TMJ
searchnav-menu
post-thumbnail

TMJ Cinema

ന്യൂറോസയന്‍സും സിനിമയും

01 Mar 2025   |   13 min Read
പി കെ സുരേന്ദ്രൻ

ലാസൃഷ്ടികള്‍ കാണുമ്പോള്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് സമീര്‍ സേക്കി, അഞ്ജന്‍ ചാറ്റര്‍ജി മുതലായ ന്യൂറോളജിസ്റ്റുകള്‍ പഠിച്ചിട്ടുണ്ട്. മനോഹരമായ കലാസൃഷ്ടികള്‍ കാണുന്നതിലൂടെ ഉണ്ടാകുന്ന ആനന്ദം ഓര്‍ബിറ്റോഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ്, ആന്റീരിയര്‍ ഇന്‍സുല, ആന്റീരിയര്‍ സിങ്ഗുലേറ്റ്, വെന്‍ട്രല്‍ മീഡിയല്‍ പ്രീഫ്രോണ്ടല്‍ കോര്‍ട്ടെക്‌സ് എന്നിവയെ സജീവമാക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. നല്ല ഭക്ഷണം, ലൈംഗികത, പണം എന്നിവയും തലച്ചോറിന്റെ ഇതേ ഭാഗത്തെയാണ് സജീവമാക്കുന്നത്. വാന്‍ ഗോഗിന്റെ ചിത്രങ്ങളെ നോക്കുന്നത് ഒരു ആത്മനിഷ്ഠമായ ചലനബോധം ഉണര്‍ത്തുകയും ദൃശ്യ ചലന മേഖലകളെ സജീവമാക്കുകയും ചെയ്യുന്നു. ഛായാചിത്രങ്ങള്‍ ഫ്യൂസിഫോം ഗൈറസിലെ മുഖഭാഗത്തെ സജീവമാക്കുന്നു, ലാന്‍ഡ്സ്‌കേപ്പ് പെയിന്റിംഗുകള്‍ പാരാഹിപ്പോകാമ്പല്‍ ഗൈറസിലെ സ്ഥലഭാഗത്തെ സജീവമാക്കുന്നു. അതിശയകരമെന്നു പറയട്ടെ, ദൃശ്യ ഘടകങ്ങളെ തരംതിരിക്കുന്നതിനപ്പുറം, ഈ സംവേദന മേഖലകളും അവയെ വിലയിരുത്തുന്നതില്‍ ഉള്‍പ്പെട്ടിരിക്കാം.

ചന്തം കാണുമ്പോള്‍ (അത് ജീവനുള്ളതാണെങ്കിലും അല്ലെങ്കിലും) ഏറ്റവും കൂടുതല്‍ ത്രസിക്കുന്നത് ഫ്രോണ്ടല്‍ ലോബിന്റെ ഉള്‍ഭാഗവും കീഴ്ഭാഗവുമാണ്. അതായത്, സൗന്ദര്യാനുഭവ സമയത്ത് ഈ മസ്തിഷ്‌കഭാഗം തന്നെയാണ് ഏറെ സജീവമാവുന്നത്. പിന്നെയും ഉണ്ട് വേറെ ഭാഗങ്ങളും. മസ്തിഷ്‌കത്തിന്റെ ഉള്ളിലുള്ള കാഡേറ്റ് ന്യൂക്ലിയസ്സില്‍, ഓര്‍മ്മകളുടെ ഈറ്റില്ലമായ ഹിപ്പോകാമ്പസ്സ് / പാരാ ഹിപ്പോകാമ്പസ്സ് ഭാഗങ്ങളില്‍, കാഴ്ച്ചയുടെ കേന്ദ്രങ്ങളായ പെറൈറ്റോ-ടെമ്പറോ ഓക്‌സിപിറ്റല്‍ ഭാഗങ്ങളില്‍ ഒക്കെ ഇതിന്റെ അനുരണനങ്ങള്‍ ദൃശ്യമാണ് എന്ന് ഡോ. കെ രാജശേഖരന്‍ നായര്‍.

ന്യൂറോസയന്‍സ് പഠിച്ചിട്ടില്ലെങ്കിലും കലാകാരന്മാര്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ രീതിയിലാണ് ചിത്രങ്ങള്‍ വരച്ചത് എന്നും പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കലാകാരന്മാര്‍ നമ്മുടെ ദൃശ്യ മസ്തിഷ്‌കത്തിന്റെ വ്യത്യസ്ത ഗുണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി കാണാം. ഉദാഹരണത്തിന്, ഹെന്റി മത്തീസ്, ആന്‍ഡ്രെ ഡെറൈന്‍ തുടങ്ങിയവര്‍ നിറത്തിലും, പാബ്ലോ പിക്കാസോ, ജോര്‍ജ്ജ് ബ്രാക്ക്, ജുവാന്‍ ഗ്രിസ് തുടങ്ങിയവര്‍ രൂപത്തിലും, കാല്‍ഡര്‍ ദൃശ്യ ചലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

Cinema in the Mind: The Neuroscience Behind the “Continuity Illusion”REPRESENTATIVE IMAGE | WIKI COMMONS
സിനിമ കാണുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിനെ നയിക്കുന്നതിനായി ചലച്ചിത്ര സംവിധായകര്‍  നിരവധി സിനിമാറ്റിക് സങ്കേതങ്ങള്‍ (ഉദാഹരണം, മൊണ്ടാഷ്, നൈരന്തര്യമുള്ള എഡിറ്റിംഗ്, ക്ലോസപ്പ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ പ്രേക്ഷകര്‍ സിനിമയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് നിര്‍ണ്ണയിക്കുന്നു. കാലക്രമേണ പരിണമിക്കുന്ന ഒരു അനുഭവത്തിലൂടെയാണ് സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നത്, ഇതിലൂടെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഗ്രഹണപരവും വൈജ്ഞാനികവും വൈകാരികവുമായ പ്രക്രിയകളുടെ ഒരു ശ്രേണിയെ ഉണര്‍ത്തുകയും ചെയ്യുന്നു.

സിനിമയുടെ ആദ്യകാലം തൊട്ടുതന്നെ പ്രേക്ഷകരില്‍ എപ്രകാരം വികാരപ്രഭാവം സൃഷ്ടിക്കാം എന്ന് സംവിധായകര്‍ പല രീതിയില്‍ ചിന്തിച്ചിരുന്നു. 'കുലെഷോവ് ഇഫക്റ്റ് ' എന്നറിയപ്പെടുന്ന ലെവല്‍ കുലെഷോവിന്റെ എഡിറ്റിംഗ് പദ്ധതിയും സെര്‍ഗി ഐസന്‍സ്റ്റീനിന്റെ മൊണ്ടാഷ് സിദ്ധാന്തവും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. കുലെഷോവ് ഇഫക്റ്റ് പ്രകാരം, ദൃശ്യങ്ങളുടെ ഒരു പരമ്പര ഒന്നിനു പുറകെ മറ്റൊന്നായി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആശയങ്ങളും വികാരങ്ങളും സൃഷ്ടിക്കുമെന്നാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, രണ്ട് ദൃശ്യങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി കാണിക്കുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായ അര്‍ത്ഥം സൃഷ്ടിക്കപ്പെടുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, സന്ദര്‍ഭം മാറ്റുന്നതിലൂടെ ഒരു നടന്റെ മുഖഭാവങ്ങള്‍, ചിന്തകള്‍, വികാരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണയെ മാറ്റാം.  ഉദാഹരണത്തിന്, നടന്‍ ഇവാന്‍ മോസുഖിന്റെ മുഖത്തെ ഒരു ശവസംസ്‌കാര രംഗവുമായോ ഒരു കുട്ടിയുടെ കളിയുമായോ സംയോജിപ്പിക്കുന്നത്തിലൂടെ മോസുഖിന്റെ വൈകാരിക സ്വഭാവം വിഷാദത്തിലോ സന്തോഷത്തിലോ ആണെന്ന് പ്രേക്ഷകര്‍ക്ക് അനുമാനിക്കാന്‍ കാരണമായി.

അതേ സമയം, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രാന്‍സില്‍ ഫിലിം സാങ്കേതികവിദ്യയുടെ കണ്ടുപിടുത്തം ന്യൂറോളജിസ്റ്റുകളെയും അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും മസ്തിഷ്‌കം, നാഡീവ്യൂഹം, മനസ്സ് എന്നിവയെക്കുറിച്ചുള്ള അവരുടെ സിദ്ധാന്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഈ പുതിയ മാധ്യമത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചു. പാരീസിലെ ലാ സാല്‍പെട്രിയര്‍ ആശുപത്രിയിലെ ഫോട്ടോഗ്രാഫര്‍ ആല്‍ബര്‍ട്ട് ലോണ്ടെ, ശാസ്ത്രീയ ഗവേഷണത്തിനും ക്ലിനിക്കല്‍ പ്രാക്ടീസിനും പിന്തുണ നല്‍കുന്നതിനുള്ള മാര്‍ഗമായി ഫോട്ടോഗ്രാഫിക്, ഫിലിം ടെക്‌നിക്കുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യകാല  പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു.

The History & Development of Video Editing | Sutoriലെവ് കുലേഷോവ് | PHOTO: WIKI COMMONS
അവിടുത്തെ പ്രധാനാധ്യാപകനായ ഴാന്‍-മാര്‍ട്ടിന്‍ ചാര്‍ക്കോട്ട് അവിടെ തന്റെ രോഗികളുടെ ഫോട്ടോ എടുക്കാന്‍ ലോണ്ടെയും പോള്‍ റെഗ്‌നാര്‍ഡിനെയും നിയോഗിച്ചു. മനഃശാസ്ത്രപരമായ പ്രചോദനങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ അവര്‍ മനുഷ്യശരീരത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തി, സിനിമയെ വിശാലമായ ഒരു പരീക്ഷണ രീതിയിലേക്ക് സംയോജിപ്പിച്ചു. ഫ്രഞ്ച് ന്യൂറോളജിസ്റ്റുകളും മനഃശാസ്ത്രജ്ഞരും ഫോട്ടോഗ്രാഫിക് പരീക്ഷണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളെയും പേശികളുടെ സങ്കോചങ്ങളിലുള്ള അതിന്റെ സ്വാധീനത്തെയും കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ തെളിയിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ തേടുന്ന ന്യൂറോളജിസ്റ്റുകള്‍ക്ക് സിനിമ പുതിയ ഉത്തേജനവും പ്രചോദനവും നല്‍കി. തലച്ചോറ്, നാഡികള്‍, മനുഷ്യ ചലനങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനായി മനുഷ്യന്റെ ചലനങ്ങളെയും പ്രതിപ്രവര്‍ത്തനങ്ങളെയും നിരീക്ഷിക്കാനും പ്രതിഫലിപ്പിക്കാനും ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നിരവധി പുതിയ വഴികള്‍ സൃഷ്ടിച്ചു. പതിയെ, നാഡീശാസ്ത്രത്തെയും മനഃശാസ്ത്രത്തെയും പിന്തുണയ്ക്കുന്നതിനുള്ള സിനിമയുടെ സാധ്യത വളര്‍ന്നുവരുന്ന ശാസ്ത്രജ്ഞരുടെയും, കലാകാരന്മാരുടെയും, പരീക്ഷണ വിദഗ്ധരുടെയും സംഘത്തിന് നന്നായി അറിയാമായിരുന്നു. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ചാള്‍സ് പാത്തേയും (Charles Pathé) ഇന്‍സ്റ്റിറ്റ്യൂട്ട് പാസ്ചറില്‍ മൈക്രോബയോളജി പഠിച്ച ശാസ്ത്രജ്ഞനായ ഴാന്‍ കോമണ്ടനും (Jean Comandon) ഇക്കാലത്ത് ഈ രംഗത്ത് സഹകരിച്ചു.  മനുഷ്യന്റെ കണ്ണിന് അദൃശ്യമായ ചലിക്കുന്ന കണങ്ങളുടെ ഫിലിമുകള്‍ നിര്‍മ്മിക്കുന്നതിനായി കോമണ്ടന്‍ തുടക്കത്തില്‍ പാത്തേയുമായി സഹകരിച്ചു.

നമ്മുടെ തലച്ചോറ് വിവരങ്ങള്‍ പ്രൊസസ്സ് ചെയ്ത്  ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നതുപോലെയാണ് നമ്മള്‍ സിനിമ അനുഭവിക്കുന്നതെന്ന് ദെല്യൂസ് അഭിപ്രായപ്പെടുന്നു. ദൃശ്യങ്ങളും ആശയങ്ങളും സംവദിക്കുകയും അര്‍ത്ഥം സൃഷ്ടിക്കുകയും ചെയ്യുന്ന ഒരുതരം ബാഹ്യവല്‍ക്കരിക്കപ്പെട്ട തലച്ചോറായിട്ടാണ് അദ്ദേഹം സ്‌ക്രീനിനെ കാണുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ നോണ്‍-ഇന്‍വേസിവ് ന്യൂറോ ഇമേജിംഗ് രീതികളുടെ ആവിര്‍ഭാവം വരെ, ഒരു പ്രേക്ഷകന്റെ മനസ്സില്‍ തുളച്ചുകയറാനും ഒരു സിനിമ കാണുമ്പോള്‍ അവന്റെ അല്ലെങ്കില്‍ അവളുടെ മാനസികാവസ്ഥകള്‍ രേഖപ്പെടുത്താനും ഒരു മാര്‍ഗവുമില്ലായിരുന്നു.

സിനിമ അല്ലെങ്കില്‍ സിനിമയിലെ പ്രത്യേക രംഗങ്ങള്‍ കാണുന്നത് നമ്മുടെ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്നും, ഒരു സിനിമയ്ക്കോ അല്ലെങ്കില്‍ സീനിനോ മനുഷ്യ മസ്തിഷ്‌കം നല്‍കുന്ന പ്രതികരണത്തെക്കുറിച്ചുമുള്ള ശാസ്ത്രമാണ് ന്യൂറോസിനിമ അല്ലെങ്കില്‍ ന്യൂറോസിനിമാറ്റിക്‌സ്. ഒരു സിനിമയുടെ ഏതൊക്കെ ഭാഗങ്ങള്‍ക്കാണ് കാഴ്ചക്കാരന്റെ തലച്ചോറില്‍ ഏറ്റവും കൂടുതല്‍ പ്രഭാവം ചെലുത്താന്‍ കഴിയുകയെന്ന് പഠിക്കുന്ന ന്യൂറോളജിസ്റ്റുകളില്‍ നിന്നാണ് ന്യൂറോസിനിമ എന്ന പദം ഉണ്ടായത്.  സിനിമ കാണുന്ന പ്രേക്ഷകരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം എഫ്എംആര്‍ഐ മെഷീനുകളിലൂടെ രേഖപ്പെടുത്തിയാണ് ഈ പഠനങ്ങള്‍ നടത്തുന്നത്. ചില സിനിമകളിലെ ചില രംഗങ്ങള്‍ തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളെ വ്യത്യസ്ത രീതികളില്‍ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

REPRESENTATIVE IMAGE | WIKI COMMONS
മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഓസ്‌കാര്‍ ജേതാവായ സംവിധായകന്‍ / സംവിധായികയില്‍  നിന്ന് അത്രയൊന്നും വിദൂരമല്ലാത്ത കാലത്ത് നാം കേള്‍ക്കാന്‍ സാധ്യതയുള്ള ഒന്നാണ് 'സിനിമയുടെ  തിരക്കഥ, കഥാപാത്രങ്ങള്‍, രംഗങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ഞങ്ങളെ സഹായിച്ച എന്റെ ന്യൂറോ സയന്‍സ് പങ്കാളികള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' .
ന്യൂറോസയന്‍സിലെ ചില പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് മുമ്പാണ് ദെല്യൂസിന്റെ മുകളില്‍ പരാമര്‍ശിച്ച കൃതികള്‍ ഉണ്ടായതെങ്കിലും, അദ്ദേഹത്തിന്റെ ആശയങ്ങള്‍ മസ്തിഷ്‌കത്തിനും അനുഭവത്തിനുമിടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള രസകരമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.

തലച്ചോറിനെ ഒരു സ്‌ക്രീന്‍ എന്ന നിലയില്‍ കാണുന്ന ദെല്യൂസിന്റെ ആശയം, വിവരങ്ങളുടെ സജീവവും ചലനാത്മകവുമായ പ്രൊസസ്സര്‍ എന്ന നിലയില്‍ തലച്ചോറിനെക്കുറിച്ചുള്ള ന്യൂറോ സയന്റിഫിക് ധാരണയുമായി യോജിക്കുന്നു. നമ്മുടെ തലച്ചോറിന് വിവരങ്ങള്‍ നിഷ്‌ക്രിയമായി ലഭിക്കുന്നില്ല; സെന്‍സറി ഇന്‍പുട്ട്, മെമ്മറി, വൈജ്ഞാനിക പ്രക്രിയകള്‍ എന്നിവയെ അടിസ്ഥാനമാക്കി അവ നിരന്തരം യാഥാര്‍ത്ഥ്യത്തെ നിര്‍മ്മിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ദൃശ്യങ്ങളും ആശയങ്ങളും അര്‍ത്ഥം സൃഷ്ടിക്കാന്‍ ഇടപഴകുന്ന ഒരു ഇടമാണ് എന്ന സ്‌ക്രീനിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ദെല്യൂസിന്റെ ചിന്തകള്‍  പ്രത്യേകിച്ച് സിനിമകള്‍ പുതിയ കാഴ്ചയും ചിന്തയും എങ്ങനെ സൃഷ്ടിക്കുന്നു എന്നതിലുള്ള അദ്ദേഹത്തിന്റെ ഊന്നല്‍ കല, സംഗീതം, സിനിമ എന്നിവയുള്‍പ്പെടെയുള്ള സൗന്ദര്യാത്മക അനുഭവങ്ങളോട് തലച്ചോറ് എങ്ങനെ പ്രതികരിക്കുന്നു എന്ന ന്യൂറോ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

സിനിമ കാണുമ്പോള്‍ മസ്തിഷ്‌കത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന പഠനത്തിന്റെ ഭാഗമായി സെര്‍ജിയോ ലിയോണിന്റെ (1966) 'ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി'യുടെ ആദ്യ 30 മിനിറ്റ് കാണാന്‍ തിരഞ്ഞെടുത്ത അഞ്ച് വളണ്ടിയര്‍മാരോട് ആവശ്യപ്പെട്ടു, അതേസമയം അവരുടെ മസ്തിഷ്‌കം എഫ്എംആര്‍ഐ ഉപയോഗിച്ച് സ്‌കാന്‍ ചെയ്തു. വളണ്ടിയര്‍മാരോട് സിനിമ കാണാന്‍ മാത്രമേ ആവശ്യപ്പെട്ടുള്ളൂ. എന്ത് കാണണമെന്ന് അവര്‍ക്ക് സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അവസരം കൊടുത്തു.  എന്നിരുന്നാലും അവരോട് തല നിശ്ചലമായി പിടിക്കാന്‍ ആവശ്യപ്പെട്ടു, കൂടാതെ പരീക്ഷണ സമയത്ത് എപ്പോള്‍ വേണമെങ്കിലും സിനിമ അവസാനിപ്പിച്ച് സ്‌കാനറില്‍ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനും അവര്‍ക്കുണ്ടായിരുന്നു. നിയന്ത്രണമില്ലാതെ സിനിമ കാണാന്‍ കഴിഞ്ഞിട്ടും, സിനിമയ്ക്ക് ഉത്തേജനത്തിന്റെ സങ്കീര്‍ണ്ണ സ്വഭാവം ഉണ്ടായിരുന്നിട്ടും, അഞ്ചു പ്രേക്ഷകരും ഉയര്‍ന്ന തലത്തില്‍ സമാനമായ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ചതായി ഫലങ്ങള്‍ കാണിച്ചു, ഇത് സിനിമകള്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്നു.

ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി സിനിമയില്‍ നിന്നും |PHOTO: WIKI COMMONS
ഒരു പഠനത്തില്‍ രണ്ട് വീഡിയോ ക്ലിപ്പുകള്‍ അടങ്ങിയിരിക്കുന്നു, അതില്‍ ഒന്ന് ഹിച്ച്‌കോക്കിന്റെ 'സൈക്കോ' എന്ന സിനിമയിലെ കുളിമുറിയില്‍  ഷവറില്‍ കുളിക്കുന്ന സ്ത്രീയുടെ കൊലപാതക രംഗമാണ്.  വീഡിയോയില്‍ അവസാന ഷോട്ടില്‍ ഒഴികെ സംഭാഷണങ്ങളൊന്നുമില്ല. രണ്ടാമത്തെ വീഡിയോ ബീജിംഗ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്ട് സ്‌കൂള്‍ കെട്ടിടത്തിന് പുറത്തുള്ള ഒരു സ്വാഭാവിക തെരുവ് രംഗമാണ്. സൈക്കോയില്‍ നിന്നുള്ള ആദ്യ വീഡിയോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, രണ്ടാമത്തെ വീഡിയോയ്ക്ക് ഒരു പ്രത്യേക ഇതിവൃത്തമോ ആഖ്യാനമോ ഇല്ല. ഇത് ദൈനംദിന ജീവിതത്തിന്റെ അനുകരണമാണ് എന്ന് പറയാം. രണ്ട് വീഡിയോകളും കറുപ്പിലും വെളുപ്പിലുമാണ്. രണ്ട്  വീഡിയോയുടെ ആസ്‌പെക്റ്റ് റേഷ്യോയും ദൈര്‍ഘ്യവും സമാനമാണ്. പരീക്ഷണത്തിനായി 10 പേരെയാണ് തിരഞ്ഞെടുത്തത്, അവരെല്ലാം 21 നും 25 നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു. അഞ്ച് പേര്‍ പുരുഷന്മാരും അഞ്ച് പേര്‍ സ്ത്രീകളുമായിരുന്നു, അവര്‍ സിനിമയോ കലയോ പഠിച്ചവരല്ലായിരുന്നു. പങ്കെടുത്തവരില്‍ ആരും മുമ്പ്  'സൈക്കോ' കണ്ടിട്ടില്ല. അവര്‍ കാണാന്‍ പോകുന്ന സിനിമകളുടെ ഉള്ളടക്കം അവര്‍ക്ക് അറിയില്ലായിരുന്നു.

'സൈക്കോ' ക്ലിപ്പ് കാണുമ്പോള്‍, തലച്ചോറിന്റെ പ്രവര്‍ത്തന മേഖലകള്‍ രണ്ടാമത്തെ ക്ലിപ്പിലെ സ്വാഭാവിക ദൃശ്യങ്ങള്‍ കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതലായിരുന്നു. അതായത്,  ആദ്യ ക്ലിപ്പ്  മൂലമുണ്ടാകുന്ന തലച്ചോറിന്റെ ഭാഗങ്ങളിലെ പ്രവര്‍ത്തനം രണ്ടാമത്തെ ക്ലിപ്പ്  മൂലമുണ്ടാകുന്ന പ്രവര്‍ത്തനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തീവ്രമായിരുന്നു. സാധാരണ ദൈനംദിന ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സൂക്ഷ്മമായി നിര്‍മ്മിച്ച ഒരു സിനിമാ ക്ലിപ്പ് കൂടുതല്‍ സ്ഥിരതയുള്ള വൈജ്ഞാനിക പ്രക്രിയയുടെ പാറ്റേണ്‍ സൃഷ്ടിച്ചു. ശാസ്ത്ര ഭാഷയില്‍,  'സൈക്കോ' ക്ലിപ്പ് കാണുന്ന  സമയത്ത് ബൈലാറ്ററല്‍ സുപ്പീരിയര്‍ ടെമ്പറല്‍ കോര്‍ട്ടെക്‌സ്, ലാറ്ററല്‍ വിഷ്വല്‍ കോര്‍ട്ടെക്‌സ്, ഫ്യൂസിഫോം, ഫ്രണ്ടല്‍ ഐ ഫീല്‍ഡുകള്‍ എന്നിവ വളരെയധികം സജീവമായി. ഈ മസ്തിഷ്‌ക മേഖലകള്‍ ദൃശ്യ, ശ്രവണ വിവര പ്രൊസസ്സിംഗില്‍ ഉള്‍പ്പെട്ടിരിക്കുന്നു, കൂടാതെ മുഖം തിരിച്ചറിയല്‍, കണ്ണിന്റെ ചലനം എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതായത്  തെരുവ്  രംഗം കാണുന്ന സമയത്ത്, മസ്തിഷ്‌കത്തിലെ മേല്‍ വിചാരിച്ച മേഖലകള്‍ വളരെ കുറച്ചേ പ്രവര്‍ത്തിച്ചുള്ളൂ, അല്ലെങ്കില്‍ സജീവമായിരുന്നില്ല.  സാങ്കല്‍പ്പിക ആഖ്യാനവും സസ്‌പെന്‍സിന്റെ നിര്‍മ്മാണവും പ്രേക്ഷകരെ ഉയര്‍ന്ന വൈജ്ഞാനിക തലത്തിലേക്ക് നയിക്കുകയും അവരെ കൂടുതല്‍ പോസിറ്റീവ് ധാരണയില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഈ ഫലം സൂചിപ്പിക്കുന്നു. സ്വാഭാവിക കാഴ്ചയേക്കാള്‍ ദൃശ്യ, ശ്രവണ പ്രൊസസ്സിംഗ്, അതുപോലെ തന്നെ സിനിമ കാണുന്നതില്‍ ശ്രദ്ധ, വസ്തു തിരിച്ചറിയല്‍ എന്നിവയുടെ വശങ്ങളിലാണ് പ്രേക്ഷകര്‍ കൂടുതല്‍ സജീവമാകുന്നത്.

'സൈക്കോ'യില്‍ നോര്‍മന്റെ ഒളിഞ്ഞുനോട്ടം പ്രേക്ഷകരുടെ തലച്ചോറിലെ സിഗ്‌നലുകളെ സജീവമാക്കുന്നു, ഹിച്ച്‌കോക്ക് ആഗ്രഹിച്ചതും അതുതന്നെയാണ്. നോര്‍മനെ ഒളിഞ്ഞുനോട്ടക്കാരനായി ഉപയോഗിച്ച്, പ്രേക്ഷകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ സീനില്‍ ഉള്‍പ്പെടുത്തുന്നതിനും ശബ്ദത്തെ കൈകാര്യം  ചെയ്യുന്നതില്‍ ഹിച്ച്‌കോക്ക് ശ്രദ്ധാലുവായിരുന്നു. നമ്മുടെ  ചെവികള്‍ ഭിത്തിയില്‍ അമര്‍ത്തിയപ്പോള്‍ അനുഭവപ്പെടുന്ന രീതിയില്‍ ഉച്ചത്തിലായിരുന്നു ശബ്ദങ്ങള്‍. അതേസമയം, ക്ലോസപ്പിലെ ആ വലിയ കണ്ണ് ആരും ഒരിക്കലും മറക്കില്ല, അത് ആഗ്രഹത്തിന്റെയും ഗൂഢാലോചനയുടെയും അസ്വസ്ഥതയുണ്ടാക്കുന്ന മിശ്രിതമാണ്.

ഹിച്ച്‌കോക്കിന്റെ 'സൈക്കോ' സിനിമയില്‍ നിന്നും| PHOTO: WIKI COMMONS
ചുരുക്കത്തില്‍, സിനിമ കാണുന്ന പ്രക്രിയയിലുടനീളം പ്രേക്ഷകരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തമായ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ട്, കൂടാതെ ഈ ഉയര്‍ച്ച താഴ്ചകള്‍ സിനിമയുടെ ഇതിവൃത്ത വികസനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളുമായി പൊരുത്തപ്പെടുന്നു, ഇതുതന്നെയാണ് ഹിച്ച്‌കോക്ക് ആഗ്രഹിച്ചതും. ഒളിഞ്ഞുനോട്ടം, കൊലപാതകം തുടങ്ങിയ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോഴും, ടോയ്ലറ്റ് ബൗള്‍, പത്രം തുടങ്ങിയ വസ്തുക്കള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോഴും തലച്ചോറിന്റെ ദൃശ്യ പ്രവര്‍ത്തന സിഗ്‌നല്‍ മൂല്യങ്ങള്‍ ഉയര്‍ന്നതായിരുന്നു.

എഡിറ്റിംഗിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, വേഗതയുള്ള  എഡിറ്റിംഗ് ഉപയോഗിച്ച ഷോട്ടുകളെല്ലാം പ്രേക്ഷകരെ ഉയര്‍ന്ന തലത്തിലുള്ള ദൃശ്യ പ്രവര്‍ത്തനത്തിലേക്ക് നയിച്ചു. ഉയര്‍ന്ന വേഗതയുള്ളതും, സാന്ദ്രവും, സ്ഥിരതയുള്ളതുമായ എഡിറ്റിംഗിലൂടെ സിനിമയില്‍ നിന്ന് സമ്പന്നമായ ദൃശ്യ ഉത്തേജനം ലഭിക്കുന്നതിനാല്‍, തലച്ചോറിന്റെ ദൃശ്യ ഭാഗങ്ങളെ വളരെയധികം ഉത്തേജിപ്പിക്കുന്നു. രണ്ടാമതായി, ലെന്‍സിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, വൈഡ് ദൃശ്യങ്ങളെ അപേക്ഷിച്ച്, ക്ലോസ്-അപ്പ് ഷോട്ടുകളില്‍ തലച്ചോറിന്റെ ദൃശ്യ മേഖലകള്‍ കൂടുതല്‍ സജീവമായിരിക്കും. ക്യാമറ ചലനത്തിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍, പ്രധാനപ്പെട്ട ആഖ്യാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗത്തെ ക്യാമറ ചലനങ്ങള്‍  തലച്ചോറിലെ ദൃശ്യ മേഖലകളില്‍ ഉയര്‍ന്ന രീതിയിലുള്ള  പ്രവര്‍ത്തനത്തിന് കാരണമായി.

'സൈക്കോ'യിലെ ഈ സീനിന് ഒരു മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ, പക്ഷേ സംവിധായകന്‍ ഏകദേശം 50 ലെന്‍സുകള്‍ ഉപയോഗിച്ചു, ക്യാമറയുടെ സ്ഥാനം  60ലധികം തവണ മാറ്റി. ദൃശ്യ രൂപകല്‍പ്പനയുടെ ആ വിശദാംശങ്ങള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല, പക്ഷേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് പ്രേക്ഷകരുടെ തലച്ചോറിലെ  ദൃശ്യ മേഖല വ്യക്തമായും പോസിറ്റീവായും വിവരങ്ങള്‍ സ്വീകരിക്കുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട് എന്നാണ്. അതിനാല്‍, കത്തി ഒരിക്കലും സ്ത്രീയെ കുത്തിയിട്ടില്ലെങ്കിലും, സിനിമയിലെ  തീവ്രമായ ദൃശ്യ ചലനങ്ങള്‍ അക്രമത്തിന്റെ ഒരു ഉജ്ജ്വലമായ അനുഭവം സൃഷ്ടിച്ചു, ഇതിലൂടെ ഭയത്തില്‍ എത്തപ്പെട്ട പ്രേക്ഷകര്‍ക്ക് അവരെ കുത്തിയതായി തോന്നിപ്പിച്ചു.

സമാന രീതിയില്‍  പ്രേക്ഷകരില്‍ എഡിറ്റിംഗ് ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിന്, ഒരു സിനിമയിലെ ഒരു സീക്വന്‍സിന്റെ ഷോട്ടുകളെ കൂട്ടിക്കുഴച്ച് കാലഘടനയില്‍ വ്യത്യാസങ്ങള്‍ വരുത്തി നാല് സീക്വന്‍സുകള്‍ സൃഷ്ടിച്ചു. ഒറിജിനല്‍ സീക്വന്‍സും  കൂട്ടിക്കുഴച്ച ഓരോ സീക്വന്‍സും  രണ്ടുതവണ പരീക്ഷണത്തിന് തിരഞ്ഞെടുത്ത പ്രേക്ഷകരെ കാണിച്ചു. ഒരേ സീക്വന്‍സിന്റെ ആവര്‍ത്തിച്ചുള്ള അവതരണങ്ങളിലുടനീളം പ്രതികരണങ്ങളുടെ പരസ്പരബന്ധം അളക്കാനാണ് ഇപ്രകാരം ചെയ്തത്.  ഈ ഫലങ്ങള്‍ കാണിക്കുന്നത്, ഷോട്ടുകളെ പുനഃക്രമീകരിച്ചപ്പോള്‍  വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് കീഴിലുള്ള തലച്ചോറിന്റെ ഭാഗങ്ങളിലെ പ്രതികരണങ്ങളില്‍ (ഷോട്ടുകളിലുടനീളം വിവരങ്ങള്‍ ശേഖരിക്കുകയും സിനിമയെ മൊത്തത്തില്‍ പ്രൊസസ്സ് ചെയ്യുകയും ചെയ്യുന്നവ) നാടകീയമായ സ്വാധീനം ചെലുത്തുമെന്നാണ്. എന്നാല്‍, സെന്‍സറി ബ്രെയിനിന്റെ ഭാഗങ്ങളിലെ പ്രതികരണങ്ങളില്‍ (ഒറ്റ ഷോട്ടുകള്‍ക്കുള്ളില്‍ തല്‍ക്ഷണ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യുന്നവ) കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.

ആൽഫ്രഡ് ഹിച്ച്കോക്ക് | PHOTO: WIKI COMMONS
മറ്റൊരു പഠനം സിനിമ കാണുമ്പോഴുള്ള പ്രേക്ഷകരുടെ കണ്ണുകളുടെ ചലനങ്ങളെ കുറിച്ചാണ്. പുറം ലോകം സങ്കീര്‍ണ്ണവും നമ്മുടെ തലച്ചോറിന്റെ ഗ്രഹിക്കാനുള്ള  വിഭവങ്ങള്‍ പരിമിതവുമാണ്. അതിനാല്‍, ഏറ്റവും പ്രസക്തമായ വിവരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മസ്തിഷ്‌കം ശ്രദ്ധാകേന്ദ്ര സംവിധാനങ്ങളെ ആശ്രയിക്കുന്നു. ഓരോ ഷോട്ടിലെയും ചില കാര്യങ്ങളുടെ / വസ്തുക്കളുടെ പ്രാധാന്യം അവതരിപ്പിക്കുന്നതിന് ചലച്ചിത്ര സംവിധായകര്‍ നിരവധി സിനിമാറ്റിക് സങ്കേതങ്ങള്‍ (ലൈറ്റിംഗ്, ഒരു ഷോട്ടിന്റെ ഘടന, ഫ്രെയിമിംഗ്, ചലനം അല്ലെങ്കില്‍ ചലനമില്ലായ്മ മുതലായവ) ഉപയോഗിക്കുന്നു, അതുവഴി കാഴ്ചക്കാരുടെ ശ്രദ്ധയും നേത്രചലനങ്ങളും നിയന്ത്രിക്കുന്നു. സിനിമയിലെ യാഥാര്‍ത്ഥ്യത്തെ ഫ്രെയിം ചെയ്യുക എന്ന ആശയം, പ്രേക്ഷകരുടെ  നോട്ടവും ശ്രദ്ധയും മുന്‍കൂട്ടി നിശ്ചയിച്ചതും നിയന്ത്രിതവുമായ രീതിയില്‍ തിരിച്ചുവിടാന്‍ ഉദ്ദേശിച്ചുള്ള ഒരു ഒഴിവാക്കല്‍, ഉള്‍പ്പെടുത്തല്‍ പ്രവൃത്തിയെ മുന്‍നിര്‍ത്തിയാണ്.

ഇവിടെയും ധാരാളം കട്ടുകളും ആക്ഷനും ഉള്ള ഒരു സിനിമയും, കട്ടുകളും ആക്ഷനും ഇല്ലാത്ത ഒരു സിനിമയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. ആദ്യത്തെ സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ ഓരോ ഷോട്ടിലും ഏകദേശം ഒരേ സമയം സമാനമായ വസ്തുക്കളില്‍ കാഴ്ച കേന്ദ്രീകരിച്ചു, അതായത്, സങ്കീര്‍ണ്ണമായ സ്ഥലപരമായ രൂപകല്‍പ്പന ഉണ്ടായിരുന്നിട്ടും, നോട്ടം ഫ്രെയിമിന്റെ വലതുവശത്തുള്ള നായകന്റെ പ്രവര്‍ത്തനങ്ങളിലാണ് കേന്ദ്രീകരിച്ചത്. എന്നാല്‍ ഒറ്റ ഷോട്ട് വീഡിയോയുടെ കാര്യത്തില്‍ ഇത് അങ്ങനെയായിരുന്നില്ല, അതില്‍ പ്രേക്ഷകരുടെ ശ്രദ്ധ ചലച്ചിത്ര സംവിധായകന്‍ നിയന്ത്രിക്കുന്നില്ല.  ഈ വീഡിയോ കാണുമ്പോഴുള്ള പ്രേക്ഷകരുടെ കണ്ണുകളുടെ ചലനങ്ങളുടെ വിശകലനത്തില്‍, പ്രക്ഷകര്‍ ഓരോ നിമിഷവും വ്യത്യസ്ത വസ്തുക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് മനസ്സിലായി. ഒരു ചലച്ചിത്രകാരന്‍ പ്രേക്ഷകരുടെ  നോട്ടം നയിക്കുന്നില്ലെങ്കില്‍, ഓരോ പ്രേക്ഷകരും ഓരോ നിമിഷവും വ്യത്യസ്ത വിവരങ്ങള്‍ ശ്രദ്ധിക്കുകയും പ്രൊസസ്സ് ചെയ്യുകയും ചെയ്യും, ഇത് പ്രേക്ഷകരില്‍  തലച്ചോറിന്റെ പ്രതികരണങ്ങളിലെ വ്യതിയാനം വര്‍ദ്ധിപ്പിക്കും.

ഈ രീതിയില്‍ സാധാരണ വിവക്ഷിക്കുന്ന രീതിയിലുള്ള ആക്ഷന്‍ ഇല്ലാത്ത, ആഖ്യാനം ഇല്ലാത്ത, കട്ടുകള്‍ ഇല്ലാതെ മന്ദതാളത്തിലുള്ള വളരെ ദൈര്‍ഘ്യമേറിയ ഷോട്ടുകള്‍ (ഒപ്പം വളരെ നിയന്ത്രിതവും മിനിമലുമായ ശബ്ദപഥവും) ഉള്ള സിനിമകള്‍ നമ്മെ ബോറടിപ്പിക്കുന്നു. (ഉദാഹരണം അരവിന്ദന്റെ പോക്കുവെയില്‍, കാഞ്ചന സീത, സായ് മിംഗ് ലിയാങ്ങിന്റെ വാക്കര്‍ സീരീസ്, ആന്‍ഡി വാറോളിന്റെ സിനിമകള്‍  മുതലായവ).

വര്‍ഷങ്ങളായി നാഡീശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണമായ ഒരു വികാരമാണ് വിരസത. താല്‍പ്പര്യമില്ലായ്മയോ പ്രവര്‍ത്തനരഹിതമോ ആണെന്ന ലളിതമായ ഒരു തോന്നല്‍ പോലെ തോന്നാമെങ്കിലും, വിരസത നമ്മുടെ തലച്ചോറിലും ശരീരത്തിലും കാര്യമായ സ്വാധീനം ചെലുത്തും. നമുക്ക് വിരസത അനുഭവപ്പെടുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവും.  കാരണം, നാം ഉത്തേജക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല. തല്‍ഫലമായി, നമ്മുടെ മസ്തിഷ്‌കം കുറച്ച് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ മാത്രം ഉത്പാദിപ്പിക്കുന്നു, അവ നമ്മുടെ ബോറടി മാറ്റാന്‍ സഹായിക്കുന്ന രാസവസ്തുക്കളല്ല.

Big-ticket movies help crowd silver screens but some still wait for digital  launch - CNBC TV18REPRESENTATIVE IMAGE | WIKI COMMONS
തലച്ചോറ് ഒരു ജോലിയില്‍ സജീവമായി ഏര്‍പ്പെടാത്തപ്പോള്‍ സജീവമാകുന്ന DMN-ന്റെ (Default Mode Network) പിന്‍ഭാഗമാണ് വിരസതയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തലച്ചോറ് മേഖല. വിരസതയ്ക്ക് നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടാകുമെങ്കിലും, അത് ഗുണം ചെയ്യും. നമുക്ക് ബോറടിക്കുമ്പോള്‍, നമ്മുടെ തലച്ചോറിന് ശാന്തമാകാനും വിശ്രമിക്കാനും റീചാര്‍ജ് ചെയ്യാനും അവസരമുണ്ട്. ഇത് വര്‍ദ്ധിച്ച സര്‍ഗ്ഗാത്മകതയ്ക്കും പ്രശ്‌നപരിഹാര കഴിവുകള്‍ക്കും കാരണമാകും. വിരസത തലച്ചോറിനെ ശ്രദ്ധ മാറ്റാനും പുതിയ ആശയങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പ്രേരിപ്പിക്കുകയും വൈജ്ഞാനിക വഴക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ''വിരസത എന്നത് ആധികാരികമായ പ്രവര്‍ത്തനത്തിന്റെ തുടക്കമാണ്. വിരസത പുതിയ ഇടപെടലുകള്‍ക്കുള്ള ഇടം തുറക്കുന്നു. വിരസതയില്ലാതെ സര്‍ഗ്ഗാത്മകത ഇല്ല'' എന്ന് സിസേക് .

അപ്പോള്‍ ''ശാന്തമായിരിക്കുന്ന  മനസ്സ്  ചെകുത്താന്റെ പണിപ്പുരയാണ്'' എന്ന ചൊല്ലിനെ പുനപരിശോധിക്കേണ്ടിയിരിക്കുന്നു. ഇറ്റാലിയന്‍ ഭാഷയില്‍  ശാന്തമായിരിക്കുന്നതിന് ഒരു പേരുണ്ട്: ''ഒന്നും ചെയ്യാതിരിക്കുന്നതിന്റെ മധുരം''. ഒരു മനോഹരമായ സംഗീത സൃഷ്ടിയുടെ അവിഭാജ്യ ഘടകമായ താല്‍ക്കാലിക വിരാമങ്ങളുമായി ഒന്നും ചെയ്യാതിരിക്കുന്നതിനെ താരതമ്യം ചെയ്തിട്ടുണ്ട്. ശബ്ദത്തിന്റെ അഭാവമില്ലെങ്കില്‍ സംഗീതം വെറും ഒച്ച  മാത്രമായിരിക്കും. ഇവിടെയും വിരാമങ്ങളെ പിന്നീട് ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകളായാണ് കാണുന്നത്. ശാന്തതയെ കുറിച്ച് ഇന്ത്യന്‍ തത്വചിന്തയിലും പല ആശയങ്ങളുണ്ട്, ശാന്തതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. കലാസ്വാദനത്തെ സംബന്ധിക്കുന്ന ഈ സമീപനം വളരെ ക്ലിനിക്കലും യാന്ത്രികവുമായി അനുഭവപ്പെടുന്നു. കാരണം കലാസ്വാദനം ഒരു സമവാക്യംപോലെയല്ലല്ലോ സംഭവിക്കുന്നത്. അപ്പോള്‍ മസ്തിഷ്‌കത്തിനും അപ്പുറം കലാസ്വാദനത്തില്‍ എന്തൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് ഇന്ത്യന്‍ സൗന്ദര്യശാസ്ത്രം കൂട്ടിനെത്തുന്നത്.

ഇന്ത്യന്‍ തത്വചിന്ത ജനനം, മരണം, പുനര്‍ജന്മം എന്നിവയുടെ ചക്രത്തില്‍ വിശ്വസിക്കുന്നു. നമ്മുടെ ആത്മാക്കള്‍ നിരവധി ജന്മങ്ങളിലൂടെ നിലനിന്നിട്ടുണ്ടെന്നും, ഈ ജീവിതത്തിലുടനീളം വ്യത്യസ്ത ശരീരങ്ങളില്‍ ഒരേ ആത്മാക്കളെ നമ്മള്‍ കണ്ടുമുട്ടിയിരിക്കാമെന്നും ഇത് സൂചിപ്പിക്കുന്നു. ആദ്യമായി കണ്ടുമുട്ടുന്ന ഒരാളുടെ മുഖം നമുക്ക് ഏറെ പരിചിതമായി അനുഭവപ്പെടാറുണ്ടല്ലോ. ഈ തിരിച്ചറിയല്‍ ഒരു മുന്‍കാല ഇടപെടലില്‍ നിന്നുള്ള സൂക്ഷ്മമായ പ്രതിധ്വനിയായിരിക്കാം, ഒരു കര്‍മ്മ ബന്ധത്തിന്റെ പുനരുജ്ജീവനമായിരിക്കാം. പൂര്‍വ്വജന്മ സ്മൃതിക്ക്  കലാസ്വാദനത്തിലും ഒരു വലിയ പങ്കുണ്ട്. അതുപോലെ സഞ്ചിത അബോധത്തെ കുറിച്ചും ഇന്ത്യന്‍ തത്വചിന്ത സംസാരിക്കുന്നുണ്ട്. അതായത്,  എല്ലാ ജീവജാലങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്ന അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ഒരു സഞ്ചയം.

'ഓരോ വസ്തുവിന്റെയും രൂപങ്ങളുടെയും ചിത്രങ്ങളുടെയും ശില്പങ്ങളുടെയും തനതായ ഭംഗിക്കപ്പുറം  ഓരോരുത്തര്‍ കാണുന്ന സൗന്ദര്യം അവരവരുടെ മനസ്സില്‍ എന്നോ പതിഞ്ഞ ആകാരങ്ങളുടെ, കണ്ടുവളര്‍ന്ന രൂപങ്ങളുടെ, ഉള്ളില്‍ പതിഞ്ഞ ഭാവങ്ങളുടെ സങ്കല്പങ്ങളുടെ, അതുണ്ടായ, അതുണ്ടാക്കിയ സാഹചര്യങ്ങളുടെ പ്രതിഫലനം കൂടി അനുസരിച്ചാവും. അതുവരെ കണ്ടിട്ടില്ലാത്തവയും സുന്ദരമാണെങ്കില്‍ അവയുടെ അഴകുപോലും അറിയുന്നത് മനസ്സില്‍ എന്നേയുള്ള സൌന്ദര്യസങ്കല്പങ്ങളുമായി മാറ്റുരച്ചാണ്. കണ്ടവ സുന്ദരമാണെങ്കില്‍ അവ മനസ്സില്‍ സുപ്തമായി കിടക്കുന്ന ഓര്‍മ്മകളുടെ ചെപ്പുകള്‍ പോലും തുറക്കും. കാളിദാസന് (കവിതയില്‍) അത് ഭാവസ്ഥിരങ്ങളായ  ജനനാനന്തര സൌഹൃദങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. മുമ്പെന്നോ കണ്ടതെന്നും അനുഭവിച്ചതെന്നും തോന്നുന്ന പ്രതീതി''  - ഡോ. കെ. രാജശേഖരന്‍ നായരുടെ  'ഞാന്‍ എന്ന ഭാവം' എന്ന പുസ്തകത്തില്‍ നിന്ന്.

NJAN ENNA BHAVAM: Buy NJAN ENNA BHAVAM by DR K.RAJASEKHARAN NAIR at Low  Price in India | Flipkart.comREPRESENTATIVE IMAGE WIKI COMMONS
തലച്ചോറിന്റെ ഘടന, പ്രവര്‍ത്തനം, വിവരങ്ങള്‍ എങ്ങനെ പ്രൊസസ്സ് ചെയ്യുന്നു എന്നിവയെക്കുറിച്ച്  ന്യൂറോസയന്‍സ് പഠിക്കുന്നു. നിലവിലെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയുടെ  രൂപീകരണം, സംഭരണം, വീണ്ടെടുക്കല്‍ എന്നിവയെല്ലാം ഇത് അന്വേഷിക്കുന്നു. ഓര്‍മ്മയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കാന്‍ നാഡീശാസ്ത്രത്തിന് നമ്മെ സഹായിക്കാനാകും, അതില്‍ 'ദേജാ വു' (ഇപ്പോള്‍ സംഭവിക്കുന്നത് മുമ്പ് അനുഭവിച്ചിട്ടുണ്ടെന്ന വിചിത്രമായ വികാരം)  പോലുള്ള പ്രതിഭാസങ്ങള്‍ ഉള്‍പ്പെടുന്നു, ഇത് പരിചയത്തിന്റെ ആത്മനിഷ്ഠമായ വികാരത്തെക്കുറിച്ച് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാം. മുന്‍കാല ജീവിതങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും, നമ്മുടെ മസ്തിഷ്‌കം അനുഭവങ്ങളെ എങ്ങനെ പ്രൊസസ്സ് ചെയ്യുന്നുവെന്നും വ്യാഖ്യാനിക്കുന്നുവെന്നത്തിലേക്കും ഇതിന്  വെളിച്ചം വീശാന്‍  കഴിയും. നാഡീശാസ്ത്രം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഇന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ഭാവിയിലെ ഗവേഷണങ്ങള്‍ ബോധത്തിന്റെയും ഓര്‍മ്മയുടെയും അതിരുകള്‍ പര്യവേക്ഷണം ചെയ്‌തേക്കാം. ഭാവിയിലെ കണ്ടെത്തലുകള്‍ തലച്ചോറ്, ബോധം, ഒരു ജീവിതകാലത്തിനപ്പുറമുള്ള ഓര്‍മ്മകള്‍ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കിയേക്കാം.

കലാസ്വാദനത്തെ സംബന്ധിച്ച് ഇന്ത്യന്‍ സൗന്ദര്യശാസ്ത്രം മറ്റ് രണ്ടു കാര്യങ്ങള്‍ - മനസ്സ്, പ്രതിഭ - കൂടി കൂട്ടിച്ചേര്‍ക്കുന്നു. ഈ  പദങ്ങള്‍ കലാസ്വാദന പ്രക്രിയയെക്കുറിച്ചുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.  മനസ്സ്  ധാരണ, ശ്രദ്ധ, ഓര്‍മ്മ, വികാരങ്ങള്‍ തുടങ്ങിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളുന്നു. നിറങ്ങള്‍, രൂപങ്ങള്‍, കോമ്പോസിഷന്‍  തുടങ്ങിയ കലയുടെ ദൃശ്യ ഘടകങ്ങളെ ഗ്രഹിക്കാന്‍ മനസ് നമ്മെ അനുവദിക്കുന്നു. കല വികാരങ്ങളെ ഉണര്‍ത്തുന്നു, ഈ വികാരങ്ങള്‍ പ്രൊസസ്സ് ചെയ്യുന്നതിനും അനുഭവിക്കുന്നതിനും മനസ്സ്  ഉത്തരവാദിയാണ്. കലാസൃഷ്ടി വിശകലനം ചെയ്യാനും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനും അതിനെ നമ്മുടെ നിലവിലുള്ള അറിവുമായും അനുഭവങ്ങളുമായും ബന്ധിപ്പിക്കാനും മനസ്സ്  നമ്മെ സഹായിക്കുന്നു.

പ്രതിഭ എന്ന പദം 'സ്വതസിദ്ധമായ കഴിവ് ' എന്ന രീതിയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ കലാസ്വാദനത്തിന്റെ പശ്ചാത്തലത്തില്‍, ഇത് അവബോധജന്യമായ ധാരണയ്ക്കും സൗന്ദര്യാത്മക സംവേദനക്ഷമതയ്ക്കുമുള്ള കഴിവായി മനസ്സിലാക്കാം. സൗന്ദര്യത്തെ ആസ്വദിക്കാന്‍ പ്രതിഭ നമ്മെ പ്രാപ്തരാക്കുന്നു. എന്തുകൊണ്ടെന്ന് നമുക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോലും, കലയുടെ സൗന്ദര്യാത്മക ഗുണങ്ങളെ തിരിച്ചറിയാനും അഭിനന്ദിക്കാനും ഇത് നമ്മെ അനുവദിക്കുന്നു. അതുപോലെ, ഒരു കലാസൃഷ്ടിയുടെ സൗന്ദര്യാത്മക രസം അല്ലെങ്കില്‍ സത്തയായ രസം എന്ന അതുല്യമായ ഗുണം അനുഭവിക്കാന്‍ പ്രതിഭ നമ്മെ അനുവദിക്കുന്നു. ഒപ്പം, കലാകാരന്റെ ഉദ്ദേശ്യം  അവബോധപൂര്‍വ്വം ഗ്രഹിക്കാനും അവരുടെ സൃഷ്ടിപരമായ ദര്‍ശനവുമായി ബന്ധപ്പെടാനും പ്രതിഭ നമ്മെ സഹായിക്കുന്നു.

കലയെ പൂര്‍ണ്ണമായി ആസ്വദിക്കുന്നതിന് മനസ്സും  പ്രതിഭയും അത്യാവശ്യമാണ്. കലയെ മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള വൈജ്ഞാനിക ചട്ടക്കൂട് മനസ്സ് നല്‍കുന്നു, അതേസമയം പ്രതിഭ അനുഭവത്തിന് അവബോധജന്യവും വൈകാരികവുമായ ഒരു മാനം നല്‍കുന്നു. പ്രതിഭയില്ലാത്ത മനസ്സ് വൈകാരികവും സൗന്ദര്യാത്മകവുമായ ആഴം ഇല്ലാതെ കലയെക്കുറിച്ചുള്ള പൂര്‍ണ്ണമായും ബൗദ്ധികമായ ധാരണയിലേക്ക് നയിച്ചേക്കാം. മനസ്സില്ലാത്ത പ്രതിഭ അര്‍ത്ഥത്തെയും സന്ദര്‍ഭത്തെയും കുറിച്ച് ആഴത്തിലുള്ള ധാരണയില്ലാതെ കലയെക്കുറിച്ചുള്ള ഉപരിപ്ലവമായ ആസ്വാദനത്തിന്  കാരണമായേക്കാം.

മനസ്സ് ഇതിനകം അറിയുന്ന, പരിചിതമായ  കാര്യങ്ങളെ മുറുകെ പിടിച്ചേക്കാം, അതായത്, മനസ്സിന് അതിന്റെ മുന്‍കാല അനുഭവങ്ങള്‍, പക്ഷപാതങ്ങള്‍, മുന്‍വിധികള്‍ എന്നിവയാല്‍ പരിമിതപ്പെടാനും കഴിയും. പരിചിതമായ ചിന്താരീതികളില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ അത് പുതിയ സാധ്യതകളില്‍ നിന്ന് അകന്നുപോകാന്‍ സാധ്യതയുണ്ട്.  എന്നാല്‍, സൃഷ്ടിപരമായ അവബോധം, പ്രചോദനം, ഭാവനാത്മക ഉള്‍ക്കാഴ്ച എന്നിവയുമായി ബന്ധപ്പെട്ട നിരവധി അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രതിഭ, തുറന്ന മനസ്സിനും സ്വീകാര്യതയ്ക്കും അനുവദിക്കുന്നു. അതിരുകളില്ലാത്തതും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നതുമായ സര്‍ഗ്ഗാത്മകതയുടെ ഒരു ഉറവിടം ഉപയോഗപ്പെടുത്താന്‍ ഇത് കലാകാരനെ പ്രാപ്തമാക്കുന്നു. പുതിയ ആശയങ്ങള്‍, രൂപങ്ങള്‍, വികാരങ്ങള്‍ എന്നിവയുടെ പര്യവേക്ഷണം അനുവദിക്കുന്നതിനാല്‍, യഥാര്‍ത്ഥ കലാപരമായ ആവിഷ്‌കാരത്തിന് ഈ തുറന്ന മനസ്സ് അത്യാവശ്യമാണ്.

ഗില്ലെസ് ഡെല്യൂസ് | PHOTO: FACEBOOK
മനസ്സ് അറിവ്, കഴിവുകള്‍, സാങ്കേതികത്വം എന്നിവയുടെ അടിത്തറ നല്‍കുന്നു, അതേസമയം പ്രതിഭ സര്‍ഗ്ഗാത്മകതയുടെ തീപ്പൊരി ജ്വലിപ്പിക്കുകയും കലാകാരനെ യഥാര്‍ത്ഥ ആവിഷ്‌കാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. രണ്ടിനുമിടയിലുള്ള ഒരു സന്തുലിതാവസ്ഥയാണ് ആവശ്യം, അവിടെ മനസ്സ് പ്രതിഭയ്ക്കുള്ള ഒരു ഉപകരണമായി വര്‍ത്തിക്കുന്നു.

ഇന്ത്യന്‍ കലാചിന്തകളില്‍ സഹൃദയന്‍ എന്നാല്‍ രചയിതാക്കളുടെ വികാരങ്ങളെയും അനുഭവങ്ങളെയും മനസ്സിലാക്കാനും അവയോട് പ്രതികരിക്കാനും കഴിവുള്ള ആളായിരിക്കും, രസങ്ങളെ ആസ്വദിക്കാനും സൃഷ്ടിക്ക് പുതിയ മാനങ്ങള്‍ നല്‍കാനും  കഴിവുണ്ടായിരിക്കണം. ഇതിലൂടെ പരമാനന്ദാവസ്ഥയില്‍ എത്താന്‍ കഴിയുന്ന പ്രേക്ഷകനാണ് പ്രകൃഷ്ട പ്രേക്ഷകന്‍.

ഇവിടെ ദെല്യൂസിന്റെ 'ചിന്തിക്കുന്ന മസ്തിഷ്‌കം' എന്ന ആശയം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. മസ്തിഷ്‌കത്തെ വെറുമൊരു വൈജ്ഞാനികാവയവമായി കാണുന്ന പരമ്പരാഗതവും നിശ്ചലവുമായ കാഴ്ചപ്പാടില്‍ നിന്ന് അദ്ദേഹം മുന്നോട്ട് നീങ്ങുന്നു. പകരം സാധ്യതകളുടെ ചലനാത്മകവും ഉത്പാദനപരവുമായ ഒന്നായി അദ്ദേഹം മസ്തിഷ്‌കത്തെ വിഭാവനം ചെയ്യുന്നു. ബന്ധങ്ങള്‍ രൂപീകരിക്കുന്നതിലും ശൃംഖലകള്‍ സൃഷ്ടിക്കുന്നതിലുമുള്ള മസ്തിഷ്‌കത്തിന്റെ പങ്ക് ദെല്യൂസ് ഊന്നിപ്പറയുന്നു. ഇത് കേന്ദ്രീകൃതമായ ഒരു ബിന്ദുവോ ശ്രേണിയോ ഇല്ലാത്ത 'റൈസോം' (Rhizome) എന്ന അദ്ദേഹത്തിന്റെ ആശയവുമായി യോജിക്കുന്നു. (ഏത് ബിന്ദുവിനേയും മറ്റേതൊരു ബിന്ദുവുമായി ബന്ധിപ്പിക്കുന്ന ശൃംഖലകളളെ വിവരിക്കുന്നതിനുള്ള ഒരു ആശയമാണ്  'റൈസോം'). വ്യത്യസ്ത ആശയങ്ങള്‍, സംവേദനങ്ങള്‍, അനുഭവങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധങ്ങള്‍ നിരന്തരം ഉണ്ടാക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു ഇടമായി അദ്ദേഹം മസ്തിഷ്‌കത്തെ കാണുന്നു.

സാധ്യതകളുടെ മണ്ഡലത്തെ സൂചിപ്പിക്കുന്ന 'വെര്‍ച്വല്‍ ' മണ്ഡലവുമായി മസ്തിഷ്‌കം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും, 'വെര്‍ച്വല്‍ ' സാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സ്ഥലമായി അത് പ്രവര്‍ത്തിക്കുന്നു എന്നും ദെല്യൂസ് കരുതുന്നു. അതായത്, നിലവിലുള്ള വിവരങ്ങള്‍ പ്രൊസസ്സ് ചെയ്യുക മാത്രമല്ല, പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും ചിന്തയുടെ പുതിയ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലും മസ്തിഷ്‌കം ഏര്‍പ്പെടുന്നു. നമ്മുടെ അനുഭവങ്ങളെ രൂപപ്പെടുത്തുന്ന തീവ്രതകളെയും വികാരങ്ങളെയും സൂചിപ്പിക്കുന്ന 'ഭാവ പ്രഭാവങ്ങളു'ടെ പ്രാധാന്യത്തെ ദെല്യൂസിന്റെ ചിന്ത ഊന്നിപ്പറയുന്നു. ഈ വീക്ഷണം മസ്തിഷ്‌കത്തെ സംബന്ധിക്കുന്ന വൈജ്ഞാനികമായ കാഴ്ചപ്പാടില്‍ നിന്ന് മുന്നോട്ട് പോകുന്നു. സ്ഥിരവും മുന്‍കൂട്ടി നിശ്ചയിച്ചതുമായ ഘടനകള്‍  എന്ന ആശയത്തെ അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തോടുള്ള സമീപനം നിരസിക്കുന്നു. മസ്തിഷ്‌കത്തിന്റെ വഴക്കവും നിരന്തരമായ മാറ്റത്തിനും  പൊരുത്തപ്പെടലിനുമുള്ള അതിന്റെ കഴിവും അദ്ദേഹം ഊന്നിപ്പറയുന്നു. മസ്തിഷ്‌കത്തെ അദ്ദേഹം അകത്തിനും പുറത്തിനും ഇടയിലുള്ള തുടര്‍ച്ചയായ ഇരുവശങ്ങളിലേക്കുമുള്ള നീക്കമായി കണക്കാക്കുന്നു, അതായത്, അവയ്ക്കിടയിലുള്ള ഒരു ചര്‍മ്മപാളിയാണത്.

പരസ്പരബന്ധിതത്വം, പ്രക്രിയ, വെര്‍ച്വല്‍ എന്നിവയെ കുറിച്ചുള്ള ദെല്യൂസിന്റെ ആശയങ്ങളെ ചില പഠിതാക്കള്‍  ഇന്ത്യന്‍ തത്വചിന്തയുടെ ചില വശങ്ങളുമായി ബന്ധിപ്പിക്കുന്നു. അതില്‍ പ്രധാനം  എല്ലാ പ്രതിഭാസങ്ങളുടെയും അസ്ഥിരതയേയും പരസ്പരബന്ധിതത്വത്തെയും കുറിച്ച് സംസാരിക്കുന്ന ബുദ്ധ തത്വചിന്തയും അതുപോലെ ബുദ്ധമതത്തിലെ 'ആശ്രിത ഉത്ഭവം' എന്ന ആശയവുമാണ്. കലാസ്വാദനത്തെ സംബന്ധിക്കുന്ന മുകളില്‍ വിശദീകരിച്ച ആശയങ്ങളുടെ പരിമിതിയായി എനിക്ക് തോന്നുന്നത്, ഇവ ആസ്വാദകന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അവസ്ഥകളെ പരിഗണിക്കുന്നില്ല എന്നാണ്. മാര്‍ക്‌സിസ്റ്റ് ചിന്തയില്‍, സാമൂഹിക രാഷ്ട്രീയ കാലാവസ്ഥ കലാസ്വാദനത്തെ സാരമായി ബാധിക്കുന്നു. മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമനുസരിച്ച്, ഒരു സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയാണ് അതിന്റെ ഉപരിഘടനയെ നിര്‍ണ്ണയിക്കുന്നത്, അതില്‍ കല, സംസ്‌കാരം, പ്രത്യയശാസ്ത്രം എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍, കല ഒരു ശൂന്യതയില്‍ സൃഷ്ടിക്കപ്പെടുന്നില്ല, മറിച്ച് ഒരു പ്രത്യേക ചരിത്ര കാലഘട്ടത്തിലെ ഭൗതിക സാഹചര്യങ്ങളിലും വര്‍ഗ ബന്ധങ്ങളിലും ആഴത്തില്‍ വേരൂന്നിയതാണ്.

Neuro & Digital Marketing Lab IQS | IQSREPRESENTATIVE IMAGE | WIKI COMMONS
മാര്‍ക്‌സിസ്റ്റ് വീക്ഷണകോണില്‍, കലാ ആസ്വാദനം ഒരു നിഷ്പക്ഷമോ വസ്തുനിഷ്ഠമോ ആയ അനുഭവമല്ല, മറിച്ച് കാഴ്ചക്കാരന്റെ സാമൂഹിക വര്‍ഗ്ഗവും ഉല്‍പാദന മാര്‍ഗങ്ങളുമായുള്ള അവരുടെ ബന്ധവുമാണ് രൂപപ്പെടുത്തുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ അവരുടെ വ്യത്യസ്ത അനുഭവങ്ങളും താല്‍പ്പര്യങ്ങളും കാരണം ഒരേ കലാസൃഷ്ടിയെ വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിക്കുകയും ആസ്വദിക്കുകയും ചെയ്യും.

ഇന്ന് ന്യൂറോ മാര്‍ക്കറ്റിംഗ് എന്നൊരു മേഖല സജീവമാണ്. ന്യൂറോ സയന്‍സ്, മനഃശാസ്ത്രം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഉപകരണങ്ങളും രീതിശാസ്ത്രങ്ങളും ഇത് കടമെടുക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം അളക്കുന്നതിനുള്ള രീതികളിലൂടെ ഉപഭോക്തൃ തീരുമാനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രചോദനങ്ങളെ മനസ്സിലാക്കുകയാണ് ഈ മേഖലയിലെ ഗവേഷണം ചെയ്യുന്നത്.  കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകളും തന്ത്രങ്ങളും മെനയുക എന്നതാണ്  ഇവരുടെ ലക്ഷ്യം.  ഇതിലൂടെ കാമ്പെയ്ന്‍ പരാജയങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവും ഉണ്ട്. ആത്യന്തികമായി മാര്‍ക്കറ്റിംഗ് താല്‍പ്പര്യങ്ങളുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ആളുകളുടെ യഥാര്‍ത്ഥ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പരുവപ്പെടുത്തുക എന്ന ലക്ഷ്യവും ഉണ്ട്.

സിനിമയോടുള്ള വൈജ്ഞാനിക സമീപനം ചലച്ചിത്ര പഠനത്തിന് ഒരു പുതിയ സൈദ്ധാന്തിക പാതയല്ല.  വാസ്തവത്തില്‍, 1980-കള്‍ മുതല്‍ ഇത് പ്രബലമായ ഒരു പര്യവേക്ഷണ രീതിയാണ്.  ഗ്രിഗറി ക്യൂറി, ടോര്‍ബെന്‍ ഗ്രോഡല്‍, ട്രെവര്‍ പോണെക്, ഡേവിഡ് ബോര്‍ഡ്വെല്‍, നോയല്‍ കരോള്‍, മുറെ സ്മിത്ത് തുടങ്ങിയ ചലച്ചിത്ര പണ്ഡിതര്‍, മനുഷ്യ മാനസിക പ്രക്രിയകളെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി  ചലച്ചിത്ര ധാരണ, തിരിച്ചറിയല്‍, വ്യാഖ്യാനം, ഗ്രഹിക്കൽ എന്നിവയെക്കുറിച്ച് വിപുലമായി എഴുതിയിട്ടുണ്ട്.  ന്യൂറോസയന്‍സ് വൈജ്ഞാനികവും സാമൂഹികവുമായ മനഃശാസ്ത്രത്തിന് നല്‍കിയ സംഭാവനകള്‍ക്ക് സമാനമായി ചലച്ചിത്ര സിദ്ധാന്തത്തിനും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും.

സമീര്‍ സേക്കി, അഞ്ജന്‍ ചാറ്റര്‍ജി, ഉറി ഹാസണ്‍, ദെല്യൂസ്, ഉദയന്‍ വാജ്‌പേയി, ഡോ. കെ.രാജശേഖരന്‍ നായര്‍ എന്നിവരുടെ ആശയങ്ങള്‍ ഈ ലേഖനമെഴുതാന്‍ പ്രചോദനമായിട്ടുണ്ട്.






#cinema
Leave a comment