TMJ
searchnav-menu
post-thumbnail

TMJ Cinema

ദ ഹണ്ട് ഫോര്‍ വീരപ്പന്‍: അര്‍ദ്ധ സത്യങ്ങളുടെ ആകെത്തുക

02 Sep 2023   |   7 min Read
റിബിന്‍ കരീം

പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിങ് ചാനലായ നെറ്റ്ഫ്‌ലിക്‌സ് ഇക്കഴിഞ്ഞ ഓഗസ്സ്‌റ് 4 ന് റിലീസ് ചെയ്ത 4 എപ്പിസോഡുള്ള ഡോക്യുമെന്ററി സീരീസ് ആണ് The Hunt for Veerappan അഥവാ വീരപ്പന്‍ വേട്ട. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത ഈ സീരീസ് 1989 മുതല്‍ 2004 ഒക്ടോബര്‍ 16 ന് സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ വനം കള്ളക്കടത്തുകാരനായ വീരപ്പന്‍ കൊല്ലപ്പെടുംവരെയുള്ള സത്യമംഗലം എംഎം ഹില്‍സ് മേഖലയിലെ അയാളുടെ കൃത്യങ്ങളും, രണ്ട് പതിറ്റാണ്ടോളം 250 കോടി രൂപ ചിലവില്‍ പ്രത്യേക ദൗത്യ സംഘങ്ങളും ഇന്ത്യന്‍ അര്‍ധസൈനിക വിഭാഗവും അയാളെ പിടികൂടാനായി നടത്തിയ ശ്രമങ്ങളും ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ 'നില' എന്ന ചിത്രത്തിന്റെ സംവിധാനവും 'ലൈഫ് ഓഫ് പൈ' എന്ന ഓസ്‌കാര്‍ ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂളില്‍ സഹസംവിധായകനുമായിരുന്നു സെല്‍വമണി സെല്‍വരാജ്. കിംബെര്‍ലി ഹസ്സെറ്റുമായി ചേര്‍ന്ന് അവഡേഷ്യസ് ഒറിജിനല്‍സിന്റെ ബാനറില്‍ അപൂര്‍വ്വ ബക്ഷിയും മോനിഷ ത്യാഗരാജനും ചേര്‍ന്നാണ് ഡോക്യു സിരീസിന്റെ നിര്‍മ്മാണം.

'ഒരു ഉണ്മയാന മനിതന്ക്ക് ഉയിര് കൊടുത്താവതു അവനെ കാപ്പാത്തണം, ആണാ ദ്രോഹം സെയ്തിട്ടാ അവന്‍ ഉയിരേ എടുക്ക നെനപ്പാര്' (കൂടെ നിക്കുന്നവനെ ജീവന്‍ കൊടുത്തും സംരക്ഷിക്കും, ചതിച്ചാല്‍ കൊന്നു കളയും) ഡോക്യൂമെന്ററി സീരീസിന്റെ ആദ്യ രംഗത്തില്‍ വീരപ്പനെ കുറിച്ചുള്ള അഭിപ്രായം ആരായുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ മുത്തുലക്ഷ്മി പറയുന്ന വാചകങ്ങളാണിത്. ഒട്ടുമിക്ക ഗ്യാങ്സ്റ്റര്‍, ക്രിമിനലുകളെ കുറിച്ച് ഇങ്ങനെ ഒരു വേര്‍ഷന്‍ സൂക്ഷിക്കുന്നവര്‍ ഉണ്ടാകാം. ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ് സുനോദ് വിവരിക്കുന്ന സീരീസില്‍ കര്‍ണാടക ഫോറസ്റ്റ് ഓഫീസര്‍ ബി കെ സിംഗ്, വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി, വീരപ്പന്‍ വിഹരിച്ചിരുന്ന ഗോപിനാദം ഗ്രാമത്തിലെ പ്രദേശ വാസികള്‍, വീരപ്പന്റെ ഗ്യാങിലെ മഹാലിംഗം, അന്‍പുരാജ്, സ്‌പെഷ്യല്‍ ടാസ്‌ക് ഓഫീസര്‍ ടൈഗര്‍ അശോക് കുമാര്‍ തുടങ്ങി നിരവധിപേര്‍ തങ്ങളുടെ ഓര്‍മ്മകളും, അനുഭവങ്ങളും, സീരീസിലുടനീളം പങ്കു വെക്കുന്നുണ്ട്.


Image: Netflix
മുത്തുലക്ഷ്മിയിലൂടെ ആരംഭിക്കുന്ന 'ഫോറസ്‌ററ് കിംഗ്' എന്ന ആദ്യ എപ്പിസോഡില്‍ വീരപ്പന്റെ വിവാഹം, എസ് ടി എഫ് ന്റെ രൂപീകരണം, എസ് ടി എഫ് തലവന്‍ പി ശ്രീനിവാസന്റെ ദാരുണമായ കൊലപാതകം തുടങ്ങിയവയാണ് പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബി കെ സിംഗിന്റെ അഭിപ്രായ പ്രകാരം വീരപ്പന്‍ കൊലപ്പെടുത്തിയ പി ശ്രീനിവാസ് ഒരു ഗാന്ധിയന്‍ ഫിലോസഫിയുടെ അനുഭാവി ആയിരുന്നു, ആളുകളെ റിഫോം ചെയ്ത് നേര്‍വഴിക്കു നടത്തുന്നതില്‍ അതീവ തല്പ്പരനായ ഒരാള്‍, എന്നാല്‍ മുത്തുലക്ഷ്മി അയാള്‍ കൊല്ലപ്പെടേണ്ട ആളായിരുന്നു എന്ന് തന്നെ ഇപ്പോഴും വിശ്വസിക്കുന്നതായി ഡോക്യൂമെന്ററി പറയുന്നു. ആദ്യ എപ്പിസോഡിലെ മറ്റൊരു പ്രധാന ഭാഗം. 65 മെട്രിക് ton സാന്‍ഡല്‍ വീരപ്പന്റെ പക്കല്‍ നിന്നും റൈഡ് ചെയ്ത സംഭവമാണ്, ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചന്ദന കടത്ത് വേട്ട ആയിരിക്കാം അതെന്നും സീരീസ് സമര്‍ഥിക്കുന്നുണ്ട്. 'മുഖ്യമന്ത്രിമാര്‍ക്ക് അന്തിയുറങ്ങാന്‍ കട്ടില്‍ ഉണ്ടാക്കാന്‍ ഉള്ള ചന്ദനത്തടികള്‍ നിങ്ങള്‍ക്ക് എടുക്കാമെങ്കില്‍, എന്റെ ആവശ്യത്തിന് എനിക്ക് എന്തുകൊണ്ട് എടുത്തു കൂടാ, ഞാന്‍ കാടിന്റെ മകന്‍ അല്ലെ'? എന്നാണു വീരപ്പന്റെ പ്രധാന ചോദ്യമായി അവരുടെ ഭാര്യ പറയുന്നതായി ഡോക്യൂമെന്ററി വിവരിക്കുന്നത്.

രണ്ടാമത്തെ എപ്പിസോഡായ 'ദി ബ്ലഡ് ബാത് ' ആരംഭിക്കുന്നത് പി ശ്രീനിവാസന്റെ കൊലപാതകത്തിന് ശേഷം വീരപ്പനെ പിടികൂടാനുള്ള സ്റ്റേറ്റിന്റേയും, പോലീസ്-എസ് ടി എഫ് സംഘത്തിന്റെയും ത്വര വര്‍ധിച്ച സാഹചര്യങ്ങളെ കുറിച്ചാണ്. 'എത്ര കോടി വേണമെങ്കിലും തരാം നിങ്ങള്‍ അയാളെ കീഴ്‌പ്പെടുത്തണം' എന്ന് ഗവണ്മെന്റ് പറഞ്ഞതായി ടൈഗര്‍ അശോക് കുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. വീരപ്പന്റെ തലയ്ക്കു സര്‍ക്കാര്‍ 20 ലക്ഷം വിലയിടുന്നു (1991), കര്‍ണാടക തമിഴ് നാട് ബോര്‍ഡറുകളില്‍ വീരപ്പന്റെ ചിത്രത്തോട് കൂടി 'വാണ്ടഡ്' പോസ്റ്ററുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പതിക്കുന്നുണ്ട്. പോലീസ് സൂപ്രണ്ട് ഹരികൃഷ്ണനെയും എസ് ഐ ഷക്കീല്‍ അഹമ്മദിനെയും വീരപ്പന്‍ മഹദേശ്വര ഹില്‍സില്‍ വെച്ച് കൊലപ്പെടുത്തിയത് ടൈഗര്‍ അശോക് കുമാര്‍ ഈ എപ്പിസോഡില്‍ വിവരിക്കുന്നുണ്ട്. അതോടൊപ്പം 1993 - ല്‍ റാംബോ ഗോപാലകൃഷ്ണനെയും പോലീസ് സംഘത്തെയും കൊള്ളി മലയില്‍ വെച്ച് വീരപ്പന്‍ ആക്രമിച്ച കഥ തമിഴ് നാട് സ്‌പെഷ്യല്‍ ടാസ്‌ക് ഓഫീസര്‍ എം അശോക് കുമാര്‍ വിവരിക്കുന്നുണ്ട്. മുത്തുലക്ഷ്മി പോലീസ് കസ്റ്റഡിയില്‍ ആകുന്നതടക്കം 1996 വരെയുള്ള വീരപ്പന്റെ ചെയ്തികളെയും, ശങ്കര്‍ ബിദ്ര എന്ന ബ്രില്യന്റ് ആയ അതെ സമയം വീരപ്പന്റെ അനുയായികള്‍ ഇന്നും ശത്രു ആയി കാണുന്ന പോലീസ് ഓഫീസറിന്റെ എന്‍ട്രിയുമെല്ലാം രണ്ടാം എപ്പിസോഡിനെ കൂടുതല്‍ ആവേശകരമാക്കുന്നുണ്ട്.


Image: Twitter

പോലീസ് കസ്റ്റഡിയില്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് കണ്ണീരോടെ ആരംഭിക്കുന്ന മൂന്നാം എപ്പിസോഡില്‍ 1996 മുതല്‍ രണ്ടു വര്‍ഷത്തേക്ക് വീരപ്പനെ കുറിച്ച് വലിയ വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല, കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത മാത്രമായിരുന്നു അതെന്നു ബോധ്യപ്പെടുന്നത് പിന്നീടാണ്. ദി തമിഴ്‌നാട് ലിബറേഷന്‍ ആര്‍മിയുമായി വീരപ്പനുണ്ടായിരുന്ന ബന്ധം, വേലുപ്പിള്ള പ്രഭാകരന്‍ മുതല്‍ ചെഗുവേര വരെയുള്ള നേതാക്കളെ കുറിച്ച് അറിയാന്‍ കാരണമായതായി മാരന്‍ എന്ന ഒരു എക്‌സ് തമിഴ് മിലിറ്റന്റ് സീരീസിന്റെ മൂന്നാം ഭാഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

2000 ല്‍ ആയിരുന്നു ഏറ്റവും ഹൈ പ്രൊഫൈല്‍ ആയ തട്ടിക്കൊണ്ടുപോകല്‍. അത് കന്നഡത്തിലെ സൂപ്പര്‍സ്റ്റാറായിരുന്ന രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുവന്ന് തന്റെ താവളത്തില്‍ പാര്‍പ്പിച്ചതായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ സ്യൂട്ടുകളില്‍ മാത്രം ഉറങ്ങി ശീലിച്ച ആ സിനിമാതാരം കാട്ടിലെ കരിയിലപ്പുറത്ത് കിടന്നുറങ്ങിയത് ഒന്നും രണ്ടുമല്ല, 108 ദിവസം. കര്‍ണാടകത്തിന്റെ കള്‍ച്ചറല്‍ സിംമ്പല്‍ ആയ ജനകോടികളുടെ ഇഷ്ടതാരമായ രാജ്കുമാറിന്റെ തിരോധാനം കര്‍ണാടക-തമിഴ് നാട് സംസ്ഥാനങ്ങളില്‍ സൃഷ്ട്ടിച്ച രാഷ്ട്രീയ പ്രതിസന്ധിയും, അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ അടക്കമുള്ളവരുടെ പ്രതികരണങ്ങളും മൂന്നാം എപ്പിസോഡിന്റെ ഹൈലൈറ്റുകളാണ്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ജെന്നിഫര്‍ അരുള്‍, നക്കീരന്‍ ഗോപാലന്‍, ഫോട്ടോ ജേണലിസ്റ്റ് ശിവസുബ്രമണ്യന്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലും, ശേഷം രാജ്കുമാറിനെ വിട്ടയക്കുന്നത് വരെയുള്ള വിവരങ്ങളോട് കൂടി മൂന്നാമത്തെ എപ്പിസോഡിന് തിരശീല വീഴുന്നുണ്ട്.

നാലാമത്തെയും അവസാനത്തെയും എപ്പിസോഡ് ആയ 'ദി വേ ഔട്ട്' പൂര്‍ണമായും വീരപ്പനെ എസ് ടി എഫുകാര്‍ കൊലപ്പെടുത്തിയ ഓപ്പറേഷന്‍ കൊക്കൂണുമായി ബന്ധപ്പെട്ടത് ആണ്. 60 ശതമാനം കാഴ്ച നഷ്ടപ്പെട്ട വീരപ്പന് ചികിത്സ ലഭ്യമാക്കാമെന്നും ശ്രീലങ്കയില്‍ എല്‍ടിടി പ്രഭാകരനെ കാണാന്‍ വഴിയൊരുക്കാമെന്നും ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ശേഷിക്കുന്ന കാലം ജീവിക്കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി എസ് ടി എഫ് ദൗത്യസംഘം തന്ത്രപൂര്‍വ്വം ഒരുക്കിയ കെണിയില്‍ ധര്‍മപുരി ആശുപത്രിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ പാടി എന്ന സ്ഥലത്തുവച്ച് രാത്രിയില്‍ വീരപ്പനും സംഘാങ്ങങ്ങളും കൊല്ലപ്പെട്ടു എന്നാണു ഡോക്യൂമെന്ററി വിശദീകരിക്കുന്നത്. അന്ന് ആ ഓപ്പറേഷന് നേതൃത്വം നല്‍കിയ എസ് വിജയകുമാര്‍ ഐ പി എസ്സിന്റെ ചടുലവും, കൃത്യവുമായ നീക്കങ്ങള്‍, വീരപ്പന്റെ കൊലപാതകത്തിന് ശേഷം ഉണ്ടായ വിവാദങ്ങള്‍, മുത്തുലക്ഷ്മിയുടെ ഇനിയും അടങ്ങാത്ത സിസ്റ്റത്തിനോടുള്ള പക എല്ലാം ചേര്‍ന്നതാണ് നാലാമത്തെ എപ്പിസോഡ്.


Image: Twitter

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ My Octopus Teacher, 2016 ല്‍ പുറത്തിറങ്ങിയ '13TH', ഓഷോ യുടെ കഥ പറഞ്ഞ വൈല്‍ഡ് വൈല്‍ഡ് കണ്‍ട്രി, ഡല്‍ഹി ക്രൈം തുടങ്ങിയ ഗംഭീര ഡോക്യൂമെന്ററി സീരീസുകള്‍ നിര്‍മ്മിച്ച നെറ്റ്ഫ്‌ലിക്‌സ് വീരപ്പന്റെ സംഭവബഹുലമായ ജീവിത കഥയുമായി വരുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ പാതി വെന്ത ഒരനുഭവം മാത്രം ആണ് സീരീസ് സമ്മാനിച്ചത് എന്ന് പറയാതിരിക്കാനാകില്ല. ഒന്നാമതായി വീരപ്പനെ പിടികൂടാനുള്ള സാഹചര്യം വിവരിക്കുമ്പോള്‍ അയാളുടെ കഥ പറഞ്ഞു തുടങ്ങേണ്ടത് തൊണ്ണൂറുകളിലല്ല മറിച്ച് അയാളുടെ ജനനം മുതലാണ്. വീരപ്പന്റെ ജീവിതം വിശദീകരിക്കുമ്പോള്‍ വിട്ടു പോകാന്‍ പാടില്ലാത്ത രണ്ടു പേരുകള്‍ ഒന്ന് പേരുകേട്ട വേട്ടക്കാരനായ മലയൂര്‍ മമ്പട്ടി ആണെങ്കില്‍ രണ്ടാമത് സേതുകുടി ഗോവിന്ദന്‍ എന്ന തന്റെ ഓപറേഷനുകളുടെ തലവന്‍ കൂടിയായ വിശ്വസ്തനായ സഹായി ആണ്. ചെറുപ്പം മുതലേ വേട്ടയില്‍ താല്‍പ്പര്യം തുടങ്ങിയ വീരപ്പന്‍ ഒരു ഹീറോ ആയി കണ്ടിരുന്ന, കാട്ടില്‍ അന്ന് പ്രചരിച്ചിരുന്ന മലയൂര്‍ മമ്പട്ടി എന്ന കടുവ മുതല്‍ ആന വരെയുള്ള ജീവികളെ വേട്ടയാടി കൊണ്ടിരുന്ന മലയുര്‍ മമ്പാട്ടിനെ കുറിച്ച് ഡോക്യൂമെന്ററിയില്‍ യാതൊരു പരാമര്‍ശവും ഇല്ല. മലയൂര്‍ മമ്പട്ടിയെപ്പോലെ വന്യജീവികളെ സാഹസികമായി കൊല്ലുന്ന വേട്ടക്കാരനാവണം എന്ന് വീരപ്പന്‍ അതിയായി ആഗ്രഹിച്ചു, വീരപ്പന്റെ ഏറ്റവും വലിയ ഐഡന്റിറ്റികളില്‍ ഒന്നായ മീശ ഇദ്ദേഹത്തെ അനുകരിച്ചാണ് എന്നും കഥകളുണ്ടെന്നിരിക്കെ അത് ഒഴിവാക്കിയത് വലിയ പിഴവ് ആണ്. വീരപ്പന്റെ 'ദളപതി' എന്ന് തമിഴ് മക്കള്‍ പറയുന്ന സേതുകുടി ഗോവിന്ദനെ കുറിച്ചും വളരെ ചുരുക്കം പരാമര്‍ശങ്ങള്‍ മാത്രമേ ഡോക്യുമെന്ററിയില്‍ ഉള്ളു.

വീരപ്പന്‍ വേട്ടയുടെ പുറംലോകം അറിയാത്ത പല കഥകളിലേക്കും 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' കടക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കി കൊണ്ട് പുറത്തിറക്കിയ സീരീസില്‍ പക്ഷെ വീരപ്പനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത പല പ്രധാന സംഭവ വികാസങ്ങളും ഒഴിവാക്കി എന്ന് പറയേണ്ടി വരും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഒരഭിമുഖത്തില്‍ മുത്തുലക്ഷ്മി തന്റെ ഭര്‍ത്താവിനെ ഉപയോഗിച്ചുകൊണ്ട് ധനലാഭമുണ്ടാക്കിയ പ്രാദേശികരാഷ്ട്രീയക്കാരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്. വീരപ്പന്‍ ചന്ദനംവെട്ടിയും, ആനക്കൊമ്പൂരിയും സമ്പാദിച്ചു എന്നുപറയുന്ന ശതകോടികള്‍ ഒരിടത്തുനിന്നും കണ്ടെത്തപ്പെട്ടില്ല. ആ പണം എവിടെയാണ് എന്ന രഹസ്യം വീരപ്പനോടൊപ്പം മണ്ണടിഞ്ഞു. പൊലീസോ, കോടതിയോ ഒന്നും അതിനുള്ള ഉത്തരം തന്നില്ല. ഒരു കാരണവശാലും പത്തു കൊല്ലത്തിലധികം ഒരു പൊളിറ്റിക്കല്‍ സപ്പോര്‍ട്ട് ഇല്ലാതെ വീരപ്പന് ചന്ദനം കള്ളക്കടത്തും, തന്റെ ക്രിമിനല്‍ ആക്ടിവിറ്റികളും തുടരാന്‍ ആകില്ല എന്ന യാഥാര്‍ഥ്യം നില നില്‍ക്കെ ആരാണ് അയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രാഷ്ട്രീയ സൗഹൃദം എന്ന മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നതില്‍ ഡോക്യൂമെന്ററി പൂര്‍ണ പാരായജയമാണ്.

1997 ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്ന് കരുതി, സേനാനി, കൃപാകര്‍ എന്നീ രണ്ടു വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാരെ വീരപ്പന്‍ തട്ടിക്കൊണ്ടുപോകുന്നുണ്ട്. അവരെ തന്റെ കൂടെ 11 ദിവസം പാര്‍പ്പിച്ചു. അവരോട് പല കഥകളും പങ്കുവെച്ചു. കാട്ടിനുള്ളില്‍ പത്തിരുപത്തഞ്ച് കൊള്ളസംഘങ്ങളുണ്ടെന്നും, അവര്‍ ചെയ്യുന്ന കൊള്ളയും കൊലയും ഒക്കെ തന്റെ തലയിലാണ് കെട്ടിവെക്കപ്പെടുന്നത് എന്നും വീരപ്പന്‍ പറഞ്ഞതായി മോചിതരായ ശേഷം ഈ ഫോട്ടോഗ്രാഫര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തെ ആസ്പദമാക്കി അവര്‍ എഴുതിയ പുസ്തകമാണ് Birds, Beasts and Bandits: 14 Days with Veerappan. 1996 മുതല്‍ 1999 വരെ വീരപ്പന്‍ പതുങ്ങി ഇരുന്നു എന്ന് അവകാശപ്പെടുന്ന ഈ സീരീസ് ഇത്രയും സുപ്രധാനമായ ഒരു ഭാഗം എങ്ങനെ ആണ് കണ്ടില്ലെന്നു നടിക്കുന്നത്?


വീരപ്പന്‍ നക്കീരന്‍ ഗോപാലനോടൊപ്പം | Image: Twitter

ഒരേ സമയം വീരപ്പന്റെ ക്രൂര കൃത്യങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന സീരീസ് പലപ്പോഴും ജനകീയ നേതാക്കള്‍, ജനങ്ങളെ ആക്രമിക്കുന്ന അധികാരിവര്‍ഗം, വീരപ്പനെ തേടിയുള്ള അന്വേഷണത്തിന്റെ പേരിലുള്ള പ്രഹസനങ്ങള്‍, ആദിവാസികളും മറ്റു സാധാരണ ജനങ്ങളും നേരിടുന്ന സാമൂഹിക പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാതലായ വിഷയങ്ങളെ കേവലം മുത്തുലക്ഷ്മിയുടെ വാക്കുകളിലൂടെ ചുരുക്കുന്നുണ്ട്. വീരപ്പനെ പിടിക്കാനുള്ള അധികാരം വളരെ ഹീനമായി അവിടത്തെ സാധാരണ മനുഷ്യരുടെ മേല്‍ പ്രയോഗിക്കുകയായിരുന്നുവെന്ന് നക്കീരന്‍ ഗോപാല്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഈ നക്കീരന്‍ ഗോപാലനെ കേവലം ഒരു ഇന്റര്‍മീഡിയേറ്റ് ആയി ഒട്ടും പ്രാധാന്യം ഇല്ലാത്ത കഥാപാത്രമായാണ് സീരീസ് ചിത്രീകരിക്കുന്നത്. നക്കീരനെ കുറിച്ച് ഒരു എപ്പിസോഡ് മുഴുവന്‍ പറയാതെ നിങ്ങള്‍ക്ക് വീരപ്പന്റെ കഥ പറയാനാകില്ല എന്നിരിക്കെ ഇതെല്ലം കേവലം യാദൃശ്ചികമാണ് എന്ന് കരുതാന്‍ വയ്യ. വീരപ്പനെ പിടിക്കാന്‍ എന്ന പേരില്‍ റാംബോ ഗോപാലകൃഷ്ണന്‍ നടത്തിയ അങ്ങേയറ്റം ക്രൂരമായ കൃത്യങ്ങളില്‍ ബലാത്സംഗങ്ങള്‍ വരെ ഉണ്ടെന്നിരിക്കെ അതിനെയെല്ലാം ലഘൂകരിച്ചു കൊണ്ടുള്ള വിവരണം ഒട്ടും സ്വീകാര്യമായി തോന്നിയില്ല.

വീരപ്പന്റെ മരണത്തിന് ശേഷം ഉയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്കു ഒരു എസ് ടി എഫ് ഉദ്യോഗസ്ഥന്റെ ഉദാസീനതയോടെയുള്ള മറുപടിയില്‍ ആണ് ഡോക്യൂമെന്ററി അവസാനിക്കുന്നത്. ഒരു റിയല്‍ ഇന്‍സിഡന്റ് ഡോക്യൂമെന്ററി ആകുമ്പോള്‍ പാലിക്കേണ്ട രീതി ആണോ ഇത് എന്നത് ഒരു തര്‍ക്ക വിഷയം തന്നെ ആണ്. ഇങ്ങനെ ധാരാളം വിമര്‍ശനങ്ങള്‍ക്കൊപ്പം വീരപ്പനെ ഉപയോഗിച്ച് കൊണ്ടല്ലെ മറ്റ് പലരും രാഷ്ട്രീയ നേതാക്കളും, ഉദ്യോഗസ്ഥരടക്കം ചന്ദനക്കൊള്ള, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തിയത് എന്ന ചോദ്യത്തിന് യാതൊരു വിശദീകരണമില്ലാതെ, ദൗത്യസംഘത്തിന്റെ മിഷനിലേക്ക് മാത്രം ചുരുങ്ങുന്നതാണ് ദ ഹണ്ട് ഫോര്‍ വീരപ്പന്‍. ഒരു ത്രില്ലര്‍ സീരീസിന് വേണ്ട മേക്കിങ് എബിലിറ്റി, ടെക്‌നിക്കലി (ബാക്ഗ്രൗണ്ട് സ്‌കോര്‍ മുതല്‍ എഡിറ്റിങ് വരെ) സീരീസിനുണ്ടെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന 'വീരപ്പനെ കുറിച്ചുള്ള അറിയാ കഥകള്‍' അല്ല ഈ സീരീസ് എന്ന് പറയേണ്ടി വരും, മറിച്ച് സിസ്റ്റത്തെ, ഭരണകൂടത്തെ, തല്പര കക്ഷികളെ ഭംഗിയായി ഒഴിവാക്കി കൊണ്ടുള്ള അര്‍ദ്ധ സത്യങ്ങളുടെ ആകെത്തുകയാണ് ഈ പരമ്പര.



#cinema
Leave a comment