TMJ
searchnav-menu
post-thumbnail

TMJ Cinema

റിപ്പോര്‍ട്ട് പുറത്തുവന്നത് തന്നെ വിപ്ലവകരം

22 Aug 2024   |   4 min Read
ദീദി ദാമോദരന്‍

ലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ കാലങ്ങളായി നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് പലരീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് ഹൈക്കോടതി നിര്‍ണായക ഇടപെടലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവായ ദീദി ദാമോദരനുമായി നടത്തിയ അഭിമുഖം.

ഹൃദ്യ: നാലരവര്‍ഷത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. റിപ്പോര്‍ട്ട് ശരിയായ രീതിയില്‍, ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?

ദീദി ദാമോദരന്‍: റിപ്പോര്‍ട്ട് ചര്‍ച്ചയായി എന്ന് പറഞ്ഞാല്‍ തന്നെ അത് റിപ്പോര്‍ട്ടിന്റെ വിജയമാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകണമെന്നില്ല. പക്ഷെ അത് എല്ലാവരും വേണ്ട ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. ഒരു പുതിയ സിനിമാ നയം ഉണ്ടാവുകയും ഇങ്ങനെ മൂടിവയ്ക്കുന്ന കാര്യങ്ങള്‍ പുറത്തുവരുകയുമാണ് വേണ്ടത്. എന്നാല്‍ മാത്രമെ സ്ത്രീകള്‍ക്ക് സ്വര്യമായി മറ്റേത് തൊഴിലിടവും പോലെ സിനിമയെയും കാണാന്‍ സാധിക്കൂ.


ദീദി ദാമോദരന്‍ | PHOTO : WIKI COMMONS
ഹൃദ്യ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുതുതായി ഒന്നുമില്ല എന്നൊരു വീക്ഷണം പ്രചരിക്കുന്നു. അതായത് സിനിമ മേഖലയിലെ സ്ത്രീകളുടെ നേര്‍ക്കുള്ള ലൈംഗിക ചൂഷണവും അതിക്രമങ്ങളുമെല്ലാം കാലങ്ങളായി നടക്കുന്നു. അതില്‍ പുതുതായി ഒന്നുമില്ല എന്നാണ് ഈ വാദത്തിന്റെ പൊരുള്‍. എന്താണ് താങ്കളുടെ പ്രതികരണം. ? 

ദീദി ദാമോദരന്‍: റിപ്പോര്‍ട്ടില്‍ പുതുതായി എന്തുണ്ടെന്ന് ചോദിച്ചാല്‍ ഇതുവരെ ഗോസിപ്പ് എന്ന് വിളിച്ചിരുന്ന കാര്യങ്ങളെ കൃത്യമായും വസ്തുതാപരമായും ഒരു ജസ്റ്റിസ് നേതൃത്വം നല്‍കുന്ന കമ്മിറ്റി കടലാസിലാക്കിയിരിക്കുന്നു അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്തിരിക്കുന്നു എന്നതാണ് അതിന്റെ പുതുമ. ഒരു പൊലീസ് സ്റ്റേഷനില്‍ പോയാലും ഒരാളുടെയും പരാതി രേഖാമൂലം കാണാന്‍ സാധിക്കില്ല. സിനിമാ മേഖലയില്‍ നടക്കുന്ന കാര്യങ്ങള്‍ സഹിക്കാനാവാതെ പല സ്ത്രീകളും ആത്മഹത്യ ചെയ്തുവെന്നൊക്കെയുള്ള കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടേയുള്ളു. അതിപ്പോള്‍ ഏറ്റവും ആധികാരികമായി ഒരു കമ്മിറ്റി രേഖപ്പെടുത്തിയിരിക്കുകയാണ്. ചരിത്രത്തിലാദ്യം എന്ന് പറയാവുന്ന കാര്യമാണിത്. ഇതാണ് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നതെന്ന് കൃത്യമായി ചരിത്രരേഖയാക്കിയിരിക്കുന്നു എന്നതാണ് പ്രധാനം.

ഹൃദ്യ: ലൈംഗിക ചൂഷണവും അതിക്രമങ്ങളും മറ്റുള്ള മേഖലയില്‍ നടക്കുന്നതിനപ്പുറം സിനിമയില്‍ ഇല്ല എന്നാണ് ഈ വാദത്തിന്റെ മറ്റൊരു രൂപം. ഇതിനെ അംഗീകരിക്കാനാവുമോ? 

ദീദി ദാമോദരന്‍: ഇതൊരു പുരുഷാധിപത്യ സമൂഹമാണ്. ഇവിടെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരുപാട് നടക്കുന്നുണ്ട്. ഓരോ മിനിറ്റിലും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നുവെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെല്ലാം ശരിയാണ്. പക്ഷെ ഇവിടെ നിലനില്‍ക്കുന്ന വ്യത്യാസം എന്താണെന്നാല്‍ സിനിമാ മേഖലയില്‍ നടക്കുന്നതിന് നിയമപരിരക്ഷയില്ല. മറ്റൊരിടത്ത് ഇത്തരം അതിക്രമങ്ങള്‍ നടന്നാല്‍ അവര്‍ ശിക്ഷിക്കപ്പെട്ടേക്കും. മറ്റ് തൊഴിലിടങ്ങളില്‍ പലപ്പോഴും പരാതി പറയാനുള്ള കമ്മിറ്റികളുണ്ട്. ഇതുപ്രകാരം ഈ പ്രശ്‌നങ്ങളെ ചെറുക്കാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണോ അതെല്ലാം ആ തൊഴിലിടം എടുത്തിരിക്കണം. നിയമം ലംഘിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ സിനിമാ മേഖലയില്‍ ഇത്തരം നിയമങ്ങള്‍ തന്നെ ബാധകമല്ലാത്ത വിധം ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നു, തൊഴിലിടത്തില്‍ സേവന വേതന വ്യവസ്ഥ കാണിക്കേണ്ടതില്ല എന്നതെല്ലാമാണ് മറ്റ് തൊഴിലിടവും സിനിമയും തമ്മിലുള്ള വ്യത്യാസം. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഹൃദ്യ: ലൈംഗികാതിക്രമങ്ങള്‍ സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന പലതരം ചൂഷണങ്ങളുടെയും വിവേചനങ്ങളുടെയും ഒരു ഭാഗം മാത്രമാണ്. പക്ഷെ ഫോക്കസ് മുഴുവന്‍ അതില്‍ ആവുന്നതിനാല്‍ മറ്റുള്ള കാര്യങ്ങള്‍ക്ക് വേണ്ട ശ്രദ്ധ നല്‍കുന്നില്ല. എന്താണ് അഭിപ്രായം?

ദീദി ദാമോദരന്‍: നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണത്. ഈ പഠനം ആറ് ടേംസ് ഓഫ് റഫറന്‍സിനെ അടിസ്ഥാനപ്പെടുത്തിയാണ് നടത്തിയിട്ടുള്ളത്. അതില്‍ ഒന്ന് മാത്രമാണ് സ്ത്രീകള്‍ക്ക് തൊഴിലിടത്തിലുള്ള സെക്യൂരിറ്റി എന്നത്. അത് വളരെ പ്രധാനമാണ്. അതിനെ ചെറുതായി കാണുന്നില്ല. പക്ഷെ അത് മാത്രമല്ല റിപ്പോര്‍ട്ടിലെ റഫറന്‍സ് പോയിന്റ് എന്ന് പറയുന്നത്. വേറെയും ഘടകങ്ങളുണ്ട്. എന്നാല്‍ അതിലേക്ക് മാത്രം ഫോക്കസ് ചെയ്തുകൊണ്ടുള്ള കളക്ടീവ് വോയറിസം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമ തന്നെ വോയറിസത്തിന്റെ ഒരു കലയാണല്ലോ, അപ്പോള്‍ പിന്നെ വോയറിസ്റ്റിക്കായിട്ടുള്ള ചര്‍ച്ചകള്‍ ആളുകള്‍ക്കിടയില്‍ ഉണ്ടാകുന്നത് വളരെ സ്വാഭാവികമാണ്. എല്ലാവര്‍ക്കും നീതിവാങ്ങികൊടുക്കാനൊന്നുമല്ല പലരും ഇത്ര ആശങ്കപ്പെടുന്നത്. അങ്ങനെയായിരുന്നെങ്കില്‍ റിപ്പോര്‍ട്ടിലെ മറ്റ് ഘടകങ്ങള്‍ കൂടെ ആളുകള്‍ ചര്‍ച്ചചെയ്യുമായിരുന്നു. 

ഹൃദ്യ: കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നടപ്പിലാകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലരും ചൂണ്ടിക്കാണിക്കുന്നു. ഐസിസി രൂപീകരണം അതിന്റെ ജൂറിസ്ഡിക്ഷന്‍ എന്നിവ ഉദാഹരണങ്ങള്‍. എങ്ങനെ കാണുന്നു ഈ വിഷയങ്ങളെ?

ദീദി ദാമോദരന്‍: പ്രായോഗിക ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തുടക്കം മുതല്‍ തന്നെ സിനിമാ ഇന്‍ഡസ്ട്രിയെ മറ്റ് തൊഴിലിടം പോലെ നിര്‍വചിച്ചിട്ടില്ലെന്ന വാദവും ഐസി ഒരു സിനിമയുടെ ലൊക്കേഷന്‍ മാറുന്നതനുസരിച്ച് മാറ്റുമോ എന്ന ചോദ്യവും ഉള്‍പ്പെടെ തീരെ വിലപ്പോവാത്ത കാര്യങ്ങളാണ് ഇതിന്റെ അപ്രായോഗികതയായി മുന്നോട്ടുവച്ചിട്ടുള്ളത്. അതെല്ലാം വളരെ എളുപ്പത്തില്‍ തിരുത്താവുന്നതാണ്. നമുക്ക് ചുറ്റുമുള്ള എല്ലാ തൊഴിലിടങ്ങളും പുനര്‍നിര്‍വചിച്ചും മാറ്റങ്ങള്‍ വരുത്തികൊണ്ടുമാണ് ഇന്ന് കാണുന്ന രീതിയില്‍ നിലനില്‍ക്കുന്നത്. അതുപോലെ തന്നെ മാറ്റാവുന്നതേയുള്ളൂ സിനിമാ മേഖലയെയും. പ്രയോഗത്തില്‍ കൊണ്ടുവരാന്‍ പറ്റില്ല എന്നുള്ളത് ഒഴിഞ്ഞുമാറല്‍ മാത്രമാണ്. അഥവാ അതിന് സാധിക്കുന്നില്ല എങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി തന്നെ ഇവിടെ പ്രവര്‍ത്തിക്കാന്‍ പാടില്ല. കാരണം നിയമവിധേയമായിട്ടല്ലാതെ ഒരു തൊഴിലിടവും രാജ്യത്ത് നിലനില്‍ക്കാന്‍ പാടില്ല. അത് അനുവദിക്കാനും പാടില്ല.

ഹൃദ്യ: പേരുകള്‍ പുറത്തുപറഞ്ഞിട്ടില്ലെങ്കിലും ഇതില്‍ കുറ്റാരോപിതരായ പ്രമുഖര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം ഉന്നയിക്കുമോ ?

ദീദി ദാമോദരന്‍: ഞാനൊരു ഫെമിനിസ്റ്റ് ആക്ടിവിസ്റ്റാണ്. ഒരാള്‍ ഒരു പരാതി പറഞ്ഞാല്‍ അയാള്‍ക്കൊപ്പം നില്‍ക്കണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇതുവരെ പ്രവര്‍ത്തിച്ചതും അങ്ങനെയാണ്. അതായത് ആരാണോ ചൂഷണം നേരിട്ടിട്ടുള്ളത് അവര്‍ക്ക് ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് തോന്നുന്നുവെങ്കില്‍ അവരുടെ തീരുമാനത്തിനൊപ്പം നില്‍ക്കും. നീതി ലഭിച്ചു എന്ന് അവര്‍ക്ക് തോന്നുന്ന പോയിന്റ് വരെ അവര്‍ക്കൊപ്പം നില്‍ക്കുക എന്നുള്ളതാണ് ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. ഇപ്പോഴും ഡബ്ല്യുസിസി യുടെ ഭാഗമായികൊണ്ടും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത്. പക്ഷെ കേരള സര്‍ക്കാരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കേണ്ടവരോ ഇതുപോലെ വിചാരിക്കുന്നത് ശരിയല്ല. അവര്‍ നിയമാനുസൃതമായി പെരുമാറണം. ആ നിലയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളൊന്നും തൃപ്തികരമല്ല. ഇങ്ങനെയുള്ള പരാതികള്‍ കിട്ടിയാല്‍ ഇരയുടെ താല്‍പര്യം എന്താണെന്ന് പറയട്ടെ, എന്ന് നിയമം നടപ്പിലാക്കേണ്ടവര്‍ക്ക് നിലപാടെടുക്കാന്‍ പറ്റില്ല. 

ഹൃദ്യ: റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ഡബ്ല്യുസിസി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമോ?

ദീദി ദാമോദരന്‍: സിനിമാ പോളിസി ഉണ്ടാക്കാന്‍ ഡബ്ല്യുസിസി ഒരുപാട് തവണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്ക് അത് നല്‍കിയിട്ടുമുണ്ട്. റെക്കമന്റേഷന്‍സെല്ലാം എഴുതി തയ്യാറാക്കി പോളിസി മേക്കിങിനായി കൊടുത്തിട്ടുണ്ട്. ഇതല്ലാതെ സഖിയുമായി ചേര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ തന്നെ ബൃഹത്തായൊരു പഠന റിപ്പോര്‍ട്ട് ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അതും ഈ പുറത്തുവന്ന റിപ്പോര്‍ട്ടും തമ്മിലുള്ളൊരു താരതമ്യ പഠനമാണ് ഇപ്പോള്‍ ഞങ്ങള്‍ നടത്തുന്നത്. 

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഹൃദ്യ: നാലര വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടുന്നത്. പല ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഈ ഒരു കാലയളവ് ഇതിന്റെ തീവ്രത കുറച്ചു. എന്ന അഭിപ്രായത്തെ എങ്ങനെ കാണുന്നു?

ദീദി ദാമോദരന്‍: അഞ്ച് വര്‍ഷത്തിനടുത്ത് ദൈര്‍ഘ്യമെന്ന് പറഞ്ഞാല്‍ അത് ചെറിയ മാറ്റമല്ല. സൈബര്‍ ക്രൈംസ്, ഇന്നത്തെ അതിന്റെ പ്രധാന്യം അതൊന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കാന്‍ വഴിയില്ല. നാലര കൊല്ലം കഴിഞ്ഞൊരു കാര്യം ചെയ്യുമ്പോള്‍ അത് ഓള്‍ ബൈന്‍ഡിങ്ങായിട്ടുള്ള ഒന്നാവില്ല. ഇപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ല എന്ന് പറഞ്ഞതുകൊണ്ടാണ് അത് പുറത്തുവരാഞ്ഞതെന്നാണ്. പുറത്തുവിടാന്‍ പാടില്ല എന്നേ പറഞ്ഞിട്ടുള്ളൂ. അതിന്റെ മേല്‍ നടപടി പാടില്ല എന്ന് പറഞ്ഞിട്ടില്ല. നാലര കൊല്ലത്തോളം ഇത് വൈകിച്ചുവെന്നത് തന്നെ വളരെ വലിയ തെറ്റാണ്. കാരണം ആ നാലര കൊല്ലവും ആ കുറ്റകൃത്യങ്ങള്‍ അവിടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് അതിനര്‍ത്ഥം. സ്‌റ്റോപ്പ് ക്രൈം എന്നത് അവിടെ സംഭവിച്ചിട്ടില്ല. അത് ഗുരുതരമായ തെറ്റാണ്.  

ഹൃദ്യ: സര്‍ക്കാരിനൊപ്പം തന്നെ പൊതുജനങ്ങള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് പരിഹരിക്കുന്നതില്‍ എത്രത്തോളം പങ്കുണ്ടെന്ന് കരുതുന്നു?

ദീദി ദാമോദരന്‍: സിനിമ എന്ന് പറയുന്നത് മറ്റേതെങ്കിലുമൊരു തൊഴിലിടം പോലെയല്ല. ഏതൊരാള്‍ക്കും ഒരു സിനിമ ഉണ്ടാക്കാം. അത് വളരെ ഓപ്പണായിട്ടുള്ളൊരു പ്ലാറ്റ്‌ഫോമാണ്. പ്രത്യേകമായി ഒരു പരീക്ഷയെഴുതി ജയിക്കേണ്ട ആവശ്യമില്ല. ക്രിയേറ്റീവായൊരു അന്തരീക്ഷമാണത്. അവിടെ സിനിമയ്ക്ക് പുറത്തും അകത്തും എന്ന് പറയാനില്ല. ഒരു പൊട്ടന്‍ഷ്യല്‍ ഫിലിം മേക്കറാണ് പുറത്തുനില്‍ക്കുന്ന ഓരോരുത്തരും. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് എല്ലാവര്‍ക്കും ബാധകമായിട്ടുള്ള കാര്യമാണ്. മാത്രമല്ല ഒരു സ്ത്രീയ്ക്ക് സിനിമയിലേക്ക് വരണമെന്നുണ്ടെങ്കില്‍ ആ സ്ഥലം നിയമങ്ങളൊക്കെ അനുസരിക്കുന്ന സുരക്ഷിതമായ സ്ഥലമാണെന്ന തോന്നലുണ്ടാകണം. അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാ ആളുകളുടെയും ആശങ്ക തന്നെയായിരിക്കണം ഇത്. സിനിമാക്കാര്‍ എന്ന ഇന്‍വേട്ടഡ് കോമയില്‍ വിളിക്കാവുന്ന കുറച്ചാളുകളുടെ മാത്രം കാര്യമല്ല. 

ഹൃദ്യ: ഒരു മാറ്റത്തിന് റിപ്പോര്‍ട്ട് എത്രമാത്രം വഴിവച്ചേക്കാം?

ദീദി ദാമോദരന്‍: ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത് തന്നെ വളരെ റെവല്യൂഷണറിയായിട്ടുള്ള കാര്യമായാണ് ഞാന്‍ കാണുന്നത്. അതില്‍ വെള്ളം ചേര്‍ക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരു ദൂര വ്യാപകമായ ഫലം ഉണ്ടാകാന്‍ പോകുന്നുമില്ല. അങ്ങനെയുള്ള തെറ്റിദ്ധാരണയൊന്നുമില്ല. പക്ഷെ ഇത് ഒരു ആദ്യ പടിയാണ്. പതുക്കെയാണെങ്കിലും മാറ്റത്തിന് വിധേയമാകാതെയിരിക്കില്ല. ലോകം മാറിയെ പറ്റൂ.


#cinema
Leave a comment