രണ്ടാം ഹിന്ദുത്വ തരംഗകാലത്തെ മലയാള സിനിമ
ബോളിവുഡിന്റെ ഹിന്ദുത്വവത്കരണത്തെ കുറിച്ച് ദീര്‍ഘമായ ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ഹിന്ദുത്വ എന്നിപ്പോള്‍ അറിയപ്പെടുന്ന തീവ്രദേശീയതയും അപരവിദ്വേഷവും ചങ്ങാത്ത മുതലാളിത്തവും കൂടിച്ചേര്‍ന്ന സംഘപരിവാര്‍ ഭീകരവാദം രാജ്യത്ത് പടര്‍ന്ന് പിടിക്കാന്‍ സഹായകമായി പ്രവര്‍ത്തിച്ചിട്ടുള്ള ഘടകങ്ങളില്‍ ജനകീയ സിനിമകള്‍ക്കുള്ള സ്ഥാനം വളരെ പ്രധാനമാണ്. മനുഷ്യരിലേയ്ക്ക് വൈകാരികവും തീവ്രവുമായ ആശയങ്ങള്‍ കയറ്റിവിടാന്‍ ജനകീയ കലാരൂപങ്ങളോളും അനുയോജ്യമായ മാധ്യമങ്ങള്‍ വേറെയില്ല എന്ന് എല്ലാകാലത്തും തെളിഞ്ഞിട്ടുള്ളതാണ്. ഹിറ്റ്‌ലര്‍ക്കും നാസി ജര്‍മ്മനിക്കും വേണ്ടി ലെനി റീഫൻസ്റ്റാൾ ചെയ്തിട്ടുള്ള പ്രൊപഗാന്‍ഡ ചലച്ചിത്രങ്ങള്‍ ചരിത്രത്തിലുണ്ട്. എങ്ങനെയാണ് ഹിറ്റ്‌ലറും തന്റെ പ്രൊപഗാന്‍ഡ മന്ത്രിയായിരുന്ന ജോസഫ് ഗീല്‍ബല്‍സും ലെനി റീഫെന്‍സ്റ്റളിന്റെ സിനിമകളുടെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നത് എന്നുള്ളത് പ്രധാനമാണ്. എന്നിട്ടും 2003 ല്‍ 101-ാം വയസില്‍ മരിക്കുന്നത് വരെ തനിക്ക് ഹോളോകോസ്റ്റിനെ കുറിച്ചോ, ദശലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയിരുന്നതിനേ കുറിച്ചോ അറിയുകയേ ഇല്ലായിരുന്നുവെന്നാണ് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.
ഹിന്ദുത്വയുടെ പ്രചരണത്തിന് സമാനമായ രീതിയില്‍ ജനപ്രിയ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുന്നത് എണ്‍പതുകളുടെ രണ്ടാം പകുതി മുതല്‍ നമുക്ക് വ്യക്തമായും കാണാം. അക്കാലം മുതല്‍ തൊണ്ണൂറുകളുടെ പകുതി വരെ നീളുന്ന ഒന്നാം ഹിന്ദുത്വ തരംഗത്തിന്റെ സമയത്തായിരിക്കും മാധ്യമങ്ങളിലൂടെ കാവിവത്കരണ സന്ദേശം ഏറ്റവും കൂടുതല്‍ പ്രചരിച്ചത്. സിനിമകളും സീരിയലുകളും മുതല്‍ പരസ്യങ്ങള്‍ വരെ ഹിന്ദുത്വയുടെ അജണ്ടകള്‍ക്കനുസരിച്ച് നീങ്ങി. പുതിയ വീരനായകര്‍ ഉണ്ടായി. സംവരണ വിരുദ്ധത പ്രചരിച്ചു. ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ എന്ന സംഘപരിവാറിന്റെ മുദ്രവാക്യത്തിന്റെ പ്രതിഫലനങ്ങള്‍ മറ്റു വ്യവസായങ്ങളിലെന്ന പോലെ സിനിമയിലുമുണ്ടായി. ബോളിവുഡില്‍ മാത്രമല്ല, കേരളത്തിലടക്കം സിനിമ വൃത്തത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിനായി'.
ലെനി റീഫൻസ്റ്റാൾ | Photo: Wiki Commons
എണ്‍പതുകളായിരുന്നു സംഘപരിവാര്‍ കാത്തിരുന്ന കാലം. 1980 ല്‍ ആര്‍.എസ്.എസ് അവരുടെ സ്വന്തം പാര്‍ട്ടി രൂപവത്കരിച്ചു. പഞ്ചാബ് പ്രക്ഷോഭം, യൂണിയന്‍ കാര്‍ബൈഡ് ദുരന്തം, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ഇന്ദിരാ വധം, സിഖ് വംശഹത്യ, കശ്മീരിലെ അനിയന്ത്രിതമായ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം കൊണ്ട് കലുഷിതമായ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഒന്നുമില്ലാരുന്ന രാജീവ് ഗാന്ധി എന്ന പുതിയ ഭരണാധികാരിക്ക് കീഴില്‍ സംഘപരിവാര്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭത്തെ കൂടിയ ഹൈന്ദവത കൊണ്ട് നേരിടാം എന്ന് രാജീവ് ഗാന്ധി വ്യാമോഹിച്ചു. ദൂര്‍ദര്‍ശനിലൂടെ രാമായണം രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലെത്തിയത് അങ്ങനെയാണ്. ഹിന്ദുവാണെന്നതില്‍ അഭിമാനിക്കൂ എന്നാക്രോശിച്ച് കൊണ്ട് സംഘപരിവാര്‍ ബാബ്‌രിപൊള്ളി പൊളിച്ച് മാറ്റി അവിടെ രാമക്ഷേത്രം പണിയണെന്നാവശ്യപ്പെട്ട് പിന്നീട് നടത്തിയ പ്രചരണങ്ങളിലെ രാമന് രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിലെ അരുണ്‍ ഗോവലിന്റെ ഛായയായിരുന്നു. വില്ലുകുലച്ച് വെല്ലുവിളിച്ച് രാമന്‍ ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി തെരുവായ തെരുവുകളിലെല്ലാം രാജ്യത്തിന്റെ മതേതരത്വ ഭാവനയെ ചോദ്യം ചെയ്ത് നിരന്നു.
രേവതി ലോളിന്റെ അനാട്ടമി ഓഫ് ഹേറ്റ് എന്ന പുസ്തകത്തില്‍ എങ്ങനെയാണ് ഗുജറാത്തില്‍ വംശഹത്യ നടത്തുന്ന വിധത്തില്‍ മനുഷ്യരെ ഹിന്ദുത്വയുടെ അജണ്ടകള്‍ മാറ്റിയെടുത്തത് എന്നാണ് വിവരിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളായി കലാപത്തില്‍ പങ്കെടുത്ത മൂന്ന് പേരുടെ ജീവിതം രേവതി ലോള്‍ വര്‍ണ്ണിക്കുന്നുണ്ട്. അതില്‍ ആദിവാസി സമൂഹങ്ങളിലൊന്നായ ഭീല്‍ ഗോത്രത്തില്‍ പെട്ട ദങ്കര്‍ (ശരിയായ പേരല്ല) എന്നയാള്‍ അയാളുടെ കഥ പറയുന്നു. അതിലെ ഒരു ഭാഗം ഇങ്ങനെയാണ്.
''ഒന്‍പത് കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലേയ്ക്കുള്ള യാത്രയില്‍ ഒരിക്കല്‍ തികച്ചും യാദൃശ്ചികമായാണ് ദങ്കര്‍ അത് കാണാനിടയായത്. ഗ്രാമസഭയും പഞ്ചായത്തുമെല്ലാം കൂടുന്ന ഒരു കേന്ദ്രമായിരുന്നു അത്. സാധാരണ വലിയ തിരക്കും ഒച്ചപ്പാടുമെല്ലാം ഉള്ള സ്ഥലം. പക്ഷേ ദങ്കര്‍ ചങ്ങാതിയുടെ സൈക്കിളും ചവിട്ടി അവിടെ പോയ ഞായറാഴ്ചയാകട്ടെ ഗ്രാമമൊട്ടാകെ അസാധാരണമാം വിധം നിശബ്ദമായിരുന്നു. എന്തോ അരുളപ്പാടുണ്ടായത് പോലെ ഗ്രാമത്തിലെ സര്‍വ്വരും പഞ്ചായത്ത് ഓഫീസിലെ റ്റിവിക്ക് മുന്നില്‍ വട്ടം കൂടി നില്‍ക്കുന്നു. ആ റ്റിവി സ്‌ക്രീനില്‍ ദങ്കര്‍ ലോകത്തിലേറ്റവും മഹത്തായ ഒരു കാഴ്ച കണ്ടെത്തി. സ്വര്‍ണക്കുതിരകള്‍ വലിക്കുന്ന രഥം ആകാശത്തിലൂടെ കുതിച്ച് പായുന്നു, ഭീമാകാരം പൂണ്ട ഹനുമാന്‍ ഹിമാലയം ഇളക്കിയെടുത്ത് കൈപ്പത്തിയിലൊതുക്കുന്നു-ദങ്കര്‍ വികാരാധിക്യം കൊണ്ട് സ്തംഭിച്ച് പോയി.
രേവതി ലോള്‍ | Photo: Facebook
അവന്റെ ഗ്രാമത്തില്‍ കറന്റോ റ്റിവിയോ ഉണ്ടായിരുന്നില്ല. എല്ലാ ഞായറാഴ്ചയും രാവിലെ 9.30ക്കാണ് ഈ സീരിയല്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നതെന്ന് ദങ്കര്‍ മനസിലാക്കി. എങ്ങനെയെങ്കിലും എല്ലാ ഞായറാഴ്ചയും ആ സമയമാകുമ്പോഴേയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ എത്താനുള്ള വഴി കണ്ടെത്തണം. 1987 ആയിരുന്നു അത്. അക്കാലത്തെ ഇന്ത്യയിലെ ഞായറാഴ്ച പ്രഭാതങ്ങള്‍ രാമായണ സമയമായിരുന്നു. ആ നേരത്ത് രാജ്യം പൊടുന്നനെ നിലച്ചു. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍ക്കുന്നത് നിര്‍ത്തി. കടക്കാര്‍ സാധനം വാങ്ങാന്‍ വന്നവരെ തിരിച്ചയച്ചു. രാഷ്ട്രീയക്കാര്‍ യോഗങ്ങള്‍ മാറ്റിവച്ചു. ദങ്കറാകട്ടെ തന്റെ നിധി കണ്ടെത്തി. അതാകട്ടെ, അവന് തുടര്‍ന്ന് ജീവിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രേരണയും ആയി തീര്‍ന്നു. ഒരു ഞായറാഴ്ചയില്‍ നിന്ന് അടുത്ത ഞായറാഴ്ചയിലേയ്ക്ക്.'' ഹിന്ദുത്വ എന്നാശയത്തിന്റെ നടത്തിപ്പുകാരനായി ദങ്കര്‍ മാറുന്നതിന്റെ ആരംഭമാണിതെന്നാണ് ആ പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.
രാമായണത്തിന് പുറകേ മഹാഭാരതവും സീരിയലായി മാറിയതോടെ തൊഴുകൈകളുമായി ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ ഇന്ത്യന്‍ ജനതയെത്തി. ദാരിദ്ര്യത്തേക്കാള്‍ വലിയ ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായി ഹൈന്ദവാഭിമാനം വളര്‍ന്നു. എണ്‍പതുകളുടെ അവസാനമായപ്പോള്‍ വി.പി സിങ്ങ് പൊടിതട്ടിയെടുത്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആളിക്കത്തിയ സംവരണ വിരുദ്ധതയും സിനിമകളുടെ ഉള്ളടക്കമായി. തൊണ്ണൂറുകളില്‍ ബാബ്‌രിപള്ളി പൊളിക്കലും മുംബൈ സ്ഥോടനങ്ങളും കലാപങ്ങളും ചേര്‍ന്ന് മുസ്ലീമെന്നെ പൊതുശത്രുവിനെ സൃഷ്ടിച്ചതോടെ സിനിമകളും ആ വഴി പിന്തുണര്‍ന്നു. ബോളിവുഡിന്റെ വലിയ താരങ്ങളായി ഷാരൂഖ്, ആമിര്‍, സല്‍മാന്‍ ഖാന്‍ന്മാര്‍ വളര്‍ന്ന കാലമാണെങ്കിലും ഏതാണ്ട് മിഡില്‍ ക്ലാസ്, മിഡില്‍ ക്ലാസ് ഹൈന്ദവരോ പാവപ്പെട്ട സവര്‍ണരോ ആയിട്ടായിരുന്നു സിംഹഭാഗം ചിത്രങ്ങളും അവരെത്തിയത്.
ഇക്കാലത്താണ് മലയാളത്തിലും ഹിന്ദുത്വയുടെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ആര്യനും അദ്വൈതവും ദേശാടനവും മുതല്‍ മുഖ്യധാര സിനിമകള്‍ പലതും ഹിന്ദുത്വയുടെ വക്താക്കളായി. ചങ്ങമ്പുഴയുടെ വാഴക്കുലയെ ഇക്കാലം തിരിച്ച് വായിച്ചു. ബ്രാഹ്മണരും സവര്‍ണരും പണവും അധികാരവുമില്ലാതെ ജീവിക്കുകയാണെന്നും മുസ്ലീങ്ങളും ദളിതരും പിന്നാക്കക്കാരും സംവരണവും ഗള്‍ഫ് പണവുമായി അധികാരസ്ഥാനങ്ങളില്‍ കഴിയുകയാണെന്നും സിനിമകള്‍ സ്ഥാപിച്ചു. തൊഴിലാളി സംഘടനകള്‍, പണിമുടക്ക് എന്നിവയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന മുഖ്യധാര മാധ്യമ വായനകള്‍ക്ക് ഒപ്പം നിന്നുകൊണ്ടായിരുന്നു ഈ സിനിമ പൊതുബോധ നിര്‍മ്മിതി നടന്നത്. രാഷ്ട്രീയക്കാര്‍ ഒന്നൊഴിയാതെ മോശക്കാരായി, വ്യവസായികളേയും പണക്കാരേയും സവര്‍ണരേയും ദ്രോഹിക്കുന്ന നാടായി കേരളം ചിത്രീകരിക്കപ്പെട്ടു. ശ്രീനിവാസന്‍ മുതല്‍ പ്രിയദര്‍ശന്‍ വരെ ഇതിന് ചേരുന്ന ഹാസ്യവും സാമൂഹ്യനിരൂപണമെന്ന മട്ടില്‍ സൃഷ്ടിച്ചു. കേരളത്തിലെ പാതയോരങ്ങളിലെ വലിയ വീടുകള്‍ മുസ്ലീങ്ങളുടേയും മറ്റുമാണ്, ഒരു സവര്‍ണ ഹിന്ദുവിന്റേതുപോലുമില്ല എന്ന് നായക കഥാപാത്രങ്ങള്‍ ആണയിട്ടു. പഴയകാല ഇടത് സഹയാത്രികരെന്ന് അറിയപ്പെട്ടിരുന്ന മാടമ്പ് കുഞ്ഞിക്കുട്ടന്‍ മുതല്‍ ടി.ദാമോദരന്‍ വരെ ഈ ആദ്യ ഹിന്ദുത്വ തരംഗത്തില്‍ അറിയാതെയോ അറിഞ്ഞോ അവരുടെ പങ്കുവഹിച്ചിട്ടുണ്ട്.
മാടമ്പ് കുഞ്ഞിക്കുട്ടന്‍ | Photo: Wiki Commons
ഇതോടനുബന്ധിച്ചാണ് വീരശൂര പരാക്രമികളായ ആല്‍ഫാ ആണുങ്ങളുടെ ആരവവും മുഴുങ്ങുന്നത്. മോഹന്‍ലാലും സുരേഷ് ഗോപിയും മമ്മൂട്ടിയും സ്ത്രീകള്‍ക്കെതിരെയും സമൂഹത്തിനെതിരെ പൊതുവേയും ആക്രോശിച്ചുകൊണ്ടിരുന്നു. ഉത്സവം നടത്തിയും പൂജകള്‍ നടത്തിയും അവര്‍ നാടിനെ രക്ഷിച്ചു. ദേശസ്‌നേഹം കൊണ്ട് ആര്‍ത്ത് വിളിച്ചു. വള്ളുവനാടും ഭാരതപ്പുഴയും നാലുകെട്ടും മലയാള സിനിമയുടെ അടയാളങ്ങളായി. മുസ്ലീങ്ങളും പിന്നാക്കക്കാരും ക്ഷേത്രങ്ങളും നാലുകെട്ടുകളും തൊട്ടശുദ്ധമാക്കാതെ മാറിനിന്നു. ജാതിവ്യവസ്ഥ വീണ്ടും പുലര്‍ന്നു. അതിന്റെ ഏതാണ്ടൊരു ക്ലൈമാക്‌സ് പോലെയാണ് കേരളത്തില്‍ നിന്ന് കാലാപാനി എന്ന സിനിമ ജനിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരില്‍ ഒരാളായ മോഹന്‍ലാലിന്റെ സ്വന്തം നിര്‍മ്മാണം. ആ ചിത്രമാണ് ഇന്നത്തെ ഇന്ത്യയുടെ പുതിയ രാഷ്ട്രപിതാവായി സംഘപരിവാര്‍ സ്ഥാപിക്കാന്‍ വെമ്പുന്ന വിനായക് സവര്‍കര്‍ എന്ന ഹൈന്ദവ തീവ്രവാദി നേതാവിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കരുത്തനായ പോരാളിയായി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്ന്.
ബ്രിട്ടീഷുകരോട് പല വട്ടം മാപ്പപക്ഷേിച്ച് ആന്‍ഡമാന്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന്, ബ്രിട്ടീഷ് പരാധികാരത്തിനെതിരെ പ്രവര്‍ത്തിക്കുകയില്ല എന്ന ഉറപ്പ് പാലിച്ച് അക്കാലത്തെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നട്ടെല്ലായിരുന്ന ഹിന്ദു-മുസ്ലീം ഐക്യത്തിനെ പിന്നില്‍ നിന്ന് കുത്താനുള്ള സകല തന്ത്രങ്ങളും പ്രവര്‍ത്തിച്ച് ഒടുവില്‍ ഗാന്ധി വധക്കേസില്‍ പ്രതിയായി ഇന്ത്യന്‍ ഓര്‍മ്മകളില്‍ നിന്ന് മറഞ്ഞ് പോയ സവര്‍ക്കര്‍ സംഘപരിവാറിന്റെ സ്വന്തം ചരിത്രത്തില്‍ ഏറ്റവും പ്രധാനിയായ നേതാവാണ്. ഗോഡ്‌സെയുടെ ഗുരുവും ആര്‍.എസ്.എസ് എന്ന ആശയത്തിന്റെ സൃഷ്ടക്കളിലൊരാളും കോണ്‍ഗ്രസിലെ ഗാന്ധി-നെഹ്രു ചേരി വിഭാവനം ചെയ്ത മതേതരത എന്ന ആശയത്തിന്റെ കടുത്ത എതിരാളിയും പിന്നീടുള്ള കാലത്ത് ഹിന്ദുത്വയുടെ ആചാര്യനായി മാറിയ എം.എസ്.ഗോള്‍വാള്‍ക്കറിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശകനുമെല്ലാമായിരുന്നു സവര്‍കര്‍. ഇതേ സവര്‍കറാണ് 1937 ലെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തില്‍ ഇന്ത്യ വിഭജിക്കുക എന്ന ആശയം ആദ്യം മുന്നോട്ട് വയ്ക്കുന്നത്. ഒട്ടേറെ മാപ്പപേക്ഷകള്‍ക്കും ബ്രീട്ടീഷ് ഭരണ കൂടത്തെ സഹായിച്ച് പ്രവര്‍ത്തിച്ചുകൊള്ളാം എന്ന വാഗ്ദാനത്തിനും ശേഷം സവര്‍കര്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന കാലത്ത്, 1926 ല്‍ ചിത്രഗുപ്ത എന്ന രചയിതാവിന്റെ 'വീര്‍ സവര്‍കര്‍' എന്ന പുസ്തകം പുറത്ത് വന്നു. ആ പുസ്തകമാണ് സവര്‍കറിനെ വീരനായും സ്വാതന്ത്രസമര നായകനായും ഭഗത്‌സിങ്ങിനൊപ്പമുള്ള പോരാളിയായും മറ്റും ആദ്യം ചിത്രീകരിച്ചത്. പിന്നീട് ഹിന്ദുമഹാസഭ വന്‍തോതില്‍ പ്രചരിപ്പിച്ച ഈ പുസ്തകം എഴുതിയ 'ചിത്രഗുപ്ത' യഥാര്‍ത്ഥത്തില്‍ സവര്‍കര്‍ തന്നെയായിരുന്നുവെന്ന് പിന്നീടാണ് തെളിഞ്ഞത്.
അഥവാ ഗാന്ധിവധത്തിന് ശേഷം നിറം മങ്ങിയ ഹിന്ദുത്വ കാലത്ത് ചരിത്രത്തിന്റെ പടുകുഴിയില്‍ വീണ് മറഞ്ഞ് തുടങ്ങിയിരുന്ന, സംഘപരിവാറിന്റെ പരിമിത ആശയലോകത്ത് മാത്രം പ്രവര്‍ത്തിച്ചരുന്ന, സവര്‍കര്‍ എന്ന ഹൈന്ദവ തീവ്രവാദ മുഖത്തിന് ദേശീയ വീരനായകന്റെ പരിവേഷം ചാര്‍ത്തിക്കൊടുത്ത് വരും കാലത്ത് വിഗ്രഹമായി പ്രതിഷ്ഠിക്കാനുള്ള വഴി തുറന്ന് കൊടുക്കുന്നതില്‍ മലയാള സിനിമയ്ക്ക് നിര്‍ണാകയ പങ്കുണ്ട് എന്നത് പറയാതെ വയ്യ.