം – ‘നെക്രോ’ എന്നത് ‘മരിച്ചു’ എന്നും ‘റിയലിസം’ എന്നത് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ‘ജീവനോടെ’ എന്നും അര്‍ത്ഥമാക്കുന്നു. പാശ്ചാത്യ, പൗരസ്ത്യ പാരമ്പര്യങ്ങൾ സംയോജിപ്പിച്ച്, നെക്രോറിയലിസ്റ്റുകൾ അടിസ്ഥാനപരമായി പുതിയ ഒന്ന് സൃഷ്ടിച്ചു. പരമ്പരാഗതമായി കലയെ കലയാക്കി മാറ്റുന്ന എല്ലാറ്റിനെയും അവർ നിരസിച്ചു, ആ രീതിയിലുള്ള സൗന്ദര്യവും നിലനിൽപ്പും ഇല്ലാതാക്കി.

ഒരു വ്യവസ്ഥ എന്ന നിലയിൽ സോവിയറ്റ് വ്യവസ്ഥ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലായിരുന്നു, ഈ വ്യവസ്ഥയുടെ മൃതദേഹം ഉടൻ തന്നെ കുഴിച്ചുമൂടപ്പെടുമെന്ന് പലരും വിശ്വസിച്ചു, ഇനി ജീവിതത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്ന് മനസ്സിലാക്കി. വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പൂർണ്ണമായും നഷ്ടമായി, അത് ചലനരഹിതമായതിനാല്‍ ജീവിതത്തിന്റെയോ മരണത്തിന്റെയോ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ യെവ്‌ജെനി യൂഫിറ്റും(Yevgeny Yufit) സമാന ചിന്താഗതിക്കാരായ ഒരു കൂട്ടം വ്യക്തികളും പല രീതിയിലുള്ള വന്യവും അര്‍ത്ഥശൂന്യവുമായ പ്രകടനങ്ങള്‍ നടത്തിയത്. ബാൻഡേജുകളും തക്കാളി പേസ്റ്റും ഉപയോഗിച്ച് സോംബി മേക്കപ്പിലുള്ള തന്റെ സുഹൃത്തുക്കളുടെ വിചിത്രവും ഞെട്ടിക്കുന്നതുമായ പ്രവൃത്തികള്‍ യൂഫിറ്റ് ക്യാമറയില്‍ പകര്‍ത്തി. ഈ പ്രവൃത്തികളും അവയുടെ ചിത്രീകരണങ്ങളും സോവിയറ്റ് അധികാരികളുടെ സൂക്ഷ്മപരിശോധന ഒഴിവാക്കാനുള്ള ഒരു മാർഗമായിരുന്നു. ഇത്തരം പ്രവൃത്തികളെ ‘കല’യായി രൂപപ്പെടുത്തുന്നതിലൂടെ, പങ്കെടുക്കുന്നവർ സമൂഹത്തില്‍ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതായി കണക്കാക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. ഇവർ ‘വിഡ്ഢികളെപ്പോലെ പെരുമാറി’ എന്നതിനാൽ പോലീസ് ഇവരുടെ പ്രകടനങ്ങള്‍  കാര്യമാക്കിയില്ല. എന്നാല്‍, ഈ പ്രവര്‍ത്തികള്‍ ഭ്രാന്തെന്നോ, ചാരപ്രവര്‍ത്തി എന്നോ സംശയം തോന്നിയ പൗരന്മാര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് യൂഫിറ്റിനെ ‘ബിഗ്‌ ഹൗസ്’ എന്നറിയപ്പെടുന്ന ലെനിന്‍ഗ്രാഡിലെ കെജിബി ആസ്ഥാനത്തേക്ക് വിളിപ്പിച്ചു, ഇനി ഒരിക്കലും ഒരു സിനിമാ ക്യാമറ ഉപയോഗിക്കരുതെന്ന് പോലീസ് അദ്ദേഹത്തെ ഉപദേശിച്ചു. അദ്ദേഹം ചിത്രീകരിച്ച ദൃശ്യങ്ങളുടെ ‘മണ്ടത്തരം’ മാത്രമാണ് അദ്ദേഹത്തെ ക്രിമിനൽ കേസില്‍ നിന്ന് ഒഴിവാക്കിയതത്രേ.

ഈ പ്രകടനങ്ങളെ അക്കാലത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്ന ‘പങ്ക്’(Punk) സംസ്കാരവുമായി പലരും താരതമ്യപ്പെടുത്തുന്നു. എഴുപതുകളുടെ മധ്യത്തില്‍ അമേരിക്കയിലും യുകെയിലും ഉടലെടുത്ത ഈ പ്രസ്ഥാനം അതത് രാജ്യങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക രംഗത്തെചൊല്ലിയുള്ള യുവാക്കളുടെ നിരാശയില്‍ നിന്നും അന്യവല്‍ക്കരണത്തില്‍ നിന്നും ഉടലെടുത്തതാണ്. രണ്ടു പ്രസ്ഥാനങ്ങളും – ‘പങ്ക്’, ‘നെക്രോറിയലിസം’ - അടിസ്ഥാനപരമായി വ്യവസ്ഥാ വിരുദ്ധമായിരുന്നു, അതത് സമൂഹത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളെയും മൂല്യങ്ങളെയും നിരാകരിച്ചു. മുഖ്യധാരാ സംഗീത വ്യവസായത്തെയും പടിഞ്ഞാറൻ സമൂഹത്തിലെ വ്യവസ്ഥാപിത തത്വങ്ങളെയും ‘പങ്ക്’ സംസ്കാരം വെല്ലുവിളിച്ചു, അതേസമയം നെക്രോറിയലിസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സോവിയറ്റ് വ്യവസ്ഥയെ വിമർശിച്ചു. ഇതില്‍ പ്രധാനം സോഷ്യലിസ്റ്റ് റിയലിസത്തോടുള്ള എതിര്‍പ്പായിരുന്നു.

Necrorealism: Turning Bare Life into Art (Part II) - Blog - Jordan Russia  CenterREPRESENTATIVE IMAGE | WIKI COMMONS
യൂഫിറ്റിന്റെയും സുഹൃത്തുക്കളുടെയും ഈ പ്രകടനങ്ങളെ പഠിതാക്കള്‍, മിഖായേൽ ബക്തിൻ(Mikhail Bakhtin) വിവരിച്ച മധ്യകാല കാർണിവലിന്റെ വിമോചന ഊർജ്ജവുമായും താരതമ്യം ചെയ്തിട്ടുണ്ട്. സാമൂഹിക നിയന്ത്രണങ്ങളിൽ നിന്ന് താൽക്കാലിക മോചനം കാർണിവൽ നൽകുന്നു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും തടസ്സമില്ലാത്ത ആവിഷ്കാരത്തിന്റെയും സമയമാണിത്. നിരവധി ശബ്ദങ്ങൾ കേൾക്കുന്ന ഒരു സ്ഥലമാണ് കാർണിവൽ, ഇത് ബക്തിന്റെ സംഭാഷണ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അധികാരത്തിന്റെ അടിച്ചമർത്തൽ രൂപങ്ങൾക്കെതിരായ ഒരു മറുമരുന്നായും മാറ്റത്തിനുള്ള സാധ്യതയുടെ ആഘോഷമായും ബക്തിന്റെ ആശയം പലപ്പോഴും വായിക്കപ്പെടുന്നു.

ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായ, ഒരു ചിത്രകാരനും ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ യെവ്‌ജെനി യൂഫിറ്റിന്റെ സിനിമകളില്‍ മരണം കേന്ദ്രസ്ഥാനത്ത് കാണാം.(ആ സമയത്ത് ലെനിൻഗ്രാഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയായിരുന്നു യൂഫിറ്റ്, പക്ഷേ താമസിയാതെ കലയിലും സിനിമയിലും താൽപ്പര്യം വളർന്നു). കൂടുതൽ വ്യക്തമായി പറഞ്ഞാൽ മനുഷ്യരാശിയുടെ, വ്യവസ്ഥയുടെ, ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയുടെ ക്രമേണയുള്ള മരണം, അത് നിഷ്ക്രിയമാകുന്നില്ല, പൂർണ്ണമായും അപ്രത്യക്ഷമാകുന്നില്ല, മറിച്ച്  മരിച്ചവരുടെ വിചിത്രമായ അസ്തിത്വം തുടരുന്നു. ലോകത്തിന്റെയും മനുഷ്യന്റെയും, പ്രത്യയശാസ്ത്രത്തിന്റെ തന്നെയും, സൃഷ്ടിയുടെയും സൃഷ്ടിപരമായ പ്രവർത്തനത്തിന്റെയും ജീര്‍ണ്ണത. ഇത് സോവിയറ്റ് വ്യവസ്ഥയുടെ എല്ലാ പ്രധാന പ്രവർത്തനങ്ങളെയും തകർക്കുന്നു. മരണത്തിന്റെ പ്രമേയം പ്രതിഷേധത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറി. മരണത്തോടൊപ്പം അക്രമം, അസംബന്ധം, സാഡിസം തുടങ്ങിയ വിഷയങ്ങളും ആദ്യകാല നെക്രോറിയലിസത്തിന്റെ ഇരുണ്ട നർമ്മത്തിൽ പ്രകടമായിരുന്നു. യൂഫിറ്റിനെയും സുഹൃത്തുക്കളെയും പോലെ അസംഘടിതരായ യുവാക്കൾ, അക്കാലത്തെ വ്യവസ്ഥാപിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ച്, നിഹിലിസ്റ്റിക് പ്രവര്‍ത്തികളിൽ ഏർപ്പെട്ടിരുന്നു. ആ സമയത്ത് സുഹൃത്തുക്കളുടെ ഒരു കൂട്ടം പൊതു സ്ഥലത്ത് നഗ്നരായി നടന്നു. അതിൽ ഭാവി ‘പങ്ക്’ സംഗീതജ്ഞൻ ‘പിഗ്’ എന്നറിയപ്പെട്ട ആൻഡ്രി പനോവ്(Andrei Panov), പ്രശസ്ത റോക്ക് ഗ്രൂപ്പായ കിനോയുടെ ഭാവി നേതാവ് വിക്ടർ സോയിയും(Viktor Tsoi) ഉൾപ്പെടുന്നു. ഇത്തരം ശ്രമങ്ങള്‍ രൂപരഹിതമായ രൂപീകരണ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. യൂഫിറ്റിനെ കൂടാതെ, നെക്രോറിയലിസത്തിന്റെ തുടക്കകാലത്തെ  ഒരു പ്രധാന വ്യക്തി ‘ന്യൂ ആർട്ടിസ്റ്റ് ‘ ഗ്രൂപ്പിന്റെ നേതാക്കളിൽ ഒരാളായിരുന്ന ഒലെഗ് കോട്ടൽനിക്കോവ്(Oleg Kotelnikov) ആയിരുന്നു. അദ്ദേഹം 1986ൽ  ഫോറൻസിക് മെഡിസിനിലെ ഒരു പാഠപുസ്തകത്തിലെ ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നെക്രോപെയിന്റിംഗിന്റെ ആദ്യ രചനകളില്‍ ചിലതിൽ യൂഫിറ്റുമായി സഹകരിച്ചു. ഒരു ചിത്രത്തില്‍ മൂന്ന് മൃഗതുല്യരായ ചുവന്ന മനുഷ്യർ ഒരു നദിയില്‍  പൊങ്ങിക്കിടക്കുന്നത് ചിത്രീകരിക്കുന്നു.

ഫോറൻസിക് മെഡിസിൻ പുസ്തകങ്ങൾ ആദ്യകാലത്ത്  നെക്രോറിയലിസത്തിന്റെ സൃഷ്ടികളില്‍ പ്രധാനമായിരുന്നു. വിയന്നയിലെ ഒരു ഫോറൻസിക് പാഠപുസ്തകത്തിലൂടെയാണ് നെക്രോ ഗ്രൂപ്പിന് ആശയപരമായ വ്യക്തത ലഭിച്ചത്. എഡ്വേർഡ് വോൺ ഹോഫ്മാന്റെ ‘അറ്റ്ലസ് ഓഫ് ലീഗൽ മെഡിസിൻ’(Atlas of Legal Medicine, Eduard von Hofmann) എന്ന കൃതി ഇവര്‍ക്ക് പ്രചോദനമായി. ഫോറൻസിക് മെഡിസിൻ ഒരു പ്രത്യേക ശാസ്ത്രശാഖയായി വികസിപ്പിക്കുന്നതിൽ എഡ്വേർഡ് വോൺ ഹോഫ്മാൻ ഒരു വലിയ പങ്ക് വഹിച്ചു. നിർണായകമായ മെഡിക്കൽ, നിയമപരമായ കാര്യങ്ങളുടെ ദൃശ്യപരമായ ഡോക്യുമെന്റേഷൻ നൽകുക എന്നതാണ് ഈ കൃതി ലക്ഷ്യമിടുന്നത്. വിവിധ ആയുധങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെ കൃത്യമായ സ്വഭാവം, വ്യത്യസ്ത കാരണങ്ങളാല്‍ ഉണ്ടാകുന്ന മരണം - തൂങ്ങിമരണം, മുങ്ങിമരണം, വിഷബാധ എന്നിവ - വ്യത്യസ്ത പാരിസ്ഥിതിക സാഹചര്യങ്ങളിൽ ശവശരീരത്തിന്റെ അഴുകൽ പ്രക്രിയ, പരിക്കുകൾ അല്ലെങ്കിൽ രോഗങ്ങൾ മൂലമുണ്ടാകുന്ന ആന്തരിക നാശനഷ്ടങ്ങൾ എന്നിവയുടെ സൂക്ഷ്മമായി തയ്യാറാക്കിയ ഡ്രോയിംഗുകള്‍ ഈ കൃതിയില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ അഴുകലിന്റെ വിവിധ അവസ്ഥകളിലുള്ള ശരീരങ്ങളുടെ ഫോട്ടോകളും ഈ കൃതിയില്‍ ഉണ്ട്. ഇത്തരം പുസ്തകങ്ങളിൽ നിന്നുള്ള സ്ലൈഡുകളോ ചിത്രങ്ങളോ യൂഫിറ്റ് തുടക്കക്കാരായ കലാകാരന്മാർക്ക് വിതരണം ചെയ്തു, അവ ചിത്രങ്ങളാക്കി വിവർത്തനം ചെയ്യണമെന്ന് നിർദ്ദേശിച്ചു.

REPRESENTATIVE IMAGE | WIKI COMMONS
ഹോഫ്മാന്റെ കൃതിയിലെ അസാധാരണമായ ചിത്രങ്ങളും, ഫോട്ടോകളും – നിവര്‍ന്നുനില്‍ക്കുന്ന വിധത്തിലുള്ള, ജീവിച്ചിരിക്കുന്നവരെപ്പോലുള്ള  മൃതദേഹങ്ങൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന രീതിയിലുള്ള കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും നേതാക്കളുടെയും പ്രതീകമായി ഈ സംഘം കണ്ടു. ഇത് സോവിയറ്റ് പ്രത്യയശാസ്ത്രവുമായി വളരെ വിരുദ്ധമാണ്. ഔദ്യോഗിക ചിത്രീകരണം ഇവരെ വീരന്മാരായും സൗന്ദര്യത്തിന്റെയും ഐക്യത്തിന്റെയും ആദര്‍ശ മാതൃകകളായി ചിത്രീകരിച്ചിരുന്നു, ജീവശാസ്ത്രപരമായ ജീവിത ചക്രത്തിന് പുറത്തുള്ളവരായി അവർ പ്രതിനിധാനം ചെയ്യപ്പെട്ടു. വികൃതമാക്കപ്പെട്ടതും അഴുകിയതുമായ മൃതദേഹങ്ങളെ അനുകരിച്ച് ഈ സംഘാംഗങ്ങള്‍ മേക്കപ്പ് അണിഞ്ഞു.

ഈ പ്രചോദനങ്ങളുടെ ദൃശ്യധാരാളിത്തം ഈ സംഘത്തിന്റെ സിനിമകളില്‍ കാണാം. യൂഫിറ്റ് സംവിധാനം ചെയ്ത ‘വെർവുൾഫ് ഓർഡർലീസ്’(Werewolf Orderlies), ‘സ്പ്രിംഗ്’(Spring), ‘സൂയിസൈഡ് വാര്‍ത്തോഗ്സ്’(Suicide Warthogs) മുതലായ സിനിമകള്‍ ഉദാഹരണം. ഇത്തരം ദൃശ്യങ്ങളെ സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിലെ സർക്കാർ നിർമ്മിച്ച സിനിമകളിൽ നിന്നുള്ള ക്ലിപ്പുകളുമായി എതിര്‍നിര്‍ത്തുന്നു.  ഇരുണ്ട വിഷയങ്ങളുടെയും പ്രചാരണത്തിന്റെയും മിശ്രിതത്തിൽ നിന്ന് ഒരു ഇരുണ്ട ഹാസ്യ ഘടന ഉയർന്നുവരുന്നു. ഒരു ചെറിയ അമേച്വർ സ്റ്റുഡിയോ എന്ന നിലയിൽ, ‘മ്ഴലാല ഫിലിം’, അധികൃതരുടെ നോട്ടങ്ങളില്‍ നിന്ന് മാറി, സുഹൃത്തുക്കൾക്കും പരിചയക്കാർക്കും മാത്രമായി സ്വകാര്യ അപ്പാർട്ടുമെന്റുകളിൽ ഈ സിനിമകളുടെ പ്രദർശനങ്ങൾ സംഘടിപ്പിച്ചു.

സമകാലിക സമൂഹത്തിന്റെ ഹൃദയഭാഗത്ത് എക്കാലത്തേക്കാളും കൂടുതല്‍ ഇന്ന് മരണമാണ്. ദൈവത്തിന്റെയും മാത്രമല്ല(നീഷേയുടെ ആശയം), സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, കോവിഡ്, യുദ്ധങ്ങള്‍, ഭീകരവാദം - ലോകം തകർച്ചയിലേക്ക് അടുക്കുകയാണ്; അതിനാൽ നെക്രോറിയലിസത്തിന്റെ പുനരുജ്ജീവനം ആവശ്യമാണ്, കൃത്യമായി പറഞ്ഞാൽ ബക്തിന്റെ ‘കാർണിവൽസ്ക്’ വഴി, ആനന്ദതത്വത്തിലൂടെ വ്യവസ്ഥിതിയെ കീഴ്മേൽ മറിക്കുന്ന ഒരു പാരഡി പോലെ. “എല്ലാവർക്കും അമർത്യത” എന്നതിന് പകരം “എല്ലാവർക്കും എല്ലാ ദിവസവും കാർണിവൽ” എന്നത് ഒരു പുതിയ നെക്രോറിയലിസത്തിന്റെ മുദ്രാവാക്യമായിരിക്കാം.

Daddy, Father Frost is Dead - IFFR ENയൂഫിറ്റ് സംവിധാനം ചെയ്ത ‘വെർവുൾഫ് ഓർഡർലീസ് | PHOTO: WIKI COMMONS
സമകാലിക സമൂഹത്തെ ഇന്ന് എക്കാലത്തേക്കാളും കൂടുതൽ വ്യാപകമായി വിമർശിക്കേണ്ടതുണ്ട്, കാരണം ഇന്ന് സമൂഹത്തിലെ മരണ പ്രവണത എക്കാലത്തേക്കാളും ശക്തവും ആഴമേറിയതുമാണ്. അതിനാൽ കല ഒരു പുതിയ ശക്തി നേടണം. ബോറിസ് ഗ്രോയ്‌സ് ആർട്ട് പവറിൽ(Boris Groys argues in Art Power) വാദിക്കുന്നതുപോലെ, കല ഒരു ശക്തിയില്ലാത്ത ചരക്കല്ല, കലയ്ക്ക് രാഷ്ട്രീയ വിമർശനത്തിന്റെ ഒരു ഉപകരണമായും പ്രവർത്തിക്കാൻ കഴിയും. എന്നാൽ സ്വാഭാവികമായും ഈ വിമർശനം വ്യവസ്ഥയോട് മാത്രമല്ല, കലയെത്തന്നെയും അട്ടിമറിക്കും. അത് “സത്യം” കൈവശം വച്ചിട്ടുണ്ടെന്ന് നടിക്കില്ല, മറിച്ച് ഏതൊരു “സത്യ”ത്തെയും കുറിച്ച് ചിന്തിച്ച് ചിരിക്കും. യഥാർത്ഥത്തിൽ സമകാലിക കലയ്ക്ക് അത് വിമർശിക്കുന്ന വ്യവസ്ഥയുടെ ഭാഗമാണെന്നും, അത് വിമർശിക്കുന്ന വ്യവസ്ഥ അതിനെ പിന്തുണയ്ക്കുന്നുവെന്നും, അത് വ്യവസ്ഥയുടെ ഒരു പിന്തുണാ വ്യവസ്ഥയാണെന്നും അറിയാം. അതിനാൽ നിഷേധം അർത്ഥമാക്കേണ്ടത് സ്വയം നിഷേധിക്കുക എന്നതാണ്. ഈ വിരോധാഭാസ സാഹചര്യത്തിൽ, എല്ലാം വീണ്ടും കീഴ്മേൽ മറിക്കാനുള്ള സാധ്യത കല കണ്ടെത്തും. എനിക്ക് മൂന്ന് കാര്യങ്ങൾ പറയാനുണ്ട്: “ശരീരം മരണത്തിന്റെ കലാരൂപമാണ്. കല മരണത്തിന്റെ മരണമാണ്. കല ജീവിതത്തിന്റെ പ്രതീകാത്മക രൂപമാണ്” - പീറ്റർ വീബൽ, കലാകാരൻ, ക്യൂറേറ്റർ.

നെക്രോറിയലിസ്റ്റ് കലയിലെ മരണം ജീവിത നിഷേധമല്ല. കലാകാരനും, അധ്യാപകനും, ക്യൂറേറ്ററുമായ പീറ്റർ വീബൽ(Peter Weibel) പറയുന്നത്, കല എപ്പോഴും മരണത്തിന്റെ ശത്രുവാണ്. ഫാസിസം എപ്പോഴും മരണത്തിന്റെ പക്ഷത്തും ജീവിതത്തിന് എതിരുമാണ്. അതിനാൽ, എല്ലാ ഫാസിസ്റ്റ് സ്മാരകങ്ങളിലും “No to life, yes to death” എന്ന മുദ്രാവാക്യം കാണാം.

1982ൽ നെക്രോറിയലിസ്റ്റ് കലാകാരന്മാര്‍  8mm ഫിലിമില്‍ സിനിമയിലെ ആദ്യ പരീക്ഷണങ്ങൾ നടത്തി. 1983ന്റെ അവസാനത്തിൽ അവർ ‘ദി റേസ്’(The Race) എന്ന സിനിമ നിർമ്മിച്ചു, അത് 1985ൽ ‘വുഡ്-കട്ടർ’(Wood Cutter) എന്ന പേരിൽ റീ-എഡിറ്റ് ചെയ്തു. 1984ൽ യൂഫിറ്റ് തന്റെ ഫിലിം സ്റ്റുഡിയോ ആയ ‘മ്ഴലാല ഫിലിം’(Mzhalala film) സ്ഥാപിച്ചു, ഇതിലൂടെ ഒരു നെക്രോ-പരിസ്ഥിതിയിൽ ‘നെക്രോ-ആർട്ട്’ സൃഷ്ടിക്കപ്പെട്ടു. ഇത് വിവിധ കലാകാരന്മാരെയും, ചലച്ചിത്ര പ്രവർത്തകരെയും, പ്രകടന കലാകാരന്മാരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സഹായിച്ചു.(1986ല്‍ അമച്വർ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനുള്ള നിയമം നിലവില്‍ വരുന്നതിന് മുമ്പേ ഈ ഫിലിം സ്റ്റുഡിയോ സ്ഥാപിതമായി, സോവിയറ്റ് യൂണിയനിലെ ആദ്യത്തെ സ്വതന്ത്ര ഫിലിം സ്റ്റുഡിയോ ആയി ഇത് പലപ്പോഴും പരാമർശിക്കപ്പെടുന്നു. പെരെസ്ട്രോയിക്കയുടെ(Perestroika) കാലത്ത്  ഈ ഫിലിം ഗ്രൂപ്പ് സമാന്തര സിനിമാ പ്രസ്ഥാനവുമായും മോസ്കോ ആസ്ഥാനമായുള്ള സിനി ഫാന്റം ക്ലബ്ബുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു).

Yevgeniy YufitREPRESENTATIVE IMAGE | WIKI COMMONS
ഈ കാലയളവിൽ Werewolf Orderlies(1984), Spring(1987), Fortitude(1988), Suicide Monsters(1988) മുതലായ ഹ്രസ്വചിത്രങ്ങളും നിർമ്മിക്കപ്പെട്ടു. ഈ സിനിമകളെ കുറിച്ച് സെർജി ഡോബ്രോട്‌വോർസ്‌കി(Sergei Dobrotvorskii) എന്ന പഠിതാവ് ഇപ്രകാരം എഴുതുകയുണ്ടായി: “ഈ ഹ്രസ്വചിത്രങ്ങൾ 1910കളിലെ മാക് സെന്നറ്റിന്റെ(Mack Sennett) സ്ലാപ്പ്സ്റ്റിക് ശൈലിയെയും ഫ്രഞ്ച് അവാംഗ്-ഗാർഡിന്റെ ആഘാതത്തിന്റെ സൗന്ദര്യശാസ്ത്രത്തെയും 1920കളിലെ സോവിയറ്റ് സിനിമയുടെ അസാധാരണത്വത്തെയും ഓർമ്മിപ്പിക്കുന്നു. കളിമണ്ണ് പൂശിയ സോംബി കഥാപാത്രങ്ങൾ കൂട്ട കലഹങ്ങൾ, ആത്മഹത്യകൾ, സ്വവര്‍ഗ ലൈംഗിക പ്രവൃത്തികൾ എന്നിവ അവതരിപ്പിക്കുന്നു. ഇതിലൂടെ സോവിയറ്റ് സദാചാരത്തെ വിമര്‍ശിക്കുന്നു”.

മരണവും ഭീകരതയും കൈകാര്യം ചെയ്യുമ്പോഴും, നെക്രോറിയലിസ്റ്റ് സിനിമകൾ പരമ്പരാഗത അർത്ഥത്തിൽ ഹൊറർ സിനിമകളല്ല. ഹൊററിൽ പലപ്പോഴും കാണപ്പെടുന്ന ഭീതി, സസ്പെൻസ്, വ്യക്തമായ വില്ലന്മാർ മുതലായ ഘടകങ്ങള്‍ ഈ സിനിമകളില്‍ ഇല്ല. മരണത്തിന്റെയും ജീർണ്ണതയുടെയും ദാർശനികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പലപ്പോഴും വേർപിരിഞ്ഞതും വിരോധാഭാസവുമായ സ്വരത്തിൽ.

അസംബന്ധത്തിന്റെ ചില ഘടകങ്ങൾ പങ്കുവെക്കുമ്പോൾത്തന്നെ, നെക്രോറിയലിസം സർറിയലിസത്തിൽ(Surrealism) നിന്ന് വ്യത്യസ്തമാണ്. സർറിയലിസം പലപ്പോഴും അബോധത്തിലേക്കും സ്വപ്നങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു, അതേസമയം നെക്രോറിയലിസം ഒരു പ്രത്യേക സാമൂഹിക, രാഷ്ട്രീയ സന്ദർഭത്തിൽ കൂടുതൽ വേരൂന്നിയതാണ്, സോവിയറ്റ് കാലഘട്ടത്തിന്റെ അവസാന ഘട്ടത്തിലെ യാഥാർത്ഥ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ വിചിത്രമായ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നു.

1980കളിൽ റഷ്യയിലെ ചലച്ചിത്ര നിർമ്മാണം ഔദ്യോഗികമായി ഭരണകൂടത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. ആശയങ്ങളും ഇമേജറികളും തീരുമാനിക്കുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാര്‍ സ്റ്റുഡിയോ ആയ ഗോസ്കിനോയ്ക്ക് ആയിരുന്നു. 1920കളിലെ ചലച്ചിത്രകാരന്മാരെ – സെര്‍ഗി ഐസന്‍സ്റ്റീന്‍, സിഗാ വര്തോവ് മുതലായവര്‍ - ആവേശഭരിതരാക്കിയ പരീക്ഷണ സ്വാതന്ത്ര്യം, പാർട്ടി സ്പോൺസർ ചെയ്ത സോഷ്യലിസ്റ്റ് റിയലിസത്തിന്റെ ആദർശവാദത്താൽ മാറ്റിസ്ഥാപിക്കപ്പെട്ടിരുന്നു. അവിടെ തിളങ്ങുന്ന ഭാവിയുടെ വാഗ്ദ്ധാനവും വീരന്മാരും ആരോഗ്യത്തോടെ തിളങ്ങുന്ന തൊഴിലാളികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവിടേക്കാണ് നെക്രോറിയലിസ്റ്റുകള്‍ തങ്ങളുടെ ജുഗുപ്സയുണ്ടാക്കുന്ന ദൃശ്യങ്ങളുമായി കടന്നുവന്നത്. കറുത്ത ഹാസ്യവും വിചിത്രമായ ഒരു തരംതാണ ശൈലിയും, ക്രമരഹിതവും ക്രൂരവുമായ ആക്രമണങ്ങളുടെയും ആത്മഹത്യാ പ്രവൃത്തികളുടെയും അർത്ഥശൂന്യമായ ആവർത്തനത്തിന്റെ രൂപത്തിലുള്ള അസംബന്ധവും ചേര്‍ന്നതാണ് സിനിമകള്‍.  ഇതൊക്കെയും സോഷ്യലിസ്റ്റ് മനോഭാവത്തിന് വിലക്കപ്പെട്ടതായിരുന്നു. എല്ലാറ്റിനുമുപരി, ഒരു മഹത്തായ മാതൃരാജ്യത്തിനായുള്ള ത്യാഗവുമായി ബന്ധമില്ലാത്ത മരണവും ജീർണ്ണതയും.

Suicide Monsters (1988) | MUBIREPRESENTATIVE IMAGE | WIKI COMMONS
നിഹിലിസം(nihilism), അനാര്‍ക്കി(anarchy) എന്നിവയിലൂടെ ഒരു അടിച്ചമർത്തൽ വ്യവസ്ഥയിൽ നിന്നുള്ള സൃഷ്ടിപരമായ മോചനത്തിന്റെ മാനിഫെസ്റ്റോ ഉണ്ടാക്കുകയായിരുന്നു ഇവര്‍. ഏകാധിപത്യം മനുഷ്യനെ സംബന്ധിച്ച്  മരണമാണ് - എന്നാൽ നെക്രോറിയലിസത്തിൽ മനുഷ്യര്‍ വീണ്ടും വീണ്ടും മരിക്കുന്നു. യൂഫിറ്റ് കണ്ടെത്തിയ എഡ്വേർഡ് വോൺ ഹോഫ്മാന്റെ ഒരു ഫോറൻസിക് പാഠപുസ്തകത്തിൽ ആത്മഹത്യയിലൂടെയും മറ്റ് രീതിയിലും മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു (ഒരു ചിത്രത്തിന്റെ അടിക്കുറിപ്പ്  “മുപ്പത് അടി അകലെ നിന്ന് വെടിയുണ്ട ഉപയോഗിച്ച് തലയോട്ടി തകർക്കൽ” എന്നായിരുന്നു). ഇത് യൂഫിറ്റിന് വലിയ പ്രചോദനമായിരുന്നുവത്രേ. അവർ ശരീരത്തില്‍ ബാൻഡേജ് ചുറ്റി മുകളില്‍ തക്കാളി പേസ്റ്റ് പുരട്ടി മാരകമായ മുറിവുകളുടെ പ്രതീതി സൃഷ്ടിച്ചു.

നെക്രോറിയലിസ്റ്റ്  പ്രസ്ഥാനത്തെ പ്രേക്ഷകരും നിരൂപകരും ഒരുപോലെ വെറുത്തു, ഒരു കാരണം സോവിയറ്റ് സിനിമയിൽ ഒരു ഹൊറർ വിഭാഗത്തിന്റെ അഭാവമായിരുന്നു. മരണത്തെ സോവിയറ്റ് സിനിമയില്‍ അവതരിപ്പിച്ചത്  ഒന്നുകില്‍ ത്യാഗം അല്ലെങ്കില്‍ അര്‍ഹമായ ശിക്ഷ എന്ന രീതിയിലായിരുന്നു. ഈ പരിചിത വിഭാഗങ്ങള്‍ക്ക് പുറത്ത് മരണത്തെ പ്രതിനിധീകരിക്കാന്‍ ഒരു സന്ദര്‍ഭവും ഉണ്ടായിരുന്നില്ല. എന്നാൽ ചെർണുകയിലെ മരണം അസംസ്‌കൃതവും, സന്ദര്‍ഭവത്കരിക്കാത്തതും ആയതിനാല്‍ അസ്വീകാര്യവുമായിരുന്നു; അത് വേഷംമാറിയ അശ്ലീലമായി കണക്കാക്കപ്പെട്ടു.

ആത്മഹത്യയുടെ വിശദാംശങ്ങൾ, ഗുദ ബലാത്സംഗം, മൃതദേഹങ്ങളുടെ പെട്ടെന്നുള്ള പുനരുജ്ജീവനം, മനുഷ്യനും പ്രകൃതി ലോകവും തമ്മിലുള്ള അതിരുകൾ മങ്ങൽ, സ്വഭാവത്തെക്കുറിച്ചുള്ള വേർപിരിഞ്ഞ കാഴ്ചപ്പാട്, യുക്തിസഹമായ മാനസിക പ്രചോദനത്തിന്റെ അഭാവം, ആർക്കൈവൽ ദൃശ്യങ്ങളുടെ ഉപയോഗം; ഇവയൊക്കെയാണ് ഈ സിനിമകളുടെ മുഖമുദ്ര. “കലാപരമായ കാഴ്ചപ്പാടിൽ ഇത് ചവറാണ്,  ഭ്രാന്താണ്”, "തികച്ചും അസംബന്ധം", “ഭയാനകം”, “ഒരര്‍ത്ഥവും ഇല്ലാത്തത്”, “ഇതിന്റെ സൃഷ്ടാക്കള്‍ക്ക് മാനസികത്തകരാറുകള്‍ ഉണ്ടോ”, “ഭയാനകമായ രോഗാവസ്ഥ, ലൈംഗിക വൈകൃതങ്ങൾ, ശവശരീരങ്ങളോടുള്ള ആകർഷണം, സാഡിസം”, “ഇത്തരം സൗന്ദര്യവിരുദ്ധ ദർശനങ്ങൾക്ക് വെറുപ്പ് മാത്രമേ ഉണർത്താൻ കഴിയൂ.” - ഈ സിനിമകൾക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇതുപോലെ നീളുന്നു.

ഏറ്റവും കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിച്ച് പലപ്പോഴും തിരക്കഥയില്ലാതെയാണ് ഇവര്‍ സിനിമ ചിത്രീകരിച്ചത്.  ഇവര്‍ മനഃപൂർവ്വം ‘ലോ ബജറ്റ് സൗന്ദര്യശാസ്ത്രം’ പിന്തുടര്‍ന്നു. പലപ്പോഴും അമച്വർ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. പരുക്കൻ എഡിറ്റിംഗും മിനുസപ്പെടുത്താത്തതായി തോന്നുന്ന ദൃശ്യ ശൈലിയും. ഔദ്യോഗിക സോവിയറ്റ് സിനിമയുടെ മിനുസപ്പെടുത്തിയതും പലപ്പോഴും പ്രചാരണാത്മകവുമായ ശൈലിയിൽ നിന്ന് സ്വയം അകന്നു നിൽക്കാനുള്ള ബോധപൂർവമായ ഒരു കലാപരമായ തിരഞ്ഞെടുപ്പായിരുന്നു. ഇത് അസംസ്കൃതവും പലപ്പോഴും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അന്തരീക്ഷം സൃഷ്ടിച്ചു. അസ്വസ്ഥതയുളവാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സിനിമകളിൽ പലപ്പോഴും അസാധാരണമായ എഡിറ്റിംഗ് ഉപയോഗിച്ചു.

Evgeny Yufit: exploring a Necrorealist Archive | UCL School of Slavonic and  East European Studies (SSEES) - UCL – University College LondonREPRESENTATIVE IMAGE | WIKI COMMONS
യൂഫിറ്റിന്റെ ആദ്യത്തെ ചെറുസിനിമ ‘സ്ക്രാച്ചി ബ്ലാക്ക് ആൻഡ് വൈറ്റ്’ നിറത്തിലായിരുന്നു, റെക്കോർഡ് ചെയ്ത ശബ്ദമില്ലായിരുന്നു. ഈ സൗന്ദര്യശാസ്ത്രം അദ്ദേഹത്തെ പ്രചോദിപ്പിച്ച  1920കളിലെ അവാംഗ് ഗാർഡിസ്റ്റുകളുടെ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു. സാങ്കേതികമായി പ്രാകൃതമായിരുന്നു. ഇവരുടെ ആദ്യ ഫിലിം റീലുകളിൽ ഒന്ന് പോലീസ് കണ്ടുകെട്ടി. സംവിധായകന്റെ സുഹൃത്തുക്കൾ ഒരു മാലിന്യക്കൂമ്പാരത്തിൽ ഗുസ്തി പിടിക്കുന്ന ഒരു സീക്വൻസ് കണ്ട പോലീസുകാർ, അത് നിയമലംഘനമായി കണക്കാക്കാൻ കഴിയാത്തത്ര മണ്ടത്തരമാണെന്ന് വിധിച്ച് അത് തിരികെ നൽകി എന്നാണ് കഥ.

യെവ്ജെനി യൂഫിറ്റ്(1961–2016) നെക്രോറിയലിസത്തിന്റെ "പിതാവ്" എന്നറിയപ്പെടുന്നു. പ്രസ്ഥാനത്തിലെ ഒരു പ്രധാന വ്യക്തിയും മികച്ച ചലച്ചിത്ര സംവിധായനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കൃതികളിൽ പലപ്പോഴും വിചിത്രമായ ഇമേജറി, കറുത്ത ഹാസ്യം, മരണത്തിന്റെയും ജീർണ്ണതയുടെയും പ്രമേയങ്ങൾ എന്നിവ ഉണ്ടായിരുന്നു. യൂഫിറ്റിന്റെ നിരവധി ചലച്ചിത്ര പദ്ധതികളിൽ സഹകാരിയുമായ ഇഗോർ ബെസ്രുക്കോവ്(Igor Bezrukov),  ഗ്രൂപ്പിലെ മറ്റൊരു ആദ്യകാല അംഗമായിരുന്ന യെവ്ജെനി കോണ്ട്രാറ്റീവ്(Yevgeniy Kondratiev), കോൺസ്റ്റാന്റിൻ മിറ്റെനെവ്(Konstantin Mitenev) തുടങ്ങി മറ്റുള്ളവരും നെക്രോറിയലിസത്തിന്റെ സവിശേഷമായ സൗന്ദര്യശാസ്ത്രവും പ്രമേയങ്ങളും വികസിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു, ഇത് സോവിയറ്റ് യൂണിയന്റെ അവസാനത്തിൽ നെക്രോറിയലിസത്തെ വളരെ  പ്രധാനവും പ്രകോപനപരവുമായ ഒരു കലാ പ്രസ്ഥാനമാക്കി മാറ്റി. യൂഫിറ്റ് പോലുള്ള ചലച്ചിത്ര പ്രവര്‍ത്തകന്‍ നെക്രോറിയലിസത്തിന്റെ ഏറ്റവും ദൃശ്യവും നിർവചിക്കുന്നതുമായ വ്യക്തികളായിരുന്നെങ്കിലും, പെയിന്റിംഗ്, ഗ്രാഫിക്സ്, ഫോട്ടോഗ്രാഫി, പെർഫോമൻസ് ആർട്ട് തുടങ്ങിയ മറ്റ് ദൃശ്യ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന കലാകാരന്മാരും ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തു.

യെവ്ജെനി യൂഫിറ്റ് സ്ഥാപിച്ച ‘മ്ഴലാലഫിലിം’ ഇൻഡിപെൻഡന്റ് സ്റ്റുഡിയോയിൽ ഇഗോർ ബെസ്രുക്കോവ് രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തു: ‘ഗസ്റ്റ് ഫ്രം ആഫ്രിക്ക’, ‘മാൻ ആസ് ദി ലാസ്റ്റ് ഷെൽട്ടർ ഓഫ് ദി സിറ്റി’(1985). യൂഫിറ്റിന്റെ ‘വുഡൻ റൂം’(1995), ‘സിൽവർ ഹെഡ്സ്’(1998) എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

ഫോട്ടോഗ്രാഫി, ചിത്രരചന എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന യെവ്ജെനി കോണ്ട്രാറ്റീവ് യൂഫിറ്റുമായി സൗഹൃദത്തിലാവുകയും അദ്ദേഹത്തിന്റെ പരീക്ഷണാത്മക സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1984-1987 കാലഘട്ടത്തിൽ യൂഫിറ്റ് സ്ഥാപിച്ച ‘മ്ഴലാല ഫിലിം' എന്ന പരീക്ഷണാത്മക ഫിലിം സ്റ്റുഡിയോയിൽ ജോലി ചെയ്തു.

В Петербурге скончался режиссер Евгений Юфит - KP.RUയെവ്ജെനി യൂഫിറ്റ് | PHOTO: WIKI COMMONS
നിരവധി ‘പങ്ക്’ സംഗീത ഗ്രൂപ്പുകളോടൊപ്പം പ്രകടനം നടത്തിയ ലിയോണിഡ് കോൺസ്റ്റാന്റിനോവ്(Leonid Konstantinov) 1980കൾ മുതൽ, നെക്രോറിയലിസ്റ്റ് സിനിമകളിൽ അഭിനയിച്ചു. ഇലക്ട്രിക് ഗിറ്റാർ ഉപയോഗിച്ച് യൂഫിറ്റിന്റെ ആദ്യകാല ഹ്രസ്വചിത്രങ്ങളുടെ പ്രദർശനങ്ങൾക്കൊപ്പം സംഗീത പ്രകടനങ്ങളിൽ പങ്കെടുത്തു. ചിത്രകലയിൽ നെക്രോറിയലിസ്റ്റ് സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുത്തു. യൂഫിറ്റ് സ്ഥാപിച്ച സ്വതന്ത്ര ‘മ്ഴലാല ഫിലിം' സ്റ്റുഡിയോയുടെ പ്രതീകമായി മാറിയ ‘ഇൻ ദി കെയ്ൻസ്’(In the Canes) എന്ന സിനിമ സംവിധാനം ചെയ്തു.

കലാകാരനായ യൂറി ക്രാസേവ്(Yuri Krasev) നെക്രോറിയലിസ്റ്റ് സിനിമയിലെ നടൻ, പ്രകടനങ്ങളുടെയും തിരക്കഥകളുടെയും രചയിതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യൂഫിറ്റിന്റെ ‘സിൽവർ ഹെഡ്സ്’(Silver Heads), ‘സ്ട്രക്ക് ബൈ ലൈറ്റ്നിംഗ്’(Strike by Lightning) എന്നീ സിനിമകളിൽ അഭിനയിച്ചു.

1980കളുടെ മധ്യത്തിൽ ആൻഡ്രി കുർമായാർട്ട്സെവ്(Andrei Kurmayartsev) നെക്രോറിയലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും അതിനുശേഷം ചിത്രകല, സിനിമ, സാഹിത്യം എന്നിവയിൽ ഈ സൗന്ദര്യശാസ്ത്രം വികസിപ്പിക്കുകയും ചെയ്തു.

മ്യൂസിക് ബാന്റുകള്‍ക്കൊപ്പം പ്രകടനം നടത്തിയിരുന്ന വലേരി മൊറോസോവ്(Valery Morozov) 1987ൽ നെക്രോറിയലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും യൂഫിറ്റിന്റെ ‘സ്പ്രിംഗ്’ എന്ന സിനിമയിൽ നടനായി ആദ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. നെക്രോറിയലിസ്റ്റ് ഓർക്കസ്ട്ര ‘മ്ഴാലല’യുടെ കച്ചേരികളിലും അദ്ദേഹം പങ്കെടുത്തു. ചിത്രകലയിലും ശിൽപത്തിലും നെക്രോറിയലിസ്റ്റ് സൗന്ദര്യശാസ്ത്രം വികസിപ്പിച്ചെടുത്ത അദ്ദേഹം, തടികൊണ്ടുള്ള നെക്രോറിയലിസ്റ്റ് രൂപങ്ങളുടെ  ഒരു പരമ്പര സൃഷ്ടിച്ചു.

വലേരി മൊറോസോവ് | PHOTO : WIKI COMMONS
1980കളുടെ തുടക്കം മുതൽ, അനറ്റോലി മോർട്ട്യൂക്കോവ്(Anatoly Mortyukov) നെക്രോറിയലിസ്റ്റ് സിനിമയുടെ ചിത്രീകരണങ്ങളിൽ പങ്കെടുത്തു. 1980കളുടെ അവസാനത്തിൽ, നെക്രോറിയലിസ്റ്റ് പെയിന്റിംഗ് പരിശീലിച്ചു.

നമ്മുടെ സങ്കല്‍പ്പത്തിലുള്ള രണ്ട് ‘സുന്ദര’ വ്യവസ്ഥിതികളാണ് അമേരിക്കയും സോവിയറ്റ് നാടും, വ്യത്യസ്ത രീതികളില്‍ ‘സുന്ദര’മായ രാജ്യങ്ങള്‍. ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായത്കൊണ്ടുമാത്രം മനുഷ്യര്‍ സംതൃപ്തരാവുന്നില്ല എന്നാണ് ഈ രണ്ടു വ്യവസ്ഥിതികളും തെളിയിക്കുന്നത്. ഒരു ഭാഗത്ത് ‘സ്വാതന്ത്ര്യം’ നിലനില്‍ക്കുന്നു, മറുഭാഗത്ത് ‘സ്വാതന്ത്ര്യത്തിന്’ നിയന്ത്രണം ഉണ്ട്. മനുഷ്യന്‍ മാനസികമായി സന്തോഷിക്കാനുള്ള, ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള വഴികള്‍ അന്വേഷിച്ചു കൊണ്ടിരിക്കും. ഈ സംവിധാനങ്ങളുടെ അന്തർലീനമായ പോരായ്മകൾ എങ്ങനെയാണ് വിയോജിപ്പിനും ബദൽ പ്രസ്ഥാനങ്ങൾക്കും ഇന്ധനമായതെന്ന് മുകളില്‍ പരിശോധിച്ചു.

മുതലാളിത്ത വ്യവസ്ഥയായാലും കമ്മ്യൂണിസ്റ്റ് വ്യവസ്ഥയായാലും, പ്രബലമായ വ്യവസ്ഥകളുടെ പരാജയങ്ങളോടുള്ള പ്രതികരണമായാണ് പലപ്പോഴും പ്രതിസംസ്കാരങ്ങൾ ഉയർന്നുവരുന്നത്. സ്വാതന്ത്ര്യം, സമത്വം, സുസ്ഥിരത, വ്യക്തിപരമായ ആവിഷ്കാരം തുടങ്ങിയ വ്യത്യസ്ത മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ബദൽ ജീവിതരീതികൾ സൃഷ്ടിക്കാൻ അവ ശ്രമിക്കുന്നു. ഇതില്‍ കല പ്രധാന ഘടകമാണ്. ‘എല്ലാ ഭരണകൂടങ്ങളും ആത്യന്തികമായി സാധാരണ ജനങ്ങള്‍ക്ക് എതിരാണ്’ എന്ന ഒരു ചിന്തകന്റെ വാക്കുകളാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മവരുന്നത്. നല്ല കല എപ്പോഴും പ്രതിപക്ഷത്താണ്.

അടിക്കുറിപ്പ്

1960കളിലെ  കൗണ്ടര്‍-കള്‍ച്ചറിന് ഇന്ത്യയുമായി പല ബന്ധങ്ങളും കാണാം. ഇതില്‍ പ്രധാനം ബദൽ ജീവിത ശൈലിയുടെ അന്വേഷണവും മുഖ്യധാരാ പാശ്ചാത്യ ഭൗതികവാദത്തെ നിരാകരിക്കലുമായിരുന്നു. ബദല്‍ ശൈലിയുടെ അന്വേഷണം പലരേയും ഇന്ത്യന്‍ ചിന്തകളിലേക്കും ഇന്ത്യയിലേക്കും ആകര്‍ഷിക്കുകയുണ്ടായി. 1960കൾക്ക് മുമ്പ് തന്നെ, 1950കളിലെ ബീറ്റ് തലമുറ സെൻ ബുദ്ധമതം ഉൾപ്പെടെയുള്ള പൗരസ്ത്യ തത്വചിന്തകളിൽ തത്പരരായിരുന്നു.  ഇത് പിന്നീട് ഹിന്ദുമത തത്വചിന്തയിലേക്കുള്ള അന്വേഷണത്തിന് അടിത്തറ പാകി. 1968ല്‍ ബീറ്റില്‍സ്, മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ ഒരു ട്രാൻസെൻഡന്റൽ മെഡിറ്റേഷൻ പരിശീലന കോഴ്‌സിൽ പങ്കെടുക്കാൻ ഋഷികേശിലേക്ക് വരികയുണ്ടായി. ബീറ്റിൽസിന്റെ സംഗീതത്തിൽ ആ യാത്ര വലിയ സ്വാധീനം ചെലുത്തി. ഹിപ്പി പ്രസ്ഥാനത്തിന്റെ കാതലായ ഒരു തത്വം ബദൽ ആത്മീയ പാതകൾക്കായുള്ള അന്വേഷണമായിരുന്നു, വൈവിധ്യമാർന്ന ആത്മീയ പാരമ്പര്യങ്ങളുടെ സമ്പന്നമായ ചരിത്രമുള്ള ഇന്ത്യ അവരെ ഇങ്ങോട്ട് ആകര്‍ഷിച്ചു. ഇവര്‍ ഇന്ത്യയിലെ യുവാക്കളെയും സ്വാധീനിക്കുകയുണ്ടായി.




#cinema
Leave a comment