TMJ
searchnav-menu
post-thumbnail

TMJ Cinema

നേര്: തീപ്പൊരി പ്രസംഗങ്ങളില്‍ നിന്നും കൈയ്യടികളില്‍ നിന്നും മാറി നടന്ന കോര്‍ട്ട് റൂം ഡ്രാമ

25 Dec 2023   |   3 min Read
ജയന്തന്‍ പി കൃഷ്ണന്‍

കോടതിമുറികള്‍ എന്നത് എല്ലാകാലത്തും കോമേഷ്യല്‍ സിനിമകളുടെ പ്രത്യേകിച്ച് മാസ് കോമേഷ്യല്‍ സിനിമകളുടെ ഒരു സാധ്യതയായിരുന്നു. നാടകീയവും വൈകാരികവുമായ രംഗങ്ങള്‍, അതിനാടകീയമാണെങ്കില്‍ പോലും കോടതിമുറിയെന്ന നാലുചുവരുകള്‍ക്കുള്ളില്‍ നിന്നുള്ളതാണെങ്കില്‍ അത് നമ്മള്‍ പ്രേക്ഷകര്‍ക്ക് വിശ്വാസയോഗ്യമാകും. കോടതിമുറികളെന്നത് വാദപ്രതിവാദങ്ങളുടെയും വികാരവിക്ഷോഭങ്ങളുടെയും കോലാഹലങ്ങളുടെയും വേദിയായിട്ടാണ് ഇന്ത്യന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നിട്ടുള്ളത്. പ്രതിക്കൂട്ടില്‍ പെട്ടുപോയ കഥാപാത്രങ്ങളിലൂടെ വികാരതീക്ഷ്ണമായ പ്രസംഗങ്ങളും അഭിഭാഷകരുടെ ഇംഗ്ലീഷും മലയാളവും കൂടിചേര്‍ന്ന തീപ്പൊരി സംഭാഷണ കസര്‍ത്തും ഹാസ്യതാരങ്ങളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള കോമഡി രംഗങ്ങളും ഇടയ്ക്കുള്ള പൊട്ടിച്ചിരികളും നിര്‍വികാരരായി കാണപ്പെടുന്ന ജഡ്ജിമാരെ കൊണ്ടും നിറഞ്ഞുനില്‍ക്കുന്ന സിനിമയ്ക്കുളളിലെ കോടതിമുറികള്‍ കണ്ട് നമ്മള്‍ കൈയ്യടിച്ചു. കാരണം ഭൂരിഭാഗം പ്രേക്ഷകരും കോടതി പരിസരമോ ദൈര്‍ഘ്യമേറിയ കോടതി വ്യവഹാരങ്ങളോ പരിചയിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ട് തന്നെ സിനിമ നിര്‍മ്മിച്ച കോടതിമുറികളിലെ കോലാഹലം കണ്ട് നമ്മള്‍ ഉള്‍പുളകം കൊണ്ടു. എന്നാല്‍ അത്തരം മായാകാഴ്ച്ചകളെ ബ്രേക്ക് ചെയ്യാന്‍ ചില സമീപകാലചിത്രങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാം.

ന്നാ താന്‍ കേസ് കൊട്, വാശി, മഹാവീര്യര്‍, adv.മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, സൗദി വെള്ളക്ക, പുരുഷപ്രേതം, കാതല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ കോടതി മുറിയുടെ വേറിട്ട സാധ്യതകള്‍  മുന്നോട്ടുവച്ചിരുന്നു. ഒരുപക്ഷെ ഇത്തരം ചിത്രങ്ങളുടെ ഒരു അപ്‌ഡേറ്റഡ് വേര്‍ഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്'. അന്ധയായ 'സാറ' എന്ന  പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നു. പോലീസ് കുറ്റവാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഈ കേസിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ സാറയ്ക്ക്  നീതി ലഭിക്കുന്നതിന് തടസ്സമാകുന്നു. ആ അവസരത്തില്‍ വര്‍ഷങ്ങളായി അഭിഭാഷകവൃത്തിയില്‍ നിന്ന് മാറിനിന്നിരുന്ന adv.വിജയ മോഹന്‍ ഈ കേസ് ഏറ്റെടുക്കുന്നു. പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്.



സാധാരണവും ലളിതവുമായ വിഷയങ്ങളെയും സംഭവങ്ങളെയും അസാധാരണമായി അവതരിപ്പിക്കുന്ന ജിത്തു ജോസഫ് ബ്രില്ല്യന്‍സ് മെമ്മറീസിലും ദൃശ്യം  മൂവി സീരീസിലുമൊക്കെ നമ്മള്‍ കണ്ടതാണ്. ആ ഒരു വിഷ്വല്‍ മാജിക് 'നേരി'ലും ആവര്‍ത്തിക്കുന്നുണ്ട്. അതിനപ്പുറം ഒരു ഫിക്ഷണല്‍ കഥയെ ഒരു റിയല്‍ കോടതിയിലുണ്ടാവുന്ന നടപടി ക്രമങ്ങളെയും സംഘര്‍ഷങ്ങളെയും മൈന്‍ഡ് ഗെയിമുകളെയും  ഉപയോഗപ്പെടുത്തുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഒരു മികച്ച കോര്‍ട്ട് റൂം ഡ്രാമ നിര്‍മ്മിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫിനും സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിക്കും സാധിച്ചു. യാതൊരു സര്‍പ്രൈസ് എലമെന്റ്‌സും ഇല്ലാത്ത ഒരു കഥയെ ഒരു ഇമോഷണല്‍ ത്രില്ലര്‍ എന്ന രീതിയില്‍ ഫലപ്രദമായി പ്രേക്ഷകരിലേക്ക് എത്തിച്ചുവെന്നതില്‍ അവര്‍ വളരെയധികം വിജയിച്ചുവെന്ന് പറയാം.

സിനിമയുടെ നട്ടെല്ലായി മാറുന്നത് സിനിമയുടെ പ്രകടനങ്ങളാണ്. ആദ്യം എടുത്തുപറയേണ്ടത് ഇതിലെ അനശ്വര രാജന്റെ അഭിനയമാണ്. ലൈംഗികാതിക്രമം നേരിട്ടതിന്റെ ആഘാതം വിട്ടുമാറാത്ത, മുമ്പിലുള്ള ആള്‍ ശത്രുവോ മിത്രമോ എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്ന, എങ്കിലും എതിര്‍ഭാഗത്തുള്ളവര്‍ വരുത്തുന്ന ആഘാതങ്ങളും അവരുടെ ഭീഷണികളെയും ഉറച്ച മനസ്സോടെ നേരിടാന്‍ ശ്രമിക്കുന്ന സാറയെ അനശ്വര രാജന്‍ അവിസ്മരണീയമാക്കി. മോഹന്‍ലാല്‍ എന്ന നടന്റെ പ്രകടനത്തെ കുറിച്ച് പറയുന്നത് സത്യം എന്ന വസ്തുതയെ സത്യം എന്നു വിശേഷിപ്പിക്കുന്നത് പോലെയാണ്. എങ്കിലും അടുത്തിടെ തന്റെ സിനിമകള്‍ നേരിട്ടിരുന്ന വിമര്‍ശനങ്ങളെ കാറ്റില്‍ പറത്താന്‍ വിജയ് മോഹന്‍ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരിക്കല്‍ തന്റെ കരിയറില്‍ നിന്ന് മാറ്റി നിര്‍ത്തിപ്പെട്ട അഭിഭാഷകന്‍ നേരിടുന്ന ആത്മസംഘര്‍ഷങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിച്ചു. മോഹന്‍ലാലിനോടൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് ഇതിലെ സിദ്ധിഖിന്റെ പെര്‍ഫോമന്‍സും. അസൂയയുടെയും അഹങ്കാരത്തിന്റെയും ആള്‍രൂപമെന്ന് വിശേഷിപ്പിക്കാവുന്ന, മൈന്‍ഡ് ഗെയിമുകള്‍ കൊണ്ട് എതിരാളിയുടെ മനസ്സ് തകര്‍ക്കുന്ന ഒരു ഈവിള്‍ മൈന്‍ഡ് ക്രിമിനല്‍ ലോയര്‍ 
adv. രാജശേഖരനെ സിദ്ധിഖ് വാക്കുകള്‍ക്കതീതമായ രീതിയില്‍ അവതരിപ്പിച്ചു. അതിനൊപ്പം ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, ശങ്കര്‍ ഇന്ദുചൂഡന്‍, നന്ദു, കലേഷ് രാമാനന്ദ്, ദിനേഷ് പ്രഭാകര്‍ എന്നിവരുടെ പ്രകടനങ്ങളും മികവുറ്റതായിരുന്നു. പിന്നണിയിലേക്കെത്തുമ്പോള്‍ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ബോബന്റെ പ്രൊഡക്ഷന്‍ ഡിസൈനും വിനായക് വി എസിന്റെ എഡിറ്റിങ്ങും അതിലുപരി വിഷ്ണു ശ്യാമിന്റെ സംഗീതവും സിനിമയുടെ ഔട്ട് പുട്ടിന് അടിത്തറയേകി. 



എന്നാല്‍ കാര്യങ്ങളൊക്കെ പറയുമ്പോഴും സിനിമയ്ക്ക് എവിടെയൊക്കെയോ ചില പരിമിതികള്‍ സംഭവിച്ചു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കോടതി മുറിയിലെ ചില രംഗങ്ങളും ഓഡിയന്‍സ് റിയാക്ഷന്‍ എന്ന രീതിയിലുള്ള ചില പൊതു ചര്‍ച്ചാരംഗങ്ങളും ഈ സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. താരതമ്യേന ജൂനിയറായ അഭിനേതാക്കളുടെ അഭിനയത്തെ കണ്ട്രോള്‍ ചെയ്യുന്നതിലുള്ള സംവിധായകന്റെ അശ്രദ്ധ മുന്‍ചിത്രങ്ങളിലേതു പോലെ പ്രേക്ഷകരുടെ രസചരടിനെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ട്. ഇത്തരം ചെറിയ അപാകതകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്ന വിഷ്വല്‍ 
എക്‌സ്പീരിയന്‍സ് മികച്ചതാണ്. കോടതികളിലെ നായകന്മാരുടെ വൈകാരിക പ്രസംഗങ്ങള്‍ കണ്ട് കയ്യടിച്ച പ്രേക്ഷകരെ തന്റെ സിനിമയിലെ നിശ്ശബ്ദമായ കോടതി മുറി കാണിച്ച് കയ്യടിപ്പിച്ച മോഹന്‍ലാലും, ജിത്തു ജോസഫും മാറുന്ന സിനിമയുടെ ചില വേറിട്ട മുഖങ്ങളില്‍ രണ്ടു പേരാണ്. മലയാളിയെ ചിന്തകൊണ്ടും മനസ്സുകൊണ്ടും സിനിമ കാണാന്‍ പഠിപ്പിക്കുന്ന രണ്ടു വേറിട്ട മുഖങ്ങള്‍.

 

#cinema
Leave a comment