
'കളംങ്കാവലി'ലെ മാസ്ക് ഓഫ് സാനിറ്റി; വേട്ടക്കാരന്റെ രണ്ട് മുഖങ്ങൾ;
സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, മമ്മൂട്ടിയും വിനായകനും നേർക്കുനേർ എത്തുന്ന 'കളംങ്കാവൽ' എന്ന ചലച്ചിത്രത്തിന്റെ ഉള്ളടക്കങ്ങളിലൂടെ ഒരു മനഃശാസ്ത്ര സഞ്ചാരം.
മുന്നറിയിപ്പ്: ഈ ലേഖനത്തിൽ 'കളംങ്കാവൽ' എന്ന സിനിമയിലെ നിർണ്ണായകമായ കഥാസന്ദർഭങ്ങളും ക്ലൈമാക്സും വിശദമായി പരാമർശിക്കുന്നുണ്ട്. സിനിമയുടെ ദൃശ്യാവിഷ്കാരവും, വിഷയം കൈകാര്യം ചെയ്തിരിക്കുന്ന രീതിയും ആഴത്തിൽ അറിയാൻ താല്പര്യമുള്ളവർ മാത്രം തുടർന്ന് വായിക്കുക.
ഇന്ത്യൻ ക്രൈം ഹിസ്റ്ററിയിലെ ഞെട്ടിക്കുന്ന ഏടുകളിൽ ഒന്നാണ് സയനൈഡ് മോഹൻ എന്ന സീരിയൽ കില്ലറുടെ ജീവിതം. സിനിമയിലും വെബ് സീരീസുകളിലും ഈ വിഷയം ഇതിനു മുൻപും ചർച്ചയായിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'ദഹാട്' (Dahaad) എന്ന സീരീസിലെ വിജയ് വർമ്മയുടെ പ്രകടനവും, 2025-ലെ 'ഭഗവാൻ ചാപ്റ്റർ വൺ: രാക്ഷസ്' എന്ന ചിത്രത്തിലെ ജിതേന്ദ്ര കുമാറിന്റെ വില്ലൻ വേഷവും ഇതിന് ഉദാഹരണങ്ങളാണ്. അനിർബൻ ഭട്ടാചാര്യയുടെ "The Deadly Dozen: India's Most Notorious Serial Killers" എന്ന പുസ്തകത്തിലൂടെയും, സ്വയം വാദിച്ച മോഹന്റെ വിധിന്യായങ്ങളിലൂടെയും ഈ കേസിന്റെ വിവരങ്ങൾ പലർക്കും സുപരിചിതമാണ്. 1എന്നാൽ, ഈ ശ്രേണിയിൽ നിന്നും 'കളംങ്കാവൽ' എന്ന ചിത്രം വേറിട്ടു നിൽക്കുന്നത് അത് മോഹന്റെ ജീവിതത്തിന്റെ വെറുമൊരു നേർപകർപ്പല്ല എന്നതുകൊണ്ടാണ്. മറിച്ച്, യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച, കുറ്റവാളിയുടെയും നിയമപാലകന്റെയും മാനസികാവസ്ഥകളെ കീറിമുറിക്കുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണിത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഹെർവി എം. ക്ലെക്ക്ലി (Hervey M. Cleckley) തന്റെ "The Mask of Sanity" എന്ന പ്രശസ്തമായ പുസ്തകത്തിൽ വിശദീകരിക്കുന്ന മാനസികാവസ്ഥയുടെ ക്ലാസിക്കൽ ഉദാഹരണമാണ് മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാൻലി ദാസ്. സമൂഹത്തിന് മുന്നിൽ തികച്ചും ശാന്തനും മാന്യനുമായി പെരുമാറുമ്പോഴും, ഉള്ളിൽ അങ്ങേയറ്റം ക്രൂരമായ അക്രമവാസന ഒളിപ്പിച്ചുവെക്കുന്ന ഒരു 'ഓർഗനൈസ്ഡ് സീരിയൽ കില്ലർ' ആണ് സ്റ്റാൻലി ദാസ്.
മമ്മൂട്ടി എന്ന നടന്റെ സൂക്ഷ്മമായ അഭിനയമാണ് ഈ വൈരുദ്ധ്യത്തെ വിശ്വസനീയമാക്കുന്നത്. സാധാരണ നിമിഷങ്ങളിലെ സൗമ്യതയിൽ നിന്നും, ഇരകളെ നോട്ടമിടുമ്പോഴും കൃത്യം നിർവഹിക്കുമ്പോഴും അയാളുടെ കണ്ണുകളിലും ശരീരഭാഷയിലും മിന്നിമറയുന്ന മാറ്റങ്ങൾ ഭയപ്പെടുത്തുന്നതാണ്. സീരിയൽ കില്ലറുകൾ തങ്ങളുടെ കൃത്യങ്ങൾ ഓർമ്മിക്കാൻ സൂക്ഷിക്കുന്ന 'ഫെറ്റിഷിസ്റ്റിക് ട്രോഫികൾ' (Fetishistic Trophies) എന്ന മനഃശാസ്ത്രപരമായ ഘടകത്തെ സംവിധായകൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഡയറിയിലെ കാരിക്കേച്ചറുകളിലൂടെയാണ്.
ഇരകളെ മനുഷ്യരായി കാണാതെ, തനിക്ക് നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയുന്ന വെറും 'വസ്തുക്കളായി' മാറ്റുന്ന ഒബ്ജെറ്റിഫിക്കേഷൻ രീതിയാണ് സ്റ്റാൻലിയുടേത്. കൊല്ലുന്ന നിമിഷം ലഭിക്കുന്ന അമിതാധികാരത്തെയും ആനന്ദത്തെയും വീണ്ടും വീണ്ടും അനുഭവിച്ചറിയാൻ ("Re-living the experience") അയാൾ ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കൊപ്പം സ്വന്തം ചിത്രവും, തന്നെ അന്വേഷിക്കുന്ന എസ്.ഐ ജയകൃഷ്ണന്റെ ചിത്രവും അയാൾ വരച്ചുചേർക്കുന്നത് പ്രേക്ഷകന് പുതിയൊരു വായന നൽകുന്നുണ്ട്.
സാധാരണ പൊലീസ് കഥകളിൽ നിന്ന് ഈ സിനിമയെ മാറ്റിനിർത്തുന്നത് വിനായകൻ അവതരിപ്പിച്ച എസ്.ഐ ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ സൈക്കോളജിക്കൽ ലെയറുകളാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, സ്റ്റാൻലി ദാസിനെപ്പോലെ തന്നെ തീവ്രമായ ഒരു 'സൈക്കോപതിക് ഇൻസ്റ്റിങ്ക്ട്' (Psychopathic Instinct) ജയകൃഷ്ണനിലുമുണ്ട്. അത് നിയമത്തിന്റെ ഭാഗത്ത് നിന്നുകൊണ്ട് എന്ന രീതിയിൽ, തനിക്ക് ഉന്മൂലനം ചെയ്യേണ്ടവർ എന്ന് തോന്നുന്ന കുറ്റവാളികൾക്കെതിരെ പ്രയോഗിക്കുന്നു എന്ന് മാത്രം. എസ്.പി യുമായുള്ള സംഭാഷണത്തിൽ, തന്റെ വീട്ടിലെ എലികളെ കൊന്നുതുടങ്ങിയ അനുഭവം ജയകൃഷ്ണൻ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ആദ്യം മടിയുണ്ടായിരുന്നെങ്കിലും, പിന്നീട് അതൊരു ലഹരിയായി മാറി എന്ന് അയാൾ പറയുമ്പോൾ, അക്രമത്തോടുള്ള അയാളുടെ നിർവികാരത (Desensitization) വെളിപ്പെടുന്നു. ക്ലൈമാക്സിൽ കുറ്റവാളികളെ 'എലികൾ' എന്ന് വിശേഷിപ്പിക്കുന്നതിലൂടെ അവരെ മനുഷ്യരല്ലാതാക്കി മാറ്റാനും (Dehumanization), അതുവഴി കൊലപാതകത്തിലെ കുറ്റബോധത്തെ ഇല്ലാതാക്കാനും ജയകൃഷ്ണന് സാധിക്കുന്നു.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
'നത്ത്' എന്ന വിളിപ്പേരും ഈ സ്വഭാവത്തോട് ചേർന്നുനിൽക്കുന്നു. സ്ട്രിജിഡേ കുടുംബത്തിൽപ്പെട്ട മൂങ്ങകളെയാണ് പൊതുവെ നത്ത് എന്ന് വിളിക്കുന്നത്. അവയുടെ പ്രധാന ആഹാരങ്ങളിൽ ഒന്ന് എലികളാണ്. രാത്രിയിൽ എലികളെ വേട്ടയാടുന്ന മൂങ്ങയെപ്പോലെ, സമൂഹത്തിലെ 'എലികളായ' കുറ്റവാളികളെ കൊലപ്പെടുത്തി, അവർ രക്ഷപ്പെട്ടുവെന്ന് വരുത്തിത്തീർക്കുന്ന രീതി അയാളിലെ നിയന്ത്രിതനായ സൈക്കോപ്പാത്തിനെ അഥവാ Controlled Psychopath'നെ കാണിച്ചുതരുന്നു. സിനിമയുടെ ക്ലൈമാക്സ് കേവലം പൊലീസും കള്ളനും തമ്മിലുള്ള പോരാട്ടത്തിനപ്പുറം, ഒരേ മാനസികാവസ്ഥയുള്ള രണ്ട് വേട്ടക്കാർ തമ്മിലുള്ള ഏറ്റുമുട്ടലായി മാറുന്നു. അതുവരെ സൈക്കോപതിക് വികാരങ്ങളെ ഒട്ടും പ്രദർശിപ്പിക്കാതെ നിയന്ത്രിച്ചു നിർത്തുന്ന ജയകൃഷ്ണൻ, സ്റ്റാൻലിയെ നേരിടുമ്പോൾ അക്രമാസക്തനാകുന്നു.
യഥാർത്ഥ മൂങ്ങകൾ എലികളെ വേട്ടയാടുന്നത് വിശപ്പ് മാറ്റാനാണെങ്കിൽ, ജയകൃഷ്ണൻ എന്ന 'നത്ത്' വേട്ടയാടുന്നത് തന്റെ ഉള്ളിലെ അക്രമവാസനയെ തൃപ്തിപ്പെടുത്താനാണ്. നിയമപാലകൻ എന്ന ചട്ടക്കൂട് പൊളിച്ചെറിഞ്ഞ്, സ്റ്റാൻലിയെപ്പോലെ തന്നെ ക്രൂരനായ മറ്റൊരു ഏപെക്സ് പ്രെഡേറ്റർ ആയി ജയകൃഷ്ണൻ മാറുന്നു. ആ നിമിഷത്തിൽ ജയകൃഷ്ണൻ അനുഭവിക്കുന്ന അഡ്രിനാലിൻ റഷ് സ്റ്റാൻലിയുടെ കൊലപാതക ലഹരിക്ക് സമാനമാണ്. ചുരുക്കത്തിൽ, നിയമത്തിന്റെ ഇരുവശങ്ങളിൽ നിൽക്കുമ്പോഴും, സ്റ്റാൻലിയും ജയകൃഷ്ണനും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചിത്രം സമർത്ഥിക്കുന്നു.
സിനിമയിലെ പഴയകാല തമിഴ് ഗാനങ്ങളുടെ റീ-ക്രിയേറ്റഡ് ടച്ചും അവയുടെ പ്ലേസ്‌മെന്റും മികച്ചുനിന്നു. തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന അപൂർവ്വമായ ഒരാചാരമാണ് 'കളംങ്കാവൽ'. ദാരികനെന്ന രാക്ഷസനെ നിഗ്രഹിക്കാൻ സാധിക്കാത്തതിലെ നിസ്സഹായതയിൽ നിന്ന് ഉടലെടുക്കുന്ന ഭദ്രകാളിയുടെ രൗദ്രഭാവത്തിലുള്ള നൃത്തമാണിത്. ഈ ചിത്രത്തിൽ, നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുന്ന സ്റ്റാൻലി ദാസ് എന്ന 'ദാരികനെ' ഉന്മൂലനം ചെയ്യാൻ സാധിക്കാത്ത നിസ്സഹായതയാണ് എസ്.ഐ ജയകൃഷ്ണനിലൂടെ പ്രതിഫലിക്കുന്നത്. ആ നിസ്സഹായതയിൽ നിന്നാണ് ജയകൃഷ്ണനിലെ രൗദ്രഭാവം ഉണരുന്നത്. ആചാരത്തിലെ വെളിച്ചപ്പാടിന്റെ ഉന്മാദത്തിന് സമാനമായ ഒരു 'Trance-like state' ആണ് കൊലപാതക നിമിഷങ്ങളിൽ ജയകൃഷ്ണനും സ്റ്റാൻലിയും പങ്കിടുന്നത്.
REPRESENTATIVE IMAGE | PHOTO : WIKI COMMONS
സ്ത്രീ കഥാപാത്രങ്ങൾക്ക് വേണ്ടത്ര ആഴമില്ല എന്നത് ഒരു പോരായ്മയായി തോന്നാമെങ്കിലും, മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അത് സിനിമയുടെ നരേറ്റീവ് ചോയ്സിനോട് ചേർന്നുപോകുന്നുണ്ട്. സ്റ്റാൻലിയും ജയകൃഷ്ണനും സ്ത്രീകളെയും ചുറ്റുമുള്ളവരെയും വെറും 'വസ്തുക്കളായി' കാണുന്നവരായതിനാൽ, അവരുടെ കാഴ്ചപ്പാടിലൂടെ സഞ്ചരിക്കുന്ന സിനിമയിൽ സ്ത്രീകൾക്ക് വലിയ പ്രാധാന്യമില്ലാത്തത് സ്വാഭാവികം. മമ്മൂട്ടിയെപ്പോലൊരു താരം വില്ലനായി എത്തുമ്പോൾ സംഭവിക്കാവുന്ന 'ഗ്ലോറിഫിക്കേഷൻ' ഈ സിനിമയിലില്ല എന്നത് അഭിനന്ദനാർഹമാണ്. സ്റ്റാൻലിയെ സഹതാപം അർഹിക്കാത്ത, വെറുക്കപ്പെടേണ്ട കുറ്റവാളിയായി തന്നെ നിലനിർത്താൻ സിനിമയ്ക്ക് കഴിഞ്ഞു. അതുപോലെ തന്നെ, സ്റ്റാൻലിയെ പിടികൂടുന്ന ജയകൃഷ്ണൻ ധാർമ്മികമായി ശരിയായ സ്ഥാനത്താണ് നിൽക്കുന്നതെന്നും സിനിമ പറയുന്നില്ല. മറിച്ച്, സ്റ്റാൻലിയുടെ അതേ മർഡറസ് മൈൻഡ് ഒളിപ്പിച്ചുവെക്കുന്ന മറ്റൊരു മിറർ ഇമേജ് മാത്രമാണ് ജയകൃഷ്ണൻ.
ഈ ലേഖനത്തിൽ 'സൈക്കോപ്പതി' എന്ന പദം ഉപയോഗിച്ചിരിക്കുന്നത് സിനിമകളിലും സാഹിത്യത്തിലും കണ്ടുവരുന്ന ക്ലാസിക്കൽ അർത്ഥത്തിലാണ്. എന്നാൽ ഡി.എസ്.എം-5 (DSM-5) പോലുള്ള ആധികാരിക റഫറൻസുകൾ പ്രകാരം, 'സൈക്കോപ്പതി' എന്നത് നിലവിൽ ഒരു ഔദ്യോഗിക രോഗനിർണ്ണയമല്ല. പലപ്പോഴും 'ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ' (ASPD) എന്ന അവസ്ഥയുമായാണ് ഇതിനെ ബന്ധിപ്പിക്കാറുള്ളത്. എന്നാൽ ഇവയെല്ലാം ഒന്നാണെന്ന് പറയാനാവില്ല. മാത്രമല്ല, സെക്ഷ്വൽ സാഡിസം, സ്കീസോഫ്രീനിയ തുടങ്ങിയ മറ്റ് അവസ്ഥകളുമായും ഇതിന് സാമ്യങ്ങളുണ്ടാകാം. അതിനാൽ, ഈ നിരീക്ഷണങ്ങൾ സിനിമ നൽകുന്ന സൂചനകളെ അടിസ്ഥാനമാക്കിയുള്ളവ മാത്രമാണെന്നും, ശാസ്ത്രീയമായ രോഗനിർണ്ണയമല്ലെന്നും ഓർമ്മപ്പെടുത്തുന്നു.


