.jpg)
സ്ലീപ്പർ സെൽ ആരാധകർ തുടരും
തുടരും എന്ന ചിത്രത്തിന് താന്‍ ആദ്യം ആലോചിച്ചത് ''വിന്റേജ്'' എന്ന പേരായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞിട്ടുണ്ട്. പക്ഷെ 4455 നമ്പര്‍ പ്ലേറ്റുള്ള കറുത്ത അംബാസഡര്‍ കാറും, പുറം മങ്ങിയെങ്കിലും തെളിഞ്ഞ ഓര്‍മ്മകള്‍ ഉള്ള ഫ്രേയിംഡ് ഫോട്ടോകളും, പഴക്കം മഷി പടര്‍ത്തിയ കത്തുകളും, ഒരു മധുരത്തുടര്‍ച്ച പോലെ ചായയില്‍ മുക്കിയ ബണ്‍ ശോഭനയ്ക്ക് നേരെ നീട്ടുന്ന മോഹന്‍ലാലും എല്ലാം ചേരുമ്പോള്‍, ഈ പുതിയ പേരാണ് കൂടുതല്‍ അനുയോജ്യം എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. കാരണം ''വിന്റേജ്'' എന്ന വാക്കിന്റെ പഴമയ്ക്കപ്പുറം, സ്‌നേഹത്തുടര്‍ച്ചയായി വളരുന്ന കാഴ്ചയ്ക്ക് തുടരും എന്നല്ലാതെ മറ്റൊരു പേരും നീതി പുലര്‍ത്തില്ലായിരുന്നു.
സങ്കീര്‍ണ്ണതകളുള്ള കഥാപാത്രങ്ങളും വൈകാരികമായ കഥാ പശ്ചാത്തലവും തരുണ്‍ മൂര്‍ത്തി സിനിമകളുടെ സവിശേഷതയാണ്. ഓപ്പറേഷന്‍ ജാവയായാലും സൗദി വെള്ളക്കയായാലും സാധാരണക്കാരുടെ ജീവിതവും പ്രശ്‌നങ്ങളും ഗംഭീരവും മനോഹരവുമായി അവതരിപ്പിച്ചിരുന്നു. ഒരു വലിയ കാത്തിരിപ്പിന് ശേഷം ആണ് സുനില്‍ ആറിന് താന്‍ എഴുതിയ തിരക്കഥ ഒരു സിനിമയായി കാണാന്‍ സാധിക്കുന്നത്. ആദ്യ കാലഘട്ടങ്ങളില്‍ തന്നെ നിര്‍മ്മാതാവായ എം രഞ്ജിത്ത് സിനിമയുടെ ഭാഗം ആയിരുന്നെങ്കിലും പലപ്പോഴായി പല സംവിധായകരും പ്രൊജക്ടില്‍ വന്നു പോയി. ഇതിനിടെ സ്‌ക്രിപ്റ്റില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. കാത്തിരിപ്പിനൊടുവില്‍, കാലങ്ങള്‍ കൊണ്ട് തേച്ച് മിനുക്കിയെടുത്ത സ്‌ക്രിപ്റ്റില്‍, തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്റെ ആത്മാവും മോഹന്‍ലാല്‍ എന്ന നടന്റെ വിസ്മയവും ഒത്തുചേര്‍ന്നപ്പോള്‍ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ''തുടരും'' വളര്‍ന്നു.
REPRESENTATIVE IMAGE | WIKI COMMONS
ചെറിയ ഇടവേളയ്ക്ക് ശേഷം ആണ് സാധാരണക്കാരനായൊരു കഥാപാത്രമായി, മോഹന്‍ലാലിനെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കാണുന്നത്. ഇക്കാര്യം സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കിയിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ഇപ്പുറം മോഹന്‍ലാലിന് ജോഡിയായി ശോഭനയും ചിത്രത്തിന്റെ ഭാഗമായതോടെ കാത്തിരിപ്പിന്റെ ആവേശം വീണ്ടും കൂടി. 2009ല്‍ ഇറങ്ങിയ സാഗര്‍ ഏലിയാസ് ജാക്കിയില്‍, ഇരുവരും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിട്ടെങ്കിലും, ജോഡികളായി അവസാനം അഭിനയിക്കുന്നത് 2004ല്‍ ഇറങ്ങിയ മാമ്പഴക്കാലത്തില്‍ ആണ്. സ്‌ക്രീനില്‍ വീണ്ടുമവര്‍ ഒന്നിച്ചപ്പോള്‍, പവിത്രവും നാടോടിക്കാറ്റും തേന്മാവിന്‍ കൊമ്പത്തും മിന്നാരവും പോലുള്ള ക്ലാസ്സിക്കുകളിലെ അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്റ്റ്രി പ്രേക്ഷകരില്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തി. ആനന്ദത്തിലൂടെ ശ്രദ്ധേയനായ തോമസ് മാത്യുവും പുതുമുഖം ആയ അമൃത വര്‍ഷിണിയും ആണ് മോഹന്‍ലാലിന്റെയും ശോഭനയുടെയും മക്കള്‍ ആയി അഭിനയിച്ചത്.
തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ മോഹന്‍ലാല്‍ എന്ന നടന്റെ സിനിമകള്‍ പരാജപ്പെടുമ്പോള്‍ പരാതിയും പരിഭവവും ഒതുക്കി നിശബ്ദരായി കാത്തിരിക്കുന്ന ഒരുപറ്റം ''സ്ലീപര്‍ സെല്‍'' ആരാധകര്‍ ഉണ്ട്. ചെറിയൊരു പോസിറ്റിവ് റെസ്‌പോണ്‍സ്സ് വന്നാല്‍പ്പോലും, അവര്‍ മോഹന്‍ലാല്‍ സിനിമകള്‍ കാണാന്‍ തിയേറ്ററുകളിലേക്ക് ഒഴുകും. ആ സ്ലീപര്‍ സെല്‍ ആരാധകരുടെ ഒഴുക്ക് തന്നെയാണ് വെറും ആറ് ദിവസം കൊണ്ട് 100 കോടി എന്ന നാഴികക്കല്ല് പിന്നിടാന്‍ തുടരും എന്ന ചിത്രത്തെ സഹായിച്ചത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പ്രിഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം ആയ എമ്പുരാനിലൂടെ തിയേറ്റര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത മോഹന്‍ലാലിന് വെറും ഒരു മാസത്തിനുള്ളില്‍ തന്നെ രണ്ട് 100 കോടി ചിത്രങ്ങള്‍ എന്നുള്ള റെക്കോര്‍ഡും ഈ സിനിമയിലൂടെ നേടാന്‍ കഴിഞ്ഞു.
REPRESENTATIVE IMAGE | WIKI COMMONS
വലിയ ഒരു ഇടവേളയ്ക്ക് ശേഷം ആണ് രജപുത്ര ഫിലിംസിന്റെ ബാനറിലെ ഒരു ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിന്താമണി കൊലക്കേസും, 2 കണ്ട്രീസും, കൂടെയും, ടമാര്‍ പഠാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും, മേക്കപ്പ് മാനും അടക്കം പല മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മ്മിച്ചത്. എറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 150 കോടിയോളം ചിത്രം ഇപ്പോള്‍ തന്നെ കളക്ട് ചെയ്തു. പക്ഷെ കുറയാത്ത തിരക്കും ഹൗസ്സ്ഫുള്‍ ഷോസ്സും സൂചിപ്പിക്കുന്നത് വളരെ നിസാരമായി തന്നെ തുടരും 200 കോടി എന്ന നാഴികക്കല്ലും കടക്കും എന്നാണ്. അങ്ങനെ സംഭവിച്ചാല്‍ മലയാളത്തില്‍ രണ്ട് 200 കോടി സിനിമകള്‍ ഉള്ള ഏക നടന്‍ എന്ന നേട്ടവും മോഹന്‍ലാലിന് സ്വന്തമാക്കാം.
നായകനൊപ്പം നില്ക്കുന്നൊരു എതിരാളിയില്ലെങ്കില്‍ കഥയിലെ സംഘര്‍ഷങ്ങളുടെ മുറുക്കം നഷ്ടപ്പെടും. അത് സിനിമയുടെ മികവിനെയാകെ ബാധിക്കും. കരുത്തനും ക്രൂരനുമായ ഒരു വില്ലന്റെ സാന്നിധ്യം തന്നെയാണ് തുടരും എന്ന സിനിമയുടെ മറ്റൊരു പ്രത്യേകത. പരസ്യ രംഗത്തെ അതികായനായ പ്രകാശ് വര്‍മ്മയുടെ കൈയില്‍ പ്രതിനായകന്റെ വേഷം ഭദ്രമായി. എന്‍ എഫ് വര്‍ഗീസും എഫ് ഐ ആറിലെ നരേന്ദ്ര ഷെട്ടിയുമായൊക്കെ പ്രകാശ് വര്‍മ്മയുടെ അഭിനയമികവിനെ പ്രേക്ഷകര്‍ താരതമ്യം ചെയ്യാന്‍ തുടങ്ങി. 31 കൊല്ലങ്ങള്‍ക്ക് മുമ്പ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി വന്ന പിന്‍ഗാമിയില്‍ സുകുമാരന്‍ അവതരിപ്പിച്ച ജോര്‍ജെന്ന കഥാപാത്രത്തെ ഇന്നസന്റ് അവതരപ്പിച്ച ഐയങ്കാര്‍ വക്കീല്‍ ''സുന്ദര കാലമാടന്‍'' എന്ന് വിളിക്കുന്നുണ്ട്. ഇന്നിപ്പൊ ''തുടരും''മിലെ പ്രകാശ് വര്‍മ്മ വേഷമിട്ട CI ജോര്‍ജിനെ സ്‌ക്രീനില്‍ കാണുമ്പോള്‍ അറിയാതെ ആ വിശേഷണം ഓര്‍ത്ത് പോവുകയാണ്. വോഡഫോണിന്റെ സൂസൂവും ക്യാഡ്ബറിയും ക്യാമറിയും നെറ്റ്ഫ്‌ലിക്‌സും കേരളാ ടൂറിസവും ദുബായ് ടൂറിസവും അടങ്ങുന്ന വമ്പന്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്ത ''നിര്‍വാണ''യുടെ സഹസ്ഥാപകന്‍ കൂടിയാണ് പ്രകാശ് വര്‍മ്മ.
പ്രകാശ് വര്‍മ്മ | PHOTO: WIKI COMMONS
ബിനു പപ്പുവും ഫര്‍ഹാന്‍ ഫാസിലും എസ് ഐ ബെന്നിയായും സി പി ഓ സുധീഷായും വേഷം അണിഞ്ഞ് മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചപ്പോള്‍ മണിയന്‍ പിള്ള രാജു ഷണ്മുഖന്റെ സുഹൃത്തായ കുട്ടിച്ചനായി. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മണിയന്‍ പിള്ള രാജുവും മോഹന്‍ലാലും ഒരു ഫ്രെയ്മില്‍ ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളിലേക്ക് തിരിച്ച് പോയി. തരുണ്‍ മൂര്‍ത്തിയുടെ മുമ്പുള്ള ചിത്രങ്ങളായ ഓപ്പറേഷന്‍ ജാവയുടെയും സൗദി വെള്ളക്കയുടെയും എഡിറ്റര്‍ ആയിരുന്ന നിഷാദ് യൂസഫ് തന്നെ ആയിരുന്നു തുടരുമിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരുന്നത്. പക്ഷെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിട വാങ്ങിയ നിഷാദ് യൂസഫിന് പകരം സിനിമയുടെ സ്‌പോട്ട് എഡിറ്റര്‍ ആയ ഷഫീക്ക് ബാക്കി എഡിറ്റിങ്ങ് കൈകാര്യം ചേയ്തു. റാന്നിയുടെ ഭംഗി ഒപ്പി എടുത്ത ഷാജികുമാറിന്റെ ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും പാട്ടുകളും കൊണ്ട് ജീവന്‍ നല്‍കിയത് ജേക്‌സ് ബിജോയാണ്. ''മോഹന്‍ലാല്‍ തുടരും'' എന്ന ടൈറ്റില്‍ക്കാര്‍ഡ് കണ്ടിറങ്ങുമ്പോള്‍ അറിയാതെ ഓര്‍ത്ത് പോകുന്നതും സിനിമയില്‍ ഹരിഹരന്‍ പാടിയ പാട്ടിന്റെ വരികള്‍ തന്നെ ആണ് -
''ഒരുകാലം തിരികെ വരും
ചെറുതൂവല്‍ച്ചിരി പകരും
തലോടും താനേ കഥ തുടരും''.


