
വെളിച്ചം കൊണ്ട് ശില്‍പങ്ങള്‍ മെനഞ്ഞ സൗമേന്ദു റോയി
സത്യജിത് റായിയുടെ 'അഭിജാന്‍' എന്ന സിനിമയില്‍ നായികയായി അഭിനയിച്ച വഹീദ റഹ്‌മാന് ദാദാ സാഹേബ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ റായ് ക്ലാസ്സിക്കില്‍ വഹീദയെ അനശ്വരമാക്കിയ സിനിമാറ്റോഗ്രാഫര്‍ സൗമേന്ദു റോയിയുടെ വിയോഗ വാര്‍ത്ത വന്നു. എന്നാല്‍, റോയിയുടെ മരണം വലിയ വാര്‍ത്തയായില്ല. ഈ സന്ദര്‍ഭത്തില്‍ പ്രശസ്ത ഛായാഗ്രഹകന്‍ അശോക് മേത്തയുടെ വാക്കുകള്‍ ഓര്‍മ്മവരുന്നു: ''നമ്മള്‍ ഇന്ത്യക്കാര്‍ക്ക് നമ്മുടെ പ്രതിഭകളെ ആദരിക്കാനും, ആഘോഷിക്കാനും വൈമുഖ്യമാണ്. അതുകൊണ്ടാണ് നമ്മുടെ ഗാന്ധിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നമുക്ക് ഒരു റിച്ചാര്‍ഡ് ആറ്റന്‍ബറോ വേണ്ടിവന്നത്. കൂടാതെ, സാങ്കേതികവിദ്യയെ ഒരു കലയായി നാം വിലമതിക്കുന്നില്ല, അതുകൊണ്ടാണ് സുബ്രത മിത്രയുടെ റിട്രോസ്പെക്റ്റീവ് ഇവിടെയല്ല, ഇറ്റലിയില്‍ ആഘോഷിക്കുന്നത്'.
ഛായാഗ്രഹകനായ സുബ്രതോ മിത്രയെ നാം അറിയും, സത്യജിത് റായിയുടെ ആദ്യകാല സിനിമകളുടെ ക്യാമറാമാന്‍ എന്ന നിലയില്‍. എന്നാല്‍, 'നായക്' എന്ന സിനിമയ്ക്ക് ശേഷം റായിയുടെ കുറേ സിനിമകളുടെ ഛായാഗ്രഹകന്‍ മറ്റൊരു ബംഗാളിയായ സൗമേന്ദു റോയ് ആയിരുന്നു. 'പഥേര്‍ പാഞ്ചാലി'യില്‍ സുബ്രതോ മിത്രയുടെ സഹായിയായിരുന്നു റോയ്. മിത്ര പിരിഞ്ഞുപോയതിനെ തുടര്‍ന്നാണ് റോയ് റായിയുടെ ഛായാഗ്രഹകനായത്. 18 ഫീച്ചര്‍ സിനിമകള്‍ ഉള്‍പ്പെടെ റായിയുടെ 22 സിനിമകളില്‍ റോയ് പ്രവര്‍ത്തിച്ചു. അതുപോലെ ബംഗാളി സിനിമയിലെ മറ്റ് പ്രമുഖരായ തപന്‍ സിന്‍ഹ, തരുണ്‍ മജുംദാര്‍, ബുദ്ധദേവ് ദാസ്ഗുപ്ത എന്നിവരുടെയും സിനിമകളിലെ ഛായാഗ്രഹകനെന്ന നിലയില്‍ അസൂയാവഹമായ പ്രവര്‍ത്തനത്തിലൂടെ ബംഗാളി സിനിമയിലെ ഏറ്റവും ആദരിക്കപ്പെടുന്ന പേരുകളിലൊന്നായി സൗമേന്ദു റോയ് മാറി. എം.എസ്. സത്യുവിന്റെ കൂടെയും റോയ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 'കണ്‍ ശിവന്താല്‍ മന്‍ ശിവക്കും' എന്ന തമിഴ് സിനിമയുടെ ഛായാഗ്രഹകന്‍ റോയ് ആയിരുന്നു. ഈ സിനിമയുടെ ഛായാഗ്രഹണത്തിന് റോയിക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. തന്റെ നീണ്ട സിനിമാ ജീവിതത്തില്‍ റോയി മൂന്ന് തവണ മികച്ച ഛായാഗ്രഹകനുള്ള (ഫീച്ചര്‍ സിനിമ) ദേശീയ ചലച്ചിത്ര അവാര്‍ഡും കൂടാതെ രാജാ സെന്‍ സംവിധാനം ചെയ്ത 'സുചിത്ര മിത്ര' എന്ന ഡോക്യുമെന്ററിക്ക് ഒരു മികച്ച നോണ്‍-ഫീച്ചര്‍ ഫിലിം ഛായാഗ്രഹണത്തിനുള്ള അവാര്‍ഡും നേടി.
1932 ഫെബ്രുവരി ഏഴിന് കല്‍ക്കത്തയില്‍ ജനിച്ച സൗമേന്ദു റോയ് തന്റെ പത്ത് വയസ്സുവരെ പിതാവ് കനക് കുമാര്‍ റോയ് ജോലി ചെയ്തിരുന്ന ധരംജയ്ഗഢ് (അന്ന് മധ്യപ്രദേശ്, ഇപ്പോള്‍ ഛത്തീസ്ഗഢ്) എന്ന നാട്ടുരാജ്യത്തിലാണ് ജീവിച്ചത്. റോയിയുടെ പിതാവ് അവിടെ സംസ്ഥാനത്തിന്റെ നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു. അദ്ദേഹം ഒരു സാഹിത്യകാരനായിരുന്നു. ഭഗവദ് ഗീതയും ശ്രീ ശ്രീ ചണ്ഡിയും അദ്ദേഹം ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ 'മുകുട് ' എന്ന നാടകവും അദ്ദേഹം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. അതുപോലെ അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സുഖേന്ദു റോയി ടാഗോറിന്റെ 'താക്കൂര്‍മാര്‍ ജൂലി' ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
സൗമേന്ദു റോയ് | PHOTO: FACEBOOK
1942-ല്‍ റോയ് കുടുംബം കൊല്‍ക്കത്തയിലേക്ക് താമസം മാറ്റി. അതൊരു വലിയ കൂട്ടുകുടുംബം ആയിരുന്നു. സൗമേന്ദു റോയിയുടെ സഹോദരന്‍ അക്കാലത്ത് ഫോട്ടോകള്‍ എടുക്കുമായിരുന്നു. ഇത് റോയിയില്‍ ഫോട്ടോഗ്രഫിയോട് താത്പര്യം ജനിപ്പിച്ചു. പക്ഷേ, സ്വന്തമായി ഒരു ക്യാമറ ഉണ്ടായിരുന്നില്ല.
റോയ് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് അഷിത് രാഹ എന്നൊരു കുട്ടി ക്ലാസ്സില്‍ പുതുതായി വന്നു. അവര്‍ തമ്മില്‍ നല്ല സുഹൃത്തുക്കളായി. രാഹയുടെ സഹോദരന് 'അവന്യു പൊളിഫോട്ടോ' എന്ന പേരില്‍ ലേക്ക് മാര്‍ക്കറ്റില്‍ ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. ഒരിക്കല്‍ രാഹ റോയിയെ സ്റ്റുഡിയോയില്‍ കൊണ്ടുപോയി. ഡാര്‍ക്ക് റൂമില്‍ വച്ച് സാഹ കെമിക്കല്‍ പ്രക്രിയ വിശദീകരിച്ചു കൊടുത്തു. ഇതിലൂടെ ഫോട്ടോഗ്രഫിയിലുള്ള റോയിയുടെ താത്പര്യം വര്‍ധിച്ചു. പരീക്ഷയില്‍ നല്ല മാര്‍ക്കോടെ വിജയിച്ചാല്‍ ഒരു ക്യാമറ സമ്മാനമായി നല്‍കുമെന്ന് റോയിയുടെ സഹോദരി പറഞ്ഞു. പരീക്ഷയില്‍ നല്ല രീതിയില്‍ വിജയിച്ചപ്പോള്‍ സഹോദരി ഒരു കൊഡാക് ബ്രൗണി ക്യാമറ സമ്മാനിച്ചു. അങ്ങിനെയാണ് റോയിക്ക് ആദ്യ ക്യാമറ ലഭിക്കുന്നത്. റോയിയുടെ ഒരു അടുത്ത ബന്ധു നഗരത്തില്‍ ഒരു സ്റ്റുഡിയോ തുറന്നപ്പോള്‍ റോയ് അയാളുടെ സഹായിയായി.
ആദ്യകാല സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ നിന്ന് സിനിമയിലേക്ക് കടന്നുവന്നവര്‍ ധാരാളമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയംതൊട്ടുതന്നെ ഫോട്ടോകള്‍ എടുക്കുമായിരുന്നു മാര്‍ക്കസ് ബര്‍ട്ട്‌ലി. 1940-ല്‍, ബര്‍ട്ട്‌ലി ബോംബെയിലേക്ക് പോയി അവിടെ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസ് ഫോട്ടോഗ്രഫറായി ചേര്‍ന്നു, തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടീഷ് മൂവിടോണിന്റെ ന്യൂസ് റീല്‍ ക്യാമറാമാനായി. ഫോട്ടോഗ്രഫിയില്‍ ബര്‍ട്ട്‌ലിക്ക് ഔപചാരികമായ പരിശീലനമൊന്നും ഉണ്ടായിരുന്നില്ല.
റൗള്‍ കൊട്ടാര്‍ഡ് മറ്റൊരുദാഹരണം. ഫ്രഞ്ച് നവതരംഗത്തിലെ ഴാന്‍-ലുക് ഗൊദാര്‍ദ്, ഫ്രാന്‍സ്വാ ത്രൂഫോ, ജാക്വസ് ഡെമി എന്നിവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പ്രശസ്തമാണ്. കെമിസ്ട്രി പഠിക്കാനായിരുന്നു കൊട്ടാര്‍ഡ് ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാല്‍ ഭാരിച്ച ട്യൂഷന്‍ ചെലവ് കാരണം ഫോട്ടോഗ്രഫിയിലേക്ക് മാറി. 1945-ല്‍, ഫ്രഞ്ച് ഇന്തോചൈന യുദ്ധത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ അയച്ചു; അടുത്ത 11 വര്‍ഷം അദ്ദേഹം വിയറ്റ്‌നാമില്‍ താമസിച്ചു, ഒരു യുദ്ധ ഫോട്ടോഗ്രഫറായി ജോലി ചെയ്തു, ഒടുവില്‍ 'പാരീസ് മാച്ചി'ന്റെയും 'ലുക്കി'ന്റെയും ഫ്രീലാന്‍സര്‍ ആയി. 1956-ല്‍, പിയറി ഷോന്‍ഡോര്‍ഫര്‍, 'ലാ പാസെ ഡു ഡയബിള്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹത്തെ സമീപിച്ചു. കൊട്ടാര്‍ഡ് മുമ്പ് ഒരു മൂവി ക്യാമറ ഉപയോഗിച്ചിരുന്നില്ല. സിനിമയുടെ പ്രൊഡക്ഷന്‍ സ്റ്റില്ലുകള്‍ ചിത്രീകരിക്കാനാണ് തന്നെ നിയമിച്ചതെന്ന് വിശ്വസിച്ച അദ്ദേഹം ജോലി ഏറ്റെടുത്തു. ''ആ ജോലി യഥാര്‍ത്ഥത്തില്‍ ഫോട്ടോഗ്രഫി ഡയറക്ടറാണെന്നും സിനിമ സിനിമാസ്‌കോപ്പിലായിരിക്കുമെന്നും എനിക്കറിയാമായിരുന്നെങ്കില്‍, ഞാന്‍ ഒരിക്കലും ആ ജോലി ഏല്‍ക്കില്ലായിരുന്നു'' - അദ്ദേഹം പിന്നീട് പറയുകയുണ്ടായി. എന്നാല്‍ ഈ സിനിമ ഒരു പുരസ്‌കാരം കരസ്ഥമാക്കി. കൊട്ടാര്‍ഡ് ഒരു പൊതു സുഹൃത്തിലൂടെ ഗൊദാര്‍ദിനെ പരിചയപ്പെടുമ്പോള്‍ തന്റെ ആദ്യ സിനിമയുടെ ഛായാഗ്രഹകനായി ഗൊദാര്‍ദ് മറ്റൊരാളെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ അവസരം കിട്ടിയത് കൊട്ടാര്‍ഡിനായിരുന്നു. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം ഇപ്രകാരം പറയുകയുണ്ടായി: ''എനിക്കൊരു നേട്ടമുണ്ടായിരുന്നു, 'ഒരു സ്റ്റോറി റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ ഈ സിനിമ ചിത്രീകരിക്കും' എന്ന് ഴാന്‍-ലുക് പറഞ്ഞു. ഞാനൊരു ഫോട്ടോ ജേര്‍ണലിസ്റ്റായതിനാല്‍ അത് എനിക്ക് യോജിച്ചതായിരുന്നു''. പിന്നീടുള്ളത് ചരിത്രം.
മാര്‍ക്കസ് ബര്‍ട്ട്‌ലി | PHOTO: FACEBOOK
മണി കൗളിന്റെ 'ഉസ്‌കി റോട്ടി' എന്ന സിനിമയില്‍ ഛായാഗ്രഹണത്തിന്റെ ചുമതല വഹിച്ചിരുന്ന കെ.കെ. മഹാജാന്‍ കൗളിന്റെ 'ദുവിധ' എന്ന സിനിമയുടെ ഛായാഗ്രഹണം ഏറ്റെടുക്കാന്‍ തയ്യാറാവാതെ വന്നപ്പോള്‍ ഫോര്‍ഡ് ഫൗണ്ടേഷന്‍, ലൈഫ് മാഗസിന്‍ എന്നിവര്‍ക്കുവേണ്ടി സ്റ്റില്‍ ഫോട്ടോഗ്രഫി ചെയ്തിരുന്ന നവറോസ് കോണ്‍ട്രാക്ടറെ പരിശീലിപ്പിച്ച് സിനിമയുടെ ഛായാഗ്രഹകനാക്കി. ആത്മവിശ്വാസം തീരെ ഇല്ലാതിരുന്ന കോണ്‍ട്രാക്ടറെ കൗള്‍ പ്രോത്സാഹിപ്പിച്ചു.
സത്യജിത് റായ് എല്ലാം വളരെ കണിശതയോടെ, മുന്‍കൂട്ടി തയ്യാറാക്കിയാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമ നോട്ടുബുക്കില്‍ എഴുതിയും വരച്ചും വച്ചു. ''സിനിമ എന്റെ തലയ്ക്കകത്ത് എപ്പോഴും ഉണ്ടായിരുന്നു'' എന്നാണ് റായ് പറഞ്ഞത്. ആദ്യ സിനിമയായ 'പഥേര്‍ പാഞ്ചാലി'ക്ക് നിര്‍മ്മാതാവിനെ അന്വേഷിച്ചു നടന്നപ്പോള്‍ത്തന്നെ സിനിമയെക്കുറിച്ചുള്ള തന്റെ ആശയം വിശദീകരിക്കാന്‍ അദ്ദേഹത്തിന്റെ കൈവശം ഒരു ചെറിയ നോട്ട് ബുക്ക് ഉണ്ടായിരുന്നു, അതില്‍ സ്‌കെച്ചുകളും സംഭാഷണങ്ങളും ട്രീറ്റ്‌മെന്റും ഉള്‍പ്പെട്ടിരുന്നു. ഇതോടൊപ്പം സിനിമയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ വിശദീകരിക്കുന്ന ഒരു സ്‌കെച്ച് ബുക്കും ഉണ്ടായിരുന്നു. പിന്നീടുള്ള സിനിമകളിലും റായ് ഇത് തുടര്‍ന്നു. കോസ്റ്റ്യൂം ഡിസൈന്‍ സ്‌കെച്ചുകള്‍ക്കൊപ്പം, തിരക്കഥാ രചനാ ഘട്ടത്തില്‍ അദ്ദേഹം സെറ്റ് ഡിസൈനുകളുടെ രേഖാചിത്രങ്ങളും ഉണ്ടാക്കി. വ്യക്തിഗത ഫ്രെയിമുകളുടെ സ്‌കെച്ച്, മ്യൂസിക് നൊട്ടേഷനുകള്‍, ക്യാമറ ചലനങ്ങള്‍, സീക്വന്‍സുകളും ഷോട്ടുകളും തമ്മിലുള്ള സംക്രമണങ്ങളും ചിത്രീകരണത്തിന് മുമ്പ് നോട്ടുബുക്കില്‍ വിശദമായി വിവരിച്ചു.
ഇതുകൊണ്ടുതന്നെയായിരിക്കണം സൗമേന്ദു റോയിയും സമാന രീതി അനുവര്‍ത്തിച്ചത്. 'തീന്‍ കന്യ', 'അഭിജാന്‍', 'ഗൂപ്പി ഗൈനെ ബാഗ ബൈന്‍' എന്നീ സിനിമകളുടെ നിര്‍മ്മാണ വേളയിലെ സാങ്കേതിക വിശദാംശങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ റോയിയുടെ അപ്രകാശിതമായ ഡയറിയിലുണ്ട്. അതുപോലെ ടാഗോര്‍ ഡോക്യുമെന്ററിയെക്കുറിച്ചുള്ള കുറിപ്പുകളും ലഭ്യമാണ്. ഈ ഡയറി ജിബന്‍സ്മൃതി ആര്‍ക്കൈവില്‍ 'സൗമേന്ദു-സിന്ദുക്' എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത ഒരു സിനിമാ മുറിയില്‍ ഉടന്‍ അനാച്ഛാദനം ചെയ്യും. റോയിയെ കുറിച്ച് ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്ത അരിന്ദം സാഹയാണ് ഈ ആര്‍ക്കൈവിന്റെ സ്ഥാപകന്‍. കൊറോണയ്ക്ക് മുമ്പാണ് അദ്ദേഹം ഈ ചുവന്ന ഡയറി കാണുന്നത്. അദ്ദേഹം പറയുന്നു: ''സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നാം പ്രാധാന്യം കൊടുക്കാറില്ല. ഏതൊരു സിനിമ വിദ്യാര്‍ത്ഥിക്കും, ഒരു സിനിമ എങ്ങനെ നിര്‍മ്മിക്കപ്പെടുന്നു എന്നത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ക്യാമറയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കുന്ന ഈ കുറിപ്പുകള്‍ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് അമൂല്യമാണ് '. ഒരു ട്രാക്കിംഗ് ഷോട്ട് അല്ലെങ്കില്‍ ഒരു ക്ലോസപ്പ്, ലോംഗ് ഷോട്ട് എപ്പോഴാണ് ഉപയോഗിച്ചത് മുതലായ വിവരങ്ങള്‍ വിശദമായി അദ്ദേഹം ഡയറിയില്‍ എഴുതിയിട്ടുണ്ട്. റായിയെപ്പോലുള്ള മാസ്റ്റര്‍ ഫിലിം മേക്കറുടെ സിനിമകളില്‍ നിന്നുള്ള വിശദമായ ഷോട്ട് ബ്രേക്ക്ഡൗണുകള്‍ അടങ്ങിയ ഡയറിയിലേക്ക് പ്രവേശനം ലഭിക്കുന്നത് ചലച്ചിത്ര സംവിധായകര്‍ക്കും പണ്ഡിതന്മാര്‍ക്കും ഉപയോഗപ്രദമാകും. ഇതിലൂടെ വ്യത്യസ്ത കോണുകളില്‍ നിന്നും വിവിധ മാഗ്‌നിഫിക്കേഷനുകളില്‍ നിന്നും തന്റെ പ്രവര്‍ത്തനത്തെ വിവരിക്കുന്നതിനായി ഒരു രംഗം പ്രത്യേക ഷോട്ടുകളായി വിഭജിക്കുന്ന അദ്ദേഹത്തിന്റെ കല അറിയാന്‍ പറ്റും. അതുപോലെ പ്രത്യേക തരത്തിലുള്ള ഫില്‍ട്ടറുകളുടെ ഉപയോഗത്തെ കുറിച്ചും എക്‌സ്‌പോഷര്‍, ലെന്‍സ്, റോ സ്റ്റോക്ക് എന്നിവയെ കുറിച്ചും ഡയറിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അത്തരം ഫില്‍ട്ടറുകള്‍ ഉപയോഗിച്ച സിനിമാറ്റോഗ്രഫര്‍മാര്‍ ഇന്ന് ജീവിച്ചിരിപ്പില്ലാതതിനാല്‍ ഈ ഡയറി ഗവേഷകര്‍ക്കും വലിയ പ്രാധാന്യമുള്ളതായിരിക്കും.
സത്യജിത് റായ് | PHOTO: FLICKR
സിനിമാ താരങ്ങളെ കുറിച്ച് നാം ധാരാളം എഴുതുന്നുണ്ട്. അതിനാണ് നാം പ്രാധാന്യം കൊടുക്കുന്നത്. സംവിധായകരെ കുറിച്ചും നാം എഴുതുന്നുണ്ട്. എന്നാല്‍ സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ച് നാം അധികമൊന്നും എഴുതുന്നില്ല. സൗമേന്ദു റോയിയെ കുറിച്ച് ദേവപ്രിയ സന്യാല്‍ എഴുതിയ പുസ്തകമാണ് 'Through The Eyes of a Cinematographer'. ഒരു ഛായാഗ്രഹകന്റെ, അതും മുഖ്യധാരാ സിനിമയ്ക്ക് വെളിയില്‍ പ്രവര്‍ത്തിച്ച ഒരു ഛായാഗ്രഹകന്റെ, ജീവിതത്തിനും പ്രവര്‍ത്തനത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ഒരു പുസ്തകം ഇന്ത്യന്‍ പ്രസിദ്ധീകരണ വ്യവസായത്തിലെ അപൂര്‍വതയാണ്. ഷോ ബിസിനസ്സും താര ആഘോഷങ്ങളും സഞ്ചിത ബോധത്തിന് മേല്‍ പൂര്‍ണ്ണമായ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യത്ത്, ചലച്ചിത്ര സാങ്കേതിക വിദഗ്ധരുടെ നിര്‍ണായക സംഭാവനകള്‍ തിരിച്ചറിയപ്പെടുന്നില്ല, വിപുലമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സൗമേന്ദു റോയിയുടെ ജീവചരിത്രം ആഘോഷിക്കപ്പെടേണ്ട ഒരു പുസ്തകമാണ്. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളുടെ അടുത്ത സഹകാരിയായി പ്രവര്‍ത്തിച്ച അദ്ദേഹം, ബംഗാളി സിനിമയെക്കുറിച്ചുള്ള അറിവിന്റെ സമ്പന്നമായ ഒരു ശേഖരമാണ്. അതിന് ഉജ്ജ്വലവും സൃഷ്ടിപരവുമായ ഒരു കാലഘട്ടത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കാന്‍ കഴിയും. സന്യാലിന്റെ പുസ്തകത്തില്‍ റോയിയെ കുറിച്ച് ഇപ്രകാരം കുറിക്കുകയുണ്ടായി: ''വല്ലപ്പോഴും തന്റെ പ്രതിഭയിലൂടെ സിനിമ എന്ന മാധ്യമത്തെ ആവിഷ്‌കാരത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള ഒരു ഛായാഗ്രഹകന്‍ ജനിക്കുന്നു. സൗമേന്ദു അത്തരമൊരു മഹാനായ കലാകാരനാണ് '.
സംവിധായകന്റെ മാധ്യമമാണ് സിനിമ എന്നിരുന്നാലും, സംവിധായകന്റെ കാഴ്ചപ്പാട് മനസ്സിലാക്കുകയും അതിന്റെ കൃത്യമായ വ്യാഖ്യാനത്തിന് വഴിയൊരുക്കുകയും ചെയ്യുന്നയാളാണ് ഛായാഗ്രഹകന്‍. സംവിധായകന്റെ ചിന്തകള്‍ക്കും പ്രേക്ഷകര്‍ക്കും ഇടയിലുള്ള പാലം ഛായാഗ്രഹകന്‍ നിര്‍മ്മിക്കുന്നു. കുറസോവ-മിഫ്യൂണ്‍, സ്‌കോര്‍സെസെ-ഡി നിരോ, ജോണ്‍ ഫോര്‍ഡ്-വെയ്ന്‍, നമ്മുടെ സത്യജിത് റായ്-സൗമിത്ര ചാറ്റര്‍ജി എന്നിവരെപ്പോലെ പ്രശസ്തനായ ഒരു സംവിധായകനും അദ്ദേഹത്തിന്റെ നായക നടനും തമ്മിലുള്ള ശ്രദ്ധേയമായ കൂട്ടുകെട്ടിനെ കുറിച്ച് നാം പലപ്പോഴും സംസാരിക്കാറുണ്ട്. അതുപോലെ സംവിധായകന്‍-ഛായാഗ്രഹകന്‍ കൂട്ടുകെട്ടുകള്‍, ഇവരുടെ സര്‍ഗ്ഗാത്മക പങ്കാളിത്തം ലോക സിനിമയില്‍ ധാരാളമുണ്ട്. ഴാന്‍-ലുക് ഗൊദാര്‍ദ് -റൗള്‍ കൊട്ടാര്‍ഡ്, ഇംഗ്മര്‍ ബെര്‍ഗ്മാന്‍-സ്വെന്‍ നിക്വിസ്റ്റ്, കോയന്‍ സഹോദരന്മാര്‍-റോജര്‍ ഡീക്കിന്‍സ് എന്നിവര്‍ ചില ഉദാഹരണങ്ങള്‍. ഇതുപോലുള്ള ഒന്നാണ് സത്യജിത് റായ്-സുബ്രത മിത്ര കൂട്ടുകെട്ട് പോലെ പ്രശസ്തമായ സത്യജിത് റായ്-സൗമേന്ദു റോയ് കൂട്ടുകെട്ട്.
റോയിയുടെ സിനിമാ ചിത്രീകരണവുമായുള്ള ബന്ധം സ്‌കൂള്‍ കാലത്ത് തന്നെ ആരംഭിച്ചു. തന്റെ സഹപാഠിയായിരുന്ന സാഹയുടെ ബന്ധുക്കള്‍ സിനിമാ രംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു, ഒരാള്‍ എഡിറ്ററും, മറ്റൊരാള്‍ ക്യാമറാ അസ്സിസ്റ്റന്റുമായിരുന്നു. ഇവരിലൂടെ റോയിക്ക് ചിലപ്പോള്‍ സിനിമാ ചിത്രീകരണം കാണാന്‍ അവസരം ലഭിച്ചിരുന്നു. അതേ സമയം, അക്കാലത്ത് സിനിമ കാണുന്നത് അനുവദനീയമായിരുന്നില്ല, കുട്ടികളെ സംബന്ധിച്ച് അതൊരു നല്ല കാര്യമായി കണക്കാക്കപ്പെട്ടിരുന്നില്ല. എന്നാല്‍ റോയിയുടെ ഒരമ്മാമന്‍ കുട്ടികളെ 'ഗോള്‍ഡ് റഷ് ', 'ടാര്‍സാന്‍' പോലുള്ള സിനിമകള്‍ കാണാന്‍ കൊണ്ടുപോവുമായിരുന്നു.
സൗമേന്ദു റോയ്, സത്യജിത് റായ് | PHOTO: TWITTER
കോളേജില്‍ പഠിക്കവെ റോയി ക്യാമറാമാന്‍ ആവാന്‍ തീരുമാനിച്ചു. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം 'മാന്യമായ' തൊഴില്‍ ചെയ്യുന്നവരാകയാല്‍, പിതാവിന്റെ ഭാഗത്തുനിന്ന് സഹായം ലഭിച്ചില്ല. അമ്മയ്ക്കാവട്ടെ, പിതാവിനെക്കൊണ്ട് സമ്മതിപ്പിക്കാനും കഴിഞ്ഞില്ല. കോളേജ് പഠനത്തിന് ശേഷം റോയ് ചണ സാങ്കേതികവിദ്യ അഭ്യസിച്ച് പിതാവിനേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള ഉദ്യോഗസ്ഥനാവും എന്നാണ് പലരും ആഗ്രഹിച്ചത്. ആ സമയത്താണ് റോയിയുടെ ഒരു സഹോദരി വിവാഹിതയാവുന്നത്. അവരുടെ ഭര്‍ത്താവിന്റെ വീട്ടിലെ ഒരംഗം ഒരു സിനിമാ സംവിധായകനായിരുന്നു, ഹിരണ്‍മോയ് സെന്‍. അദ്ദേഹത്തിന്റെ ക്യാമറാമാന്‍ രാമാനന്ദ് സെന്‍ ഗുപ്ത ആയിരുന്നു. അമ്മ ഹിരണ്‍മോയ് സെന്നിനെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം റോയിയോട് രാമാനന്ദ് സെന്‍ ഗുപ്തയെ കാണാന്‍ പറഞ്ഞു. തുടര്‍ന്ന് റോയ് സെന്‍ ഗുപ്തയുടെ ടെക്‌നിഷ്യന്‍ സ്റ്റുഡിയോയില്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. സത്യന്‍ ചാറ്റര്‍ജി, ദുര്‍ഗാ ദാസ് മിത്ര തുടങ്ങി സൗണ്ട് റെക്കോര്‍ഡിസ്റ്റുകളായ മറ്റു ചിലരും ഉണ്ടായിരുന്നു. റോയിയെ ആശ്രയിച്ചാണോ മാതാപിതാക്കള്‍ ജീവിക്കുന്നത് എന്ന് സെന്‍ഗുപ്ത ചോദിച്ചപ്പോള്‍ റോയ് പറഞ്ഞു: ''എനിക്ക് മൂന്ന് സഹോദരന്മാര്‍ ഉള്ളതിനാലും എന്റെ അച്ഛന്‍ ഇപ്പോഴും ജോലി ചെയ്യുന്നതിനാലും അവര്‍ എന്നെ ആശ്രയിക്കുന്നില്ല''. ഇത് കേട്ടപ്പോള്‍ സെന്‍ഗുപ്ത റോയിയോട് ജോലിയില്‍ ചേരാന്‍ പറഞ്ഞു. സിനിമയിലെ ജോലി സ്ഥിരതയില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഒരു മേഖലയായിരുന്നു അക്കാലത്ത്.
ആറു മാസത്തോളം റോയ് വെറുതെ നിന്നുകൊണ്ട് കാര്യങ്ങള്‍ വീക്ഷിക്കുമായിരുന്നു. ആ സമയത്ത് റോയിക്ക് രണ്ട് സീനിയര്‍മാര്‍ ഉണ്ടായിരുന്നു- ധീരന്‍ ഗുപ്തയും ജഗ്മോഹന്‍ മല്‍ഹോത്രയും. അക്കാലത്തെ തന്റെ അനുഭവം റോയ് ഇപ്രകാരം ഓര്‍ക്കുന്നു: ''എന്റെ ജോലി നിരീക്ഷിക്കുക മാത്രമായിരുന്നു. എനിക്ക് കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ ചില കാര്യങ്ങള്‍ ഊഹിച്ചു. ഉദാഹരണത്തിന്, ആരെയാണോ ചിത്രീകരിക്കുന്നത് അവര്‍ ഒരിക്കലും വെള്ള വസ്ത്രം ധരിച്ചിരുന്നില്ല എന്ന് ഞാന്‍ കണ്ടു. അവര്‍ ഒന്നുകില്‍ ഇളം നീല, പച്ച അല്ലെങ്കില്‍ ക്രീം വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ഈ വര്‍ണ്ണ സ്‌കീമിനെക്കുറിച്ച് ഞാന്‍ ധീരന്‍ ഗുപ്തയോട് ചോദിച്ചു, വെളുത്ത നിറം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അതിനാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ ഇത് നല്ല ഫലം നല്‍കുന്നില്ലെന്നും ഞാന്‍ മനസ്സിലാക്കി''.
ആറുമാസത്തിനു ശേഷം ചില കാരണങ്ങളാല്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍, ഉപകരണങ്ങള്‍ എല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍മ്മാതാവായി സത്യജിത് റായ് 'പഥേര്‍ പാഞ്ചാലി'യുടെ ജോലി പുനരാരംഭിച്ചിരുന്ന സമയമായിരുന്നു അത്. ആ സമയത്താണ് റോയ് 'പഥേര്‍ പാഞ്ചാലി'യുടെ യൂണിറ്റില്‍ ചേരുന്നത്. റോയ് അപ്രന്റീസായിരുന്ന ടെക്‌നീഷ്യന്‍സ് സ്റ്റുഡിയോയില്‍ നിന്നാണ് റായ് ഒരു മിച്ചല്‍ ക്യാമറ വാടകയ്ക്കെടുത്തത്. സ്റ്റുഡിയോയെ പ്രതിനിധീകരിച്ച്, ക്യാമറ നോക്കാനുള്ള ജോലി റോയിയെ ഏല്‍പ്പിച്ചു. അങ്ങനെയാണ് റോയ് റായിയുമായി ബന്ധപ്പെടുന്നത്. സത്യജിത് റായ്, ബന്‍സി ചന്ദ്രഗുപ്ത, സുബ്രത മിത്ര തുടങ്ങിയവരെ റോയ് പരിചയപ്പെട്ടു. അപ്പോള്‍ റോയിക്ക് അവരെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. കനു ബന്ദ്യോപാധ്യായയില്‍ നിന്ന് റോയ് അവരെക്കുറിച്ച് ചിലത് മനസ്സിലാക്കിയിരുന്നു: അദ്ദേഹം വിഭൂതിഭൂഷന്റെ 'പഥേര്‍ പാഞ്ചാലി' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുകയാണ്. അതൊരു വ്യത്യസ്തതയുള്ള സിനിമയായിരിക്കുമെന്ന് തോന്നുന്നു. റോയ് സിനിമയുടെ ഭാഗമായപ്പോള്‍ ഈ സിനിമ മറ്റേതൊരു പരമ്പരാഗത ബംഗാളി സിനിമയും പോലെയാകാന്‍ പോകുന്നില്ലെന്ന് തോന്നി. കൃത്രിമത്വമോ മേക്കപ്പോ ഇല്ലായിരുന്നു; സ്റ്റുഡിയോയില്‍ ലൈറ്റുകളും മറ്റും അധികം തിളക്കമുള്ളതായിരുന്നില്ല. ഡയലോഗുകള്‍ സാധാരണമായിരുന്നു, അധികം ഒച്ചയും ബഹളവും ഇല്ല. എല്ലാം വളരെ സ്വാഭാവികമായിരുന്നു.
സത്യജിത് റായ് 'പഥേര്‍ പാഞ്ചാലി' | PHOTO: TWITTER
അക്കാലത്ത് എല്‍.സി. ക്യാമറയായിരുന്നു ഔട്ട്ഡോര്‍ ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്നത്. ക്യാമറാമാന്‍ ക്യാമറയുമായി ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് പോകാറുണ്ടായിരുന്നു. ഷൂട്ടിങ്ങിന് എന്നെയും കൂടെ കൊണ്ടുപോകാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. യൂണിറ്റില്‍ നിന്ന് അനുമതി ചോദിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഭാഗ്യവശാല്‍ എല്ലാവരും സമ്മതിച്ചു, അങ്ങിനെ 'പഥേര്‍ പാഞ്ചാലി'യുടെ ഷൂട്ടിംഗില്‍ റോയ് അവരോടൊപ്പം പോകാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ആദ്യത്തെ ജോലി ക്യാമറ കൃത്യ സ്ഥാനത്ത് സ്ഥാപിക്കുക എന്നതായിരുന്നു. പതുക്കെ അദ്ദേഹം ട്രോളി കൈകാര്യം ചെയ്യാന്‍ തുടങ്ങി, റിഫ്‌ലക്ടര്‍ അഡ്ജസ്റ്റ്മെന്റുകള്‍ നടത്തി ടീമിന്റെ ഭാഗമായി. ആ യൂണിറ്റിലായിരിക്കുമ്പോള്‍ ഇന്‍ഡോര്‍ ഷൂട്ടിംഗും ഔട്ട്‌ഡോര്‍ ഷൂട്ടിംഗും തമ്മിലുള്ള വ്യത്യാസം അദ്ദേഹം മനസ്സിലാക്കി. ഇന്‍ഡോര്‍ ഷൂട്ടിംഗില്‍ കൃത്രിമ വിളക്കുകള്‍ ഇല്ലായിരുന്നു. കണ്ണാടികളിലോ തുണിയിലോ വെളിച്ചം പ്രതിഫലിപ്പിക്കാന്‍ റിഫ്‌ലക്ടറുകള്‍ ഉപയോഗിച്ചിരുന്നു. കലാകാരന്മാര്‍ക്ക് മേക്കപ്പ് ഇല്ലായിരുന്നു. വെള്ള വസ്ത്രം അതിന്റെ വെളുപ്പ് കെടുത്താന്‍ തേയില വെള്ളത്തില്‍ മുക്കി. അങ്ങനെ റോയിയുടെ ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് അനുഭവം പഥേര്‍ പാഞ്ചാലിയില്‍ നിന്ന് ആരംഭിച്ചു.
അന്ന് സിനിമാ വ്യവസായത്തില്‍ ഒരു തടസ്സം ഉണ്ടായിരുന്നു. റോയ് ഓര്‍ക്കുന്നു: അഭിനേതാക്കളും നടിമാരും, ചീഫ് ടെക്നീഷ്യന്‍മാരും ജൂനിയര്‍ ടെക്നീഷ്യന്‍മാരും - എല്ലാവരും വെവ്വേറെയായിരുന്നു. വിവിധ യൂണിറ്റുകള്‍ തമ്മില്‍ ആശയവിനിമയം കുറവായിരുന്നു. ഭക്ഷണവും വ്യത്യസ്തമായിരുന്നു. എന്നാല്‍ റായിയുടെ സെറ്റില്‍ വേര്‍തിരിവ് ഉണ്ടായിരുന്നില്ല. സംവിധായകന്‍ എന്ത് കഴിച്ചാലും ചായക്കാരനും അത് തന്നെ കിട്ടി. ഇത് എനിക്ക് വളരെ വിചിത്രമായി തോന്നി. പ്രവര്‍ത്തന ശൈലിയും വ്യത്യസ്തമായിരുന്നു. സുബ്രതോ ബാബു, അന്ന് ഈ രംഗത്ത് പുതിയതായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഒരു പ്രത്യേക വ്യക്തിത്വമുണ്ടായിരുന്നു.
രണ്ട് തരത്തിലുള്ള അഭിനേതാക്കളാണ് 'പഥേര്‍ പാഞ്ചാലി'യില്‍ പ്രവര്‍ത്തിച്ചത്. ഒരു വശത്ത് കനു ബന്ദ്യോപാധ്യായ, ചുനിബാല ദേബി, തുളസി ചകര്‍ബര്‍ത്തി, റേബ ദേബി, അപര്‍ണ ദേബി തുടങ്ങിയ പ്രൊഫഷണലുകള്‍; മറുവശത്ത് ഉമ, സുബീര്‍, കരുണ ബന്ദ്യോപാധ്യായ തുടങ്ങിയ പുതുമുഖങ്ങള്‍. സാങ്കേതിക വിദഗ്ധരില്‍, ബന്‍സി ചന്ദ്രഗുപ്തയ്ക്ക് മുന്‍ പരിചയം ഉണ്ടായിരുന്നു. മറ്റുള്ളവരെല്ലാം പുതിയവരായിരുന്നു. ഏതാണ്ട് മുഴുവന്‍ ചിത്രവും ഔട്ട്‌ഡോറിലാണ് ചിത്രീകരിച്ചത്-ബോറല്‍ ഗ്രാമത്തില്‍. ബര്‍ധമാന്‍ (ബര്‍ദ്വാന്‍) ജില്ലയിലാണ് അപുവും ദുര്‍ഗയും ട്രെയിന്‍ കാണുന്ന രംഗം ചിത്രീകരിച്ചത്. ലൊക്കേഷന്‍ കുറച്ച് അകലെയാണ്, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുറച്ച് നടക്കണം. ഭാരമുള്ള ക്യാമറയായിരുന്നു മിച്ചല്‍. അത്രയും ദൂരം താണ്ടാന്‍ ഗണ്യമായ ശ്രമം ആവശ്യമായിരുന്നു. അന്ന് വൈദ്യുതി ഇല്ലായിരുന്നു. 12 വോള്‍ട്ട് ബാറ്ററി ഉപയോഗിച്ചാണ് ക്യാമറ പ്രവര്‍ത്തിപ്പിച്ചിരുന്നത്. തീവണ്ടി കടന്നുപോവുന്നതിനു മുമ്പ് അവിടെ എത്തേണ്ടിയിരുന്നതിനാല്‍ വലിയ ബാറ്ററിയും തലയില്‍ വെച്ച് തൊഴിലാളികളോടൊപ്പം ഓടിയാണ് റോയ് അവിടെ എത്തിയത്.
ജോലിയുമായി കുറച്ച് പരിചയം വന്നതോടെ സുബ്രതോ മിത്ര റോയിയെ ജോലി ഏല്‍പ്പിക്കാന്‍ തുടങ്ങി. നേരത്തെ റായിയുടെ ആജ്ഞ അനുസരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. ''ക്യാമറ ഇവിടെ വയ്ക്കൂ'' എന്ന് റായ് പറയുമ്പോള്‍ അത് ചെയ്യുക മാത്രം. ക്രമേണ, സുബ്രതോയുടെ നിരീക്ഷണത്തില്‍ റോയ് റിഫ്‌ലക്ടര്‍ ക്രമീകരിക്കാനും ട്രോളിയും മറ്റും ക്രമീകരിക്കാനും തുടങ്ങി. പിന്നീട്, ദുര്‍ഗയുടെ മരണ രംഗം പോലുള്ള ചില സ്റ്റുഡിയോ ഷോട്ടുകളില്‍ റോയ് സുബ്രതോയെ സഹായിച്ചു. അദ്ദേഹത്തെ റോയ് ഓര്‍ക്കുന്നു: ''ഒരു അസാധാരണ ക്യാമറാമാന്‍ ആയിരുന്നു അദ്ദേഹം. കൃത്യമായ പരിശീലനമില്ലാതെ മിച്ചല്‍ ക്യാമറ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്. അദ്ദേഹം മിച്ചല്‍ ക്യാമറ മുമ്പ് കണ്ടിട്ടില്ലായിരുന്നു. എന്നിട്ടും അദ്ദേഹം അത് അനായാസമായും വൈദഗ്ധ്യത്തോടെയും കൈകാര്യം ചെയ്തു''. 'പഥേര്‍ പാഞ്ചാലി'യുടെ ക്യാമറാമാനായി നെമായ് ഘോഷിനെയും, അസിസ്റ്റന്റായി സുബ്രതോ മിത്രയെയും ആയിരുന്നു തീരുമാനിച്ചിരുന്നത്. ഘോഷ് മറ്റു സിനിമയുടെ പ്രവര്‍ത്തനവുമായി മദ്രാസിലേക്ക് പോയതിനാല്‍ സുബ്രതോയെ ക്യാമറാമാന്‍ ആക്കുകയായിരുന്നു.
സൗമേന്ദു റോയ്, സത്യജിത് റായ് 'പഥേര്‍ പാഞ്ചാലി' | PHOTO: TWITTER
'പഥേര്‍ പാഞ്ചാലി'യുടെ പശ്ചാത്തലത്തില്‍ റോയ് പലതും ഓര്‍ക്കുന്നു: മുത്തശ്ശിയുടെ മരണ രംഗം. മുളകൊണ്ടുള്ള ഒരു ശവമഞ്ചം ഒരുക്കി റായ് ചുനിബാലയോട് അതില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. ശവശരീരം പോലെ തോളില്‍ ചുമന്നു കൊണ്ടുപോവുന്നത് ചുനിബാലയ്ക്ക് ഇഷ്ടപ്പെടില്ലായിരിക്കാം എന്ന ആശങ്കയായിരിക്കാം, ശവസംസ്‌കാര യാത്ര പിന്നീട് ചിത്രീകരിക്കാം എന്ന് റായ് പറഞ്ഞു. പക്ഷെ, ചുനിബാല സമ്മതിച്ചില്ല. അവര്‍ പറഞ്ഞു, ''ഞാനും എന്റെ അന്ത്യത്തോട് അടുക്കുകയാണ്. എന്നെ മഞ്ചത്തില്‍ കിടത്തൂ. താങ്കള്‍ എന്നെ തോളില്‍ ചുമക്കുകയാണെങ്കില്‍ അത് ഏറ്റവും മികച്ചതായിരിക്കും''. റായി ഈ രീതിയില്‍ ഇടപെട്ടുകൊണ്ട് അഭിനേതാക്കളെ പ്രചോദിപ്പിക്കുമായിരുന്നു. സിനിമയില്‍ അഭിനയിച്ചിരുന്ന പ്രായമായ സ്ത്രീകളും പുരുഷന്മാരും ആ ഗ്രാമത്തില്‍ നിന്നുള്ളവരായിരുന്നു. ആദ്യ മഴത്തുള്ളി കഷണ്ടിത്തലയില്‍ വീഴുന്ന മനുഷ്യന്‍ ഗ്രാമത്തിലെ അലക്കുകാരനായിരുന്നു.
സിനിമ ചിത്രീകരിക്കുന്ന സമയത്തും സത്യജിത് റായ് ഡി.ജെ.ഖെയ്മര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവധി കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ദുര്‍ഗ്ഗ മഴയില്‍ നനഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവിക്കുന്ന രംഗം ചിത്രീകരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം സുബ്രതോയ്ക്ക് നല്‍കി. എല്ലാവരും ബോറല്‍ ഗ്രാമത്തിലേക്ക് യാത്രയായി. സുബ്രതോയും, അദ്ദേഹത്തിന്റെ മുഖ്യ സഹായിയും പിന്നെ റായിയുടെ സഹായിയായ ശാന്തി ചാറ്റര്‍ജിയും അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു, പിന്നെ അപുവും ദുര്‍ഗയുമായി അഭിനയിക്കുന്നവരും. മഴക്കാലത്തിന്റെ മധ്യത്തില്‍ മഴയും പ്രതീക്ഷിച്ച് എല്ലാവരും മൂന്ന് ദിവസം കാത്തിരുന്നു. എന്നിട്ടും മഴ പെയ്തില്ല. അവസാനം മഴ വന്നു. മൂന്നു ദിവസം മഴയില്‍ നനഞ്ഞിട്ടും ദുര്‍ഗ തുമ്മിയില്ല. അവസാനം, നൂലും സൂചിയും, കത്രികയും, ബ്ലേഡും - എല്ലാത്തരം വസ്തുക്കളും കൂടെക്കൊണ്ടു നടക്കുന്ന ശാന്തി ചാറ്റര്‍ജി തന്റെ പോക്കറ്റില്‍ നിന്ന് ഒരു പൊടിക്കുപ്പി തുറന്ന് അല്‍പം പൊടി എടുത്ത് ദുര്‍ഗയുടെ നാസാരന്ധ്രത്തില്‍ കയറ്റി. അപ്പോള്‍ ദുര്‍ഗ്ഗ തുമ്മി.
ഒരു സ്വതന്ത്ര ക്യാമറാമാന്‍ എന്ന നിലയിലുള്ള റോയിയുടെ ആദ്യത്തെ സിനിമ 'രബീന്ദ്രനാഥ ടാഗോര്‍' എന്ന ഡോക്യുമെന്ററിയായിരുന്നു. 1961-ല്‍ ടാഗോറിന്റെ ജന്മശതാബ്ദിയായിരുന്നു. ഈ അവസരത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് ടാഗോറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ റായിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ടാഗോറിന്റെ ചെറുകഥകളെ അടിസ്ഥാനമാക്കി 'തീന്‍ കന്യ' എന്ന സിനിമ നിര്‍മ്മിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നും റായ് റോയിയോട് പറഞ്ഞു. ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ അദ്ദേഹം റോയിയോട് ആവശ്യപ്പെട്ടു, ഫീച്ചര്‍ ഫിലിം ഷൂട്ട് ചെയ്യാന്‍ സുബ്രത മിത്രയോടും. ഇതുകേട്ട റോയ് വളരെ പരിഭ്രാന്തനായിരുന്നു. 1961-ല്‍ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യാന്‍ റായ് ആഗ്രഹിച്ചു, ആദ്യം ഫീച്ചര്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍, സുബ്രത മിത്രയുടെ കണ്ണുകള്‍ക്ക് എന്തോ അസുഖം ബാധിച്ചു. ആറുമാസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ച ഡോക്ടര്‍മാര്‍, സൂര്യപ്രകാശത്തിലേയ്ക്കും ഒരു തരത്തിലുമുള്ള വെളിച്ചത്തിലേക്കും നോക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇതിന്റെ ഫലമായി, ഫീച്ചര്‍ സിനിമയും ഷൂട്ട് ചെയ്യാന്‍ റായ് റോയിയോട് ആവശ്യപ്പെട്ടു. റായിയും മിത്രയും വഴിപിരിയാനുള്ള ഒരു കാരണം സൃഷ്ടിപരമായ അഭിപ്രായ വ്യത്യാസങ്ങളായിരുന്നു എന്നും പറയപ്പെടുന്നു. (ചലച്ചിത്രനിര്‍മ്മാണത്തിന്റെ മറ്റ് വശങ്ങള്‍ക്കിടയില്‍ എന്ന പോലെ ഛായാഗ്രഹണത്തിലും റായിക്ക് മികച്ച അറിവ് ഉണ്ടായിരുന്നുവെങ്കിലും റായിയുടെ ദര്‍ശനങ്ങളുമായി റോയിക്ക് പൊരുത്തപ്പെടാനാവാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ അന്തസ്സോടെ പിരിഞ്ഞു, ആരും പരസ്പരം പരസ്യമായി വിമര്‍ശിച്ചില്ല).
തന്റെ ആദ്യ സ്വതന്ത്ര സിനിമയെ കുറിച്ച് റോയ് ഓര്‍ക്കുന്നു: ''തീന്‍ കന്യയിലെ മൂന്നു ചെറു സിനിമകളും - മോനിഹാര്‍, പോസ്റ്റ്മാസ്റ്റര്‍, സമാപ്തി- വ്യത്യസ്ത പ്രമേയങ്ങളുള്ളതായിരുന്നു, ഇവയ്ക്കെല്ലാം എനിക്ക് ഒരു ദൃശ്യ ശൈലി വികസിപ്പിക്കേണ്ടിവന്നു. റായിയും കലാസംവിധായകനായ ബന്‍സി ചന്ദ്രഗുപ്തയുമാണ് എന്റെ ശൈലി വികസിപ്പിക്കുന്നതില്‍ എന്നെ സഹായിച്ചത്. ക്യാമറാമാനും കലാസംവിധായകനും സംവിധായകനും തമ്മില്‍ നല്ല ധാരണയുണ്ടായിരുന്നു''.
മൂന്നു കഥകള്‍ക്കും വ്യത്യസ്ത മൂഡ് വേണമെന്ന് റായ് വിശദീകരിച്ചു. അത് കൂടുതല്‍ വിശദീകരിക്കാന്‍ റോയ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പോസ്റ്റ്മാസ്റ്റര്‍ ദുഃഖിതനായ ഒരു കൊച്ചുകുട്ടിയുടെ കഥയായതിനാല്‍, മേഘാവൃതമായ അന്തരീക്ഷത്തില്‍ ചിത്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ ഷൂട്ട് ചെയ്യുന്നത് ശരിക്കും വെല്ലുവിളിയായിരുന്നു, ഇന്നത്തെപ്പോലെ സാങ്കേതികവിദ്യ വളരെ പുരോഗമിച്ചിരുന്നില്ല. അതിലുപരി അത് റോയിയുടെ ആദ്യത്തെ ഫീച്ചര്‍ സിനിമ ആയിരുന്നു. അതുമൂലം പരിഭ്രമവും ഭയവും ഉണ്ടായി. 'സമാപ്തി' ഒരു റൊമാന്റിക്-കോമഡി ആണെന്നും അതിനാല്‍ സിനിമയില്‍ ആ തെളിച്ചം പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മനിഹാര' അസ്വാഭാവികമായിരുന്നു, അതിനാല്‍ അതിനോടുള്ള അദ്ദേഹത്തിന്റെ സമീപനവും അങ്ങനെ തന്നെയായിരിക്കും. ഫ്രെയിമിംഗ്, ലൈറ്റിംഗ് എല്ലാം 'അസ്വാഭാവികം' ആയിരിക്കും. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ ഈ മൂന്ന് സിനിമകളില്‍ നിന്നും റോയ് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു.
REPRESENTATIONAL IMAGE: TWITTER
സത്യജിത് റായിയുമൊത്തുള്ള പ്രവര്‍ത്തനത്തെ കുറിച്ച് റോയ് വാചാലനാവുന്നു: ''മാണിക്-ദാ (സത്യജിത് റായ്) ഒരിക്കലും തന്റെ ശാന്തത കൈവിട്ടിട്ടില്ല. ഒരു ഷോട്ട് ഇഷ്ടപ്പെടാത്തപ്പോള്‍ പോലും അദ്ദേഹം പറയും, ''ഓ, കൊള്ളാം, നല്ല ഷോട്ട്. നമുക്ക് മറ്റൊന്ന് എടുക്കാം, ഇതുപോലെ''. അദ്ദേഹം സിനിമ ചിത്രീകരിക്കുന്നത് കാണുന്നത് ഒരു അനുഭവമായിരുന്നു. റായിക്കും 'പഥേര്‍ പാഞ്ചാലി'ക്കുമൊപ്പമുള്ള ജോലി എന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. അത് എനിക്ക് ഒരു വലിയ അവസരമാണ് തുറന്നത്. ഒരാള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് ചോദിക്കാന്‍ കഴിയും?'' അതൊരു മഹത്തായ പഠനാനുഭവമായിരുന്നു, കാര്യങ്ങള്‍ പരീക്ഷിക്കാനും അപകടസാധ്യതകള്‍ എടുക്കാനുമുള്ള മഹത്തായ അവസരമുണ്ടായിരുന്നു. 'ഏകദേശം നാല് പതിറ്റാണ്ടായി ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു... ഫലവത്തായതും സൗഹൃദപരവുമായ ബന്ധം. അദ്ദേഹം എനിക്ക് ഒരു പ്രസ്ഥാനമായിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു, അത് പിന്നീട് എന്റെ സിനിമാ ജീവിതത്തില്‍ ഏറെ സഹായിച്ചു,'
'അഭിജാന്‍' എന്ന സിനിമയില്‍, ഇരുട്ടില്‍ ഒരു കാറിന്റെ ഹെഡ്ലൈറ്റുകളുടെ വെളിച്ചത്തില്‍ ചിത്രീകരിക്കാനുള്ള ഒരു ഷോട്ട് ഉണ്ടായിരുന്നു. ഷോട്ട് ഇന്ന രീതിയില്‍ ആയിരിക്കണമെന്ന് റായ് വിശദീകരിച്ചു. ''നിങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കൂ'' എന്നും കൂട്ടിച്ചേര്‍ത്തു. വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന 24V ലൈറ്റ് ലഭ്യമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. അത് കാറില്‍ ഘടിപ്പിച്ച് രംഗം ചിത്രീകരിച്ചു. ഇന്ന് ഡിജിറ്റല്‍ ഇഫക്റ്റുകള്‍ ഉപയോഗിച്ച് അത്തരം സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ അക്കാലത്ത് അത് വളരെ ബുദ്ധിമുട്ടായിരുന്നു.
'അഭിജാന്‍' എന്ന സിനിമ റായ് ആയിരുന്നില്ല സംവിധാനം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം തിരക്കഥയും സംഗീതവും കൈകാര്യം ചെയ്യാനും റോയ് സിനിമാറ്റോഗ്രഫി ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. 1962-ല്‍ റായ് തന്റെ 'കാഞ്ചന്‍ജംഗ' എന്ന സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളില്‍ തിരക്കിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നിര്‍മ്മാതാവായ സുഹൃത്ത് ബിജോയ് ചതോപാധ്യായ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു സിനിമയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് സഹായിക്കാന്‍ റായിയെ സമീപിച്ചു. മുതിര്‍ന്ന ബംഗാളി എഴുത്തുകാരനായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ അഭിജാന്‍ എന്ന നോവലിന്റെ അനുകല്പനമായിരുന്നു ഈ സിനിമ. ബന്ദോപാധ്യായയുടെ 'ജല്‍സാഗര്‍' റായ് ഇതിനകം സിനിമയാക്കിയിരുന്നതിനാല്‍ സിനിമയിലെ റായിയുടെ പങ്കാളിത്തം വളരെയധികം മൂല്യമുള്ളതാണെന്ന് ചതോപാധ്യായക്ക് തോന്നി. റായ് തന്റെ സുഹൃത്തിനെ സഹായിക്കാന്‍ സമ്മതിച്ചു. ലൊക്കേഷനായി തിരയുന്നതിനിടയില്‍, പശ്ചിമ ബംഗാളിലെ ബിര്‍ഭം ജില്ലയിലെ പ്രകൃതിയുമായി റായ് പ്രണയത്തിലായി. തുടര്‍ന്ന് സിനിമ സ്വയം സംവിധാനം ചെയ്യാമെന്ന് അദ്ദേഹം ഏറ്റു.
റോയ് ഓര്‍ക്കുന്നു: 'അശനി സങ്കേത് ' എന്ന സിനിമയില്‍ ക്ഷാമം യുദ്ധം മൂലമായിരുന്നു. അത് മനുഷ്യനിര്‍മിത ക്ഷാമമായിരുന്നു, പ്രകൃതിക്ക് മാറ്റമുണ്ടായില്ല. അതുകൊണ്ടാണ് ഇത്രയധികം നിറങ്ങള്‍ ഉപയോഗിച്ചത്. കലാകാരന്മാരുള്‍പ്പെടെ യൂണിറ്റിലെ എല്ലാ ആളുകളുമായും അദ്ദേഹം എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ചിലപ്പോള്‍ ലൊക്കേഷനില്‍ ഷൂട്ടിങ്ങിനിടെ ഷോട്ട് ഡിവിഷനെ കുറിച്ചുള്ള തീരുമാനം അദ്ദേഹത്തിന് മാറ്റേണ്ടിയും വന്നിട്ടുണ്ട്. 'ഘരേ ബൈരെ' എന്ന സിനിമയില്‍ ഒരു വലിയ മുറിയില്‍ മൂന്ന് വശത്തും വലിയ കണ്ണാടികള്‍ ഉള്ള ഒരു ഷോട്ട് ഉണ്ടായിരുന്നു, സോഴ്‌സ് ലൈറ്റ് പ്രധാനമായും താഴെ നിന്നാണ്. വളരെ കുറച്ച് ലൈറ്റുകള്‍ തൂങ്ങിക്കിടന്നിരുന്നു. ഈ ഷോട്ടില്‍ നിരവധി ക്യാമറ ചലനങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍, കണ്ണാടിയില്‍ നിന്ന് ലൈറ്റുകള്‍ മറയ്ക്കാന്‍ എനിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് റായിയോട് പറയാന്‍ എനിക്ക് ലജ്ജ തോന്നി.
''ഞാന്‍ എന്തോ പ്രശ്‌നം നേരിടുന്നുണ്ടെന്ന് റായിക്ക് മനസ്സിലായി. പ്രശ്നം കേട്ടപ്പോള്‍, ഞാന്‍ ചെയ്യുന്നതുപോലെത്തന്നെ ലൈറ്റിംഗ് ചെയ്യാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. പിന്നെ ചെറിയ വ്യത്യാസങ്ങള്‍ വരുത്തി. തുടര്‍ന്ന് അദ്ദേഹം പറയുന്നതുപോലെ അഭിനയിക്കാന്‍ അഭിനേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം കര്‍ക്കശക്കാരനല്ലായിരുന്നു, സാങ്കേതികമായി നല്ല അറിവുള്ള ആളായിരുന്നു. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ലെന്‍സുകളെക്കുറിച്ചും കോമ്പോസിഷനെക്കുറിച്ചും ഒരുപാട് പഠിച്ചു. തന്റെ ചിന്തകള്‍ മനസ്സിലാക്കാന്‍ ചില സിനിമകള്‍ കാണാന്‍ റായ് ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, അദ്ദേഹം ഊന്നിപ്പറഞ്ഞത് മഹാനായ ഗുരുക്കന്മാരുടെ ചിത്രങ്ങളും ഫോട്ടോഗ്രഫിയും കാണാനാണ്. അവിടെ നിന്ന് നിങ്ങള്‍ക്ക് വെളിച്ചവും സെറ്റും, കോമ്പോസിഷനും മറ്റും പഠിക്കാം''.
ഓരോ സിനിമാറ്റോഗ്രഫറും പറയുന്നത് സിനിമയുടെ ബ്ലൂപ്രിന്റാണ് തിരക്കഥ എന്നാണ്. പലരും തിരക്കഥ ഒന്നില്‍ കൂടുതല്‍ തവണ വായിക്കുന്നു. ചിത്രീകരിക്കുന്ന സമയത്തും വായിക്കുന്നു. സിനിമാറ്റോഗ്രഫര്‍ സിനിമയുടെ സഹരചയിതാവാണെന്ന് ചില സിനിമാറ്റോഗ്രഫര്‍മാര്‍ വിശ്വസിക്കുന്നു. അങ്ങിനെയെങ്കില്‍, തിരക്കഥ അറിഞ്ഞിരിക്കണം. എല്ലാം വരുന്നതും വരേണ്ടതും ആ കേന്ദ്ര സ്ഥലത്തു നിന്നാണ്, അതായിരിക്കണം നിങ്ങളുടെ വഴികാട്ടി എന്നും ഇവര്‍ വിശ്വസിക്കുന്നു. പ്രശസ്ത സിനിമാറ്റോഗ്രഫര്‍ കെ.യു. മോഹനന്‍ പറയുന്നു: ''ഒരു കഥ വായിക്കുമ്പോള്‍ കഥാകൃത്ത് പറയുന്ന കാര്യങ്ങള്‍ വച്ച് നാം മനസ്സില്‍ രംഗങ്ങള്‍ സൃഷ്ടിക്കും. നമ്മുടെ മനസ്സിലെ കഥാപാത്രങ്ങളെ അതില്‍ പ്രതിഷ്ഠിക്കും. ഇതേ കഥ വായിക്കുന്ന മറ്റൊരാള്‍ മറ്റൊരു രീതിയിലായിരിക്കും ഈ കഥ ആസ്വദിക്കുക. ഇതുപോലെത്തന്നെയാണ് സിനിമാറ്റോഗ്രഫിയും. തിരക്കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ മനസ്സില്‍ സിനിമാറ്റോഗ്രഫര്‍ എന്ന നിലയില്‍ ഒരു ആഖ്യാനം സൃഷ്ടിക്കുന്നു. ഈ ആഖ്യാനമാണ് ഞാന്‍ സിനിമയില്‍ കൊണ്ടുവരുന്നത്. ഞാന്‍ ചെയ്യുന്ന അതേ സിനിമ മറ്റൊരാള്‍ ചെയ്യുമ്പോള്‍ അതുപോലെ ആയിരിക്കണം എന്നില്ല. ഈ ആഖ്യാനം സംവിധായകന്റെ ആഖ്യാനത്തിന് സമാന്തരമായി പോവുന്നുണ്ടാവും. സംവിധായകന്റെ കഥയുടെ ആഖ്യാനം സിനിമയില്‍ പ്രബലമായി നില്‍ക്കുന്നുണ്ടെങ്കില്‍ പോലും അടിത്തട്ടില്‍ സിനിമാറ്റോഗ്രഫിയുടെ ആഖ്യാനം നടക്കുന്നുണ്ട്'. എന്നാല്‍ വ്യക്തമായ തിരക്കഥ ഇല്ലാതെ സിനിമ ചിത്രീകരിക്കുന്ന സംവിധായകരും ഉണ്ട്. ഴാന്‍-ലുക് ഗൊദാര്‍ദ് തന്റെ ആദ്യ സിനിമ തൊട്ടുതന്നെ മുന്‍കൂട്ടി തിരക്കഥ എഴുതാതെയാണ് സിനിമ ചിത്രീകരിച്ചത്. ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയിലായിരുന്നുവത്രേ അദ്ദേഹം രംഗങ്ങള്‍ എഴുതിയത്. സൂക്ഷ്മമായി ആസൂത്രണം ചെയ്ത തിരക്കഥ, സംഭാഷണങ്ങള്‍ എന്നിവയ്ക്ക് പകരം അദ്ദേഹം സ്വാഭാവികതയ്ക്കും, ഓണ്‍-ദി-സ്‌പോട്ട് ഇമ്പ്രോവൈസേഷനും പ്രാധാന്യം കൊടുത്തു. മണി കൗള്‍ 'നൗകര്‍ കി കമീസ്' എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ സിനിമാറ്റോഗ്രഫറായിരുന്ന കെ.യു. മോഹനനോട് വ്യൂഫൈന്ററിലൂടെ നോക്കാതെ ചിത്രീകരിക്കണം എന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി.
വെളിച്ചത്തിന്റെ കലയാണല്ലോ സിനിമാറ്റോഗ്രഫി. അപ്പോള്‍ ലൈറ്റിംഗിന്റെ മാസ്റ്ററായ സുബ്രതോ മിത്രയെ ഓര്‍ക്കാതെ വയ്യ. ''ലൈറ്റിംഗിന്റെ ഭാഷ എന്താണ്?' ഒരു സുഹൃദ് സംഭാഷണ മദ്ധ്യേ മിത്ര ഒരു യുവ സംവിധായകനോട് ചോദിച്ചു. ഉത്തരം പറയാനാവാതെ അമ്പരന്നു നിന്ന സംവിധായകന്റെ മുഖത്ത് അല്‍പ നേരം നോക്കി നിന്ന ശേഷം മിത്ര തന്നെ ഉത്തരവും പറഞ്ഞു: ''സംഗീതം''. എങ്ങിനെയാണ് ഒരു സംവിധായകനും ഛായാഗ്രഹകനും പരസ്പരം സംസാരിക്കുക? സംവദിക്കുക? മിത്രയുടെ അഭിപ്രായത്തില്‍, 'The scale of seven notes corresponds to seven shades grey or seven scales of contrast'. തുടര്‍ന്ന് അദ്ദേഹം ഇത്രയും കൂട്ടിച്ചേര്‍ത്തു: 'Let colour follow contrast'.
ലൈറ്റിംഗിന് വലിയ പ്രാധാന്യം കൊടുക്കുന്ന ചലച്ചിത്രകാരനാണ് പ്രശസ്ത റഷ്യന്‍ സംവിധായകന്‍ ആന്ദ്രി താര്‍കോവ്‌സ്‌കി. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ അഭിനയിച്ച നടന്‍ ഇക്കാര്യത്തെ കുറിച്ച് പറയുന്നത് ഇപ്രകാരം: ''അഭിനയിച്ചുകൊണ്ടിരിക്കവെ ക്യാമറാ ട്രാക്കിംഗിന് ഇടയില്‍ വെളിച്ചം എന്നെ പിടിച്ചുനിര്‍ത്തിയതുപോലെ അനുഭവപ്പെട്ടു. വെളിച്ചത്തെ നമുക്ക് പിടിച്ചെടുക്കാന്‍ സാധിക്കും എന്നപോലെ. അത്യധികം ഇന്ദ്രിയ സുഖം പകരുന്ന രീതിയിലുള്ളതായിരുന്നു അദ്ദേഹം ചിത്രീകരണത്തിനായി സൃഷ്ടിച്ച വെളിച്ചം. സെറ്റുകളെക്കാള്‍ സമീപത്ത് വെളിച്ചമാണ് എന്ന അനുഭവമായിരുന്നു. താര്‍കോവസ്‌കിയുടെ ഈ മാസ്മരിക സ്പര്‍ശമാണ് ഗന്ധവും, സ്പര്‍ശവും, കാറ്റും, ശരീരത്തില്‍ വീഴുന്ന സൂര്യരശ്മിയുടെ ചൂടും അദ്ദേഹത്തിന്റെ സിനിമകളില്‍ നമുക്ക് അനുഭവവേദ്യമാക്കുന്നത്. ഇതൊക്കെയും സിനിമാറ്റോഗ്രഫിയുടെ അനന്ത സാധ്യതകള്‍ അവതരിപ്പിക്കുന്നു.
2006-ല്‍, ഗോവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (IFFI) യില്‍ റോയിയെ കുറിച്ചുള്ള 30 മിനിറ്റ് ദൈര്‍ഖ്യമുള്ള ഡോക്യുമെന്ററി, 'പോര്‍ട്രെയിറ്റ് ഓഫ് എ സിനിമാറ്റോഗ്രഫര്‍' പ്രദര്‍ശിപ്പിച്ചു (സംവിധാനം പാപ്പിയ റോയ്). അരിന്ദം സാഹ സര്‍ദാര്‍ 'സൗമേന്ദു റേ' എന്ന പേരില്‍ 70 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഡോ ഇറ്റാലിയന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ 'രൂപ്കല കേന്ദ്രോ'യുടെ ഛായാഗ്രഹണ വിഭാഗത്തിന്റെ ഉപദേശകനായിരുന്നു റോയ്. തന്റെ തൊണ്ണൂറാം വയസ്സില്‍ 2023 സെപ്റ്റംബര്‍ 27-ന് സൗമേന്ദു റോയ് അന്തരിച്ചു.


