
THE G.O.A.T; വിജയ്‌യുടെ 'അവസാന' ചിത്രം, പുലര്‍കാല സിനിമാ കാഴ്ചകള്‍ അവസാനിക്കുമോ ?
അമ്പലത്തിലും പള്ളിയിലും അതിരാവിലെ പോവുന്ന വിശ്വാസികള്‍ ധാരാളമാണ്. അതിനുള്ള പൂജാവിധികളും ആരാധന രീതികളും ഏറെ പരിചിതവുമാണ്. പക്ഷെ വെളുപ്പിന് നാലു മണിക്ക് സിനിമ കാണാന്‍ പോവുക, അതും ഒറ്റിറ്റി യുഗത്തില്‍. കുടുംബസമേതവും കൂട്ടുകാരൊത്തും ഒറ്റയ്ക്കും പുലര്‍കാലെയുള്ള പ്രദര്‍ശനത്തിനു ജനങ്ങള്‍ ഒഴുകിയെത്തുന്നു. ചില സ്ഥലങ്ങളില്‍ താരത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ പാലഭിഷേകം നടത്തിയാണ് സിനിമയെ ആരാധകര്‍ വരവേറ്റത്. ഈ ജനക്കൂട്ടം വെളിച്ചം വീഴും മുന്‍പ് തിയേറ്ററുകളില്‍ എത്തിയത് മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ ചിത്രം കാണാനല്ല; മറ്റൊരു ഭാഷയിലെ താരത്തിന്റെ സിനിമയ്ക്കാണ്. ഇതൊരു ഭാവനയല്ല, കേരളം കഴിഞ്ഞ ദിവസം കണ്ട യഥാര്‍ത്ഥ്യമാണ്. തമിഴ് താരം വിജയ് രാഷ്ട്രീയപ്രവേശന പ്രഖ്യാപനത്തിനൊപ്പം അവസാനചിത്രമെന്ന അറിയിപ്പില്‍ ഇറങ്ങിയ ''ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'' എന്ന ചിത്രത്തിന്റെ ആദ്യ ദിവസം നടത്തിയ പ്രത്യേക പ്രദര്‍ശനത്തിന് കേരളത്തില്‍ കണ്ട കാഴ്ചകളാണ്. REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇന്ത്യയില്‍ മറ്റൊരു സിനിമാ താരത്തിനും കിട്ടാത്ത സ്വീകാര്യത്യയാണ് വിജയ് സിനിമകള്‍ക്ക് പൊതുവില്‍ കിട്ടുന്നത്. രജനീ, കമല്‍, യുഗത്തിന് പിന്നാലെ മലയാളികള്‍ ആരാധനയോടെ കണ്ട തമിഴ് നടന്മാരാണ് അജിത്തും വിജയും. മലയാളികള്‍ക്ക് ഇടയില്‍ മറ്റാര്‍ക്കും കിട്ടാത്ത ഇരിപ്പിടമാണ് വിജയിനു ലഭിച്ചത്. കമലിനും രജനിക്കും കിട്ടാത്ത ഫാന്‍ ബേസ് അജിത്തിന് കിട്ടിയിരുന്നു. അജിത്തിനേക്കാള്‍ വിപുലവും ശക്തവുമായ അടിത്തറയുള്ള ഫാന്‍ ബേസാണ് കേരളത്തിലും വിജയിനുള്ളത്. ഈ ഫാന്‍സ് മാത്രമല്ല, അല്ലാത്തവരും വിജയ് സിനിമകാണാന്‍ തിയേറ്ററുകളിലെത്തി എന്നതായിരുന്നു കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്ക് നടന്ന പ്രദര്‍ശനത്തിന് എത്തിയ പ്രേക്ഷകരുടെ വൈവിധ്യം വ്യക്തമാക്കുന്നത്. വിജയ്, സിനിമയോട് വിട പറയുന്നതോടെ പ്രത്യേക ഫാന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് ഈ നിലയില്‍ ലഭിക്കുന്ന വരവേല്‍പ്പുണ്ടാവുമോ എന്നത് സംശയമാണ്.
അതിരാവിലെയുള്ള ഫാന്‍സ് ഷോകള്‍ മറ്റുള്ള താരങ്ങള്‍ക്കും നടത്തുന്നുണ്ടെങ്കിലും, ഇത്രയധികം തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ ആദ്യഷോ പ്രദര്‍ശിപ്പിക്കാന്‍ കഴിയുക എന്നത് ചിലപ്പോള്‍ മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ കഴിയാത്തതാണ്. ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കായി നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, വിജയ്ക്ക് കേരളത്തില്‍ ലഭിക്കുന്ന സ്വീകാര്യത മറ്റൊരു താരത്തിനും ഈ കാലത്ത് അവകാശപ്പെടാനാവില്ല എന്ന് ഈ ചിത്രവും അടിവരയിടുന്നു
. REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഒ റ്റി റ്റി യുഗത്തിനും എത്രയോ മുന്നേ പല താരങ്ങളുടെ സിനിമകള്‍ക്കും ഇത്തരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ സാധിക്കുമായിരുന്നു. പക്ഷേ അന്നും ഇന്നും തന്റെ എല്ലാ സിനിമകള്‍ക്കും ഇത് ഒരുപോലെ അവകാശപ്പെടാന്‍ കഴിയുന്ന ഒരേ ഒരു നടന്‍ വിജയ് മാത്രമായിരിക്കും. ഒരുദാഹരണം പറയുകയാണെങ്കില്‍, സെപ്റ്റംബര്‍ അഞ്ചിനു പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച ''ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം''-ന്റെ പ്രദര്‍ശനം എറണാകുളത്തെ വനിതാ-വിനീത സിനിപ്ലെക്‌സിലെ നാല് സ്‌ക്രീനിലും നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. മറ്റു തിയേറ്ററുകളിലും സമാന സ്ഥിതി തന്നെയാണുണ്ടായത്. ആദ്യദിനം തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും ഈ സിനിമയുടെ പ്രദര്‍ശനം മാത്രമേയുണ്ടായിരുന്നുള്ളൂ. മറ്റൊരു തമിഴ് നടനും ഈ ഡിജിറ്റല്‍ കാലത്ത് അവകാശപ്പെടാന്‍ കഴിയാത്ത നേട്ടം.
വിജയ്‌യുടെ സ്ഥിരം ചേരുവകൾ ചേർന്നിട്ടുള്ളൊരു ചിത്രമാണ് The G.O.A.T. പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രത്തിന്റെ സംവിധാനം വെങ്കട് പ്രഭുവും, സംഗീതം യുവൻ ശങ്കർ രാജയുമാണ്. കഴിഞ്ഞ കുറച്ച് വിജയ് സിനിമകൾ നേരിട്ടിട്ടുള്ള എല്ലാ പരിമിതികളും ഈ ചിത്രത്തിനുമുണ്ട്. കണ്ടു പഴകിയതെങ്കിലും കഥയെ പുനർനിർമ്മിക്കാനോ പുതുമയുള്ള രീതിയിൽ അവതരിപ്പിക്കാനോ എഴുത്തും സംവിധാനവും നിർവഹിച്ച വെങ്കട് പ്രഭുവിന് കഴിയുന്നില്ല. സംഗീതവും ഇടത്തരം മാത്രം. പ്രഭുദേവയും, പ്രശാന്തും, അജ്മൽ അമീറും, സ്നേഹയും എല്ലാം ഉൾക്കൊള്ളുന്ന താരനിര തങ്ങൾക്ക് ലഭിച്ചിട്ടുള്ള വേഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിജയ് മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ എല്ലാ ചിത്രങ്ങളിലെയും പോലെ ഈ ചിത്രത്തിലും “ഗാന്ധി തന്നെയാണ് രാഷ്ട്രപിതാവ്“ എന്നിങ്ങനെയൊക്കെയുള്ള ചില സംഭാഷണങ്ങളിലൂടെ വിജയ്, തന്റെ രാഷ്ട്രീയം വിളിച്ചു പറയുന്നുണ്ടെങ്കിലും, വിരസമായ സമീപനം മൂലം ഇത്തരം രാഷ്ട്രീയനിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ചിത്രമെന്ന നിലയിൽ അത് പരാജയപ്പെട്ടു പോയി.REPRESENTATIVE IMAGE | PHOTO : WIKI COMMONS
വിജയ്‌യുടെ രാഷ്ട്രീയപ്രവേശനത്തിന് ശേഷം, അദ്ദേഹം അഭിനയത്തിനോട് വിട പറയുമ്പോൾ, ഒരുപക്ഷേ പുലർച്ചെ നാല് മണിക്ക് ഇത്രയും തിയേറ്ററുകളെ നിറച്ച് രണ്ട് സംസ്ഥാനങ്ങളിൽ പ്രദർശനം നടത്തുവാൻ മറ്റൊരു താരത്തിനും ഇനി കഴിഞ്ഞെന്നു വരില്ല. ഇങ്ങനെ ഒരു സിനിമാ പ്രദർശനം തന്നെ ചരിത്രം മാത്രമായി മാറിയേക്കാം. സിനിമയ്ക്ക് ലഭിക്കുന്ന അഭിപ്രായം നല്ലതോ മോശമോ ആവട്ടെ, ജനങ്ങളെ എന്നും തീയേറ്ററിലേക്ക് ഒഴുകിയെത്തിക്കുവാൻ പോന്നൊരു മാജിക്, വിജയ് എന്ന താരത്തിന്റെ പക്കലുണ്ട്. ആ ഒരു മാജിക് വിജയ് ഇന്നും ആവർത്തിക്കുകയാണ്.
ഒറ്റിറ്റി പ്ലാറ്ഫോമുകളുടെ പ്രചാരത്തിനു ശേഷം സിനിമ കാണുവാൻ ജനം തീയേറ്ററിലേക്ക് പോവുന്നതിൽ പൊതുവെ കുറവ് വന്നതും,മികച്ച പ്രചാരണവും നല്ല അഭിപ്രായങ്ങളും കേൾക്കുമ്പോൾ മാത്രമാണ് ജനങ്ങൾ തിയേറ്ററിൽ സിനിമ കാണാൻ ഒറ്റയ്ക്കും, കൂട്ടുകാർക്കൊപ്പവും, കുടുംബത്തോടൊപ്പവുമൊക്കെ പോവുന്നത് എന്നതൊന്നും വിജയ് എന്ന നടന് ബാധകമല്ല. മികച്ച ഒരു സിനിമയോട് കൂടി സിനിമയോട് വിട പറയണമെന്നാണ് വിജയ്‌യുടെയും അദ്ദേഹത്തിന്റെ ആരാധകരുടെയും ആഗ്രഹം. വിജയ് വീണ്ടും സിനിമകൾ ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ അതിരാവിലെയുള്ള പ്രത്യേക പ്രദർശനങ്ങൾക്ക് നമുക്ക് വീണ്ടും സാക്ഷിയാകാം.