TMJ
searchnav-menu
post-thumbnail

TMJ Cinema

വാഴ്ത്തലുകള്‍ക്കിടയിൽ കാണാതെ പോവുന്നത്

21 Mar 2023   |   8 min Read
പി കെ സുരേന്ദ്രന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകൽ നേരത്ത് മയക്കം എന്ന സിനിമ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. സ്വപ്നമാണോ സത്യമാണോ എന്നറിയാത്ത കാഴ്ചകള്‍, ലോജിക്കല്‍ അവസാനം ഇല്ലാത്ത സിനിമ, കാണുന്നവരുടെ ഭാവനയ്ക്കനുസരിച്ച് പല രീതിയില്‍ വായിക്കാവുന്ന സിനിമ എന്ന് ചിലർ. റിയലിസം, ഫാന്റസി, മാര്‍ക്വേസ്, മാജിക്കല്‍ റിയലിസം എന്നാണ് മറ്റു ചിലർ സിനിമയെ വിശേഷിപ്പിക്കുന്നത്. സ്വപ്നത്തിന്റെ ഭ്രമാത്മകത, തീര്‍ത്തും യാഥാര്‍ത്ഥ്യമെന്നോ സ്വപ്നസമാനമെന്നോ പറയാവുന്ന ഒരു അനുഭൂതി പകരുന്ന സിനിമ. യുക്തിസഹമായ ഒരു കഥാന്ത്യം വേണമെന്ന നിര്‍ബന്ധം സിനിമയ്ക്കില്ല. സങ്കീര്‍ണ്ണമോ അസംബന്ധമോ ആയ അവസ്ഥയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. ഈ രീതികളിലാണ്  പലരും സിനിമയെ കുറിച്ച് എഴുതിയത്. മറ്റൊരു ചര്‍ച്ച സിനിമയ്ക്ക് ആധാരമായ പരസ്യ ചിത്രത്തെ ചുറ്റിപ്പറ്റിയാണ്.

ഞാന്‍ വായിച്ചതിൽ  നിന്നും കണ്ടതില്‍ നിന്നും വ്യത്യസ്തമായി വി എം ഗിരിജ മാത്രമാണ് സിനിമയെ കുറിച്ച് എഴുതിയത്. “സിനിമയ്ക്ക് അടിസ്ഥാനമായ ആ മിസ്റ്ററിയല്ലാതെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചില്ല. ജെയിംസ് സുന്ദരമായി മാറുന്ന ആ പകര്‍ന്നാട്ടം ജീവിതത്തിലെ ഓര്‍മ്മയ്ക്കും മറവിയ്ക്കും ഇടയ്ക്കുള്ള ഒരു അത്ഭുത മുഹൂര്‍ത്തമാണ്. അതിനപ്പുറം, ആ ആശയത്തിനപ്പുറം സിനിമയില്‍ കാര്യമായി ഒന്നുമില്ല” എന്നാണ് ഗിരിജ എഴുതിയത്. എന്നാല്‍, ഈ 'പകര്‍ന്നാട്ട'ത്തിന് ആധാരം ഒരു പരസ്യസിനിമയാണ് എന്ന് ഓര്‍ക്കുക, സിനിമയുടെ തുടക്കത്തില്‍ സംവിധായകൻ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും. എന്നാല്‍, ആ മിസ്റ്ററിയെ, ഓര്‍മ്മയ്ക്കും മറവിയ്ക്കും ഇടയിലുള്ള ആ അത്ഭുത മുഹൂര്‍ത്തത്തെ നമ്മെ അത്ഭുതപ്പെടുത്തുമാറ് സിനിമയിൽ അവതരിപ്പിക്കാനുള്ള സിനിമാ സര്‍ഗ്ഗവൈഭവം സംവിധായകന് ഇല്ലാതെ പോയി എന്നാണ് എന്റെ അഭിപ്രായം.

സിനിമയെക്കുറിച്ച് എഴുതിയ എല്ലാവരും സിനിമയിലെ പരകായപ്രവേശത്തെക്കുറിച്ചും സ്ക്രിപ്റ്റിനെ കുറിച്ചുമാണ് എഴുതിയത്. അതില്‍നിന്നു മാറി സിനിമയിൽ സംവിധായകന്‍ ഉപയോഗിക്കുന്ന സങ്കേതങ്ങളെക്കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്‌.

Image: Twitter

ഈ സിനിമയുടെ  ‘കഥ’യെക്കുറിച്ച് ആവശ്യത്തിലധികം എഴുതിക്കഴിഞ്ഞതിനാൽ ഞാന്‍ കഥാസംഗ്രഹത്തിന് മുതിരുന്നില്ല. മലയാളിയായ ജെയിംസ് ബസിൽ നിന്നിറങ്ങി ഗ്രാമത്തിലേക്ക് പോയി സുന്ദരം എന്ന തമിഴനായി ജീവിക്കുന്നതും, ഒരു പകലുറക്കത്തിൽ നിന്ന് ഉണരുന്ന അയാള്‍ തിരിച്ച് ജെയിംസ് ആവുന്നത് പ്രേക്ഷകരിൽ സന്നിഗ്ദ്ധത ഉണ്ടാക്കുന്നു എന്നാണ് പൊതുവേ എഴുതപ്പെട്ടത്. എന്നാല്‍, ഞാന്‍ ആ രീതിയില്‍ 'ഇതാണോ അത്, അതാണോ ഇത്' എന്ന രീതിയിലുള്ള സംശയത്തില്‍, വര്‍ണ്ണ്യത്തിലുള്ള ആശങ്കയിൽ കുടുങ്ങിയില്ല. കാരണം, സിനിമയുടെ തുടക്കം തൊട്ടുതന്നെ ഇതിന്റെ സൂചനകള്‍ സംവിധായകൻ നമുക്ക് തരുന്നുണ്ട്. ബസ്സില്‍ ഇരുന്ന് ഉറങ്ങുന്ന ആളുകളുടെ പ്രതിബിംബം മുകളിലെ കണ്ണാടിയില്‍ കാണാം. “ഉറക്കം മരണമാണ്, ഉറക്കത്തില്‍ നിന്നുള്ള ഉണരൽ ജനനവും” എന്ന തിരുക്കുറൾ വരികള്‍ ജെയിംസ് കാണുന്നുണ്ട്. ബസില്‍ വച്ച് അയാൾ  കാണുന്ന സിനിമ കുറേ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന അച്ഛനെയും മകനെയും കുറിച്ചാണ്. ഒരേ നടനാണ്‌ അച്ഛനായും മകനായും അഭിനയിക്കുന്നത്. ബസ്സില്‍ നിന്ന് ജെയിംസ് എഴുന്നേറ്റ് പോവുന്നതും കാലിയായ സീറ്റും കാണിക്കുന്നുണ്ട്. ഗ്രാമത്തില്‍ ചെന്ന്  ജെയിംസ്  സുന്ദരമായി മാറുന്നത് തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി സുന്ദരത്തിന്റെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണ്. (ആത്മാവ് ജീര്‍ണ്ണിച്ച വസ്ത്രം മാറി പുതിയ ശരീരത്തിൽ പ്രവേശിക്കുന്നു എന്ന തത്വചിന്തയെ 'അക്ഷരാര്‍ത്ഥത്തിൽ' ജെയിംസ് മുണ്ടുമാറി ലുങ്കി ധരിക്കുന്നതിലൂടെ അവതരിപ്പിക്കുന്നതിനെ ബാലിശം എന്നേ പറയാൻ  കഴിയൂ. സിനിമയില്‍ ഇത്തരം ബാലിശ സമീപനങ്ങൾ ധാരാളമായി കാണാം). കടുംകെട്ടുപിണഞ്ഞ സ്വപ്നങ്ങള്‍ക്കിടയിൽ നിന്നും വിളിച്ചുണര്‍ത്തിയ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. മാത്രവുമല്ല, അവസാനം സുന്ദരം തിരിച്ച്  ജെയിംസ് ആയി മാറുന്നത് നമുക്ക് യാതൊരു വിധ ആശങ്കയ്ക്കും വഴിവെക്കാത്ത രീതിയിലാണ്.

ഉറങ്ങുന്ന സുന്ദരത്തിന്റെ മുഖത്തിന്റെ ക്ലോസപ്പ്. ഇതില്‍ സൂപ്പര്‍ ഇമ്പോസ് ചെയ്ത് വേഗത്തില്‍ ചലിക്കുന്ന മേഘങ്ങള്‍. കത്തി നില്‍ക്കുന്ന സൂര്യന്‍. പിന്നെ ആ വെളിച്ചം ഒരു പാളി പോലെ ആവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. (പുരാണ സിനിമകളിലെയും ടിവി സീരിയലുകളിലെയും മരിച്ചുപോയവര്‍ക്ക് ദൈവം ജീവൻ പകരുന്ന ദൃശ്യങ്ങളെ ഇത് ഓര്‍മ്മിപ്പിക്കുന്നു). പിന്നെ കുറേ നിശ്ചല ദൃശ്യങ്ങൾ. ശബ്ദ പഥത്തില്‍ പ്രേതം വരുമ്പോൾ പഴയ നാടകത്തിലും സിനിമയിലും ഉപയോഗിക്കുന്ന തരത്തിലുള്ള ശബ്ദം. (അത്  ജെയിംസിന്റെ നാടക ബന്ധം ഉദ്ദേശിച്ച് ആയിരിക്കാം). വീണ്ടും വേഗത്തിൽ ചലിക്കുന്ന മേഘങ്ങൾ. തിളങ്ങുന്ന സൂര്യന്‍. വേഗത്തില്‍ നീങ്ങുന്ന മേഘങ്ങളും അതിനിടയിൽ തിളങ്ങുന്ന സൂര്യന്റെയും ഷോട്ടുകളും ആവര്‍ത്തിക്കുന്നു. പിന്നെ മേഘങ്ങൾക്കിടയിലേക്ക് വേഗത്തിൽ താഴുന്ന സൂര്യന്‍. അയാള്‍ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണര്‍ന്ന് ചുറ്റും നോക്കുന്നു. (മമ്മൂട്ടിക്ക് വായ തുറക്കാന്‍ വലിയ ബുദ്ധിമുട്ട് ഉള്ളതുപോലെയാണ്, കീഴ്ത്താടിക്ക് എന്തോ പ്രശ്നം ഉള്ളതുപോലെയാണ് ഈ ഭാഗം അഭിനയിച്ചിരിക്കുന്നത്). ചുറ്റും നോക്കുന്ന അയാള്‍ക്ക് ഒന്നും വ്യക്തമല്ല. അവ്യക്തമായ കുറേ ഷോട്ടുകള്‍ ആവര്‍ത്തിക്കുന്നു. മെല്ലെ ഭാര്യയും മകനും വ്യക്തമാവുന്നു. തുടര്‍ന്ന് അയാൾ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. (നമ്മുടെ മിക്ക സിനിമകളിലും അപകടത്തിനു ശേഷം ബോധം തിരികെ വരുമ്പോള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് ഈ രീതിയിലുള്ള ഔട്ട്‌ ഓഫ് ഫോക്കസ്). തുടര്‍ന്ന് അയാൾ ഭാര്യയോടും മകനോടും പറയുന്നു “പോകാം”. അപ്പോള്‍ അയാൾ ജെയിംസ് ആവുന്നു. മകനെയും ഭാര്യയേയും കെട്ടിപ്പിടിക്കുന്നു. പഴയകാല സിനിമകളിലെ കുടുംബ ഫോട്ടോ പോലെ. ശുഭം. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ബസ്സില്‍ തിരിച്ചു പോവുന്നു.

Image: Twitter

ഇതുപോലെ എല്ലാം വ്യക്തമാക്കുന്ന രീതിയിൽ, ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന രീതിയില്‍, സന്ദേഹത്തിന് യാതൊരു സാധ്യതയും കൊടുക്കാത്ത രീതിയിലാണ് ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. ഇവിടെ പ്രേക്ഷകര്‍ക്കായി ഒന്നും ബാക്കിവെക്കുന്നില്ല. പ്രേക്ഷകരുടെ ഭാവനയെ മാനിക്കുന്നില്ല. പ്രേക്ഷകരില്‍ സന്നിഗ്ദ്ധാവസ്ഥ സൃഷ്ടിക്കണമെങ്കില്‍ സിനിമാറ്റിക് ഡിവൈസുകളെ ആ രീതിയിൽ ഉപയോഗിക്കണം. (അസ്വാഭാവികവും അയഥാര്‍ത്ഥ്യവും ആയി അനുഭവപ്പെടേണ്ടതിനെ യഥാർത്ഥമായ സമീപനത്തിലൂടെ ആവിഷ്കരിക്കാൻ  കഴിയില്ല). അതുകൊണ്ടാണ് അലന്‍ റെനെയുടെ ലാസ്റ്റ് ഇയര്‍ അറ്റ്‌ മരിയൻബാദ് (Last Year at Marienbad) എന്ന സിനിമ ഇപ്പോഴും പ്രഹേളിക പോലെ നമ്മെ മോഹിപ്പിക്കുന്നത്. കുരുക്കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും കുരുങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഇത്തരം സിനിമകള്‍ റിയലിസത്തിൽ അല്ല പ്രവര്‍ത്തിക്കുന്നത്. സിനിമ തുടർച്ചയായി സംഭവങ്ങളുടെ സ്ഥല-കാല വശങ്ങളിൽ അവ്യക്തത സൃഷ്ടിക്കുകയും പ്രേക്ഷകന്റെ മനസ്സിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നു. വസ്തുനിഷ്ഠതയുടെയും ആത്മനിഷ്ഠതയുടെയും അവ്യക്തമായ ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. (നൻപകല്‍ നേരത്ത് എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ റെനെയുടെ ഈ സിനിമയ്ക്ക് യാതൊരു സാംഗത്യം ഇല്ലെങ്കിലും നല്ല സിനിമയ്ക്ക് ഉദാഹരണമായി പരാമര്‍ശിച്ചു  എന്നുമാത്രം).

അതുപോലെ, അബ്ബാസ് കിയരോസ്തമി അപൂര്‍ണ്ണ സിനിമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. സിനിമ പാതി, പ്രേക്ഷകര്‍ ബാക്കി എന്ന നിലയില്‍.  പരസ്പര ബന്ധമില്ലാത്ത രണ്ടു ഷോട്ടുകളില്‍ നിന്ന് പ്രേക്ഷക മനസ്സില്‍ മൂന്നാമതൊരര്‍ത്ഥം ഉണ്ടാവുന്നു എന്ന് ഐസന്‍സ്റ്റീന്‍. ധ്വനി സിദ്ധാന്ത പ്രകാരം ധ്വനിയാണ് കവിതയുടെ ആത്മാവ്.

ഈ സിനിമയില്‍ സംവിധായകൻ  ഉപയോഗിച്ചിരിക്കുന്ന സങ്കേതങ്ങള്‍ വികെഎന്നിന്റെ ശൈലിയില്‍ പഴങ്കഞ്ഞിയാണ്.  മുകളിൽ വിശദീകരിച്ചിരിക്കുന്ന സിനിമയുടെ അവസാന ഭാഗത്തെ ഉദാഹരണമാക്കിയാൽ, ഇത്തരം സങ്കേതങ്ങൾ കാലങ്ങളോളം നമ്മുടെ മെയിന്‍സ്ട്രീം സിനിമ ഉപയോഗിച്ച് നശിപ്പിച്ചതാണ്. ഈ സിനിമകൾ ഒരാളുടെ സ്വപ്നം അവതരിപ്പിക്കുമ്പോള്‍ സാധാരണയായി അയാള്‍ സ്വപ്നം കാണുകയാണ്, അല്ലെങ്കില്‍ ഓര്‍ക്കുകയാണ്, അല്ലെങ്കിൽ  ഒരു പഴയകാല സംഭവം അവതരിപ്പിക്കുകയാണ് എന്ന് വ്യക്തമാക്കിയിരുന്നത് കൃത്യമായ സൂചനകളിലൂടെയാണ്. കഥാപാത്രത്തിന്റെ മുഖത്തിന്റെ ക്ലോസപ്പ്, തുടര്‍ന്ന് സ്വപ്നം, ഓര്‍മ്മ, അല്ലെങ്കില്‍ സംഭവം കാണിക്കുന്നു, പിന്നെ അയാളിലേക്ക് തിരിച്ച് കട്ടു ചെയ്യുന്നു. അല്ലെങ്കിൽ, സ്വപ്നം കണ്ടതിനു ശേഷം കഥാപാത്രം ഞെട്ടി ഉണരുന്നു. പ്രേക്ഷകരിൽ അങ്കലാപ്പ്  ഉണ്ടാവാതിരിക്കാനാണ് ഇത്തരം സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത്. ഇതേ സങ്കേതമാണ് ലിജോയും ഈ ഡിജിറ്റൽ കാലത്തും ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് സിനിമ  ആ രീതിയില്‍ എന്നിൽ  താത്പര്യം ഉണ്ടാക്കാത്തത്.

സിനിമയ്ക്ക് ഒരു ഭാഷയുണ്ടോ? ഉണ്ടെങ്കില്‍ അത് എന്താണ്? പ്രേക്ഷകരുമായി ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സിനിമയുടെ രീതികളെയാണ് നാം പൊതുവേ സിനിമാറ്റിക് ഭാഷ എന്നു പറയുന്നത്. ലൈറ്റിംഗ്, പെർഫോമൻസ്, മിസ്‌-എൻ-സീൻ, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി എല്ലാത്തരം സാങ്കേതിക വിദ്യകളിലൂടെയും സിനിമയിൽ വികാരങ്ങളും ആശയങ്ങളും ദൃശ്യപരമായി പ്രകടിപ്പിക്കപ്പെടുന്നു. വായനക്കാരനുമായി ആശയവിനിമയം നടത്താൻ  സാഹിത്യം ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ പോലെ സിനിമയ്ക്ക് അതിന്റേതായ  സങ്കേതങ്ങൾ ഉണ്ട്. ഈ സങ്കേതങ്ങളെ ഭാവനാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്നത് ഒരു പുതിയകാല സംവിധായകന്റെ വെല്ലുവിളിയാണ്.

Image: Twitter

ഉദാഹരണമായി, സിനിമ ഉണ്ടായ കാലം തൊട്ടുതന്നെ Establishing shot ഉപയോഗിച്ചു തുടങ്ങി. ഗ്രിഫിത്തിന്റെ ബര്‍ത്ത് ഓഫ് എ നേഷൻ  (Birth of a Nation) ഒരു ഉദാഹരണം. സ്ഥലത്തിന്റെ ഒരു പനോരമിക് ലോംഗ് ഷോട്ട്, തുടർന്ന് ഒരു മിഡ് ഷോട്ട് പിന്നീട് ഒരു ക്ലോസപ്പ് എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ കാണാന്‍ പോകുന്ന കഥ ഇന്ന സ്ഥലത്താണ് നടക്കുന്നത് എന്ന് ഇതിലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് ലക്ഷ്യം. പില്‍ക്കാലത്ത്‌  Establishing shot പല രീതിയിൽ  ഉപയോഗിക്കുകയുണ്ടായി.

നന്‍പകൽ നേരത്ത് എന്ന സിനിമയുടെ തുടക്കത്തിൽ  സ്ഥലം അവതരിപ്പിക്കുന്നത്‌ ഇപ്രകാരം: സിനിമയുടെ ടൈറ്റിൽ ആരംഭിക്കുമ്പോള്‍ പഴയ കെട്ടിടങ്ങളും ദൂരെ ഒരു കൃസ്ത്യന്‍ പള്ളിയും. രണ്ടാമത്തെ ഷോട്ട് യേശുവിന്റെ പ്രതിമയും കൃസ്ത്യന്‍ പള്ളിയും. വീണ്ടും പള്ളിയുടെ ഷോട്ട്. പിന്നീട് വേളാങ്കണ്ണി മാതാവിന്റെ ഫോട്ടോയുടെ ഷോട്ട്. വീണ്ടും പള്ളി. അടുത്തത് പള്ളിയില്‍ ആളുകൾ പ്രാര്‍ത്ഥിക്കുന്നതിന്റെ മിഡ് ഷോട്ട്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും എഴുതിയ ഹോട്ടല്‍ / ലോഡ്ജ് ബോര്‍ഡുകള്‍. പിന്നീട് തല മുണ്ഡനം ചെയ്തവരുടെയും മാല വില്‍ക്കുന്നവരുടെയും ഷോട്ടുകൾ. പിന്നെ പുട്ടുണ്ടാക്കുന്നതിന്റെ പല ഷോട്ടുകള്‍. പിന്നെ പുട്ടിന്റെ ക്ലോസപ്പ്. പിന്നെ യേശുവിന്റെയും വേളാങ്കണ്ണി മാതാവിന്റെയും തൂക്കിയിട്ട ഫോട്ടോകള്‍. പിന്നെ മെഴുകുതിരികള്‍. പശ്ചാത്തലത്തില്‍ തമിഴ് പാട്ട് തുടരുന്നു. പിന്നീട് മാല വാങ്ങിക്കുന്നവർ, ചായ കുടിക്കുന്നവര്‍. ഏകദേശം ഇരുപത്തി അഞ്ച് ഷോട്ടുകള്‍. ഇത് തമിഴ് നാട്ടിലെ വേളാങ്കണ്ണിയാണ് എന്ന് സംവിധായകന്‍ ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ അതിവാചാലത ഈ സിനിമയില്‍ പലയിടത്തും എന്ന പോലെ 'ചുരുളി'യിലും കാണാം. ഇന്ന് മെയിന്‍സ്ട്രീം സിനിമ പോലും ഈ രീതിയിലുള്ള Establishing shot ഉപയോഗിക്കുന്നില്ല. (ഗ്രിഫിത്ത് മൂന്ന് ഷോട്ടിലൂടെ അവതരിപ്പിച്ചതിന് ഇവിടെ 25 ഷോട്ടുകള്‍ വേണ്ടിവന്നു). നമുക്ക് ഗ്രിഫിത്തില്‍ നിന്ന് മുന്നോട്ടു പോവേണ്ടേ? അതിനുള്ള വഴി 'സിനിമാ ഭാഷയുടെ' നിരന്തരമായ പുതുക്കലാണ്.

'ചുരുളി'യുടെ തുടക്കത്തിലെ കേടായ ജീപ്പ് സ്റ്റാര്‍ട്ടാക്കാൻ ശ്രമിക്കുന്ന സീന്‍ എഡിറ്റ് ചെയ്തിരിക്കുന്നത് ഇന്ന് മെയിന്‍സ്ട്രീം സിനിമ പോലും ഉപയോഗിക്കാത്ത സങ്കേതങ്ങളിലൂടെയാണ്.  ജീപ്പ് സ്റ്റാര്‍ട്ടാക്കാനായി ആക്സിലേറ്ററിൽ ചവിട്ടുന്നത്, പിന്നെ താഴെ നിന്നും മുകളിൽ നിന്നും ഒക്കെയായി പല ഷോട്ടുകള്‍. കൂട്ടത്തില്‍ ആളുകളെയും കാണിക്കുന്നു. ഇത് ജീപ്പ് സ്റ്റാര്‍ട്ടാക്കുന്നതിന്റെ ബുദ്ധിമുട്ട് അവതരിപ്പിക്കാനാണ് എന്ന ന്യായീകരണം കാണുമെങ്കിലും അതിനു പുതിയ എന്തെങ്കിലും രീതി കണ്ടെത്തുകയല്ലേ വേണ്ടത്. “ഇതിന് എന്തിനിത്ര കഷ്ടപ്പെടണം, ജീപ്പിനു മുന്നില്‍ കുഴിയുള്ള ഭാഗത്ത് അടുത്തുനിന്ന് കുറച്ച്‌  കല്ലുകള്‍ എടുത്തിട്ടാൽ  പോരെ?” എന്ന മറു ചോദ്യം കൊണ്ട് ഈ ശ്രമങ്ങളെ അസാധുവാക്കാം.

'ചുരുളി'യില്‍ ഒരു സന്ദര്‍ഭത്തിൽ  ഒരു കഥാപാത്രം  ജനല്‍ ഗ്ലാസിലൂടെ മുറിക്ക് അകത്തേക്ക് നോക്കുന്നുണ്ട്. അപ്പോള്‍ അകത്ത് ചുരുളിയുടെ പല രൂപങ്ങള്‍ കാണുന്നു. ഇത് ചെയ്തിരിക്കുന്നത് വളരെ സാമ്പ്രദായികമായ രീതിയിലാണ് – കഥാപാത്രം നോക്കുന്നത്. കട്ട്. മുറിക്കകത്തെ ചുരുളി. കട്ട്. നോക്കുന്ന ആളുടെ മുഖം – എന്ന രീതിയില്‍. ഈ കഥാപാത്രം നോക്കുമ്പോള്‍ അകത്ത് ചുരുളി രൂപം കണ്ടു എന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. മുകളില്‍  സൂചിപ്പിച്ച രീതിയിൽ  പരത്തിപ്പറയുക, വചാലമാവുക എന്നതിന് ഉദാഹരണം. അതുപോലെ, ചുരുളിയുടെ രഹസ്യ സ്വഭാവം അവതരിപ്പിക്കുന്നത്‌ മരത്തിലും കല്ലിലും ഒക്കെയുള്ള ചുരുളി രൂപങ്ങളിലൂടെയും കത്തുന്ന കൊതുകുതിരിയിലൂടെയും ആണ്.

Image: Twitter

സിനിമയുടെ ഭാഷയെ, സങ്കേതങ്ങളെ പുതുക്കുക എന്നത് പ്രധാനമാണ്. ആ രീതിയില്‍ പുതുക്കുന്നതിലൂടെയാണ് സിനിമ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. ഉദാഹരണമായി, കവികള്‍ മലയാളമാണ് ഉപയോഗിക്കുന്നതെങ്കിലും മണിപ്രവാളത്തിന്റെ ഭാഷയല്ലല്ലോ കുഞ്ഞിരാമന്‍ നായരുടേത്, ആ ഭാഷയല്ലല്ലോ ഇടശ്ശേരിയുടേത്, സച്ചിദാനന്ദന്റേത്, കെ ജി എസ്സിന്റേത്, റഫീക്ക് അഹമ്മദിന്റേത്. നോവലില്‍ നിന്നും ഈ രീതിയിൽ  ഉദാഹരിക്കാം.

ചില നോവല്‍ തുടക്കങ്ങൾ ഇപ്രകാരം: ഖസാക്കിന്റെ ഇതിഹാസം ആരംഭിക്കുന്നത്  “കൂമന്‍  കാവില്‍ ബസ്സിറങ്ങുമ്പോള്‍ രവിക്ക് ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല” എന്നാണ്. അതുപോലെ എം പി നാരായണപ്പിള്ളയുടെ  ഒരു കഥ ആരംഭിക്കുന്നത് ഇപ്രകാരം: "അപ്പോള്‍ മുറ്റം നിറയെ പണ്ടാരന്മാരായിരുന്നു". ഇവിടെ വിശദീകരണങ്ങള്‍ ഒന്നും കൊടുക്കാതെ നേരിട്ട് നോവലിലേക്ക് കടക്കുകയാണ്. ഈ തുടക്കങ്ങള്‍ നോവലിന് വലിയ പുതുമ നല്‍കുന്നു.

ഈ സിനിമയുടെ അവസാന ഭാഗത്തുള്ള മുകളില്‍ ഉദ്ധരിച്ച ശൈലി സാഹിത്യത്തിൽ  നിന്ന് കടംകൊണ്ടതാണ്. ഉദാഹരണമായി, 'അയാള്‍ ആലോചിച്ചു' എന്ന രീതിയിലാണല്ലോ ചെറുകഥയില്‍ പറയുക. അല്ലെങ്കിൽ "അയാള്‍ ഗേറ്റ് കടന്ന് വയൽ വരമ്പിലൂടെ നടന്നു മറയുന്നതു വരെ അവള്‍ നോക്കി നിന്നു” എന്ന് എഴുതിവച്ചതിനെ നമ്മുടെ സിനിമകള്‍ അതേ പോലെ ദൃശ്യവല്‍ക്കരിക്കുകയാണ്. ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന എഴുത്തിന്റെ സങ്കേതങ്ങളെയാണ് പലപ്പോഴും സിനിമാറ്റിക്ക് ബ്രില്ലിയൻസ് ആയി വാഴ്ത്തപ്പെടുന്നത്. ജെയിംസ് പോയിട്ടും നിഴല്‍ ചുമരിൽ നില്‍ക്കുന്നതും, ബസ്സിന് പുറകെ ഓടുന്ന പട്ടിയും എല്ലാം സാഹിത്യത്തിന്റെ ഉപകരണങ്ങളാണ്. ഇത്തരം സങ്കേതങ്ങൾ നമ്മുടെ സിനിമകള്‍ ധാരാളമായി ഉപയോഗിച്ചവയാണ്.

സിനിമകളെ കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ ഒരു കാലത്ത് നാടകബദ്ധമായ സ്ക്രിപ്റ്റുകള്‍ ആയിരുന്നുവെങ്കിൽ (നാടകം ചിത്രീകരിക്കുന്നതു പോലെ) പിന്നീട് അത് സാഹിതീയമായ സ്ക്രിപ്റ്റുകളുടെ പ്രവാഹമുണ്ടായി. ഇതില്‍ ഒന്നാം സ്ഥാനത്ത് എം.ടിയുടെ സ്ക്രിപ്റ്റുകളാണ്. അദ്ദേഹത്തിന്റെ സ്ക്രിപ്റ്റുകള്‍ ഉണ്ടെങ്കില്‍ സംവിധായകന്റെ ജോലി എളുപ്പമായി എന്നായിരുന്നു നമ്മുടെ മനോഭാവം. അതിനര്‍ത്ഥം സ്ക്രിപ്റ്റിനെ അതേപടി സിനിമയിലേക്ക് പകര്‍ത്തുക എന്നതാണ് സംവിധായകന്റെ ജോലി എന്നു വരുന്നു. സാഹിത്യത്തിന്റെ ബാധ ആവേശിച്ചതുകൊണ്ടാണ് നമ്മുടെ സിനിമാ ചര്‍ച്ചകൾ  ഇപ്പോഴും സ്ക്രിപ്റ്റിനെ, അതിന്റെ പാഠത്തെ ആധാരമാക്കിയാവുന്നത്. നൻപകല്‍ നേരത്ത് എന്ന സിനിമയെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകളും ആ രീതിയില്‍ത്തന്നെയാണ്.

സ്ക്രിപ്റ്റിലെ യാഥാര്‍ത്ഥ്യത്തിന് അപ്പുറത്തേക്ക് പോവുന്ന തലത്തെ സിനിമയിൽ ആവിഷ്കരിക്കണമെങ്കിൽ ആ രീതിയിലുള്ള സിനിമാ 'ഭാഷ' അല്ലെങ്കിൽ സിനിമാ സങ്കേതങ്ങള്‍, അല്ലെങ്കില്‍ ശൈലി ഉപയോഗിക്കണം. ഈ സിനിമയിൽ സംവിധായകൻ  അത് ഉപയോഗിക്കുന്നില്ല എന്നു മാത്രമല്ല, അത് മുകളില്‍ സൂചിപ്പിച്ച രീതിയിൽ വളരെ പഴയതാണ്. രമണന്റെ ശൈലിയില്‍, അല്ലെങ്കിൽ പൊന്നരിവാൾ അമ്പിളിയുടെ ശൈലിയില്‍ ഒരാൾ ഇന്ന് കവിതയെഴുതിയാല്‍ എങ്ങിനെയിരിക്കും? ഇതുതന്നെയാണ് ഈ സിനിമയുടെ അവസ്ഥയും.

പഴയ തമിഴ് മലയാളം സിനിമകളില്‍ നിന്നുള്ള ഗാനങ്ങളുടെയും സംഭാഷണങ്ങളുടെയും ശകലങ്ങള്‍ സിനിമയിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഇത് സിനിമയ്ക്ക് നാടകത്തിന്റെ അന്തരീക്ഷം പകരുന്നു എന്ന രീതിയില്‍ പലരും എഴുതുകയുണ്ടായി. എന്നാല്‍, ഇത് വളരെ അരോചകമായാണ് എനിക്ക് അനുഭവപ്പെട്ടത്. മാത്രവുമല്ല,  ഒരു കാലത്ത് നമ്മുടെ സിനിമകളുടെ ശബ്ദപഥം സംഭാഷണങ്ങള്‍, അല്ലെങ്കില്‍ ഗാനങ്ങള്‍, അല്ലെങ്കില്‍ പശ്ചാത്തല സംഗീതം എന്നിവകൊണ്ട് നിറഞ്ഞിരുന്നു. ശബ്ദപഥം സദാ ശബ്ദായമാനമായിരിക്കണം. ഇത് പ്രേക്ഷകരെ സിനിമയിൽ കുടുക്കിയിടാനുള്ള ഒരു വഴിയാണ്. അപ്പോള്‍ സിനിമയുടെ ന്യൂനതകൾ പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാൻ കഴിയില്ല. ഈ സിനിമയുടെ പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്ന (ഉപകരണങ്ങളിലൂടെ സൃഷ്ടിക്കുന്ന ശബ്ദങ്ങള്‍) മറ്റു സിനിമകളിലേതില്‍ നിന്നു വ്യത്യസ്തമായ ഗാന-സംഭാഷണ ശകലങ്ങള്‍ പ്രേക്ഷകരെ മറ്റു സിനിമാക്കാരെ പോലെ സിനിമയിൽ സദാ എന്‍ഗേജ് ചെയ്യിക്കാൻ ലക്ഷ്യമാക്കിയുള്ളതാണ്.

Image: Twitter

മറ്റൊന്ന്, ശബ്ദപഥത്തില്‍ ഉപയോഗിച്ച നിരന്തരമുള്ള ഈ ശകലങ്ങൾ തമിഴ് നാടിന്റെ പ്രത്യേകത എന്ന രീതിയിലാണ് പലരും എഴുതിയത്. സദാ ഓണായിരിക്കുന്ന ടിവി, നാടകം, കോവിലുകള്‍ എന്നിവ അടങ്ങിയ ഒരു സൗണ്ട് സ്കേപ്പാണ് ഈ പ്രദേശത്തിന്റേത് എന്ന രീതിയിൽ. അതൊരു നാടക ഗ്രാമമാണ് എന്നും ചിലര്‍ എഴുതി. എന്നാല്‍, ലോകത്തെ അതേപടി പകര്‍ത്തിവെക്കുകയല്ലല്ലോ സിനിമ, അതും അരോചകമായ രീതിയില്‍.

സിനിമയില്‍ നിശ്ചല ഷോട്ടുകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ യാതൊരു പുതുമയും എനിക്ക് തോന്നിയില്ല. സിനിമ ഉണ്ടായതുതന്നെ സ്റ്റാറ്റിക് ഷോട്ടിലാണ്. ലൂമിയറിന്റെ അറൈവൽ ഓഫ് എ ട്രെയിൻ (Arrival of a Train) എന്ന സിനിമയിൽ ക്യാമറ നിശ്ചലമായിരുന്നു, ട്രെയിനും മനുഷ്യരുമായിരുന്നു ചലിച്ചിരുന്നത്. അക്കാലത്തെ സാങ്കേതിക പുരോഗതി ക്യാമറയെ ചലിക്കാൻ അനുവദിച്ചിരുന്നില്ല എന്നു പറയാം. ചാപ്ലിന്റെയും ബസ്റ്റര്‍ കീറ്റന്റെയും സിനിമകളിൽ  സ്റ്റാറ്റിക് ഷോട്ടുകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് ഓസു ഇതിനെ ഒരു ശൈലിയായി ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ പലരും. നാടകവേദിയെ അനുസ്മരിപ്പിക്കാനാണ് നിശ്ചല ഷോട്ടുകൾ ഉപയോഗിച്ചിരിക്കുന്നത് എന്ന രീതിയില്‍ പലരും എഴുതിക്കാണുന്നു. സ്റ്റാറ്റിക് ഫ്രെയിം ഉപയോഗിച്ചതുകൊണ്ടുമാത്രം നാടകാന്തരീക്ഷത്തെ ആവാഹിക്കാന്‍ കഴിയുമോ? നാടക വേദിയുടെ അനുഭവം കൊണ്ടുവരാന്‍ പുതിയ സങ്കേതങ്ങൾ കണ്ടെത്തുകയല്ലേ വേണ്ടത്. അല്ലാതെ, സിനിമ ഉണ്ടായ കാലം മുതല്‍ ഉണ്ടായ നിശ്ചല ക്യാമറാ ദൃശ്യങ്ങളിലൂടെ അല്ലല്ലോ. മറ്റൊന്ന്, നാടക വേദിയുടെ പരിമിതി സഞ്ചാര സ്വാതന്ത്ര്യമില്ലായ്മയാണല്ലോ. വേദിയില്‍ ചലിക്കുന്നതിന് പരിമിതി ഉണ്ടല്ലോ. എന്നാല്‍ ഈ സിനിമയിൽ ഫ്രെയിം കട്ടു ചെയ്ത് കട്ടു ചെയ്ത് സഞ്ചാരം മുഴുവനായും കാണിക്കുന്നു. സ്റ്റാറ്റിക് ഫ്രെയിമിലൂടെ  ഇടത്-വലത് (തിരിച്ചും) ഉള്ള കഥാപാത്രത്തിന്റെ സഞ്ചാരങ്ങൾ ആദ്യക്കാഴ്ചയ്ക്ക് ശേഷം ആവര്‍ത്തനവിരസമാണ്. (സ്റ്റാറ്റിക് ഷോട്ടുകള്‍ക്ക് ഉണ്ടെന്ന് പറയപ്പെടുന്ന സൗന്ദര്യാത്മകത ഇതേ ഛായാഗ്രാഹകൻ അദ്ദേഹത്തിന്റെ ഇതിനു മുമ്പുള്ള സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു).
 
സ്റ്റാറ്റിക് ഷോട്ടുകളോ, ദൈര്‍ഖ്യമേറിയ ഷോട്ടുകളോ, ഒറ്റ ഷോട്ടിലുള്ള സിനിമ പോലും ഇന്ന് പുതുമയല്ല. സിനിമയുടെ ചരിത്രം അറിയാത്തതു കൊണ്ടാണ് നാം ഈ രീതിയിലുള്ള സിനിമകളെ മഹാത്ഭുതം എന്ന രീതിയില്‍ വിശേഷിപ്പിക്കുന്നത്. ഒരു കാലത്ത് നവീനമായി നമുക്ക് അനുഭവപ്പെട്ടിരുന്ന പല സങ്കേതങ്ങളും പില്‍ക്കാലത്ത് മെയിന്‍സ്ട്രീം സിനിമ ആഗിരണം ചെയ്യുകയുണ്ടായി. മുമ്പ് സ്ലോ സിനിമയുടെ വക്താവായിരുന്ന Paul Schrader ഇപ്പോള്‍ പറയുന്നത് സ്ലോ സിനിമ മെല്ലെ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ബുന്വേലിന്റെ Un Chien Andalou എന്ന സിനിമയിലെ കണ്ണു കീറുന്ന രംഗം ഇന്ന് ആ രീതിയില്‍ നമ്മെ സ്പര്‍ശിക്കുന്നില്ല. ഒരുകാലത്ത് നമ്മെ അത്ഭുതപ്പെടുത്തിയ ക്യൂബിസത്തിന്റെയും  അവാംഗ് ഗാര്‍ഡ്  സിനിമകളുടെയും ചിത്രകലയുടെയും പല സങ്കേതങ്ങളും ഇന്ന് മ്യൂസിക് വീഡിയോകളും മറ്റും ഉപയോഗിക്കുന്നു. അതുകൊണ്ടാണ് പുതിയ കാലത്തെ സംവിധായകന്‍ പുതിയ ആവിഷ്കാര  രീതികൾ  കണ്ടെത്തണമെന്ന് പറയുന്നത്.

സിനിമയിലെ എല്ലാ മിസ്റ്ററിയും മനസ്സിലാവുന്നുണ്ട്, അല്ലെങ്കില്‍ ഉരുക്കഴിക്കാൻ  സാധിക്കുന്നുണ്ട് എന്നത്  സിനിമയെക്കുറിച്ച് എഴുതുന്നവർ അഭിമാനമായും ഗര്‍വ്വായും സംവിധായകന്റെ കഴിവായും കൊണ്ടാടപ്പെടുന്നു. ഇതിനര്‍ത്ഥം, സംവിധായകന്‍ ഉദ്ദേശിക്കുന്നത് നാം അതേപോലെ പിടിച്ചെടുക്കുന്നു. സംവിധായകന്‍ പ്രക്ഷേപിക്കുന്ന കോഡുകള്‍ പ്രേക്ഷകർ ഡികോഡ്  ചെയ്യുന്നു. ശുഭം. അതുകൊണ്ടാണ് പ്രേക്ഷകരുടെ ആസ്വാദന സംസ്കാരത്തെ വെല്ലുവിളിക്കുന്ന സിനിമകൾ നമുക്ക്  മനസ്സിലാവാത്തതും കീറാമുട്ടികളും ആയിത്തീരുന്നത്. ഈ രീതിയിലുള്ള ഇന്‍സ്റ്റന്റ് കമ്യൂണിക്കേഷന്‍ പരസ്യ സിനിമകളില്‍ നിന്ന് വന്നതാവാം. പരസ്യങ്ങളില്‍ എല്ലാം തല്‍ക്ഷണം സംവദിക്കണം, പ്രേക്ഷകന് എല്ലാം മനസ്സിലാവണം. സിനിമയെ  നമ്മുടെ സര്‍ക്കാർ  Information and Broadcasting Ministry യുടെ കീഴിലാണ് ചേര്‍ത്തിരിക്കുന്നത് എന്ന കാര്യം ഇതോടൊപ്പം കൂട്ടിവായിക്കാം.


#cinema
Leave a comment