TMJ
searchnav-menu
post-thumbnail

TMJ Cinema

'നേരി-ന്റെ നിയമ വിചാരണ'

09 Feb 2024   |   6 min Read
പ്രേംലാല്‍ കൃഷ്ണന്‍

കോടതിയേയും പോലീസിനേയും യഥേഷ്ടം എടുത്തുപയോഗിക്കുന്ന ഒരിടമായി സിനിമകള്‍ മാറിയിട്ട് വര്‍ഷങ്ങളായി. അടുത്തിടെയായി കോടതിരംഗങ്ങള്‍ ധാരാളമായി ചിത്രീകരിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. കോടതിനടപടികള്‍ക്കും, ഉത്തരവുകള്‍ക്കും മാധ്യമങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യം തന്നെയാവണം അതിന് കാരണം. സിനിമയില്‍ പോലീസിന് നായക വേഷമല്ലെങ്കില്‍ വിഡ്ഢികളായോ, കൈകൂലിക്കാരായോ, വില്ലന്‍മാരായോ ആണ് ചിത്രീകരിക്കപ്പെടുന്നത്. മറിച്ച് പോലീസിന് നായകന്റെ വേഷം ആണെങ്കില്‍ അമാനുഷിക കഴിവുകളുള്ള, നിയമം കൈയ്യിലെടുക്കാന്‍ പോലും മടിക്കാത്ത അതിനീതിമാനായ സകലകലാവല്ലഭനായി മാറും. കോടതിയാണെങ്കില്‍ അല്ലറ ചില്ലറ തെളിവുകളോ അല്ലെങ്കില്‍ അതിന്റെ അഭാവമോ പറഞ്ഞ് സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന രീതിയില്‍ വിധി പറയുന്ന ഇടം എന്ന നിലയില്‍ തരം താഴ്ത്തപ്പെടും. 

സിനിമയില്‍ മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കാറുണ്ടെങ്കിലും കോടതി, പോലീസ് എന്നീ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കാവുന്ന രീതിയില്‍ ചിത്രീകരിക്കുന്ന സിനിമകള്‍ക്കെതിരെ അത്തരം രംഗങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിന് വേണ്ടിയോ, സിനിമയുടെ തന്നെ പ്രദര്‍ശനാനുമതി നിഷേധിക്കുന്നതിന് വേണ്ടിയോ ആരും കോടതികളെ സമീപിക്കാന്‍ മുതിരുന്നതായി പൊതുവെ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ അത്തരം സിനിമാ രംഗങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. 

ന്യൂജെന്‍ സിനിമകള്‍ വാദിക്കുന്നത് അവര്‍ യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന രീതിയിലാണ് സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്നാണ്. കാണികള്‍ക്ക് മുന്‍പില്‍ പക്ഷെ അത്തരം വാദമുഖങ്ങള്‍ പലപ്പോഴും പൊളിഞ്ഞുപോകാറാണ് പതിവ്. കെട്ടുറപ്പുള്ള തിരക്കഥയാണെങ്കില്‍ എല്ലാ തെറ്റുകുറ്റങ്ങളും ക്ഷമിച്ച് സിനിമ വിജയിപ്പിക്കുക എന്ന ദൗത്യം കാണികള്‍ കൃത്യമായി ചെയ്ത് വരുന്നുണ്ട്. ഈ അടുത്തിറങ്ങിയ സിനിമ 'നേരും' ഇതിനപവാദമല്ല. 

PHOTO: YOUTUBE
കോടതിയിലെ വിചാരണ പശ്ചാത്തലമാക്കി യാഥാര്‍ത്ഥ്യമെന്ന വ്യാജേന കാണികള്‍ക്ക് മുന്‍പില്‍ എത്തിച്ച 'നേരിലെ' ചില അസംബന്ധങ്ങള്‍ ഉദാഹരണമായി എടുക്കാം. ന്യായവ്യവസ്ഥയുടെ നേര്‍ക്കാഴ്ച എന്ന നിലയിലാണ് സിനിമ പൊതുവെ സ്വീകരിക്കപ്പെട്ടത്. മാത്രവുമല്ല കഥാപാത്രങ്ങള്‍, നിയമ വശങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നുമുണ്ട്. 'നേര്' നേരാണെന്ന തോന്നല്‍ പലരിലും ഉളവാക്കാന്‍ അത് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ സിനിമയിലെ അബദ്ധങ്ങള്‍ ഉദാഹരണമായി എടുക്കുന്നതിന് കാലികപ്രസക്തി ഉണ്ട് എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് നേരിനെ ഇവിടെ ഉദാഹരണമാക്കുന്നത്.

അന്ധയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നതും കുറ്റാരോപിതന്‍ രക്ഷപ്പെടുന്നതിന് വേണ്ടി നിയമ പഴുതുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും, വാദിഭാഗം അത്തരം ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ വിജയിക്കുന്നതും നടക്കുന്നുണ്ടെങ്കിലും, ഇരയുടെ തന്നെ അസാമാന്യ കഴിവ് കോടതിമുറിയില്‍ തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രതി ശിക്ഷിക്കപ്പെടുന്നതാണ് കഥാസാരം. യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും ശരിയായ ഗവേഷണത്തിന്റെ അഭാവം കാരണം പല അബദ്ധങ്ങളും വന്നുപെട്ടു.

പ്രതി പിടിക്കപ്പെടുന്നത് തെട്ടടുത്ത ദിവസം തന്നെയാണ്. ഇരയെ കണ്ടതുകൊണ്ട് മാത്രം ഒരു രാത്രി സുഹൃത്തിന്റെ വീട്ടില്‍ തങ്ങാന്‍ തീരുമാനിച്ച പ്രതിയെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ മെമ്മോ തയ്യാറാക്കും, സ്ഥലവും സമയവും തിയതിയുമുണ്ടാകും. തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്ക്, സംഭവദിവസം വേറെ പാര്‍ട്ടിയില്‍ പങ്കെടുക്കാനും, രാത്രി കിടക്കാനും അതുകഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ എത്താനും സമയം വേണം. പ്രതി പോയി എന്ന് പറയുന്ന സ്ഥലവും എയര്‍പോര്‍ട്ടും തമ്മിലുള്ള ദൂരം, എത്താനുള്ള സമയം എന്നിവ ഒന്നും തന്നെ കൊണ്ടുവരുവാന്‍ വാദിഭാഗം മുതിരുന്നില്ല.

PHOTO: YOUTUBE
ഇര ഉണ്ടാക്കിയ ആദ്യപ്രതിമ എവിടെ എന്നത് കാണികള്‍ക്ക് വിട്ടുകൊടുത്തു. തകര്‍ത്തതായി പറയുന്നില്ല. തകരാന്‍ സാധ്യത ഉള്ളതുകൊണ്ട് കസ്റ്റഡിയില്‍ എടുത്തില്ല എന്നതാണ് പോലീസിന്റെ ഭാഷ്യം. തികച്ചും സ്വീകാര്യമല്ലാത്ത വാദം. പ്രതിമക്ക് പകരം ഫോട്ടോ ചാര്‍ജ് ഷീറ്റില്‍ വെച്ചത് ആരോ ചാര്‍ജ്ഷീറ്റില്‍ നിന്ന് നീക്കം ചെയ്തുപോലും. നിസ്സാരമെന്ന് സിനിമക്കാരന്‍ പറയുന്ന ആ തെറ്റ് യാഥാര്‍ത്ഥ്യലോകത്തില്‍ നിസ്സാരമല്ല. പിന്നെ പ്രതിമ നശിക്കാത്തിടത്തോളം പ്രതിമ കോടതിയില്‍ ഹാജരാക്കപ്പെടാം അല്ലെങ്കില്‍ അതിന്റെ ഫോട്ടോ വീണ്ടും ഹാജരാക്കാം. അതിന് നിയമ തടസ്സങ്ങൾ ഇല്ല.   പക്ഷെ എന്തോ തടസ്സം ഉണ്ട് എന്ന മട്ടിലാണ് സിനിമ നീങ്ങുന്നത്.

കോടതി മുറയിൽ പ്രതിയെ തിരിച്ചറിയുന്ന ഒരു പ്രക്രിയ ഉണ്ട്. സാധാരണ എല്ലാ വാദിഭാഗം വക്കീലന്മാരും പരാതിക്കാരെ കൊണ്ടും സാക്ഷികളെ കൊണ്ടും ചെയ്യിക്കുന്നതാണിത്. സിനിമയിൽ പക്ഷെ ചർമ്മ സ്പർശനങ്ങൾ കൊണ്ട് ആളുകളെ തിരിച്ചറിയാൻ കഴിവുള്ള പരാതിക്കാരിക്ക് കോടതിക്ക് മുൻപാകെ പ്രതിയെ തിരിച്ചറിയാൻ ഉള്ള ഒരവസരം പോലും കൊടുക്കുന്നില്ല. അതേ സമയം പോലീസ് തിരിച്ചറിയൽ നടത്തുന്നുമുണ്ട് അത് കോടതിക്ക് മുൻപാകെ ഒരിക്കൽ കൂടി ചെയ്യേണ്ടതായിരുന്നു.

പ്രതിയുടെ മുഖഛായ ഉള്ള പ്രതിമ പരാതിക്കാരി തന്നെ നിർമ്മിച്ചതാണോ അല്ലയോ എന്ന് സംശയമുന്നയിച്ചാൽ, കോടതി നിർദ്ദേശിക്കുന്ന കമ്മീഷൻ മുമ്പാകെ മറ്റൊരു പ്രതിമ നിർമ്മിച്ച് പരാതികാരിക്ക് തൻ്റെ കഴിവ് തെളിയിക്കാം. അവളുടെ ഈ കഴിവാണ് വാദിഭാഗം ആദ്യം തെളിയിക്കാൻ ശ്രമിക്കുക. കാരണം "നേരിലെ കേസിലെ കഥാനായകൻ പരാതിക്കാരി നിർമ്മിക്കുന്ന പ്രതിമയാണ്.  ഉദ്വേഗം ജനിപ്പിക്കാൻ പ്രതിമ നിർമ്മാണം സിനിമയുടെ അവസാന ഭാഗത്തേക്ക് മാറ്റി വെച്ചു. പ്രതിമയുടെ മാതൃകക്ക് വേണ്ടി പ്രതിഭാഗത്തിൻ്റെ അപേക്ഷ പ്രകാരം പ്രതിഭാഗം വക്കീലിനെ തന്നെ ചുമതലപ്പെടുത്തി. പരസ്യമായി അയാളുടെ മുഖം സ്പർശിച്ച് ലക്ഷണം അറിയുന്നതിന് പകരം പ്രതിഭാഗം വക്കീലിനേയും പരാതിക്കാരിയേയും (അതും അന്ധയായ പെൺകുട്ടി) ഒരു മുറിയിൽ അടച്ചിട്ടു. ഇത് ഒരു ഇന്ത്യൻ കോടതിയും അനുവദിക്കില്ല. ഈ കലാപരിപാടി നടക്കുമ്പോൾ സാക്ഷികളായി വേറെ ആരേയും ആ മുറിയിൽ കാണുന്നില്ല. കുറഞ്ഞ പക്ഷം സിസിടിവി പോലുമില്ല. അതേ സമയം ഒരു പണിയും ഇല്ലാതെ സിനിമയിലെ ജഡ്ജി കസേരയിൽ ഇരുന്ന് ഉറങ്ങുകയാണ്.

കോടതിയിൽ തെളിവ് നൽകുന്നതും വിരുദ്ധങ്ങളായ രണ്ട് ചേരികളായി തിരിഞ്ഞ് വാദിക്കുന്നതും സത്യം കോടതിക്ക് ബോധ്യമാകാൻ വേണ്ടി മാത്രമാണ്. വാദിയുടേയും പ്രതിയുടേയും വക്കീൽ അവരുടെ കക്ഷികളുമായി താദാത്മ്യം പാലിക്കേണ്ടതില്ല. പ്രതിക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ പ്രതിയെ പോലെ തന്നെ ക്രിമിനൽ സ്വഭാവം ഉള്ളവനായിരിക്കും എന്ന വ്യംഗ്യം സിനിമയിലുണ്ട്. അതിനുവേണ്ടി പ്രതിഭാഗം വക്കീലിൻ്റെ പഴയ പശ്ചാത്തലവും വാദിഭാഗം വക്കീലിനെ കുടുക്കിയ അറുപഴഞ്ചൻ പ്രതികാര  കഥയും പറയുന്നു. അന്ധയായ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിക്കുവാനുള്ള പ്രതിഭാഗത്തിൻ്റെ പ്രയത്നം പ്രത്യേകിച്ച് പ്രതിമയുണ്ടാക്കാൻ വേണ്ടി മുന്നിലിരിക്കുന്ന നേരത്ത് ചെയ്യുന്ന കോപ്രായങ്ങൾ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന വക്കീൽ സമൂഹത്തിന് തന്നെ അപമാനമാകുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത് അതും മുതിർന്ന മകളുള്ള ഒരച്ഛൻ. പ്രതിക്ക് സ്വന്തം വക്കീൽ ഇല്ലെങ്കിൽ സർക്കാർ തന്നെ വക്കീലിനെ നിയമിച്ചു കൊടുക്കും അതിന് വ്യവസ്ഥയുണ്ട് കാരണം കോടതിക്രമങ്ങൾ സത്യം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ മാത്രമാണ്. അല്ലാതെ വാദി പ്രതി ഭാഗ വക്കീലന്മാരുടെ ജയപരാജയങ്ങൾ തീരുമാനിക്കാനുള്ള ഗോദോ അല്ല കോടതി മുറികൾ. പണം കൊടുക്കുന്നവന് വേണ്ടി എന്ത് നെറികേടും കാണിക്കലല്ല വക്കീലിൻ്റെ  ജോലി. അവർ കോടതിയിലെ ശമ്പളം വാങ്ങാത്ത ഉദ്യോഗസ്ഥർ ആണ്. അവരുടെ ഉത്തരവാദിത്വം കോടതിയോടാണ്. പ്രതിഭാഗത്തിന് വേണ്ടി വക്കാലത്ത് എടുക്കുന്നവർ ശരിയല്ല എന്ന് ഇത്തരം സിനിമകൾ കാണികൾക്ക് കൊടുക്കുന്ന ധ്വനികൾ നീതിന്യായ വ്യവസ്ഥയെ തന്നെ ബാധിച്ചേക്കാം.

PHOTO: YOUTUBE
ഇരയുടെ രണ്ടാനച്ഛന്‍ നിര്‍മ്മിച്ചതാവാം പ്രതിയുടെ മുഖഛായയുള്ള പ്രതിമ എന്നതാണ് പ്രതിയുടെ മറ്റൊരു വാദം. അതിന് പ്രതിക്ക് ഇരയുടെ കുടുംബവുമായി പ്രത്യേകിച്ച് ഇരയുടെ രണ്ടാനച്ഛനുമായി ഒരു പ്രതിമ നിര്‍മ്മിക്കാന്‍ തക്ക സമയത്തെ സമ്പര്‍ക്കം ഉണ്ടായിരുന്നു എന്ന് പ്രതിഭാഗത്തിന് തന്നെ സ്ഥാപിക്കേണ്ടതുണ്ട്. പരമോന്നത കോടതിയിലെ പ്രതിഭാധനനായ വക്കീലിന്റെ പക്ഷത്ത് നിന്നും അങ്ങനെ ഒരു ശ്രമം സിനിമയില്‍ കണ്ടില്ല. ആധുനീക രീതിയില്‍ തെളിവ് ശേഖരിക്കുന്ന രീതി,  പ്രത്യേകിച്ച് DNA, വിരലടയാളങ്ങള്‍ എന്നിവ മനഃപൂര്‍വ്വം സിനിമകാരന്‍ വേണ്ടെന്ന് വെച്ചു. ഇവിടെ പ്രതി അന്ധയായ കലാകാരി ആയതുകൊണ്ട് പ്രതിമയെങ്കിലും ഉണ്ടാക്കി. അവര്‍ വധിക്കപ്പെടുകയായിരുന്നുവെങ്കിലോ?.  ഇത്തരം കേസ് തെളിയാതെ ഫയലില്‍ ചിതലരിക്കുമായിരുന്നു എന്നാണോ സംവിധായകന്‍ ഉദ്ദേശിക്കുന്നത്? എന്നറിയില്ല. നമ്മുടെ പോലീസ് അത്രക്ക് കഴിവില്ലാത്തവര്‍ ആണെന്നാണോ വാദിക്കുന്നത്?  ഇതൊക്കെ കാണികളുടെ യുക്തിയെ ചോദ്യം ചെയ്യുന്നതാണ്.

ഇനി നിയമങ്ങളിലേക്ക് വരാം. കോടതിയില്‍ നുണ പറയുന്നതും കെട്ടിച്ചമച്ച തെളിവുകള്‍ ഹാജരാക്കുന്നതും കുറ്റകരമാണ്. പക്ഷെ അത്തരം കുറ്റകൃത്യം കോടതിക്ക് ബോധ്യപ്പെട്ടാല്‍ സിനിമയിലെ പോലെ വക്കീലിനെതിരെ കേസെടുക്കാന്‍ പറയുകയോ, ബാര്‍ കൗണ്‍സില്‍ അന്വേഷണം ഉത്തരവിടുകയോ അല്ല മറിച്ച് കോടതി അലക്ഷ്യം കാണിച്ച് അപ്പീല്‍ കോടതിയിലേക്ക് തന്റെ കണ്ടെത്തല്‍ റഫര്‍ ചെയ്യുകയാണ് ചെയ്യുക. അതാണ് നിയമം. അപ്പീല്‍ കോടതിക്ക് CRPC 340 അനുസരിച്ച് പരിധിയിലുള്ള മജിസ്‌ട്രേറ്റിനോട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിടാം. ഇത്തരം കേസുകളില്‍ വീണ്ടും പോലീസന്വേഷണത്തിന്റെ ആവിശ്യമില്ല. ഇങ്ങനെ ഒരു ഉത്തരവ് ലഭിച്ചാല്‍ പ്രതികളെ ഉടന്‍തന്നെ മജിസ്‌ട്രേറ്റ് കസ്റ്റഡിയില്‍ വാങ്ങും. ഈ നിയമവശങ്ങളുടെ ശരിയായ ഉപദേശമോ ഗവേഷണമോ ചെയ്യാന്‍ മെനക്കെടാതെയാണ് സിനിമ ഒരുക്കിയത്. സംവിധായകന് തോന്നിയ രീതിയില്‍ നിയമം സിനിമക്ക് വേണ്ടി മാറ്റുകയായിരുന്നു.

ചാര്‍ജ്ഷീറ്റില്‍ പറയാത്ത തെളിവുകള്‍ ഹാജരാക്കുന്ന രീതി നിയമ വ്യവസ്ഥയില്‍ പറയുന്നുണ്ട്. എതെങ്കിലും പെന്‍ഡ്രൈവില്‍ എടുത്ത് തോന്നിയത് പോലെ കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല തെളിവ്. വിദേശത്തുള്ള ഒരാളുടെ കാറില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എന്ന് വാദിഭാഗം വാക്കുകൊണ്ട് പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയില്ല. പ്രതിഭാധനനായ പ്രതിഭാഗം വക്കീല്‍ എന്ത് ഡിഫന്‍സ് ആണ് കൊണ്ട് വരാന്‍ ശ്രമിക്കുന്നത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതി സംഭവസ്ഥലത്ത് ആരോപിക്കപ്പെട്ട സമയത്ത് ഇല്ലായിരുന്നു എന്ന ഒരൊറ്റ സിദ്ധാന്തമാണ് മുഴച്ച് നിന്നത് എങ്കിലും വാതില്‍ മനഃപൂര്‍വ്വം തുറന്ന് കൊടുത്തു, പീഡനം എതിര്‍ത്തില്ല അതുകൊണ്ട് സമ്മതപ്രകാരം ആയിരുന്നു, ഒരു പക്ഷെ രണ്ടാനച്ഛന്‍ ആയിരിക്കാം പ്രതി എന്നൊക്കെ ഉള്ള ചില വാദമുഖങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഒരു തുടക്കക്കാരന്‍ വക്കീല്‍ ഇങ്ങനെ ഒക്കെ പലതും പറയാന്‍ ശ്രമിക്കും. പക്ഷെ  പരിചയ സമ്പന്നര്‍ അങ്ങിനെ ചെയ്യില്ല. അവര്‍ക്ക് കൃത്യമായ ഒരു ഡിഫന്‍സ് പ്ലാന്‍ ഉണ്ടാകും, അതില്‍ നിന്ന് വ്യതിചലിക്കില്ല. സമ്മതപ്രകാരമുള്ള ബന്ധപ്പെടലല്ല എന്ന് ഇര പറഞ്ഞാല്‍ കോടതിക്ക് അത് മുഖവിലക്ക് എടുക്കാനുള്ള ബാധ്യത ഉണ്ട്. മാത്രവുമല്ല ഉഭയകക്ഷി സമ്മതമാണ് ഡിഫന്‍സ് എങ്കില്‍ ആരോപിക്കപ്പെട്ട സംഭവത്തില്‍ പ്രതി പങ്കാളിയായിരുന്നു എന്ന് ആദ്യം സമ്മതിക്കേണ്ടി വരും അങ്ങിനെ വരുമ്പോള്‍ സമ്മത പ്രകാരമായിരുന്നില്ല എന്ന നൈയാമിക അനുമാനത്തെ (legal presumption) മറികടക്കുക എന്ന  വലിയ ഉത്തരവാദിത്തം കൂടി പ്രതിയുടെ തലയില്‍ വരും.

PHOTO: YOUTUBE
സാഹചര്യതെളിവുകളിലൂടെയും സയന്റിഫിക്ക് തെളിവുകളിലൂടെയും മാത്രം തെളിയിക്കപ്പെടുന്ന ആരോപണമാണ് പീഡനം. പൊതുവെ ദൃക്‌സാക്ഷികള്‍ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ DNA, ട്രൂത്ത് ഡ്രഗ്ഗ് പ്രയോഗം വിരലടയാളങ്ങള്‍ തുടങ്ങി അനവധി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് തെളിവുകള്‍ കൊണ്ടുവരുന്നത്. എന്നാല്‍ നേരില്‍ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ ഉണ്ടായിട്ടും തെളിവ് ശേഖരണത്തില്‍ പരാജയപ്പെടുന്നു എന്ന് മാത്രമല്ല വാദിഭാഗം വക്കീലിന് അന്വേഷണ ഉദ്യോഗസ്ഥന്റെ പണി കൂടി ചെയ്യേണ്ടി വരുന്നു. യാഥാര്‍ഥ്യലോകത്ത് അതിന്റെ ആവശ്യം വരുന്നില്ല. 

കേരളത്തിന് പുറത്ത് സ്ഥിരതാമസക്കാരനായ പ്രതിയുടെ പൂര്‍വ്വകാലകുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിക്കേണ്ട ചുമതല അന്വേഷണ ഉദ്യോഗസ്ഥന് ഉണ്ട്. അത് വക്കീല്‍ ഗുമസ്ഥന്റെ പണിയല്ല. നേരിലെ കേസില്‍ പ്രതിക്ക് പെട്ടന്ന് തന്നെ ജാമ്യം അനുവദിച്ച സ്ഥിതിക്ക് സമ്മര്‍ദ്ദമില്ലാതെ ചാര്‍ജ്ഷീറ്റ് തയ്യാറാക്കാന്‍ ഉദ്യോഗസ്ഥന് അവസരമുണ്ടായിരുന്നു. കസ്റ്റഡിയില്‍ ആയിരുന്നെങ്കില്‍ 90 ദിവസം എന്ന സമ്മര്‍ദം അന്വേഷണഉദ്യോഗസ്ഥന് ഉണ്ടാകുമായിരുന്നു.

സിനിമ എന്ന നിലയിലുള്ള സ്വാതന്ത്ര്യം സിനിമക്കാര്‍ക്ക് ഉപയോഗിക്കാം. പക്ഷെ പറയുന്നത് സാങ്കല്പികലോകത്തെ നിയമവ്യവസ്ഥയെ കുറിച്ചായിരിക്കണം. സിനിമയില്‍ ഇന്ത്യയിലെ നിയമ വശങ്ങള്‍ ഉപയോഗിക്കുകയും നിയമവശങ്ങള്‍ സിനിമയില്‍ ഉടനീളം ഉദ്ധരിക്കുയും ചെയ്യുന്നു എങ്കില്‍, വ്യവസ്ഥയുടെ ശരിയായ പ്രതിഫലനം കാണിക്കാനുള്ള ഉത്തരവാദിത്തം സംവിധായകന്‍ ഏറ്റെടുക്കേണ്ടതുണ്ട്. ഇത്തിരി നേര് ഒത്തിരി നുണകള്‍ എന്ന രീതിയില്‍ സിനിമ എടുക്കുന്നതിനോട് വിയോജിക്കേണ്ടിയിരിക്കുന്നു. ഒരു മുഴുനീള കോമിക്‌സ് ചിത്രകഥ പോലെ സിനിമയാകാം 'മിന്നല്‍ മുരളി' സ്പൈഡര്‍ മാന്‍' തുടങ്ങി രജനീകാന്തും, വിജയിയും മറ്റും അഭിനയിക്കുന്ന അമാനുഷിക ശക്തിമാനായ നായകരുടെ സിനിമകള്‍. കോമിക്‌സ് വായിച്ചിരുന്ന ലാഘവത്തോടെ കാണികള്‍ അത് കാണുകയും ആസ്വദിക്കുകയും ചെയ്യും. പക്ഷെ യാഥാര്‍ത്ഥ്യമാണ് എന്ന നിലയില്‍ മുന്നോട്ട് വെക്കുന്ന 'നേര്' പോലുള്ള സിനിമകള്‍ സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട്. അല്ലെങ്കില്‍ എല്ലാം വ്യാജമാണ് എന്ന് പറയാനുള്ള സാമാന്യ ബാധ്യതയെങ്കിലും കാണിക്കേണ്ടതുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ മായം ചേര്‍ക്കാന്‍ പാടില്ലാത്തതാണ് കാരണം ജനാധിപത്യത്തിന്റെ തൂണുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് നിയമവ്യവസ്ഥ. നിയമത്തിന്റെ അവബോധം സൃഷ്ടിക്കാന്‍ കഴിയുന്ന സിനിമകള്‍ അത് തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ വേണ്ടി പ്രത്യകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


#cinema
Leave a comment