TMJ
searchnav-menu
post-thumbnail

TMJ Cinema

വിഷാദികളുടെ രഹസ്യജീവിതം.

08 May 2023   |   13 min Read
സിവിക് ജോൺ

“I just need to know that someone out there listens and understands and doesn’t try to sleep with people even if they could have. I need to know that these people exist.“

ആദ്യ കത്തിൽ തന്നെ ചാർലി എഴുതുന്നത് ഈ വാചകങ്ങളാണ്. സ്റ്റീഫൻ ച്‌ബോസ്കിയുടെ ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ എന്ന നോവൽ തൊണ്ണൂറുകളിലാണ് പുറത്തിറങ്ങുന്നത്. അന്നുമുതൽ അതിന്റെ ഉള്ളടക്കം വിവാദവിഷയമാണ്. കൗമാരക്കാർക്കുള്ള നോവലാണെങ്കിലും അതിലെ പ്രതിപാദ്യവിഷയങ്ങൾ പലതും മുതിർന്നവർക്കുള്ളവയാണെന്നും അവ കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമർശകർ പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സ്‌കൂൾ ലൈബ്രറികളിൽ ഈ പുസ്തകത്തിന് അപ്രഖ്യാപിത വിലക്ക് നിലവിലുണ്ട്. എന്നാൽ എന്താണ് ഇവരീപ്പറയുന്ന കുഴപ്പം പിടിച്ച ആഖ്യാനം? 

1991 ഓഗസ്റ്റ് മുതൽ 1992 ഓഗസ്റ്റ് വരെയുള്ള ഒരു വർഷമാണ് ആഖ്യാനത്തിന്റെ കാലഘട്ടം. ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി മുതിർന്നൊരാൾക്ക് എഴുതുന്ന കത്തുകളുടെ രൂപത്തിലാണ് ച്‌ബോസ്കി ഈ പുസ്തകം വിഭാവനം ചെയ്തിട്ടുള്ളത്. ചാർലി എന്ന് സ്വയം പരിചയപ്പെടുത്തുന്ന കൗമാരക്കാരനും അവന്റെ സുഹൃത്തുക്കളുമാണ് പ്രധാന കഥാപാത്രങ്ങൾ. ചാർലിയുടെ എഴുത്ത് വളരെ ലളിതവും, വായനക്കാരന് അടുപ്പം തോന്നിക്കുന്നതുമാണ്. ആർക്കാണ് അവനീ കത്തുകളെഴുതുന്നത് എന്നത് നോവലിൽ ഒരിക്കലും വെളിവാകുന്നില്ല. ഡിയർ ഫ്രണ്ട് എന്നത് മാത്രമാണ് ചാർലി കത്തുകളിൽ അഭിസംബോധന ചെയ്യാനുപയോഗിക്കുന്ന വാക്ക്. അയാൾ ആരാണെന്നോ, എന്താണെന്നോ യാതൊരു സൂചനയും ഒരു ഘട്ടത്തിലും നമുക്ക് ലഭിക്കുന്നില്ല. എങ്കിലും കൗമാരക്കാരനായ ഒരു ആൺകുട്ടിയുടെ വ്യക്തിത്വത്തെ ച്ബോസ്‌കി എളുപ്പത്തിൽ തന്റെ വാക്കുകളിലൂടെ സംവേദനം ചെയ്യുന്നുണ്ട്. അപരിചിതരായ വായനക്കാരെ മുഖവിലക്കെടുത്തുകൊണ്ട് അവരിൽ നന്മ നിറഞ്ഞൊരു വ്യക്തിത്വം ആരോപിക്കുന്നത് വഴി ചാർലി എന്ന കഥാപാത്രത്തെ അനായാസം നമ്മുടെ മനസിലേക്കെത്തിക്കുന്നു ച്‌ബോസ്കി.


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' പുസ്തകത്തിന്റെ കവർ 

ഉറ്റസുഹൃത്ത് മൈക്കിളിന്റെ ആത്മഹത്യക്ക് ശേഷം ഹൈസ്‌കൂളിലെ ഫ്രഷ്മെൻ ഇയറിനെ എങ്ങനെ നേരിടുമെന്ന് ഭയക്കുന്ന ചാർലിയിലാണ് ആഖ്യാനം ആരംഭിക്കുന്നത്. ഒരു അപരിചിതന് തന്റെ ദൈനംദിനകാര്യങ്ങൾ വിവരിച്ചുകൊണ്ട് ഒരു കൗമാരക്കാരൻ എഴുതുന്ന കത്തുകൾ. അവയിലൂടെ ചാർലിയുടെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും നമ്മളറിയുന്നു. എന്നാൽ കത്ത് വായിക്കുന്നയാളിൽ നിന്നും തന്റെ യഥാർത്ഥ വ്യക്തിത്വം മറച്ചുപിടിക്കാനായി കത്തുകളിലെ പേരുകളടക്കമുള്ള സൂചകങ്ങളിലെല്ലാം ചാർലി ബോധപൂർവം മാറ്റം വരുത്തുന്നുണ്ട്. തന്റെ ഹൈസ്‌കൂൾ കാലത്ത് സ്റ്റുവർട്ട് സ്റ്റെൺ എന്ന തിരക്കഥാകൃത്തിന് എഴുതിയ കത്തുകളായിരുന്നു യഥാർത്ഥത്തിൽ അതിന് പ്രചോദനമെന്ന് ച്‌ബോസ്കി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. നോവലിലെ ബിൽ എന്ന അധ്യാപകകഥാപാത്രവും സ്റ്റുവർട് സ്റ്റേണിന്റെ ഛായയിൽ രൂപപ്പെടുത്തിയതായിരുന്നു. ചാർലിയെ ആദ്യമായി അർഹിക്കുന്ന ബഹുമാനത്തോടെ പരിഗണിക്കുന്നത് അധ്യാപകനായ ബിൽ ആണ്. ഏകാകിയായ ചാർലിക്ക് കൃത്യമായ ഇടവേളകളിൽ പുസ്തകങ്ങൾ നൽകിയും അവന് വേണ്ടപ്പോഴെല്ലാം ആഴമുള്ള സംഭാഷണങ്ങളിൽ പങ്കാളിയായും അയാൾ ചാർലിയുടെ ആത്മവിശ്വാസം വളർത്തുന്നു. 

കത്തുകളിൽ തന്റെ ഗാർഹികാന്തരീക്ഷം വളരെ സ്നേഹപൂർവമാണ് ചാർലി വിവരിക്കുന്നത്. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും മരണപ്പെട്ട ആന്റ് ഹെലനെയുമെല്ലാം അവനു വലിയ കാര്യമാണ്. സഹോദരന്റെ ഫുട്ബോൾ ജീവിതം, സഹോദരിയുടെ കാമുകന്മാർ, അച്ഛന്റെ ഇഷ്ടപ്പെട്ട ടിവി ഷോ(M*A*S*H), അമ്മയുടെ ഡെന്റിസ്റ്റ് അപ്പോയിന്റ്മെന്റുകൾ അങ്ങനെയുള്ള വിവരങ്ങളെല്ലാം അവൻ വിശദമായി എഴുതുന്നുണ്ട്. അപ്പോഴും തന്നെയാരും ശരിയായി മനസിലാക്കുന്നില്ലെന്ന ചിന്ത ചാർലിയെ അലട്ടുന്നതിന്റെ സൂചനകൾ ആ കത്തുകളിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും. പലപ്പോഴും എങ്ങനെ സമീപിക്കണമെന്നു തീർച്ചയില്ലാത്ത ഒരു പ്രശ്നമാണ് താനെന്നു വീട്ടുകാർ കരുതുന്നുണ്ട് എന്നാണ് ചാർളിയുടെ ധാരണ.

മൂലകൃതികളോട് സത്യസന്ധത പുലർത്തുന്ന ചലച്ചിത്രങ്ങൾ പലപ്പോഴും എണ്ണത്തിൽ കുറവാണ്. അവിടെയാണ് സ്റ്റീഫൻ ച്‌ബോസ്കിയുടെ ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ വ്യത്യസ്തമാവുന്നത്. ഒരു പക്ഷെ അതിനു പ്രധാന കാരണം, നോവലിസ്റ്റ് തന്നെയാണ് ചലച്ചിത്രത്തിന്റെ സംവിധായകൻ എന്നതാവാം. ലോഗൻ ലെർമാൻ, എമ്മ വാട്സൺ, എസ്ര മില്ലർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് രണ്ടായിരത്തിപന്ത്രണ്ടിൽ പുറത്തിറങ്ങിയ  ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവറിന്റെ ചലച്ചിത്രഭാഷ്യത്തിന് ഏറെ ആരാധകരുണ്ട്.


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയുടെ തിയേറ്റർ റിലീസ് പോസ്റ്റർ

ഒരു വ്യക്തിയെ കൃത്യമായി നിർവചിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ഒരു കാലയളവെന്ന നിലയിൽ കൗമാരത്തെ, അതിന്റെ വിഹ്വലതകളെ കൃത്യമായി അടയാളപ്പെടുത്തുക എന്നത് വളരെ ഗൗരവതരമായ ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. പലപ്പോഴും മുഖ്യധാരാ സമൂഹം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വിഷയങ്ങളിൽ കൃത്യമായ ഒരു നിലപാട് മുന്നോട്ട് വെക്കാൻ ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവറിലൂടെ ച്ബോസ്‌കിക്ക് കഴിഞ്ഞിട്ടുണ്ട്. 

ആഖ്യാനത്തിന്റെ പല ഘട്ടത്തിലും ചാർളിയുടെ പ്രതിസന്ധികളുമായി എളുപ്പത്തിൽ താദാത്മ്യപ്പെടാൻ നമുക്ക് കഴിയുന്നുണ്ട്. ജീവിതം ഒരേസമയം എങ്ങനെ നല്ലതും ചീത്തയുമാകുന്നുവെന്ന് മനസിലാക്കാൻ ശ്രമിക്കുന്നയാളാണ് ചാർലി. എല്ലാ വീടുകളും സന്തോഷകരമായ ഒന്നല്ല എന്ന തിരിച്ചറിവ് ചാർലിക്കുണ്ട്. കൗമാരത്തിൽ തന്നെ ആത്മഹത്യ ചെയ്ത തന്റെ സുഹൃത്തിന്റെ ജീവിതവും, മോശം ബന്ധങ്ങളിലൂടെ കടന്നുപോയ ആന്റ് ഹെലനും മറ്റു ബന്ധുക്കളുമെല്ലാം ഉദാഹരണസഹിതം ചാർലിക്ക് മുന്നിലുണ്ട്. പലപ്പോഴും നല്ല ആളുകൾക്കും വളരെ മോശമായ കാര്യങ്ങൾ നിരന്തരം അനുഭവിക്കേണ്ടിവരുമെന്ന് അവനറിയാം. ഉപരിപ്ലവമായ സ്വഭാവസവിശേഷതകൾക്കപ്പുറത്തേക്ക് ആളുകളെ നോക്കിക്കാണാനാണ് അവൻ ആഗ്രഹിക്കുന്നത്. എന്താണ് ആളുകളെ സന്തോഷിപ്പിക്കുന്നത്, എങ്ങനെയാണ് ആളുകൾ അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നത് എന്നെല്ലാമാണ് അവൻ നിരന്തരം തിരയുന്നത്. ആരെയും വേദനിപ്പിക്കാൻ താത്പര്യപെടാത്ത, അതുഭയന്നു സ്വന്തം അഭിപ്രായങ്ങൾ ഉറച്ചുപറയാൻ കഴിയാതെപോകുന്ന അരക്ഷിതനായ ഒരു കൗമാരക്കാരനാണ് നമ്മൾ കാണുന്ന ചാർലി. 

മാതാപിതാക്കളിലോ സഹോദരങ്ങളിലോ ലഭിക്കാത്ത ഏകതാഭാവം തന്റെ സുഹൃത്തുകളിലൂടെ രൂപപ്പെടുത്താനാണ് ചാർലി ശ്രമിക്കുന്നത്. പാട്രിക്കും സാമുമായുള്ള സൗഹൃദം അത്തരത്തിലൊന്നാണ്. ഷോപ് ക്ലാസിൽ  തന്റെ സീനിയറായ പാട്രിക്കിനെക്കുറിച്ച് അജ്ഞാത സുഹൃത്തിന് നൽകുന്ന ആദ്യവിവരണം അയാളൊരു പ്രധാനകഥാപാത്രമാവും എന്നതിന്റെ യാതൊരു സൂചനയും നൽകാത്ത ഒന്നാണ്. ഒരു റഗ്‌ബി മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ചാണ് അവർ വീണ്ടും കാണുന്നത്. പാട്രിക്കിനൊപ്പം അർധസഹോദരി സാമും ഉണ്ട്. മൈക്കിളിന്റെ മരണത്തിനു ശേഷം ചാർലിക്ക് ലഭിക്കുന്ന ആദ്യസുഹൃത്തുക്കളാണ് അവർ. സുഹൃത്തുക്കളുടെ അഭാവമാണ് ചാർലിയുടെ അരക്ഷിതാവസ്ഥയ്ക്ക് വലിയൊരു കാരണം. താൻ അത്ര ആകർഷകമായ വ്യക്തിത്വമൊന്നുമല്ല എന്നൊരു തോന്നൽ ഉള്ളിലുറപ്പിച്ച ചാർലി  അവരുടെ സൗഹൃദം നഷ്ടമാകാതിരിക്കാനായി തന്റെ ചേഷ്ടകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നത് സൗഹൃദരൂപീകരണത്തിന്റെ ആദ്യഭാഗങ്ങളിൽ കാണാം. എന്നാൽ വളരെ വേഗം തന്നെ അവർക്കിടയിൽ നാട്യങ്ങൾ ആവശ്യമില്ലാതാവുന്നു. തന്റെ മാതാപിതാക്കളിൽ നിന്നോ സഹോദരങ്ങളിൽ നിന്നോ ലഭിക്കാത്ത സത്യസന്ധത സുഹൃത്തുക്കളിൽ നിന്നും ചാർലിക്ക് ലഭിക്കുന്നു എന്നത് നമ്മളിൽ പലർക്കും എളുപ്പം മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. ചാർലി തന്റെ അജ്ഞാതസുഹൃത്തിനെഴുതുന്ന കത്തുകളിൽ നിന്നും അവരുമായുള്ള സൗഹൃദം ചാർലിയെ എങ്ങനെ കൂടുതൽ പ്രസാദവാനാക്കുന്നുവെന്ന് വെളിവാകുന്നുണ്ട്. അവന്റെ കത്തുകൾ കൂടുതൽ സന്തോഷം നിറഞ്ഞവയായിത്തീരുന്നു. ആദ്യ എഴുത്തുകൾ വായിക്കുമ്പോൾ തോന്നുന്ന പിരിമുറുക്കം നമുക്കിവിടെ അനുഭവപ്പെടുന്നില്ല.

'
'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 

ചലച്ചിത്രത്തിലും കത്തുകളുടെ അതെ ക്രമത്തിലാണ് ആഖ്യാനം മുന്നോട്ട് സഞ്ചരിക്കുന്നത്. കത്തുകൾക്ക് പകരം വോയ്‌സ് ഓവറുകളിലൂടെയാണ് ചലച്ചിത്രത്തിൽ ചാർളിയോട് നമുക്ക് തോന്നുന്ന സ്നേഹം ച്ബോസ്കി സൃഷ്ടിച്ചെടുക്കുന്നത് എന്ന് മാത്രം. ഒരു പരിധി വരെ അത് വിജയിക്കുന്നുമുണ്ട്. എന്നാൽ കത്തുകൾ ഒരാളിൽ സൃഷ്ടിക്കുന്ന അതെ വൈകാരികത ഈ വോയ്‌സ് ഓവറിലൂടെ സാധ്യമാകുന്നില്ല എന്ന് കാണാം. ക്രമേണ അജ്ഞാതനുള്ള ചാർലിയുടെ കത്തുകളുടെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങുന്നു. സ്വയംഭോഗത്തെക്കുറിച്ചും സ്വപ്നഖലനത്തെക്കുറിച്ചുമെല്ലാം തുറന്നെഴുതുന്ന ചാർലിയെ നമുക്ക് കാണാം. സ്വയംഭോഗം വളരെയധികം ആസ്വദിക്കുന്നുണ്ടെങ്കിലും അതിനൊപ്പം തന്നെ അത്തരമൊരു പ്രവർത്തിയിൽ അമിതമായി വ്യാപരിക്കുന്നതിൽ ചാർലിയ്ക്ക് കുറ്റബോധവും തോന്നുന്നുണ്ട്. തനിക്ക് അറിയാവുന്ന ആരെയും അതിനായി സങ്കല്പിക്കാതിരിക്കുന്നതിലൂടെ ആ കുറ്റബോധത്തെ മറികടക്കാൻ ചാർലി ശ്രമിക്കുന്നുണ്ട്. എന്നാൽ അതിനേക്കാൾ ചാർലിക്ക് സഹായകമാവുന്നത്  പാട്രിക്കും സാമുമായി നടത്തുന്ന സംഭാഷണങ്ങളാണ്. കഥാപാത്രങ്ങൾ തമ്മിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ അതൊരിക്കലും അശ്ലീലമാവുന്നില്ല എന്നത് ആഖ്യാനത്തിന്റെ മേന്മ തന്നെയായാണ്. 

പാട്രിക്കും സാമും അടങ്ങുന്ന സുഹൃത്തുക്കളോളം തന്നെ ചാർലിയുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന ആളാണ് ബിൽ. മിസ്റ്റർ ആൻഡേഴ്സൺ എന്ന പേരിലാണ് ചലച്ചിത്രത്തിൽ പോൾ റഡ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഹാസ്യപ്രധാനമായ കഥാപാത്രങ്ങൾക്ക് പേര് കേട്ട പോൾ റഡിന്റെ വളരെ മികച്ച സ്വഭാവവേഷങ്ങളിലൊന്നാണ് ചിത്രത്തിലേത്. മുൻവിധികളില്ലാതെ സംസാരിക്കാൻ കഴിയുന്നൊരു സൗഹൃദം ചാർലി ബില്ലുമായി രൂപപ്പെടുത്തിയെടുക്കുന്നുണ്ട്. അത് ചാർലിയെ  സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്. എല്ലാം ദൂരെനിന്നും നോക്കിക്കാണുക എന്നതിനപ്പുറം അവയിൽ പങ്കുചേരാൻ കൂടി ശ്രമിക്കണമെന്നും അതിലൂടെ മാത്രമേ പൂർണ്ണമായ വ്യക്തിത്വവികാസം സാധ്യമാവുകയുള്ളൂ എന്നും ചാർലിയെ സ്നേഹപൂർവ്വം ഉപദേശിക്കുന്നുണ്ട് ബിൽ. പുസ്തകങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ചാർലിയെ തൻ്റെ പുറംതോടിനു വെളിയിൽ കൊണ്ടുവരാൻ ബിൽ ശ്രമിക്കുന്നു. അധ്യയനവർഷത്തിലുടനീളം വായനക്കുറിപ്പുകൾ തയാറാക്കാനായി ബിൽ ചാർലിയ്ക്ക് പുസ്തകങ്ങൾ നൽകുന്നുണ്ട്. To Kill a Mockingbird, This Side of Paradise, A Separate Peace, Peter Pan, The Great Gatsby, The Catcher in the Rye, On the Road, Naked Lunch, Walden, Hamlet, The Stranger, The Fountainhead എന്നീ പുസ്തകങ്ങൾ നോവലിന്റെ പലഘട്ടങ്ങളിലായി ബിൽ ചാർലിക്ക് നൽകുന്നു. ഓരോന്നും വളരെയധികം ചർച്ചചെയ്യപ്പെട്ട പുസ്തകങ്ങൾ. ആ പുസ്തകങ്ങളിലൂടെ, അവ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെ പരിചയിക്കാനും വിമർശനാത്മകമായി സമീപിക്കാനും ചാർലിയെ പ്രാപ്തനാക്കാൻ ബില്ലിന് കഴിയുന്നു. ഒരു എഴുത്തുകാരനാകണം എന്ന സ്വപ്നം ചാർലിയിൽ നാമ്പിടാനും ബില്ലിന്റെ പ്രേരണകൾ നിമിത്തമാവുന്നു. 

പാട്രിക്കിനും സാമിനുമൊപ്പം ചാർലി പങ്കെടുക്കുന്ന ആദ്യത്തെ പാർട്ടി ചിത്രത്തിലെയും നോവലിലെയും പ്രധാനഭാഗങ്ങളിലൊന്നാണ്. ബോബും മേരി എലിസബത്തും അടക്കമുള്ള ആഖ്യാനത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ നാം പരിചയപ്പെടുന്നത് ഈ പാർട്ടിയിൽ വെച്ചാണ്. പാർട്ടിയിലെല്ലാവരും സാമിന്റെയും പാട്രിക്കിന്റെയും സുഹൃത്തുക്കളാണ്. നിശബ്ദമായി കാര്യങ്ങൾ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു വാൾഫ്ലവർ ആണ് ചാർലി എന്ന് അവർ അംഗീകരിക്കുന്നു. ആദ്യമായി ചാർലി മയക്കുമരുന്നുപയോഗിക്കുന്നതും ഈ പാർട്ടിയിലാണ്.  ലഹരിയുടെ സ്വാധീനത്തിൽ മുറി തെറ്റി കയറുന്ന ചാർലി ഫുട്ബോൾ ടീമിലെ ബ്രാഡ് എന്ന പോപ്പുലർ  ക്വാർട്ടർബാക്കും പാട്രിക്കുമായുള്ള ബന്ധം അറിയാനിടവരുന്നു. 


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 

പാട്രിക്കുമായുള്ള ബന്ധം രഹസ്യമായിരിക്കണമെന്നും അത്  തന്റെ പ്രശസ്തിയെയോ സുഹൃത്തുക്കളെയോ കുടുംബത്തെയോ ബാധിക്കരുതെന്നും ബ്രാഡിന് നിർബന്ധമുണ്ട്. വളരെ കുറച്ചുപേർക്ക് മാത്രമാണ് ആ രഹസ്യം അറിയുന്നത്. ഇത്തരമൊരു ബന്ധം രഹസ്യമായി സൂക്ഷിക്കേണ്ടിവരുന്നതിൽ ദുഃഖമില്ലേ എന്ന ചോദ്യത്തിന് ആ ദുഃഖത്തിലും ഉപരിയാണ് ഒരുമിച്ച് സമയം ചിലവഴിക്കാനായി ബ്രാഡിന് ലഹരിയുടെ സ്വാധീനമെന്ന ഒഴിവുകഴിവ് പറയേണ്ടിവരുന്നില്ല എന്നതിന്റെ ആശ്വാസം എന്നാണ് പാട്രിക്ക് പറയുന്നത്. ഹിതകരമല്ലാത്തതെന്ന് പൊതുവെ മുദ്രകുത്തപ്പെടാവുന്ന ആ ബന്ധത്തെ സ്വാഭാവികമായി അംഗീകരിക്കാൻ ചാർലിക്ക് കഴിയുന്നുണ്ട്. വളരെ സ്വാഭാവികമായി ഒരു ലൈംഗികന്യൂനപക്ഷ കഥാപാത്രത്തെ അവതരിപ്പിച്ച എസ്രാ മില്ലറിന് നേരെ യഥാർത്ഥജീവിതത്തിൽ ചൈൽഡ് ഗ്രൂമിങ് അടക്കമുള്ള കുറ്റങ്ങൾ വന്നു എന്നതാണ് വിരോധാഭാസം.

സുഹൃത്തുക്കൾക്കൊത്തു ചിലവഴിക്കുന്ന സമയം ചാർലിക്ക് വളരെ പ്രിയപ്പെട്ടതാണ്. അത് കൂട്ടത്തിൽ എല്ലാവർക്കും മനസിലാകുന്നത് ക്രിസ്മസിനോടനുബന്ധിച്ചു നടക്കുന്ന സീക്രട്ട് സാന്റ പ്രോഗ്രാമിലാണ്. തനിക്ക് ലഭിച്ച സുഹൃത്തിനു മാത്രം സമ്മാനങ്ങൾ നൽകുക എന്ന പതിവിനു പകരമായി ആ കൂട്ടത്തിലെ ഓരോരുത്തർക്കും അവരുടെ വ്യക്തിത്വവുമായി ഏറ്റവും അടുത്തുനിൽക്കുന്ന സമ്മാനങ്ങൾ ചാർലി  നൽകുന്നുണ്ട്. അധികമൊന്നും സംസാരിക്കാത്ത, തീർത്തും ഏകാകിയായ ആ കൗമാരക്കാരൻ തങ്ങളെയെല്ലാം എത്രയാഴത്തിൽ മനസിലാക്കിയിരിക്കുന്നു എന്ന് പാട്രിക്കും സാമും ഒഴികെയുള്ളവർ അത്ഭുതം കൂറുന്നുണ്ട്. അവരിരുവരും മാത്രമാണ് ചാർലിയ്ക്ക് തിരികെയൊരു സമ്മാനം നൽകുന്നത്. ഒരു സ്യൂട്ടും പഴയൊരു ടൈപ്പ് റൈറ്ററും. എല്ലാ വലിയ എഴുത്തുകാർക്കും സ്വന്തമായി സ്യൂട്ടും ടൈപ്പ് റൈറ്ററും ഉണ്ടെന്നും ചാർലിക്കും അത് അത്യാവശ്യമാണെന്നുമാണ് പാട്രിക്കിന്റെ വാദം. ടൈപ്പ് റൈറ്റർ ചാർലിക്ക് സമ്മാനിക്കുന്ന സമയം ഞങ്ങളെക്കുറിച്ച് എന്നെങ്കിലും എഴുതൂ എന്ന് പറയുന്ന സാമിനോട് തീർച്ചയായും എന്ന് മറുപടിയേകുന്ന ചാർലി  മനസ് നിറക്കുന്ന കാഴ്ചയാണ്.

എന്നാൽ ഈ തിരക്കാഴ്ച്ചയിലില്ലാത്ത മറ്റൊന്ന് ച്‌ബോസ്കിയുടെ പുസ്തകത്തിലുണ്ട്. ചാർലി പാട്രിക്കിന് നൽകുന്ന അവസാന സമ്മാനമാണത്. A Person, A Paper, A Promise എന്ന പേരിൽ ഏൾ റീം എഴുതിയ ഒരു കവിത. ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മൈക്കിൾ ചാർലിക്ക് പരിചയപ്പെടുത്തിയ കവിത. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്നതിനിടെ ഒരു കുട്ടിയ്ക്കുണ്ടാവുന്ന തിരിച്ചറിവുകളാണ് ആ കവിതയുടെ പ്രമേയം. ഓരോ ഭാഗവും കൃത്യമായ ഒരു ആഖ്യാനം മുന്നോട്ടുവെക്കുന്നുണ്ട്. അതിലൂടെ ആ കുട്ടിയുടെ ഗാർഹികാന്തരീക്ഷത്തിലെ മാറ്റങ്ങളും, അവയെങ്ങനെ അവന്റെ സാമൂഹിക ഇടപെടലുകളെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നും ഏൾ റീം പറഞ്ഞുവെക്കുന്നു. മാതാപിതാക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലുമുള്ള ബന്ധത്തിൽ വരുന്ന വിള്ളലുകൾ, സൗഹൃദത്തിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ, ദൈവമെന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ ഇവയെല്ലാം ഒടുവിൽ ആ കുട്ടിയെ കൊണ്ടുചെന്നെത്തിക്കുന്നത് ആത്മഹത്യയിലാണ്. പലതരത്തിലുള്ള വിവേചനങ്ങൾക്കൊടുവിൽ കുഞ്ഞുങ്ങൾക്ക് ആത്മഹത്യ ഒരു അഭയസ്ഥാനമാകുന്നത് അസ്വസ്ഥതയുളവാക്കുന്ന ദൃശ്യമാണ്. ചലച്ചിത്രത്തിൽ നിന്നും അത് ഒഴിവാക്കിയത് ചിത്രത്തിന്റെ പ്രസാദാത്മകമായ അന്തരീക്ഷത്തിനു വിഘാതമാവരുത് എന്ന നിർബന്ധത്താലാവാം. 


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 

ചലച്ചിത്രത്തിന്റെ മാന്ത്രികാന്തരീക്ഷം വായനക്കാരല്ലാത്തവരിൽ നിന്നും മറച്ചുപിടിക്കുന്ന അനേകം കാര്യങ്ങളുണ്ട്. അതിൽ പ്രധാനം ആ എഴുത്തുകളുടെ നിഷ്കളങ്കതയും സത്യസന്ധതയും തന്നെയാണ്. ദൃശ്യഭാഷയിലേക്ക് അതിനെ പൂർണമായും പരിവർത്തനം ചെയ്യാൻ ച്‌ബോസ്കിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഒരു കാഴ്ചക്കാരൻ എന്നതിലുപരി ചാർലിയുടെ ജീവിതത്തിൽ വ്യക്തമായ പങ്കുവഹിക്കുന്ന ഒരാളായി ഓരോരുത്തരും മാറുന്നുണ്ട്. എന്തുകൊണ്ട് തന്റെ രഹസ്യങ്ങൾ നിങ്ങളോടു പറയുന്നു എന്ന് വിശദീകരിക്കുന്ന ചാർലിയുടെ അവസാന കത്ത് ഒരുതരത്തിൽ നമ്മളെ അതിതീവ്രമായി ചാർലിയുടെ ജീവിതത്തിൽ ഇടപെടുത്തുന്നുണ്ട്. സുഹൃത്തിന്റെ മരണശേഷം മറ്റൊരാളുടെ സംഭാഷണത്തിൽ നിന്നുമാണ് നിങ്ങളെപ്പറ്റിയറിഞ്ഞതെന്നും ഒരു കുട്ടിയുടെ കത്തുകൾ വായിക്കുന്നതിൽ നിങ്ങൾക്ക് അസ്വാസ്ഥ്യമൊന്നും തോന്നാൻ ഇടയില്ലെന്ന് തോന്നിയത് കൊണ്ടാണ് നിങ്ങൾക്ക് കത്തുകൾ അയച്ചതെന്നും പറയുന്ന ചാർലിയെ നിങ്ങൾക്കൊരിക്കലും ചലച്ചിത്രത്തിൽ കാണാൻ കഴിയില്ല. എന്നാൽ സമാനമായ കത്തുകൾ എഴുതുന്ന മറ്റൊരു കുട്ടിയെ മലയാളിപ്രേക്ഷകർക്ക് പരിചയമുണ്ട്. അകാലത്തിൽ അന്തരിച്ച മോഹൻ രാഘവൻ സൃഷ്ട്ടിച്ച ടി ഡി ദാസൻ എന്ന ആറാം ക്ലാസുകാരനും ഇതുപോലൊരു പറ്റം കത്തുകളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ കുടിയേറുന്നത്. തിരക്കഥയിലെ ഒരു രചനാ സങ്കേതമായി കത്തുകളെ ഉപയോഗപ്പെടുത്തേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നിൽ ഒരുപക്ഷെ ചലച്ചിത്ര മേഖലയിലെ  ച്ബോസ്കിയുടെ ഒന്നരപതിറ്റാണ്ടോളം നീണ്ട  പരിചയസമ്പത്ത് ഒരു ഘടകമായിരുന്നിരിക്കാം. എന്നാൽ മറയില്ലാത്ത സംഭാഷണത്തിന്റെ എല്ലാ സൗന്ദര്യവും കാണികൾക്ക് നിഷേധിക്കപ്പെടുവാൻ അതൊരു കാരണമാവുന്നുണ്ട്. 

ചിത്രത്തിലും നോവലിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് റിച്ചാർഡ് ഒബ്രിയൻ എഴുതിയ റോക്കി പിക്ച്ചർ ഹൊറർ ഷോ എന്ന മ്യൂസിക്കൽ. ബി ഗ്രേഡ് സയൻസ് ഫിക്ഷൻ / ഹോറർ ചിത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് രചിക്കപ്പെട്ട നാടകവും അതിന്റെ ചലച്ചിത്രാവിഷ്കാരവും പതിറ്റാണ്ടുകൾക്കിപ്പുറവും വലിയ ആരാധകപിന്തുണയുള്ള ഒന്നാണ്. അറുപതുകളിൽ രൂപം കൊണ്ട പ്രതിസാംസ്കാരിക മുന്നേറ്റങ്ങളും ലൈംഗിക സ്വാതന്ത്ര മുന്നേറ്റങ്ങളെയുമെല്ലാം വലിയ തോതിൽ സ്വാധീനിച്ച ഒന്നാണ് റോക്കി പിക്ച്ചർ ഹൊറർ ഷോ. അരനൂറ്റാണ്ടിനിടയിൽ വ്യത്യസ്ത തലമുറകൾക്കിടയിൽ fluid sexualityയെക്കുറിച്ച് വലിയൊരു അവബോധം സൃഷ്ടിക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. വ്യത്യസ്ത ലൈംഗികതകളെ ഇപ്പോഴും സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന മനുഷ്യരുള്ള ഈ ലോകത്ത്, വർഷങ്ങളായി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് താദാത്മ്യപ്പെടുവാൻ കഴിയുന്ന സൃഷ്ടിയാണ് റോക്കി പിക്ച്ചർ ഹൊറർ ഷോ എന്നതിൽ സംശയമില്ല. വർഷങ്ങളായി തുടരുന്ന മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങുകളും അതിന്  സ്ഥിരം കാണികളും ഓരോ നഗരങ്ങളിലുമുണ്ട്. പലയിടത്തും ചിത്രം പ്രദർശിപ്പിക്കുന്നതിനു സമാന്തരമായി കാണികൾ കഥാപാത്രങ്ങളുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുകയും രംഗങ്ങൾ അഭിനയിച്ചു പകർത്താറുമുണ്ട്. പല നഗരങ്ങളിലും ചിത്രത്തിലെ ഓരോ സംഭാഷണത്തിനും പകരമായി അവിടുത്തെ കാണികൾ പുതിയ സംഭാഷണങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്.  അവയിൽ പലതും സൗജന്യമായി ഇന്റർനെറ്റിൽ ലഭ്യമാണ്. അത്ര ജനകീയമാണ് ആ ചലച്ചിത്രം, ലോകത്തിൽ ഏറ്റവുമധികം വർഷങ്ങളായി തുടർച്ചയായി പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിൽ ഒന്നുകൂടിയാണ് അത്.

റോക്കി പിക്ച്ചർ ഹൊറർ ഷോയുടെ പ്രദർശനങ്ങളിൽ കാണിയായി പങ്കെടുക്കുന്നുണ്ട് ചാർലി. സാമും പാട്രിക്കും സാമിന്റെ ബോയ്ഫ്രണ്ട് ക്രൈഗുമെല്ലാം നിശാപ്രദർശനങ്ങളിൽ സ്ഥിര സന്ദർശകരാണ്. തിരശീലക്ക് സമാന്തരമായി അവർ വേഷങ്ങൾ അഭിനയിക്കാറുണ്ട് മോഡലും ഫോട്ടോഗ്രാഫറുമായ  ക്രെയ്ഗ് ആണ് അത്തരം സമാന്തര പ്രദർശനങ്ങളിൽ റോക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ക്രൈഗിന്റെ അസ്സാന്നിധ്യത്തിൽ ഒരിക്കൽ ചാർലി റോക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അവിടെ സാമിനോടുള്ള ഇഷ്ടം തുറന്നുപറയാൻ കഴിയാതെ നിൽക്കുന്ന ചാർലിയെ നമുക്ക് കാണാം. ഓരോരുത്തരോടും മനസിലുള്ളത് തുറന്നു സംസാരിക്കാൻ കഴിയാത്തൊരാളാണ് ചാർലി എന്നത് ഇതിനോടകം നമ്മൾ മനസിലാക്കിയിട്ടുണ്ടല്ലോ. മേരി എലിസബത്തുമായുള്ള പ്രണയബന്ധവും അത്തരമൊരു സാഹചര്യത്തിൽ സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു ബന്ധത്തിൽ യാതൊരു താല്പര്യവുമില്ലാതിരിക്കുമ്പോഴും നോ പറയാൻ കഴിയുന്നില്ലെന്ന കാരണത്താൽ ചാർലിക്ക് അതിൽ തുടരേണ്ടിവരുന്നു. പിന്നീടൊരു ഘട്ടത്തിൽ സുഹൃത്തുക്കളിൽ നിന്നും ചാർലി ഒറ്റപ്പെടുവാനും അതൊരു കാരണമാവുന്നുണ്ട്.


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 

സുഹൃത്തുക്കൾ നഷ്ടമാവുന്നത് ചാർലിയെ വല്ലാത്തൊരവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ളതിലും സുരക്ഷിതത്വവും സമാധാനവും ചാർലിക്ക് ലഭിച്ചിരുന്നത് സുഹൃത്തുക്കളിൽ നിന്നുമാണ്. ഒപ്പം സുഹൃത്തുക്കൾ ഉണ്ടായതിനുശേഷമാണ് ചാർലി പതുക്കെ തന്റെ സുരക്ഷാവലയത്തിൽ നിന്നും പുറത്തുവന്നുതുടങ്ങുന്നത്.  സുഹൃത്തുക്കൾക്കൊപ്പമുള്ളപ്പോൾ സന്തോഷമായിരിക്കാൻ കഴിയുന്ന ഒരാൾക്ക്, താൻ എത്ര തന്നെ സ്നേഹിക്കുന്നവരാണെങ്കിൽ കൂടിയും കുടുംബാംഗങ്ങൾ ദുഃഖത്തിന് കാരണമാവുന്നത് നിത്യജീവിതത്തിൽ നാം പലപ്പോഴും കണ്ടിട്ടുണ്ട്. അതിനർത്ഥം അവർ മോശം മനുഷ്യരാണെന്നല്ല. പലപല സാഹചര്യങ്ങൾ കൊണ്ട് കാര്യങ്ങൾ കൃത്യമായി വിനിമയം ചെയ്യപ്പെടാതെപോവുകയും പലയിടങ്ങളിലും നാം അന്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നത് ഒട്ടും അഭിലഷണീയമല്ലെങ്കിലും അത് കണ്ടുവരുന്ന ഒരു പ്രവണത തന്നെയാണ്. അതുകൊണ്ടാണ് ചാർലിക്ക് I feel like a big faker because I’ve been putting my life back together, and nobody knows. എന്ന് പറയേണ്ടിവരുന്നത്. സുഹൃത്തുക്കളുടെ അഭാവത്തിൽ ചാർലി  മദ്യം, മയക്കുമരുന്ന് എന്നിവയെ അമിതമായി ആശ്രയിക്കാൻ തുടങ്ങുന്നു. ആ കാലയളവിലെ ചാർലിയുടെ കത്തുകൾ അവന്റെ അസ്ഥിരമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ്. സുഹൃത്തുക്കളില്ലാതെ തന്റെ ജീവിതം എത്ര ദുഷ്‌കരമായി മാറിയെന്ന് അയാൾക്ക് ബോധ്യമുണ്ട്. അതിനാലാണ് I don’t know if you’ve ever felt like that. That you wanted to sleep for a thousand years. Or just not exist. Or just not be aware that you do exist. എന്ന് ചാർലിക്ക് കത്തിൽ അജ്ഞാത സുഹൃത്തിനോട് ചോദിക്കേണ്ടിവരുന്നത്.

എന്നാൽ കാര്യങ്ങളെല്ലാം അധികം വൈകാതെ പഴയതുപോലെയാവുന്നു. അതിനിടയാക്കുന്നത് മറ്റൊരു സംഭവമാണ്. ബ്രാഡും പാട്രിക്കും തമ്മിലുള്ള ബന്ധം ബ്രാഡിന്റെ പിതാവ് അറിയാനിടവരികയും അതിന്റെ പേരിൽ വലിയ പ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. ഒരിടവേളക്ക് ശേഷം സ്‌കൂളിൽ തിരിച്ചെത്തുന്ന ബ്രാഡ് പാട്രിക്കിനെ അവർ തമ്മിൽ യാതൊരു പരിചയവും ഉണ്ടായിരുന്നില്ലെന്ന മട്ടിൽ അവഗണിക്കാൻ തുടങ്ങുന്നു. അതിനെത്തുടർന്ന് വലിയൊരു  സംഘർഷം ഉടലെടുക്കുകയും പാട്രിക്കിനെ ഒരു സംഘം മർദ്ദിക്കുകയും ചെയ്യുന്നു. എന്നാൽ അതുവരെയും സുഹൃത്തുക്കളിൽ നിന്നും അകന്നുനിൽക്കേണ്ടിവന്ന ചാർലി ആ സന്ദർഭത്തിൽ പാട്രിക്കിന്റെ രക്ഷക്കെത്തുന്നു.  ആ സംഭവത്തിലൂടെ അവന്റെ സുഹൃത്തുക്കളെ തിരികെ നേടാൻ ചാർലിക്ക് കഴിയുന്നു. എന്നാൽ അപ്പോഴും ഇടയ്ക്കിടെ ചാർലി അതിവൈകാരികമായി ചിന്തിക്കുകയും അതീവ വിഷാദവാനാകുകയും ചെയ്യുന്നുണ്ട്. ആന്റ് ഹെലന്റെ മരണശേഷം ഇടക്കാലത്ത് കൗൺസിലിംഗിനു വിധേയനായിരുന്നത് പോലെ ഒരു ഘട്ടത്തിൽ കൗൺസിലിംഗ് പുനരാരംഭിക്കുന്ന ചാർലിയെ നോവലിൽ കാണാം.

പ്രണയഭംഗത്തിലൂടെ കടന്നുപോകുന്ന പാട്രിക്കിന് വലിയൊരു പിന്തുണയായി മാറുന്നുണ്ട് ചാർലി. അവരൊരുമിച്ചു ധാരാളം സമയം ചിലവഴിക്കാനാരംഭിക്കുന്നു. ഒരുഘട്ടത്തിൽ പാട്രിക് ചാർലിയെ ചുംബിക്കുന്നിടത്തോളം കാര്യങ്ങളെത്തുന്നു. അരുതെന്നറിയാമായിരുന്നിട്ടും പാട്രിക്കിനെ വിലക്കാൻ ചാർലിക്ക് കഴിയുന്നില്ല. സുഹൃത്തിനെ സഹായിക്കാനാണ് ശ്രമിക്കുന്നതെങ്കിലും തന്റെ  പ്രവർത്തികൾ അയാളെ കൂടുതൽ മോശം അവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നതെന്ന് ചാർലി തിരിച്ചറിയുന്നില്ല. ബ്രാഡുമായുള്ള ബന്ധം അവസാനിച്ച ശേഷം പാട്രിക്ക് ഒരു സ്വയം വിനാശത്തിന്റെ പാതയിലേക്ക് മാറുന്നുണ്ട്. അവിടെ അവനെ മനസ്സുറപ്പോടെ നേർവഴിക്ക് നയിക്കുന്നതിന് പകരം, നിഷ്ക്രിയനായ ഒരു ശ്രോതാവാകാനാണ് ചാർലി ശ്രമിക്കുന്നത്. ബ്രാഡിന്റെ പുതിയ ബന്ധം നേരിട്ട് കണ്ട പാട്രിക്ക് സ്വയം നിശ്ചയിച്ച് തന്റെ ജീവിതം നേരെയാക്കാൻ ഒരുങ്ങുന്നതല്ലാതെ ചാർലിക്ക് അവിടെ കാര്യമായി ഒരു തീരുമാനം എടുക്കാനോ സുഹൃത്തിനെ സമാധാനത്തിലേക്ക് നയിക്കാനോ കഴിയുന്നില്ല. 


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 

ചാർലിയുടെ ജീവിതം അതിന്റെ സ്വാഭാവികത വീണ്ടെടുത്തുതുടങ്ങിയതും അധ്യയനവർഷം അവസാനിക്കാറാവുന്നു. സാമും പാട്രിക്കും അടക്കമുള്ള ചാർലിയുടെ സുഹൃത്തുക്കൾ അവസാനവർഷ വിദ്യാർത്ഥികളായതിനാൽ അവരെല്ലാം പ്രോമിന്റെയും മറ്റു തിരക്കുകളിലും മുഴുകുന്നു. ഒരിടവേളക്ക് ശേഷം ചാർലി വീണ്ടും ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. പക്ഷെ അത് അവനെ കാര്യമായി ബാധിക്കാതിരിക്കാൻ ബിൽ ശ്രദ്ധിക്കുന്നു. പുസ്തകത്തിലുടനീളം ചാർലി  വായിക്കുന്ന നോവലുകൾ ചാർലിയുടെ വ്യക്തിത്വവികാസത്തിൽ പങ്കുവഹിക്കുന്നതായി നാം കണ്ടിട്ടുണ്ട്. ഒരു മാർഗദർശിയെന്ന നിലയിൽ ചാർലിയുടെ വളർച്ചയിൽ ബില്ലിന്റെ പങ്ക് നിസ്സീമമാണ്. ഏതുനിമിഷവും ഒരു സംഭാഷണത്തിനായി ചാർലിക്ക് ആശ്രയിക്കാൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. എന്നാൽ ചാർലിക്ക് ഏത് നിമിഷവും ആശ്രയിക്കാവുന്ന ഒരു അഭയകേന്ദ്രവും ബിൽ നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ. ബിൽ ഏൽപ്പിക്കുന്ന പുസ്തകങ്ങളിലൂടെ തന്റെ ജീവിതത്തിലെ മോശം ഭാഗങ്ങളിൽ നിന്ന് കുറച്ചുസമയത്തേക്കെങ്കിലും രക്ഷപ്പെടാൻ ചാർലിക്ക് കഴിയുന്നു. ക്രിസ്മസ് സമയത്ത്, ചാർലിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അവന്റെ മാനസികനില വളരെ മോശമായിരിക്കുമ്പോൾ, ചാർലി  ദ ക്യാച്ചർ ഇൻ ദ റൈ തുടർച്ചയായി മൂന്ന് തവണ വായിക്കുന്നത് കാണാം. 

പുസ്തകങ്ങളോളം ആഖ്യാനത്തിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ചാർളി ആസ്വദിക്കുന്ന ഗാനങ്ങളും. ഏറെ അടുപ്പമുള്ളവരെയെല്ലാം ഗാനങ്ങളിലൂടെ ഓർക്കുന്ന, അവർക്കായി മിക്സ് ടേപ്പുകൾ ഒരുക്കുന്ന ഒരാളാണ് ചാർലി. അടുത്ത സുഹൃത്തുക്കളുമായി പ്‌ളേലിസ്റ്റുകൾ പങ്കുവെക്കുന്ന അനേകം മനുഷ്യർ പരിചയവലയത്തിലുണ്ട്. അതുകൊണ്ട് തന്നെ ചാർലിയെ എന്താണ് ഇതിന് പ്രേരിപ്പിക്കുന്നതെന്ന് ഊഹിക്കാൻ എളുപ്പമാണ്. ഐറിഷ് സംവിധായകൻ ജോൺ കാർണിയുടെ ബിഗിൻ എഗൈൻ എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രം you  can tell a lot about a person by what’s on their playlist എന്ന് പറയുന്നുണ്ട്. അതുശരിവെക്കുന്നതാണ് പാട്രിക്കിന് ക്രിസ്മസ് സമ്മാനമായി ചാർളി ഒരുക്കുന്ന മിക്സ് ടേപ്പ്.  അറുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള മൂന്ന് പതിറ്റാണ്ടിൽ നിന്നും തിരഞ്ഞെടുത്ത പതിമൂന്ന് ഗാനങ്ങളാണ് അതിലുള്ളത്. ചാർളി ജനിക്കുന്നതിനും മുൻപ് പുറത്തിറങ്ങിയ ഗാനങ്ങൾ മുതൽ ആഖ്യാനത്തിലെ കത്തുകൾ എഴുതുന്നതിനു ഒരു വർഷം മുൻപേ പുറത്തിറങ്ങിയവ വരെയുണ്ടതിൽ.    ഇരുപത്തിയാറുവയസിൽ മരണപ്പെട്ട നിക്ക് ഡ്രേക്  മരണത്തിനും രണ്ടു പതിറ്റാണ്ടിനിപ്പുറം ചാർളിയുടെ മിക്സ് ടേപ്പിൽ സ്ഥാനമുറപ്പിക്കുന്നത് ഗാനങ്ങളിലെ അവന്റെ അഭിരുചിയെ വെളിവാക്കുന്നുണ്ട്. ഈ 2023 ലും അവയിൽ പലതും ആസ്വാദ്യകരം തന്നെ. മിക്സ് ടേപ്പുകളിൽ മാത്രം ഒതുങ്ങുന്നില്ല ഗാനങ്ങളോടുള്ള ചാർളിയുടെ പ്രതിപത്തി. സുഹൃത്തിനുള്ള കത്തിൽ സാമിന്റെ ചിത്രത്തെ വിവരിക്കുന്ന ഈ ഭാഗം നോക്കൂ.

There is this one photograph of Sam that is just beautiful. It would be impossible to describe how beautiful it is, but I’ll try.

If you listen to the song “Asleep,” and you think about those pretty weather days that make you remember things, and you think about the prettiest eyes you’ve known, and you cry, and the person holds you back, then I think you will see the photograph.


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം 
ഏറ്റവും മനോഹരമായ നിമിഷങ്ങളെ അനശ്വരതയോട് ചേർത്തുനിർത്താൻ ഗാനങ്ങളെ ഉപയോഗിക്കുന്നത് പതിവാക്കിയ മറ്റനേകം മനുഷ്യരെപ്പോലെ തന്നെയാണ് ഇവിടെ ചാർളിയും.  അദ്ധ്യയനവർഷത്തിന്റെ അവസാനദിനങ്ങളിലൊന്നിൽ  ബിൽ ചാർലിയെ തന്റെ അപ്പാർട്ട്മെന്റിലേക്ക് അത്താഴത്തിന് ക്ഷണിക്കുന്നുണ്ട്. അവിടെവെച്ച് ചാർലി എത്രമാത്രം കഴിവുറ്റവനാണെന്ന് ബിൽ തന്റെ പങ്കാളിയോട് പറയുന്നത് നമുക്ക് കാണാം. ചാർലി  തന്റെ മൂല്യത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും ബോധവാനാണെന്ന് ഉറപ്പാക്കാൻ ബിൽ ആഗ്രഹിക്കുന്നുണ്ട്. ഒരുവേള ചാർലിയെ ഇതിനുമുമ്പ് ഒരിക്കലും ആരും ഈ രീതിയിൽ അഭിനന്ദിച്ചിട്ടില്ലെന്ന് അദ്ദേഹം ആശങ്കാകുലനാണ്. തന്റെ വീട്ടിൽ നിന്നും മടങ്ങാനൊരുങ്ങവേ, ഇത്ര നല്ലൊരു വിദ്യാർത്ഥിയായതിന്, ഇത്ര മനോഹരമായ ഒരു അധ്യാപനഅനുഭവം തനിക്ക് നൽകിയതിന് ബിൽ ചാർലിയോട് നന്ദി പറയുമ്പോൾ  അപ്രതീക്ഷിതമായ ആ വാചകങ്ങൾ ചാർലിയെ ആശയക്കുഴപ്പത്തിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ജീവിതത്തിന്റെ ഏറിയപങ്കും സ്വന്തം മാനസികവ്യാപാരങ്ങളിൽ തളച്ചിടപ്പെടുന്നവർക്ക് കളങ്കമില്ലാത്ത അഭിനന്ദനവാചകങ്ങളെ സ്വീകരിക്കാൻ പോലും വിമുഖതയുണ്ടാവും. തീർത്തും സ്വാഭാവികമാണത്. അധികമാരും തന്നെ മനസ്സിലാക്കാനോ അംഗീകരിക്കാനോ പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഒരു ജീവിതം വെറുതെ ജീവിച്ചുതീർക്കുന്ന മനുഷ്യരെന്നത് തോറ്റുപോയവർക്ക് മാത്രം മനസിലാവുന്ന സംജ്ഞയാണ്.

പുതിയ കോളേജ്, കരിയർ ഇവയെല്ലാം തിരഞ്ഞെടുത്ത് സുഹൃത്തുക്കൾ ഓരോരുത്തരായി തന്നെ വിട്ടുപോവുന്നത് ചാർലിയെ വിഷമസന്ധിയിലാക്കുന്നു. ക്രൈഗുമായുള്ള ബ്രേക്കപ്പിന് ശേഷവും തന്നോടുള്ള ഇഷ്ടം തുറന്നുപറയാത്തത് സാമും ചാർലിയും തമ്മിൽ ഒരു വാഗ്‌വാദത്തിനു വഴിവെക്കുന്നുണ്ട്. “You can't just sit there and put everybody's lives ahead of yours and think that counts as love.” എന്ന് സാം പറയുമ്പോൾ തീർത്തും നിരാലംബനായ ഒരാളെ ഓർമ്മ വരും. അയാളെ കടന്നുപോയ അസംഖ്യം മനുഷ്യരെയും. 

ചാർലിയും സാമും തമ്മിലുള്ള സംഭാഷണം തുടരുകയും അത് ശാരീരിക ബന്ധത്തിലേക്ക് കടക്കുവാൻ തുടങ്ങുകയും ചെയ്യുണ്ടെങ്കിലും ആ പ്രക്രിയ ചാർലിയിൽ വളരെ മോശം പ്രതികരണമാണുണർത്തുന്നത്. സാം പോലും ഭയപ്പെടുന്ന രീതിയിൽ ചാർലി ആകെ വിളറിവെളുക്കുന്നുണ്ട്. ഒടുവിൽ കോളേജിലേക്ക് സാം പോകുന്ന ദിവസം യാത്ര പറഞ്ഞു പിരിയുന്ന ചാർലിക്ക് അധികം വൈകാതെ ഒരു മെന്റൽ ബ്രെക്ഡൗൺ ഉണ്ടാവുന്നു. ചലച്ചിത്രത്തിൽ ആ കാഴ്ച അത്ര ഭീതിതമല്ലെങ്കിലും പുസ്തകത്തിൽ ചാർലിയുടെ വാചകങ്ങൾ ശ്വാസം മുട്ടിക്കുന്നതാണ്. കാത്തുനിൽക്കുന്ന അനിവാര്യമായൊരു ദുർവിധിയുടെ അസ്വസ്ഥതയുളവാക്കുന്ന ദൃശ്യമാണ് ആ എഴുത്തു നമുക്ക് പകർന്നു നൽകുക.


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ സിനിമയിലെ രംഗം 

അധികം വൈകാതെ അതിന്റെയെല്ലാം മൂലകാരണത്തിലേക്ക് നമ്മളെത്തുന്നുണ്ട്. നന്നേ ചെറുപ്രായത്തിൽ തന്നെ അമ്മയുടെ സഹോദരിയാൽ ലൈംഗികചൂഷണത്തിന് വിധേയനായിരുന്നു ചാർലി.  അവരുടെ യാദൃശ്ചികമായ അപകടമരണം പോലും ചാർലിയിൽ കുറ്റബോധത്താൽ മുഖരിതമായ ഒരു വൈകാരികാഘാതമേൽപ്പിക്കുകയാണ് ചെയ്യുന്നത്. അതുമൂലമാണ് പലപ്പോഴും ചാർലിക്ക് തന്റെ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുക്കാനോ, കൃത്യമായി കാര്യങ്ങൾ പ്രകടിപ്പിക്കാനോ കഴിയാതെ പോകുന്നത്. തിരിച്ചറിവില്ലാത്ത പ്രായത്തിൽ താൻ ഉപയോഗിക്കപ്പെടുകയായിരുന്നു എന്ന സത്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്ത ചാർലിയുടെ ഉപബോധമനസ്, ആന്റ് ഹെലന്റെ മരണത്തിനു താൻ കാരണക്കാരനായെന്ന വിചിത്ര ന്യായം രൂപീകരിക്കുകയാണ് ചെയ്യുന്നത്. അതിലൂടെ തന്നെ ചൂഴ്ന്നു നിൽക്കുന്ന ലൈംഗികാതിക്രമത്തിന്റെ  ഓർമ്മ ഒരുതരത്തിൽ അടിച്ചമർത്തപ്പെടുകയാണ്. 

കുട്ടിക്കാലത്ത് സംഭവിച്ച കാര്യങ്ങൾ സൈക്യാട്രിസ്റ്റ് ആവർത്തിച്ചു ചോദിച്ചതിന്റെ കാരണങ്ങൾ ചാർലിക്ക് മനസിലാവുന്നത് രണ്ട് മാസത്തോളം നീണ്ടുനിന്ന ആശുപത്രി വാസത്തിനിടയിലാണ്. ചാർലിയുടെ കത്തുകളിലുടനീളം ലൈംഗികത ഒരു സ്ഥിരം പ്രമേയമാണ്. സ്വയംഭോഗവും സ്വപ്നസ്ഖലനവും തുടങ്ങി തനിക്ക് ചുറ്റുമുള്ളവർ കടന്നുപോയിട്ടുള്ള ലൈംഗികാതിക്രമങ്ങൾ വരെ കത്തുകളിലൂടെ അജ്ഞാത സുഹൃത്തിനോട് ചാർലി വിവരിക്കുന്നുണ്ട്.   സാം അടക്കമുള്ളവർ കടന്നുപോയ ലൈംഗികാതിക്രമങ്ങളെ ആഖ്യാനത്തിന്റെ പല ഘട്ടങ്ങളിലായി നാം പരിചയിക്കുന്നുണ്ടെങ്കിലും അവയോടൊക്കെയും അനുഭാവപൂർവം പ്രതികരിക്കുന്ന ചാർലി സ്വന്തം അനുഭവങ്ങളുടെ കാഠിന്യം കുറയ്ക്കാനാവണം  ഈ പൊതുഅനുഭവങ്ങളെ ഉപയോഗിച്ചിരിക്കുക.

നാളുകൾ നീണ്ടുനിൽക്കുന്ന കൗൺസിലിംഗിലൂടെയാണ് തനിക്ക് സംഭവിച്ച മുറിവുകളെ അതിജീവിക്കാൻ ചാർലിക്ക് കഴിയുന്നത്. അതിശയകരമായ സംഗതി എന്തെന്നാൽ അതുവരെയും പലരും നേരിട്ട ലൈംഗിക അതിക്രമങ്ങളുടെ അസ്വസ്ഥതയുളവാക്കുന്ന വിവരങ്ങൾ ഒരിക്കൽ പോലും ചാർലിയിൽ ഒരു പ്രതികരണം ഉളവാക്കാതിരിക്കുമ്പോഴും താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്നയാളുടെ സ്നേഹമസൃണമായ ഒരു സ്പർശമാണ് ചാർലിയുടെ മുറിവുകളെയെല്ലാം ഉണർത്തുന്നതെന്നതാണ്. അതുവരെയുള്ള ജീവിതത്തിൽ ചാർലി ഏറ്റവുമധികം സ്നേഹിച്ചിരുന്ന ആന്റ് ഹെലനാണു തന്നെ ദുരുപയോഗം ചെയ്തതെന്ന സത്യത്തെ അവരോട് തോന്നിയ അഗാധസ്നേഹമുപയോഗിച്ചു തന്നെയാണ് ചാർലി മറച്ചുപിടിച്ചിരുന്നത്. സമാനമായ അളവിലുള്ള അഗാധപ്രണയമാണ് ഒടുവിൽ ആ സത്യത്തെ പുറത്തുകൊണ്ടുവരുന്നത്. കൃത്യമായ കൗൺസിലിംഗ് വഴി ഈ വികാരങ്ങളെല്ലാം വിശകലനം ചെയ്യുന്നതിലൂടെ ചാർലിയുടെ നില ഭേദപ്പെടുന്നു. ഒരാളുടെ ജീവിതത്തെ നിർണ്ണയിക്കുക അയാളുടെ ഭൂതകാലമല്ലെന്നും സ്വന്തം ജീവിതത്തിൽ തിളക്കമാർന്ന ഒരു വഴി തുറക്കാൻ കഴിയുമെന്നും അവൻ തിരിച്ചറിയുന്നു. ഭാവിയെക്കുറിച്ചുള്ള  പ്രതീക്ഷയുടെ തിളക്കമാർന്ന വെളിച്ചം വീശിക്കൊണ്ട്, ഇത് തന്റെ അവസാനത്തെ കത്ത് ആയിരിക്കുമെന്ന് എഴുതുന്ന ചാർലി വായനക്കാരന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം നിറക്കുന്നുണ്ട്. 


'ദി പെർക്സ് ഓഫ് ബീയിങ് എ വോൾഫ്‌ളവർ' സിനിമയിലെ രംഗം

എന്നാൽ ചലച്ചിത്രത്തിൽ ഇല്ലാതെപോയ പ്രധാന കഥാസന്ദർഭം ചാർലിയും സഹോദരിയും തമ്മിലുള്ള ബന്ധമാണ്. പലപ്പോഴും തമ്മിൽ കലഹങ്ങളുണ്ടാവാറുണ്ടെങ്കിലും അവർ തമ്മിലുള്ള ബന്ധം മനസ്സ് നിറയ്ക്കുന്ന ഒന്നാണ്. പ്രായപൂർത്തിയാവുന്നതിനു മുൻപേ കാമുകനിൽ നിന്നും ഗർഭം ധരിക്കുന്ന സഹോദരിക്കൊപ്പം അബോർഷൻ ക്ലിനിക്കിൽ കാത്തിരിക്കുന്ന, സഹോദരിക്കൊപ്പം ചെലവഴിച്ച മനോഹര നിമിഷങ്ങൾ ഓരോന്നായി സ്നേഹത്തോടെ ഓർത്തെടുക്കുന്ന  ചാർലിയെ ചലച്ചിത്രത്തിൽ നമുക്ക് കാണാനേ കഴിയില്ല. അവയെല്ലാം നോവലിൽ മാത്രമുള്ള ദൃശ്യങ്ങളാണ്. ചാർലിയുടെ സുഹൃത്ബന്ധങ്ങളിൽ ഊന്നിക്കൊണ്ട് കഥ മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനം മോശമെന്ന് പറയാനാവില്ലെങ്കിലും കളങ്കമറ്റ നിരവധി നിമിഷങ്ങൾ അതുവഴി കാഴ്ചക്കാരന് നഷ്ടമാകുന്നു. ചാർലിയുടെ മറ്റു ബന്ധുക്കളും അവരുടെ അനുബന്ധകഥകളും ഇതുപോലെ തന്നെ ചലച്ചിത്രത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ചലച്ചിത്രത്തിലെ ടണൽ സീനിൽ  അതെ ഊഷ്‌മളത നിലനിർത്താൻ ച്ബോസ്കിക്ക് കഴിഞ്ഞിട്ടുണ്ട്. പാട്രിക്കിനും സാമിനുമൊപ്പം ചാർലി ടണൽ കടക്കുന്ന രംഗം ചിത്രത്തിന് യോജിക്കുന്ന ക്ളൈമാക്സ് തന്നെയാണ്. ജീവിതം പൂർണ്ണമായെന്നും, ഇതിലുമധികം സന്തോഷം അനുഭവിക്കാൻ കഴിയുകയില്ലെന്നും തോന്നിക്കുന്ന അപൂർവ നിമിഷങ്ങൾ നമ്മുടെ ജീവിതങ്ങളിലും ഉണ്ടായിരിക്കും. ആ നിമിഷങ്ങളെ സ്‌നേഹത്തോടെ ഓർത്തെടുക്കാൻ ഈ കാഴ്ച പര്യാപ്തമാണ്. 


#cinema
Leave a comment