ടിറ്റാന്‍-യന്ത്രവല്‍ക്കരണത്തിന്റെ ഭയമുനകള്‍
2021 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാംഡോര്‍ ലഭിച്ച ചിത്രമാണ് ഷൂലിയ ഡികോര്‍ണോ (Julia Ducournau) സംവിധാനം ചെയ്ത 'ടിറ്റാന്‍ (Titane)'. ഓസ്‌കാര്‍ പുരസ്‌കാരത്തിന് ഫ്രാന്‍സിന്റെ ഔദ്യോഗിക ചിത്രം കൂടിയായിരുന്നു ടിറ്റാന്‍. എന്നാല്‍ അവാര്‍ഡിനുള്ള അര്‍ഹതാ പട്ടികയില്‍ സിനിമ ഉള്‍പ്പെട്ടില്ല. എങ്കിലും മറ്റനേകം പുരസ്‌കാരങ്ങള്‍ അതിന് ലഭിക്കുകയുണ്ടായി. മാത്രമല്ല സിനിമാ വൃത്തങ്ങളില്‍ ഈ സിനിമ വളരെയധികം ചര്‍ച്ചക്ക് വിധേയമാവുകയും ചെയ്തു. ഷൂലിയ ഡികോര്‍ണോയുടെ ആദ്യചിത്രമായ ''റോ (Raw)'യുടെ അതേ അച്ചില്‍ വാര്‍ത്താ വയലന്‍സും അതിന്റെ ഭാഗമായ ഭീകരതയും ചേര്‍ത്ത് വെച്ച സിനിമ പക്ഷെ ആധുനിക മുതലാളിത്ത സമൂഹത്തിലെ അനിയന്ത്രിതമായ യന്ത്രവല്‍ക്കരണത്തിനെതിരെയുള്ള ഏറ്റവും മഹത്തായ സൃഷ്ടിയാണ്. സയന്‍സ് ഫിക്ഷനിലെ ''ബോഡി ഹൊറര്‍''
വിഭാഗത്തില്‍പ്പെടുന്ന ഈ സിനിമയുടെ ആദ്യഭാഗം അടിമുടി വയലന്‍സ് കൊണ്ട് നിറഞ്ഞതാണ്. മുതലാളിത്ത ഉല്പാദനപ്രക്രിയയുടെ മനുഷ്യവിരുദ്ധ സ്വഭാവത്തെയാണ് ഈ വയലന്‍സിലൂടെ സംവിധായിക അനാവരണം ചെയ്യുന്നത് എന്ന് പറയാം.
സമകാലീന മുതലാളിത്ത സമൂഹത്തിലെ യന്ത്രവല്‍ക്കരണത്തിന്റെ ഭീകരത തുറന്ന് കാട്ടുന്ന സിനിമ യന്ത്രവല്‍ക്കരണം മനുഷ്യനെ എത്രമാത്രം മാരകമായാണ് സ്വാധീനിച്ചിരിക്കുന്നത് എന്നതാണ് ചര്‍ച്ചക്ക് വിധേയമാക്കുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ കൂടുതല്‍ യന്ത്രവല്‍ക്കരണത്തിന് വിധേയമാകുന്ന ആധുനിക മുതലാളിത്ത ഉല്പാദനപ്രക്രിയയുടെ ശസ്ത്രക്രിയയാണ് സിനിമയിലൂടെ ഷൂലിയ ഡികോര്‍ണോ നിര്‍വഹിക്കുന്നത് എന്ന് പറയാം.
'ടിറ്റാന്‍' സിനിമയിലെ രംഗം
കുട്ടിയായിരുന്നപ്പോള്‍ ഒരു കാറപകടത്തില്‍ മാരകമായി പരിക്കേറ്റ അലക്‌സിയയാണ് ടിറ്റാനിയിലെ മുഖ്യ കഥാപാത്രം. അപകടത്തില്‍ തലയോട്ടിക്ക് സാരമായി പരിക്കേറ്റ അലക്‌സിയയുടെ തകര്‍ന്ന തലയോടിന് പകരം ടൈറ്റാനിയം പ്ലേറ്റ് ശസ്ത്രക്രിയ ചെയ്ത് ചേര്‍ത്തിരിക്കുകയാണ്. ഈ ടൈറ്റാനിയം പ്ലേറ്റ് അലക്‌സിയയുടെ ശരീരത്തോട് ഇഴുകിച്ചേരുകയും അവളുടെ സ്വഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത് മനുഷ്യനോടുള്ളതിനേക്കാള്‍ അവള്‍ക്ക് യന്ത്രങ്ങളോട് സ്‌നേഹം വളര്‍ന്ന് വരാന്‍ ഇടയാക്കുന്നു. യന്ത്രവല്‍ക്കരിക്കപ്പെട്ട ഒരു മനുഷ്യനായി അവള്‍ മാറുന്നു എന്നര്‍ഥം. യന്ത്രവല്‍കരിക്കപ്പെട്ട ആധുനിക സമൂഹത്തിന്റെ ഒരു പ്രതീകമാണ് അലക്‌സിയ എന്ന കഥാപാത്രം.
മുതലാളിത്ത ഉല്പാദനപ്രക്രിയയില്‍ സ്ത്രീകളെ എത്ര മാരകമായാണ് വിപണി കയ്യടക്കാന്‍ ഉപയോഗിക്കുന്നത് എന്ന സൂചനയോടെയാണ് ''ടിറ്റാന്‍'' ആരംഭിക്കുന്നത്. കാര്‍ വില്പനശാലയില്‍ മറ്റ് സ്ത്രീകളോടൊപ്പം വളരെ ഇറോട്ടിക്കായി നൃത്തം ചെയ്യുന്ന പ്രായപൂര്‍ത്തിയായ അലക്‌സിയയെയാണ് നാം കാറപകടത്തിന് ശേഷം ആദ്യം കണ്ടുമുട്ടുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്ന അവള്‍ സ്വന്തം മാതാപിതാക്കളെക്കാളും അടുപ്പം കാണിക്കുന്നത് യന്ത്രത്തോടാണ്, സ്വന്തം കാറിനോട്. അതേസമയം തന്നെ സാധാരണ മനുഷ്യനുള്ള മൃദുലവികാരങ്ങള്‍ അവളില്‍ നഷ്ടപ്പെടുന്നു. പ്രണയം, ലൈംഗികത, സ്‌നേഹം തുടങ്ങിയ മൃദുലവികാരങ്ങള്‍ അവളില്‍ തീര്‍ത്തും ഇല്ലാതായി. സ്വാഭാവികമായ ലൈംഗിക വികാരങ്ങള്‍ മനുഷ്യന് പകരം യന്ത്രത്തോടാണ് അവള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യനോട് തോന്നേണ്ട ഈ വികാരങ്ങള്‍ പുരുഷനോടോ സ്ത്രീയോടോ അവള്‍ക്ക് തോന്നുന്നില്ല എന്ന് നമുക്ക് കാണാം. തന്നോട് ലൈംഗികത പ്രകടിപ്പിച്ച രണ്ട് പേരെ, ഒരു പുരുഷനേയും ഒരു സ്ത്രീയേയും, വളരെ മൃഗീയമായാണ് അവള്‍ കൊലപ്പെടുത്തുന്നത്. സ്വന്തം മാതാപിതാക്കളോട് പോലും അവള്‍ക്ക് സ്‌നേഹമില്ലാതായി. അവരൊക്കെ അവളുടെ ശത്രുക്കളായി എന്ന് സാരം. മനുഷ്യനോടുള്ള അതിരുകടന്ന വിദ്വേഷവും യന്ത്രങ്ങളോടുള്ള അസാമാന്യമായ സ്‌നേഹവും മനുഷ്യനെ ഉന്മൂലനം ചെയ്യാനും യന്ത്രങ്ങളോട് സമരസപ്പെടാനും അവളെ പഠിപ്പിച്ചു. യന്ത്രങ്ങളോടുള്ള ഈ സൗഹൃദം അവയെ പ്രണയിക്കാനും അവയോട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയാകാനുംവരെ അവളെ പ്രാപ്തയാക്കി. യന്ത്രവല്‍ക്കരിക്കപ്പെട്ട ഒരു പുതുതലമുറയെ ഉല്പാദിപ്പിക്കാനുള്ള കഴിവ് കൂടി അവള്‍ ആര്‍ജ്ജിച്ചു. ഭാവിയില്‍ പച്ച മനുഷ്യര്‍ക്ക് പകരം മനുഷ്യന്റെ തരളവികാരങ്ങള്‍ ഒട്ടും തന്നെയില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിലേക്കാവും ഇത് നയിക്കുക എന്നാണ് ഇതിലൂടെ സംവിധായിക പറയുന്നത്. ആധുനിക മുതലാളിത്തം എത്രമാത്രം അപകടകരമാണെന്ന് ഇത് നമുക്ക് കാട്ടിത്തരികയാണ് എന്ന് പറയാം. യന്ത്രങ്ങള്‍ മനുഷ്യബന്ധങ്ങളെയും ജീവിതത്തെയും നിര്‍ണയിക്കുന്ന സമകാലീന മുതലാളിത്ത സമൂഹത്തില്‍ മനുഷ്യനില്‍ വരുന്ന ഈ സ്വഭാവ വ്യതിയാനമാണ് സിനിമയുടെ അന്തസത്ത എന്ന് പറയാവുന്നതാണ്. മൊബൈലിലേക്കും വാട്ട്‌സാപ്പിലേക്കും മറ്റും ചുരുങ്ങുന്ന ഇന്നത്തെ തലമുറയുടെ ഒരു നഖചിത്രമായി സിനിമയെ നമുക്ക് വിലയിരുത്താനാവും.
'ടിറ്റാന്‍' സിനിമയിലെ രംഗം
യന്ത്രവല്‍ക്കരിക്കപ്പെട്ട ആധുനിക സമൂഹത്തിലെ ഒരു സാധാരണ പ്രജയാണ് അലക്‌സിയ എന്ന സത്യം അപ്പോഴും നിലനില്‍ക്കുന്നു. എന്നിരിക്കിലും യന്ത്രങ്ങള്‍ നിര്‍ണയിക്കുന്ന സാമൂഹ്യബോധമാണ് പിന്നീട് അവളെ നിയന്ത്രിക്കുന്നത്. ഇതിനിടെ അവള്‍ നടത്തിയ തുടര്‍കൊലപാതകങ്ങള്‍ പോലീസ് അന്വേഷിക്കാന്‍ തുടങ്ങി. ഈ അന്വേഷണം അലക്‌സിയയിലേക്ക് നീണ്ടു. നാടെങ്ങും അവളുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇത് അലക്‌സിയയെ ഭയപ്പെടുത്തി. അവള്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസിന്റെ പോസ്റ്ററുകള്‍ നിറഞ്ഞ നഗരത്തില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല എന്ന് അവള്‍ തിരിച്ചറിഞ്ഞു. അപ്പോഴാണ് പണ്ടെങ്ങോ ഒളിച്ചോടിയ മകന് വേണ്ടി വിന്‍സെന്റ് എന്ന രക്ഷിതാവ് കൊടുത്ത പരസ്യം അവള്‍ കാണുന്നത്. അലക്‌സിയ അവളുടെ രൂപത്തില്‍ മാറ്റം വരുത്തി വിന്‍സെന്‍ന്റിന്റെ മകനായി പോലീസിന് മുന്നില്‍ കീഴടങ്ങുന്നു. നഷ്ടപ്പെട്ട മകനെ കണ്ടുകിട്ടിയ വിന്‍സെന്റ് കൂടുതല്‍ പരിശോധനകളൊന്നുമില്ലാതെ അവളെ സ്വീകരിക്കുകയും സ്വന്തം സ്‌നേഹത്തിന്റെ വലിയൊരു ഭാഗം അവള്‍ക്ക് വീതിച്ച് കൊടുക്കുകയും ചെയ്യുന്നു. അലക്‌സിയ എന്ന യന്ത്രത്തിനുള്ളില്‍ അടയിരിക്കുന്ന മനുഷ്യബോധത്തില്‍ ഈ സ്‌നേഹം സാവകാശം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അതേസമയം തന്നെ യന്ത്രത്തോട് എത്രയധികം സമരസപ്പെട്ടാലും ജൈവമനുഷ്യന്റെ ഏറ്റവും മൃദുലമായ സ്‌നേഹം പോലുള്ള വികാരങ്ങള്‍ അവന്റെ അടിസ്ഥാന സ്വഭാവത്തെ സ്വാധീനിക്കും എന്ന ലളിത സത്യം അവശേഷിക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് വിന്‍സെന്‍ന്റിന്റെ സ്‌നേഹപരിലാളനകള്‍ക്ക് മുന്നില്‍ അവള്‍ വീണ് പോകുന്നത്. തന്റെ മകനല്ല എന്ന് തിരിച്ചറിഞ്ഞിട്ടും അലക്‌സിയയെ സ്‌നേഹിക്കുന്ന വിന്‍സെന്റ് മനുഷ്യ സ്‌നേഹത്തിന്റെ ആഴങ്ങളാണ് അലക്‌സിയക്കും സിനിമ കാണുന്ന കാണികള്‍ക്കൂം നല്‍കുന്നത്. എത്ര തന്നെ യന്ത്രവല്‍ക്കരിച്ചാലും മനുഷ്യ സഹജമായ സ്‌നേഹത്തിന്റെ ഒരു തുള്ളി മനസ്സിലെവിടെയോ ഒളിഞ്ഞ് കിടക്കും എന്നാണ് അലക്‌സിയക്ക് അജ്ഞാതനായ വിന്‍സെന്റില്‍ നിന്ന് ലഭിക്കുന്ന സ്‌നേഹം നല്‍കുന്ന മാറ്റം സൂചിപ്പിക്കുന്നത്.
യന്ത്രവും മനുഷ്യനും തമ്മിലുള്ള അപകടകരമായ വേഴ്ച നടക്കുന്ന ഒരു കാലത്തെയാണ് സിനിമ ചര്‍ച്ചക്ക് വിധേയമാക്കുന്നത്. പൂര്‍ണമായും യന്ത്രവല്‍ക്കരിക്കപ്പെട്ട സമകാലീന അവസ്ഥയില്‍ മനുഷ്യനുണ്ടാകുന്ന മാറ്റങ്ങളും അവനില്‍ ഉണരുന്ന മനുഷ്യത്വരഹിതമായ വൈകാരിക പ്രപഞ്ചവുമാണ് ആധുനിക സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്ന തിരിച്ചറിവാണ് സിനിമ നമുക്ക് നല്‍കുന്നത്. മാത്രമല്ല അത്തരം മനുഷ്യരുടെ പുതിയൊരു തലമുറയുടെ ജനനത്തെ വിഭാവനം ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുകയാണ്. അതിനെ വാരിപ്പുണരുന്ന വിന്‍സെന്റ് നല്‍കുന്ന സന്ദേശം ഭാവിയില്‍ ഈ ഭാരം പേറാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ് എന്നാണ്. മനുഷ്യത്വരഹിതമായ യന്ത്രങ്ങളുടെ വിഴുപ്പ് ചുമക്കാന്‍ നമുക്ക് ബാധ്യസ്ഥതയുണ്ട് എന്ന സൂചന നല്‍കി സിനിമ അവസാനിക്കുകയും ചെയ്യുന്നു. നിര്‍മിതബുദ്ധിയുടെ പ്രയോഗ സാധ്യതകള്‍ ഈ നിയോഗത്തെയാണ് അരക്കിട്ടുറപ്പിക്കുന്നത്.