TMJ
searchnav-menu
post-thumbnail

TMJ Cinema

ഋതുഭേദങ്ങള്‍ 

17 Aug 2023   |   18 min Read
സിവിക് ജോൺ

താനേ മാഞ്ഞുപോകുന്ന സൗഹൃദങ്ങള്‍

"It happens. Friends come in and out of your life like busboys in a restaurant, did you ever notice that? Some people drown, that's all. It's not fair, but it happens. Some people drown."


Different Seasons എന്ന Stephen King സമാഹാരത്തിലെ The Body എന്ന ലഘുനോവലിന്റെ 32-ാം അദ്ധ്യായം അവസാനിക്കുന്നത് ഈ വാചകങ്ങളിലാണ്. പല കാലഘട്ടങ്ങളിലായി സ്റ്റീഫന്‍ കിംഗ് എഴുതിയ നോവല്ലകളുടെ സമാഹാരമാണ് Different Seasons. Hope Springs Eternal, Summer of Corruption, Fall from Innocence, A Winter's Tale എന്നിങ്ങനെ ഓരോ നോവല്ലയ്ക്കും ഒരു ഋതുവിന്റെ ഉപവാചകമുണ്ട്. സങ്കീര്‍ണതകളില്ലാത്ത ആഖ്യാനത്താല്‍ ആ ഉപവാചകങ്ങളുടെ ധര്‍മം നിര്‍വഹിക്കപ്പെടുന്നുമുണ്ട്. പുസ്തകത്തിലെ നാല് ലഘുനോവലുകളില്‍ മൂന്നെണ്ണവും ഇതിനോടകം ചലച്ചിത്രമായതാണ്. The Breathing Method എന്ന അവസാനകൃതിയുടെ ചലച്ചിത്രാവിഷ്‌കാരം ഉടനെയുണ്ടാവും എന്ന് കേള്‍ക്കുന്നു. The Shawshank Redemption, Apt Pupil, Stand By Me എന്നീ ചിത്രങ്ങളെക്കുറിച്ചും അതിന് ആധാരമായ Rita Hayworth and the Shawshank Redemption, Apt Pupil, The Body എന്ന ലഘുനോവലുകളെക്കുറിച്ചുമാണ്  ഇവിടെ എഴുതാന്‍ ശ്രമിക്കുന്നത്. The Shawshank Redemption എന്ന വിഖ്യാതചിത്രം ഉണ്ടായിട്ടും എന്തുകൊണ്ട് Stand By Me എന്ന ചിത്രത്തെക്കുറിച്ച് ആദ്യം എഴുതുന്നു എന്നത് ആര്‍ക്കും തോന്നാവുന്ന സംശയമാണ്. ഒരിക്കല്‍ പ്രിയങ്കരമായിരുന്ന ഇടങ്ങളെയും മനുഷ്യരെയുമെല്ലാം പിന്നീടൊരുകാലത്ത് ഖേദത്തോടെ മാത്രം ഓര്‍മിച്ചെടുക്കുന്നവര്‍ പരിചിതരാണെന്നതിനാല്‍  ഈ കാഴ്ചയും വായനയും വളരെ പ്രിയപ്പെട്ടതാവുന്നു.

Stand By Me എന്ന Rob Reiner ചിത്രം മൂന്നുപതിറ്റാണ്ടുകള്‍ക്കിപ്പുറവും ആസ്വദിച്ചു കാണാന്‍ കഴിയുന്ന ഒന്നാണ്. പ്രധാനകഥാപാത്രമായ ഗോര്‍ഡിയും സുഹൃത്തുക്കളും അവരുടെ ചെറുപ്പത്തില്‍ ഒരു മൃതദേഹം കാണാനായി നടത്തുന്ന യാത്രയാണ് ഒന്നര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം. വില്‍ വീറ്റണ്‍ ആണ് ഗോര്‍ഡിയെ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്ന മൂത്ത മകന്റെ മരണശേഷം ഗോര്‍ഡിയുടെ അച്ഛനും അമ്മയും അവനെ ശ്രദ്ധിക്കുന്നതു തന്നെ ചുരുക്കമാണ്. തന്റെ സുഹൃത്തുക്കളായ ക്രിസ് (റിവര്‍ ഫീനിക്‌സ്), റ്റെഡി (കോറി ഫെല്‍ഡ്മാന്‍), വേണ്‍(ജെറി ഒകോണല്‍) എന്നിവര്‍ക്കൊപ്പമാണ് അവന്‍ സമയം ചിലവഴിക്കുന്നത്. ആ സംഘത്തിലെ നാലുപേര്‍ക്കും പൊതുവായുള്ള ഘടകം അവരെല്ലാം പലവിധത്തില്‍ തങ്ങളുടെ മാതാപിതാക്കളാല്‍ അവഗണിക്കപ്പെടുന്നു എന്നതാണ്. ഒരു വ്യക്തിയുടെ ജീവിതം രൂപപ്പെടുന്നതില്‍ പേരന്റിങ്ങിനുള്ള പ്രാധാന്യം എത്ര വലുതാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അവിടെയാണ് പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലാതെ വളരുന്ന, സാമൂഹികശ്രേണിയില്‍ നിന്നും പുറന്തള്ളപ്പെട്ട കുട്ടികളിലൂടെ മോശം സാഹചര്യങ്ങള്‍ എങ്ങനെ ഒരു കുട്ടിയെ ബാധിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച നമുക്കായി കിംഗ് ഒരുക്കുന്നത്.

അവരുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന ആ യാത്ര സംഭവിക്കുന്നത് റേ ബ്രവര്‍ എന്ന കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ്. ഏകദേശം അവരുടെ തന്നെ പ്രായമുള്ള റേ ബ്രവറിനെ ഉള്‍ക്കാട്ടിലേക്ക് കടക്കുന്ന റെയില്‍പാളങ്ങള്‍ക്കരികിലാണ് അവസാനമായി കണ്ടത്. ബ്ലൂബെറി ശേഖരിക്കാനായി പുറപ്പെട്ടതായിരുന്നു റേ. ട്രെയിന്‍ അപകടത്തിലോ മറ്റോ അവന്‍ മരണപ്പെട്ടിരിക്കാം എന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും മൃതദേഹം കണ്ടെടുക്കാത്തതിനാല്‍ അത് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. അവനായുള്ള തിരച്ചില്‍ വ്യാപകമാകുന്ന സമയത്താണ് വേണ്‍ തന്റെ സുഹൃത്തുക്കളോട് ഒരു രഹസ്യം പറയുന്നത്. റേ ബ്രവറിന്റെ മൃതദേഹം എവിടെയെന്ന്. മോഷ്ടിച്ച കാര്‍ ഒളിപ്പിക്കാനായി ഉള്‍ക്കാട്ടിലേക്കുപോയ തന്റെ സഹോദരന്‍ റേയുടെ മൃതദേഹം കണ്ടുവെന്നും എന്നാല്‍ താനുള്‍പ്പെട്ടവര്‍ മോഷണവിവരം പുറത്തറിയാതിരിക്കാന്‍ ആ വിവരം രഹസ്യമാക്കി വെച്ചെന്നുമാണ് വേണ്‍ പറഞ്ഞത്. എന്നാല്‍ വേണില്‍ നിന്നും ആ വിവരമറിഞ്ഞ സുഹൃത്തുക്കള്‍ മൃതദേഹം നേരില്‍ കാണാനായി ഒരു യാത്ര പോകാന്‍ തീരുമാനിക്കുന്നു. വീട്ടില്‍ പല കള്ളങ്ങള്‍ പറഞ്ഞ് പിറ്റേന്ന് രാവിലെ അവര്‍ റേ ബ്രവറുടെ മൃതദേഹം തേടിയിറങ്ങുന്നു.

ROB REINER'S 1986 MOVIE SHOT 'STAND BY ME' | PHOTO: WIKI COMMONS
കുട്ടിക്കാലത്ത് നമ്മളില്‍ പലരും വീട്ടുകാരുടെ അനുവാദത്തിനു കാക്കാതെ സാഹസികയാത്രകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോര്‍ഡിയുടെയും സംഘത്തിന്റെയും യാത്രയില്‍ പലപ്പോഴും സ്വന്തം സാഹസികയാത്രകളുടെ സാദൃശ്യം തിരിച്ചറിയാന്‍ വിഷമമില്ല. ഒരു യാത്രയില്‍ ഒരുമിച്ച് സമയം ചിലവഴിക്കുമ്പോള്‍ മാത്രം പരസ്പരം പങ്കുവയ്ക്കപ്പെടുന്ന കഥകളുണ്ട്. ആ യാത്രാസംഘത്തിനു പുറത്തുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലാകാത്ത ചിലത്. മറ്റൊരാളോട് പോലും പറയാന്‍ കഴിയാത്ത, പറഞ്ഞാലും ആരും വിശ്വസിക്കാന്‍ ഇടയില്ലാത്ത എത്രയോ കാര്യങ്ങള്‍ നമ്മളും ഓരോ യാത്രകളില്‍ ഒരുമിച്ചനുഭവിച്ചിരിക്കുന്നു. റേയുടെ മൃതദേഹം തിരഞ്ഞുള്ള യാത്രയില്‍ അവരും കടന്നുപോകുന്നത് അത്തരം സന്ദര്‍ഭങ്ങളിലൂടെയാണ്.

ഒരു ദിവസത്തില്‍ അവസാനിക്കുമെന്നുറപ്പിച്ച് തുടങ്ങിയ ആ യാത്രയിലെ ആദ്യ വിശ്രമസ്ഥലം മൈലോയുടെ ജങ്ക്യാര്‍ഡാണ്. അവിടെ വെച്ച് മൈലോയുമായി അവര്‍ക്ക് വഴക്കിടേണ്ടി വരുന്നുണ്ട്. കൗതുകകരമായ മറ്റൊരു വസ്തുത പുസ്തകത്തില്‍ ക്യൂജോ എന്ന നായയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടെന്നതാണ്. സേലം'സ് ലോട്ട് പൂര്‍ത്തിയാക്കിയതിനു പുറകെ എഴുതിയതാണ് ദി ബോഡി എന്ന നോവല്ല എന്നിരിക്കെ പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം മാത്രം പുറത്തുവരുന്ന ക്യൂജോയുടെ റഫറന്‍സ് ആ പുസ്തകത്തില്‍ കടന്നുവരുന്നത് യാദൃശ്ചികമല്ല. മൈലോയുടെ നായ ചോപ്പറിനെക്കുറിച്ച് വിവരിക്കുമ്പോഴാണ് ക്യൂജോയെക്കുറിച്ച് കിംഗ് ഇങ്ങനെ പറയുന്നത്.

'Chopper was-at least until Joe Camber's dog Cujo went rabid twenty years later-the most feared and least seen dog in Castle Rock.'

സ്റ്റീഫന്‍ കിംഗ് കൃതികള്‍ പിന്തുടരുന്നവര്‍ക്ക് അറിയാം, ആവര്‍ത്തിച്ചുവരുന്ന ഭൂപ്രദേശങ്ങള്‍ അയാളുടെ എഴുത്തിന്റെ പ്രത്യേകതയാണ്. Derry, Castle Rock, Jerusalem's Lot എന്നീ സാങ്കല്‍പ്പിക നഗരങ്ങള്‍ അയാള്‍ ഏറ്റവുമധികം ഉപയോഗിച്ചവയാണ്. അത്തരത്തില്‍ ഒരേ നഗരങ്ങള്‍ വ്യത്യസ്ത ആഖ്യാനങ്ങളില്‍ ഉപയോഗിക്കുന്നത് വഴി, വിവിധ ആഖ്യാനങ്ങളിലെ കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു പാരസ്പര്യം സൃഷ്ടിക്കാന്‍ കിങ്ങിന് കഴിഞ്ഞിട്ടുണ്ട്. ഒരു നഗരത്തിലെ മനുഷ്യരില്‍ പലരും പരിചിതരാവുമെന്ന ലളിതമായ യുക്തിയാണ് അതിനെ നയിക്കുന്നത്. ബാഗ് ഓഫ് ബോണ്‍സ് എന്ന നോവലില്‍ മൈക്ക് നൂനാന്‍ ഇന്‍സോംനിയയിലെ പ്രധാന കഥാപാത്രമായ റാല്‍ഫ് റോബര്‍ട്ട്‌സിനെ കണ്ട് സംസാരിക്കുന്നുണ്ട്. അയാളുടെ ഭാര്യ ജോയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വില്യം ഡെന്‍ബറോ ആണ്, ഇറ്റ് എന്ന നോവലിലെ പ്രധാന കഥാപാത്രം തന്നെ. എന്നാല്‍ വര്‍ഷങ്ങളുടെ അന്തരത്തില്‍ എഴുതപ്പെടുന്ന വ്യത്യസ്ത കൃതികളില്‍ കഥാപാത്രങ്ങള്‍ പരസ്പരം കടന്നുവരുന്നത് വളരെ ബുദ്ധിപൂര്‍വമുള്ള ഒരു നീക്കമാണെന്നു കാണാം. താന്‍ സൃഷ്ടിച്ച ഒരു കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങള്‍ എഴുത്തുകാരന് സുവ്യക്തമായിരിക്കും. പുതിയൊരു സൃഷ്ടിയില്‍ എന്തെങ്കിലുമൊരു തടസ്സം നേരിടുന്ന സാഹചര്യത്തില്‍ അവിടെ പഴയ കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുക വഴി അതിനെ ഒരുപരിധിവരെ മറികടക്കാന്‍ അയാള്‍ക്ക് കഴിയും. അയാളുടെ എഴുത്തുകളെ പിന്തുടരുന്നവര്‍ക്ക് മുന്‍പരിചയമുള്ള ഒരു കഥാപാത്രത്തെ വീണ്ടും കണ്ടുമുട്ടുന്നു എന്ന നൊസ്റ്റാള്‍ജിയ സമ്മാനിക്കാനും ഇതുതകും. ഒരിക്കല്‍ അവസാനിച്ചു എന്ന് കരുതിയ കഥാപാത്രത്തെ വേറൊരു കണ്ണിലൂടെ കാണാനുള്ള അവസരം.

മൃതദേഹത്തിനടുത്തേക്കുള്ള കുട്ടിക്കൂട്ടം നടത്തുന്ന യാത്ര വളരെ ദൈര്‍ഘ്യമേറിയ ഒന്നാണ്. സമയം ലാഭിക്കാനായി അവര്‍ പല കുറുക്കുവഴികളും തിരഞ്ഞെടുക്കുന്നുണ്ട്. അതിലൊന്നായിരുന്നു അധികം തീവണ്ടികള്‍ സഞ്ചരിക്കാത്ത ഒരു റെയില്‍പാലം മുറിച്ചുകടന്ന് ദൂരം ലാഭിക്കാം എന്നത്. ആ സമയം അതിലൂടെ തീവണ്ടി ഒന്നും വരാനില്ല എന്നതാണ് ആ തീരുമാനത്തിലേക്ക് അവരെ നയിക്കുന്നത്. എന്നാല്‍ അവര്‍ പാലത്തിന്റെ പകുതിദൂരം പിന്നിടുമ്പോഴേക്കും ട്രെയിന്‍ ഇരച്ചുവരുന്നു. റോബ് റീനര്‍ ആ സന്ദര്‍ഭത്തിനു നല്‍കുന്ന ചലച്ചിത്രാവിഷ്‌കാരത്തെക്കാള്‍ പതിന്മടങ്ങ് സംഭ്രമജനകമാണ് സ്റ്റീഫന്‍ കിംഗിന്റെ ഗദ്യം. കുതിച്ചുപാഞ്ഞുവരുന്ന ട്രെയിനില്‍ നിന്നും അവര്‍ കഷ്ടിച്ച് രക്ഷപ്പെടുന്ന നിമിഷത്തിന്റെ പിരിമുറുക്കം കൃത്യമായും അനുവാചകരിലേക്ക് പകരുവാന്‍ കിങ്ങിന് കഴിയുന്നുണ്ട്.

STEPHEN KING | PHOTO: WIKI COMMONS
അന്ന് രാത്രിയില്‍ ക്യാമ്പ് ചെയ്യുമ്പോള്‍ എല്ലാവരും ഗോര്‍ഡിയോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. ഗോര്‍ഡി അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നത് ലാര്‍ഡാസ് ഹോഗന്റെ കഥയാണ്. വര്‍ഷങ്ങളോളം തന്നെ അപഹസിച്ച സഹവാസികളോട് പകരം വീട്ടാനായി അസാധാരണമാര്‍ഗങ്ങളിലേക്ക് നീങ്ങുന്ന യുവാവാണയാള്‍. തോല്‍ക്കണമെന്നുറപ്പിച്ച് ഒരു തീറ്റമത്സരത്തില്‍ പങ്കെടുക്കുന്ന ഒരാള്‍. അവിശ്വസനീയമെന്നു തോന്നിക്കാവുന്ന ആ കഥ വളരെ ആകര്‍ഷകമായി പറയാന്‍ ഗോര്‍ഡിക്ക് കഴിയുന്നുണ്ട്. നീ ഈ കഥ വിശദമായി എഴുതണമെന്ന് പറയുന്ന സുഹൃത്തുക്കളോട് അറിയില്ല, ഞാന്‍ അങ്ങനെയൊന്നും ആലോചിച്ചിട്ടില്ല എന്നാണ് ഗോര്‍ഡി മറുപടി നല്‍കുന്നത്. പിന്നീട് മറ്റുള്ളവര്‍ ഉറങ്ങിയതിനുശേഷം ക്രിസുമായി സംസാരിക്കുന്ന ഗോര്‍ഡിയെ നമുക്ക് കാണാം. സഹോദരന്റെ മരണശേഷം മാതാപിതാക്കള്‍ തന്നെ അവഗണിക്കുന്നത് ഗോര്‍ഡിയില്‍ ഉണ്ടാക്കിയിരിക്കുന്ന മുറിവുകളെപ്പറ്റി ക്രിസിന് ബോധ്യമുണ്ട്. സ്വന്തം കഴിവുകളില്‍ പോലും വിശ്വസിക്കാന്‍ കഴിയാത്തവിധം, ഉള്‍വലിഞ്ഞുനില്‍ക്കുന്ന അവനോട് ഒരു ഘട്ടത്തില്‍ നിന്റെ മാതാപിതാക്കള്‍ക്ക് നിന്നെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ സംരക്ഷിക്കാമെന്ന് പോലും പറയുന്നുണ്ട് ക്രിസ്. പണം മോഷ്ടിച്ചതിന്റെ  പേരില്‍ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കുട്ടിയാണ് ക്രിസ്. അതിന്റെ പേരില്‍ എല്ലാവരുടെയും അവഗണനയ്ക്ക് പാത്രമായയാള്‍. എന്നാല്‍ മോഷ്ടിച്ച പണം ടീച്ചറെ തിരിച്ചേല്‍പ്പിച്ചിരുന്നെന്നും അവര്‍ ആ പണംകൊണ്ട് പുതിയ ഗൗണ്‍ വാങ്ങി തന്നെ കള്ളനാക്കുകയായിരുന്നു എന്നും ക്രിസ് പറയുമ്പോള്‍ ഗോര്‍ഡിയെ പോലെ നമുക്കും അതൊരു ഞെട്ടലാണ് സമ്മാനിക്കുന്നത്. നീ എന്തുകൊണ്ട് ഇത് ആരോടും പറഞ്ഞില്ല എന്ന ഗോര്‍ഡിയുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞാല്‍ ആരാണ് എന്നെ വിശ്വസിക്കാന്‍ ഉണ്ടാവുക എന്നാണ് ക്രിസിന്റെ മറുചോദ്യം. മോശം സാഹചര്യങ്ങളില്‍ നിന്നും വരുന്നതുകൊണ്ടുമാത്രം അവജ്ഞയോടെ വീക്ഷിക്കപ്പെടുന്ന മനുഷ്യരുണ്ട്. ഒന്നോര്‍ത്താല്‍ നമ്മുടെ പരിചയത്തിലും അത്തരം ആളുകള്‍ ഉണ്ടായിരുന്നിരിക്കും. ചിലരതിനെ അതിജീവിക്കുമെങ്കിലും കൂടുതല്‍ പേരും വീണുപോവുകയാണ് പതിവ്.

പിറ്റേന്ന് എളുപ്പത്തില്‍ റേ ബ്രവറിന്റെ മൃതദേഹത്തിനരികില്‍ എത്താനായി ഒരു ചെറിയ വെള്ളക്കെട്ട് മുറിച്ചുകടക്കുന്ന അവരെ കുളയട്ടകള്‍ ആക്രമിക്കുന്നുണ്ട്. വളരെ അസ്വസ്ഥതയുളവാക്കുന്ന ഒരു രംഗമാണത്. തലേന്ന് രാത്രി അത്ര മനസ്സുതുറന്നു സംസാരിച്ച രണ്ടു സുഹൃത്തുക്കളായിരുന്നിട്ടുപോലും വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ തന്റെ സുഹൃത്തിനെ സഹായിക്കാന്‍ കഴിയാതെ നില്‍ക്കുന്ന ക്രിസ് ഒരു paradox ആണ്. ആ സംഭവം കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരും മൃതദേഹം കാണാതെ തിരികെ പോകാം എന്ന് പറഞ്ഞെങ്കിലും ഗോര്‍ഡി പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ യാത്ര തുടരുന്നു.

ടെഡിയാണ് റേ ബ്രവറിന്റേതായ ആദ്യ അടയാളം കണ്ടെത്തുന്നത്. അപകടത്തില്‍ തെറിച്ചുപോയ റേയുടെ ഷൂ. അവരുടെ തിരച്ചില്‍ ശക്തിപ്പെടുത്താന്‍ അത് കാരണമാവുന്നു. ഒടുവില്‍ റേ ബ്രവറിന്റെ മൃതദേഹം അവര്‍ കാണുന്ന ആ നിമിഷം, Stephen King വളരെ മനോഹരമായി വരച്ചുകാട്ടുന്നുണ്ട് പുസ്തകത്തില്‍. അതുവരെയും വെറും മൃതദേഹം മാത്രമായിരുന്ന ആ കഥാപാത്രത്തോട് അതുവരെയില്ലാഞ്ഞ അടുപ്പം തോന്നിക്കാന്‍ തക്ക ശക്തമാണ് അദ്ദേഹത്തിന്റെ എഴുത്ത്.

മൃതദേഹം കണ്ടതിനുശേഷം തിരികെയെത്തുന്ന നാല്‍വര്‍ സംഘം ഒരിക്കലും പഴയതുപോലെയായില്ല. വേണമെന്ന് വെച്ചിട്ടും അവര്‍ക്ക് ആ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ക്രിസ് മാത്രമാണ് ഗോര്‍ഡിയുടെ സൗഹൃദത്തില്‍ കോളേജ് പഠനകാലം വരെയെങ്കിലും തുടര്‍ന്നത്. അതിന് കാരണമായി പുസ്തകത്തില്‍ സ്റ്റീഫന്‍കിംഗ് പറയുന്നത് ഇങ്ങനെയാണ്.

WILLIAM WHEATON AS GORDIE | PHOTO: WIKI COMMONS
''But it was only survival. We were clinging to each other in deep water. I've explained about chris, I think; my reasons for clinging to him were less definable. His desire to get away from castle rock and out of the mill's shadow seemed to me to be my best part, and I could not just leave him to sink or swim on his own. If he had drowned, that part of me would've drowned with him, I think.'

പരസ്പരം ആശ്രയമായി നിലകൊണ്ടിരുന്ന സൗഹൃദങ്ങളുള്ള ഒരുകാലം ഏവരുടെയും ഓര്‍മയില്‍ ഉണ്ടാവും. അതിനാല്‍ത്തന്നെ ഈ വാചകങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ജീവിതം അതിന്റെതായ വിചിത്രക്രമങ്ങളില്‍ മാറിമറിയുമ്പോള്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത രീതികളില്‍ പരസ്പരം അകലുമ്പോള്‍, തങ്ങളായിരുന്ന കാലത്തെ സ്‌നേഹത്തോടെ മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്ര നല്ല സുഹൃത്തുക്കളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. സ്‌നേഹിച്ച കാലങ്ങളെ കാലുഷ്യങ്ങളില്ലാതെ ഓര്‍മിക്കാനാവുന്നതും സൗഹൃദത്തിന്റെ മേന്മ തന്നെ.

പക്ഷേ, വളരെ അപ്രതീക്ഷിതമായി ക്രിസിന്റെ മരണവാര്‍ത്ത നമുക്ക് മുന്നിലേക്ക് ഇട്ടുതന്നു നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളയുകയാണ് സ്റ്റീഫന്‍ കിങ്ങും റോബ് റീനറും ചെയ്യുക. ഈ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരിക്കലും രക്ഷപെടില്ലായിരിക്കും അല്ലെ എന്ന് ഗോര്‍ഡിയോട് സങ്കടത്തോടെ പറഞ്ഞു നടന്നകലുന്ന ക്രിസിന്റെ ഫ്രെയിം ഉണ്ട് ചിത്രത്തില്‍. ക്രിസ് നടന്നുപോകുന്നത് നോക്കി നില്‍ക്കുകയാണ് ഗോര്‍ഡി. പശ്ചാത്തലത്തില്‍ ഒരു വോയ്‌സ് ഓവറായി ക്രിസിന്റെ മരണവാര്‍ത്ത വരുന്ന സമയംതന്നെ ക്രിസിന്റെ രൂപം പെട്ടെന്ന് മായുമ്പോള്‍, ജീവിതത്തില്‍ ഇനിയും ബാക്കിയായ സുഹൃത്തുക്കളെക്കുറിച്ച് ഒരാളല്‍ തോന്നിപ്പോവും.

ചലച്ചിത്രത്തില്‍ നാല് സുഹൃത്തുക്കളെ അവതരിപ്പിച്ചവര്‍ അക്ഷരാര്‍ത്ഥത്തില്‍ ആ റോളുകള്‍ക്ക് ചേര്‍ന്നവര്‍ തന്നെയായിരുന്നു. ചലച്ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഗോര്‍ഡിയെ അവതരിപ്പിച്ച വില്‍ വീറ്റണ്‍ പറഞ്ഞത് സ്റ്റാന്‍ഡ് ബൈ മീയുടെ വന്‍ വിജയത്തിന്റെ കാരണം അതിന്റെ കാസ്റ്റിംഗ് ആണെന്നാണ്.  ''കഥാപാത്രങ്ങള്‍ക്ക് ചേര്‍ന്ന നാലുപേരെയാണ് റോബ് റീനര്‍ കണ്ടെത്തിയത്. ഞാന്‍ വളരെ ലജ്ജാലുവും ഏകാകിയുമായിരുന്നു, റിവര്‍ ആകട്ടെ ആ പ്രായത്തില്‍ തന്നെ ഞങ്ങളില്‍ പലര്‍ക്കും ഒരു രക്ഷകര്‍ത്താവിന്റെ സ്ഥാനത്തും, ജെറി ആ പ്രായത്തിനു മുന്‍പോ ശേഷമോ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും തമാശക്കാരനാണ്, കോറി അക്കാലത്ത് വളരെ പെട്ടെന്ന്  ദേഷ്യപ്പെടുന്ന ഒരാളായിരുന്നു. അവന് ഒരുപാട് വേദന നിറഞ്ഞ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അവന്റെ മാതാപിതാക്കളുമായുള്ള ബന്ധം വളരെ മോശമായിരുന്നു.'' അങ്ങനെ പോകുന്നു വില്‍ വീറ്റന്റെ ഓര്‍മ.

വില്‍ വീറ്റണോ, ജെറി ഒക്കോണലിനോ, കോറി ഫെല്‍ഡ്മാനോ സ്റ്റാന്‍ഡ് ബൈ മീ യുടെ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല, ഏറെ ആഘോഷിക്കപ്പെടുന്ന എല്ലാ ബാലതാരങ്ങളെയും പോലെ, പ്രശസ്തിയും ശാരീരികമായും, മാനസികമായും സാമ്പത്തികമായും ഉള്ള ചൂഷണങ്ങളും അവരുടെ ജീവിതത്തെ അവതാളത്തിലാക്കി. കൂട്ടത്തില്‍ ഏറ്റവും പ്രതിഭയുണ്ടായിരുന്ന റിവര്‍ ഫീനിക്‌സ് ആവട്ടെ എണ്ണം പറഞ്ഞ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചശേഷം, തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ ഒരു ഡ്രഗ് ഓവര്‍ഡോസ് ആക്‌സിഡന്റില്‍ മരണപ്പെടുകയും ചെയ്തു. അയാളുടെ മരണത്തിനുശേഷം റീകാസ്റ്റ് ചെയ്യപ്പെട്ട ചിത്രങ്ങളിലൂടെയാണ് പലര്‍ക്കും കരിയര്‍ ബ്രേക്ത്രൂ ലഭിക്കുന്നത്. ബാസ്‌കറ്റ് ബോള്‍ ഡയറീസിലെ ലിയനാര്‍ഡോ ഡികാപ്രിയോ ഒരുദാഹരണം മാത്രം. ക്രിസിന്റെ മരണം വായിക്കുമ്പോള്‍/കാണുമ്പോള്‍ തോന്നുന്ന അതെ നഷ്ടബോധം റിവര്‍ ഫീനിക്‌സിന്റെ കാര്യത്തിലും തോന്നാറുണ്ട്. അയാളിലെ പ്രതിഭയെ അത്ര ഇഷ്ടപ്പെട്ടിരുന്നതിനാലാവാം. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ വാക്വിന്‍ ഫീനിക്‌സ്, തന്റെ അഭിനയമികവിനാല്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും പുരസ്‌കാരങ്ങളും വാരിക്കൂട്ടുമ്പോള്‍ റിവര്‍ ജീവനോടുണ്ടായിരുന്നെങ്കില്‍ അയാള്‍ ചെയ്യുമായിരുന്ന അസംഖ്യം കഥാപാത്രങ്ങളെ ഇടയ്‌ക്കോര്‍ത്തുപോവും. ചില നഷ്ടങ്ങള്‍ നികത്താനാവാത്തതാണെന്ന് സ്വയം പറഞ്ഞുറപ്പിക്കും.

RIVER PHOENIX AS CHRIS | PHOTO: WIKI COMMONS
അനാരോഗ്യകരമായ സൗഹൃദങ്ങള്‍, പാഠങ്ങള്‍

ദി ബോഡി കൈകാര്യം ചെയ്തിരുന്നത് കൗമാരപ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ്. അതേ പ്രായത്തിലുള്ള ഒരാളെയാണ് സ്റ്റീഫന്‍ കിംഗ് ആപ്റ്റ് പ്യൂപ്പിളില്‍ അവതരിപ്പിക്കുന്നത്. പഠനത്തില്‍ മിടുക്കനായ, അന്വേഷണകുതുകിയായ വളരെ ചുറുചുറുക്കുള്ള കുട്ടിയാണ് ടോഡ് ബോഡന്‍. ഒരുദിവസം ആര്‍തര്‍ ഡെങ്കര്‍ എന്ന് പേരായ ഒരു വൃദ്ധന്റെ വീട്ടിലെത്തുന്ന ടോഡിലാണ് ആഖ്യാനം ആരംഭിക്കുന്നത്. അപരിചിതനായ കുട്ടിയെ കണ്ട് അമ്പരക്കുന്ന ഡെങ്കര്‍ അവനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അയാളെ ഞെട്ടിച്ചുകൊണ്ട് ടോഡ് കഥാഗതിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
പ്രത്യക്ഷത്തില്‍ ഒരു സാധുവൃദ്ധന്‍ എന്ന് കരുതപ്പെടുന്ന ഡെങ്കറിന് ഒരു ഭൂതകാലമുണ്ടെന്നും അവിടെ അയാളുടെ പേര് കുര്‍ട്ട് ഡസാന്റര്‍ എന്നാണെന്നും അയാളൊരു നാസിയായിരുന്നെന്നും ടോഡ് ആരോപിക്കുന്നു. ക്ഷുഭിതനായ ഡെങ്കര്‍ ആരോപണം നിഷേധിക്കുന്നുവെങ്കിലും എങ്ങനെ താന്‍ ആ വിവരങ്ങള്‍ കണ്ടെത്തിയെന്നതിന്റെ സുദീര്‍ഘ വിവരണത്തിലൂടെ ഇപ്പോഴും പിടികിട്ടാപ്പുള്ളിയായ ഒരു നാസി യുദ്ധകുറ്റവാളിയാണ് ഡെങ്കര്‍ എന്ന് ടോഡ് സ്ഥാപിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ ഒളിവുജീവിതം അവസാനിച്ചിരിക്കുന്നു എന്ന ഉത്തമബോധ്യത്തില്‍ നില്‍ക്കുന്ന വൃദ്ധനെ അമ്പരപ്പിച്ചുകൊണ്ട് ടോഡ് അയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കും കൈമാറില്ല എന്ന ഉറപ്പ് നല്‍കുന്നു. തന്റെ രഹസ്യം സൂക്ഷിക്കുന്നതിനു പ്രതിഫലമായി തന്റെ പണം കൈവശപ്പെടുത്തുകയാണോ ടോഡിന്റെ ഉദ്ദേശം എന്ന് ആലോചിക്കുന്നുണ്ട് അയാള്‍. എന്നാല്‍ ടോഡിന്റെ ആവശ്യം മറ്റൊന്നായിരുന്നു. ക്ലാസ് മുറികളില്‍ അധ്യാപകര്‍ ഒതുക്കത്തില്‍ മാത്രം പറഞ്ഞുപോകുന്ന നാസികാലത്തെ ജര്‍മനിയെക്കുറിച്ച്, അവിടുത്തെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ കുറിച്ച് വിവരിക്കണം. ജൂതന്മാരെ അതിക്രൂരമായി വംശഹത്യ ചെയ്ത അനുഭവങ്ങള്‍ ഒരു വിശദാംശം പോലും നഷ്ടമാവാതെ തന്നോട് പറയുക എന്നതായിരുന്നു കുര്‍ട്ടിന്റെ രഹസ്യം സൂക്ഷിക്കുന്നതിന് ടോഡ് ആവശ്യപ്പെട്ട പ്രതിഫലം.

ഗത്യന്തരമില്ലാതെ കുര്‍ട്ട് അതിനു വഴങ്ങുന്നു. ടോഡ് അയാളുടെ വീട്ടില്‍ ഒരു നിത്യസന്ദര്‍ശകനാവുന്നു. കാഴ്ച മങ്ങിയ ഒരു വൃദ്ധന് പുസ്തകങ്ങള്‍ വായിച്ചുകൊടുക്കാന്‍ പോകുന്ന കുട്ടി എന്നതാണ് പുറംകാഴ്ചയില്‍ ടെഡിന്റെ ന്യായം. എന്നാല്‍ സത്യത്തില്‍ അവിടെ നടക്കുന്നത് നിശബ്ദമായ പീഡനമാണ്. തന്റെ ഭൂതകാലവുമായി ബന്ധപ്പെട്ട എല്ലാത്തില്‍ നിന്നും മറഞ്ഞിരിക്കാന്‍ അശ്രാന്തം പരിശ്രമിച്ച കുര്‍ട്ട് ഭൂതകാല അധികാരചിഹ്നമായിരുന്ന എസ് എസ് യൂണിഫോം ധരിച്ചുകൊണ്ട് മാര്‍ച്ച് ചെയ്യാനും തന്റെ ക്രൂരതകള്‍ വിളിച്ചുപറയാനും നിര്‍ബന്ധിതനാവുന്നു. എന്നാല്‍ ക്രമേണ അവരിരുവരും തമ്മിലുള്ള ബന്ധത്തിന് വ്യതിയാനം സംഭവിക്കുകയാണ്. നിരന്തരമായി കേള്‍ക്കുന്ന നാസിക്രൂരതകളുടെ ഭീതിജനകമായ കഥകള്‍ ടോഡിന്റെ മനസ്സില്‍ സാവധാനം ക്ഷതമേല്പിച്ചുതുടങ്ങുന്നു. മികച്ച വിദ്യാര്‍ത്ഥിയായിരുന്ന അവന്‍ പഠനത്തില്‍ പിന്നോക്കം പോവുന്നു. അവന്റെ ഉറക്കം സ്ഥിരമായും ദുഃസ്വപ്നങ്ങളാല്‍ ഭംഗപ്പെടുന്നു. തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തിത്തുടങ്ങിയതിനുശേഷം ആദ്യമായി അവര്‍ക്കിടയിലെ അധികാരശ്രേണിയില്‍ വ്യതിയാനം സംഭവിക്കുന്ന മുഹൂര്‍ത്തം വളരെ മനോഹരമായാണ് കിങ്ങിന്റെ ഗദ്യത്തില്‍ കൈകാര്യം ചെയ്തിട്ടുള്ളത്. സാവധാനം ഒരു നാസി പട്ടാളമേധാവിയുടെ ആജ്ഞാശക്തി വീണ്ടെടുക്കുന്ന കുര്‍ട്ടിന് മുന്‍പില്‍ വിധേയനായി നില്‍ക്കുന്ന ടോഡിലൂടെ ആഖ്യാനം അടുത്ത സന്ധിയിലേക്ക് കടക്കുന്നു.

ആപ്റ്റ് പ്യൂപ്പിളിന് ഒരു ചലച്ചിത്രാവിഷ്‌കാരമൊരുക്കാനുള്ള ശ്രമങ്ങള്‍ 1982 മുതല്‍ തന്നെ തുടങ്ങിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. 87 ല്‍ നിക്കോള്‍ വില്യംസണ്‍, റിക്ക് ഷ്രോഡര്‍ എന്നിവരെ കഥാപാത്രങ്ങളാക്കി ചിത്രീകരണം ആരംഭിച്ചെങ്കിലും സാമ്പത്തികപ്രതിസന്ധിയാല്‍ അത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ചിത്രം ബ്രയാന്‍ സിംഗറിലേക്ക് എത്തുന്നത്. ദി യൂഷ്വല്‍ സസ്പെക്ട്സിന്റെ വിജയത്തിനുശേഷം ദി ട്രൂമാന്‍ ഷോ, ദി ഡെവിള്‍സ് ഓണ്‍ പോലുള്ള ചിത്രങ്ങളുടെ സംവിധാന അവസരങ്ങള്‍ വേണ്ടെന്നുവെച്ചാണ് സിംഗര്‍ ആപ്റ്റ് പ്യൂപ്പിളിലേക്ക് എത്തുന്നത്.

BRAD RENFRO AS TODD BOWDEN IN 'APT PUPIL' | PHOTO: WIKI COMMONS
ആപ്റ്റ് പ്യൂപ്പിളിന്റെ കഥാസാരത്തെ 'ക്രൂരതയെക്കുറിച്ചുള്ള പഠനം' എന്നാണ് സിംഗര്‍ വിശേഷിപ്പിക്കുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ഹിറ്റ്ലേഴ്സ് വില്ലിംഗ് എക്സിക്യൂഷനേഴ്സ് പോലുള്ള ചരിത്രപുസ്തകങ്ങളായിരുന്നു അദ്ദേഹത്തിന്റെ സോഴ്സ് മെറ്റിരിയല്‍. വളരെ സൂക്ഷ്മമായ മാനസികവ്യാപാരങ്ങളില്‍ പോലും വ്യതിയാനം സംഭവിച്ച നാസി യുദ്ധകുറ്റവാളികള്‍ ഒരിക്കല്‍പോലും തങ്ങളുടെ ചെയ്തികള്‍ തെറ്റാണെന്ന് സമ്മതിച്ചിരുന്നില്ല. പക്ഷേ, നാസിസത്തിലുപരി യുദ്ധക്കുറ്റവാളിയായ കുര്‍ട്ട് ഡസ്സാന്‍ഡറുമായുള്ള ടോഡ് ബോഡന്റെ ഇടപെടലുകള്‍ എങ്ങനെയാണ് അവനെ സ്വാധീനിക്കുന്നതെന്നതാണ് സംവിധായകനെ പ്രചോദിപ്പിച്ചത്. കൃത്യമായ പ്രചോദനത്തിലൂടെ മനുഷ്യരെ എങ്ങനെ ക്രൂരതയിലേക്ക് വഴിതിരിച്ചുവിടാമെന്നും വളരെ സൗമ്യരായിരുന്ന മനുഷ്യര്‍ പോലും എങ്ങനെ വെറുപ്പുനിറഞ്ഞ ജീവിതത്തിലേക്ക് വഴുതിപ്പോവുന്നെന്നും ചിത്രത്തിലൂടെ പുനഃരാവിഷ്‌കരിക്കാന്‍ സിംഗര്‍ ശ്രമിച്ചു. നാം ജീവിക്കുന്ന കാലത്ത് സമാനമായ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അതുകൊണ്ടുതന്നെ ഈ ആഖ്യാനം വളരെ അസ്വസ്ഥതയുളവാക്കുന്നതാണ്.  ഭീതിദമായ ഈ പുനഃരാവിഷ്‌കാരത്തിന് സിംഗറിനെ ഒരുപരിധിവരെ സഹായിച്ചത് ആപ്റ്റ് പ്യൂപ്പിളിന്റെ ഫിലിം എഡിറ്ററായും സംഗീതസംവിധായകനായും സേവനമനുഷ്ഠിച്ച ജോണ്‍ ഓട്ട്മാനാണ്. കഥ കൈകാര്യം ചെയ്യുന്നതിലെ സൂക്ഷ്മനിയന്ത്രണം ചിത്രത്തിന്റെ വേഗത നിര്‍ണയിക്കുന്നതില്‍ എത്ര പ്രധാനമാണെന്ന് ജോണ്‍ പറയുന്നുണ്ട്. കൃത്യമായ ഇടവേളയില്‍ അധികാരശ്രേണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ആവര്‍ത്തിച്ചുവരുന്ന ഉപകരണസംഗീതമുപയോഗിച്ച് അയാള്‍ കാണികളിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു.

നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെതന്നെ കുര്‍ട്ടുമായുള്ള സഹവാസത്തിന്റെ പരിണിതഫലമായി ടോഡിന്റെ പഠനനിലവാരം താഴേക്ക് പോവുകയും അവന്‍ പരീക്ഷകളില്‍ തോല്‍ക്കാന്‍ തുടങ്ങുകയും ചെയ്യുകയാണ്. മാതാപിതാക്കളുടെ ശകാരം ഭയന്ന് പ്രോഗ്രസ് കാര്‍ഡുകള്‍ തിരുത്തുന്നുണ്ടെങ്കിലും അതും ഒരു പരിഹാരമാവുന്നില്ല. കുട്ടിയുടെ പഠനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനായി അടിയന്തരമായി രക്ഷിതാക്കള്‍ ആരെങ്കിലും സ്‌കൂളില്‍ എത്തിയേ മതിയാവൂ എന്ന സ്‌കൂള്‍ കൗണ്‍സിലറുടെ കുറിപ്പ് ടോഡിന് ലഭിക്കുന്നു. തല്‍ക്കാലത്തേക്ക് രക്ഷപ്പെടാനായി കുര്‍ട്ടിനെ തന്റെ മുത്തശ്ശനായി സ്‌കൂളില്‍ അവതരിപ്പിക്കാനാണ് ടോഡ് ശ്രമിക്കുന്നത്.  ടോഡിന്റെ മാതാപിതാക്കള്‍ തമ്മില്‍ അത്ര രസത്തിലല്ലെന്നും അതാണ് പേരക്കുട്ടിയുടെ പഠനനിലവാരം മോശമാവാന്‍ കാരണമെന്നും അയാള്‍ ഒരുതരത്തില്‍ സ്‌കൂള്‍ അധികൃതരെ വിശ്വസിപ്പിക്കുന്നു.

സ്റ്റീഫന്‍ കിങ്ങിന്റെ ആഖ്യാനത്തില്‍ വളരെ കഠിനമായ ഒരു ദിനചര്യ കുര്‍ട്ട് ടോഡിനായി രൂപപ്പെടുത്തുകയും അതില്‍ തുടരാനായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വൃദ്ധനോടുള്ള വെറുപ്പ് പുകയുന്ന മനസ്സുമായി ടോഡ് തന്റെ പഠനം തീവ്രമാക്കുകയും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉന്നതവിജയം കരസ്ഥമാക്കുകയും ചെയ്യുമ്പോഴും അതിനു സമാന്തരമായി മറ്റൊരു രഹസ്യം അവര്‍ക്കിടയില്‍ രൂപപ്പെടുന്നു. ടോഡിനെപ്പോലെതന്നെ കുര്‍ട്ടിനും ദുഃസ്വപ്നങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പരസ്പരം ആ വിഷയം സംസാരിച്ചിട്ടല്ലെങ്കില്‍ കൂടിയും അതിന് അവരിരുവരും കണ്ടെത്തുന്ന പ്രതിവിധി ഒന്നാണ്. കൊലപാതകങ്ങള്‍. ഭവനരഹിതരായ നാടോടികളാണ് അവരുടെ ഇരകള്‍. കുര്‍ട്ട് തന്റെ ബേസ്‌മെന്റില്‍ ശവശരീരങ്ങള്‍ മറവുചെയ്യുമ്പോള്‍ ടോഡ് അവ കൃത്യം നടന്ന റെയില്‍പാളങ്ങള്‍ക്കരികില്‍ തന്നെ ഉപേക്ഷിക്കുകയാണ്. ചലച്ചിത്രത്തില്‍ പക്ഷേ, ഇങ്ങനെ നിരന്തരമുള്ള കൊലപാതകങ്ങള്‍ ദൃശ്യമാവുന്നില്ല.  ഒരേയൊരു കൊലപാതകശ്രമമാണ് ചിത്രത്തിലുള്ളത്. ആ ശ്രമം നടത്തുന്നത് കുര്‍ട്ടാണ്. 
ഇവിടെ മറ്റൊരു കൗതുകകരമായ വസ്തുത തെളിഞ്ഞുവരുന്നുണ്ട്. സ്വകാര്യജീവിതത്തില്‍ സ്വവര്‍ഗാനുരാഗി എന്ന് തന്റെ ലൈംഗികത പരസ്യമായി വ്യക്തമാക്കിയിട്ടുള്ള ഇയാന്‍ മക്കെല്ലനാണ് ചലച്ചിത്രത്തില്‍ തീര്‍ത്തും ഹോമോഫോബിക് ആയ കുര്‍ട്ടിന്റെ വേഷം അണിയുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ സംവിധായകന്‍ ബ്രയാന്‍ സിംഗര്‍ ആകട്ടെ ചിത്രീകരണവേളയില്‍ തന്നെ കുപ്രസിദ്ധിയാര്‍ജിച്ച ഒരു കേസില്‍ കുറ്റാരോപിതനും. ടോഡ് ബോഡന്റെ ഭീതിസ്വപ്നങ്ങള്‍ വെളിവാക്കുന്ന ഷവര്‍ സീനിന്റെ ചിത്രീകരണവേളയില്‍ മനഃപ്പൂര്‍വം നഗ്‌നരാവാന്‍ തങ്ങളെ നിര്‍ബന്ധിച്ചു എന്ന് ചില കുട്ടികള്‍ പരാതിപ്പെട്ടിരുന്നു. വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവെക്കാതെ ആ കേസ് മുങ്ങിപ്പോയെങ്കിലും പിന്നീട് പലപ്പോഴായി പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ ദുരുപയോഗം ചെയ്തതിനു സിംഗറിനെതിരെ ആരോപണങ്ങളുയര്‍ന്നു. ഒടുവില്‍ ഫ്രഡി മെര്‍ക്കുറിയുടെ ജീവിതം പറയുന്ന ബൊഹീമിയന്‍ റാപ്‌സഡിയുടെ ചിത്രീകരണം അവസാനിക്കുന്നതിനു രണ്ടാഴ്ച മുന്‍പ് അയാളെ സംവിധായകസ്ഥാനത്ത് നിന്ന് പുറത്താക്കുകയുമായിരുന്നു.

DIRECTOR BYRAN SINGER, APT PUPIL | PHOTO: FLICKR
കിങ്ങിന്റെ ആഖ്യാനത്തില്‍ തങ്ങളുടെ വ്യക്തിഗതജീവിതങ്ങളുമായി മുന്നോട്ടുപോകുന്ന കുര്‍ട്ടും ടോഡും തമ്മില്‍ ഇടപഴകാനുള്ള സാഹചര്യങ്ങള്‍ ചുരുങ്ങിവരുന്നത് നമുക്ക് കാണാം. വൃദ്ധനോട് ഒരു ഘട്ടത്തില്‍ തോന്നിയ ഭയം ടോഡില്‍ നിന്നും അപ്രത്യക്ഷമാവുന്നുണ്ടെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായൊരു മുഹൂര്‍ത്തത്തില്‍ അവരുടെ ജീവിതങ്ങള്‍ വീണ്ടും ബന്ധിക്കപ്പെടുന്നു. തന്റെ ഏറ്റവും പുതിയ ഇരയുടെ മൃതദേഹം മറവുചെയ്യാനായി ഒരുങ്ങുന്നതിനിടെ കുര്‍ട്ടിന് സംഭവിക്കുന്ന ഹൃദയാഘാതമാണ് അതിനു വഴിവെക്കുന്നത് (ചലച്ചിത്രത്തില്‍ ഇത് അയാളുടെ ആദ്യ ശ്രമമാണ്, അയാള്‍ക്ക് വേണ്ടി ആ കൊലപാതകം പൂര്‍ത്തിയാക്കുന്നത് ടോഡും.) നോവല്ലയിലെ കൊലപാതകങ്ങളുടെ ദീര്‍ഘവിവരണങ്ങള്‍ ഒറ്റ കൊലപാതകശ്രമത്തിലേക്ക് ഒതുക്കിയത് ആഖ്യാനത്തിലെ വയലന്‍സ് ചുരുക്കാനാണെന്നാണ് സിംഗറുടെ ഭാഷ്യം. കഥാപാത്രങ്ങളുടെ  ജൂതവിരോധവും പുസ്തകത്തിലേതുപോലെ പ്രകടമല്ല. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ ക്രൂരതകളുടെ വിവരങ്ങളോ, ഗ്യാസ് ചേംബര്‍ ആക്രമണങ്ങളോ, ഒന്നും അതെ തീവ്രതയില്‍ ചിത്രത്തിലില്ല.

ഹൃദയാഘാതം മൂലം ആശുപത്രിയിലാവുന്ന വൃദ്ധന്റെ യഥാര്‍ത്ഥ വ്യക്തിത്വം ആശുപത്രിയില്‍ ഒപ്പമുള്ള ഒരു രോഗി തിരിച്ചറിയുന്നതോടെ കാര്യങ്ങള്‍ ഗൗരവകരമാവുന്നു. നാസി ക്യാമ്പില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഹെയ്സല്‍ എന്ന മനുഷ്യന് തന്റെ ഭാര്യയുടെയും മക്കളുടെയും മരണത്തിനു കാരണക്കാരനായ വ്യക്തിയെ മറക്കാന്‍ കഴിയുമായിരുന്നില്ല. ഇസ്രായേല്‍ ഗവണ്മെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ യുദ്ധകുറ്റങ്ങളില്‍ വിചാരണ ചെയ്യുന്നതിലേക്കായി കുര്‍ട്ടിനെ വിട്ടുകിട്ടാന്‍ അമേരിക്കയിലെത്തുന്നു. തനിക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല എന്നു തിരിച്ചറിയുന്ന കുര്‍ട്ട് ആശുപത്രിയില്‍ നിന്നും മോഷ്ടിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്യുകയാണ്. കുര്‍ട്ടിന്റെ വീട് പരിശോധിക്കുന്ന അധികൃതര്‍ക്ക് മറവുചെയ്യപ്പെട്ട ശവശരീരം ലഭിക്കുന്നു. (പുസ്തകത്തില്‍ പക്ഷേ, അത് അനവധി അസ്ഥികൂടങ്ങളാണ്.) 

പുസ്തകവും ചലച്ചിത്രവും തമ്മിലുള്ള പ്രധാന വ്യതിയാനം സംഭവിക്കുന്നത് ഇവിടെയാണ്. കിങ്ങിന്റെ ആഖ്യാനത്തില്‍ കുര്‍ട്ടിന്റെ കൃത്യങ്ങളില്‍ ടോഡിനുള്ള പങ്ക് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. തനിക്ക് ഈ കൃത്യങ്ങളെകുറിച്ചോ കുര്‍ട്ടിന്റെ ഭൂതകാലത്തെക്കുറിച്ചോ അറിവില്ലായെന്ന ടോഡിന്റെ വാചകങ്ങളെ തള്ളിക്കളയാന്‍ ഫിങ്കര്‍പ്രിന്റുകള്‍ അടക്കമുള്ള ശാസ്ത്രീയതെളിവുകളാണ് അവരുപയോഗിക്കുന്നത്. അതിനുപുറമെ സ്‌കൂളിലെ പഴയ ഗൈഡന്‍സ് കൗണ്‍സിലര്‍ എഡ്വേഡ് ഫ്രഞ്ച് ടോഡിന്റെ മുത്തച്ഛനെന്ന വ്യാജേന തന്നെ കണ്ടത് ഒരു യുദ്ധകുറ്റവാളി ആണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ടോഡിനെ കാണുന്ന കൗണ്‍സിലര്‍ക്ക് നേരെ അവന്‍ വെടിയുതിര്‍ക്കുകയാണ്. ഒരു വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ടോഡ്, അതുവരെയുള്ള തന്റെ ജീവിതം തനിക്ക് നഷ്ടപ്പെടാന്‍ പോകുന്നെന്ന തിരിച്ചറിവില്‍ തൊട്ടടുത്ത ഹൈവേയിലെ യാത്രക്കാരെ ആക്രമിക്കുന്നു. അഞ്ചുമണിക്കൂറിനിപ്പുറം പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെടുന്ന ടോഡ് ആണ് കിങ്ങിന്റെ ആഖ്യാനത്തില്‍.

സ്റ്റീഫന്‍ കിംഗ് എഴുതിയത് അതുപോലെ തന്നെ ചിത്രീകരിക്കാന്‍ മടിച്ച സിംഗര്‍ അവിടെ ടോഡിന്റെ പാത്രസൃഷ്ടി കുറച്ചുകൂടി ഇരുണ്ടതാക്കുകയാണ് ചെയ്യുന്നത്. സത്യമറിയാനെത്തുന്ന കൗണ്‍സിലറെ, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണം ഉയര്‍ത്തി നിശ്ശബ്ദനാക്കുന്ന ടോഡിനെ ചലച്ചിത്രത്തില്‍ കാണാം. ബോധപൂര്‍വം തിന്മയെ ഉള്‍ച്ചേര്‍ക്കാന്‍ മടിക്കാത്ത ഒരു യുവാവായി വളരുന്ന ടോഡ് സമൂഹത്തിന്  കുര്‍ട്ടിനേക്കാള്‍ വലിയ വിപത്താവുമെന്ന് പറഞ്ഞുവയ്ക്കുന്നു സിംഗര്‍.

നിരൂപകപ്രതികരണം മികച്ചതായിരുന്നുവെങ്കിലും ആപ്റ്റ് പ്യൂപ്പിള്‍ ഒരു സാമ്പത്തിക വിജയമായിരുന്നില്ല. കുറച്ചുവര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ ഡ്രഗ് ഓവര്‍ഡോസില്‍ ടോഡിനെ അവതരിപ്പിച്ച ബ്രാഡ് റെന്‍ഫ്രോ മരണപ്പെട്ടു. റിവര്‍ ഫീനിക്‌സ് മരണപ്പെടുമ്പോള്‍ അയാള്‍ക്ക് കൈനിറയെ അവസരങ്ങളും അയാളെക്കുറിച്ച് നിരവധി പ്രതീക്ഷകളും ഉണ്ടായിരുന്നെങ്കില്‍, പ്രായപൂര്‍ത്തിയാകും മുന്‍പേ തന്നെ പലവട്ടം റീഹാബിലിറ്റേഷന്‍ സെന്ററുകളിലെ അന്തേവാസിയായി തീര്‍ന്ന ബ്രാഡ് റെന്‍ഫ്രോയ്ക്ക് മുന്‍പില്‍ ഒരു കരിയറോ ജീവിതമോ ബാക്കിയുണ്ടായിരുന്നില്ല. ആപ്റ്റ് പ്യൂപ്പിലിന്റെ സഹസംവിധായകനായിരുന്ന ഫെര്‍ണാണ്ടോ ആള്‍ട്ട്ഷുല്‍, ഷൂട്ടിങ് കാലയളവിലെ ഓണ്‍-സെറ്റ് പാര്‍ട്ടിയില്‍ 14 വയസ്സുള്ള റെന്‍ഫ്രോയെ കണ്ടതായി ഓര്‍മിക്കുന്നുണ്ട്. മദ്യമടക്കം ലഭ്യമായ ആ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരേയൊരാള്‍ റെന്‍ഫ്രോ ആയിരുന്നു. ചെറുപ്രായത്തില്‍ തന്നെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭ്യമാവുന്ന ചലച്ചിത്രപാര്‍ട്ടികളില്‍ പങ്കെടുപ്പിക്കുക വഴി റെന്‍ഫ്രോ അടക്കമുള്ള എത്രയോ ബാലതാരങ്ങളെയാണ് ഷോ ബിസിനസ് ഇല്ലാതാക്കിയത്. ഇനിയും എത്രയോ പേരാണ് അതേവഴിയില്‍...



തടവറകളിലെ കുരിശുമരണങ്ങള്‍, സ്വാതന്ത്രത്തിന്റെ ഉയിര്‍പ്പ് 

''Dear Red,

If you're reading this, then you're out. One way or another, you're out. And if you've followed along this far, you might be willing to come a little further. I think you remember the name of the town, don't you? I could use a good man to help me get my project on wheels.

Meantime, have a drink on me- and do think it over. I will be keeping an eye out for you.

Remember that hope is a good thing, Red, maybe the best of things, and no good thing ever dies. I hope this letter finds you, and finds you well.
Your friend, Peter Stevens.'

ഏതൊരു സിനിമാപ്രേമിക്കും സുപരിചിതമാണ് ഈ വാചകങ്ങള്‍. 'Hope is a good thing, maybe the best of things, and no good thing ever dies.' പലപ്പോഴായി നമ്മളില്‍ പലരും  കേള്‍ക്കാറുള്ള വാചകമാണിത്. വല്ലാത്ത ആത്മവിശ്വാസം പകര്‍ന്നുതരുന്ന വാചകം. ജീവിതത്തിലെ വല്ലാതെ ഇരുണ്ടുപോയ കാലഘട്ടങ്ങളെ അതിജീവിക്കാന്‍ ഷോഷങ്കിലെ ഈ വാചകം എത്രയോ പേര്‍ക്ക് പ്രചോദനമേകിയിരിക്കുന്നു. ജീവിതത്തില്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോഴും കരുതലായി കൂടെ വരുന്ന ഒരു വാക്ക്. ചിലപ്പോഴെല്ലാം മുന്നോട്ട് ജീവിക്കാന്‍ അത് നല്‍കുന്ന ഊര്‍ജം. അത്തരം ഒരു വാചകത്തിന്റെ അഭാവമൊന്നുകൊണ്ട് മാത്രം പൊലിഞ്ഞുപോയ മനുഷ്യര്‍ എത്രയാണ്'.

ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ച് ഷോഷങ്ക് സ്റ്റേറ്റ് പ്രിസണില്‍ എത്തുന്ന ആന്‍ഡി ഡുഫ്രെയ്‌നെക്കുറിച്ചുള്ള സഹതടവുകാരന്‍ റെഡിന്റെ ഓര്‍മകളിലൂടെയാണ് നോവല്ലയും ചിത്രവും വികസിക്കുന്നത്. ഭാര്യയേയും അവരുടെ രഹസ്യകാമുകനെയും നിഷ്ഠൂരമായി വധിച്ചു എന്ന കുറ്റമാണ് ആന്‍ഡിയുടെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. രണ്ടു പേരുടെയും ശരീരത്തില്‍ നിന്നും എട്ടു ബുള്ളറ്റുകളാണ് കണ്ടെടുത്തത്. നാല് വീതം.  ആറ് തിര നിറയ്ക്കാന്‍ കഴിയുന്ന തോക്ക് കാലിയായശേഷം വീണ്ടും റീലോഡ് ചെയ്ത് ഓരോ തവണ കൂടി നിറയൊഴിച്ചതിലൂടെ അയാളുടെ മനസ്സിലെ പൈശാചികത വെളിപ്പെട്ടെന്നും അയാള്‍ക്ക് യാതൊരു ആനൂകൂല്യവും നല്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.  താന്‍ നിരപരാധിയാണെന്ന് വാദിച്ചെങ്കിലും കോടതി ഡുഫ്രെയ്‌നെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു.

റെഡ്, ഷോഷങ്കിലെ കച്ചവടക്കാരനാണ്. പുറംലോകത്തുനിന്നും ഏതൊരു വസ്തുവും- മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ഉതകാത്ത എന്തും- നിശ്ചിത ഫീസ് ഈടാക്കി അകത്തെത്തിക്കാന്‍ കഴിവുള്ളയാള്‍. പോയകാലജീവിതത്തില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍ ആയിരുന്ന ആന്‍ഡി ഡുഫ്രെയ്ന്‍ അത്തരമൊരാളുടെ ഉറ്റ സുഹൃത്താവുന്നത് എങ്ങനെയെന്ന് വളരെ മനോഹരമായി സ്റ്റീഫന്‍ കിംഗ് വിവരിക്കുന്നുണ്ട് നോവല്ലയില്‍. ഒഴിവുവേളകളിലെ വിരസതയകറ്റാന്‍ ഒരു റോക്ക് ഹാമര്‍ സംഘടിപ്പിച്ചു തരാമോ എന്ന ചോദ്യത്തിലാണ് അവര്‍ ആദ്യം പരിചയപ്പെടുന്നത്. പിന്നീട് റീത ഹേവര്‍ത്തിന്റെ പോസ്റ്ററായും വര്‍ഷത്തിലൊരിക്കല്‍ വാങ്ങുന്ന വിസ്‌കിയുടെ ബോട്ടിലായും എല്ലാം ആ സൗഹൃദം വളരുകയാണ്.

ഷോഷങ്കില്‍ എത്തിയ ആദ്യ നാളുകളില്‍ sisters എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ജയിലിലെ സ്വവര്‍ഗാനുരാഗികളില്‍ നിന്നും പീഡനമേറ്റ് വാങ്ങിയിരുന്നു ആന്‍ഡി. ഓരോ തവണയും അയാളാല്‍ കഴിയും വിധം ചെറുത്തുനിന്നെങ്കിലും അയാള്‍ ഏറ്റുവാങ്ങിയിരുന്ന പീഡകള്‍ക്ക് അവസാനമാകുന്നത് ആകസ്മികമായ ഒരു സംഭവം നിമിത്തമാണ്. ഒരു വേനല്‍ക്കാലത്ത് കെട്ടിടത്തിനു മുകളില്‍ ടാര്‍ കോട്ട് ചെയ്യുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് തടവുകാരുടെ ചുമതലയുള്ള ഗാര്‍ഡുമാരില്‍ ഒരാള്‍ തനിക്ക് ഒരകന്ന ബന്ധുവിന്റെ വില്‍ പ്രകാരം ലഭിച്ച സമ്പത്തിനെകുറിച്ചു പറയുന്നത് ആന്‍ഡിയുടെ ശ്രദ്ധയില്‍ പെടുന്നത്. അപ്രതീക്ഷിതമായി കൈവന്ന സമ്പത്തിനു നികുതി നല്‍കേണ്ടിവരുമോ എന്ന് ആകുലപ്പെട്ടിരിക്കുന്ന ഗാര്‍ഡിനോട് നികുതി വെട്ടിക്കാനുള്ള സൂത്രപ്പണി പറഞ്ഞുകൊടുക്കുന്നത് ആന്‍ഡിയാണ്. അതിന് പ്രതിഫലമായി അയാള്‍ ആവശ്യപ്പെടുന്നത് അയാളുടെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കാനായി ഒരു കേസ് ബിയര്‍ മാത്രമാണ്. തനിക്ക് ചുറ്റുമുള്ളവര്‍ ബിയര്‍ കുടിക്കുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അരമതിലും ചാരിയിരിക്കുന്ന ആന്‍ഡിയുടെ ചിത്രം എങ്ങനെയാണ് മനസ്സില്‍ നിന്നും മായുക.

TIM ROBBINS AS ANDY AND MORGAN FREEMAN AS ELLIS BOYD IN 'THE SHAWSHANK REDEMPTION' | PHOTO: FACEBOOK
ആ സംഭവത്തോടെ ആന്‍ഡി അധികൃതര്‍ക്ക് വേണ്ടപ്പെട്ടയാളാവുന്നു. സിസ്റ്റെര്‍സില്‍ നിന്നും അയാള്‍ക്ക് സംരക്ഷണം ലഭിക്കുന്നു. കട്ടിയുള്ള ജോലികളില്‍ നിന്നും അയാള്‍ക്ക് ജയിലിലെ ലൈബ്രേറിയന്റെ അസിസ്റ്റന്റായി കയറ്റം ലഭിക്കുന്നു. പകരം ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് നികുതിയിളവുകളുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ നല്‍കുന്ന ജോലി അയാള്‍ ഏറ്റെടുക്കുന്നു. നിരപരാധിയാണെന്ന അറിവോടെ ഇവിടെ കഴിഞ്ഞുകൂടുന്നത് എങ്ങനെയെന്ന റെഡിന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറയുന്നത് ഹോപ് എന്ന ഒറ്റവാക്കാണ്. റെഡ് അത് കാര്യമാക്കുന്നില്ലെങ്കിലും. സമചിത്തതയോടെ മാത്രം കാര്യങ്ങളെ സമീപിച്ചിരുന്ന ആന്‍ഡിക്ക് പോലും നിലതെറ്റുന്ന ഒരു സാഹചര്യം വൈകാതെ ഉണ്ടാകുന്നു.

മറ്റൊരു ജയിലില്‍ നിന്നും ഷോഷങ്കിലേക്ക് മാറി വരുന്ന ടോമി എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതാണ് ആ മാറ്റത്തിന് വഴിവയ്ക്കുന്നത്. പ്രിസണ്‍ ലൈബ്രറിയുടെ ചുമതലക്കാരനായിരുന്ന ആന്‍ഡി തടവുകാര്‍ക്ക് തുല്യതാ പരീക്ഷകള്‍ സംഘടിപ്പിച്ചു നല്‍കുന്നതില്‍ ശ്രദ്ധചെലുത്തിയിരുന്നു. ടോമിയുമായി പെട്ടെന്ന് സൗഹൃദത്തിലായ ആന്‍ഡി അയാളെ GED എക്‌സാം ജയിക്കാന്‍ സഹായിക്കുന്നു. മറ്റ് തടവുകാരില്‍ നിന്നും ആന്‍ഡി ജയിലിലാവാനുള്ള കാരണം മനസ്സിലാക്കിയ ടോമി ആന്‍ഡിയേ കാണാന്‍ എത്തുന്നത് ഞെട്ടിക്കുന്നൊരു വിവരവുമായിട്ടാണ്. തന്റെ പഴയ സെല്‍മേറ്റ് ആണ് ആന്‍ഡിയുടെ ഭാര്യയെയും കാമുകനെയും കൊന്നതെന്നും ആന്‍ഡി ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും ടോമി പറയുന്നു.  രക്ഷപെടാന്‍ ഒരു നേരിയ സാധ്യത മുന്നില്‍ കണ്ട ആന്‍ഡി ആ വിവരം വാര്‍ഡന്‍ നോര്‍ട്ടനോട് പങ്കുവയ്ക്കുന്നു. എന്നാല്‍ ആന്‍ഡിയുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി നോര്‍ട്ടണ്‍ അതിനെ അവഗണിക്കുകയാണ്.

തടവുകാരെക്കൊണ്ട് ജോലിചെയ്യിച്ച വകയില്‍ വാര്‍ഡന്‍ അനധികൃതമായി സമ്പാദിച്ച കള്ളപ്പണത്തെക്കുറിച്ച് വെളിയില്‍ പറയുമെന്ന ആന്‍ഡിയുടെ ഭീഷണിക്ക് മറുപടിയായി അയാള്‍ ആന്‍ഡിയെ  ഏകാന്തതടവിലിടുന്നു. ജയില്‍ ചാടാന്‍ ശ്രമിച്ചപ്പോള്‍ സംഭവിച്ചതെന്ന മട്ടില്‍ ടോമിയെ ഒരു വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതോടെ നിയമാനുസൃതമായി രക്ഷപെടാം എന്ന ആന്‍ഡിയുടെ പ്രതീക്ഷകള്‍ അവസാനിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കുന്ന ജോലി ഇനി ചെയ്യില്ല എന്ന് പറയുന്ന ആന്‍ഡിയെ വാര്‍ഡന്‍ ഭീഷണിപ്പെടുത്തുന്നത് അയാള്‍ വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് വളര്‍ത്തിയെടുത്ത പ്രിസണ്‍ ലൈബ്രറി നശിപ്പിക്കും എന്ന് പറഞ്ഞാണ്.

ഏതൊരു മനുഷ്യനും തന്റെ പ്രതീക്ഷകളെല്ലാം നശിക്കാന്‍ ഇത്രയും സംഭവങ്ങള്‍ ധാരാളമാണ്. എന്നാല്‍ ആന്‍ഡി പ്രതീക്ഷകള്‍ കൈവിടുന്നില്ല. ജയിലില്‍ ഒരു ദിവസം ആന്‍ഡി റെഡിനോട് സംസാരിക്കുന്നു. സെവാടനെഹോ എന്ന മെക്‌സിക്കന്‍ കടലോരഗ്രാമത്തില്‍ ജീവിക്കണം എന്ന സ്വപ്നമാണ് അയാള്‍ പങ്കുവയ്ക്കുന്നത്. അവിടെ തനിക്ക് റെഡിനെ പോലൊരാളെ ആവശ്യമുണ്ടെന്ന് ആന്‍ഡി പറയുമ്പോഴും പുറംലോകം തനിക്ക് ചേരില്ല എന്ന് റെഡ് പിന്‍വലിയുകയാണ്. തിരികെ സെല്ലിലേക്ക് പോകും മുന്‍പ് ബക്സ്റ്റണിനടുത്തൊരിടത്ത് ഒരു പാക്കേജ് ഉണ്ടെന്നും ഇവിടെനിന്ന് എപ്പോഴെങ്കിലും പുറത്തിറങ്ങിയാല്‍ അത് വീണ്ടെടുക്കണം എന്നും അയാള്‍ റെഡിനോടാവശ്യപ്പെടുന്നു. ആന്‍ഡി തന്റെ മരണത്തെക്കുറിച്ചാണോ സംസാരിക്കുന്നത് എന്നുപോലും ഒരുവേള റെഡ് സംശയിക്കുന്നുണ്ട്.

പിറ്റേന്ന് പതിവ് റോള്‍കോള്‍ വിളിക്കുന്ന നേരം ആന്‍ഡി സെല്ലില്‍ ഇല്ല എന്ന് എല്ലാവരും മനസ്സിലാക്കുന്നു. അടച്ചുപൂട്ടിയ സെല്ലില്‍ നിന്നും അയാള്‍ അപ്രത്യക്ഷനായത് എങ്ങനെ എന്ന് അറിയാതെ എല്ലാവരും അത്ഭുതപ്പെട്ടുനില്‍ക്കെയാണ് മുറിയില്‍ ഒട്ടിച്ചിരുന്ന റാക്കേല്‍ വെല്‍ച്ചിന്റെ പോസ്റ്ററിന് പുറകില്‍ ഒരാള്‍ക്ക് കടന്നുപോകാന്‍ പാകത്തിലുള്ള ഒരു തുരങ്കം നിര്‍മിച്ചത് അവര്‍ കാണുന്നത്. നീണ്ടകാലത്തെ തന്റെ ജയില്‍വാസത്തിനിടയില്‍ ഓരോ ദിവസവും വലുതാക്കിയെടുത്തതായിരുന്നു ആ തുരങ്കം. ജയിലില്‍ നിന്ന് രക്ഷപ്പെട്ട ആന്‍ഡി ബാങ്കില്‍ നിന്നും പണം എടുത്തശേഷം സെവാടനെഹോയിലേക്ക് പോകുന്നു.

SHOT OF ANDY ESCAPE | PHOTO: FACEBOOK 
അധികംവൈകാതെ റെഡിന് പരോള്‍ അനുവദിക്കപ്പെടുന്നു. നീണ്ട നാല്‍പ്പതുവര്‍ഷം ജയിലിനകത്ത് താമസിച്ചതിനാല്‍ പുറംലോകവുമായി പൊരുത്തപ്പെടാന്‍ റെഡ് ബുദ്ധിമുട്ടുന്നു. ബ്രൂക്‌സിനെ പോലെ ആത്മഹത്യ ചെയ്യേണ്ടിവരുമോ എന്ന് പോലും ഒരു ഘട്ടത്തില്‍ റെഡ് പേടിക്കുന്നുണ്ട്. അപ്പോഴാണ് ആന്‍ഡി പറഞ്ഞ ആ പാക്കേജിന്റെ കാര്യം റെഡ് ഓര്‍മിക്കുന്നത്. അത് അന്വേഷിച്ച് ബക്സ്റ്റണില്‍ എത്തുന്ന അയാള്‍ക്ക് വലിയൊരു ഓക്ക് മരത്തിന്റെ തണലില്‍ ഒരു കല്‍മതിലിന്റെ ചുവട്ടില്‍നിന്നാണ് ആ പാക്കേജ് ലഭിക്കുന്നത്. അതില്‍ ഒരു കത്തും മെക്‌സിക്കോയില്‍ എത്താനാവശ്യമായ പണവുമായിരുന്നു.

ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ആ വെള്ള ഓക്കുമരം പക്ഷേ, ഒഹായോവിലെ മലബാര്‍ ഫാം സ്റ്റേറ്റ് പാര്‍ക്കിനടുത്തുള്ള ഒന്നായിരുന്നു. ചലച്ചിത്രം ഇറങ്ങി നീണ്ട കാലങ്ങളോളം അതൊരു ടൂറിസ്‌റ് കേന്ദ്രമായിരുന്നു. 2011 ലെ മിന്നലിനും 2016 ലെ പേമാരിക്കും ശേഷം നിലംപതിച്ച ആ ഓക്ക് മരത്തിന്റെ അവശിഷ്ടങ്ങള്‍ ചലച്ചിത്രത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്ന കൗതുകവസ്തുക്കള്‍ നിര്‍മിക്കാനാണ് ഉപയോഗപ്പെടുത്തിയത്.

പരോള്‍ നിയമം ലംഘിച്ച് തന്റെ സുഹൃത്തിനടുത്തേക്ക് പോകുന്ന റെഡ് സെവാടനെഹോയിലെ ഒരു ബീച്ചില്‍ ആന്‍ഡിയെ കണ്ടുമുട്ടുന്നു. സന്തോഷത്താല്‍ പരസ്പരം അവര്‍ ആശ്ലേഷിക്കുന്നിടത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നിന് അവസാനമാകുന്നു. ഒരു ചലച്ചിത്രമെന്ന നിലയില്‍ മാത്രമല്ല ഒരു സാഹിത്യസൃഷ്ടി എന്ന നിലയിലും ഷോഷങ്ക് റിഡംഷന്‍ വളരെ ഉയരത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. മികച്ച ഒരു സൃഷ്ടിയെ അതിലും മികച്ച ഒരു ചലച്ചിത്രമായി മാറ്റിയെടുക്കുന്നതില്‍ അതിന്റെ തിരക്കഥയും സംഭാഷണവും രചിച്ച സംവിധായകന്‍ ഫ്രാങ്ക് ഡാരബോണ്ടിന് വലിയ പങ്കുണ്ട്. ഷോഷങ്ക് റിഡംഷനെക്കുറിച്ച് സംസാരിക്കുന്ന പലരും പറയാന്‍ വിട്ടുപോകുന്ന പേരാണ് ഫ്രാങ്കിന്റെത്. സ്റ്റീഫന്‍ കിങ്ങിന്റെ The Woman in the Room എന്ന ചെറുകഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരം നല്‍കിക്കൊണ്ടാണ് ഫ്രാങ്ക് തുടങ്ങുന്നത്. പിന്നീട് ഷോഷങ്ക്, ഗ്രീന്‍ മൈല്‍, മിസ്റ്റ് എന്നീ കൃതികള്‍ക്ക് കൂടി ചലച്ചിത്രരൂപം നല്‍കാന്‍ ഫ്രാങ്കിന് കഴിഞ്ഞു. 5000 ഡോളറിനാണ് ഫ്രാങ്ക് ഷോഷങ്കിന്റെ ചിത്രീകരണാവകാശം വാങ്ങുന്നത് 1987 ല്‍. നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം 1992 ല്‍ തിരക്കഥ പൂര്‍ത്തിയാക്കി ഫ്രാങ്കിന്റെ ചിത്രം നിര്‍മിക്കാന്‍ മുന്നോട്ടുവന്നത് റോബ് റീനറിന്റെ ഉടമസ്ഥതയിലുള്ള കാസില്‍റോക്ക് എന്റര്‍ടെയിന്‍മെന്റാണ് എന്നത് യാദൃശ്ചികം. Stand by Me യുടെ ചിത്രീകരണസമയത്ത് തന്നെ റോബ് റീനര്‍ കാസില്‍ റോക്ക് എന്ന പേരിനോടൊരു ആത്മബന്ധം പുലര്‍ത്തിയിരുന്നു എന്ന് വേണം കരുതാന്‍. 

ഷോഷങ്കിന്റെ തിരക്കഥയില്‍ നോവല്ലയില്‍ നിന്നും പല മാറ്റങ്ങളുമുണ്ട്. നോവല്ലയില്‍ ഒന്നിലധികം വാര്‍ഡന്‍മാര്‍ വന്നുപോകുന്നുണ്ടെങ്കിലും സിനിമയില്‍ ഒരാള്‍ മാത്രമാണ് വാര്‍ഡന്‍. നോവല്ലയിലെ വാര്‍ഡന്‍മാരുടെ ഒരു സങ്കരമാണ് സിനിമയില്‍. ടോമി എന്ന സാക്ഷിയെ കൊല്ലുന്നതായി സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും നോവല്ലയില്‍ അയാളെ മറ്റൊരു ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ്. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം പ്രധാനം ബ്രൂക്‌സ് എന്ന കഥാപാത്രത്തിന് ഫ്രാങ്ക് നല്‍കിയ ഡീറ്റെയ്‌ലിങ്ങാണ്. പുസ്തകത്തില്‍ വെറുമൊരു അപ്രധാനകഥാപാത്രമാണ് ബ്രൂക്‌സ്. ജീവിതത്തിന്റെ ഭൂരിഭാഗവും ജയിലില്‍ തന്നെ ജീവിച്ച് ഒടുവില്‍ വയസ്സുകാലത്ത് പുറംലോകത്തെത്തി ആ ജീവിതത്തോട് ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതെ, ജയിലിലേക്ക് തിരികെ പോകാന്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്താലോ എന്ന് പോലും ആലോചിച്ചുപോകുന്ന, ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടുന്ന ബ്രൂക്‌സ് കാണികളെ വേദനിപ്പിക്കുന്ന കഥാപാത്രമാണ്. ചിത്രം പുരോഗമിക്കേ റെഡും അതേവഴി തിരഞ്ഞെടുക്കുമോ എന്ന് സംശയം തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.

FRANK DARABONT | PHOTO: WIKI COMMONS
അതിനോടൊത്ത, അല്ലെങ്കില്‍ അതിന് മുകളില്‍ നില്‍ക്കുന്ന രണ്ട് മാറ്റങ്ങള്‍ കൂടി ഫ്രാങ്ക് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോവല്ലയില്‍ ആന്‍ഡി രക്ഷപ്പെടുന്നത് വിചാരണയ്ക്ക് മുന്നേ മറ്റൊരു പേരിലേക്ക് മാറ്റിയ തന്റെ തന്നെ സമ്പത്തുമായാണ്. എന്നാല്‍ ചലച്ചിത്രത്തില്‍, അത്രയും വര്‍ഷം വാര്‍ഡന്‍ നോര്‍ട്ടന്‍ അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ആന്‍ഡി ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത്. അതുവരെ വാര്‍ഡനോട് കാണികള്‍ക്ക് തോന്നുന്ന വെറുപ്പിനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ ഈ ഒരു മാറ്റത്തിലൂടെ ഫ്രാങ്കിന് കഴിഞ്ഞിട്ടുണ്ട്. മറ്റൊന്ന് ചിത്രത്തിന്റെ ക്‌ളൈമാക്‌സാണ്. റെഡ് ആന്‍ഡിയേ കാണാനായി മെക്‌സിക്കോയിലേക്ക് പുറപ്പെടാന്‍ തുടങ്ങുന്നിടത്താണ് നോവല്ല അവസാനിക്കുന്നത്. അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടാവും എന്ന് ആഗ്രഹിക്കാമെങ്കിലും എഴുതുന്നത് സ്റ്റീഫന്‍ കിംഗ് ആയതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും തരത്തിലുള്ള അത്യാഹിതം അവര്‍ക്ക് സംഭവിച്ചിരിക്കുമോ എന്ന് ഒരു വായനക്കാരന് തോന്നിയാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല. 'what if?' എന്ന ഒരേയൊരു ചോദ്യത്തെ മുന്‍നിര്‍ത്തിയാണ് ഞാന്‍ എഴുതുന്നത് എന്ന് ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിനുമായി (പ്രിയപ്പെട്ട കഥാപാത്രങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നുകളയുന്നതില്‍ അഗ്രഗണ്യനാണ് 
ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്‍) ഒരു സംഭാഷണത്തില്‍ സ്റ്റീഫന്‍ കിംഗ് തന്നെ പറയുന്നുമുണ്ടല്ലോ. എന്നാല്‍ ചലച്ചിത്രത്തില്‍ അതിനൊരു ഉറപ്പുനല്‍കാന്‍ ഫ്രാങ്കിന് കഴിഞ്ഞു. കാഴ്ചയില്‍ ഉടനീളം നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന അനിശ്ചിതത്വത്തിനൊടുവില്‍ ഒരു പുതുജീവിതത്തിന്റെ പ്രത്യാശയിലേക്ക് ആശ്ലേഷിതരാവുന്ന സുഹൃത്തുക്കള്‍ സന്തോഷം പകരുന്ന കാഴ്ചയാണ്.

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഷോഷങ്ക് റിഡംഷന് ക്രിസ്തീയ വിശ്വാസങ്ങളുമായും ചെറുതല്ലാത്ത ഒരു സാമ്യം കാണാന്‍ കഴിയും. റൂഫ്‌ടോപ്പില്‍ മറ്റുള്ളവര്‍ ബിയര്‍ കുടിക്കുന്നതും നോക്കിയിരിക്കുന്ന ആന്‍ഡി. വര്‍ഷങ്ങള്‍ ചിലവഴിച്ച തടവറയില്‍ നിന്നും രക്ഷപെട്ട് ഒരു വാഗ്ദത്തഭൂമികയിലേക്ക് പോകുന്ന ആന്‍ഡി. സ്വയം രക്ഷപ്പെടാന്‍ കഴിയില്ലെന്നും ഈ ജീവിതം അവസാനിപ്പിക്കാനായി എന്നും കരുതി നില്‍ക്കുന്നിടത്ത് നിന്നും ചില വാചകങ്ങള്‍ നല്‍കുന്ന പ്രത്യാശ മാത്രം കൈമുതലാക്കി ആന്‍ഡിക്കടുത്ത് എത്തിചേരുന്ന റെഡ്. ജീവിതത്തെ രക്ഷിക്കുന്ന വചനത്തെകുറിച്ച് ബൈബിളില്‍ തന്നെ പരാമര്‍ശമുണ്ടല്ലോ. 

ഇതുവരെ പരാമര്‍ശിച്ച മൂന്ന് നോവല്ലകള്‍ കൂടാതെ മറ്റൊന്ന് കൂടിയുണ്ട് ഡിഫറെന്റ് സീസണ്‍സ് എന്ന സ്റ്റീഫന്‍ കിംഗ് പുസ്തകത്തില്‍. A Winter's Tale എന്ന വിശേഷണമാണ് കിംഗ് അതിനു നല്‍കിയിട്ടുള്ളത്. The Breathing Method എന്ന ആ ആഖ്യാനം ഒരേസമയം രണ്ടു കഥാഗതികളാണ് മുന്നോട്ടുവയ്ക്കുന്നത്. നഗരത്തിലെ ഒരു രഹസ്യക്ലബ്ബിന്റെ വിചിത്ര നിയമങ്ങളും ഉപചാരങ്ങളും വിവരിക്കുന്ന പ്രധാനകഥാഗതിയും അതിന്റെ ഉപകഥയായി വരുന്ന ശീര്‍ഷകത്തിലെ ബ്രീത്തിങ് മെത്തേഡ് വിഷയമാകുന്ന മറ്റൊന്നും. ഷോഷങ്ക് പോലെ തന്നെ മനസ്സുനിറയ്ക്കുന്ന ആഖ്യാനമാണ് അതിനും. പക്ഷേ, നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും അതിനൊരു പുനഃരാവിഷ്‌കാരം ഇനിയും സംഭവിച്ചിട്ടില്ല. മറ്റ് മൂന്ന് ആഖ്യാനങ്ങള്‍ മൂന്ന് വ്യത്യസ്ത സംവിധായകരിലൂടെ തിരശീലയിലെത്തി. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവ ശ്രദ്ധപിടിച്ചുപറ്റിയവയാണ്. അപ്പോഴും ചലച്ചിത്രത്തെ പുകഴ്ത്തുന്നവര്‍ അതിന്റെ രചയിതാവിനെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എഴുതിയവയില്‍ ഭൂരിഭാഗവും പള്‍പ്പ് ഫിക്ഷന്‍ എന്ന ഗണത്തില്‍പ്പെട്ടത് കൊണ്ടാണോ മുന്‍നിര വായനക്കാര്‍ക്ക് / പ്രേക്ഷകര്‍ക്ക് അത്തരമൊരു മുന്‍വിധി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.


ഈ നീണ്ടകഥകള്‍ ഓരോന്നും ഒരു നോവല്‍ പൂര്‍ത്തിയാക്കിയതിനു പുറകെ എഴുതിയവയാണ്. കൂട്ടത്തില്‍ ഏറ്റവും പഴയ കഥ, The Body, സേലംസ് ലോട്ടിന് തൊട്ടുപുറകെ എഴുതിയതാണെങ്കില്‍, Apt Pupil ഷൈനിങ് പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കകം സംഭവിച്ചതും. Rita Hayworth and Shawshank Redemption എഴുതുന്നത് The Dead Zone നു ശേഷവും കൂട്ടത്തിലേറ്റവും ഒടുവില്‍ വന്ന The Breathing Method, എഴുതിയത് Firestarter എന്ന നോവല്‍ പൂര്‍ത്തിയാക്കിയതിനുശേഷവും. എന്നിരിക്കിലും അവ പ്രസിദ്ധീകരിക്കാന്‍ വര്‍ഷങ്ങളെടുത്തതിനെപ്പറ്റി പുസ്തകത്തില്‍ ഒപ്പം ചേര്‍ത്ത കുറിപ്പില്‍ സ്റ്റീഫന്‍ കിംഗ് തന്നെ പറയുന്നുണ്ട്. അതിനു കാരണം ലളിതമാണ്. വലിപ്പം. ഓരോ നീണ്ടകഥയും 25,000 മുതല്‍ 35,000 വാക്കുകള്‍ വലിപ്പമുള്ളവയാണ്. മലയാളത്തിലെ പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളില്‍ ഭൂരിഭാഗവും ഇതിലും ചെറിയ വലിപ്പത്തിലുള്ളതാണെന്നോര്‍ക്കണം.  ചെറുകഥയുടെ വലിപ്പം കടന്നാല്‍ നോവല്‍ വലിപ്പത്തിലേക്ക് എത്തുന്നത് വരെയുള്ള ഭാഗം ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.  കഥയ്‌ക്കോ നോവലിനോ കിട്ടുന്ന പ്രശംസയോ സാമ്പത്തികവിജയമോ നോവല്ലക്ക് ലഭിക്കുന്നില്ല എന്നതിനാല്‍ ആഖ്യാനങ്ങള്‍ വലിപ്പത്തിന്റെ ഈ കുരുക്കില്‍ പെട്ടുപോവാതിരിക്കാന്‍ ബോധപൂര്‍വം  ശ്രമിക്കുന്നവരുണ്ട്. ഇനി സാന്ദര്‍ഭികമായി നോവല്ലകള്‍ എഴുതിയാലും, അവ പ്രസിദ്ധീകരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. 

വലിപ്പം എന്ന ഒരേയൊരു അളവുകോലില്‍ പുസ്തകങ്ങളെ വിലയിരുത്തുന്നവര്‍ ഉണ്ടാകുന്നതുകൊണ്ടാണ്, നോവല്ലകള്‍ക്ക് വിപണിമൂല്യം ലഭിക്കാത്തത്. അതുകൊണ്ടാണ് ചെറുനോവല്ലകള്‍ പോലും നോവല്‍ എന്ന വ്യാജേന വിറ്റഴിക്കപ്പെടുന്ന സ്ഥിതി സംജാതമാകുന്നത്. ഒരു സാഹിത്യകൃതിയുടെ പ്രസിദ്ധീകരണത്തിന്റെ അടിസ്ഥാനമാനദണ്ഡം വിപണിയും വില്‍പ്പനയും എന്നതിലേക്ക് ചുരുങ്ങുമ്പോള്‍, നമുക്ക് ലഭ്യമാക്കപ്പെടുന്ന കൃതികളില്‍ എത്രയെണ്ണമുണ്ടാവും നമ്മെ അതിശയിപ്പിക്കുന്നവ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാവില്ല. ഡിഫറെന്റ് സീസണ്‍സിന്റെ പിന്‍കുറിപ്പ് സ്റ്റീഫന്‍ കിംഗ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 'I hope that you liked them, Reader; that they did for you what any good story should do-make you forget the real stuff weighing on your mind for a little while and take you away to a place you've never been. It's the most amiable sort of magic I know.'

കഥപറച്ചിലുകാര്‍ മാന്ത്രികരാണെന്നും തങ്ങള്‍ സൃഷ്ടിക്കുന്ന ലോകത്തിലേക്ക് അനുവാചകരെ ആനയിക്കുന്നതുവഴി നിത്യജീവിതത്തില്‍ അവരനുഭവിക്കുന്ന നൂറായിരം പ്രശ്‌നങ്ങളില്‍ നിന്നും ഒരു ചെറുവിടുതല്‍ നല്‍കാന്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ജാലവിദ്യയെന്നും സ്റ്റീഫന്‍ കിംഗ് പറയുമ്പോള്‍ സമ്മതിക്കാതെ തരമില്ല. ആഖ്യാനങ്ങളില്‍ മയങ്ങി ചിലവഴിച്ച മണിക്കൂറുകളിലാണ് സത്യത്തില്‍ നാമെല്ലാം ജീവിച്ചതെന്നും ആഖ്യാനങ്ങള്‍ അവസാനിക്കുമ്പോള്‍ ജീവിതം വിരസമാവുന്നുവെന്നും തോന്നിയിട്ടുള്ളത് ഒരാള്‍ക്ക് മാത്രമാവില്ലല്ലോ.


#cinema
Leave a comment