
ഒരു ജാതി ജാതകം കൈയടിയർഹിക്കാത്ത തമാശകൾ
ഒരു റൊമാന്റിക്-കോമഡി ചിത്രം ഒരുക്കണം. ആദ്യഘട്ടം പ്രേക്ഷകരെ പിടിച്ചിരുത്താനും ചിരിപ്പിക്കാനുമുള്ള തമാശകൾക്കായി, പഴകിയ രുചികൾ നിരത്തുക എന്നതാണ്. പുതുമയുള്ളതെന്തും മാറ്റി നിർത്തിയാൽ എളുപ്പമേറും. അടുത്തഘട്ടം ട്വിസ്റ്റുകളും സർപ്രൈസിങ് എലമെന്റ്സും ഇല്ലാത്ത വിധം കഴമ്പില്ലാത്ത ഒരു കഥയൊരുക്കാൻ വിഷയം തേടലാണ്. പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ ഒരു വിഭാഗം പ്രേക്ഷകരെ പ്രീതിപ്പെടുത്താനായാണെങ്കിൽ അതിന് ഏറ്റവും യോജ്യം ലൈംഗികതയാണ്. ഉന്നം വയ്ക്കുന്ന വിഭാഗം, സ്ത്രീവിരുദ്ധത എന്തെന്ന് മനസ്സിലാവാത്ത, ഹോമോഫോബിയ എന്ന് കേൾക്കാത്ത, ലൈംഗികത എന്തെന്ന ധാരണയില്ലാത്ത വ്യക്തികളുമായിരിക്കണം. ഇത് എവിടെയും എഴുതി വച്ചതല്ലാ. മറിച്ച് "ഒരു ജാതി ജാതകം" എന്ന രാകേഷ് മണ്ടോടിയുടെ രചനയിൽ എം മോഹനൻ സംവിധാനം ചെയ്ത സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ഉയരുന്ന ചിരികൾ നൽകുന്ന ബോധ്യമാണ്.
ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളുടെ ലൈംഗികതയെ ലൈംഗികാഭിരുചികളെ തമാശയെന്ന വ്യാജേന അപഹസിച്ചുകൊണ്ട് എങ്ങനെയെല്ലാം കച്ചവടവൽക്കരിച്ചുകൂടാ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് "ഒരു ജാതി ജാതകം". അതിന്റെ വിപണന സാധ്യത ഇപ്പോഴും സമൂഹത്തിൽ, ആളുകളുടെ കാഴ്ചപ്പാടിൽ നിലനിൽക്കുന്നു എന്നതും സിനിമ വെളിവാക്കുന്നുണ്ട്. തൊഴിൽരഹിതരായ, വീട്ടുകാരും നാട്ടുകാരും അവഗണിക്കുന്ന നായകന്മാരാണ് ഒരുവശത്ത് തമാശയ്ക്കായി പ്രധാന കഥാപാത്രമാവുന്നതെങ്കിൽ ഇവിടെ അത് 38 തികഞ്ഞ ജീവിതത്തിൽ "വെൽ സെറ്റിൽഡ്" ആയ പങ്കാളിയെ കണ്ടെത്താനാകാത്ത നിരാശയല്ല മറിച്ച് പെണ്ണ് കിട്ടാത്ത ഫ്രസ്ട്രേഷനോടുകൂടെ ജീവിക്കുന്ന "മാമ്പ്രത്ത് ജയേഷ്" ആണ്. ഈ പ്രത്യേകതകളാവണം പുരുഷാധിപത്യ സമൂഹത്തിന്റെ നേർ ഉൽപ്പന്നമായ ആ കഥാപാത്രത്തെ ഒരുപാട് പേർക്ക് റിലേറ്റബിൾ ആക്കുന്നതും. ജയേഷ് എന്ന വ്യക്തിയുടെ 'പെണ്ണ് തേടലും തിരിച്ചറിവ് നേടലും ഒടുവിൽ പെണ്ണ് കിട്ടുന്നതിനും' ഇടയിൽ ചിരിക്കുള്ള പ്രധാന ചേരുവയായി ലൈംഗികത എന്ന വിഷയം മാറുന്നത് എങ്ങനെ എന്നതാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും ശ്രദ്ധിക്കാതെ പോയത്. സമൂഹത്തിൽ ഇപ്പോഴും പലകാഴ്ചപ്പാടുകളുള്ള ആളുകളുണ്ട് എന്ന് പറഞ്ഞു വയ്ക്കുക മാത്രമാണ് ഈ സിനിമ എന്ന് ധരിക്കുന്നവർ സിനിമയിലുടനീളം വരുന്ന കഥാപാത്രങ്ങളെ, അവരുടെ അവതരണ രീതിയെ കണ്ടില്ലെന്ന് പറയുകയേ തരമുള്ളൂ.
REPRESENTATIVE IMAGE | WIKI COMMONS
ജാതിയും ജാതകവും പുരുഷ മേധാവിത്വവും ഒരു ലോഡ് സ്ത്രീവിരുദ്ധതയും തലയിലേറ്റുന്ന ഒരു കൂട്ടം മനുഷ്യർക്ക് കഥാന്ത്യത്തിൽ ബോധം ഉദിക്കുന്നുവെന്ന് കാണിക്കാൻവേണ്ടി മാത്രം സിനിമയിൽ നിസ്സാരവൽക്കരിക്കുന്ന തെറ്റായ രീതിയിൽ സമീപിക്കുന്ന അവതരിക്കപ്പെടുന്ന വ്യക്തികളും വിഷയങ്ങളും ഒരു പിടിയാണ്. ഈ രീതിയിൽ ഏതെങ്കിലും ആശയം/വ്യക്തി/സമൂഹം എന്നിവയുടെ കൃത്യമല്ലാത്തതോ വികലമോ സ്റ്റീരിയോട്ടിപ്പിക്കലോ ആയ അവതരണത്തെയാണ് മിസ് റെപ്രസന്റേഷൻ എന്ന് വിളിക്കുന്നത്. കഥാപാത്രങ്ങളുടെ അവതരണം, ആഖ്യാനരീതി, സംഭാഷണങ്ങൾ എന്നിവയിലൂടെ എല്ലാം ഇത് സംഭവിക്കാവുന്നതാണ്. സിനിമകളിൽ പല ആശയങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും പ്രതിനിധാനം ഇല്ലാതാവുന്നതിനേക്കാൾ പ്രശ്നമാണ് മിസ്റെപ്രസന്റേഷൻ എന്നത്. തെറ്റിദ്ധാരണകളെയും മുൻവിധികളെയും ഇത് ശക്തിപ്പെടുത്തുക ചെറിയതോതിലല്ല.
ഈ സിനിമയിലും സംഭവിക്കുന്നത് മറിച്ചല്ല. ജയേഷിന്റെ കഥാപാത്രത്തെ സ്ത്രീവിരുദ്ധതയുടെയും ജാതിഭ്രാന്തിന്റെയും അങ്ങേ തലയിൽ നിർത്തിക്കൊണ്ട് സർക്കാസ്റ്റിക്കായി അവതരിപ്പിക്കുമ്പോഴും അത് ആസ്വദിക്കാൻ സാധിക്കുന്നവർക്ക് ചിരിക്കാൻ വക കൂടി ഇട്ടു കൊടുക്കുന്നതായാണ് കാണാനാവുക. മാത്രമല്ല 'ഹോമോഫോബിക്കാ'യ ജയേഷിന്റെയും മറ്റുള്ളവരുടെയും കണ്ണിലൂടെയാണ് സിനിമയിലുടനീളം സ്വവർഗാനുരാഗത്തെ നോക്കിക്കാണുന്നതും. "എന്നാലും എല്ലാവരുടെയും മുന്നിൽ ഞാനൊരു പ്രകൃതിവിരുദ്ധനായി പോയില്ലേ" എന്ന നായകന്റെ ചോദ്യം തന്നെയാണ് അയാളിലെ ഹോമോഫോബിയയെ ചൂണ്ടിക്കാണിക്കുന്നത്. ഹോമോസെക്ഷ്വൽ വ്യക്തികളോടുള്ള (ലെസ്ബിയൻ, ഗേ) നിഷേധാത്മക മനോഭാവങ്ങളും വിവേചനവും വിരോധവും ആക്രമണ മനോഭാവവും എല്ലാം കുറിക്കുന്നത് ഹോമോഫോബിയയെ ആണ്. സ്വവർഗാനുരാഗത്തെ അംഗീകരിക്കാനാവാത്ത ഒരുകൂട്ടം ആളുകൾ കണ്ടതും കേട്ടതുമായ കാര്യങ്ങളിലൂടെ മാത്രമേ ഇവിടെ പ്രേക്ഷകരെയും ആ വിഷയത്തെ സമീപിക്കാൻ അവസരം ഒരുക്കുന്നുള്ളൂ. ഇതൊക്കെ ഇപ്പോൾ നോർമൽ ആണെന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ട് സിനിമ ആശയത്തോട് നീതിപുലർത്തുന്നു എന്ന് കാണിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അമ്പേ പരാജയമാണ്.
REPRESENTATIVE IMAGE | WIKI COMMONS
കുണ്ടൻ, മഴവില്ല് എന്നീ വാക്കുകളുടെ ആവർത്തിച്ചുള്ള പ്രയോഗവും അവ പ്രയോഗിക്കപ്പെടുന്ന സന്ദർഭങ്ങളും എല്ലാം തന്നെ അത് തെളിയിക്കാൻ ധാരാളമാണ്. അത്തരം പ്രയോഗങ്ങളെ തമാശയാക്കി പറഞ്ഞുകൊണ്ട് ക്വീർ കമ്മ്യൂണിറ്റിയെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതും നിസ്സാരവൽക്കരിക്കുന്നതും നോർമലൈസ് ചെയ്യുകയാണ് സിനിമയിൽ. ലൈംഗികതയെക്കുറിച്ച് മതിയായ രീതിയിൽ ഭാഷാപ്രയോഗങ്ങൾ പോലുമില്ലാത്ത, കൃത്യമായി ആവിഷ്കാരം സാധിക്കാത്ത സാഹചര്യം നിലനിൽക്കുമ്പോഴും ഭാഷ തീർക്കുന്ന പരിമിതിയേക്കാൾ വലുതാണ് അവ തെറ്റായ രീതികളിൽ മാത്രം വ്യാഖ്യാനിക്കപ്പെടുന്നുവെന്നത്. കഥയിൽ പ്രത്യക്ഷപ്പെടുന്ന ഹോമോസെക്ഷ്വൽ വ്യക്തികളെല്ലാം തന്നെ നാടകീയത നിലനിർത്താൻ വേണ്ടി മാത്രം ഉൾപ്പെടുത്തിയതാണ്. ട്രെയിനിൽ നായകനെ ഒരു മുൻപരിചയവുമില്ലാതെ കൺസന്റ് ഇല്ലാതെ ചുംബിക്കുന്ന വ്യക്തിയുടെ ലൈംഗികതയ്ക്കും വ്യക്തിത്വത്തിനും എന്ത് പരിവേഷമാണ് സിനിമ നൽകാൻ ശ്രമിച്ചത് എന്നതൊരു പ്രശ്നമാണ്. എന്തുതന്നെയായാലും സ്വവർഗാനുരാഗികളായ വ്യക്തികൾ ലൈംഗിക താൽപര്യങ്ങളോടുകൂടി മാത്രം മറ്റുള്ളവരെ സമീപിക്കുന്നവരാണ് എന്ന തെറ്റിദ്ധാരണയെ ഊട്ടിയുറപ്പിക്കും പോലെയാണത് ഭവിക്കുന്നത്. മുൻ പരിചയം ഇല്ലാതെ പരസ്പര സമ്മതമില്ലാതെ മറ്റൊരു വ്യക്തിയെ ചുംബിക്കുന്ന ഒരാളായി ഒരു സ്വവർഗാനുരാഗിയായ വ്യക്തിയെ അവതരിപ്പിക്കുന്നതിലെ തെറ്റ് മനസ്സിലാവാതെ പോകുന്നത് എങ്ങനെയാണ് എന്നതിലാണ് സംശയം. ലൈംഗികതയുമായി കൂട്ടി ചേർത്ത് മാത്രം ക്വീർ വ്യക്തികളെക്കുറിച്ച് പറയാൻ കഴിയുന്നതെങ്ങനെയാണ്? അവരുടെ യഥാർത്ഥ സ്വത്വത്തെ വ്യക്തിത്വത്തെ പാടെ വിസ്മരിക്കുന്നത് മനപ്പൂർവമെന്നല്ലാതെ മറ്റെന്താണ് കരുതുക.
ഞാൻ സ്വവർഗാനുരാഗിയാണെന്ന് ഒരു വ്യക്തി തുറന്നു പറയുമ്പോൾ "നീയെന്നെയും അങ്ങനെയാണോ കാണുന്നത് ?" എന്ന് പരിഹാസച്ചിരിയോടെയും അല്ലാതെയും പറയുന്ന സുഹൃത്തുക്കൾ പോലുമുള്ള ഇടത്താണ് തമാശ എന്ന പേരിൽ ഇത്തരം സീനുകൾ എറിഞ്ഞു കൊടുക്കുന്നത്. കഥയിൽ ഒരിക്കൽ മാത്രമല്ല ഈ വിധം സ്വവർഗാനുരാഗം എന്ന ആശയത്തെ തമാശക്കായി മാത്രം ഉൾച്ചേർത്തിരിക്കുന്നത്. ഗോപിക എന്ന കഥാപാത്രത്തെ കൊണ്ടുവന്നതും അവരുടെ പ്രണയ ബന്ധത്തെക്കുറിച്ച് നായകനോട് പറയുന്നതും അവരുടെ പങ്കാളി സ്ത്രീയാണെന്ന് പറയുമ്പോഴുള്ള ഞെട്ടലും ചിരികളും തിയേറ്ററിൽ നൽകാനായി മാത്രമാണ്. ഗോപിക പ്രണയിക്കുന്ന ആളായി ഒരു സ്ത്രീയെ കൊണ്ടുവരുന്നതും അവരുടെ ബന്ധത്തെ വിവരിക്കുന്നതും കാണുമ്പോൾ ആളുകൾ ചിരിക്കുന്നിടത്ത് സിനിമ ഒരിടത്തും തിരുത്താൻ ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ കഥാപാത്രം സ്വന്തം സെക്ഷ്വൽ ഓറിയെന്റേഷൻ എന്തെന്ന് തീരുമാനിക്കാനാവാതെ നിൽക്കുന്ന ഒരു പോയിന്റിനെ പോലും എത്രത്തോളം തമാശയാക്കാമോ അത്രയും ശ്രമിച്ചിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ലൈംഗികതയെക്കുറിച്ചും ലൈംഗികാഭിരുചികളെക്കുറിച്ചും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് ധാരണയില്ലാത്തതിനാലാവണം ആളുകളെ കൂടുതൽ ചിന്തിപ്പിക്കാൻ വിടാതെ "എവിടെയെങ്കിലും ഒരിടത്ത് ഉറച്ചുനിൽക്കെടീ" എന്ന ഒറ്റ ഡയലോഗിൽ അതെല്ലാം അവസാനിപ്പിച്ചത്. ബൈസെക്ഷ്വാലിറ്റിയെക്കുറിച്ചോ മറ്റ് സെക്ഷ്വൽ ഓറിയെന്റേഷനുകളെക്കുറിച്ചോ പിന്നണിയിലുള്ളവർക്ക് ധാരണയില്ലെന്നും അതിൽ നിന്ന് കരുതേണ്ടിവരും. മറ്റ് കഥാപാത്രങ്ങൾക്ക് പുറമേ നായകൻ തന്നെ സ്വന്തം ലൈംഗികത എന്തെന്ന് തിരിച്ചറിയാനാവാത്ത ആശയക്കുഴപ്പം നിറഞ്ഞ ഒരു ഘട്ടത്തിൽ എത്തുന്നതായും സ്വവർഗാനുരാഗിയായി കണക്കാക്കപ്പെടു ന്നതായും കാണിക്കുന്നുണ്ട്. അപ്പോഴെല്ലാം ജാതകം നോക്കി ഒരു വ്യക്തിയുടെ ലൈംഗികത എന്താണെന്ന് തീരുമാനിക്കുന്ന, ഗേ വ്യക്തിയാണെന്ന് സംശയിക്കുന്നതിനാൽ നായകന് സ്ത്രൈണസ്വഭാവങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്ന ഒരുപറ്റം ആളുകളുടെ കാഴ്ചപ്പാടിലൂടെ ഹോമോസെക്ഷ്വാലിറ്റിയെ സംബന്ധിക്കുന്ന മിത്തുകളെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. സെക്ഷ്വാലിറ്റിയെന്നത് ഒരു വ്യക്തിയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട മനോഭാവങ്ങൾ, അഭിരുചികൾ, താല്പര്യങ്ങൾ, സ്വത്വം എന്നിവയെക്കുറിക്കുന്നതാണെന്നും അതിനെ ഒരു വ്യക്തിയുടെ ജൻഡർ എക്സ്പ്രെഷനുമായി കൂട്ടികലർത്താനാകില്ല എന്ന അറിവില്ലാത്തവരാണ് നമ്മിലധികവും. ( ഒരു വ്യക്തി എങ്ങിനെയാണ് സ്വന്തം ജൻഡറിനെ മറ്റുള്ളവർക്ക് മുന്നിൽ പ്രകടമാക്കുന്നത് എന്നതിനെ gender എക്സ്പ്രഷൻ എന്ന് വിളിക്കുന്നു, വസ്ത്രധാരണം, ബോഡി ലാംഗ്വേജ് എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ അതിന്റെ മാനദണ്ഡങ്ങളായി കണക്കാക്കപ്പെടുന്നു ) അവർക്കു മുൻപിലാണ് ഈ ആശയങ്ങളെക്കുറിച്ചുള്ള മിഥ്യകളും വസ്തുതകളും കൂട്ടിക്കലർത്തി വിളമ്പുന്നത്.
നായകൻ നായകനാവുന്നത് അയാൾ ഒരു ഹോമോ സെക്ഷ്വൽ വ്യക്തിയല്ല മറിച്ച് ഹെട്രോസെക്ഷ്വൽ വ്യക്തിയാണെന്ന് ചുറ്റുമുള്ളവർക്ക് ബോധ്യപ്പെടുമ്പോഴാണ്. 'കാസർഗോഡ് തെങ്ങുപോലെ സ്ട്രൈറ്റ് അല്ലായിരുന്നു' നായകനെങ്കിൽ തമാശകളുണ്ടാക്കാൻ സിനിമയിൽ വിഷയത്തിന് വലിയ പഞ്ഞം ഉണ്ടായേനെ. തമാശയാക്കി പറഞ്ഞതത്രയും തിരുത്തേണ്ടി വന്നേനെ. സിനിമയിലൂടനീളം ഒരിടത്തുപോലും ലൈംഗികതയും ലൈംഗികാഭിരുചിയും മാത്രമാണ് ഒരു വ്യക്തിയെ കുറിക്കുന്നതെന്ന് കാണിക്കുന്നതിൽ അണുവിട വ്യത്യാസം വരുത്തിയിട്ടില്ല. അതിന് ആക്കം കൂട്ടുന്നതാണ് അച്ഛൻ കഥാപാത്രത്തിന്റെ സീനുകളും സംഭാഷണങ്ങളും. മകന് സ്ത്രീകളോട് ലൈംഗികാഭിമുഖ്യം ഉണ്ടെന്ന് തിരിച്ചറിയുന്ന അച്ഛൻ സന്തോഷം പ്രകടിപ്പിക്കുന്നത് മകരവിളക്ക് കണ്ടതുപോലെയാണെന്ന് പറഞ്ഞു വയ്ക്കുന്നത് അരോചകമല്ലാതെ തമാശയാകുന്നത് ഏത് വിധത്തിലാണ്.
REPRESENTATIVE IMAGE | WIKI COMMONS
സിനിമയിലുടനീളം ചികഞ്ഞാൽ ഇനിയും സ്ത്രീവിരുദ്ധവും ഹോമോഫോബിക്കും ക്വീർ വിരുദ്ധവുമായ സന്ദർഭങ്ങൾ എണ്ണിയെണ്ണി പറയാനാവും. മലയാള സിനിമയിൽ ഇന്നുവരെയും കാണാത്ത കൂട്ടല്ല ഈ സിനിമയിലേത്. എന്നാലും കാലഘട്ടം ആവശ്യപ്പെടുന്ന തിരുത്തലുകൾ അതിൽ ഇല്ലെന്ന് വ്യക്തമാണ്. ഏത് കമ്മ്യൂണിറ്റിയുടെയും ആശയങ്ങളുടെയും പ്രതിനിധാനം ഉണ്ടാകുമ്പോൾ അവ ശരിയായ രീതിയിൽ അവതരിപ്പിക്കുകയെന്നത് പ്രധാന കർത്തവ്യമാണ്. തമാശയായും അസാധാരണ സംഭവമായും ദുരിതങ്ങൾ അനുഭവിക്കുന്ന വിഭാഗമായും ഇരകളായും കുറ്റവാളികളായും LGBTQIA+ കമ്മ്യൂണിറ്റിയിലുള്ള വ്യക്തികളെ അവതരിപ്പിക്കാനുള്ള വ്യഗ്രത അവയുടെ അവതരണത്തിൽ തിരുത്തലുകൾ കൊണ്ടുവരുന്നതിൽ കാണാൻ സാധിക്കില്ല. ആധികാരികമായതും കൃത്യമായതുമായ അവതരണം വിരളമാണെന്നുള്ളതാണ് ഇന്നും അതിന് കാരണം. കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതായ ഇത്തരം വിഷയങ്ങൾ മനോഹരമായി പറഞ്ഞു വച്ചതിന് ഉത്തമ ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. മൂത്തോനും, ന്യൂ നോർമലും, കാതലും തന്നെ മതിയാകും അതിന്.
അങ്ങനെയുള്ള സിനിമകൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്കിടയിലാണ് പഴയ ചരടിൽ തന്നെ തൂങ്ങിയാടാൻ പ്രേക്ഷകരെ ഓർമിപ്പിക്കുന്നത് പോലെ ഇത്തരം എഴുത്തുകളും അവതരണങ്ങളും ഉണ്ടാവുന്നത്. സ്റ്റീരിയോടൈപ്പുകളെ പൊളിക്കുന്നതും കൂടുതൽ ഇൻക്ലൂസ്സീവുമായ ഇടങ്ങളായി സിനിമകൾ മാറേണ്ടതുണ്ട്. അതിനായി കാമ്പുള്ള കഥാപാത്രങ്ങൾ ഉണ്ടാവേണ്ടതുണ്ട്. തമാശക്കോ അടിച്ചമർത്തലോ കുറ്റകൃത്യങ്ങളോ കാണിക്കാനുള്ള ഫോർമുലകൾ ചേർക്കാതെ അതിനപ്പുറത്തേക്കുള്ള സാധ്യതകൾ റെപ്രെസെന്റേഷനിൽ വരണം. ക്വീർ വ്യക്തികൾ പഠനമികവ് പുലർത്തുന്നവരും കലാനൈപുണ്യമുള്ളവരും സന്തോഷിക്കുന്നവരും അവകാശപോരാട്ടങ്ങൾ നടത്തുന്നവരും മറ്റുള്ളവരെ ചേർത്തു നിർത്തുന്നവരും കൂടിയാണെന്ന യാഥാർത്ഥ്യം കൂടി പറഞ്ഞു തിരുത്തേണ്ടതുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
അതിന് അതേ കമ്മ്യൂണിറ്റിയിലുള്ളവരുടെ ഇടപെടലും പ്രാതിനിധ്യവും എല്ലാ മേഖലയിലും ഉണ്ടായാലാണ് അതിന് കുറേക്കൂടി ആധികാരികത കൈവരിക്കാനാകൂ. ക്വീർ വ്യക്തികളുടെ ലെൻസിലൂടെയുള്ള കാഴ്ച തിരശ്ശീലയിലൂടെ പ്രേക്ഷകർ ഇനിയുമൊരുപാട് കാണാനുണ്ട്. അത്തരത്തിലുള്ള മികച്ച പ്രാതിനിധ്യങ്ങളുള്ള തിരുത്തലുകളുള്ള സിനിമകളാണ് ഈ കാലത്തിനും വരുംകാലത്തിനും ആവശ്യം.
ചിത്രത്തിലെ LGBTQIA+ റഫറൻസുകൾ കാരണം ഒമാൻ ഒഴികെയുള്ള ചില ഗൾഫ് രാജ്യങ്ങളിൽ സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നു. നിലവിൽ സിനിമയിലെ ക്വീർ - സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി ഷാകിയ് എസ് പ്രിയംവദ നൽകിയ പരാതി ഹൈക്കോടതി സ്വീകരിച്ചിട്ടുണ്ട്. സിനിമകളിലെ ദ്വയാർത്ഥ പ്രയോഗങ്ങളും ക്വീർ അധിക്ഷേപങ്ങളും ഒഴിവാക്കണമെന്നും ഇതിനായി ഒരു മാർഗരേഖ മുന്നോട്ടുവക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. സിനിമയിലെ സംഭാഷണങ്ങളും ചില വാക്ക് പ്രയോഗങ്ങളും ക്വീർ കമ്മ്യൂണിറ്റിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമാ മേഖലയിലെ ഇത്തരം തെറ്റായ ശീലങ്ങളെ തുറന്നുകാട്ടാനും ഉചിതമായ മാറ്റങ്ങൾ കൊണ്ടുവരാനും നിശിതമായ വിമർശനങ്ങളോ നെഗറ്റീവ് റിവ്യൂസോ മാത്രം പോരാ. അതിനാൽ നിയമപരമായി ഇവ സമീപിക്കേണ്ടത് അനിവാര്യമാണ്. ആവിഷ്ക്കാരം കൊണ്ടും, രചനകൊണ്ടും, അഭിനയമികവുകൊണ്ടും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ കൊണ്ടും മറ്റേത് സിനിമാ മേഖലയേയും വിസ്മയിപ്പിക്കുന്നതാണ് മലയാളം. അതിലെ തെറ്റായ പ്രവണതകളെ ഇല്ലാതാക്കി കൂടുതൽ മികവുറ്റ സിനിമകൾ പ്രേക്ഷകരിൽ എത്തിക്കാൻ ഈ നടപടികൾ മുതൽ കൂട്ടാവുമെന്ന് പ്രതീക്ഷിക്കാം.


.jpg)