TMJ
searchnav-menu
post-thumbnail

TMJ Cinema

'നരിവേട്ട' മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം

25 May 2025   |   4 min Read
സജിത്ത് ശങ്കർ

രുപാട് പൊളിറ്റിക്കൽ സിനിമകൾ മലയാളത്തിൽ മുൻപും സംഭവിച്ചിട്ടുണ്ട്. എന്നാൽ അവയ്ക്കൊന്നും നൽകാൻ കഴിയാത്ത ഒരു പ്രത്യേക സംതൃപ്തി നരിവേട്ടയ്ക്ക് നൽകാൻ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. രാഷ്ട്രീയ സിനിമകളെന്നാൽ കക്ഷി രാഷ്ട്രീയവും കൊടികളും കാണിക്കുന്നതാണെന്ന പൊതുബോധം വലിയൊരു വിഭാഗത്തിനുണ്ട്. ഒരു പക്ഷെ അത് മാറ്റി മറിച്ചത് ഈ അടുത്ത കാലത്ത് തമിഴിൽ സംഭവിച്ച ചില സിനിമകളാവാം. വിടുതലൈ, കർണ്ണൻ, കാല, പരിയേറും പെരുമാൾ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ ചുരുക്കം ചില ഉദാഹരണങ്ങളാണ്. സാമൂഹിക വിഷയങ്ങളും പ്രശ്നങ്ങളും അഭിസംബോധന ചെയ്യപ്പെടേണ്ടവ കൂടിയാണ് സിനിമകൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ കാഴ്ചപ്പാടിൽ പല മലയാളം സിനിമകളും ഇറങ്ങിയിട്ടുണ്ടെങ്കിലും പലപ്പോഴും ആദിവാസി സമൂഹത്തിന്റെയോ ഗോത്ര വിഭാഗങ്ങളുടെയോ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ട സിനിമകൾ മലയാളത്തിൽ വിരലിലെണ്ണാവുന്നവ മാത്രമാണ്. പലപ്പോഴും സമാന്തര സിനിമകളുടെ മാത്രം ഭാഗമാവാൻ വിധിക്കപെട്ടവ കൂടിയാണ് ഈ വിഷയങ്ങൾ. മുഖ്യധാരാ സിനിമകൾ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടവയല്ലെന്ന പൊതു ബോധവും നിലനിൽക്കെ തന്നെ അതിനെ ഉടച്ചു വാർത്ത സിനിമകളും മലയാളത്തിൽ സംഭവിച്ചിട്ടുണ്ട്.

ഒരു പക്ഷെ 2022ൽ കമൽ കെഎം സംവിധാനം ചെയ്ത ‘പട’ യാവാം ആദിവാസി ഭൂപ്രശ്നം പൊതു സമൂഹത്തിലേക്ക് ചർച്ച ചെയ്ത അവസാന മുഖ്യധാരാ സിനിമ. ആരാലും തിരിഞ്ഞു നോക്കപ്പെടാത്ത ആ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് വിലയില്ലാഞ്ഞിട്ടാവാം അതുമല്ലെങ്കിൽ ഈ നാട്ടിൽ മാറി മാറി ഭരിക്കുന്ന കക്ഷി രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടാവാൻ മടിച്ചിട്ടാവാം അതുമല്ലെങ്കിൽ സത്യം വിളിച്ചു പറയുന്നവർ ക്രൂശിക്കപ്പെടുമെന്ന തോന്നല്  കൊണ്ടുമാവാം പലപ്പോഴും ഈ വിഷയം അഭിസംബോധന ചെയ്യപ്പെടാതെ പോവുന്നത്. പക്ഷെ ഇന്ന് നരിവേട്ടയിലൂടെ അതിനുള്ള ധൈര്യവും ആർജവവും കാണിച്ചിരിക്കുകയാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ. യഥാർത്ഥ സംഭവങ്ങളെയും ആ കാലഘട്ടത്തെയും ആവിഷ്‌ക്കരിക്കുമ്പോൾ സാധാരണയായി നേരിടാറുള്ള എല്ലാ വെല്ലുവിളികളെയും മനസ്സിലാക്കിയിട്ടാവണം സംവിധായകൻ ഇത്തരമൊടു ധീരമായ ചുവടുവെപ്പിന് ശ്രമിച്ചിട്ടുണ്ടാവുക. അത്രത്തോളം ഭംഗിയായും വിഷയത്തിന്റെ തീവ്രത നഷ്ട്ടപെടുത്താതെയുമാണ് സംവിധായകൻ ഈ സിനിമ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ഒരു ദിവസത്തെ രാത്രിയും ഒരു കാറും മൂനാളുകളേയും വെച്ച് ശക്തമായ പ്രമേയം അവതരിപ്പിച്ച ഇഷ്‌ക് എന്ന ആദ്യ സിനിമ തന്നെ സംവിധായന്റെ കഥപറച്ചിൽ മികവ് കാണിച്ചു തന്നിട്ടുള്ളതാണ്.

REPRESENTATIVE IMAGE | WIKI COMMONS
ഒരു കച്ചവട സിനിമയിൽ നിന്ന് ആഗ്രഹിക്കുന്ന എല്ലാ ഘടകങ്ങളും പ്രേക്ഷകന് നൽകുമ്പോൾ തന്നെ വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും ഒട്ടും ചോർന്നു പോവാതെയിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ സിനിമയെ ഒരു ഗംഭീര തീയേറ്റർ അനുഭവമാക്കി മാറ്റുന്നത്. സമസ്ത മേഖലകളിലും പ്രേക്ഷകനോട് നീതി പുലർത്തിയ സിനിമ കൂടിയാണ് നരിവേട്ട. ക്യാമറയും എഡിറ്റിങ്ങും ആർട്ടും പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനുമൊക്കെ  മറ്റൊരു തലത്തിലേയ്ക്ക് ഈ സിനിമയെ ഉയർത്തി എടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടോവിനോ ഉൾപ്പെടെ ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചവരെല്ലാം സിനിമയുടെ ഗ്രാഫ് ഉയർത്തുന്നതിന് നിർണായക സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്. പോലീസുകാരായ വർഗീസും ബഷീറുമായി ടോവിനോയും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിക്കുമ്പോൾ തന്നെ ആദിവാസി ചെറുപ്പക്കാരനായ അടിയർ സാമിയെ അവതരിപ്പിച്ച പ്രണവിന്റെ പ്രകടനത്തെയും ഒരിക്കലും മറക്കാൻ പറ്റില്ല. ബൂട്ട്സിന്റെ ഇടിമുഴക്കത്തോടൊപ്പം വെടിയുണ്ടകൾ പായിക്കുന്ന പോലീസുകാരായും വെടിയുണ്ടകൾ ഏറ്റു വാങ്ങുന്ന നിസ്സഹായരായ മനുഷ്യരായും വേഷമിട്ട ഓരോ ആർട്ടിസ്റ്റുകളും ഭാവങ്ങൾ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ഭംഗിയായി തന്നെ തങ്ങളുടെ ദൗത്യം നിറവേറ്റിയിരിക്കുന്നു.

അല്ലലുകളും അലട്ടലുമില്ലാതെ ജീവിതത്തിലിന്നേ വരെ മറ്റുള്ളവർക്ക് വേണ്ടി ഒന്നും ചെയ്യാത്ത വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരൻ പോലീസിലെത്തിപ്പെടുന്നു. അവിടെ വെച്ച്  അയാളിൽ ഒരുപാട് സ്വഭാവ മാറ്റങ്ങൾ രൂപപ്പെടുന്നു. ആരോടൊക്കെയോ  തോന്നുന്ന അയാളുടെ ഉള്ളിലെ ദേഷ്യം മുൻപിൽ കാണുന്ന മനുഷ്യരുടെ മേൽ ലാത്തിയായി വീഴുന്നു. പിന്നീട് ചുറ്റും കാണുന്ന യാഥാർഥ്യങ്ങൾക്ക് മുൻപിൽ മറ്റുള്ളവരെ പോലെ തിരിഞ്ഞു നടക്കാൻ അയാൾക്ക് സാധിക്കുന്നില്ല. ‘ഇതിപ്പോൾ ഇവന്മാർക്ക് നമ്മൾ കാവൽ നിൽക്കുകയാണല്ലോ’ എന്ന ചോദ്യത്തിൽ നിന്ന് ആ ജനതയ്ക്ക് വേണ്ടി തന്റെ ജീവനും ജോലിയും കളഞ്ഞും നിയമ പോരാട്ടത്തിനിറങ്ങാൻ തുനിയുന്ന മനുഷ്യനായി അയാൾ മാറുന്നു. വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതവും വൈകാരിക നിമിഷങ്ങളും കാണിക്കുന്നതോടൊപ്പം തന്നെ സ്വന്തം മണ്ണിൽ മനുഷ്യനായി ജീവിക്കാൻ അവകാശ സമരത്തിന് പുറപ്പെട്ട ഒരു ജനതയുടെ പോരാട്ട വീര്യവും സമാസമം സിനിമയിൽ എഴുതി വെച്ചിരിക്കുന്നു. 

REPRESENTATIVE IMAGE | WIKI COMMONS
ഒരു ജനതയുടെ അവകാശങ്ങളോടൊപ്പം ചേരുകയും അതിനു വേണ്ടി അവരെ പ്രാപ്തരാക്കാൻ നിരന്തരം മുന്നിൽ നിന്ന് നയിക്കുന്ന നേതാവിന്റെ കഥാപാത്രമായി അവതരിപ്പിച്ചത്  ആര്യ സലിം ആയിരുന്നു. പൊലിസുകാരുടെ നടുവിലൂടെ തലയുയർത്തി നടന്നു പോവുമ്പോഴും പന്തം കൊളുത്തി ചോദ്യം ചെയ്യാൻ തന്റെ ജനതയെ മുന്നിൽ നിന്ന് നയിക്കുമ്പോഴും അവർ ശരിക്കും ജീവിക്കുകയാണ്. ‘കാടിനെക്കുറിച്ച് ഞങ്ങൾക്കറിയുന്നതിൽ കൂടുതൽ നിങ്ങൾക്കറിയില്ലല്ലോ’ എന്ന അവരുടെ ചോദ്യത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന ഭരണകർത്താക്കളുടെ മുഖം തന്നെ അവരുടെ അഭിനയ മികവിനെ സൂചിപ്പിക്കുന്നു.

കണ്ണുകളിൽ തീവ്രത സൂക്ഷിച്ചാണ് എപ്പോഴും അടിയാർ സാമി നടക്കുന്നത്. പോലീസിന്റെ തോക്കിനു മുൻപിൽ തന്റെ കുന്തമെറിഞ്ഞു വീഴ്ത്തുമ്പോൾ നിശ്ചയദാർഢ്യത്തിന്റെയും ധൈര്യത്തിന്റെയും ആൾരൂപമായി അയാൾ മാറുന്നു.  പോലീസ് വാഹനത്തിലിട്ട് തല്ലി ചതയ്ക്കുമ്പോൾ തല കുനിക്കാതെ പോലീസുകാരൻ വർഗീസിന്റെ കണ്ണുകളിലേയ്ക്ക് നോക്കുന്ന അടിയാർ സാമി മരണത്തിൽ പോലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത അവന്റെ സമൂഹത്തിന്റെ പ്രതിഭിംബമാണ്. കാലങ്ങളായി പോലീസുകാരുടെ ഇരട്ട സ്വഭാവം വിളിച്ചോതുന്ന നിരവധി കഥാപാത്രങ്ങളാണ് സിനിമകളിലുള്ളത്. അവസാനം പുറത്തിറങ്ങിയ തുടരും സിനിമയിലെ ജോർജ് സാർ പോലും അതിന് ഉദാഹരണമാണ്. എന്നാൽ ചേരൻ അഭിനയിച്ചു ഫലിപ്പിച്ച നരിവേട്ടയിലെ പോലീസ് ഈ കഥാപാത്രങ്ങളിൽ നിന്നും വിട്ടു തന്നെ നിൽക്കുന്നത് അയാളുടെ അഭിനയ മികവിനെ സൂചിപ്പിക്കുന്നു. പൊതുവെ ശാന്ത ശീലനും മറ്റുള്ളവരോട് സഹതാപവും തോന്നുന്നയാളാണ് ബഷീർ സാർ. കൂടെയുള്ള പുതിയ ചെറുപ്പക്കാരനായ പോലീസുകാരനെ സഹായിക്കാനും സംരക്ഷിക്കാനും അയാൾ ശ്രമിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് വർഗീസിന് അയാളോട് തോന്നുന്ന ആത്മ ബന്ധത്തിന്റെയും കാരണം. ഇത്തരം ശക്തമായ കഥാപാത്ര നിർമിതികൾ  കൊണ്ട് സമ്പന്നമാണ് നരിവേട്ട. കഥയും കഥാപാത്രങ്ങളുമാണ് എപ്പോഴും ഒരു സിനിമയുടെ അടിത്തറ തീർക്കുന്നത്. അതിനോടൊപ്പം മറ്റ് ഘടകങ്ങളും ചേരുമ്പോഴാണ് ആ സിനിമ അതി ഗംഭീരമായി വിശേഷിപ്പിക്കപ്പെടുന്നത്. നരിവേട്ടയ്ക്ക് സംഭവിച്ചതും അത്തരമൊരു സവിശേഷ ഭാഗ്യമാണ്.

REPRESENTATIVE IMAGE | WIKI COMMONS
വയനാടൻ കാടിനകത്തേയ്ക്ക് കയറുന്ന പോലീസ് ബസ്സിന്റെ അകമ്പടിയിൽ വരുന്ന പശ്ചാത്തല സംഗീതവും ആദിവാസികൾക്ക് വേണ്ടി സംസാരിക്കുന്ന പാട്ടിന്റെ വരികളും സിനിമയെ എലിവേറ്റ് ചെയ്യുന്നു. സിനിമയുടെ മൊത്തം തുകയിൽ തന്നെ വലിയ സ്ഥാനം സംഗീതം നിർവ്വഹിക്കുന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന ആകാശ കാഴ്ചകളും അഭിനയതാക്കളുടെ വൈകാരിക പ്രകടനങ്ങൾ ഒപ്പിയെടുക്കുകയും ചെയ്യുന്ന ക്യാമറ വിജയ് നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഈ തന്മയത്വം എഡിറ്റിങ്ങിലും അത് പോലെ വൃത്തിയായി തന്നെ ഷമീർ മുഹമ്മദ് ചെയ്തു വെച്ചിരിക്കുന്നു. ആദിവാസി കുടിലുകളും പശ്ചാത്തലവും യാഥാർഥ്യത്തോട് നീതി പുലർത്തുന്നത് പോലെ തന്നെയാണ് തോന്നിയത്. അത്രത്തോളം യാഥാർഥ്യമാക്കി തീർക്കുന്നതിന് സിനിമയുടെ ആർട്ട് ഡിപ്പാർട്മെന്റ് ചെറുതല്ലാത്ത പണിയെടുത്തിട്ടുണ്ടെന്ന കാര്യം തീർച്ചയാണ്.

തമിഴിൽ മാരി സെൽവരാജ് പലപ്പോഴും മൃഗങ്ങളെ സൂചകങ്ങളായി ഉപയോഗിക്കാറുണ്ട്. പന്നിയും കുതിരയുമെല്ലാം ഇതിൽ ഉൾപെടുന്നു. നരി വേട്ടയിലെ അടിയർ സാമിയുടെ നായയും ഇത്തരം പ്രതിബിംബമായാണ് സിനിമയിൽ സൂചിപ്പിച്ചിരിക്കുന്നത്. മനുഷ്യനുള്ളയിടത്തോളം കാലം അവൻ വേട്ടയാടലുകൾ തുടർന്ന് കൊണ്ടേയിരിക്കും കാടിനെയും  മൃഗങ്ങളെയും  സ്വന്തം വർഗമായ മനുഷ്യനെ  പോലും അവൻ വേട്ടയാടലുകൾക്ക് ഇരയാക്കും എന്ന സന്ദേശം കൂടി ഇത് നല്കുന്നുണ്ട്.

വെടി വയ്പ്പിനൊടുവിൽ കുടിലുകൾ തീയിട്ട് നശിപ്പിക്കുമ്പോൾ വെളുത്ത തുണിയിൽ കറുത്ത മഷികളാൽ എഴുതിവെച്ച ‘വാക്ക് പാലിയ്ക്കുന്നത് ജനാധിപത്യ മര്യാദയാണ്’ എന്ന വാക്കുകൾ തന്നെയാണ് ഈ സിനിമ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയം. ആദിവാസികൾക്ക് ഭൂമി നൽകാമെന്ന ഉറപ്പ് വർഷങ്ങൾ കഴിഞ്ഞിട്ടും ഇനിയും പൂർണ്ണമായും പാലിച്ചിട്ടില്ലെന്ന സാമൂഹിക യാഥാർഥ്യം അതിന് ആക്കം കൂട്ടുന്നു.

REPRESENTATIVE IMAGE | WIKI COMMONS
‘നിലം നിങ്കൾക്ക് അധികാരം 
നിലം എങ്കൾക്ക് ജീവിതം’ 
എന്ന കബാലിയുടെ ഡയലോഗ് ഇതിനോടൊപ്പം തന്നെ കൂട്ടി വെക്കപ്പെടേണ്ടതാണ്.

മാറി മാറി വരുന്ന ഭരണകൂടങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും വോട്ട് ബാങ്ക് ലക്ഷ്യം വെച്ചും മാത്രമാണ് അധസ്ഥിത വിഭാഗങ്ങളെ പരിഗണിക്കുന്നുള്ളു എന്ന ഇന്ത്യൻ യാഥാർഥ്യം ചിത്രത്തിൽ വരച്ചിടുന്നു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിട്ടുള്ളത് എന്ന് അണിയറ പ്രവർത്തകർ തുറന്ന് പറയുന്നു. ഒരു പക്ഷെ മുത്തങ്ങയിൽ സംഭവിച്ചത് പോലെയുള്ള ആദിവാസി വേട്ടകൾ തന്നെയാവാം  ഈ സിനിമയ്ക്ക് കരുത്തു പകർന്നിട്ടുണ്ടാവുക. അവരുടെ പോരാട്ട വീര്യം തന്നെയാവാം ഈ സിനിമയുടെ പശ്ചാത്തലവും. മറന്നെന്നു തോന്നിപ്പോവുന്ന ഇത്തരം അവകാശ പോരാട്ടങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് നരിവേട്ട. അതുകൊണ്ട് തന്നെ ആശയം കൊണ്ടും തിരക്കഥയിലെ കെട്ടുറപ്പു കൊണ്ടും കൃത്യമായി കൊള്ളേണ്ടിടത്തു തന്നെ അമ്പുകൾ പായിച്ച ഈ സിനിമയുടെ  സംവിധായകനും എഴുത്തുകാരനും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു. 

‘അവകാശ പോരാട്ടങ്ങൾ തുടർന്ന് കൊണ്ടേയിരിക്കട്ടെ….
മനസ്സ് മരിച്ചിട്ടില്ലാത്ത ഒരു സമൂഹം അനീതിക്കെതിരെ ചോദ്യമുയർത്തട്ടെ…..’ .

ഉണങ്ങാത്ത മുറിവിൽ ഉപ്പ് തേച്ചവർക്ക് നന്ദി….


#cinema
Leave a comment