മനംനിറച്ച കാഴ്ചകള്‍
1.പുരുഷപ്രേതം
ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ത് ഒരുക്കിയ പുരുഷപ്രേതം ഈ വര്‍ഷത്തെ ഇഷ്ടചിത്രങ്ങളിലൊന്നാണ്. അവകാശികളില്ലാത്തത് എന്നുറപ്പിച്ച ഒരു മൃതദേഹം മറവ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നതും പിന്നീട് ആ മൃതദേഹം തന്റെ ഭര്‍ത്താവിന്റേത് എന്നവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്ത് വരുന്നതുമാണ് ഒറ്റവാചകത്തില്‍ സിനിമ. അനാഥമൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനും സംസ്‌കരിക്കുന്നതിനും കൃത്യമായ നിയമങ്ങള്‍ ഇവിടെയുണ്ടെങ്കിലും അതിനാവശ്യമായത്ര ഭൗതികസൗകര്യങ്ങള്‍ ഇവിടെയില്ല എന്നതാണ് സത്യം. ഒരു മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചിലിലൂടെ പോലീസ് നടപടിക്രമങ്ങളെയും ഭരണകൂടമെന്ന യന്ത്രസംവിധാനത്തിന്റെ വീഴ്ചകളെയും അതിസൂക്ഷ്മമായി കൃഷാന്ത് അടയാളപ്പെടുത്തുന്നു. രണ്ട് പതിറ്റാണ്ടോളമായി ചെറുവേഷങ്ങളില്‍ മലയാളസിനിമയുടെ ഭാഗമായിരുന്ന പ്രശാന്ത് അലക്സാണ്ടറാണ് പ്രധാനകഥാപാത്രമായ സെബാസ്റ്റിയനെ അവതരിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നില്‍ ജഗദീഷുമുണ്ട്. ദേവകി രാജേന്ദ്രന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും തങ്ങളുടെ വേഷം ഭംഗിയാക്കിയാക്കിയിരിക്കുന്നു.
2.പ്രണയവിലാസം
സുനു എ വി, ജ്യോതിഷ് എം എന്നിവരുടെ തിരക്കഥയില്‍ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം എന്ന ചെറുചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. അച്ഛനും അമ്മയും കോളേജ് വിദ്യാര്‍ത്ഥിയായ മകനും അടങ്ങുന്ന കുടുംബം വര്‍ഷങ്ങളോളം ഒരുമിച്ചു താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാത്ത മനുഷ്യരുടെ ഒരു ചെറുകൂട്ടമാണ്. അവിചാരിതമായി അനുശ്രീ എന്ന സ്ത്രീ മരണപ്പെടുമ്പോളാണ് അവരെത്രത്തോളം ആ കുടുംബത്തെ ഒന്നിച്ചുനിര്‍ത്തിയിരുന്നു എന്ന് ഭര്‍ത്താവും മകനും മനസ്സിലാക്കുന്നത്. അധികം വൈകാതെ അവരുടെ ഡയറിയില്‍ നിന്നും അവര്‍ക്ക് തങ്ങളറിയാത്ത ഒരു ഭൂതകാലമുണ്ടെന്നറിയുന്ന അവര്‍ ആശ്ചര്യം കൊള്ളുന്നു. അമ്മയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു പ്രണയത്തിന്റെ തുടര്‍ച്ച തേടി അച്ഛനും മകനും നടത്തുന്ന യാത്രയാണ് ചലച്ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. അര്‍ജുന്‍ അശോകന്‍, മനോജ് കെ യു എന്നിവരുടെ അച്ഛന്‍ മകന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ഹക്കിം ഷാ, അനശ്വര രാജന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. പ്രശാന്ത് അലക്സാണ്ടറിനെപ്പോലെതന്നെ വര്‍ഷങ്ങളായി ചലച്ചിത്രങ്ങളുടെ ഭാഗമായിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതിരുന്ന ഹക്കിം ഷാ പ്രണയവിലാസത്തിലൂടെ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരിക്കുന്നു.
3.പാച്ചുവും അത്ഭുതവിളക്കും
ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും മോഹന്‍ലാലും തമ്മിലുള്ള കൂടിക്കാഴ്ചയെ ആസ്പദമാക്കി ഒരുക്കിയ ഗന്ധര്‍വ്വന്‍- ടു ലെജിന്‍ഡ്സ് ആന്‍ഡ് എ പെയിന്റിംഗ് എന്ന ചെറു ഡോക്യുമെന്ററിയാണ് അഖില്‍ സത്യന്റെതായി ആദ്യം കാണുന്നത്. പിന്നീട് ഫഹദ് ഫാസില്‍, വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, വിനീത്, ധ്വനി രാജേഷ് എന്നിവര്‍ അഭിനയിച്ച പാച്ചുവും അത്ഭുതവിളക്കും എന്ന ചലച്ചിത്രം കാണുമ്പോഴും മനസ്സില്‍ തോന്നിയത് അതിമനോഹരമായി ഫിക്ഷന്‍ എഴുതാന്‍ സാധിക്കുന്ന ഒരാളാണ് അഖില്‍ സത്യന്‍ എന്നാണ്. മൂന്ന് മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു ചിത്രം ബോറടിപ്പിക്കാതെ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നിരിക്കെ, കഥാപാത്രങ്ങള്‍ക്ക് കൃത്യമായ വ്യക്തിത്വം നല്‍കിക്കൊണ്ട് അത് സാധിച്ചെടുക്കുന്നു എന്നതാണ് ചിത്രത്തിന്റെ എഡിറ്റര്‍ കൂടിയായ അഖിലിന്റെ വിജയം. പറഞ്ഞുപഴകിയ ഒരു വിഷയത്തെ സരസമായി അവതരിപ്പിക്കാന്‍ തന്റെ ഡോക്യൂമെന്ററി കാലത്തെ അനുഭവങ്ങള്‍ അഖില്‍ സത്യന് മുതല്‍ക്കൂട്ടായിരിക്കും. ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷന്റെ സാരഥികളില്‍ ഒരാളായ വിജി വെങ്കടേഷും, ഹിന്ദി ചലച്ചിത്രമേഖലയിലെ മുതിര്‍ന്ന അഭിനേതാവായി മോഹന്‍ അഗാഷെയുമെല്ലാം, വളരെ സ്വാഭാവികമായി ഈ ചലച്ചിത്രയാത്രയില്‍ ഭാഗമാകുന്നു. തനിക്ക് പറയേണ്ട വിഷയം കൃത്യമായ ഉള്‍ക്കാഴ്ചയോടെ പ്രേക്ഷകരിലെത്തിക്കാന്‍ അഖില്‍ സത്യന് കഴിഞ്ഞിട്ടുണ്ട്.
4.കണ്ണൂര്‍ സ്‌ക്വാഡ്
യാഥാര്‍ഥ്യത്തിലൂന്നിക്കൊണ്ട് സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ മുതല്‍ക്കൂട്ട്. അഭിനേതാവ് കൂടിയായ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവര്‍ തിരക്കഥ രചിച്ച ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ്. ഒരു കുറ്റാന്വേഷണത്തിന്റെ ചടുലത നിലനിര്‍ത്തിക്കൊണ്ട് ഒരു സൂപ്പര്‍താരത്തിന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങള്‍ മെനഞ്ഞെടുക്കുമ്പോഴും, ചലച്ചിത്രത്തിന്റെ ഫോക്കസ് ഒരിക്കലും വ്യതിചലിക്കുന്നില്ല. കൃത്യമായ കാസ്റ്റിംഗും, കയ്യടക്കത്തോടെയുള്ള സംവിധാനമികവും കണ്ണൂര്‍ സ്‌ക്വാഡിനെ 2023 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നാക്കുന്നു. അസീസ് നെടുമങ്ങാട്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.
5. വിടുതലൈ പാര്‍ട്ട് 1
വെട്രിമാരന്‍ ചിത്രങ്ങള്‍ എല്ലാം തന്നെ കൊമേര്‍ഷ്യല്‍ സിനിമയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കുത്യമായ് രാഷ്ട്രീയം സംവദിക്കുന്നവയാണ്. പുതിയ ചിത്രമായ വിടുതലൈയും അതില്‍ നിന്ന് വ്യത്യസ്തമല്ല. രണ്ടുഭാഗങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം കുമരേശന്‍ എന്ന പോലീസ് ഡ്രൈവറുടെ കണ്ണിലൂടെ ഗോസ്റ്റ് ഹണ്ട് എന്ന പോലീസ് ഓപ്പറേഷന്‍ വിശദമാക്കുന്നു. മക്കള്‍പടൈ എന്ന വിമതസേനയുടെ നേതാവ് പെരുമാളിനെ അറസ്റ്റ് ചെയ്യുന്നതിനാണ് ഗോസ്റ്റ് ഹണ്ട് എന്ന പദ്ധതി രൂപം കൊടുത്തിരിക്കുന്നത്. ഇത്തരമൊരു ഓപ്പറേഷനില്‍ പങ്കെടുക്കുന്ന പോലീസുകാരുടെ കഷ്ടതകള്‍ കാണിച്ചുതുടങ്ങുന്ന ചിത്രം വൈകാതെ തന്നെ ഖനനമാഫിയക്ക് വേണ്ടിയാണ് ഭരണകൂടം ഇത്തരമൊരു ഇടപെടല്‍ നടത്തുന്നതെന്ന സത്യം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. സൂരി, ഗൗതം മേനോന്‍, രാജീവ് മേനോന്‍, വിജയ് സേതുപതി എന്നിവര്‍ ഒന്നിച്ച ചിത്രത്തില്‍ പൊതുജനങ്ങളുടെ കാഴ്ചയില്‍ നിന്നും മറച്ചുവെക്കപ്പെടുന്ന, ഭരണകൂടത്തിന്റെ ക്രൂരതകള്‍ തെളിവോടെ നമുക്ക് കാണിച്ചുതരുന്നു വെട്രിമാരന്‍. കൂടുതല്‍ മനസ്സുലക്കുന്നതാവും വിടുതലൈയുടെ രണ്ടാം ഭാഗമെന്ന് സൂചനകള്‍ നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്.
6. ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ്
2014 ല്‍ പുറത്തിറങ്ങിയ ജിഗര്‍ത്തണ്ടയുടെ അതേ മാതൃകയില്‍ തന്നെയാണ് ഒരു ദശാബ്ദത്തിന് ശേഷം പുറത്തിറങ്ങിയ സ്പിരിച്വല്‍ സീക്വലും പുരോഗമിക്കുന്നത്. ചലച്ചിത്രത്തിന്റെ കാലഘട്ടം പക്ഷെ എഴുപതുകളാണ്. തമിഴ് സിനിമയിലെ ആദ്യത്തെ കറുപ്പ്‌നിറ നായകനാവാന്‍ തുനിഞ്ഞിറങ്ങുന്ന അലിയസ് സീസര്‍ എന്ന റൗഡിയും സീസറിനെ വധിക്കുന്നതിനായി പോലീസ് നിയോഗിച്ച കിരുബായി ആരോഗ്യരാജും തമ്മിലാണ് ഇത്തവണ കിടമത്സരം. പക്ഷെ കഴിഞ്ഞ കുറച്ചുചിത്രങ്ങളിലായി കാര്‍ത്തിക് സുബ്ബരാജ് പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം ഏറ്റവും സുവ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന ചിത്രം എന്ന നിലയിലാണ് ജിഗര്‍ത്തണ്ട ഡബിള്‍ എക്‌സ് ആദ്യഭാഗത്തില്‍ നിന്നും വ്യത്യസ്തമാവുന്നത്. You don't choose art. Art chooses you എന്ന വാചകം പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ ഉതകുംവിധമാണ് കിരുബായി എന്ന കഥാപാത്രത്തെ കാര്‍ത്തിക് സുബ്ബരാജ് രൂപപ്പെടുത്തിയിരിക്കുന്നത്. ക്യാമറ എങ്ങനെ തോക്കുകളേക്കാള്‍ പ്രഹരശേഷിയുള്ള ആയുധമാകുന്നുവെന്നും ചലച്ചിത്രങ്ങള്‍ എങ്ങനെ ഒരു ജനതയെ മുഴുവന്‍ സ്വാധീനിക്കുന്നു എന്നും ചിത്രം അടിവരയിടുന്നു. എസ് ജെ സൂര്യ എന്ന പെര്‍ഫോര്‍മറെ നിഷ്പ്രഭമാക്കിക്കൊണ്ട് രാഘവ ലോറന്‍സ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് പുറത്തെടുക്കുമ്പോള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യേണ്ടിവന്ന രണ്ട് ആവറേജ് ചിത്രങ്ങള്‍ക്ക് ശേഷം, ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ തന്റെ ഫോമിലേക്ക് തിരികെയെത്തുന്നു കാര്‍ത്തിക് സുബ്ബരാജ്.
7 .ഗുഡ്‌നൈറ്റ്
കൂര്‍ക്കം വലി എങ്ങനെ ഒരു വൈവാഹികജീവിതത്തെ ബാധിക്കുന്നു എന്ന വിഷയത്തെ നര്‍മ്മത്തിന്റെ അകമ്പടിയോടെ എന്നാല്‍ വിഷയത്തിന്റെ ഗൗരവം ഒട്ടും ചോര്‍ന്നുപോകാതെ തന്നെ ആസ്വാദകസമക്ഷം എത്തിച്ചു എന്നതാണ് ഗുഡ് നൈറ്റ് എന്ന ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. മണികണ്ഠന്‍, മീത രഘുനാഥ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം പുതുമയാര്‍ന്ന അവതരണത്താല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. പുതുമുഖ സംവിധായകന്‍ വിനായക് ചന്ദ്രശേഖരനാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വൈകല്യങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ പലപ്പോഴും അത്ര നിര്‍ദോഷമല്ലാത്ത ഫലിതങ്ങളിലൂടെയോ അതിവൈകാരികതയിലൂടെയോ കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍, അതില്‍ നിന്നും വ്യത്യസ്തമായി തികച്ചും സ്വാഭാവികമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഗുഡ് നൈറ്റ് സഞ്ചരിക്കുന്നത്. രമേശ് തിലകും, ഭഗവതി പെരുമാളും ബാലാജി ശക്തിവേലും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കുന്നു. പ്രേക്ഷകരുടെ മനസ്സുനിറക്കുന്ന ഒരു കാഴ്ചാനുഭവം ഒരുക്കാന്‍ വിനായകിന് സാധിച്ചിട്ടുണ്ട്.
8.സപ്ത സാഗരദാച്ചേ എല്ലോ
ഹേമന്ത് എം റാവു സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി, രുക്മിണി വസന്ത് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ സപ്ത സാഗരദാച്ചേ എല്ലോ- സൈഡ് എ, സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് മാസത്തെ ഇടവേളയില്‍ പുറത്തുവന്ന പ്രണയചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയിരുന്നു. കഥാപാത്രങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതുമെല്ലാം പ്രധാന കഥാഗതിയാവുന്ന സാധാരണ ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി മനു, പ്രിയ എന്നീ കഥാപാത്രങ്ങളുടെ ലോകത്തിലേക്ക് നേരിട്ട് ഹേമന്ത് കാണികളെ കൂട്ടിക്കൊണ്ടുപോവുന്നു. അവര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ നനുത്ത നിമിഷങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോള്‍, ഒരിക്കല്‍ പോലും ആ കാഴ്ച ഒരു മെലോഡ്രാമയായി പരിണമിക്കുന്നില്ല എന്നത് ഹേമന്ത് എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ഉള്‍ക്കാഴ്ചയുടെ തെളിവാണ്.
തങ്ങളെ കാത്തിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ എത്ര ക്രൂരമാണെന്ന് അറിയാതെ സ്വന്തം ലോകത്തില്‍ സന്തുഷ്ടരായ പ്രിയയുടെയും മനുവിന്റെയും പ്രണയത്തെ അത്യധികം മിഴിവോടെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍ ഉതകുംവിധമാണ് ഗാനങ്ങളും എഡിറ്റിങ്ങും എല്ലാം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
സൈഡ് ബിയില്‍ മനുവിന്റെയും പ്രിയയുടെയും ജീവിതത്തിന് വലിയതോതിലുള്ള വ്യതിയാനം സംഭവിക്കുന്നുണ്ട്. അതിനു യോജിച്ച രീതിയില്‍, സിനിമയുടെ കളര്‍ ടോണും ദൃശ്യങ്ങളും സംഗീതവും ട്രീറ്റ്മെന്റുമെല്ലാം പരിവര്‍ത്തനം ചെയ്യപ്പെടുന്നു. പക്ഷെ കാണികള്‍ക്ക് ബോധപൂര്‍വം അത് തിരിച്ചറിയാനുള്ള സാവകാശം ലഭിക്കും മുന്‍പ് തന്നെ അവര്‍ കഥാപാത്രങ്ങള്‍ക്കൊപ്പമുള്ള യാത്രയില്‍ മുഴുകിപ്പോവുന്നു. കഥയുടെ ഗതിവേഗം കൂട്ടാന്‍ എല്ലാ സാഹചര്യവും ഉണ്ടായിട്ടും സ്വാഭാവികമായി ഒരു കഥ വികസിക്കാന്‍ അനുവദിക്കുന്നു ഹേമന്ത്. വളരെ മനോഹരമായി എഴുതിച്ചേര്‍ത്ത രംഗങ്ങള്‍ ഏറെക്കാലം നമുക്കൊപ്പം സഞ്ചരിക്കുമെന്നത് തീര്‍ച്ച.
9.12th fail
നാല്പത് വര്‍ഷം നീണ്ട കരിയര്‍ സ്വന്തമായുള്ള ഒരു സംവിധായകന്‍ തന്റെ ക്രാഫ്റ്റിനെ അടയാളപ്പെടുത്തിയിരുന്ന എല്ലാ സവിശേഷതകളെയും പുതുക്കിപ്പണിയുന്നത് കാണാം വിധു വിനോദ് ചോപ്രയുടെ ട്വല്‍ത് ഫെയില്‍ എന്ന ചിത്രത്തില്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരായ മനോജ് കുമാര്‍, ശ്രദ്ധ ജോഷി എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രം ഒരു അണ്ടര്‍ഡോഗ് സ്റ്റോറിയാണ്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് ലക്ഷ്യത്തിലെത്തുന്ന നായകന്റെ കഥയില്‍ പക്ഷെ ഒരിക്കല്‍ പോലും കൃത്രിമമായ രംഗങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടില്ല വിധു വിനോദ് ചോപ്ര.
വളരെ ആഴമുള്ള കഥാപാത്രനിര്‍മിതി, അതിനോട് നീതി പുലര്‍ത്തുന്ന അഭിനയപ്രകടനങ്ങള്‍ എല്ലാം കാഴ്ചക്കാരെ മനോജിന്റെയും ശ്രദ്ധയുടെയും ജീവിതത്തില്‍ പൂര്‍ണ്ണമായും മുഴുകാന്‍ പ്രേരിപ്പിക്കുന്നു. തന്റെ ക്രാഫ്റ്റിനെ അടിമുടി മാറ്റത്തിനു വിധേയമാക്കുക വഴി മാറുന്ന കാലത്തിലും പ്രസക്തി നഷ്ടപ്പെടാത്ത സംവിധായകനാകുന്നു വിധുവിനോദ് ചോപ്ര. ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ പലര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഒന്നാകും അത്. രംഗരാജന്‍ രാമഭദ്രന്റെ ഛായാഗ്രഹണവും ശന്തനു മൊയിത്രയുടെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. വിക്രാന്ത് മാസി, മേധാ ശങ്കര്‍ എന്നിവരുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കൂടിയാവുമ്പോള്‍ ഈ വര്‍ഷത്തെ അവിസ്മരണീയ കാഴ്ചകളില്‍ ഒന്നാവുന്നു ട്വല്‍ത് ഫെയില്‍.
10. കഠല്‍
ഉത്തര്‍പ്രദേശിലെ മോബ എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. എംഎല്‍എ മുന്നാലാല്‍ പട്ടേരിയയുടെ തോട്ടത്തില്‍ നിന്നും പതിനഞ്ച് കിലോയോളം തൂക്കം വരുന്ന രണ്ട് മലേഷ്യന്‍ ബ്രീഡ് ചക്കകള്‍ മോഷണം പോയിരിക്കുന്നു. മുഖ്യമന്ത്രിക്ക് അച്ചാര്‍ ഉണ്ടാക്കാനായി നിര്‍ത്തിയിരുന്ന ചക്കകള്‍ മോഷണം പോയതോടെ തന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് ആശങ്കാകുലനായ എംഎല്‍എ ഏത് വിധേനയും മോഷണം പോയ മലേഷ്യന്‍ ബ്രീഡ് ചക്കകള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണത്തിനുത്തരവിടുന്നു. മഹിമ ബസോര്‍ എന്ന ഉദ്യോഗസ്ഥയ്ക്കാണ് അന്വേഷണചുമതല. ഈ കേസ് രജിസ്റ്റര്‍ ചെയ്താല്‍ നാളെ കാരറ്റും ഉള്ളിയും ഒക്കെ മോഷണം പോയി എന്നുള്ള പരാതികളും നമ്മള്‍ അന്വേഷിക്കേണ്ടിവരില്ലേ എന്ന് ചോദിക്കുന്ന മഹിമ മുഖ്യധാര സിനിമയിലെ നായികമാരില്‍ നിന്നും വ്യത്യസ്തയാണ്. ആക്ഷേപഹാസ്യത്തിലൂടെ സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ പ്രേക്ഷകരിലെത്തിക്കാന്‍ നവാഗതസംവിധായകനായ യശോവര്‍ധന്‍ മിശ്രക്ക് കഴിഞ്ഞിട്ടുണ്ട്. പിതാവ് അശോക് മിശ്രയാണ് തിരക്കഥയില്‍ യശോവര്‍ദ്ധന്റെ പങ്കാളി. ശ്യാം ബെനഗലിനു വേണ്ടി തിരക്കഥകള്‍ എഴുതിയിട്ടുള്ള അശോക് മിശ്രയുടെ എഴുത്തിന്റെ മൂര്‍ച്ച വര്‍ഷങ്ങള്‍ക്ക് ശേഷവും ഒട്ടും കുറഞ്ഞിട്ടില്ല. നീണ്ട ഇടവേളക്ക് ശേഷം രാജ്പാല്‍ യാദവിനെ അഭിനയപ്രാധാന്യമുള്ള ഒരു വേഷത്തില്‍ കാണാനായി എന്നതും സന്തോഷം നല്‍കുന്നു. ദംഗല്‍, ഫോട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ നിരൂപകപ്രശംസ നേടിയ സാനിയ മല്‍ഹോത്രയാണ് മഹിമയെ അവതരിപ്പിച്ചിരിക്കുന്നത്.
11. മസ്ത് മേ രെഹനെ കാ
വി എസ് കാമത്ത്, പര്‍കാഷ് കൗര്‍ ഹന്ദ. ഒരാള്‍ കന്നഡിഗ, ഒരാള്‍ പഞ്ചാബി. രണ്ട് പേരും പുറത്തുനിന്നും മുംബൈയില്‍ എത്തിച്ചേര്‍ന്നവര്‍. സെന്‍ട്രല്‍ റയില്‍വേയില്‍ ജോലി ചെയ്തിരുന്നവര്‍. പക്ഷെ അതിലുപരിയായി അവരെ ഒന്നിച്ചുനിര്‍ത്തുന്ന ഒന്നുണ്ട്. രണ്ടുപേരുടെയും വീടുകളില്‍ നടക്കുന്ന മോഷണം. മോഷ്ടാവ് ഒരാള്‍ തന്നെ. വിചിത്രമെന്ന് തോന്നാവുന്ന ഈ സാഹചര്യത്തെ വളരെ മനോഹരമായ ഒരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നു സംവിധായകന്‍ വിജയ് മൗര്യ. നടനായും തിരക്കഥാകൃത്തായും പരസ്യചിത്രസംവിധായകനായും രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് വിജയ് മൗര്യയ്ക്ക്. മുംബൈ നഗരത്തിന്റെ എല്ലാ ഭാവതലങ്ങളും കൃത്യമായി ചിത്രത്തില്‍ സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ജാക്കി ഷറോഫും നീന ഗുപ്തയുമാണ് കാമത്തിനെയും പര്‍കാഷ് കൗറിനെയും അവതരിപ്പിക്കുന്നത്. തീര്‍ത്തും സ്വാഭാവികമായ ചലനങ്ങളോടെ വേഗതയുടെ ലോകത്തുനിന്നും ബഹിഷ്‌കൃതരായ രണ്ട് വയോധികരെ അവര്‍ ഭംഗിയാക്കിയിരിക്കുന്നു. അവരുടെ കഥയ്ക്ക് സമാന്തരമായി തന്നെ സഞ്ചരിക്കുന്നതാണ് അഭിഷേക് ചൗഹാന്റെയും മോണിക്ക പന്‍വാറിന്റെയും കഥാപാത്രങ്ങള്‍. കൃത്യമായൊരു കഥാഗതിയെന്നതിലുപരിയായി, ഓരോ സാഹചര്യങ്ങളിലൂടെയുള്ള രസകരമായ സഞ്ചാരമാണ് ചലച്ചിത്രത്തിലുടനീളം, അപ്പോഴും രസച്ചരട് മുറിയാതെ കഥാപാത്രങ്ങളോരോന്നും അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നു. ആകസ്മികമായി വാര്‍ദ്ധക്യത്തില്‍ രൂപം കൊള്ളുന്ന സൗഹൃദം ഏകാകികളായ രണ്ട് പേരെ എങ്ങനെ പ്രസാദമതികളാക്കുന്നു എന്ന് വിജയ് മൗര്യ ചിത്രത്തിലൂടെ കാണിച്ചുതരുന്നു.
12. ഓപ്പന്‍ഹൈമര്‍
ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നൊലാന്‍ പുതിയ സിനിമ അനൗണ്‍സ് ചെയ്തത് മുതല്‍ ഓപ്പന്‍ഹൈമര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിനായി കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അവിസ്മരണീയമായ ഒരു സിനിമാ അനുഭവം പകര്‍ന്നുനല്‍കാന്‍ നൊലാന് സാധിച്ചു. കിലിയന്‍ മര്‍ഫി, റോബര്‍ട്ട് ഡൗണി ജൂനിയര്‍, മാറ്റ് ഡേമണ്‍, എമിലി ബ്ലണ്ട്, ഫ്‌ലോറന്‍സ് പ്യൂ, കേസി അഫ്‌ലക്ക്, റാമി മലേക് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഓപ്പന്‍ഹൈമര്‍ ത്രില്ലര്‍ സ്വഭാവം ഉടനീളം പുലര്‍ത്തുന്ന ഒരു ജീവചരിത്രസിനിമയാണ്. നോലാനൊപ്പം മുന്‍പ് പല ചിത്രങ്ങളിലും സഹകരിച്ചിട്ടുള്ള കിലിയന്‍ ആദ്യമായി ഒരു നോലാന്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. വളരെ സങ്കീര്‍ണ്ണതകളുള്ള കഥാപാത്രത്തെ തികഞ്ഞ മികവോടെ അയാള്‍ അവതരിപ്പിച്ചിരിക്കുന്നു. സങ്കീര്‍ണ്ണമായ ശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പോലും ചിത്രം ഒരിക്കലും ദുര്‍ഗ്രഹമാവുന്നില്ല. സ്വീഡിഷ് സംഗീതജ്ഞനായ ലുഡ്വിഗ് ഗോറാന്‍സന്റെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ആസ്വാദനക്ഷമതയില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പക്ഷെ ഏറ്റവും സന്തോഷം നല്‍കുന്നത് ലൂയിസ് സ്‌ട്രോസ് എന്ന അറ്റോമിക് എനര്‍ജി കമ്മീഷന്‍ മെമ്പറുടെ വേഷത്തിലെ റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പ്രകടനമാണ്. 2008 മുതല്‍ ഇങ്ങോട്ട് ടോണി സ്റ്റാര്‍ക് / അയണ്‍മാന്‍ എന്ന ഒറ്റ വേഷത്തില്‍ കുരുങ്ങിക്കിടന്ന വര്‍ഷങ്ങളില്‍ അയാളിലെ അഭിനേതാവ് എവിടെയോ നഷ്ടപ്പെട്ടുപോയെന്ന അഭിപ്രായം കാഴ്ചക്കാര്‍ക്കിടയില്‍ രൂപം കൊണ്ടിരുന്നു. പക്ഷെ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിക്കൊണ്ട് ലൂയിസ് സ്‌ട്രോസിന്റെ വേഷം അയാള്‍ അവിസ്മരണീയമാക്കി. സ്‌ക്രീന്‍ ടൈം താരതമ്യേന കുറവാണെങ്കില്‍ കൂടിയും കഥാഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ റാമി മലേക്കിന്റെയും ഫ്‌ലോറന്‍സ് പ്യൂവിന്റെയും കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്ന് മണിക്കൂറോളം വരുന്ന ഒരു ആര്‍ റേറ്റഡ് ചിത്രം നേടിയ ഐതിഹാസികവിജയം കണ്ടന്റ് ഡ്രിവണ്‍ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നു.
13. ആസ്റ്ററോയിഡ് സിറ്റി
സവിശേഷമായ ദൃശ്യഭാഷയാല്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് വെസ് ആന്‍ഡേഴ്‌സണ്‍. പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍, വ്യത്യസ്തമായ അനുപാതങ്ങളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഫ്രെയിമുകള്‍. മനോഹരമായ പശ്ചാത്തലസംഗീതം. ഒരു ദൃശ്യം കണ്ടാല്‍ അതൊരു വെസ് ആന്‍ഡേഴ്‌സണ്‍ ചിത്രത്തിലേതെന്ന് നിസ്സംശയം പറയാന്‍ കഴിയുംവിധം പ്രേക്ഷകമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ട്രെന്‍ഡായിരുന്നു വെസ് ആന്‍ഡേഴ്‌സണ്‍ ചിത്രങ്ങളുടെ മാതൃകയില്‍ ഷൂട്ട് ചെയ്യുന്ന റീല്‍ വീഡിയോകള്‍. ഈ വര്‍ഷം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒന്നിലധികം സൃഷ്ടികള്‍ പുറത്തുവരികയുണ്ടായി. ആസ്റ്ററോയിഡ് സിറ്റി എന്ന ചലച്ചിത്രമായിരുന്നു അതില്‍ ആദ്യത്തേത്. റോള്‍ഡ് ഡാലിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സിനായി നിര്‍മ്മിച്ച നാല് ചെറുചിത്രങ്ങള്‍ പുറകെ വന്നൂ. വെസ് ആന്‍ഡേഴ്‌സണ്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നയാളെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്ന ഒന്നായിരുന്നു അത്.
ആസ്റ്ററോയ്ഡ് സിറ്റി എന്ന ചലച്ചിത്രം തന്നെ അതില്‍ കൂടുതല്‍ ഇഷ്ടമായത്. ഇതിനു മുന്‍പ് ചെയ്ത ചലച്ചിത്രം ഫ്രഞ്ച് ഡിസ്പാച്ചിലെപോലെ തന്നെ അവിശ്വസനീയം എന്ന് തോന്നാവുന്ന ഒരു കഥാപരിസരത്തെ ബ്രഷ് സ്‌ട്രോക്കുകള്‍ പോലുള്ള ദൃശ്യങ്ങള്‍ വഴി കാഴ്ചക്കാരുടെ മനസ്സിലെത്തിക്കുന്നു വെസ്. എല്ലാ ചിത്രങ്ങളിലുമെന്ന പോലെ ഒരു വന്‍ താരനിര ഇത്തവണയുമുണ്ട്. അവര്‍ക്കോരോരുത്തര്‍ക്കും കൃത്യമായ വ്യക്തിത്വമുണ്ട്. സ്വകാര്യ ദുഃഖങ്ങളുണ്ട്. അവ പ്രകടിപ്പിക്കുന്നതില്‍ അവരാരും വിദഗ്ധരുമല്ല. ചിത്രത്തില്‍ ഒരിടത്ത് ഞങ്ങളെ സഹായിക്കാതിരിക്കൂ, ഞങ്ങള്‍ ദുഖത്തിലാണെന്നു പറയുന്ന ജേസണ്‍ സ്വാര്‍ട്‌സ്മാനോട് മറുപടിയായി ടോം ഹാങ്ക്‌സിന്റെ കഥാപാത്രം പറയുന്നത്, ഞാനും ദുഖിതനാണെന്നാണ്. പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ അഗാധമായ ദുഃഖം അനുഭവിക്കുമ്പോഴും അതെ മരണത്താല്‍ വേദനിക്കുന്ന മറ്റുള്ളവരെ കാണാന്‍ കഴിയാതെ പോകുന്ന മനുഷ്യരുണ്ട് പരിചിതവലയത്തില്‍. അതുകൊണ്ട് തന്നെ ആ ദൃശ്യം ചിത്രത്തില്‍ ഏറ്റവും പ്രിയപ്പെട്ടതാവുന്നു.
14. കില്ലേഴ്സ് ഓഫ് ദി ഫ്‌ലവര്‍മൂണ്‍
ട്വല്‍ത് ഫെയില്‍ സംവിധാനം ചെയ്തത് എഴുപത്തിയൊന്നുകാരനായ വിധു വിനോദ് ചോപ്രയാണെങ്കില്‍ കില്ലേഴ്‌സ് ഓഫ് ദി ഫ്‌ലവര്‍മൂണ്‍ സംവിധാനം ചെയ്ത മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ പ്രായം എണ്‍പത്തിയൊന്നാണ്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ വംശീയഉന്മൂലനത്തിന്റെ നേര്‍ക്കാഴ്ച അസാധ്യമായ കയ്യടക്കത്തോടെ നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതില്‍ സ്‌കോര്‍സെസെയുടെ സഹായികള്‍ അദ്ദേഹത്തിന്റെ സ്ഥിരം അഭിനേതാക്കളായ റോബര്‍ട്ട് ഡെനീറോയും ലിയോനാര്‍ഡോ ഡികാപ്രിയോയുമാണ്. വളരെ കണിശമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൂട്ടം കൊലപാതകങ്ങള്‍ വഴി ഒരു വംശത്തിനവകാശപ്പെട്ട സമ്പത്ത് സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ധനമോഹിയായി ഡെനീറോയും അയാളുടെ മരുമകനായ് ഡികാപ്രിയോയും വേഷമിടുന്നു. എന്നാല്‍ ചിത്രത്തിലെ യഥാര്‍ത്ഥ അത്ഭുതം മോളി കൈലിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്ന ലില്ലി ഗ്ലാഡ്‌സ്റ്റോണ്‍ ആണ്. പതിറ്റാണ്ടുകളുടെ അഭിനയപരിചയമുള്ള അതികായരെ വളരെ അനായാസം തന്റെ പ്രതിഭയാല്‍ അവര്‍ മറികടക്കുന്നു. ഡേവിഡ് ഗ്രാന്‍ രചിച്ച കില്ലേഴ്സ് ഓഫ് ദി ഫ്ലവര്‍മൂണ്‍ - ദി ഒസേജ് മര്‍ഡേഴ്സ് ആന്‍ഡ് ദി ബര്‍ത്ത് ഓഫ് എഫ് ബി ഐ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സ്‌കോര്‍സെസെയും എറിക് റോത്തും ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. പലവിധ ജേണറുകളിലൂടെ സഞ്ചരിച്ച് ആ തിരക്കഥയെ ഏറ്റവും പ്രഹരശേഷിയോടെ തിരശീലയിലെത്തിക്കുന്നു സ്‌കോര്‍സെസെ. ഈ പ്രായത്തിലും നിതാന്തശ്രദ്ധയോടെ തന്റെ ക്രാഫ്റ്റിനെ നവീകരിക്കുന്ന അദ്ദേഹത്തിന്റെ അവസാന രണ്ടുചിത്രങ്ങളും സ്ട്രീമിങ് ഭീമന്മാരായ നെറ്റ്ഫ്‌ലിക്‌സും ആപ്പിള്‍ പ്ലസുമാണ് നിര്‍മിച്ചതെന്ന വിവരം ഫ്രാഞ്ചൈസ് ചിത്രങ്ങള്‍ക്കായി മാത്രം പണം ചിലവഴിക്കാന്‍ ഒരുങ്ങുന്ന വന്‍കിട സ്റ്റുഡിയോകള്‍ എങ്ങനെ അര്‍ത്ഥവത്തായ സിനിമകള്‍ക്ക് മരണമണി മുഴക്കുന്നു എന്നതിന്റെ മുന്നറിയിപ്പാണ്.
15. Maestro
ഒരു നടന്‍ വര്‍ഷങ്ങള്‍ നീണ്ട തന്റെ കരിയറിന്റെ ഒരു ഘട്ടത്തില്‍ സംവിധാനത്തിലേക്ക് തിരിയുന്നത് ഒരു പുതിയ കാര്യമല്ല. ചിലര്‍ മികച്ച ചിത്രങ്ങള്‍ അണിയിച്ചൊരുക്കും. ചിലര്‍ അതിദയനീയമായി പരാജയപ്പെടും. തങ്ങളുടെ ഉള്‍ക്കാഴ്ചയെ ഏറ്റവും കൃത്യമായി തിരശീലയില്‍ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുന്നവര്‍ക്ക് വിജയചിത്രങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്നാണ് എന്റെ പക്ഷം. തട്ടുപൊളിപ്പന്‍ വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന ബ്രാഡ്ലി കൂപ്പര്‍ തന്റെ ആദ്യ സംവിധാനസംരഭമായി ഹോളിവുഡ് ക്ലാസിക് ചിത്രം എ സ്റ്റാര്‍ ഈസ് ബോണ്‍ റീമേക് തിരഞ്ഞെടുത്തപ്പോള്‍ ഞാനും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ വളരെ സത്യസന്ധമായി വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ ആ ചിത്രം അണിയിച്ചൊരുക്കാന്‍ ബ്രാഡ്ലി കൂപ്പറിന് കഴിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം മൈസ്ട്രോ എന്ന ചിത്രവുമായി കൂപ്പര്‍ എത്തുമ്പോള്‍ ഇത്തവണയും വിഷയം സംഗീതം തന്നെ. മാര്‍ട്ടിന്‍ സ്‌കോര്‍സെസെയും സ്റ്റീവന്‍ സ്പീല്‍ബെര്‍ഗുമെല്ലാം ഈ ചിത്രം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഒടുവില്‍ ആ ചുമതല ബ്രാഡ്ലി കൂപ്പറില്‍ വന്നുചേരുകയായിരുന്നു.
വെസ്റ്റ് സൈഡ് സ്റ്റോറി അടക്കമുള്ള മ്യൂസിക്കലുകള്‍ രചിച്ച അമേരിക്കന്‍ സംഗീതജ്ഞന്‍ ലെനാര്‍ഡ് ബേണ്‍സ്റ്റീന്റെ ജീവചരിത്രമാണ് മൈസ്ട്രോ. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിജീവിതം തികഞ്ഞ കയ്യടക്കത്തോടെ കൂപ്പര്‍ തിരശീലയില്‍ എത്തിക്കുന്നു. കാരി മളിഗനാണ് ചിത്രത്തില്‍ ബേണ്‍സ്റ്റീന്റെ പങ്കാളി ഫെലീഷ്യയെ അവതരിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷഭരിതമായിരുന്നു അവരുടെ വൈവാഹികജീവിതം. ബേണ്‍സ്റ്റീന്റെ സ്വവര്‍ഗാനുരാഗ ശീലങ്ങളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗവും അവരുടെ വൈവാഹികജീവിതത്തില്‍ വലിയ താളപ്പിഴകള്‍ക്ക് കാരണമായിരുന്നു. ഒരു ഘട്ടത്തില്‍ നിങ്ങളുടെ ഹൃദയം നിറയെ വെറുപ്പാണെന്ന് പറഞ്ഞു ഒരുമിച്ചുള്ള ജീവിതത്തില്‍ നിന്നും തിരിഞ്ഞുനടക്കുന്ന ഫെലീഷ്യയെ കാണാം.
ബേണ്‍സ്റ്റീന്റെ രൂപസാദൃശ്യത്തിനായി കൂപ്പര്‍ പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ ചില്ലറ വിമര്‍ശനങ്ങള്‍ ചിത്രത്തിന് നേരെ ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ പിതാവിന്റെ ജീവിതം ഏറ്റവും ആധികാരികമായി അണിയിച്ചൊരുക്കാന്‍ മേക്കപ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നായിരുന്നു ബേണ്‍സ്റ്റീന്റെ മക്കളുടെ പ്രതികരണം. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ സ്റ്റാര്‍ ഈസ് ബോണില്‍ നിന്നും ബഹുദൂരം മുന്നിട്ടിരിക്കുന്നു ബ്രാഡ്ലി കൂപ്പര്‍ എന്ന് നിസംശയം പറയാന്‍ കഴിയും.