ഇടിയറകളില്‍ കുക്ക് ചെയ്യപ്പെടുന്ന സത്യങ്ങള്‍: ലാ-ടൊമാറ്റിനയുടെ രാഷ്ട്രീയപാഠം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ നിയമങ്ങളില്‍ ഒന്നാണ് 2005 ലെ വിവരാവകാശ നിയമം. ലോകത്ത് തന്നെ സമാനതകളില്ലാത്ത സ്വാതന്ത്ര്യ പോരാട്ടത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങളില്‍ ഒന്ന് മഹാത്മാ ഗാന്ധിയുടെ സത്യദര്‍ശനം ആയിരുന്നല്ലോ. ഭരണകൂടത്തിന്റെ ഉള്ളറകളിലേക്ക് സത്യത്തിന്റെ വെളിച്ചം പായിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് ആറ് പതിറ്റാണ്ടോളം നമ്മളെടുത്തു. എന്നാല്‍ പുറപ്പെടുവിക്കപ്പെട്ട നിയമം പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവരിക അത്ര എളുപ്പമായിരുന്നില്ല. ഭരണകൂടവും അവരുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാരും ഭരണത്തിന്റെ ഇടനാഴികളിലെ വൈതാളികരും നേതൃത്വം കൊടുക്കുന്ന മാഫിയാ സംഘങ്ങള്‍ സത്യം തേടി എത്തുന്നവരെ വെട്ടിയും കൊന്നും അംഗഭംഗം വരുത്തിയും നിശ്ശബ്ദരാക്കാന്‍ നോക്കിക്കൊണ്ടിരുന്നു. വിവരാവകാശ നിയമം രണ്ടു ദശാബ്ദങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നേ തന്നെ നൂറിലധികം വിവരാവകാശ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. സജീവന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിക്കുകയും ടി അരുണ്‍കുമാര്‍ രചന നിര്‍വഹിക്കുകയും ചെയ്ത ലാ-ടൊമാറ്റിന സത്യാന്വേഷിയായ ഒരു സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെയും അപ്രത്യക്ഷനാക്കപ്പെടുന്നതിന്റെയും കഥയാണ്. സിനിമയുടെ ഒടുവില്‍ എഴുതികാണിക്കുന്ന കൊല്ലപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്ത വിവരാവകാശ പ്രവര്‍ത്തകരുടെ സ്ഥിതിവിവര കണക്കുകള്‍ക്കപ്പുറം ഹിംസയുടെയും രഹസ്യ നിരീക്ഷണത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധത്തിന്റെയും മാധ്യമ സ്വാതന്ത്ര്യം തടയപ്പെടുന്നതിന്റെയും അതിശക്തമായ രാഷ്ട്രീയ പ്രസ്താവമാണ് ലാ-ടൊമാറ്റിന.
ലാ-ടൊമാറ്റിന ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമമാണ്. ഭരണകൂടത്തിനും അതിന്റെ പിണിയാളുകള്‍ക്കും തലവേദനയാണ് അത് പുറത്തുകൊണ്ടുവരുന്ന വാര്‍ത്തകള്‍. ലാ-ടൊമാറ്റിന പുറത്തുവിടുന്ന വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവരുന്നു. ഗവണ്‍മെന്റിന് നടപടി എടുക്കേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് ലാ-ടൊമാറ്റിനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകനെ (ജോയ് മാത്യു) നിശ്ശബ്ദനാക്കാനുള്ള പദ്ധതിക്ക് ഒരു ഗൂഢസംഘം ഒരുങ്ങിയിറങ്ങുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ പോകുന്ന വഴികള്‍ നിരീക്ഷിക്കപ്പെടുന്നു. അയാള്‍ പിന്തുടരപ്പെടുന്നു. ഒടുവില്‍ സംഘത്തിന്റെ ഇടിയറയിലേക്ക് ഇയാള്‍ അടക്കപ്പെടുന്നു. തുടര്‍ന്നുനടക്കുന്ന അതിക്രൂരമായ പീഡനപരമ്പരയും അയാളെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാന്‍ നാല്‍വര്‍ സംഘം നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്.
പ്രശസ്തമായ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും നിലപാടുകളുടെ പേരില്‍ അവരോടൊക്കെ കലഹിച്ച് പുറത്തിറങ്ങുകയും മാധ്യമ പ്രവര്‍ത്തനത്തിന്റെ നേരായപാത വെട്ടിത്തുറക്കുകയും ചെയ്ത ആളാണ് മാധ്യമ പ്രവര്‍ത്തകന്‍. വാര്‍ത്ത അയാള്‍ക്ക് ബലാത്കരമായി ഒളിപ്പിച്ചുവെക്കപ്പെട്ട സത്യങ്ങളാണ്. അത് കണ്ടെത്താനുള്ള യാത്രയില്‍ മരണഭീതിയോ തടവറഭീതിയോ അയാളെ പിന്നോട്ടടുപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊടുംപീഡനത്തിന്റെ ഒരു ഘട്ടത്തില്‍ പോലും കുറ്റങ്ങള്‍ ഏറ്റുപറയാന്‍ അയാള്‍ തയ്യാറാകുന്നില്ല.
സജീവന്‍ അന്തിക്കാട് | PHOTO: FACEBOOK
അടുക്കളയും സ്റ്റോര്‍ റൂമും ഡൈനിംഗ് മുറിയും ഉള്ള ഒരു ആളൊഴിഞ്ഞ കെട്ടിടത്തിലാണ് ചോദ്യം ചെയ്യല്‍ അരങ്ങേറുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും പരിമിതമായ ഈ ഇടത്തിലാണ് അരങ്ങേറുന്നത്. ഒരു നാടക സെറ്റിന്റെ കൃത്രിമത്വവും ടെലിവിഷന്‍ കുക്കറി ഷോ സെറ്റിന്റെ സാദൃശ്യവും പശ്ചാത്തലത്തിനുണ്ട്. അത് ഘടനാപരമായിത്തന്നെ സിനിമയുടെ ആഖ്യാനവുമായി ചേര്‍ന്നുകിടക്കുന്നതാണ്. സിനിമയിലുടനീളം കാണിക്കുന്ന പാചക രംഗങ്ങള്‍ സിനിമയുടെ ആന്തരിക പാഠവുമായി ചേര്‍ത്തുവായിക്കപ്പെടേണ്ട ഒന്നാണ്. പല സത്യങ്ങളും നമുക്കറിയാത്ത അധികാരികളുടെ അടുക്കളകളില്‍ കുക്ക് ചെയ്യപ്പെടുന്നവയാണല്ലോ വ്യാജ നിര്‍മ്മിതികള്‍. മാധ്യമ പ്രവര്‍ത്തകനില്‍ അന്വേഷണ സംഘം ഏല്‍പ്പിക്കുന്ന പീഡനങ്ങളും അടുക്കളയില്‍ മാംസത്തുണ്ടിന്‍മേല്‍ നടത്തുന്ന കറിക്കത്തി പ്രയോഗങ്ങളും സമാന്തര ദൃശ്യങ്ങളായി കാണിച്ചുകൊണ്ട് അര്‍ഥ സംവേദനം സാധ്യമാക്കാനുള്ള സംവിധായകന്റെ ശ്രമം ഒരു പരിധിവരെ വിജയിക്കുന്നുണ്ട്. പാചകവും തീറ്റയും കുടിയും പോലെ ഒരു ക്രിയ തന്നെയാണ് ചോദ്യം ചെയ്യലും. തങ്ങളുടെ രുചിക്കും മണത്തിനും അനുയോജ്യമായ സത്യത്തിന്റെ നിര്‍മ്മിതി.
എന്നാല്‍ വേട്ടക്കാരുടെ കയ്യില്‍ അകപ്പെട്ട ഇര എളുപ്പത്തില്‍ കീഴടങ്ങുന്ന ഒന്നായിരുന്നില്ല. വേട്ടക്കാരുടെ തന്ത്രങ്ങളും പ്രീണനങ്ങളും പീഡനങ്ങളും ഒന്നൊന്നായി പരാജയപ്പെടുകയും അത് അവര്‍ക്കിടയില്‍ ഭിന്നതയുടെ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. സംഘത്തിനിടയിലെ അഭിപ്രായ വ്യത്യാസങ്ങളും അവിശ്വാസവും അവരെ തന്നെ തകര്‍ക്കുന്ന ഒന്നായി മാറുന്നു. വേട്ടക്കാര്‍ ആയിരിക്കുമ്പോള്‍ തന്നെ അവര്‍ പരസ്പരം വേട്ടയാടുന്നു. സൈമണ്‍ (കോട്ടയം നസീര്‍) ബെല്ലയെ നിരീക്ഷിക്കാന്‍ ഒളിക്യാമറ വെക്കുന്നു. അവളുടെ വീഡിയോ മൊബൈലില്‍ കണ്ടു രസിക്കുന്നു. അവസരം കിട്ടിയപ്പോള്‍ അവളെ കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു. അന്വേഷണ സംഘ മേധാവി (ശ്രീജിത്ത് രവി) തന്റെ കീഴുദ്യോഗസ്ഥരെ സിസിടിവിയിലൂടെ നിരീക്ഷിക്കുന്നതും കാണാം. അബ്ദുവിന് കൂടത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജോലി മാത്രമാണു പലപ്പോഴും നല്‍കുന്നത്. ശ്രേണീകൃതമായ ഘടനയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന അധികാരിവര്‍ഗ്ഗം എത്രത്തോളം ക്രൂരവും മനുഷ്യവിരുദ്ധവുമാണെന്ന് കാണിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.
കൊറോണ കാലത്താണ് കഥ നടക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. ലോകമാകെ ഒരണുവിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും സംഘടിത കുറ്റകൃത്യങ്ങള്‍ ഭരണവര്‍ഗ്ഗത്തിന്റെ കാര്‍മ്മികത്വത്തിലും സ്വകാര്യ സംഘങ്ങളുടെ നേതൃത്വത്തിലും നിര്‍ബാധം നടന്നുകൊണ്ടിരുന്നു. ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനെന്നവണം പാത്രം കൊട്ടലും ദീപം തെളിക്കലും പോലുള്ള അസംബന്ധങ്ങള്‍ അരങ്ങേറുന്നതും സന്ദര്‍ഭോചിതമായി സിനിമയില്‍ കാണിക്കുന്നുണ്ട്. കാലത്തെ കുറിച്ചുള്ള കൃത്യമായ സൂചനയിലൂടെ ഇന്ന് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൊലപാതകങ്ങളിലേക്കും അത് നടപ്പിലാക്കുന്ന ഹിന്ദുത്വ സംഘങ്ങളുടെ പദ്ധതികളിലേക്കും വെളിച്ചം വീശുന്നുണ്ട് സിനിമ. ഒരുവേള മാധ്യമ പ്രവര്‍ത്തകനെ പിടിച്ചുകൊണ്ടുപോകുന്ന സംഘം ഭരണകൂട സംവിധാനം എന്നതിലുപരി സ്വകാര്യ ഗൂഢസംഘങ്ങള്‍ ആയേക്കാം എന്ന സൂചനയും സിനിമ നല്കുന്നുണ്ട്. ദബോല്‍ക്കരും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമൊക്കെ കൊല്ലപ്പെട്ടത് ഇത്തരം സംഘങ്ങളുടെ കൈയ്യാലാണല്ലോ. അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും സഞ്ജീവ് ഭട്ടിനെ പോലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും രാജ്യത്ത് നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ 1975ല്‍ രാജ്യം അനുഭവിച്ച അടിയന്തരാവസ്ഥ കാലത്തെ പീഡനങ്ങളെയും ഉരുട്ടിക്കൊലകളെയും നിര്‍ബന്ധിത ഷണ്ഡീകരണങ്ങളെയും ഓര്‍മ്മിച്ചുകൊണ്ടേ സിനിമയുടെ രാഷ്ട്രീയ വായന പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ.
അതേസമയം കഥയും പ്രമേയവും ആവശ്യപ്പെടുന്ന തരത്തില്‍ അതിശക്തമായ ദൃശ്യഭാഷ ഒരുക്കുന്നതില്‍ പിന്നണി പ്രവര്‍ത്തകര്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നു പറയാനാവില്ല. പ്രത്യേകിച്ചും അരുണ്‍കുമാറിന്റെ കഥയുടെ ആഖ്യാന ഭദ്രത സിനിമയില്‍ ചോര്‍ന്നുപോകുന്നതായി കാണാം. ചോദ്യം ചെയ്യലും പീഡനവും അരങ്ങേറുന്ന സ്ഥലം വിജനമായ ഇടം ആകുന്നത് പലപ്പോഴും ക്ലീഷേ ആയാണ് അനുഭവപ്പെടാറ്. മറിച്ച് നഗരമധ്യത്തിലെ ഏതെങ്കിലും കെട്ടിടമായിരിക്കുകയും നഗരത്തിന്റെ ശബ്ദകോലാഹലങ്ങള്‍ ഇടവിട്ട് കയറിവരികയും ഒക്കെ ചെയ്യുന്ന രീതിയില്‍ ദൃശ്യവും ശബ്ദവും ഡിസൈന്‍ ചെയ്തിരുന്നെങ്കില്‍ സിനിമ കൂടുതല്‍ സിനിമാറ്റിക് ആയേനെ. ചോദ്യം ചെയ്യലിന്റെ ഏകതാനതയും നാടകീയതയും ഒഴിവാക്കാനും സാധിക്കുമായിരുന്നു. ആദ്യ പകുതിയിലെ നഗര ശബ്ദങ്ങള്‍ രണ്ടാം പകുതിയിലെ കോവിഡ് ലോക്ക്ഡൗണോടെ നിശ്ശബ്ദതയിലേക്ക് കൂപ്പുകുത്തുമ്പോള്‍ സിനിമയുടെ ശബ്ദപഥം കഥാഖ്യാനത്തിന്റെ ഗംഭീര ഉപാധിയായി മാറുകയും ചെയ്‌തേനെ.
അഭിനേതാക്കള്‍ക്ക് ഏറെ ചെയ്യാനുണ്ടായിരുന്ന സിനിമയാണ് ലാ-ടൊമാറ്റിന. നവമാധ്യമങ്ങളിലൂടെ ഓവര്‍ എക്‌സ്‌പോസ്ഡ് ആയ ജോയ് മാത്യുവിന് അയാളുടെ സാമൂഹിക മാധ്യമ പ്രതിച്ഛായയുടെ മറ്റൊരു ആവര്‍ത്തനം എന്ന പ്രതീതിയെ അഭിനയത്തിലൂടെ ജനിപ്പിക്കാന്‍ സാധിക്കുന്നുള്ളൂ. പ്രത്യേകിച്ചും കൈകാര്യം ചെയ്യുന്ന വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ള വിഷയം ആയതുകൊണ്ടുതന്നെ അത് ജോയ് മാത്യുവിലൂടെ കേള്‍ക്കുമ്പോള്‍ ഒരു മടുപ്പ് അനുഭവപ്പെടുത്തുന്നുണ്ട്. എന്നാല്‍ അത് ജോയ് മാത്യു എന്ന നടന്റെ സാമൂഹ്യ മാധ്യമ പെരുമാറ്റ രീതികള്‍ അറിയുന്നവര്‍ക്ക് മാത്രം മനസ്സിലാവുന്ന സംഗതിയായതുകൊണ്ട് സിനിമയുടെ ആസ്വാദനത്തെ അത്രകണ്ട് ബാധിക്കില്ല എന്നാശ്വസിക്കാം.
ചോദ്യം ചെയ്യലിന്റെ പരിണാമഗുപ്തി തക്കാളി ഉത്സവത്തിന്റെ ചവിട്ടിമെതിക്കല്‍ പോലെ ദൃശ്യവത്കരിച്ചിരിക്കുന്നു. ചവിട്ടിയരയ്ക്കപ്പെടുന്നത് സത്യം തന്നെയല്ലേ? സിനിമയുടെ മലയാളം ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ സത്യത്തിന്റെ ചുവപ്പുനിറം വീണുപടര്‍ന്ന ചുവപ്പുനിലമാണ് നമുക്ക് ചുറ്റും. ആരുടെ നിലവിളിയാണ് അവിടെ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്?