TMJ
searchnav-menu
post-thumbnail

TMJ Cinema

സര്‍വ്വരാജ്യകാണികളെ സംഘടിക്കുവിന്‍

07 Dec 2023   |   7 min Read
നൗഫല്‍ മറിയം ബ്ലാത്തൂർ

കേരളത്തിലെ ഏറ്റവും വലിയ ജനകീയ ഉത്സവങ്ങളിലൊന്നായ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഡിസംബറില്‍ തിരുവനന്തപുരത്ത് കൊടിയേറാന്‍ പോകുന്നു, മറ്റൊരു ഫിലിം ഫെസ്റ്റിവല്‍ കാലം കൂടി. അതുവരെ സിനിമ കണ്ടതൊന്നും പോരാ എന്ന് തോന്നുംവിധം ഇരട്ടിയാവും ഇമോഷണല്‍ അത്യാചാര്‍. തീര്‍ത്ഥാടകര്‍ ഹൃദയത്തില്‍ ഓര്‍മ്മകളുടെ, പ്രതീക്ഷകളുടെ കെട്ടുനിറ തുടങ്ങും. ഏതൊക്കെയാവും ഇത്തവണത്തെ സിനിമകള്‍? എവിടെയാണ് താമസം? കൂട്ടരെ വിളിച്ചു രജിസ്റ്റര്‍ ചെയ്‌തെന്ന് ഉറപ്പിക്കും. ഐ.എഫ്.എഫ്.കെയ്ക്ക് മാത്രം പുതുക്കുന്ന ചില വര്‍ഷാന്ത്യ സൗഹൃദങ്ങളുണ്ട്. ഡിസംബര്‍ മാസത്തിലെ ആദ്യവെള്ളിയാഴ്ചയാണ് iffk തിരശ്ശീല ഉയരുക. വെള്ളിയാഴ്ചയ്ക്ക് ഒരു ഫ്‌ലാഷ്ബാക്കുണ്ട്. വെള്ളിയാഴ്ച പടം മാറുന്ന ദിവസങ്ങളില്‍ സിനിമയ്ക്ക് പോയതിന്  മദ്രസയില്‍ നിന്നും കിട്ടിയ ചൂരലിന്റെ ചൂട്. സിനിമ കണ്ടത് വെള്ളിയാഴ്ച ആയതുകൊണ്ട് ശിക്ഷയുടെ പോരിശ കൂടും. ആ കുട്ടി നന്നായിട്ടില്ല, ജീവിതത്തിന്റെ തല്ല് ഏറെ കൊണ്ടിട്ടും. ഫെസ്റ്റിവലില്‍ നിന്നും ഫെസ്റ്റിവലിലേക്ക് സിനിമ എന്ന ഡോപമിന്‍ ശമിക്കാതെ അലയുന്നു. അശ്വത്ഥാമാവിനെ പോലെ, ഗതി കിട്ടാതെ. കോന്തലയ്ക്കല്‍ കെട്ടിയ നാട്ടിന്‍പുറ തിയേറ്ററോര്‍മ്മകയ്പ്പിന് പഴകുന്തോറും മധുരം കൂടി  വരുന്നു.

'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്', 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍', 'ബൈസിക്കിള്‍ തീവ്‌സ്', ചാര്‍ളി ചാപ്ലിന്റെ സിനിമകള്‍ ഒക്കെ ഒരു ഉള്‍നാടന്‍ നാട്ടുമ്പുറത്ത് പീടികയുടെ വെള്ളവലിച്ച ചുവരില്‍ വിരുന്നുവന്ന കാലം. വിരലിലെണ്ണാവുന്ന ആ സദസ്സില്‍ മുന്‍പന്തിയില്‍ ഞാനുമുണ്ടായിരുന്നു. നാട്ടിലെ ഏതെങ്കിലും മാഷന്മാര്‍ സബ്ടൈറ്റില്‍ മലയാളത്തിലാക്കി പറഞ്ഞുതരും. വൈകിവീട്ടിലെത്തിയതിന്റെ വഴക്ക്. രണ്ടക്ഷരം പഠിക്കാനുള്ള നേരത്ത് പോയി സിനിമ കണ്ടതിന്റെ പുകില് വേറെ. അതിന്റെ നീറ്റലും പുകച്ചിലും വീട്ടിലെ അന്തരീക്ഷത്തില്‍ ദിവസങ്ങളോളം പഴുത്തുകിടക്കും. അപ്പോഴും വേണ്ടെന്ന് തോന്നുന്നില്ല ഉള്ളില്‍, ഇനിയും സിനിമകള്‍ കാണണമെന്ന് തന്നെയാണ് മനസ്സ് ആ കുട്ടിയോട് പറയുന്നത്. ശുഭപര്യവസായിയല്ലാത്ത കഥകള്‍. അതുവരെ മലയാളസിനിമകളില്‍ കണ്ടതില്‍ നിന്നും വേറിട്ട ഒരു ലോകം. മറ്റൊരു  കാഴ്ചയോട്, പ്രമേയത്തോട്, സന്ദര്‍ഭങ്ങളോട് മനസ്സ് എല്ലാരീതിയിലും ഐക്യപ്പെട്ടു. 'ചില്‍ഡ്രന്‍ ഓഫ് ഹെവന്‍', 'വേര്‍ ഈസ് മൈ ഫ്രണ്ട്‌സ് ഹോം', 'ടര്‍ട്ടില്‍സ് കാണ്ട് ഫ്ളൈ' - ഇറാനിയന്‍ സിനിമകളുടെ പ്രമേയപരിസരങ്ങള്‍ ഉള്ള് പൊള്ളിച്ചു. ഉറങ്ങാനാകാത്ത ഇരുട്ടില്‍ സ്വപ്നങ്ങള്‍ മറ്റൊരു സിനിമ മെനഞ്ഞു.


ബൈസിക്കിള്‍ തീവ്‌സ് | PHOTO: WIKI COMMONS
രണ്ട് വര്‍ഷംകൂടി കഴിയുമ്പോള്‍ കേരളാ ഫിലിം ഫെസ്റ്റിവലിന് മുപ്പത് വയസ്സാകുന്നു. ആ വയസ്സിന്റെ പകുതിദൂരം ഒപ്പം സഞ്ചരിച്ച ഒരു കാണി കഴിഞ്ഞ പതിനഞ്ച് ഫെസ്റ്റിവലുകള്‍ ഓര്‍മ്മിച്ചെടുക്കുന്നു. ഗോവന്‍ ഫിലിം ഫെസ്റ്റിവലിന്റെ വര്‍ണ്ണങ്ങളില്‍ ഭംഗിയായി ഒളിപ്പിച്ച മൂന്നാംലോകരാജ്യ യാഥാര്‍ത്ഥ്യങ്ങളാണ് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഫെസ്റ്റിവല്‍ എക്കാലത്തും തുറന്നു കാണിച്ചത്. 2008 ല്‍ പതിമൂന്നാമത്തെ ചലച്ചിത്രമേളയിലാണ് ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്. ഓരോ തിയേറ്ററിലേക്കും ഇരച്ചുകയറുന്ന ജനക്കൂട്ടം എന്നെ അത്ഭുതപ്പെടുത്തി. 'ലൈലാസ് ബര്‍ത്ത് ഡേ' ആയിരുന്നു അന്നത്തെ ഉദ്ഘാടനചിത്രം. കേതന്‍മേത്ത, ബുദ്ധദേവ്ദാസ് ഗുപ്ത, ശ്യാം ബെനഗല്‍ തുടങ്ങി ഇന്ത്യന്‍ ഓഥേര്‍സിന്റെ സിനിമകളാണ് അന്ന് എന്നെ ആകര്‍ഷിച്ചത്. ശ്യാം ബെനഗലിനെ എന്‍.എഫ്.ഡി.സി സിനിമകള്‍ വഴി ദൂരദര്‍ശനിലൂടെ കണ്ടിട്ടുണ്ടായിരുന്നു. സമീറ മക്ബല്‍ഫിന്റെ 'അറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍' എന്ന സിനിമ കണ്ടതോര്‍ക്കുന്നു. അലന്‍ റെനെയുടെ 'ഹിരോഷിമ മോണ്‍ അമോര്‍' മുമ്പ് കണ്ട ഓര്‍മയുണ്ട്. അന്ന് റെനെ സ്മൃതിയായി പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ കണ്ട് ഫെസ്റ്റിവല്‍ തീരുന്നതിനു മുമ്പേ സ്ഥലം വിടുകയാണ് ഉണ്ടായത്. 2009 ല്‍ അസ്ഹര്‍ ഫര്‍ഹാദിയുടെ 'എബൗട്ട് എല്ലി' എന്ന സിനിമ സംഭവിക്കുന്നു. അതിന്റെ വൈകാരിക ലോകങ്ങള്‍...കിരോസ്താമിയുടെ 'ഷിറിന്‍' എന്ന സിനിമ കാണിയുടെ കണ്ണില്‍ ക്ലോസ് അപ്പ് ചെയ്ത പുതുമയില്‍ അമ്പരന്നുപോയി. 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' ല്‍ നിന്നും ലാര്‍സ് വോണ്‍ ടയറുടെ 'ആന്റിക്രൈസ്റ്റില്‍' എത്തുമ്പോള്‍ പ്രമേയത്തിലും രൂപത്തിലും കുതറുന്ന ഒരു കാണി എന്നില്‍ രൂപപ്പെടാന്‍ തുടങ്ങിയിരുന്നു. കിം കി ഡുക്കിനെ പോലുള്ള സംവിധായകര്‍ പ്രേക്ഷകരുടെ സിരകളില്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു അത്. ആ വര്‍ഷം കിം കിയുടെ സിനിമ 'ഡ്രീം' തിരക്കുകൊണ്ട് കാണാന്‍ പറ്റിയില്ല. സിനിമ മനസ്സിലാക്കാന്‍ സബ് ടൈറ്റില്‍ വായിച്ചെടുക്കണം  എന്ന ഭാഷാപ്രശ്‌നം, അത് ചെറുതല്ലാത്ത പണിയായിരുന്നു. വായിച്ചെടുക്കുമ്പോഴേക്ക് കാണുന്ന സിനിമയിലെ ദൃശ്യത്തിന്റെ ഒഴുക്ക് നഷ്ടപ്പെടും. ഇതില്‍ എനിക്ക് നല്ല വിഷമം തോന്നിയിരുന്നു. 'മദര്‍ ഇന്‍ലോ' പോലെയുള്ള സിനിമകള്‍ ഒരു സംഭാഷണവും ഇല്ലാതെ സംവേദനം നടത്തിയത് ഒരു ആശ്വാസം ആയിരുന്നു. ചലച്ചിത്രത്തിന്റെ ഭാഷ പ്രാഥമികമായി ദൃശ്യം തന്നെയാണെന്ന ഒരു ചിന്ത എന്നില്‍ ബലപ്പെട്ടുവന്നു. ഫെസ്റ്റിവലിലെ മികച്ച കാണികളില്‍ പലരും ഇംഗ്ലീഷ് ഭാഷയില്‍ അടിസ്ഥാന വ്യുല്പത്തി പോലുമില്ലാത്തവരായിരുന്നു. 'ഇംഗ്ലീഷ് അറിയാത്തവര്‍ ഫെസ്റ്റിവലിന് വരേണ്ടതില്ല' എന്ന അടൂരിന്റെ പ്രസ്താവന ചലച്ചിത്രത്തിന്റെ യഥാര്‍ത്ഥ രൂപത്തെ മറച്ചുപിടിച്ചുകൊണ്ട് കാണികളുടെമേല്‍ അധികാരപ്രയോഗം നടത്തുന്നതായി പിന്നീട് തോന്നി.

ഈ രണ്ടുഫെസ്റ്റിവലോടെ സിനിമയെക്കുറിച്ചു മാത്രമല്ല ജീവിതത്തെക്കുറിച്ചു തന്നെയുള്ള കാഴ്ചപ്പാട് മാറി മറിഞ്ഞു. സിനിമ ഒരു നേരമ്പോക്കല്ല എന്ന് മനസ്സിലായി. ക്ഷയിച്ച തറവാട്ടിലെ ഉത്സവം നടത്താന്‍ ഒരുമ്പെടുന്ന നായകനില്‍ നിന്നും കാഴ്ചയുടെ അനുശീലനം മാറി. അടുത്ത നിമിഷത്തില്‍ താന്‍ നില്‍ക്കുന്ന ഇടം തന്നെ നഷ്ടപ്പെടാന്‍ തുടങ്ങുകയാണെന്ന് തിരിച്ചറിയുന്ന മനുഷ്യന്റെ വ്യക്തിപരവും- കൂട്ടായതുമായ പോരാട്ടങ്ങള്‍ മുന്നില്‍ നിറഞ്ഞു. ആഭ്യന്തര യുദ്ധങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരുന്ന ലാറ്റിന്‍-ആഫ്രോ രാജ്യങ്ങളിലെ ജീവിതങ്ങള്‍, മനുഷ്യരായിപ്പോലും ഗണിക്കാത്ത പടിഞ്ഞാറന്‍ ഏഷ്യയിലെ സ്ത്രീ സ്വത്വങ്ങള്‍, ചോരകൊണ്ട് നിര്‍ണ്ണയിക്കപ്പെട്ട ഇസ്രായേല്‍-പലസ്തീന്‍ അതിര്‍ത്തികളെ പ്രണയംകൊണ്ട് മായ്ക്കുന്ന യുവത, തന്റെ ജെന്‍ഡറിനെ ആവിഷ്‌കൃതമാക്കി വിയോജിക്കുന്ന അസ്തിത്വങ്ങള്‍. അങ്ങനെ ഒരു വന്‍ജനാവലി അകമേ ഇരമ്പിക്കയറി. ആ കൂട്ടത്തില്‍ സ്വയം നഷ്ടപ്പെട്ട ഒരു ഞാനാണ് ഫെസ്റ്റിവല്‍ നഗരിയില്‍ നിന്നും ഓരോ വര്‍ഷവും തിയേറ്റര്‍ വിട്ട് ഇറങ്ങുന്നത്. ഈ മഹായാനത്തില്‍ അണിചേരുമ്പോള്‍ നമ്മള്‍ ഒരു ചക്രച്ചുഴിയില്‍ എന്നപോലെ പെട്ടുപോകുന്നു. ഓരോ ഡിസംബറിലും ഈ പദയാത്ര പുതിയ മേഖലകള്‍ തേടുന്നു. ''മനുഷ്യന്റെ പ്രശ്‌നം ലോകത്ത് എല്ലായിടത്തും ഒന്നാണെടോ''എന്ന ശ്രീനിവാസന്‍ ഡയലോഗ് ഇവിടെ വെറുമൊരു തമാശയല്ലാതാകുന്നു. ഈ 'ഡിസംബര്‍ വിപ്ലവത്തില്‍' ഒരു സാര്‍വ്വദേശീയ കാണി ഉയിര്‍ത്തുവരുന്നു.


PHOTO: WIKI COMMONS
2010 മുതലാണ് ഫെസ്റ്റിവലില്‍ മുഴുവന്‍സമയ കാഴ്ചക്കാരനാവുന്നത്. അപ്പോഴേക്കും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിലൂടെ സിനിമയുടെ രൂപത്തെക്കുറിച്ച് ഒരു ധാരണ വന്ന കാണി ഉള്ളില്‍ രൂപാന്തരപ്പെട്ടിരുന്നു.  വേര്‍നര്‍ ഹെര്‍സോഗിനായിരുന്നു ആ വര്‍ഷം ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ്. 'റാത്ത് ഓഫ് ഗോഡ്' എന്ന ഇതിഹാസ സിനിമ കാണുമ്പോള്‍ അതിന്റെ സൃഷ്ടാവിനെ നേരിട്ട് കാണാന്‍ പറ്റുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. പിന്നീട് 2022 വരെയുള്ള ഫെസ്റ്റിവലുകളില്‍ കണ്ടുതീര്‍ത്ത എണ്ണമറ്റ സിനിമകള്‍. 'സെപ്പറേഷന്‍', 'കളര്‍ ഓഫ് മൗണ്ടൈന്‍' ,'പ്രസിഡന്റ്',  'നെറ്റ്',  'മെഫിയൂസ്' , 'ബ്ലൂ ഇസ് ദ വാമസ്റ്റ് കളര്‍' , 'കോണ്‍ അയലന്‍ഡ്', 'മിഡ് നൈറ്റ് ചില്‍ഡ്രന്‍', 'ഡി ജാം'...... ഇങ്ങനെ വരിനിന്നും നിരതെറ്റിച്ചും ഇടികൂടിയും കണ്ട എത്രയെത്ര സിനിമകള്‍ ! 'ഭാര്‍ഗ്ഗവീ നിലയം', 'തമ്പ്' തുടങ്ങിയവയുടെ പരിഷ്‌കരിച്ച തിയേറ്റര്‍ പതിപ്പുകള്‍. കിം കി ഡുക്, ഫെര്‍ണാണ്ടോ സൊളാനേസ്, കാര്‍ലോസ് സോറ, മജീദി മജീദി തുടങ്ങി അതികായരെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിലൂടെ കണ്ടു. ഇവരെ നേരിട്ട് കാണാനുള്ള മലയാളിയുടെ മോഹമാണോ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിലൂടെ സംഘാടകര്‍ സാധ്യമാക്കുന്നത് എന്നും സംശയമുണ്ട്.

ഫെല്ലിനി, ഗൊദാര്‍ദ്, ബെര്‍ഗ്മാന്‍, കുറസോവ, ബ്രെസ്സന്‍, കിസ്ലോവ്‌സ്‌കി, മൃണാള്‍ സെന്‍ തുടങ്ങിയ മാസ്റ്റേഴ്‌സിന്റെ സ്മൃതി പരമ്പരകളിലൂടെ അവരുടെ മുഴുവന്‍ സിനിമകളും കാണാനുള്ള അവസരം  ഐ.എഫ്.എഫ്.കെയിലാണ് സാധ്യമായത്. 2011 ല്‍ കേരളത്തിന്റെ ഭരണകൂടമാറ്റത്തെ അന്നത്തെ സംഘാടകര്‍ 'ദ ഹൗത്രോണ്‍ ട്രീ' എന്ന സിനിമ ഉദ്ഘാടനചിത്രമാക്കികൊണ്ട് അടയാളപ്പെടുത്തി. ചൈനീസ് സാംസ്‌കാരിക വിപ്ലവത്തെ വിമര്‍ശിക്കുന്ന ഒരു അടര് അതിനുണ്ടായിരുന്നു. 2016 ല്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ നിര്‍ബന്ധിതമായി എഴുന്നേല്‍ക്കണം എന്ന ആചാരത്തിന് ഏറ്റവും കൂടുതല്‍ വിയോജിപ്പുണ്ടായത് ഫിലിം ഫെസ്റ്റിവലിലാണ്. സിനിമ കാണല്‍ വെറും വിനോദമല്ല ഒരു രാഷ്ട്രീയ ഇടപെടല്‍ കൂടിയായി പരിണമിക്കുന്നു. പ്രളയകാലത്തും കൊറോണ സമയത്തും ഈ സാംസ്‌കാരിക സംഗമം വേണ്ടെന്നു വയ്ക്കാന്‍ മലയാളി ഒരുക്കമായിരുന്നില്ല. കൊറോണക്കാലമല്ലെങ്കില്‍ തന്റെ കൊക്കൂണ്‍ വിട്ട് ഗൊദാര്‍ദ് പ്രതിരോധകാഴ്ചകളുടെ ഈ സംഗമ വേദിയില്‍ ഒരു പക്ഷേ നേരിട്ട് വന്നുചേരുമായിരുന്നു എന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.


ദ ഹൗത്രോണ്‍ ട്രീ | PHOTO: WIKI COMMONS
യാഥാര്‍ത്ഥ്യങ്ങള്‍ ഒപ്പിയെടുത്ത ചലച്ചിത്രത്തിന്റെ തനതുഭാഷ മലയാള ചലച്ചിത്രകാരന്മാര്‍ അന്വേഷിക്കാന്‍ തുടങ്ങിയതില്‍ ഫിലിം ഫെസ്റ്റിവലിന് വലിയൊരു പങ്കുണ്ട്. ഏത് നാട്ടിലും വിനിമയം സാധ്യമായ ചലച്ചിത്രഭാഷയുടെ തേടല്‍, ഫെസ്റ്റിവല്‍ കഴിഞ്ഞാലും മലയാളികാണിയുടെ കൂടെ പോരുന്നുണ്ട്. ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, വിധു വിന്‍സെന്റ്, മനോജ് കാന, വിപിന്‍ വിജയ് തുടങ്ങി   കാണികള്‍ക്കിടയില്‍ നിന്നും സംവിധായകരായി രൂപാന്തരം പ്രാപിച്ചവര്‍ അനവധിയുണ്ട്. രജത ചകോരങ്ങളിലേക്ക് മലയാളം നടന്ന കണ്‍വഴികളുണ്ട്. ഏതെങ്കിലും നടന്റെ നടിയുടെ ആരാധകസമൂഹമായിരുന്നില്ല അത്. ഫെസ്റ്റിവലില്‍ അനുഭവിച്ച എന്തോ ഒന്ന് തന്റെ നാട്ടിലെ ഫ്രെയിമുകളില്‍ അവള്‍/അയാള്‍ പരതുന്നു. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കിം കി ഡുക്കിന്റെ സിനിമകള്‍ കാണാന്‍ കാത്ത് കാല്‍കഴച്ചു നിന്ന കാണികളുടെ ഇങ്ങേപകുതിയില്‍ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമ കാണാന്‍ ടാഗോര്‍ തിയേറ്ററിനു മുന്നില്‍ നിറയുന്ന കാണികള്‍ തേടുന്നത് മറ്റെന്താണ്? സംവിധായകന് കിട്ടിയ നവീന താരപദവിയില്‍ ചലച്ചിത്രമേളയ്ക്ക് വലിയ സ്വാധീനമുണ്ട്. ഫെസ്റ്റിവല്‍ സിനിമകള്‍ കാണിയില്‍ പുതിയ കാഴ്ചാവഴക്കം നിര്‍മ്മിച്ചെടുത്തിട്ടുണ്ട്.

പ്രമുഖരും അല്ലാത്തവരും പലതരം അഭിരുചികളും ആഭിമുഖ്യങ്ങളും ഉള്ളവരുമായ ഒരു പൊതുകൂട്ടായ്മ ചലച്ചിത്രോത്സവത്തിലെ കാണിസമൂഹത്തിലുണ്ട്. കൈരളിതിയേറ്ററിനു പുറത്ത് കവിത ചൊല്ലിയും പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും അസംതൃപ്തകാണികളുടെ നേതാവായി നില്‍ക്കുന്ന എ.അയ്യപ്പനെ കണ്ടതോര്‍ക്കുന്നു. 2010 ല്‍ കെ.ജി.ജോര്‍ജ്ജിന്റെ തൊട്ടരികിലിരുന്ന് സിനിമ കണ്ട കടുത്ത ആരാധകന്റെ വിലപിടിച്ച നിമിഷം ഫോട്ടോ പൊയ്‌പോയിട്ടും മായാതെ നില്‍ക്കുന്നു. കവി വിനയചന്ദ്രന്‍ മാഷോട് സൗഹൃദം പങ്കുവെച്ച തിയേറ്റര്‍നിമിഷങ്ങള്‍. നിറഞ്ഞു കവിഞ്ഞ തിയേറ്ററില്‍ നിലത്തിരുന്ന് സിനിമകാണുന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു ചിത്രം ഓര്‍ക്കുന്നു. ഇങ്ങനെ അനവധി തിയേറ്റര്‍ ഓര്‍മ്മച്ചിത്രങ്ങള്‍ ഉള്ളില്‍ ഫ്രെയിം ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമ സാധ്യമാക്കുന്ന അധികാരനിരപേക്ഷത ഫെസ്റ്റിവല്‍ ജനകീയമാക്കുന്നു.


REPRESENTATIVE IMAGE: WIKI COMMONS
സൗഹൃദം വേ...  സിനിമ റെ... ആണ് ഫെസ്റ്റിവലില്‍. സുഹൃത്തുക്കള്‍ക്കിടയില്‍ കാഴ്ചയുടെ സൂക്ഷ്മതയില്‍, തിരഞ്ഞെടുപ്പില്‍, അഭിരുചികളില്‍ മാറ്റമുണ്ടാകും. രാത്രികളില്‍ സുഹൃത്തുക്കള്‍ കൂടിച്ചേരുമ്പോള്‍ ഒരേസിനിമ കണ്ടവര്‍ക്ക് തന്നെ വിഭിന്ന കാഴ്ചാനുഭവമായിരിക്കും പറയാനുണ്ടാവുക. രാത്രി ഉറക്കമിളച്ചിരുന്ന് ഓരോ ദിവസത്തേക്കുമുള്ള സ്‌കെഡ്യൂള്‍ തയ്യാറാക്കും. സംവിധായകരുടെ  മുന്നറിവുകളും റിവ്യൂകളുമൊക്കെയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടാവുക. പരീക്ഷാക്കാലത്തെ കമ്പൈന്‍ഡ് സ്റ്റഡി പോലെ ഒന്ന്. അടുത്തവര്‍ഷം നമ്മള്‍ ഫെസ്റ്റിവലിന് വരുന്നത് നമ്മുടെ സിനിമയുമായിട്ടായിരിക്കും എന്ന് ഒരേ ബീഡിയുടെ ശ്വാസം പങ്കുവെച്ചുകൊണ്ട് എട്ടുവീട്ടില്‍ പിള്ളമാരെപോലെ പ്രതിജ്ഞ ചെയ്യും. പക്ഷെ അടുത്തവര്‍ഷവും കാണിയായി ഏറ്റവും പിറകില്‍ സ്ഥാനം പിടിക്കും. ഈ കാണികളേക്കാള്‍ സ്വാസ്ഥ്യം തരുന്ന മറ്റെന്തുണ്ട് എന്ന് സ്വയം സമാശ്വസിക്കും...! കൂട്ടായ്മകള്‍ ഓര്‍ക്കുമ്പോള്‍ സാബു സാറിന്റെ വേര്‍പാട് ഈ വര്‍ഷത്തെ എന്നല്ല എല്ലാ വര്‍ഷത്തെയും ഞങ്ങളുടെ വേദനയാണ് എന്ന് പറയാതെ വയ്യ. ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങളുടെ ക്യുറേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം, എത്രയോ വര്‍ഷങ്ങളായി.

പ്രണയാനുഭൂതികളുടെ, ലൈംഗികതയുടെ ദൃശ്യവത്കരണത്തില്‍ വിദേശ സിനിമകള്‍ പ്രകടിപ്പിക്കുന്ന സാധാരണത്തവും സ്വാഭാവികതയും ഉള്‍ക്കൊള്ളാന്‍ മലയാളികാണി ഫെസ്റ്റിവല്‍ സിനിമകളില്‍ അനുശീലിക്കുന്നുണ്ട്. പൊതുസമ്മതിയില്‍ ഒരുമിച്ചിരുന്നു കാണാവുന്ന  'A' പടങ്ങള്‍ എന്ന ഒളിനോട്ടനില മലയാളി കാലങ്ങള്‍ കൊണ്ട് ഉപേക്ഷിക്കുന്നുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ നിശബ്ദമായി കമന്റടിക്കാതെ കണ്ടിരിക്കാനുള്ള ഒരു അനൗപചാരിക പരിശീലനം ഫെസ്റ്റിവല്‍ നല്‍കുന്നുണ്ട്. ഫെസ്റ്റിവലിന്റെ ആദ്യകാലങ്ങളില്‍ പത്രപ്രവര്‍ത്തകരടക്കം ചുരുക്കം ചില സ്ത്രീകളാണ് പങ്കെടുത്തിരുന്നത്. പിന്നീട് പ്രായഭേദമന്യേ സ്ത്രീകളുടേത് കൂടിയായി ഫെസ്റ്റിവല്‍ മാറുന്നുണ്ട്. എന്റെ ആണ്‍സുഹൃത്തുക്കള്‍ ഫെസ്റ്റിവല്‍ വേളയില്‍ മിക്കപ്പോഴും കറങ്ങിത്തിരിഞ്ഞ് അവരുടെ സിനിമാ ലോകങ്ങളില്‍ ചുറ്റി നടക്കുകയാണ് പതിവ്. പെണ്‍സൗഹൃദങ്ങള്‍ക്കൊപ്പമാണ് ഫെസ്റ്റിവല്‍ സിനിമകള്‍ മുക്കാലും ഞാന്‍ കണ്ട് തീര്‍ത്തത്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പലപ്പോഴും ഐക്യമുള്ളതായിരുന്നു. കാഴ്ചയിലെ ഏതോ ചില പെണ്‍ ആഭിമുഖ്യങ്ങള്‍ അവര്‍ക്കൊപ്പം ഞാനും പങ്കിട്ടു. 'ലവ് ' എന്ന സിനിമ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച അനുഭവം ഓര്‍ക്കുന്നു. ലൈംഗികതയുടെ തുറന്ന രംഗങ്ങള്‍ നിറഞ്ഞ 3ഡി ചിത്രമായിരുന്നു അത്. പടം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു ഇരുപതുകാരന്‍ പയ്യന്‍ പടം കാണാന്‍ വന്ന മധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയോട് നിങ്ങള്‍ ഒരു സ്ത്രീയല്ലേ, അമ്മയല്ലേ ഇത് കാണാന്‍ വരാമോ എന്നൊക്കെ സനാതന   ഉപദേശം നടത്തുന്നത് കണ്ടു. ആ സ്ത്രീ വീറോടെ തിരിച്ച് വാദിച്ചു. സിനിമ പോണ്‍ കാഴ്ചയ്ക്കപ്പുറം മറ്റൊന്നാണ് എന്ന തീര്‍പ്പ് ആ മറുപടിയില്‍ ഉണ്ടായിരുന്നു.


REPRESENTATIVE IMAGE: FACEBOOK
മുന്‍പ് മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുമ്പോള്‍ ഗൊദാര്‍ദിനെ ത്രൂഫോയാണോ സ്വാധീനിച്ചത് അതോ നേരെ തിരിച്ചോ എന്ന രീതിയിലാണ് സഹകാണികള്‍ക്കിടയില്‍ ചര്‍ച്ചകള്‍, ഇപ്പോള്‍ വെബ് സീരീസുകള്‍ കണ്ടുതീര്‍ത്തതിനെ കുറിച്ചാണ് ചര്‍ച്ചകള്‍. ചലച്ചിത്രമേളകളില്‍ നിന്നും നല്ലചിത്രങ്ങള്‍ നെറ്റ് ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം പോലുള്ള കോര്‍പ്പറേറ്റുകള്‍ വാങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അതോടെ ആ സിനിമയുടെ  തിയേറ്റര്‍ കാഴ്ച അവസാനിക്കുന്നു. 'സ്ട്രീമിങ് സിനിമ' എന്ന ഓണ്‍ലൈന്‍ കണ്‍സെപ്റ്റ് സ്വാഭാവികമായ ഒഴുക്ക് നിലച്ച സിനിമ എന്നായിമാറുന്നു. ഒരു ഫെസ്റ്റിവല്‍-തിയേറ്റര്‍ കാണി എന്ന നിലയില്‍ ഇത് വളരെ ആശങ്കയുണ്ടാക്കുന്ന ഒന്നാണ്.  

വിശുദ്ധമാസങ്ങളില്‍ മാത്രം വിശുദ്ധഗ്രന്ഥത്തിനോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ചില വിശ്വാസികളെപ്പോലെ ഞങ്ങളില്‍ പലരും  ഫെസ്റ്റിവല്‍ കൊടിയിറങ്ങുമ്പോള്‍ സിനിമയുടെ കൊമേഴ്ഷ്യല്‍ ലാവണത്തിലേക്ക് തിരിച്ചുപോകുന്നു. ഫെസ്റ്റിവല്‍ തീരുന്ന അന്ന് തന്നെ തിയേറ്ററില്‍ പോയി അപ്പോള്‍ കളിക്കുന്ന ഒരു തട്ടുപൊളിപ്പന്‍ മലയാളം സിനിമ കാണുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. 
'നമ്മളൊക്കെ ഒരുപാട് ചിന്തിച്ചു കൂട്ടിയാലും ഇവിടല്ലേ സിനിമയെടുക്കേണ്ടത്. അതിന്റെ കണ്ടിന്യൂറ്റി പോയാല്‍ പിന്നെ കിളിപോയി നടക്കേണ്ടിവരും' എന്ന് അവന്‍ തത്വം പറയുമായിരുന്നു. ഒരിക്കല്‍ ഒരു മലയാള സിനിമ കണ്ടിറങ്ങുമ്പോള്‍ തിയേറ്ററില്‍ നിന്നും ഒരു ഇരുപതുകാരന്‍ ഇങ്ങനെ പറഞ്ഞു. ''അളിയാ പടം  ക്ലാസാണ് അത് കൊണ്ട് നീ കാണണം എന്നില്ല. ഒരു ഫെസ്റ്റിവല്‍ പടത്തിന്റെ മൂഡാണ്' ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ഒരേസമയം സങ്കടവും സന്തോഷവും വന്നു. ഭൂരിപക്ഷ ആസ്വാദനശീലങ്ങള്‍ കോടി ക്ലബ്ബുകളുടെ കണക്കുകള്‍ എണ്ണുമ്പോള്‍ ഒരു ചെറുന്യൂനപക്ഷം വെയിലുകൊണ്ടും വാടിയും മല്ലിട്ടും ബുക് ചെയ്ത് കിട്ടാതെയും വിയര്‍ത്തു നിന്ന് കാക്കുന്നത് എല്ലാ കാലത്തേക്കും വിനിമയശേഷിയുള്ള ഒരു ചലച്ചിത്ര ഭാഷയ്ക്കായുള്ള മലയാളിയുടെ തേടലാണ്. ഇരുണ്ട കാലത്ത് ഇരുണ്ട കാലത്തിന്റെ സിനിമകള്‍ ഉണ്ടാകുന്നു... കാണികളും... നിശ്ചയമായും.


#cinema
Leave a comment