TMJ
searchnav-menu
post-thumbnail

TMJ Cinema

ഫാക്ടറി കവാടവും അപ്രത്യക്ഷരാവുന്ന തൊഴിലാളികളും

25 Jul 2024   |   8 min Read
പി കെ സുരേന്ദ്രന്‍

ലച്ചിത്ര സംവിധായകന്‍, സിനിമാ നിരൂപകന്‍, സൈദ്ധാന്തികന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച ഹാരൂണ്‍ ഫറോക്കി 1944  ജനുവരി 9-ന് ചെക്ക് റിപ്പബ്ലിക്കിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുള്‍ ഖുദൂസ് ഫറോക്കി 1920-കളില്‍ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് കുടിയേറി. സഖ്യകക്ഷികള്‍ ജര്‍മ്മനിയില്‍ ബോംബാക്രമണം നടത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ജര്‍മ്മന്‍കാരിയായ അമ്മ ബെര്‍ലിനില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഫറോക്കി ഇന്ത്യയിലും ഇന്തോനേഷ്യയിലും വളര്‍ന്നു. 1958-ല്‍ കുടുംബം ഹാംബര്‍ഗില്‍ പുനരധിവസിച്ചു. ഫറോക്കി 2014 ജൂലൈ 30-ന് അന്തരിച്ചു.

ബെര്‍ലിനിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയില്‍ ചേര്‍ന്ന ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. കാള്‍ മാര്‍ക്സിന്റെ പുരോഗമന ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട അദ്ദേഹം വിപ്ലവകരമായ സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ ചേര്‍ന്നു. അക്കാദമി മേധാവിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് നിരവധി സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം ഫറോക്കിയും അക്കാദമിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. (വര്‍ഷങ്ങള്‍ക്ക് ശേഷം ഫറോക്കി അതേ സ്ഥാപനത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു). അയാളും മറ്റ് വിദ്യാര്‍ത്ഥികളും സമരത്തിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിലിം സ്റ്റോക്കും സ്‌കൂളിലെ സൗകര്യങ്ങളും ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പ്രചാരണ സിനിമകള്‍ നിര്‍മ്മിക്കാന്‍ കൂട്ടായി പ്രവര്‍ത്തിച്ചു. അവരില്‍ ഒരാള്‍, ഛായാഗ്രാഹകന്‍ ഹോള്‍ഗര്‍ മെയിന്‍സ്, റെഡ് ആര്‍മിയില്‍ ചേരുന്നതിനായി സിനിമ ഉപേക്ഷിച്ചു. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു പ്രധാന പങ്കുവഹിച്ച മെയിന്‍സ് സ്‌ഫോടനം നടത്താനുള്ള ശ്രമത്തിനിടയില്‍ പൊലീസ് പിടിയിലായി. ജയിലില്‍ നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്ന് അദ്ദേഹം മരിച്ചു.  

1967-ല്‍ മെയിന്‍സ് ഫറോക്കിയുടെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ദി വേഡ്സ് ഓഫ് ദി ചെയര്‍മാന്‍' (The Words of the Chairman) എന്ന സിനിമ ഷൂട്ട് ചെയ്തിരുന്നു. ആ സമയത്ത് ഇറാനിലെ ഷാ പടിഞ്ഞാറന്‍ ബെര്‍ലിനില്‍ എത്തി. അപ്പോള്‍ ധാരാളം പ്രതിഷേധങ്ങള്‍ ഉണ്ടായി. ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു. ഒരു പുതിയ പ്രതിപക്ഷ പ്രസ്ഥാനം നിലവില്‍ വന്നു. ഈ സിനിമയില്‍ ഷായുടെ ബെര്‍ലിന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഫറോക്കി മാവോ സെതൂങ്ങിനെ പ്രശംസിക്കുന്നു. റെഡ് ബുക്കില്‍ നിന്നുള്ള പേജുകള്‍ ആഗോള സാമ്രാജ്യത്വത്തിനെതിരായ മിസൈലുകളാക്കി മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 1975-ല്‍ ഴാന്‍-മേരി സ്ട്രോബും ഡാനിയേല്‍ ഹ്യൂലിയറ്റും തങ്ങളുടെ 'മോസസ് ആന്‍ഡ് ആരോണ്‍' (Moses and Aaron) എന്ന സിനിമ മെയിന്‍സിന് സമര്‍പ്പിച്ചു. അതേസമയം ഫറോക്കി എഴുതിയ ഒരു ലേഖനത്തില്‍ വാദിച്ചത്, മെയിന്‍സിന്റെ ജയിലില്‍ കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ''സര്‍ക്കാര്‍ കുറ്റാരോപണത്തില്‍ നിന്ന് സ്വയം ഒഴിയാന്‍ ശ്രമിക്കുന്നു. അവന്‍ ആത്മഹത്യ ചെയ്തുവെന്ന് ഞങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു, മാത്രമല്ല ഭരണകൂടത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടുന്നവരുടെ ഗതി ഇതാണ് എന്ന രീതിയില്‍ ഭീഷണി മുഴക്കുകയും ചെയ്തു'' എന്നാണ്.


HARUN FAROCKI | IMAGE WIKI COMMON
1960 കളുടെ അവസാനത്തില്‍ ജര്‍മ്മനിയില്‍ ഒരു ചലച്ചിത്ര സംവിധായകനായി അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. ആ കാലഘട്ടത്തിലെ വിപ്ലവകരമായ പ്രവര്‍ത്തനത്താല്‍ അദ്ദേഹം വളരെയധികം സ്വാധീനിക്കപ്പെട്ടു. 1960-കളും 1970-കളും ജര്‍മ്മനിയിലും യൂറോപ്പിലും ലോകത്തും വിപ്ലവകരമായ വര്‍ഷങ്ങളായിരുന്നു. 1967-ലെ യുദ്ധം, വിയറ്റ്നാം യുദ്ധം, 1968 മെയ് മാസത്തില്‍ യൂറോപ്പിലുടനീളം നടന്ന പ്രതിഷേധങ്ങള്‍, ചൈനയിലെ മാവോയിസ്റ്റ് സാംസ്‌കാരിക വിപ്ലവം, ചെഗുവേരയുടെ മരണം, ലൈംഗിക വിപ്ലവം, കമ്യൂണുകളുടെയും സഹകരണ സംഘങ്ങളുടെയും തിരിച്ചുവരവ് എന്നിവയ്ക്കൊപ്പം അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പാരമ്യം, ഹിപ്പികള്‍, ജിമി ഹെന്‍ഡ്രിക്‌സിന്റെ സംഗീതം, റോളിംഗ് സ്റ്റോണ്‍സ്, ദി ബീറ്റില്‍സ്...

1971-ല്‍ അദ്ദേഹം വളരെയധികം സ്വാധീനമുള്ള ജര്‍മ്മന്‍ ചലച്ചിത്ര പ്രസിദ്ധീകരണമായ 'ഫിലിം ക്രിട്ടിക്കി'ന്റെ  (Filmkritik) എഡിറ്റര്‍, എഴുത്തുകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ സ്ഥാനം ഏറ്റെടുത്തു. അവിടെ അദ്ദേഹം 1983 വരെ സജീവമായിരുന്നു. ''പ്രസിദ്ധീകരണത്തില്‍ ചേരുമ്പോള്‍ ഞാന്‍ ലെനിന്റെ ഈ വാക്കുകള്‍ ഓര്‍മ്മിച്ചു: അധികാരം തെരുവില്‍ കിടക്കുന്നു, നാം കുനിഞ്ഞ് അതിനായി എത്തുകയേ വേണ്ടൂ. പ്രസിദ്ധീകരണം ഞങ്ങള്‍ക്ക് വലിയ ശക്തി നല്‍കിയില്ല, എന്നിരുന്നാലും സിനിമയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് എഴുത്തിലൂടെ രൂപം നല്‍കാന്‍ അത് അവസരം നല്‍കി''. 

ബെര്‍ത്തോള്‍ഡ് ബ്രഹ്ത്ത്, തിയോഡോര്‍ അഡോര്‍ണോ, ഗൊദാര്‍ദ് എന്നിവര്‍ ആദ്യകാലത്ത് ഫറോക്കിയെ സ്വാധീനിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ സിനിമകള്‍ ഈ സ്വാധീനങ്ങളെ മറികടക്കുകയും വ്യത്യസ്തമാവുകയും ചെയ്തു. സിനിമയുടെ സാധ്യതകളുടെ നിരന്തരമായ അന്വേഷണമാണ് അദ്ദേഹത്തിന്റെ സിനിമകളും എഴുത്തും. അദ്ദേഹത്തിന്റെ സിനിമകള്‍ തീര്‍ച്ചയായും ജര്‍മ്മന്‍ സിനിമയുടെ ട്രെന്‍ഡുകള്‍ക്ക് പുറത്താണ്. നവ ജര്‍മ്മന്‍ സിനിമയുടെ ഭാഗംപോലുമല്ല അദ്ദേഹം. സിനിമാ പഠിതാക്കള്‍ ഫറോക്കിയെ ഴാന്‍-മേരി സ്ട്രോബ് (Jean-Marie Straub), അലക്സാണ്ടര്‍ ക്ലൂഷ് (Alexander Kluge), ഹെല്‍ക്കെ സാണ്ടര്‍ (Helke Sander) എന്നിവരുടെ കൂടെയാണ് ചേര്‍ക്കുന്നത്.

ഫറോക്കിയുടെ വിമര്‍ശനാത്മക സിനിമകള്‍ അത് അര്‍ഹിക്കുന്ന രീതിയില്‍ തുടക്കത്തില്‍ അറിയപ്പെട്ടില്ല. മറ്റൊരു സവിശേഷത, ഈ സിനിമകളുടെ വൈവിധ്യമാണ്. തൊണ്ണൂറ്റി രണ്ട് സിനിമകളും വീഡിയോകളും. പലതും ടിവിക്ക് വേണ്ടി നിര്‍മ്മിച്ചതാണ്; നിരവധി റേഡിയോ രചനകള്‍; ലേഖനങ്ങള്‍, അവലോകനങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയുടെ ഒരു നീണ്ട പട്ടിക; കൂടാതെ, നിരവധി ഇമേജ് ഇന്‍സ്റ്റലേഷനുകളും. സിനിമകള്‍ ശൈലിയിലും വിഷയത്തിലും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ മുതല്‍ 'ഉപന്യാസ സിനിമകള്‍' വരെ.  


HARUN FAROCKI | IMAGE WIKI COMMONS
ലൂമിയര്‍ സഹോദരന്മാരുടെ 1895-ലെ Workers Leaving The Lumière Factory in Lyon  എന്ന സിനിമ നാല്‍പ്പത്തിയഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്. ലിയോണ്‍-മോണ്ട്പ്ലെയ്സിറിലെ ഫോട്ടോഗ്രാഫിക് സാധനങ്ങള്‍ക്കായുള്ള ഫാക്ടറിയിലെ ഏകദേശം നൂറോളം തൊഴിലാളികള്‍ ഫാക്ടറിയില്‍ നിന്ന് രണ്ട് ഗേറ്റുകളിലൂടെ പുറത്തേക്ക് പോകുന്നത് സിനിമ കാണിക്കുന്നു. ഇവര്‍ ഫ്രെയിമില്‍ നിന്ന് ഇരുവശത്ത് കൂടെയും പുറത്തുകടക്കുന്നു. 1995-ല്‍ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ ഫറോക്കി സംവിധാനം ചെയ്ത ലൂമിയര്‍ സഹോദരന്മാരുടെ സിനിമയുടെ അതേ പേരുള്ള സിനിമ ഈ വാചകത്തോടെയാണ് ആരംഭിക്കുന്നത്. 36 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഒറ്റ ചാനല്‍ വീഡിയോ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ സിനിമ, 10 വര്‍ഷത്തിന് ശേഷം 12-സ്‌ക്രീന്‍ വീഡിയോ ഇന്‍സ്റ്റലേഷന്‍ സിനിമയായി പരിണമിച്ചു.

ലൂമിയര്‍ സഹോദരന്മാരുടെ സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സൃഷ്ടി സിനിമാ ചരിത്രത്തില്‍ തൊഴിലാളികള്‍ എങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത് എന്നതിനെകുറിച്ചുള്ള അന്വേഷണമാണ്. ഇതിനായി ഫറോക്കി ധാരാളം റിസര്‍ച്ച് ചെയ്യുകയുണ്ടായി. ഡോക്യുമെന്ററികള്‍, വ്യാവസായിക, പ്രചാരണ സിനിമകള്‍, വാര്‍ത്താ ചിത്രങ്ങള്‍, ഫീച്ചറുകള്‍ എന്നിവയില്‍ അദ്ദേഹം ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്തി. ഏതൊരു കീവേഡിനും അളവറ്റ എണ്ണം റഫറന്‍സുകള്‍ നല്‍കുന്ന ടിവി ആര്‍ക്കൈവുകളും അതുപോലെ തന്നെ വ്യാവസായിക ജോലികള്‍ ഒരിക്കലും ഒരു മോട്ടീഫായി അവതരിപ്പിക്കപ്പെടാത്ത സിനിമാ, ടെലിവിഷന്‍ പരസ്യങ്ങളുടെ ആര്‍ക്കൈവുകളും അദ്ദേഹം ഒഴിവാക്കി. പരസ്യ, വാണിജ്യ സിനിമകളിലെ ഫാക്ടറി ജോലിയുടെ അഭാവം ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം കണ്ടെത്തി. അതായത്, ഫറോക്കി സിനിമയിലൂടെ പറയുന്നത്, ലൂമിയര്‍ സഹോദരന്മാരുടെ സിനിമ മുന്‍കൂട്ടിക്കാണാന്‍ കഴിയുന്ന ഒരു സാമൂഹിക മാറ്റത്തിന്റെ ബീജം വഹിക്കുന്നു, ഈ തരത്തിലുള്ള വ്യാവസായിക അധ്വാനം ഒടുവില്‍ അപ്രത്യക്ഷമാകുന്നു എന്നാണ്. മറ്റൊരു വിധത്തില്‍, ഫാക്ടറി ഗേറ്റിലൂടെ ഇറങ്ങിപ്പോയ തൊഴിലാളികള്‍ പിന്നീട് സിനിമയിലേക്ക് ഒരു മുഖ്യ വിഷയമായി തിരിച്ചുവന്നില്ല എന്നും.

സിനിമാ ചരിത്രത്തിലെ ആദ്യത്തെ ക്യാമറ ഒരു ഫാക്ടറിയിലേക്ക് തുറന്നുവെച്ചു. എന്നാല്‍ ഒരു നൂറ്റാണ്ടിന് ശേഷവും സിനിമ വളരെ അപൂര്‍വമായി മാത്രമേ ഫാക്ടറിയിലേക്ക് കടന്ന് ചെല്ലുന്നുള്ളൂ. അധ്വാനത്തെക്കുറിച്ചോ തൊഴിലാളികളെക്കുറിച്ചോ ഉള്ള സിനിമകള്‍ പ്രധാന ചലച്ചിത്ര ഴോണറുകളില്‍ ഒന്നായി ഉയര്‍ന്നുവന്നിട്ടില്ല, മാത്രമല്ല ഫാക്ടറിക്ക് മുന്നിലുള്ള ഇടം മുഖ്യ ആഖ്യാനത്തില്‍ സ്ഥാനം പിടിക്കുന്നില്ല. മിക്ക ആഖ്യാന സിനിമകളും നടക്കുന്നത് ജോലിക്ക് ശേഷമുള്ള ജീവിതത്തിന്റെ ഭാഗത്താണ്. കഴിഞ്ഞ നൂറ്റാണ്ടില്‍, ഫാക്ടറികളില്‍ നടന്ന ആശയവിനിമയങ്ങളൊന്നും, വാക്കുകളിലൂടെയോ, നോട്ടങ്ങളിലൂടെയോ, ആംഗ്യങ്ങളിലൂടെയോ, സിനിമയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന് സിനിമ കണ്ടെത്തുന്നു.


REPRESENTATIONAL IMAGE | WIKI COMMONS
ശരിയാണ്, നമ്മുടെ സിനിമകളിലും പൊതുവെ തൊഴിലിന്, അധ്വാനത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. കഥാപാത്രങ്ങള്‍, പ്രത്യേകിച്ച് നായകന്‍, എങ്ങനെ ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കുന്നു എന്ന കാര്യം പലപ്പോഴും അവതരിപ്പിക്കപ്പെടുന്നില്ല. കേരള സമൂഹം മേലനങ്ങിയുള്ള അധ്വാനത്തില്‍ നിന്ന് അകന്നിട്ട് കാലമേറെയായി. നോക്കുകൂലി ഒരുദാഹരണം. എല്ലുമുറിയെ പണിയെടുക്കാനുള്ള അന്യസംസ്ഥാന തൊഴിലാളികളെ സപ്ലൈ ചെയ്യുന്നവരാണ് വലിയൊരു ഭാഗം. മറ്റൊരു ഭാഗം റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും കല്ല്യാണ ഏജന്റായും സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ നിന്ന് രേഖകള്‍ ലഭ്യമാക്കുന്ന ഇടനിലക്കാരായും പ്രവര്‍ത്തിക്കുന്നവരാണ്. ഇത് പഠനവിധേയമാക്കേണ്ട ഒരു വിഷയമാണ്.

ഈ സിനിമയ്ക്കായി സംവിധായകന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നില്ല. ലൂമിയര്‍ സഹോദരന്മാരുടെ ഇതേ പേരിലുള്ള സിനിമയ്‌ക്കൊപ്പം, ചാര്‍ളി ചാപ്ലിന്റെ 'മോഡേണ്‍ ടൈംസ്',ഫ്രിറ്റ്‌സ് ലാംഗിന്റെ  'മെട്രോപോളിസ് ', ആന്ദ്രേ വൈദയുടെ 'മാന്‍ ഓഫ് അയേണ്‍ ',മൈക്കലാഞ്ചലോ അന്റോണിയോണിയുടെ 'റെഡ് ഡിസേര്‍ട്ട് ', പുഡോവ്ക്കിന്റെ  'ഡിസേര്‍ട്ടര്‍' നാസി കാലഘട്ടത്തിലെ ജര്‍മ്മനിയില്‍ നിന്നുള്ള പ്രചാരണ സാമഗ്രികളും മറ്റ് പല ഫൌണ്ട് ഫൂട്ടേജുകളും അവതരിപ്പിക്കുന്നു. ഈ ദൃശ്യങ്ങളെ സംവിധായകന്‍ കലാത്മകമായി എഡിറ്റ് ചെയ്തു. ഒരേ കാര്യത്തെ വ്യത്യസ്ത കാലഘട്ടത്തിലെ സിനിമകള്‍ എങ്ങനെയാണ് അവതരിപ്പിച്ചത് എന്ന് അപ്പോള്‍ പ്രേക്ഷകര്‍ മനസ്സിലാക്കുന്നു. ഇതിന് അകമ്പടിയായി ഈ വിഷയത്തെക്കുറിച്ചുള്ള ഫറോക്കിയുടെ ഉപന്യാസം വായിക്കുന്ന ഒരു സ്ത്രീ ശബ്ദം. അദ്ദേഹം മറ്റുള്ളവരുടെ സിനിമാ സൃഷ്ടികള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് ഭൂതകാലത്തിലേക്ക് ഖനനം നടത്തുകയാണ്. വര്‍ത്തമാന കാലത്തിനായി അത് പുതുതായി കണ്ടുപിടിക്കാന്‍ മാത്രം. ഇതിനെ ചിലര്‍ 'ഫിലിം എസ്സേ' എന്ന് വിശേഷിപ്പിക്കുന്നു.

സിനിമയില്‍ നിന്ന് ചില ഉദാഹരണങ്ങള്‍:  ബെര്‍ലിന്‍, 1934: സീമെന്‍സ് ഫാക്ടറിയിലെ തൊഴിലാളികളോടും ജീവനക്കാരോടും നാസി റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് പട്ടാളച്ചിട്ടയില്‍ നിരനിരയായി ഗേറ്റിലൂടെ നീങ്ങുന്ന തൊഴിലാളികള്‍. പലപ്പോഴും ഫാക്ടറി ഒരു ബാരക്ക് പോലെ അനുഭവപ്പെടുന്നു.

ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി, 1975: ഫോക്സ്വാഗണ്‍ പ്ലാന്റിന്റെ ഗേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാനിലെ ഉച്ചഭാഷിണിയില്‍ നിന്ന് മയകോവ്സ്‌കിയുടെ വരികള്‍ ഏണസ്റ്റ് ബുഷ് പാടുന്നത് കേള്‍ക്കാം. അമേരിക്കയിലേക്ക് ഉല്‍പാദനം മാറ്റാനുള്ള പദ്ധതിക്കെതിരെയുള്ള പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനില്‍ നിന്നുള്ള ഒരാള്‍ ഷിഫ്റ്റ് കഴിഞ്ഞ് ഗേറ്റിലൂടെ പുറത്തുപോകുന്ന തൊഴിലാളികളെ വിളിക്കുന്നു.

ഡി.ഡബ്ല്യു. ഗ്രിഫിത്തിന്റെ ഒരു സിനിമയിലെ തൊഴിലാളി സമരത്തിന്റെ നാടകീയമായ ചിത്രീകരണം ഇപ്രകാരം:  വേതനം വെട്ടിക്കുറച്ച വിവരം അറിയുന്ന തൊഴിലാളികള്‍ സമരം ചെയ്യുന്നു. തുടര്‍ന്ന് സമരക്കാര്‍ തെരുവിലേക്ക് ഒഴുകുന്നു. മെഷീന്‍ ഗണ്ണുമായി എത്തിയ പോലീസ് തോക്കുചൂണ്ടി തയ്യാറായി നില്‍ക്കുന്നു. തുടര്‍ന്ന് വെടിയുതിര്‍ക്കുന്നു. ഇവിടെ തൊഴിലാളികളുടെ സമരത്തെ ഒരു ആഭ്യന്തരയുദ്ധമായാണ് കാണിക്കുന്നത്.  

ഫാക്ടറിക്ക് പുറത്ത് നടക്കുന്ന തൊഴില്‍ തര്‍ക്കം, തൊഴിലില്ലാത്തവര്‍ അവസരത്തിനായി ഫാക്ടറി കവാടത്തില്‍ കാത്തുനില്‍ക്കുന്നു, പണിമുടക്കുന്ന തൊഴിലാളികളെ പൊലീസ് ആക്രമിക്കുന്നു, ഫാക്ടറി ഗേറ്റിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ചാപ്ലിനെ പോലീസ് ഓടിക്കുന്നു, പട്ടാളക്കാരെ പോലെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന തൊഴിലാളികള്‍, ഫാക്ടറിക്ക് മുന്നിലെ സമരത്തിനിടെ മാനേജ്മെന്റ് അറിയിക്കുന്നു: ഗേറ്റിന് മുന്നിലുള്ള സ്ഥലം ഒരു പൊതു ഇടമല്ല, മറിച്ച് കമ്പനിയുടെ സ്വത്താണ്. ഫാക്ടറി ഗേറ്റ് കുറ്റകൃത്യത്തിന്റെ വേദിയാവുന്നു, ഒരു സ്ത്രീ ഫാക്ടറിയില്‍ നിന്ന് പുറത്തുപോകുന്നു, ഫാക്ടറി ഗേറ്റില്‍ ഒരു സ്ത്രീയെ കാത്തുനില്‍ക്കുന്ന പുരുഷനും അവരുടെ പ്രണയവും വഴക്കും, ഫാക്ടറി ഗേറ്റില്‍  ഒരു സ്ത്രീ പുരുഷനെ കാത്തിരിക്കുന്നു...പല ദൃശ്യങ്ങളും ഷോട്ടുകളും ആവര്‍ത്തിക്കുന്നു. ഇതിലൂടെ സംവിധായകന്‍ തന്റെ വാദം സമര്‍ത്ഥിക്കുന്നു. ചിലപ്പോള്‍ ഫാക്ടറിയുടെ ഗേറ്റിനെ ജയിലിന്റെ ഗേറ്റിന് തുല്യമാക്കുന്നു.

നമ്മുടെ സിനിമകള്‍ തൊഴിലാളിയെ മറ്റ് രൂപങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. അല്ലെങ്കില്‍ സാമൂഹിക ജീവിതത്തിന്റെ മറ്റ് രൂപങ്ങളില്‍ ഒരു തൊഴിലാളിയുടെ അസ്തിത്വത്തിന്റെ ഘടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ സിനിമകള്‍ സാമ്പത്തിക ശക്തിയോ ആശ്രിതത്വമോ കൈകാര്യം ചെയ്യുമ്പോള്‍, അവര്‍ പലപ്പോഴും ചെറുതും വലുതുമായ ഗുണ്ടാസംഘങ്ങളെ ചിത്രീകരിക്കുന്നു. ഇതിന്  തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പശ്ചാത്തലത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നു. അമേരിക്കയിലെ ചില തൊഴിലാളി യൂണിയനുകളെ മാഫിയ നിയന്ത്രിക്കുന്നതിനാല്‍, ലേബര്‍ ഫിലിമില്‍ നിന്ന് ഗ്യാങ്സ്റ്റര്‍ സിനിമയിലേക്കുള്ള മാറ്റം സുഗമമായ ഒന്നായി. ബ്രെഡിനും മെച്ചപ്പെട്ട വേതനത്തിനും വേണ്ടിയുള്ള പോരാട്ടം ഫാക്ടറിയില്‍ നിന്ന് ബാങ്ക് ലോബികളിലേക്ക് മാറ്റിയിരിക്കുകയാണ് അമേരിക്കന്‍ സിനിമ. വെസ്റ്റേണ്‍ സിനിമകള്‍ ഇടയ്ക്കിടെ സാമൂഹിക സമരങ്ങള്‍ - കര്‍ഷകരും ഭൂഉടമകളും തമ്മിലുള്ളത് പോലെ - അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇവ മിക്കപ്പോഴും മേച്ചില്‍പ്പുറങ്ങളിലോ വയലുകളിലോ ഗ്രാമവീഥികളിലോ ഒക്കെയാണ് നടക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ തൊഴിലാളി സമരങ്ങള്‍ ഫാക്ടറിക്ക് മുന്നിലാണ് നടക്കുക. നാസികള്‍ ജര്‍മ്മനിയിലെ തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ത്തത്  അപ്പാര്‍ട്ട്‌മെന്റുകളിലും ജയിലുകളിലും ക്യാമ്പുകളിലുമാണ്. ഒരിക്കലും ഫാക്ടറിയുടെ മുന്നിലായിരുന്നില്ല. 

സിനിമാ ചരിത്രത്തിലെ ആദ്യത്തെ സിനിമയും ഇതേ ആശയം ഉപയോഗിക്കുന്ന മറ്റ് നിരവധി ദൃശ്യങ്ങളും പഠിച്ചപ്പോള്‍ സംവിധായകന്‍ മനസ്സിലാക്കിയ കാര്യം, ഒരു നൂറ്റാണ്ടിലധികമായി സിനിമാട്ടോഗ്രഫി ഒരേയൊരു വിഷയം മാത്രം കൈകാര്യം ചെയ്യുന്നു എന്നാണ്. ഇതേ കുറിച്ച് സംവിധായകന്‍ ഇപ്രകാരം പറഞ്ഞു: ഒരു കുട്ടി സംസാരിക്കാന്‍ പഠിക്കുന്നതിന്റെ സന്തോഷം അനശ്വരമാക്കാന്‍ സംസാരിക്കാന്‍ പഠിച്ച ആദ്യത്തെ വാക്കുകള്‍ നൂറു വര്‍ഷത്തിലേറെയായി ആവര്‍ത്തിക്കുന്നതുപോലെയാണിത് '.  


REPRESENTATIONAL IMAGE | WIKI COMMONS
1895-ല്‍, ഫാക്ടറി ഗേറ്റിന് നേരെ തുറന്നുവച്ച ലൂമിയര്‍ സഹോദരന്മാരുടെ ക്യാമറ സ്വകാര്യ സ്വത്ത് സംരക്ഷിക്കുന്നതിനായി അനന്തമായ ദൃശ്യങ്ങള്‍ യാന്ത്രികമായും അന്ധമായും നിര്‍മ്മിക്കുന്ന ഇന്നത്തെ നിരവധി നിരീക്ഷണ ക്യാമറകളുടെ മുന്‍ഗാമിയാണ്. ഇന്ന് മതിലുകള്‍, വേലികള്‍, ഗോഡൗണുകള്‍, മേല്‍ക്കൂരകള്‍ അല്ലെങ്കില്‍ മുറ്റങ്ങള്‍ എന്നിവയുടെ നിരീക്ഷണത്തിനായുള്ള ക്യാമറകള്‍ വില്‍ക്കപ്പെടുന്നു. അവ ഓട്ടോമാറ്റിക് വീഡിയോ മോഷന്‍ ഡിറ്റക്ടറുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. മാത്രവുമല്ല, കള്ളന്മാരെ നിരീക്ഷിക്കാനുള്ള ഇത്തരം ക്യാമറകളാണ് ജോലി സ്ഥലത്ത് തൊഴിലാളികളുടെ ചലനങ്ങളെ നിരീക്ഷിക്കാനും ഉപയോഗിക്കുന്നത്.

അത്ര അറിയപ്പെടാത്ത കാര്യം, ഈ ലൂമിയര്‍ സിനിമയുടെ കുറഞ്ഞത് മൂന്ന് പതിപ്പുകളെങ്കിലും ഉണ്ടായിരുന്നു എന്നതാണ്. ആദ്യ രണ്ട് പതിപ്പുകളില്‍ ഗേറ്റുകള്‍ തുറന്നുകിടക്കുകയായിരുന്നു. കൂടാതെ തൊഴിലാളികള്‍ ആദ്യ ഫ്രെയിമില്‍ തന്നെ പുറത്തേക്ക് ഒഴുകുകയായിരുന്നു. അങ്ങനെയാണെങ്കിലും, സിനിമ അവസാനിക്കുമ്പോഴേക്കും, അതായത്,  ക്യാമറയില്‍ ഫിലിം തീര്‍ന്നപ്പോഴേക്കും ഫാക്ടറി കാലിയാകില്ല. കാരണം ഒരു കുതിരവണ്ടിയാണ്, അത്  പുറത്തുവരാന്‍ സമയമെടുത്തു. മൂന്നാമത്തെ പതിപ്പ് 1895 ഡിസംബര്‍ 28-ന് പാരീസിലെ ഗ്രാന്‍ഡ് കഫേയില്‍ ലൂമിയര്‍ സഹോദരന്മാരുടെ സിനിമകളുടെ ആദ്യ വാണിജ്യ പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചു. അതില്‍, സിനിമ ആരംഭിച്ചതിന് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. കൂടാതെ, ഇവിടെ കുതിരവണ്ടി ഇല്ല. തൊഴിലാളികള്‍ കൃത്യസമയത്ത് പുറത്തിറങ്ങി, അപ്പോള്‍ ഗെയിറ്റ് ഏതാണ്ട് അടച്ചിരിക്കുന്നു. ഇപ്പോള്‍ അന്തിമമായ പതിപ്പായി കണക്കാക്കപ്പെടുന്ന സിനിമയുടെ ചരിത്രത്തിലെ ഈ 'ആദ്യ സിനിമ' യഥാര്‍ത്ഥത്തില്‍ ഒരു റീമേക്കിന്റെ റീമേക്ക് ആയിരുന്നു.

എന്തുകൊണ്ടാണ്  ലൂമിയര്‍ സഹോദരന്മാര്‍ സിനിമയുടെ നിരവധി പതിപ്പുകള്‍ നിര്‍മ്മിച്ചത്? ഒരു സിദ്ധാന്ത പ്രകാരം അക്കാലത്ത് ഫിലിം ഡെവലപ്മെന്റ് പ്രക്രിയയില്‍ ഇന്റര്‍ നെഗറ്റീവുകള്‍ ഇല്ലാതിരുന്നതിനാല്‍, ഓരോ പുതിയ പ്രിന്റ് എടുക്കുമ്പോഴും ഒറിജിനല്‍ നെഗറ്റീവിന്റെ നിലവാരം ക്ഷയിച്ചു. അതിനാല്‍ സിനിമ ഒരു പുതിയ നെഗറ്റീവ് ഉപയോഗിച്ച് റീഷൂട്ട് ചെയ്യേണ്ടി വന്നു. മറ്റൊരു അനുമാനം, ലൂമിയര്‍ സഹോദരന്മാര്‍ക്ക് സിനിമയുടെ ഗുണനിലവാരം ഇഷ്ടപ്പെട്ടില്ല. ക്യാമറയില്‍ ഫിലിം തീരുന്നതിന് മുമ്പ് ഫാക്ടറി ഗേറ്റുകള്‍ അടയേണ്ടതായിരുന്നു. എല്ലാത്തിനുമുപരി, തിയേറ്ററില്‍ കര്‍ട്ടന്‍ അടയുകയും തുറക്കുകയും ചെയ്യുന്നതുപോലെ ഗേറ്റ് അടയുന്നത് ഒരു പ്രത്യേക കാഴ്ചയായി ഇവര്‍ക്ക് തോന്നി. ആ അനുഭവം ആദ്യ രണ്ട് പതിപ്പുകളിലും നഷ്ടപ്പെട്ടു.

കാരണം എന്തുതന്നെയായാലും, 1895 മാര്‍ച്ചിലെ ആദ്യ പതിപ്പിന് ശേഷം, വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ ലൂമിയര്‍ സഹോദരന്മാര്‍ സിനിമ വീണ്ടും ചിത്രീകരിച്ചു. ചിത്രീകരണ ദിവസം ഞായറാഴ്ച ആയതിനാല്‍ കുര്‍ബാനയ്ക്ക് ശേഷം തൊഴിലാളികള്‍ ഒരു പ്രവൃത്തി ദിവസത്തില്‍ ഉച്ചഭക്ഷണത്തിനായി പുറപ്പെടുന്ന രംഗം ചിത്രീകരിക്കാന്‍ ഫാക്ടറിയിലേക്ക് വരാന്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു. തല്‍ഫലമായി, സിനിമയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പതിപ്പുകളില്‍, പങ്കെടുക്കുന്നവരുടെ തൊപ്പികളും വസ്ത്രങ്ങളും ആകര്‍ഷകമാണ്. അവരുടെ മാനസികാവസ്ഥ കൂടുതല്‍ സന്തോഷപ്രദമാണ്. ഒരു ജീവനക്കാരി മറ്റൊരു സ്ത്രീയുടെ പാവാടയില്‍ പിടിച്ചുവലിക്കുന്നു. ഇത്തവണ അഭിനേതാക്കളായ തൊഴിലാളികള്‍ ക്യാമറയുടെ സാന്നിധ്യത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ ആയതുപോലെ. മുന്‍ സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, മൂന്നാമത്തെ സിനിമ മൊത്തത്തില്‍ ഗുണനിലവാരം ഉള്ളതാണ്.


LUMIERE BROTHERS | IMAGE WIKI COMMONS
ഇവിടെ പരാമര്‍ശിക്കാനുള്ള മറ്റൊരു കാര്യം, ലൂമിയര്‍ സഹോദരന്മാരുടെ സിനിമകള്‍ അടക്കമുള്ള ആദ്യകാല സിനിമകളെ ഡോക്യുമെന്ററി അല്ലെങ്കില്‍ ആക്ച്വാലിറ്റി സിനിമകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍, മൂന്ന് തവണ ചിത്രീകരിച്ച ഒരു സിനിമയെ ഡോക്യുമെന്ററിയായി കണക്കാക്കാനാവുമോ? ലോകത്തെ വ്യാഖ്യാനിക്കുന്നതിന് ഫിക്ഷനിലെ അഭിനേതാക്കളെക്കാള്‍ യഥാര്‍ത്ഥ മനുഷ്യരും, അസംകൃത സാമഗ്രികളും, യഥാര്‍ത്ഥ ദൃശ്യങ്ങളുമാണ് മികച്ചത് എന്നാണ് ബ്രിട്ടീഷ് കനേഡിയന്‍ ഡോക്യുമെന്ററി സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജോണ്‍ ഗ്രിയേഴ്‌സന്റെ അഭിപ്രായം. സോവിയറ്റ് ചലച്ചിത്ര സംവിധായകന്‍ സിഗാ വര്‍തോവിന്റെ അഭിപ്രായത്തില്‍ ഡോക്യുമെന്ററി എന്നാല്‍ ജീവിതം അതുപോലെ, അല്ലെങ്കില്‍ ജീവിതം അറിയാതെ പിടിച്ചെടുക്കുന്നതാണ്.

ലൂമിയര്‍ സഹോദരന്മാരുടെ സിനിമയ്ക്ക് ശേഷമുള്ള നൂറ്റാണ്ടില്‍ അധ്വാനത്തിന്റെ സ്വഭാവത്തിലും അതിന്റെ അവസ്ഥകളിലും സ്‌ക്രീന്‍ പ്രതിനിധാനത്തിലും വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഫോര്‍ഡിസം തൊഴിലാളികളുടെ അംഗസംഖ്യ കുറയ്ക്കുകയും മഹാമാന്ദ്യം അഭൂതപൂര്‍വമായ തൊഴിലില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്തതോടെ, വ്യാവസായിക ജോലികളെ ഇനി പഴയ രീതിയില്‍ കാണാന്‍ കഴിയില്ല. ഫ്രിറ്റ്സ് ലാംഗിന്റെ 'മെട്രോപോളിസ് 'എന്ന സിനിമയിലെ ഒരു ഭൂഗര്‍ഭ വ്യാവസായിക നഗരത്തില്‍ റോബോട്ടുകളെ പോലെ ഷിഫ്റ്റ് മാറുന്ന തൊഴിലാളികളും 'മോഡേണ്‍ ടൈംസ് ' എന്ന സിനിമയില്‍ കണ്‍വേയര്‍ ബെല്‍ട്ടില്‍ വിശ്രമമില്ലാതെ യന്ത്രത്തെപോലെ പ്രവര്‍ത്തിക്കുന്ന ചാപ്ലിനും ഉദാഹരണം.

ഫാക്ടറിക്ക് പുറത്തുള്ള പ്രദേശത്തെ ഒരു വൈരുദ്ധ്യാത്മക ഇടമായാണ് ഫറോക്കിയുടെ സിനിമ കാണുന്നത്. തൊഴിലാളിയും മൂലധനവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ ഇടമാണിത്: പിക്കറ്റിംഗ് ചെയ്യുന്നവരും ഗാര്‍ഡുകളും തമ്മില്‍, സമരക്കാരും പൊലീസും തമ്മില്‍.  'The factory gate becomes the membrane that separates work from workers, an economic system from its constituents. It is at the factory gate that Labour and Capital identify themselves by identifying the other' -എന്ന് ഫറോക്കി.

പിന്നീട് സിനിമ ഫാക്ടറികളില്‍ നിന്ന് അകന്നുപോയി എന്നാണ് സിനിമയിലെ ആഖ്യാതാവ് പറയുന്നത്. നൂറുവര്‍ഷത്തെ സിനിമ പരിശോധിച്ചാല്‍ ഫാക്ടറികളെയും തൊഴിലാളികളെയും അപേക്ഷിച്ച് കൂടുതല്‍ ജയിലുകളും കുറ്റവാളികളുടെ നവീകരണവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള സേവനങ്ങളും ഉണ്ടെന്ന് സിനിമ ചൂണ്ടിക്കാട്ടുന്നു. ''ആദ്യ ക്യാമറ നിന്നിടത്ത് ഇപ്പോള്‍ ലക്ഷക്കണക്കിന് നിരീക്ഷണ ക്യാമറകളുണ്ട് '. സിനിമ അറിയാതെ തന്നെ മൂലധനം സംരക്ഷിക്കാനുള്ള ഉപകരണമായി മാറിയതെങ്ങനെയെന്ന് ആഖ്യാതാവ് ചൂണ്ടിക്കാട്ടുന്നു. ലൂമിയര്‍ സഹോദരന്മാര്‍ സ്വയം ചലിപ്പിച്ച ക്യാമറയും അവരുടെ നിര്‍ദ്ദേശപ്രകാരം ജീവനക്കാര്‍ യഥാസമയം ഫാക്ടറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതും ആയതിനാല്‍, ആദ്യ സിനിമ പോലും ഒരു തരം നിരീക്ഷണ ദൃശ്യങ്ങളാണെന്ന് വാദിക്കാം.

ഇവിടെ പ്രസക്തമായ മറ്റൊരു കാര്യം, തൊഴിലാളികള്‍ ഫാക്ടറി ഗേറ്റിലൂടെ പുറത്ത് കടക്കുന്ന ലൂമിയറിന്റെ സിനിമ ലൂമിയര്‍ ഫാക്ടറിയുടെ തന്നെ പരസ്യമാണ് എന്നാണ് റൊമേനിയന്‍ സംവിധായകനായ റാഡു ജൂഡ് തന്റെ Do Not Expect Too Much From the End of the World എന്ന സിനിമയില്‍ വ്യക്തമാക്കുന്നത്. ഇതിനര്‍ത്ഥം സിനിമയുടെ ആരംഭം തന്നെ കോര്‍പ്പറേറ്റുകളുടെ കൈകളിലെ ഒരു ഉപകരണമായാണ് എന്ന് വരുന്നു.


 

 

 

#cinema
Leave a comment