രണ്ടാം ഹിന്ദുത്വ തരംഗകാലത്തെ മലയാള സിനിമ
2012-13 കാലത്ത് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അഴിമതി വിരുദ്ധ മുന്നേറ്റമെന്ന മട്ടില്‍ ആരംഭിച്ച് ദേശീയത, സുതാര്യത, ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട്, രാജ്യത്തിന് ധീരനായ ഒരു നേതാവ് എന്നിങ്ങനെയുള്ള വാദങ്ങളിലൂടെ വളര്‍ന്നതാണ് രണ്ടാം ഹിന്ദുത്വ തരംഗം. നരേന്ദ്രമോഡി എന്ന ഏകനേതൃത്വത്തിന്റെ അവതാരം. അടിയന്തരാവസ്ഥ കാലത്ത് കേട്ട "ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ" എന്ന വാദത്തിന്റെ പുതിയ പുതിയ മുഖം. പക്ഷേ മുമ്പൊരിക്കലും ഇല്ലാത്ത വിധത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും മധ്യവര്‍ഗ്ഗവും വ്യവസായലോകവും ഒന്നിച്ച് നിന്ന് ഹിന്ദുത്വയുടെ ഈ രണ്ടാം വരവിന് വഴിയൊരുക്കി. സര്‍വ്വയിടങ്ങളിലും സംഘപരിവാറിന്റെ ആഖ്യാനങ്ങളുടെ വാഴ്ത്തുകാരായി. പുതിയ ചരിത്രം, പുതിയ സാമ്പത്തിക ശാസ്ത്രം, പുതിയ ശാസ്ത്ര ദര്‍ശനങ്ങള്‍, പുതിയ വൈദ്യസമ്പ്രദായങ്ങള്‍ എല്ലാം സ്വീകരിക്കപ്പെട്ടു. ഈ കാലത്ത് പുതിയ ചരിത്രാഖ്യായികളുമായി ചലച്ചിത്ര പ്രവര്‍ത്തകരും എത്തി. ബോളിവുഡില്‍ പുതിയ താരോദയങ്ങളുണ്ടായി. പുതിയ കാലത്തിന്റെ വാഴ്ത്തുപാട്ടുകള്‍ ബോളിവുഡില്‍ നിന്നുണ്ടായി.
അതിലേറ്റവും പ്രധാനം എങ്ങനെ ചരിത്രത്തെ, പ്രത്യേകിച്ചും മധ്യകാല ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാന്‍, പഴയ ഓറിയന്റലിസ്റ്റുകളുടെ ഒത്താശയോടെ സംഘപരിവാര്‍ കാലങ്ങളായി നടത്തുന്ന ശ്രമത്തിന് ഈ സിനിമ ലോകം പിന്തുണ നല്‍കി എന്നാണ്. മധ്യകാല ഇന്ത്യ ചരിത്രം ഹിന്ദു-മുസ്ലീം എതിര്‍പ്പിന്റെ ചരിത്രമായി മാറ്റുക എന്നതായിരുന്നു സംഘപരിവാര്‍ ചരിത്രകാരന്മാര്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം. മുഹമ്മദ്ഗസ്‌നി സോമനാഥ ക്ഷേത്രം ആക്രമിച്ച മധ്യകാല മുസ്ലീം ഭീകരവാദത്തിന്റെ കഥ തലമുറ തലമുറ കൈമാറി വന്നതാണ്. പിന്നീട് 'സോമനാഥ: ദ മെനി വോയ്‌സ് ഓഫ് എ ഹിസ്റ്ററി' എന്ന റൊമീല ഥാപ്പറിന്റെ വിഖ്യാത ചരിത്ര ഗവേഷണ ഗ്രന്ഥം വരികയും അതില്‍ തെളിവുകളോടെ ഈ വാദം തെറ്റാണെന്ന് സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഈ വാദത്തിന്റെ മറുപുറത്ത് അല്പം ശക്തിയെങ്കിലും ലഭിച്ചത്. ഇത് സോമനാഥ ക്ഷേത്രത്തില്‍ ഒതുങ്ങുന്ന കാര്യമേ ഇല്ല. മുഗളര്‍ അഥവാ മുസ്ലീം ഭരണാധികാരികളുടെ ആധിപത്യത്തില്‍ നിന്നുള്ള മോചനം കൂടിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം വഴി ലഭിച്ചതെന്ന് ഈ ചരിത്രകാരന്മാര്‍ പ്രചരിപ്പിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പോലെ അക്കാലത്ത് ഇന്ത്യന്‍ ഭരണാധികാരികളും മുസ്ലീം ഭരണാധികാരികളും തമ്മില്‍ യുദ്ധമായിരുന്നുവെന്നും കഥകള്‍ സൃഷ്ടിച്ചു. ഇതാണ് ബോളിവുഡ് ചരിത്രാഖ്യായികള്‍ എന്ന പേരില്‍ കുറേകാലം ഏറ്റെടുത്തത്.
'സോമനാഥ: ദ മെനി വോയ്‌സ് ഓഫ് എ ഹിസ്റ്ററി' പുസ്തകത്തിന്റെ കവർ
ഇതില്‍ സംഘപരിവാറിന് സൂക്ഷ്മമായ മറ്റൊരു അജണ്ട കൂടിയുണ്ടായിരുന്നു. മുസ്ലീം ഭരണാധികാരികള്‍ക്കെതിരെയുള്ള ഈ പോരാട്ടത്തില്‍ പല ദേശങ്ങളിലും പല ജാതി ഘടനയില്‍ പെട്ട ഹൈന്ദവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട് എന്നും പുതിയ ചരിത്ര നിര്‍മ്മിതി അവര്‍ നടത്തുന്നുണ്ട്. പിന്നാക്ക വിഭാഗത്തില്‍ പെട്ട പല ജാതികളില്‍ നിന്നും ഉപജാതികളില്‍ നിന്നും അങ്ങനെ ഓരോ നേതാക്കളെ അവര്‍ പ്രതിഷ്ഠിച്ച് പോന്നു. മധ്യകാലത്ത് ഇന്ത്യയില്‍ സംഘടിത ഹിന്ദുമതമെന്നൊന്നില്ലെന്നും ബ്രിട്ടീഷ് കാലത്തെ സെന്‍സസ് സൗകര്യങ്ങളുടെ പേരില്‍ ബ്രാഹ്മണരും അവരെ ആശ്രയിച്ച് നില്‍ക്കുന്നവരുമായ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍, പാഴ്‌സികള്‍, ജൈനര്‍, ബുദ്ധര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മത വിഭാഗങ്ങളില്‍ പെടാത്ത ബഹുഭൂരിപക്ഷം അധകൃത ജനവിഭാഗങ്ങളെ ഏത് മതത്തിന്റെ ഭാഗമാക്കണമെന്ന് നിശ്ചയില്ലായിരുന്ന ബ്രിട്ടീഷുകാര്‍ സെന്‍സസ് പൂര്‍ത്തീകരണത്തിനുള്ള സൗകര്യത്തിന് അവരെ കൂടി ഹിന്ദുമതത്തിന്റെ ഭാഗമാക്കി മാറ്റിയതാണെന്നാണ് ചരിത്രം. ഈ ചരിത്രത്തെ തള്ളി, സംഘടിത ഹിന്ദുമതത്തിന്റേയും ബ്രാഹ്മണ്യ ചട്ടക്കൂടിന്റേയും ആഖ്യാനസ്വഭാവങ്ങള്‍ക്ക് അനുസൃതമായ സംസ്‌കാരവും ജീവിതരീതികളും ദൈവാരാധനയും ഉള്ള ജനവിഭാഗങ്ങളായി ഈ സമൂഹങ്ങളെ മധ്യകാലത്ത് പ്രതിഷ്ഠിച്ച് സംഘപരിവാര്‍ ചരിത്രാഖ്യാനത്തെ ദൃശ്യപരമായി കൂടി ബലപ്പെടുത്തുക എന്ന ദൗത്യം കൂടി ഇക്കാലത്ത് ബോളിവുഡ് ഏറ്റെടുത്തിട്ടുണ്ട്.
അജയ് ദേവ്ഗണിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും ലഭിച്ച 'താനാജി' എന്ന സിനിമ മാത്രം നോക്കാം. ഓം റാവത്ത് എന്നയാളാണ് സംവിധായകന്‍. അദ്ദേഹം അതിന് മുമ്പുള്ള ചിത്രം 'ലോകമാന്യ: ഏക് യുഗ്പുരുഷ്' ആയിരുന്നുവെന്നതിനാല്‍ സംവിധായകന്റെ രാഷ്ട്രീയ ബോധ്യത്തെ കുറിച്ച് വിസ്തരിക്കേണ്ടതില്ല. 1665-70 കാലത്ത് ഛത്രപതി ശിവജി പുണെയ്ക്കടുത്തുള്ള കൊന്ദാന കോട്ട പിടിച്ചെടുത്ത ചരിത്രമാണ് താനാജി എന്ന സിനിമയില്‍. യഥാര്‍ത്ഥത്തില്‍ ബീജാപ്പൂര്‍ സുല്‍ത്താനേറ്റിന്റെ ഭാഗമായിരുന്ന പുനെ പ്രദേശം ഭരണാധികാരിയായ ഇബ്രാഹിം ആദില്‍ ഷാ തന്റെ കമാന്‍ഡര്‍ ആയിരുന്ന ഷഹാജി ഭോസ്‌ലെയ്ക്ക് നോക്കി നടത്താനുള്ള അവകാശം നല്‍കിയതാണ്. ഷഹാജി ഭോസ്‌ലെയുടെ മകന്‍ ശിവാജി പുനെ ഒരു സ്വയം ഭരണ പ്രദേശമായി പ്രഖ്യാപിച്ച് സ്വന്തമായി ഭരണം തുടങ്ങി. അങ്ങനെയാണ് ആ പ്രദേശത്തുള്ള കൊന്ദാന കോട്ടയുടെ അവകാശം ശിവജിക്ക് ലഭിക്കുന്നത്. പിന്നീട് ഷഹാജിയെ തടവുകാരനാക്കി ആദില്‍ ഷാ അത് തിരിച്ച് പിടിക്കുകയും ശിവാജി വീണ്ടും പിടിച്ചെടുക്കുകയും എല്ലാം ചെയ്തു. എന്തായാലും മുഗള്‍ ഭരണാധികാരിയായ ഔറംഗസീബ് തന്നെ രജ്പുത്ര സൈന്യത്തെ ഉപയോഗിച്ച് തെന്നിന്ത്യയിലേയ്ക്ക് സാമ്രാജ്യം വ്യാപിക്കുന്ന കാലത്ത് ഈ പ്രദേശമെല്ലാം പിടിച്ചെടുത്തു. അംബേര്‍ ജയ് സിങ്ങായിരുന്ന അക്കാലത്ത് ഔറംഗസീബിന്റെ സൈന്യാധിപന്‍. പിന്നീട് ആ പ്രദേശത്തിന്റെ സൈനിക ചുമതലയില്‍ വന്ന ഉദയബാന്‍ റാത്തോഡ് എന്ന സൈനിക മേധാവി കൊന്ദാന ആസ്ഥാനമാക്കി സാമ്രാജ്യ വിസ്തീര്‍ണം നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത് ശിവാജി വീണ്ടും ആ കോട്ട പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതാണ് ചരിത്ര പശ്ചാത്തലം.
താനാജി സിനിമയിലെ രംഗം
രണ്ട് മുസ്ലീം ഭരണാധികാരികളുടെ സൈനിക പിന്‍തുടര്‍ച്ചയില്‍ വരുന്നവരാണ് ശിവജിയും ഉദയബാന്‍ റാത്തോഡും. ശിവജി പിന്നീട് സ്വയം ഭരണാധികാരിയായി മാറി. ഔറംഗസീബിന്റെ സൈന്യ മേധാവികളിലൊരാളായ ഉദയബാനാകട്ടെ ഇന്ത്യയിലെ പ്രബല സൈനിക പാരമ്പര്യമുള്ള രജ്പുത് യോദ്ധാക്കളുടെ ഗണത്തില്‍ പെടുന്നയാളും. ഈ യുദ്ധത്തില്‍ കോലി എന്ന പിന്നാക്ക സമൂഹാംഗമായ സുബേദാര്‍ താനാജിയുടെ നേതൃത്വത്തില്‍ റത്തോഡിന്റെ സേനയുടെ ശ്രദ്ധ അധികമില്ലാത്ത കോട്ടയുടെ പിന്‍ഭാഗത്ത് കൂടി ശിവജിയുടെ സൈന്യം പ്രവേശിച്ച് കോട്ട കീഴടക്കിയെന്നതാണ് കഥ. ഉടുമ്പുകളെ കോട്ടയ്ക്ക് മേലെറിഞ്ഞ് അതിനെ പിടിച്ച് കേറിയാണ് താനാജിയും സംഘവും മുകളിലെത്തിയത് എന്ന കഥ മറാത്ത നാട്ടുചരിത്രത്തിന്റെ ഭാഗമാണ്. യുദ്ധാവസാനം താനാജിയെ കുറിച്ച് 'യുദ്ധം ജയിച്ചു എന്നാല്‍ നമുക്കൊരു സിംഹത്തെ നഷ്ടപ്പെട്ടു' എന്ന് ശിവജി പറഞ്ഞുവെന്നും അങ്ങനെയാണ് കൊന്ദാന കോട്ട പിന്നീടുള്ള കാലത്ത് സിംഹഗഥ് അഥാ സിംഹത്തിന്റെ കോട്ട എന്നറിയപ്പെട്ടതെന്നുമാണ് കഥകള്‍. അഥവാ ശിവജിയും ഔറംഗസീബും തമ്മിലല്ലായിരുന്നു, താനാജിയും ഉദയബാന്‍ റാത്തോഡും പ്രധാനികളായ യുദ്ധ ചരിത്രമാണത്.
എന്നാല്‍ 'താനാജി' സിനിമയില്‍ താനാജി കുങ്കുമക്കുറിയണിഞ്ഞ, കാവി പുതച്ച സവര്‍ണ മറാത്ത പ്രമാണി പോലെയാണ് അവതരിക്കുന്നതിനെ 'ദ ക്വിന്റി'ല്‍ എഴുതിയ ലേഖനത്തില്‍ ആദിത്യ മേനോന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ രജ്പുതും സവര്‍ണനുമായ ഉദയബാന്‍ റാത്തോഡാകട്ടെ മുസ്ലീം യോദ്ധാവിനെ പോലെയും. ചിത്രത്തിന്റെ നിര്‍മ്മാതാവും താനാജിയെ അവതരിപ്പിക്കുന്ന ആളുമായ അജയ്‌ദേവ്ഗണ്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടുകൊണ്ട് പറഞ്ഞത് താനാജിയുടെ സര്‍ജിക്കല്‍ സ്‌ട്രെക്കിന്റെ കഥ എന്നാണ്. സര്‍ജിക്കല്‍ സ്‌ട്രെക്ക് ഇന്ത്യന്‍ ബോധത്തില്‍ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. സിനിമയിലുടനീളം ഈ സവര്‍ണയുക്തി കാണാം. ഹിന്ദു ആശയത്തിനകത്ത് കോലി വിഭാഗങ്ങള്‍ പെടാത്ത കാലത്ത് ആ വിഭാഗത്തില്‍ പെട്ടിരുന്ന ആളെയാണ് ഇപ്പോള്‍ ഹൈന്ദവതയുടെ പ്രതീകമായി നിര്‍ത്തുകയും മറുഭാഗത്ത് സവര്‍ണ ഹിന്ദുവായിരുന്നിട്ട് പോലും അയാളെ മതചിഹ്നങ്ങള്‍ ഇല്ലാത്ത ആളാക്കി മുസ്ലീം രാജാവിന്റെ പ്രതിനിധി മാത്രമാക്കി അവതരിപ്പിക്കുന്നത്. മറാത്ത രാജ്യത്തിന്റെ കാവി കൊടിയില്‍ ഓം കൂടി എഴുതി വച്ചാണ് സിനിമ പൂര്‍ണമായും പ്രചരണത്തിന്റെ ഭാഗമാകുന്നത്. 'സ്വരാജ്, ശിവജി, കാവി' എന്നിവ മൂന്നും ഒരോ മറാത്തക്കാരുടെയും ഭ്രാന്തമായ വികാരമാണെന്ന് താനാജിക്ക് ഡയലോഗ് ഉണ്ട്. ശിവജി വാളൂരുന്നത് സ്ത്രീകളുടേയും ബ്രാഹ്മരുടെ പൂണൂലിന്റെയും സംരക്ഷണത്തിനാണ് എന്നുള്ള മറ്റൊരു ഊന്നല്‍ കൂടി ചേര്‍ത്ത് വച്ച് താനാജിയെ സവര്‍ണാധിപത്യ ഹിന്ദുത്വയുടെ അടയാളം കൂടിയാക്കി ഈ ചിത്രം മാറ്റുന്നുവെന്നും ആദിത്യമേനോന്‍ പറയുന്നു.
ഓം റാവത്ത് | Photo: Facebook
മറാത്ത രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി ശിവാജിക്ക് ശേഷം സംബാജിക്കും രാജാറാമിനും വേണ്ടി പ്രവര്‍ത്തിക്കുകയും പിന്നീട് സ്വയം അധികാരികകമായി മാറുകയും ചെയ്ത പേഷ്വാകളുടെ കാലത്താണ് കോലികള്‍ മുതല്‍ മഹര്‍ വരെയുള്ള പിന്നാക്ക ദളിത് സമൂഹങ്ങള്‍ക്ക് ഏറ്റവുധികം പീഡനം സഹിക്കേണ്ടിവന്നിരുന്നത് എന്നതാണ് പിന്നീടുള്ള ചരിത്രം. താനാജിയുടെ സമുദായമായ കോലികള്‍ മറാത്ത രാജ്യത്തിനെതിരെ പിന്നീട് കലാപം നടത്തി. സൈന്യത്തിലും സമൂഹത്തിലുമുള്ള പീഡനം സഹിക്കവയ്യാതെയാണ് ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന് മറാത്ത സമ്രാജ്യത്തിനെതിരെ മഹര്‍ സമുദായം പൊരുതിയത്. അങ്ങനെയാണ് കൊറേഗാവ് യുദ്ധം മഹര്‍ ആത്മാഭിമാനത്തിന്റെ വിജയം കൂടിയാകുന്നത്. മറാത്ത സൈന്യവുമായുള്ള പോരാട്ടത്തില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന 50 ഇന്ത്യാക്കാരും കൊല്ലപ്പെട്ടിരുന്നു. അതില്‍ 22 പേരും മഹര്‍ വിഭാഗക്കാരായിരുന്നു. ഈ വിജയത്തിന്റെ സ്മാരകമായി ബ്രിട്ടീഷുകാര്‍ ഉയര്‍ത്തിയിട്ടുള്ള വിജയസ്തൂപത്തില്‍ ഈ ഇരുപത്തിരണ്ട് പേരുടേയും പേര് കൊത്തിവച്ചിട്ടുണ്ട്. 1927 ജനവരി ഒന്നിന് ഡോ.ഭീം റാവു അംബേദ്കര്‍ ഈ സ്മാരം സന്ദര്‍ശിച്ചു. ജാതിവ്യവസ്ഥയ്ക്ക് നേരെയുള്ള ദളിത് ആത്മാഭിമാനത്തിന്റെ പ്രതീകമായി വാഴ്ത്തപ്പെടുന്ന ആ സ്തൂപത്തിന് ചുറ്റും ഇപ്പോഴും ഒരോ ജനവരി ഒന്നിനും രാജ്യത്തിന്റെ വിവിധ പ്രദേശത്ത് നിന്നുള്ള ദളിത് സമൂഹങ്ങളും ഒത്തുചേരാറുണ്ട്. 2018 ജനവരി ഒന്നിന്, കൊറേഗാവ് യുദ്ധം നടന്നതിന്റെ ഇരുന്നൂറാം വാര്‍ഷിക ദിനത്തില്‍ ഇവിടെ ഒത്തുചേര്‍ന്ന ദളിത് സമൂഹത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും നിലവിലുള്ള ഭീമ കൊറേഗാവ് കേസ്. അഥവാ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ സംഘപരിവാര്‍ അജണ്ടകള്‍ക്കനുസരിച്ച് കീഴ്‌മേല്‍മറിക്കുക എന്ന ഒറ്റലക്ഷ്യമേ ഈ സിനിമകള്‍ക്കുള്ളൂ എന്നത് വ്യക്തമാണ്.
അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന വിഖ്യത ഗ്രന്ഥത്തില്‍ അംബേദ്കര്‍ എഴുതുന്നു: '' മറാത്ത രാജ്യത്ത് പേഷ്വാ ഭരണകാലത്ത്, ഏതെങ്കിലും ഹിന്ദുക്കള്‍ അതുവഴി നടക്കുന്നുണ്ടെങ്കില്‍ പൊതുവഴി അയിത്ത ജാതിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പോലും അധികാരമില്ലായിരുന്നു. കാരണം, അവരുടെ നിഴല്‍ പോലും ഹിന്ദുക്കളെ കളങ്കപ്പെടുത്താം. അവരെ ഹിന്ദുക്കള്‍ അറിയാതെ സ്പര്‍ശിച്ച് സ്വയം അയിത്തപ്പെടാതിരിക്കാന്‍ അയിത്ത ജാതിക്കാര്‍ അവരുടെ അയിത്തം സൂചിപ്പിക്കുന്ന വിധത്തില്‍ കഴുത്തിലോ കൈത്തണ്ടയിലോ കറുത്ത ചരട് കെട്ടണമായിരുന്നു. പേഷ്വാകളുടെ തലസ്ഥാലമായ പൂനെയില്‍ അയിത്ത ജാതിക്കാര്‍ അരയില്‍ കെട്ടിയ ഒരു ചൂലുമായി മാത്രമേ നടക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. അവര്‍ നടന്നത് കൊണ്ട് അയത്തപ്പെട്ട മണ്ണിന് ഹിന്ദുക്കള്‍ തൊടുന്നതിന് മുമ്പ് വൃത്തിയാക്കിക്കൊണ്ടേയിരിക്കാനായിരുന്നു അത്. പുനെയില്‍ അയിത്ത ജാതിക്കാര്‍ കഴുത്തില്‍ ഒരു മണ്‍ പാത്രം ധരിക്കണമായിരുന്നു. കാരണം അവരുടെ തുപ്പല്‍ മണ്ണില്‍ വീണ് അതില്‍ ഒരു ഹിന്ദു അറിയാതെ സ്പര്‍ശിച്ച് അയിത്തപ്പെടാതിരിക്കാനായിരുന്നു അത്.'' ഇതേ നാട്ടില്‍ ജീവിച്ചിരുന്ന അയിത്ത ജാതിക്കാരനായിരുന്ന താനാജിയാണ്, ഹിന്ദു ചിഹ്നങ്ങളോടെ, പൂണൂല്‍ സംരക്ഷിക്കാന്‍ വാളെടുക്കുന്ന രാജാവിന് വേണ്ടി മുസ്ലീങ്ങള്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രെക്ക് നടത്തുന്നയാളായില്‍ ഹിന്ദുത്വ സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത്.
'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്' പുസ്തകത്തിന്റെ കവർ
ഉത്തര്‍പ്രദേശില്‍ ഒരേ സുഹേല്‍ സിങ്ങ എന്ന യോദ്ധാവിന്റെ കഥ സംഘപരിവാര്‍ വൃത്തങ്ങള്‍ വിജയകരമായി പ്രചരിപ്പിക്കുന്നുന്നുണ്ട്. മധ്യ യുപിയില്‍ അദ്ദേഹം പാസി എന്ന ദളിത് വിഭാഗക്കാരനും പടിഞ്ഞാറന്‍ യു.പിയില്‍ രാജ്ഭര്‍ എന്ന പിന്നാക്ക ഹിന്ദുവിഭാഗക്കാനുമാണ് സംഘപരിവാര്‍ കഥകളിലെ സുഹേല്‍സിങ്ങ് ദേവ്. അദ്ദേഹം മുഗളരുമായി പോരടിച്ച് ഹിന്ദുക്കളുടെ അഭിമാനം രക്ഷിച്ചയാളാണെന്നും പശുക്കളെ സംരക്ഷിക്കാനാണ് അദ്ദേഹം പ്രധാന്യം പുലര്‍ത്തിയിരുന്നതും എന്നുമാണ് ഇരുകഥകളിലും പൊതുവായി ഉള്ളത്. മുസ്ലീങ്ങള്‍ക്കെതിരെ, ബ്രാഹ്മണ നിയമങ്ങള്‍ക്ക് അനുകൂലം എന്നതാണ് ഈ കഥകളിലെല്ലാം നായകരുടെ പ്രത്യേകത. ഈ സിനിമയുമായി ഈ പ്രചരണം കൂട്ടി വായിച്ചാല്‍ ഒരേ അച്ചിലുണ്ടായതാണെന്നറിയാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പത്മാവത്, ബാജിറാവു മസ്താനി എന്നതെല്ലാം മുതല്‍ ഉറി: സര്‍ജിക്കല്‍ സ്‌ട്രെക്കും കശ്മീര്‍ ഫയല്‍സും വരെയുള്ള ഈ ഗണത്തില്‍ പെടുന്ന എല്ലാ സിനിമകളും സവര്‍ണ ദേശീയത, മുസ്ലീം വിരുദ്ധത, ചരിത്ര വിരുദ്ധത എന്നീ ഹിന്ദുത്വ അജണ്ടയുടെ നഗ്നമായ ആഘോഷങ്ങളാണ്. ഇക്കാലത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളും രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരങ്ങളും ആ അജണ്ടകള്‍ക്കനുസൃതമായി വിഭജിക്കപ്പെട്ടു. താരങ്ങള്‍ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്ന് വെറുപ്പ് പരത്തി. നുണകളും തീവ്രദേശീയതയും മുസ്ലീം വിരുദ്ധതയും തന്നെ അവരും ഹിന്ദുത്വ അണികളേ പോലെ തന്നെ ആയുധമാക്കി.
പക്ഷേ രണ്ടാം ഹിന്ദുത്വയുടെ ഈ കാലം കേരളത്തിലും മലയാള സിനിമയിലും യാതൊരു ചലനവുമുണ്ടാക്കിയില്ല എന്ന് മാത്രമല്ല, ഇതേ കാലയളവിലാണ് സ്വതന്ത്രേച്ഛയും താരാധിപത്യ നിഷേധവും ഇന്‍ക്ലൂസീവ് ആകാനുള്ള ശ്രമവും എന്നിങ്ങനെ പുരോഗമനം എന്നാശയത്തോടുള്ള ചായ്‌വ് മലയാള സിനിമ കാണിക്കുന്നത്. ഒന്നാം ഹിന്ദുത്വ കാലത്ത്, ആള്‍ഫാ ആണാക്രോശങ്ങള്‍ ജനപ്രിയ സിനിമയുടെ അടിസ്ഥാനമാക്കി മാറ്റി എഴുത്തുകാരും സംവിധായകരും ഈ കാലമായപ്പോഴേയ്ക്കും കാലഹരണപ്പെട്ടു. കാലത്തിന് അനുസരിച്ച് മാറാന്‍ തയ്യാറാകാതിരുന്ന താരങ്ങള്‍ നിറം മങ്ങി മങ്ങി ഗ്യാരണ്ടികളില്ലാത്തവരായി. പുതിയ നായകരും നായികമാരും വന്നു. പുതിയ ലോജിക്കുകളും പ്രശ്‌നങ്ങളും സിനിമകളുടെ താത്പര്യമായി. ഇതുവരെ പറയാതിരുന്ന വിഷയങ്ങള്‍ മലയാള മുഖ്യധാര സിനിമ സംസാരിച്ച് തുടങ്ങി.
ന്യൂജനറേഷന്‍ എന്ന് വിളിക്കപ്പെട്ട ഒരു തരംഗം മലയാളത്തില്‍ ഈ കാലത്തിന് മുന്നേ തന്നെ ഉണ്ടായിരുന്നു. താരപദവികള്‍ക്ക് ഇളക്കം തട്ടുകയും സ്റ്റാര്‍ ലേബലുകളില്‍ മാത്രം വിജയങ്ങള്‍ ഉണ്ടാകുന്നത് അസാധ്യമാവുകയും ചെയ്യുന്ന കാലത്ത് തന്നെയാണ് പുതിയ തലമുറ സിനിമകള്‍ ഉണ്ടാകുന്നത്. ആണുങ്ങള്‍ ആണുങ്ങളെ തല്ലിയും കൊന്നും നീതിയും അഭിമാന വിജയവും നടപ്പാക്കുന്ന വാര്‍പ്പ് മാതൃകകള്‍ ജനങ്ങള്‍ അപ്പോഴെയ്ക്കും മടുത്തിരുന്നു. രാജേഷ് പിള്ളയുടെ ട്രാഫിക് (2011) മലയാളത്തില്‍ ഒരു നവതരംഗത്തിന് തുടക്കം കുറിച്ച സിനിമയാണെന്ന് പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിന് മുമ്പേ തന്നെ ഫിലിം മേക്കിങിന് മാറ്റം വരുന്നത് കാണാമായിരുന്നു. ദീര്‍ഘപ്രബദ്ധങ്ങള്‍ പോലുള്ള സംഭാഷണങ്ങളും വൈകാരിക പോരിന് വിളികളും വിശദീകരണങ്ങളും സംഗീതവും കുത്തി നിറച്ച ചിത്രങ്ങള്‍ അവസാനിക്കുകയും കാഴ്ചയിലും മട്ടിലും വേഗവും ഗതിയും മാറിയ സിനിമകള്‍ 2000-2010 കാലത്ത് തന്നെ പലതും വന്നു. 2011-ല്‍ തന്നെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ചാപ്പാ കുരിശ് എന്നീ സിനിമകള്‍ വന്നതോടെ മലയാള സിനിമയുടെ പുതിയ ഋതു എത്തിയെന്നും ലാവണ്യശീലങ്ങള്‍ക്ക് മാറ്റം വന്നുവെന്നും ഉറപ്പിച്ചു.
'ട്രാഫിക്' സിനിമയിലെ രംഗം
ഹിന്ദുത്വയ്ക്കനുസരിച്ച് ബോളിവുഡിലും അനുബന്ധ വ്യവസായങ്ങളിലും നയങ്ങളും ശൈലികളും ഉണ്ടാകുന്നതിന് ഗതിവേഗം വര്‍ദ്ധിച്ച 2014 ലാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന ചിത്രം ഉണ്ടാകുന്നത്. മലയാള സിനിമയുടെ ആരംഭത്തില്‍ സൂപ്പര്‍ താരങ്ങളും വിലയേറിയ താരങ്ങളും സ്ത്രീകള്‍ ആയിരുന്നുവെങ്കിലും കാലക്രമത്തില്‍ നായക കേന്ദ്രീകൃത സിനിമകളില്‍ പിന്തുണക്കാരായ കഥാപാത്രങ്ങളായി ഒതുങ്ങി പോയിരുന്ന കാലത്ത് നിന്ന് 'സൂപ്പര്‍ താര' പദവിയിലേയ്ക്ക് മഞ്ജുവാര്യര്‍ എന്ന അഭിനേത്രിയെ എത്തിച്ച ചിത്രമാണ് അത്. അതിന് മുമ്പുള്ള വര്‍ഷം തന്നെ അന്നയും റസൂലും, ആമേന്‍, നേരം, 24 നോര്‍ത്ത് കാതം എന്നീ സിനിമകളിലൂടെ മലയാള സിനിമ അതിന്റെ ഗതിയില്‍ കാര്യമായ മാറ്റം വരുത്തുന്ന സൂചനകള്‍ നല്‍കിയിരുന്നു. പുതുജനറേഷന്‍ ചിത്രങ്ങള്‍ സിനിമ വ്യവസായ രംഗത്തും മാറ്റങ്ങളുണ്ടായി. താരങ്ങളും ഹൈറാര്‍ഖിയും മാറി. മലയാളത്തിന്റെ സിനിമ വ്യവസായത്തിന്റെ ചരിത്രത്തില്‍ സാക്ഷിയും പങ്കാളിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കെ.പി.എ.സി ലളിത ഇതേ കുറിച്ച് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധേയമാണ്. നേരത്തേ സംവിധായന്‍ ആരാണ് പ്രൊഡ്യൂസര്‍ ആരാണ്, എഴുത്തുകാരന്‍ ആരാണ് എന്നെല്ലാം സിനിമ ലൊക്കേഷനില്‍ ചെന്നാല്‍ അറിയാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ സംവിധായകനേയോ അസിസ്റ്റന്റിനേയോ സിനിമോറ്റോഗ്രാഫറേയോ ഒന്നും മനസിലാകുന്നില്ല. എല്ലാവര്‍ക്കും ഏതാണ്ട് ഒരേ സ്ഥാനവും പദവിയുമാണ് എന്നായിരുന്നു കെ.പി.എ.സി ലളിതയുടെ നിരീക്ഷണം. അത് ലൊക്കേഷനില്‍ വന്ന മാറ്റം മാത്രമല്ല, അത് ഒരു സിനിമ വ്യവസായത്തിന്റെ എല്ലാതുറകളിലും ഉണ്ടായ ചെറിയ ഗതി മാറ്റത്തിന്റെ സൂചനയാണെന്ന് ഇക്കാലത്തെ സിനിമകളില്‍ നിന്ന് വ്യക്തമാണ്.
2016 ല്‍ ഇറങ്ങിയ മഹേഷിന്റെ പ്രതികാരവും കമ്മട്ടിപ്പാടവും മലയാള സിനിമയെ കുറച്ച് കൂടി മുന്നോട്ട് കൊണ്ടുപോയി. പഴയ നായകസ്ഥാനങ്ങളും ഇല്ലാതായി. ഏത് ചെറിയ നടനും മുഖ്യധാര ചിത്രങ്ങളിലേത് പോലുള്ള സ്വീകാര്യത ലഭിക്കും എന്നുമായി. ഫലിതങ്ങളുടേയും സംഭാഷണങ്ങളുടേയും രീതി മാറി. ജാതി, സാമ്പത്തിക അവസ്ഥ, നിറം, ലിംഗപദവി, ഭിന്നശേഷി എന്നിവയൊക്കെ തമാശ ഉത്പാദിക്കാനുള്ള ഏര്‍പ്പാടുകളാക്കി മാറ്റിയ രീതി സിനിമക്ക് കൈവിടേണ്ടതായി വന്നു. രാഷ്ട്രീയ ശരിയെന്തെന്ന് പ്രേക്ഷകര്‍ താരങ്ങളേയും സിനിമനിര്‍മ്മാതാക്കളേയും പഠിപ്പിക്കുന്ന നിലവന്നു.
കമ്മട്ടിപ്പാടത്തിലെ വിനായകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ലഭിച്ച വരവേല്‍പ്പ് മലയാളത്തിലെ നായക സങ്കല്‍പ്പത്തെ തന്നെ ഇളക്കി മാറ്റി. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഉണ്ടായി വന്ന ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്മകളില്‍ വിനായകന്‍ മലയാളത്തിലുണ്ടായ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രിയങ്കരനായി മാറി. ഇക്കാലത്ത് വിനായകനും ഇന്ദ്രന്‍സും സൗബിനും സുരാജ് വെഞ്ഞാറമൂടും ജയസൂര്യയും ബിജുമേനോനും ജോജുവുമെല്ലാമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടിയത്. ഇതാകട്ടെ ദേശീയ തലത്തില്‍ സംഭവിച്ചതിന്റെ നേരെ എതിരാണ്. സംഘപരിവാര്‍ ഭക്ത ശ്രേണില്‍ പെടുന്ന അക്ഷയ്കുമാറും അജയ്‌ദേവ്ഗണും കൊങ്കണ ശര്‍മ്മയുമെല്ലാം ആവര്‍ത്തിച്ച് വീരനായകരായി കൊണ്ടിക്കുന്ന അതേ കാലയളവിലാണ് കേരളത്തില്‍ നായക-നായിക സങ്കല്പങ്ങളുടെ അപനിഗൂഢവത്കരണം നടന്നത്.
'കമ്മട്ടിപ്പാടം' സിനിമയിലെ രംഗം
2004 ല്‍ ഇറങ്ങിയ 'ചതിക്കാത്ത ചന്തു' എന്ന ചിത്രത്തില്‍ രാത്രി വിനായകനെ കണ്ട് ഒരു കഥാപാത്രം ബോധം കെട്ട് വീഴുന്ന രംഗമുണ്ട്. 15 വര്‍ഷത്തിന് ശേഷം 2019-ല്‍ എത്തുമ്പോള്‍ ഒരു കഥാപാത്രം തന്നെ കാമുകിയോട് 'സൈഡില്‍ നിന്ന് നോക്കുമ്പോള്‍ എനിക്ക് വിനായന്റെ ഛായയില്ലേ' എന്ന് ചോദിക്കുമ്പോള്‍ (കുമ്പളങ്ങി നൈറ്റ്‌സ്) തീയേറ്ററില്‍ കൈയ്യടി നിറയുന്നത് സിനിമയക്കും പ്രേക്ഷകര്‍ക്കും ഉണ്ടായ വളര്‍ച്ചയാണ്. ലാവണ്യ ഭാവുകത്വം എന്നത് രാഷ്ട്രീയ ഭാവുകത്വവുമായി ചേര്‍ന്ന് ഒന്നായി ഇക്കാലത്ത് മാറി. ഇന്ദ്രന്‍സും മോളി കണ്ണമാലിയും പൗളി വില്‍സണും സൗബിനും സുരാജും മണികണ്ഠനും രാജേഷ് മാധവനും ലുക്മാന്‍ അവിരായും മുതല്‍ ഒട്ടേറെ പേര്‍ ഗതകാല ഭാവുകത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് താരപദവിയാര്‍ജ്ജിച്ചു.
2017 ല്‍ കേരളത്തിലെ ഒരു മുന്‍നിരചലച്ചിത്രതാരം ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമയില്‍ പ്രേക്ഷകരും കാണികളും ഇടപെടാനാരംഭിച്ചു. ഒരു നടിക്ക് നേരിടേണ്ടി വന്ന അപമാനവും ശാരീരിക ആക്രമണവും എങ്ങനെ ഒരു ചലച്ചിത്ര വ്യവസായത്തെ തന്നെ ബാധിച്ചുവെന്നത് ഭാവിയില്‍ പഠിക്കേണ്ട വിഷയമാണ്. നിലപാടുകള്‍ തിരുത്താനും മെച്ചപ്പെട്ട നിലപാടുകള്‍ എടുക്കാനും പഴയ താരനിരയോടും പഴയകാല ചലച്ചിത്രപ്രവര്‍ത്തകരോടും പൊതുസമൂഹം ആവശ്യപ്പെട്ടു. പിന്തിപ്പന്‍ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. സിനിമ രംഗത്തെ സ്ത്രീകള്‍ക്ക് പുതിയ കൂട്ടായ്മ ഉണ്ടായി. അവര്‍ അവകാശവും കണക്കും അന്വേഷിച്ചു. രാഷ്ട്രീയം നിരന്തരം സംസാരിച്ചു. ഇത് സൃഷ്ടിച്ച മാറ്റവും നിര്‍ണായകമായിരുന്നു. ഒരു കൂട്ടം പുതിയ സംവിധായകരും എഴുത്തുകാരും പുതുതായി ഉണ്ടായി. അവര്‍ മെച്ചപ്പെട്ട ലോകത്തെ കുറിച്ച് സംസാരിച്ചു.
ഈ കാലത്തിന്റെ തുടര്‍ച്ചയായാണ് കോവിഡ് കാലം എത്തിയത്. ബോളിവുഡ് അടക്കമുള്ള സിനിമ വ്യവസായങ്ങളെ കോവിഡ് തളര്‍ത്തിയപ്പോള്‍ മലയാള സിനിമ ലോകം മുഴുവന്‍ വളര്‍ന്നു. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഫഹദ് ഫാസില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി. സീ യൂ സൂണും ജോജിയും തൊണ്ടിമുതലും കുമ്പളങ്ങി നൈറ്റ്‌സും ഇന്ത്യ മുഴുവന്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്തു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ സൃഷ്ടിച്ച മാറ്റം അത്ഭുതാവഹമായിരുന്നു. സിനിമ ബിസിനസിന്റെ രീതി തന്നെ മാറി മറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമയ്ക്ക് പുറത്തേയ്ക്ക്, സമൂഹത്തിലേയ്ക്ക് വലിയ ചര്‍ച്ചകള്‍ തുറന്നിട്ടു. എങ്ങിനെ സിനിമയ്ക്ക് സാമൂഹികമാറ്റത്തിന്റെ വഴിയില്‍ ഇടപെടാം എന്നുള്ളത് വീണ്ടും വീണ്ടും ആലോചിക്കപ്പെട്ടു. അടുക്കളയും വിഴുപ്പും മലയാളി സവര്‍ണ പുരുഷാഹന്തകളേയും അതിന്റെ അശ്ലലമായ അഴുക്കുകളേയും സിനിമയില്‍ മലയാളി കണ്ണാടിയിലെന്ന പോലെ കണ്ടു. പല വിധ പ്രതികരണങ്ങള്‍ ഉയര്‍ന്നെങ്കിലും ആത്യന്തികമായി പുതിയ സ്ത്രീകേന്ദ്രീകൃത സിനിമകള്‍, ആണത്ത അഹന്തകള്‍ക്കെതിരെയുള്ള മുഖ്യധാര സിനിമയുടെ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വരാന്‍ ആ സിനിമ നല്‍കിയ കരുത്ത് വലുതാണ്.
'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമയിലെ രംഗം
ഇതിനിടെ, ലോക്കല്‍ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി മലയാളത്തില്‍ നിന്നുയര്‍ന്ന് നെറ്റ്ഫ്‌ളിക്‌സില്‍ തരംഗമായി. കേരളം, മലയാള സിനിമ എന്നിവ സവിശേഷമായ പ്രമേയങ്ങള്‍ക്കും മികച്ച ഫിലിം മേക്കിങ്ങിനും ഉഗ്രന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മാത്രമല്ല, സൂപ്പര്‍ ഹീറോ പോലുള്ള അന്തരാഷ്ട്ര തലത്തിലുള്ള പരീക്ഷണങ്ങള്‍ക്കും വേദിയാവുകയാണ് എന്നത് ചര്‍ച്ച ചെയ്യപ്പെട്ടു. ഈ പുതിയ കാലത്തിന്റെ മിടുപ്പുകളെ ആദ്യം ഉള്‍ക്കൊണ്ട സൂപ്പര്‍ താരം മമ്മൂട്ടിയായിരുന്നു. ഉണ്ടയിലെ മണി എന്ന പോലീസുകാരനിലേയ്ക്ക് മമ്മൂട്ടി പ്രവേശിക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്താവന എന്ന നിലയില്‍ കൂടിയാണ്. തമിഴില്‍ പേരന്‍പ് ട്രാന്‍സ്‌ജെന്‍ഡര്‍ നായികക്കൊപ്പം അഭിമാനത്തോടെ മമ്മൂട്ടി നിന്നു. റോഷാഷ്, പുഴു, നന്‍പകല്‍ നേരത്തില്‍ തുടങ്ങിയ സിനിമകളുടെ ഭാഗമായി മാറ്റത്തിനൊപ്പം തന്നെ ഉറപ്പിച്ച് നിന്നു. ജാതിയെ കുറിച്ച് മലയാള സിനിമ ഉറക്കെ സംസാരിക്കാന്‍ തുടങ്ങി.
ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീയുടെ ജീവിതവും ഡൊമസ്റ്റിക് വയലെന്‍സിനെതിരെയുള്ള സ്ത്രീ പ്രതിരോധവും മുഖ്യധാര സിനിമയിലെത്തി എന്ന് മാത്രമല്ല, അത് വലിയ കരുത്തായി മാറുകയും ചെയ്തു. മുഖ്യധാര നിര്‍മ്മിച്ച അഴകളവുകള്‍ തികഞ്ഞ സ്ത്രീകള്‍ മാത്രമല്ല, തടിച്ചവരും കരുത്തവരും പ്രായം ചെന്നവരുമൊക്കെ മലയാള സിനിമയില്‍ പ്രേമിക്കുകയും നായികമാരാവുകയും ചെയ്തു. ഇക്കാലത്തും ഹിന്ദിയില്‍, ബോളിവുഡില്‍ ഇത്തരം സിനിമകള്‍ ഉണ്ടായിട്ടില്ല എന്നല്ല, അത് പ്രധാന നരേറ്റീവ് ആയി മാറുകയും സിനിമ വ്യവസായത്തിനെ തന്നെ പുതുക്കി നിശ്ചയിക്കുന്ന വിധത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്തില്ല എന്നതാണ് ചൂണ്ടിക്കാണിച്ചത്. മലയാളത്തില്‍ ഇത്തരത്തിലുള്ള ഭാവുകത്വ മാറ്റം തന്നെയാണുണ്ടായത്.
ഇതേ കാലത്താണ് കെ.എല്‍.പത്ത് മുതല്‍ തല്ലുമാല വരെ മുഖ്യധാര മുസ്ലീം സമൂഹത്തില്‍ നിന്നുള്ള കഥകളും ജീവിതവും മുഖ്യധാരയിലേയ്ക്ക് വന്നത്. ഹോളിവുഡില്‍ മാര്‍വല്‍ സൂപ്പര്‍ ഹീറോ ലോകത്ത് മിസ് മാര്‍വല്‍ വന്നതിന് തുല്യമായാണ് നമ്മളുടെ തല്ലുമാലയെ വീക്ഷിക്കേണ്ടത്. ബ്ലാക്പാന്തറും വക്കാന്‍ഡ ഫോര്‍ എവറും മാര്‍വല്‍ ലോകത്ത് കറുപ്പിന്റെ രാഷ്ട്രീയം ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ മിസ് മാര്‍വല്‍ മുസ്ലീം അഥര്‍ എന്നത അമേരിക്കന്‍ പൊതു നോട്ടത്തെ വെല്ലുവിളിച്ച മിനി സീരീസ് ആണ്. സൂപ്പര്‍ ഹീറോ ആയി മാറുന്ന പാകിസ്താന്‍ മുസ്ലീം റ്റീനേജറുടെ കുടുംബത്തിലും പരിസരങ്ങളിലും ഉള്ള മുസ്ലീം സാന്നിധ്യങ്ങള്‍ പൊതുസമൂഹത്തിന്റെ അവിഭാജ്യമായ ഘടകങ്ങളായി മാത്രമാണ് ആ സീരീസില്‍ നിലനില്‍ക്കുന്നത്. അവളുടെ താടി നീട്ടി വളര്‍ത്തിയ ചേട്ടനോ അവളുടെ പരിസരത്തുള്ള മുസ്ലീം പള്ളിയോ അസ്വഭാവികമായ ഇടങ്ങളോ രൂപമോ ആയി ആ സീരീസ് കാണുന്നില്ല. അതുപോലെയുള്ള ഒരു സര്‍വ്വസാധാരണത്വത്തോടെ നമ്മുടെ മുസ്ലീം പരിസരങ്ങളെ വീക്ഷിക്കാന്‍ തല്ലുമാല തയ്യാറാകുന്നുണ്ട്. ഒരു തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ആദ്യത്തെ മെഗാഹിറ്റായ ഭീഷ്മ പര്‍വ്വത്തിലും അത് കാണാം. പെഡിഗ്രി എന്നത് ഏറ്റവും വലിയ നേട്ടമായി എണ്ണുന്ന ക്രിസ്ത്യന്‍ തറവാടുകളിലൊന്നിന്റെ അനിഷേധ്യ നേതൃത്വത്തിന്റെ അനന്തരാകാശം ഒരു മുസ്ലീം യുവാവിന് കൈമാറുന്നതില്‍ യാതൊരു അസ്വാഭാവികതയും ആ സിനിമയും കാണുന്നില്ല. മനുഷ്യ ബന്ധങ്ങളുടെ, ചര്‍ച്ച പോലും ആവശ്യമില്ലാത്ത, സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ പോലെയാണ് സിനിമ അതിനെ അടയാളപ്പെടുത്തുന്നത്. തീവ്രവാദം, ബോംബ്, വിശ്വാസം, പ്രാര്‍ത്ഥന, ബിസിനസ്, കള്ളക്കടത്ത്, പ്രാര്‍ത്ഥന തുടങ്ങി പലതിനേയും മുന്നോട്ട് തള്ളിമാത്രമേ മുസ്ലീം ജീവിതത്തെ മലയാള സിനിമ അവതരിപ്പിക്കൂ എന്ന നടപ്പ് രീതികള്‍ ഇക്കാലം നിഷേധിച്ചു.
'തല്ലുമാല' സിനിമയിലെ രംഗം
അഭിമുഖങ്ങളിലും സിനിമ പ്രമോഷനുകളിലും സൂക്ഷിച്ച് പ്രതികണങ്ങള്‍ നടത്താനും രാഷ്ട്രീയശരികളുടെ ഭാഗമായി നില്‍ക്കാനും മുഖ്യധാര മലയാള സിനിമയില്‍ നിന്ന് ഒരു ശ്രമമെങ്കിലും ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് പ്രധാനം. എങ്കിലും മറ്റെല്ലായിടത്തുമുള്ളത് പോലെ പ്രശ്‌നങ്ങള്‍ ഇവിടെയും ഉണ്ട്. തികച്ചും അന്യായമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അനീതി ഉണ്ട്. അതിന്റെ കൂടെ നില്‍ക്കുന്ന മനുഷ്യരും സിനിമ വ്യവസായവുമുണ്ട്. പക്ഷേ അതല്ല ഈ കാലത്തെ മലയാള സിനിമയുടെ അടയാളം. അത് മാറ്റത്തിന്റേതാണ്. പുതിയയുടേയും പ്രതീക്ഷയുടെയുമാണ്. ദേശീയ തലത്തില്‍ സംഘപരിവാറിന്റെ പ്രചരണ വാഹനമായി, കാവി കൊടി കെട്ടി സിനിമ മുന്നോട്ട് പോകുമ്പോഴാണ് ഈ മാറ്റം ഇവിടെയുള്ളത്. ഒരു മാളികപ്പുറം കൊണ്ടോ, ചിലതരം ദേശീയതാ ജല്പനങ്ങള്‍ കൊണ്ടോ പുതിയ രാമസിംഹാവതാരങ്ങള്‍ കൊണ്ടോ ശാഖകളുടേയും കാവിച്ചരടുകള്‍ കൊണ്ടോ നിറം മങ്ങിപോകില്ല. സര്‍ഗ്ഗാത്മകതയും സാമൂഹിക ബോധവും സമ്മേളിക്കുന്ന ഇടങ്ങളിലെ ഉത്കര്‍ഷമാണത്. പ്രതിരോധം തീര്‍ക്കുന്ന ഒരു തലമുറയുടെ തെളിച്ചം നിറഞ്ഞ കാഴ്ചകള്‍.
ഇതേ കാലത്ത് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും പൊതുസമൂഹവും ഉദ്യോഗസ്ഥ വൃന്ദവും പോലീസും എത്രമാത്രം ഹിന്ദുത്വയുടെ ആശയത്തിന്റെ നടത്തിപ്പുകാരും ആരാധകരും ആയിമാറിയിട്ടുണ്ട് എന്ന് കൂടി കണക്കിലെടുക്കുമ്പോഴാണ് മലയാള സിനിമ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ ബോധ്യത്തോടെ ഇക്കാലത്തെ നോക്കികാണുന്നതിന്റെ പ്രസക്തിയേറുന്നത്.