സിനിമാ വിജയ് രാഷ്ട്രീയ വിജയ്
തമിഴരുടെ സ്വന്തം ദളപതി വിജയ് അന്‍പതിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ വെള്ളിത്തിരയിലെ വിജയ് മാജിക് രാഷ്ട്രീയത്തില്‍ പച്ചപിടിക്കുമോ എന്നൊരു ചോദ്യം അവിടെ നില്‍ക്കുന്നുണ്ട്. തമിഴ് സിനിമാലോകം കണ്ട എക്കാലത്തെയും വലിയ താരങ്ങളില്‍ ഒരാളാണ് ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന ദളപതി വിജയ്. 1992 ല്‍ നായകനായി തന്നെ സിനിമ ജീവിതം ആരംഭിച്ച വിജയ് 2024 ല്‍ എത്തി നില്‍ക്കുമ്പോള്‍ തമിഴിലെ ഏറ്റവും താരമൂല്യമുള്ള നടനും തമിഴ് കച്ചവട സിനിമാവ്യവസായത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിയുമാണ്. പിതാവ് എസ്.എ ചന്ദ്രശേഖര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായി വാഴുന്ന കാലത്ത് തന്നെ വിജയ് ബാലതാരമായി തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചിരുന്നു. 1984 ല്‍ തന്റെ പത്താമത്തെ വയസ്സില്‍ വെട്രി എന്ന ചിത്രത്തിലൂടെ ആയിരുന്നു വിജയുടെ തുടക്കം. 1988 വരെ അദ്ദേഹം ബാലതാരമായി തുടര്‍ന്നു. ഈ കാലയളവില്‍ പുറത്തിറങ്ങിയ സിനിമകള്‍ എല്ലാം പിതാവ് ചന്ദ്രശേഖര്‍ തന്നെയാണ് സംവിധാനം ചെയ്തിരുന്നത്.
1992 ല്‍ നായകനായി അരങ്ങേറ്റം കുറിച്ച 'നാളെയെ തീര്‍പ്പ്' എന്ന സിനിമ അമ്മ ശോഭ ചന്ദ്രശേഖര്‍ കഥ എഴുതി അച്ഛന്‍ ചന്ദ്രശേഖര്‍ തന്നെ സംവിധാനം ചെയ്തതാണ്. വിജയ് എന്ന് തന്നെയായിരുന്നു സിനിമയിലെ കഥാപാത്രത്തിന്റെ പേരും. നായകനായ ആദ്യ സിനിമ തന്നെ നിര്‍ഭാഗ്യവശാല്‍ വലിയ പരാജയമായി തീര്‍ന്നു. അതിനെ തുടര്‍ന്ന് വിജയ് നേരിട്ടത് തമിഴില്‍ വേറെയൊരു നടനും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളായിരുന്നു. ''ഇവന്റെയെല്ലാം മുഖം കാണാന്‍ ആളുകള്‍ പൈസ കൊടുത്ത് തിയേറ്ററില്‍ പോവുമോ!'' എന്ന തരത്തിലുള്ള എഴുത്തുകള്‍ അന്നത്തെ പല മാഗസിനുകളിലും വന്നിട്ടുണ്ട്. പക്ഷെ, അതിനെ ഒന്നും ശ്രദ്ധിക്കാതെ ചന്ദ്രശേഖര്‍ അന്നത്തെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ വിജയ് കാന്തിനെ നായകനാക്കി മകന്‍ വിജയിയെ സെക്കന്‍ഡ് ഹീറോ
ആക്കിക്കൊണ്ട് 'സെന്തൂരപാണ്ടി' എന്നൊരു ചിത്രം 1993ല്‍ തന്നെ പുറത്തിറക്കുന്നു. ഒരു ആവറേജ് വിജയം മാത്രമേ ആ സിനിമക്കും നേടാന്‍ കഴിഞ്ഞുള്ളു. പിന്നെ തുടരെ എല്ലാ വര്‍ഷവും സിനിമകള്‍ പുറത്തിറങ്ങിയിരുന്നു. രസിഗന്‍, ദേവ, രാജാവിന്‍ പാര്‍വയിലെ, വിഷ്ണു, ചന്ദ്രലേഖ, കോയമ്പത്തൂര്‍ മാപ്പിളൈ, തുടങ്ങിയ ചിത്രങ്ങളതില്‍ ഉള്‍പ്പെടുന്നു. 1996 ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാഗെ' എന്ന ചിത്രത്തിലൂടെ വിജയ് തന്റെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമ എന്ന നേട്ടത്തിലേക്ക് എത്തി. അപ്പോഴേക്കും വിജയ് തമിഴരുടെ ഇളയ ദളപതി ആയി കഴിഞ്ഞു എന്ന് വേണം പറയാന്‍.
വിജയ് | PHOTO: WIKI COMMONS
1997 ല്‍ ഫാസില്‍ സംവിധാനം ചെയ്ത 'കാതലുക്ക് മര്യാദൈ' (അനിയത്തിപ്രാവിന്റെ തമിഴ് റീമേക്ക് ) എന്ന സിനിമ തമിഴില്‍ വലിയ സൂപ്പര്‍ ഹിറ്റാവുകയും വിജയ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുകയും ചെയ്തു. പിന്നീട് 1999 ല്‍ നവാഗതനായ എഴില്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'തുള്ളാത മനമും തുള്ളും' എന്ന ചിത്രം ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടുകയും വിജയ് എന്ന നടന്‍ തമിഴ് സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും 100 ദിവസത്തിലധികം പ്രദര്‍ശന വിജയം കൈവരിച്ച് സിനിമ വലിയ ഹിറ്റായി. സിനിമയിലെ പാട്ടുകളും വിജയ്- സിമ്രാന്‍ കെമിസ്ട്രിയും അതിമനോഹരമായ ഒരു റൊമാന്റിക് ചിത്രം എന്ന നിരൂപക പ്രശംസയും സിനിമയ്ക്ക് നേടിക്കൊടുത്തു. 2000 ല്‍ പുറത്തിറങ്ങിയ ഖുശി, 2001 ലെ ഷാജഹാന്‍ തുടങ്ങിയ ചിത്രങ്ങള്‍ വഴി വിജയ് കേരളത്തിലും വലിയ ആരാധകരുള്ള നടനായി മാറുന്നു.
2003 ല്‍ 'തിരുമലൈ' എന്ന ചിത്രത്തിലൂടെ വിജയ് തന്റെ കളമൊന്ന് മാറ്റി ചവിട്ടുന്നു. അതുവരെ കണ്ട റൊമാന്റിക് ഹീറോ ഇമേജില്‍ നിന്നും ഒരു മാസ്സ് ഹീറോ ഇമേജിലേക്കുള്ള മാറ്റമായിരുന്നു അത്. 2004 ല്‍ വിജയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ 'ഗില്ലി' എന്ന സിനിമ റിലീസ് ആവുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിട്ട് കൂടിയും സിനിമ അതുവരെ കണ്ട തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ആവുകയും സാക്ഷാല്‍ രജിനികാന്തിന്റെ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് വരെ ബ്രേക്ക് ചെയ്ത് തമിഴ് സിനിമയില്‍ ഒരു പുതു ചരിത്രം കുറിക്കുകയും ചെയ്തു. വിദ്യാസാഗറിന്റെ പാട്ടുകളും വിജയ്, തൃഷ, പ്രകാശ് രാജ് കോമ്പോയും ആക്ഷനും പാട്ടുകളും ഡാന്‍സും എല്ലാം കൊണ്ടും ഒരു ക്ലീന്‍ എന്റര്‍ടൈന്‍മെന്റാവാന്‍ ഗില്ലിക്ക് സാധിച്ചു. വിജയ് എന്ന സൂപ്പര്‍ താരത്തിന്റെ ഉദയവും അവിടെ നിന്നായിരുന്നു.
'തിരുമലൈ' എന്ന ചിത്രം | PHOTO: WIKI COMMONS
മാസ്സ് ആക്ഷന്‍ വിജയ്
പിന്നീടങ്ങോട്ട് കണ്ടത് തീയറ്ററില്‍ ഓളം തീര്‍ക്കുന്ന, നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ തീയറ്റര്‍ പൂരപ്പറമ്പാക്കുന്ന വിജയിയെ ആണ്. ഗില്ലി അതിനൊരു തുടക്കം മാത്രമായിരുന്നു. തിരുപാച്ചി, ശിവകാശി, പോക്കിരി തുടങ്ങിയ ഹിറ്റുകള്‍ വഴി വിജയ് ഒരു ആഘോഷ നായകന്‍ എന്ന തരത്തില്‍ ഉയര്‍ന്നു. പോക്കിരി പോലുള്ള സിനിമകള്‍ കേരളത്തിലും വലിയ വിജയം കൈവരിച്ച് സൂപ്പര്‍ ഹിറ്റുകളായി. കേരളത്തില്‍ വിജയ്ക്ക് ഇത്രയധികം ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതില്‍ വലിയ പങ്ക് വഹിച്ചത് വിജയ് സിനിമകളിലെ പാട്ടും, ഡാന്‍സും തന്നെയാണ്. മലയാളിക്ക് ആഘോഷപ്പാട്ട് എന്നാല്‍ അത് വിജയ് യുടെ പാട്ട് എന്ന തരത്തിലേക്ക് മാറി. പാട്ടിനൊത്ത് അത്യുഗ്രന്‍ ഡാന്‍സും കൂടെ ആവുമ്പോള്‍ തിയേറ്ററില്‍ ആഘോഷിക്കാന്‍ ആരാധകര്‍ തിങ്ങി നിറയുന്ന കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്.
അടുത്തകാലത്ത് ഇറങ്ങിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സില്‍ പോലും വിജയുടെ ഈ പറഞ്ഞ ഗാനങ്ങളുടെ റഫറന്‍സ് കാണുവാന്‍ കഴിയും. വിജയ് എന്ന താരത്തെ രൂപപ്പെടുത്തിയെടുക്കാന്‍ ഏറെ സ്വാധീനം ചെലുത്തിയ ഘടകമാണ് വിജയ് എന്ന ഡാന്‍സര്‍. തനിക്ക് മുന്‍പും, തനിക്കൊപ്പവും, തന്റെ ശേഷവും വന്നവര്‍ക്ക് കഴിയാത്ത അത്ര വിധത്തില്‍ അടിസ്ഥാനവര്‍ഗ്ഗ ജനവിഭാഗത്തിന്റെ നായക സങ്കല്‍പമായി മാറാന്‍ വിജയ്ക്ക് കഴിഞ്ഞു. ചേരിയില്‍ താമസിക്കുന്ന നായകന്‍, ഓട്ടോ ഡ്രൈവര്‍, ചായ കടക്കാരന്‍, തുടങ്ങി ഏറ്റവും താഴെ തട്ടില്‍ ഉള്ളവരുമായി പെട്ടെന്ന് കണക്ട് ആവുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു വിജയ് കൂടുതലും ചെയ്തത്. കോളനി എന്ന അധിക്ഷേപ പ്രയോഗം സവര്‍ണ ബോധം കൊണ്ടുനടക്കുന്നവര്‍ ഈ കാരണത്താല്‍ വിജയ്ക്ക് കല്‍പ്പിച്ച് നല്‍കിയതാണെന്ന് പറയാം. 2007 ന് ശേഷം വിജയ് സിനിമകള്‍ നിരന്തരമായി പരാജയപ്പെടുന്ന ഒരു പ്രവണതയാണ് കണ്ടുവന്നത്. തുടരെ തുടരെ പരാജയങ്ങള്‍. വിജയുടെ 50-ാം സിനിമയായ 'സുറ' യുടെ വലിയ പരാജയം വഴി വിജയ് യുഗം തമിഴ്‌നാട്ടില്‍ അവസാനിക്കുന്നു എന്ന് മാധ്യമങ്ങള്‍ വിധി എഴുതി. നിര്‍മ്മാതാവിന് വിജയ് നഷ്ടപരിഹാരം വരെ നല്‍കേണ്ടി വന്ന സംഭവങ്ങള്‍ ഈ കാലയളവില്‍ ഉണ്ടായി.
50-ാം സിനിമയായ 'സുറ' | PHOTO: WIKI COMMONS
കോടി ക്ലബുകളുടെ കാലം
2012 ല്‍ A.R.മുരുകദോസ് രചനയും സംവിധാനവും ചെയ്ത തുപ്പാക്കി എന്ന സിനിമയിലൂടെ വിജയ് സൗത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ തിരിച്ചു വരവ് നടത്തി തന്റെ താര സിംഹാസനം ഉറപ്പിച്ചു. കേരളത്തില്‍ തുപ്പാക്കിക്ക് കിട്ടിയത് ഒരു മലയാള സിനിമക്കും അന്ന് വരെ കിട്ടാത്ത തരത്തിലുള്ള വരവേല്‍പ്പായിരുന്നു. വിജയുടെ കരിയറിലെ ആദ്യ 100 കോടി സിനിമയായി തുപ്പാക്കി മാറി. പിന്നെ വിജയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകളും കോടി ക്ലബുകളും മാത്രം. കത്തി, തെരി, മെര്‍സല്‍, മാസ്റ്റര്‍, തുടങ്ങി ലിയോ വരെ എത്തി നില്‍ക്കുന്നു ആ കണക്കുകള്‍. കോവിഡ് മഹാമാരി ലോകത്തെ ആകെ പിടി മുറുക്കി ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ നഷ്ടത്തിലായ തീയേറ്റര്‍ വ്യവസായത്തെ തിരിച്ചു പിടിക്കാന്‍ വിജയുടെ മാസ്റ്റര്‍ എന്ന സിനിമ തന്നെ തുടക്കം കുറിച്ചു. കേരളത്തിലും ലോക്ക്ഡൗണിന് ശേഷം ആദ്യം തീയേറ്റര്‍ റിലീസ് ചെയ്ത സിനിമ മാസ്റ്റര്‍ തന്നെ ആയിരുന്നു. അതുവഴി തന്നെ കേരളത്തില്‍ വിജയ്ക്കുള്ള ആരാധക സ്വാധീനം മനസിലാക്കാവുന്നതാണ്. ഫസ്റ്റ് ഡേ കളക്ഷന്റെ കാര്യത്തിലും ഫാന്‍സ് ഷോകളുടെ കാര്യത്തിലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ മുകളില്‍ അന്യഭാഷ നടനായ വിജയ് തന്നെയാണ് ഇന്നും കേരളത്തില്‍ ഒന്നാമന്‍. ഒരു മോശം വിജയ് സിനിമക്ക് കൂടെ കോടികള്‍ വാരാം എന്ന തലത്തിലാണ് ഇന്ന് വിജയ് എന്ന സൂപ്പര്‍ സ്റ്റാറിന്റെ താരമൂല്യം.
വിജയ് രാഷ്ട്രീയവും സിനിമകളും
വിജയ് സിനിമകള്‍ രാഷ്ട്രീയം സംസാരിച്ച് തുടങ്ങിയിട്ട് കാലം ഒരുപാടായി. വിജയിയുടെ പാട്ടുകളില്‍ എല്ലാം ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പറയുന്ന രീതികള്‍ മുൻപ് തന്നെ ഉണ്ടായിരുന്നു. തലൈവാ എന്ന ചിത്രം തമിഴ്‌നാട്ടില്‍ ഉണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങളും വിജയ്-ജയലളിത പ്രശ്‌നവും എല്ലാം ഏറെ ചര്‍ച്ചയായതാണ്. ഒരു പൊതുപരിപാടിയില്‍ ക്ഷണിച്ച് വിജയിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ അന്ന് നടന്നിരുന്നു. തലൈവാ എന്ന ടൈറ്റില്‍ കാര്‍ഡ് അന്നത്തെ തമിഴ്‌നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചതും വിജയിയുടെ പിതാവ് നടത്തിയ പ്രസ്താവനയും ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തലൈവായുടെ റിലീസ് സര്‍ക്കാര്‍ തടയുന്ന തരത്തില്‍ അന്നത്തെ വിഷയം കത്തി പടര്‍ന്നു. പിന്നീട് വന്ന പല സിനിമയിലും വിജയ് തന്റെ രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ തുടങ്ങി. കര്‍ഷക പ്രശ്‌നം പ്രമേയമാക്കിയ കത്തി, ബി.ജെ.പി സര്‍ക്കാരിനെ ചൊടിപ്പിച്ച GST, ക്ഷേത്രനിര്‍മാണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ള മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ പല വിവാദങ്ങളും ഉണ്ടാക്കി. വിജയ് ജോസഫ് വിജയ് ആണെന്നും ക്രിസ്ത്യനാണെന്നുമുള്ള പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ ഉന്നയിച്ചു. ഇതിനെല്ലാം വിജയ് മറുപടി പറഞ്ഞത് സിനിമക്ക് പുറത്ത് തന്റെ ഓഡിയോ ലോഞ്ച് വഴി ആണ്. പലരെയും ലക്ഷ്യം വച്ചുള്ള പ്രസ്താവനകള്‍ വിജയിയുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇതിനെ തുടര്‍ന്ന് വിജയിയുടെ ചെന്നൈയിലെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ പരിശോധനയും നടനെ ചോദ്യം ചെയ്യുന്ന അവസ്ഥയും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.
മെര്‍സല്‍ | PHOTO: WIKI COMMONS
വ്യക്തി ജീവിതത്തില്‍ വളരെ സൈലന്റായ വിജയ് പക്ഷെ ഓഡിയോ ലോഞ്ചില്‍ 'നെഞ്ചില്‍ കുടിയിരിക്കും' എന്ന പഞ്ച് ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കുന്ന ഒരു പ്രാസംഗികന്‍ ആയി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അവസാനം പുറത്ത് വന്ന ലിയോ സിനിമയുടെ വിജയാഘോഷത്തില്‍ പോലും തന്റെ രാഷ്ട്രീയ പ്രവേശനവും രാഷ്ട്രീയവും സംസാരിക്കാന്‍ വിജയ് മറന്നില്ല. സിനിമക്ക് പുറത്ത് സൈക്കിളില്‍ പോയി വോട്ട് ചെയ്യുന്ന വിജയിയെയും പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ വീട്ടില്‍ നേരിട്ട് എത്തി സഹായം ചെയുന്ന വിജയിയെയും നമുക്ക് ഈ ഒരു കാലഘട്ടത്തില്‍ കാണാം.
TVK എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുന്ന വിജയ് ആണ് ഇന്ന് നമ്മുടെ മുന്‍പിലുള്ളത്. 50-ാം പിറന്നാളിലെത്തി നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി വിജയ് മാറി. രണ്ട് സിനിമകള്‍ കൂടെ കഴിഞ്ഞാല്‍ അഭിനയ ജീവിതം അവസാനിപ്പിക്കും എന്ന തീരുമാനത്തിലാണ് ഇന്ന് ദളപതി. എന്തായാലും വിജയ് സിനിമകള്‍ ഇല്ലാത്തതിന്റെ കുറവ് തമിഴ് കച്ചവട സിനിമാ മേഖലയെ വലിയ രീതിയില്‍ ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത വിജയിയുടെ പാര്‍ട്ടിക്ക് അത്ര എളുപ്പം ആയിരിക്കില്ല മുൻപോട്ടുള്ള രാഷ്ട്രീയ സഞ്ചാരങ്ങള്‍. സിനിമയിലെ വിജയ് മാജിക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പച്ച പിടിക്കുമോ എന്ന് കണ്ടു തന്നെ അറിയണം. വെള്ളിത്തിരയില്‍ വെന്നിക്കൊടി പറത്തിയ ദളപതി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കൊടി നാട്ടുമോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.