
ആഘോഷാരവങ്ങളുടെ എമ്പുരാൻ കാലം
തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി കൊണ്ട് വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് മോഹന്‍ലാല്‍ നായകനായ, പൃഥ്വിരാജ് സംവിധാനംചെയ്ത 'എമ്പുരാന്‍റെ' ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. ആഘോഷാരവങ്ങളുടെ എമ്പുരാൻ ദിനങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട്, കേരളത്തില്‍ മാത്രം 750-ഓളം സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ബാഹുബലി, കെജിഎഎഫ്, വിക്രം തുടങ്ങിയ ചിത്രങ്ങൾ കേരളത്തിലെ സ്‌ക്രീനില്‍ വന്ന് ആഘോഷമാക്കിയപ്പോള്‍ കേരളത്തിലെ സിനിമാസ്വാദകരും ഇത്തരം ഒരു ചിത്രത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയിട്ടുണ്ടായിരുന്നു. അപ്പോഴും ചില കോണുകളിൽ നിന്ന് ഉയർന്നു വന്ന ചോദ്യം ഇത്രയും ഹൈപ്പിലും ബജറ്റിലും ഒരു ചിത്രം മലയാളം എന്ന കൊച്ചു ഇൻഡസ്ട്രി താങ്ങുമോ എന്നാണ്. ആ ചോദ്യത്തിന് ഒന്നാം നമ്പർ ഉത്തരം ആണ് എമ്പുരാൻ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതികരണങ്ങൾ.
ഹോളിവുഡ് ചിത്രങ്ങളെ പോലെ എന്ന സ്ഥിരം പ്രയോഗത്തിൽ നിന്നും ഒരു കംപ്ലീറ്റ് ഹോളിവുഡ് സിനിമ എന്ന തരത്തിലേക്കുള്ള ചിത്രത്തിന്റെ മേക്കിങ് സമസ്ത മേഖലകളിലും കാണികളെ അമ്പരപ്പിക്കും. ഇറാഖിൽ തുടങ്ങി, അബ്രാം ഖുറേഷിയുടെ പടയോട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം സെനഗൽ, മുംബൈ, യു.കെ, യമൻ, തുടങ്ങീ അനേകം ദേശങ്ങളിൽ നിന്നുള്ള കിടിലൻ ആക്ഷൻ രംഗങ്ങളാലും, ഫ്രെയിമുകളാലും സമ്പന്നമാണ്.
അതുകൊണ്ട് തന്നെ ഒരു ഇന്ത്യൻ സിനിമയേക്കാൾ ഹോളിവുഡ് ഛായ നൽകുന്നതിലെ സംവിധായകന്റെ ശ്രമം ശ്‌ളാഘനീയമാണ്. ഇത്രയേറെ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്ത ഒരു മലയാള ചിത്രം ഇതിനു മുൻപുണ്ടായിട്ടില്ല.മലയാള സിനിമാ പ്രേക്ഷകർ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഭൂമികയിൽ എമ്പുരാനെ വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ആയിട്ടുണ്ട്. ലൊക്കേഷനുകളിലൊക്കെയും നേരിട്ടുചെന്ന്. വി എഫ് എക്സുകൾ ആവശ്യത്തിന് മാത്രം ഉപയോഗിച്ച്. ഏറ്റവും അനുയോജ്യരായ താരങ്ങളെ കാസ്റ്റ് ചെയ്ത് - ഒരു ഫുൾ പാക്കഡ് എന്റർടൈനർ തന്നെയായിട്ടാണ് എമ്പുരാൻ എത്തിയത്.REPRESENTATIVE IMAGE | WIKI COMMONS
ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുള്ള ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയുടെ നേർക്കാഴ്ചകളിലൂടെ ആരംഭിക്കുന്ന ചിത്രം പിന്നീട് വിവിധ സബ് പ്ലോട്ടുകളിലൂടെ ഇന്ത്യൻ രാഷ്ട്രീയവും, കേരള രാഷ്ട്രീയവും ചർച്ച ചെയ്തുപോകുന്നു. നോൺ ലീനിയർ ശൈലിയിലെ കഥ പറച്ചിലിലൂടെ പുതുമ കൊണ്ടുവരാൻ ഉള്ള ശ്രമത്തിനു ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിലെ പ്രകടനങ്ങൾ നല്ല പിന്തുണ നൽകുന്നുണ്ട്.
ഒരു സിനിമയില്‍ ഒരു കഥ എന്നത് തിരുത്തി. വിവിധ വിഭാഗങ്ങളില്‍പ്പെടുത്താവുന്ന കഥകള്‍ ഒറ്റ സിനിമയിലേയ്ക്ക് ഇഴ ചേർത്ത് നിർത്തുന്നതിൽ തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ലൂസിഫറിന്റെയും, എമ്പുരാന്റെയും ബേസിക് പ്ലോട്ടുകൾ നോക്കുക, ഏറെ നിഗൂഢതകൾ സൂക്ഷിക്കുന്ന, മിസ്റ്റീരിയസ് ആയ ലോക ക്രമത്തെ തന്നെ നിയന്ത്രിക്കുന്ന രണ്ടു പേരിൽ പ്രധാനി ആണ് ഇവിടെ സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി. ഒരു ഭാഗത്തു നിന്നും ഇന്റർപോൾ അന്വേഷിക്കുന്ന ഒരു നായകൻ. മറ്റൊരു ഭാഗത്ത് കേരളത്തിലെ പൊതു രാഷ്രീയ മണ്ഡലത്തിൽ ഏതു തരത്തിൽ ഉള്ള ഇടപെടൽ നടത്താൻ ശേഷിയുള്ള പൊളിറ്റിക്കൽ കിങ് മേക്കർ. എന്നാൽ വളരെ മികച്ച രീതിയിൽ ഈ രണ്ടു ദ്വന്ദങ്ങളെയും സംയോജിപ്പിച്ചെടുക്കാൻ സിനിമയ്ക്കും സംവിധായകനും കഴിയുന്നുണ്ട്. അത് തന്നെയാണ് ഇരു സിനിമകളുടെയും വിജയവും.
സാധാരണ ഇത്തരം ഴോണർ ചിത്രങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധി ആണ് തിരക്കഥ ഡിമാൻഡ് ചെയ്യാത്ത കഥാപാത്രങ്ങൾ എന്നാൽ ഇവിടെ മാസ്സ് അപ്പീലുള്ള മോഹൻലാലിന്റെ ഹൈ വോൾട്ടേജ് രംഗങ്ങൾക്കൊപ്പം സ്‌ക്രീനിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്‌പേസ് നൽകാൻ സംവിധായകനും, തിരക്കഥാകൃത്തിനും സാധിച്ചിട്ടുണ്ട്. ഒരു പ്രത്യേക കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ഇങ്ങനെയൊരാള്‍ എന്തിനായിരുന്നെന്ന് ചോദിച്ചാല്‍ കൃത്യം ഉത്തരം നൽകാൻ തിരക്കഥയ്ക്ക് കഴിയും. മോഹൻലാല്‍ | PHOTO: WIKI COMMONS
അഭിനേതാക്കളിലേക്കു വന്നാൽ നായകൻ ഇല്ലാത്ത രംഗങ്ങളിൽ ടൊവിനോ, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെല്ലാം മികച്ച കയ്യടി നേടുന്നുണ്ട്. ഉദാഹരണത്തിന് മഞ്ജു വാര്യരുടെ പ്രിയദർശിനി എന്ന കഥാപാത്രം ലൂസിഫറിൽ വളരെ സ്ട്രഗിൾ ചെയ്യുന്ന വാൾനറബിൾ ആയിട്ടുള്ള ഒരു വ്യക്തിത്വം ആണെങ്കിൽ എമ്പുരാനിൽ കൂടുതൽ ആത്മവിശ്വാസത്തോടെ തലയുയർത്തിനിൽക്കുന്ന അതേ കഥാപാത്രത്തെ കാണാം. ഫീനിക്സ് പക്ഷി കണക്കെയുള്ള പ്രിയദർശിനി രാംദാസിന്റെ ഉയർത്തെഴുന്നേൽപ്പ് മഞ്ജുവിന്റെ കയ്യിൽ ഭദ്രം. ടൊവിനോയുടെ കഥാപാത്രത്തിനും ഈ ശൈലി എളുപ്പത്തിൽ വഴങ്ങിയിട്ടുണ്ട് എന്ന് കാണാം. അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജിന്റെ പ്രകടനവും മോശമല്ല. ഖുറേഷി അബ്രാമിനേയും സയ്ദ് മസൂജദിനേയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തെയും ചിത്രം അനാവരണം ചെയ്യുമ്പോൾ സംവിധായകൻ എന്ന റോളിന് പുറമെ ലൂസിഫറിനെ അപേക്ഷിച്ച് പൃഥ്വിരാജിന് കുറെ കൂടി സ്ക്രീൻ സ്‌പേസും ലഭിക്കുന്നുണ്ട്.
സീക്വലുകൾക്കു എപ്പോഴും മുൻ ഭാഗവുമായി ഒരു താരതമ്യം പതിവാണ്. അങ്ങനെ നോക്കുമ്പോൾ ലൂസിഫറിലെ ബോബിയെക്കാൾ ശക്തരാണ് എമ്പുരാനിലെ വില്ലന്മാർ എങ്കിലും ബോബിയേക്കാൾ കാരക്റ്റർ ഡെപ്ത് വില്ലന്മാർക്കില്ല എന്നത് ചിത്രത്തിന്റെ ഒരു പോരായ്മ ആയി ചൂണ്ടി കാണിക്കാവുന്നതാണ്. എങ്കിലും പടത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെ വലിയ തോതിൽ അത് ബാധിക്കുന്നില്ല. എന്നതും ശ്രദ്ധേയമാണ്.
ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം കഥാഗതിയില്‍ ആകാംക്ഷയേറ്റുന്നതോടൊപ്പം ഒരു സീറ്റ് എഡ്ജിങ് ത്രില്ലറിന്റെ പേസ് നില നിർത്താൻ പലപ്പോഴും സഹായകരമാകുന്നുണ്ട്. സുജിത് വാസുദേവിന്റെ ക്യാമറയും സിനിമയുടെ മികവ് നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. വിശേഷിച്ച് വിദേശ ചിത്രീകരണ സീക്വന്‍സുകള്‍, ആക്ഷൻ രംഗങ്ങൾ, ഹെലികോപ്റ്റർ മുതൽ അത്യാഢംബര ചാർട്ടേഡ് ഫ്‌ളൈറ്റുകൾ വരെ മിഴിവോടെ ഒപ്പിയെടുക്കാനായിട്ടുണ്ട്. സ്റ്റണ്ട് സില്‍വയുടെ നേതൃത്വത്തിലുള്ള ആക്ഷനും അത്യധികം ത്രസിപ്പിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നു. മഞ്ജു വാര്യര്‍ | PHOTO: WIKI COMMONS
ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ആദ്യ ഭാഗം എന്ന പോലെ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചപ്പോൾ ഒരു പ്രമുഖ നിരൂപകൻ നടത്തിയ നിരീക്ഷണം ''ആദ്യ ഭാഗത്തിന്റെ ക്‌ളൈമാക്‌സ് രംഗത്തിനു പിന്നിലെ കാരണം ആണ്! കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു? ഈ ചോദ്യം ഭാഷകൾക്കതീതമായി മുഴുവൻ സിനിമ പ്രേമികളും ട്രോൾ ആയും മറ്റും ഒരു ബ്രാൻഡ് ആക്കി മാറ്റി. ആ ചോദ്യത്തിന് ഉത്തരം തേടി ബാഹുബലിയുടെ ബാക്കി കഥ അറിയാൻ പ്രേക്ഷക ലക്ഷങ്ങൾ സ്വാഭാവികം ആയും ടാക്കീസുകൾ കയറി ഇറങ്ങി. ഏതാണ്ട് ഇതിനോട് താരതമ്യപ്പെടുത്തുന്ന ഒന്നായിരുന്നു 'ഇല്ലുമിനാറ്റി'യെന്ന പദം.
ഒരു പക്ഷെ ഇല്യൂമിനാറ്റി എന്ന അധിക പേർക്കും പരിചിതമല്ലാത്ത ഒരു പ്രയോഗമാണ്. പോയ വർഷം മലയാള സിനിമ ലോകം ആഘോഷമാക്കിയ 'ആവേശം' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പോലും ആ വാക്കിൽ ഫോക്കസ് ചെയ്തു കൊണ്ടുള്ളതായിരുന്നു. ബാബു രാമചന്ദ്രന്റെ പ്രസിദ്ധമായ വല്ലാത്തൊരു കഥയിലും ഇല്ലുമിനാറ്റിയെ കുറിച്ച് ചർച്ചചെയ്തു. പറഞ്ഞു വന്നത് ഈ സിനിമയുടെ പ്രമോഷൻ രംഗത്തും അണിയറ പ്രവർത്തകർ കൈ മെയ് മറന്നു പോരാടിയിട്ടുണ്ട്.
ചെറിയ ചെറിയ യൂടൂബ് പേജുകൾ മുതൽ വൻ മീഡിയ ഹൗസുകളിൽ വരെ ചിത്രത്തിന്റെ പ്രോമോ പരിപാടികൾ നടന്നിരുന്നു. എന്താണ് എമ്പുരാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ സംവിധായകൻ പൃഥിരാജ് നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. "കുറച്ചുമാത്രം ഉപയോഗിക്കുന്നതുകൊണ്ട് ആരും തിരിച്ചറിയാത്ത ഒരു വാക്കാണ് അത്. തമ്പുരാന്‍ അല്ല എമ്പുരാന്‍. അത് തമ്പുരാന്റെയും ദൈവത്തിന്റെയും ഇടയിലുള്ള ഒരു അസ്തിത്വമാണ്. മോര്‍ ദാന്‍ എ കിംഗ്, ലെസ് ദാന്‍ എ ഗോഡ്. the overlord എന്നതാണ് അതിന്റെ ശരിയായ അര്‍ഥം." ഇവിടെയും ചിത്രം തിയേറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ഒരു ജിജ്ഞാസ സൃഷ്ട്ടിക്കാൻ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചിരുന്നിരിക്കണം. പ്രതിഭയുള്ള സംവിധായകരും എഴുത്തുകാരും അഭിനേതാക്കളും ഏറെയുണ്ടെങ്കിലും മലയാള സിനിമയുടെ വാണിജ്യപരമായ ഭൂമിക തീരെ ചെറുതായത് കൊണ്ട് തന്നെ മലയാള സിനിമയ്ക്കു കേരളത്തിനു പുറത്ത് കാഴ്ചക്കാരെ ലഭിക്കുക അസാധ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഈ മേഖലയിലും പൃഥ്വിരാജ് എന്ന സംവിധായകന്റെ ഇടപെടൽ അഭിനന്ദിക്കപ്പെടേണ്ടതാണ്. ഉള്ളടക്കം കൊണ്ട് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു പിടി മലയാള സിനിമകൾ ഉണ്ടായിട്ടുണ്ട്. എന്നാണ് ബൃഹദ് ക്യാന്‍വാസിലൊരു ചിത്രം സാധ്യമാക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായി എമ്പുരാൻ മാറുമ്പോൾ തീർച്ചയായും മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം.REPRESENTATIVE IMAGE | WIKI COMMONS
നേരത്തെ സൂചിപ്പിച്ചത് പോലെ എമ്പുരാൻ ആരംഭിക്കുന്നത് ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആണ്. ഇന്ത്യയുടെയും ഗുജറാത്തിന്റെയും രാഷ്ട്രീയഗതി തന്നെ മാറ്റിമറിക്കുന്നതിന് കാരണമായ ഗോധ്ര സംഭവത്തിനും തുടർന്നുണ്ടായ വർഗീയ കലാപത്തിനും 22 വയസ്. 2002 ഫെബ്രുവരി 27നാണ് ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്‌സ്പ്രസ് ആക്രമിക്കപ്പെടുകയും തുടർന്ന് തീവണ്ടിയുടെ എസ് 6 കോച്ചിന് തീപിടിച്ച് 59 പേർ കൊല്ലപ്പെടുകയും ചെയ്തത്. 2023 ൽ പുറത്തിറങ്ങിയ ബിബിസിയുടെ 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' എന്ന ഡോക്യുമെന്ററിയിൽ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നു. 'മന്ത്രിമാർ അക്രമത്തിൽ സജീവമായി പങ്കെടുത്തതായും കലാപത്തിൽ ഇടപെടരുതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും' ബിബിസി ഡോക്യുമെന്ററിയിൽ ആരോപിച്ചിരുന്നു. ഇതേ ഡോക്യൂമെന്ററി നിരോധിക്കാൻ ഇന്ത്യൻ ഭരണകൂടം വലിയ ശ്രമങ്ങൾ നടത്തിയത് നാം കണ്ടതാണ്. ഗോധ്ര സംഭവം സൂചിപ്പിച്ചതു കൊണ്ട് ഏമ്പുരാനെതിരെ അടരാനിറങ്ങിയവരുണ്ടെങ്കിലും ചിത്രത്തെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ പുറത്തുവരുന്നുവെന്നത് എതിർപ്പുകളെ മറികടന്ന് സിനിമ മുന്നോട്ട് പോകുമെന്നാണ് സൂചിപ്പിക്കുന്നത്.