.jpg)
വെട്രിമാരന്റെ വിടുതലൈ (വിമോചന) സ്വപ്നം
തമിഴക രാഷ്ട്രീയവും സിനിമയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്, അവ തമ്മില്‍ നടത്തുന്ന കൊടുക്കല്‍ വാങ്ങലുകള്‍ക്ക് തമിഴ് സിനിമയോളം തന്നെ ചരിത്രമുണ്ട്. കേവല കക്ഷിരാഷ്ട്രീയത്തിലുപരി വിശാലമായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുള്ള തുറസ്സായാണ് തമിഴ് സിനിമ എല്ലാ കാലത്തും പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിലേക്കുള്ള അടുത്തൊരു പ്രവേശനം കൂടിയാണ് വിടുതലൈ പാര്‍ട്ട് 2. ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ മനുഷ്യരെ ചുറ്റിവരിഞ്ഞിട്ടുള്ള അധീശത്വത്തിന്റെ ചങ്ങലക്കെട്ടുകളെ ഉടച്ചുകളയുവാനായുള്ള വെട്രിമാരന്റെ വിമോചന സ്വപ്നമാണ് വിടുതലൈ. തന്റെ എല്ലാ സിനിമകളിലെയും പോലെ തന്നെ ഈ സിനിമയിലും വെട്രിമാരന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ/അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പക്ഷം പിടിക്കുന്നു അത് സംവേദനം ചെയ്യുവാന്‍ ശ്രമിക്കുന്നു. കഴിഞ്ഞ വാരം പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇതിനോടകം തന്നെ നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്.
വിടുതലൈ പാര്‍ട്ട് 1 അവസാനിക്കുന്നത് വാധ്യാര്‍ പെരുമാളിനെ(വിജയ് സേതുപതി) പോലീസ് അറസ്റ്റ് ചെയ്യുന്നിടത്താണ്. തമിലര്‍ മക്കള്‍ പടൈ എന്ന റാഡിക്കല്‍ ലെഫ്റ്റ് ഗ്രൂപ്പിന്റെ നേതാവാണ് വാധ്യാര് പെരുമാള്‍. 1987 കാലഘട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം. അതിനും രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ ഗവണ്‍മെന്‍റ് അരുമാപുരിയെന്ന (സാങ്കല്പിക) ജില്ലയിലെ മലനിരകളില്‍ നിന്ന് ഖനനം നടത്തുന്നത്തിനായി തീരുമാനമെടുക്കുന്നു. ഈ നീക്കത്തെ മക്കള്‍ പടൈ എതിര്‍ക്കുന്നു. അതിന്റെ പരിണിതഫലമായി ഗവണ്‍മെന്റും മക്കള്‍ പടൈയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ഇരു വശത്തിനും ധാരാളം ആളുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മക്കള്‍ പടൈ ഈ പദ്ധതി പൂര്‍ണമായി അവസാനിപ്പിക്കുന്നതിനായുള്ള ആക്രമണത്തിനായി ആസൂത്രണം നടത്തുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഇതിനെ പ്രതിരോധിക്കുന്നതിനായി ഇ-കമ്പനി എന്ന് പേരായ പ്രത്യേക ടാസ്‌ക് ഫോഴ്സിനെ സെല്ലിയമ്മന്‍ ദുര്‍ഗം എന്ന ഗ്രാമത്തിലേക്ക് ഗവണ്‍മെന്‍റ് അയക്കുന്നു. എട്ട് മാസമായി ഇ-കമ്പനി ആ മലയുടെ അടിവാരത്തില്‍ ക്യാമ്പ് ചെയ്തു തങ്ങുന്നു. ഇനി ആക്രമണം ഉണ്ടാകില്ല എന്ന് കരുതിയിരിക്കുന്ന സാഹചര്യത്തില്‍ മക്കള്‍ പടൈ റെയില്‍വേ പാലത്തില്‍ ബോംബാക്രമണം നടത്തുന്നു. ഈ ആക്രമണത്തില്‍ നിരവധി സാധാരണ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നു. ഈ സാഹചര്യത്തില്‍ മക്കള്‍ പടൈ തലൈവന്‍ പെരുമാളിനെ പിടികൂടുവാന്‍ ഗവണ്‍മെന്‍റ് തീരുമാനിക്കുന്നതിന്റെ ഭാഗമായി ഊരിലെ സ്ത്രീകളെ പോലീസ് പിടിച്ചുകൊണ്ട് പോകുകയും മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ പെരുമാളിനെ അറസ്റ്റ് ചെയ്യുന്നു. ഇതാണ് പാര്‍ട്ട് ഒന്നിന്റെ ഉള്ളടക്കം.
തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ വാച്ചാത്തി ഗ്രാമത്തില്‍ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ വേട്ടയാടല്‍ നടന്നിട്ടിപ്പോള്‍ 30 വര്‍ഷം പിന്നിട്ടിരിക്കുന്നു. വീരപ്പനും ചന്ദനവേട്ടയും സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയം. വീരപ്പനെ പിടികൂടുക എന്ന കാരണത്താല്‍ അതിന്റെ മറവില്‍ പോലീസും വനംവകുപ്പും ചേര്‍ന്ന് വാച്ചാത്തി ഗ്രാമത്തില്‍ അന്ന് നടത്തിയത് ആധുനികമായ ഒരു സമൂഹത്തിനു ഒരു തരത്തിലും അംഗീകരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു. അത്രമേല്‍ മനുഷ്യാവകാശ ധ്വംസനത്തിനാണു വാച്ചാത്തി അന്ന് സാക്ഷിയായത്. 18 സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ആ ഗ്രാമത്തെയാകെ തകര്‍ത്തിട്ടാണ് പോലീസും വനംവകുപ്പും അവിടം വിട്ടത്. ഈ സംഭവത്തെ ആസ്പദമാക്കി ബി ജയമോഹനെഴുതിയ തുണൈവന്‍ എന്ന ചെറുകഥയാണ് വിടുതലൈയ്ക്ക് ആധാരം.വെട്രിമാരൻ | PHOTO: FACEBOOK
വാച്ചാത്തി സംഭവത്തില്‍ ഇരയായവര്‍ക്കു വേണ്ടി പിന്നീട് ശബ്ദമായത് സിപിഐഎമ്മിന്റെ പോരാട്ടമാണ്. എന്നാല്‍ ഈ സംഭവത്തെ മുന്‍നിര്‍ത്തിയുള്ള സിപിഐഎംന്റെ പോരാട്ടമല്ല സിനിമയുടെ ആഖ്യാന പരിസരം. വെട്രിമാരന്‍ തന്റെ മുന്‍സിനിമകളില്‍ സ്വത്വരാഷ്ട്രീയത്തിന്റെ കണ്ണുകളില്‍ കൂടിയുള്ള നോട്ടത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ ആ നോട്ടം വര്‍ഗ രാഷ്ട്രീയയത്തിലേക്കു ഊന്നുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയും വര്‍ഗവും തമ്മിലുള്ള വൈരുദ്ധ്യത്തെ ജാതി-ജന്മി മുതലാളിത്ത വിരുദ്ധ പോരാട്ടത്തിന്റെ പ്രസക്തിയെ സിനിമ ഉയര്‍ത്തിപിടിക്കുന്നു. സാമൂഹ്യ മാറ്റത്തില്‍ ഒരു വിപ്ലവപ്രസ്ഥാനത്തിനുള്ള പങ്കിനെ തികച്ചും അക്കാദമികമായ തലത്തിലാണ് വെട്രിമാരന്‍ അവതരിപ്പിച്ചിരിക്കുന്നത്.
വാധ്യാര്‍ പെരുമാളിന്റെ ആഖ്യാനത്തിലൂടെ, ഡയലോഗുകളിലൂടെയാണ് വിടുതലൈ പാര്‍ട്ട് 2 മുന്നോട്ട് പോകുന്നത്. പെരുമാള്‍ എങ്ങനെ തലൈവന്‍ ആയി എന്നദ്ദേഹം, തന്നെ അറസ്റ്റ് ചെയ്ത കൊണ്ടുപോയ അധികാരികള്‍ക്ക് വിവരിക്കുന്നുണ്ട്. ഈ വിവരണത്തിലാണ് സിനിമ അതിന്റെ വര്‍ഗവിശകലനത്തെ ആശ്ലേഷിക്കുന്നത്. ആരാണ് മനുഷ്യരെ ജാതിയുടെ മതത്തിന്റെ വര്‍ഗ്ഗത്തിന്റെ പേരില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തിന്റെ വക്താക്കള്‍? ഇതെല്ലം മറികടന്നു ആരാണ് മനുഷ്യരെ ഒന്നിച്ചു ചേര്‍ത്തുകൊണ്ട് പോകുവാന്‍ ഉള്ള രാഷ്ട്രീയത്തിന്റെ വക്താക്കള്‍? എന്ന പ്രാഥമിക ചോദ്യം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പിലേക്ക് ഇട്ടുകൊടുത്തു കൊണ്ടാണ് പെരുമാള്‍ തുടങ്ങുന്നത്.REPRESENTATIVE IMAGE | PHOTO: FACEBOOK
പെരുമാളിനെ ചെങ്കൊടിയുടെ കീഴില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന വിപ്ലവ പ്രസ്ഥാനത്തിലേക്ക് ചേര്‍ക്കുന്നത് കിഷോര്‍ കുമാര്‍ കൈകാര്യം ചെയ്ത കെ കെ തോളര്‍ എന്ന കഥാപാത്രം ആണ്. കെ കെ തോളര്‍ ആണ് പെരുമാളിന്റെ രാഷ്ട്രീയ ഗുരു. മുതലാളി അഥവാ മുതലാളിത്ത വ്യവസ്ഥിതി എങ്ങനെയായാണ് തൊഴില്‍ ചൂഷണത്തിലൂടെ ലാഭം കൈയ്യാളുന്നത് എന്ന് മാര്‍ക്‌സിന്റെ മിച്ചമൂല്യ സിദ്ധാന്തത്തിലൂടെ കെ കെ തോളര്‍ ഉദ്ധരിക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവ കാലത്തു ദേശീയ അസംബ്ലിയില്‍, നിലനില്‍ക്കുന്ന സാമ്പ്രദായിക ഭരണപക്ഷത്തെ പിന്തുണക്കുന്നവര്‍ വലതുപക്ഷത്തും വിപ്ലവത്തെ പിന്തുണക്കുന്നവര്‍ ഇടതുപക്ഷത്തുമായി ഇരിപ്പിട സൗകര്യം ക്രമപ്പെടുത്തിയല്ലോ. അങ്ങനെയാണ് ഇടതുപക്ഷമെന്ന സംജ്ഞ ഉണ്ടായി വന്നത് എന്ന പ്രാഥമിക സംഗതി പോലും സിനിമ ചര്‍ച്ചക്കെടുക്കുന്നു.
കെ കെ തോളര്‍ പെരുമാളിനെ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി നിയോഗിക്കുന്നു. ഈ ഘട്ടത്തിലാണ് മഞ്ജു വാര്യരുടെ മഹാലക്ഷ്മിയെ പെരുമാള്‍ കണ്ടുമുട്ടുന്നത്. താന്‍ മുടി മുറിച്ചതിന്റെ കാരണം എന്തുകൊണ്ടാണ് തന്നോട് ചോദിക്കാത്തത് എന്ന മഹാലക്ഷ്മിയുടെ ചോദ്യത്തിനുള്ള പെരുമാളിന്റെ മറുപടി നിങ്ങളുടെ മുടി, അത് നിങ്ങള്‍ എന്ത് ചെയ്താലും അത് എന്നെ ബാധിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ്. അപരന്റെ ജനാധിപത്യപരമായ സ്ഥാനപ്പെടുത്തല്‍ ആണധികാരത്തെ ഇളക്കുവാനുള്ള ശ്രമം പെരുമാളിന്റെ ഒറ്റ മറുപടിയുടെ സാധ്യമാകുന്നു. ഇതുപോലെ സിനിമയിലുടനീളമുള്ള ഓരോ ഡയലോഗും അത്യന്തം രാഷ്ട്രീയമാകുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഒരു ഘട്ടം കഴിഞ്ഞു ജനാധിപത്യപരമായ വിപ്ലവത്തെ കൈയൊഴിഞ്ഞു സായുധ വിപ്ലവത്തിന്റെ റാഡിക്കല്‍ മാറ്റത്തിലേക്ക് പെരുമാള്‍ തിരിയുന്നു. കെ കെ തോളര്‍ ഇതല്ല നമ്മുടെ വഴിയെന്ന് ചൂണ്ടിക്കാട്ടുന്നുമുണ്ട്. അടിച്ചാല്‍ തിരിച്ചടിക്കുകയെന്ന സാമാന്യ യുക്തി നിയമ വാഴ്ചക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമേ സാധ്യമാകൂ. പെരുമാളിന്റെ ഈ രാഷ്ട്രീയ മാറ്റം നമ്മളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഇടത് ആണെങ്കിലും വലത് ആണെങ്കിലും എക്‌സ്ട്രീമിസം അംഗീകരിക്കുക സാധ്യമല്ല. ഈ വൈരുദ്ധ്യത്തെ, അപകടകരമായ ആലോചനയെ മറികടന്നു വ്യവസ്ഥയെ ഇളക്കുവാന്‍ മാറ്റിമറിക്കുവാന്‍ വ്യക്തികളെ കൊന്നൊടുക്കല്‍ അല്ല മാര്‍ഗ്ഗമെന്ന ജനാധിപത്യ യുക്തിയിലേക്ക് ഒടുവില്‍ വെട്രിമാരന്‍ പെരുമാളിനെ കൊണ്ട് ചെന്നെത്തിക്കുന്നു.
ഇങ്ങനെ മുന്നില്‍ മിന്നി മറഞ്ഞു പോകുന്ന ഓരോ ഫ്രെയിംസും അടിച്ചമര്‍ത്തപ്പെട്ടവന്റെ/പെട്ടവളുടെ രാഷ്ട്രീയം മാത്രം സംസാരിക്കുന്നു. ഇന്ത്യന്‍ ഇടത്പക്ഷത്തിന്റെ ആശയ ആദര്‍ശങ്ങളെ അത്രമേല്‍ സൂഷ്മതയോട് കൂടി തെളിമയോട് കൂടി ചിത്രം സംവദിക്കുന്നു. നമ്മുടെ സമൂഹം കൂടുതല്‍ അപൊളിറ്റിക്കലായി മാറിക്കൊണ്ട് ഇരിക്കുന്ന സവിശേഷ അവസ്ഥയില്‍ വിടുതലൈ അടയാളപ്പെടുത്തലാകുന്നു.