
ഹിംസാത്മകമായ ചിരി കോടതി കയറുമ്പോൾ
മിക്കവാറും 2010 നുശേഷം കേരളത്തിലെ സോഷ്യൽ മീഡിയാ അന്തരീക്ഷത്തിലെങ്കിലും പ്രകടമായ ഒരു പ്രധാന മാറ്റം അത് ജാതി/ജെൻഡർ/ക്വീർ തുടങ്ങിയ വിഷയങ്ങളെ സാമൂഹിക നീതിയുടെ ഉള്ളടക്കമായി പതുക്കെ ചര്‍ച്ചയ്‌ക്കെടുത്തു തുടങ്ങി എന്നുള്ളതായിരുന്നു. പൊതുസമൂഹത്തിനുമുന്നിൽ തങ്ങളുടെ ‘പുരോഗമനാഭിമുഖ്യം’ വെളിപ്പെടുത്താനുള്ള മികച്ച സന്ദർഭങ്ങളെന്ന നിലയിൽ ഇവയുമായി ബന്ധപ്പെട്ട വിഷങ്ങളെയും സിനിമയെയും സാഹിത്യത്തെയുമൊക്കെ പുതിയ മനുഷ്യർ ഏറ്റെടുക്കുകയും വിശകലനം ചെയ്യുകയുമൊക്കെ ചെയ്യുന്ന കാലം.
ആ നിലയിൽ ഇത്തരം വിഷയങ്ങളോട് നേരിട്ടോ കൂട്ടമായോ ഒരു സമരരൂപമെന്ന നിലയിലോ ഒക്കെ നിരന്തരമായി സംഘർഷത്തിലേർപ്പെട്ടു കൊണ്ടാണ് അതിനുശേഷമുള്ള വ്യക്തികളും കലയുമൊക്കെ രൂപപ്പെട്ടുവന്നത് എന്നുപോലും നിരീക്ഷിക്കാൻ കഴിയും.
2025 ഓടെ ഈയൊരവസ്ഥയ്ക്കുണ്ടായ വിച്ഛേദമെന്താണെന്നു വെച്ചാൽ മേൽപ്പറഞ്ഞനീതിയുടെ രാഷ്ട്രീയമെന്നു പറയുന്നത് നമുക്കനുകൂലമോ സുരക്ഷിതമോ ആയ സന്ദർഭങ്ങളിൽ മാത്രം എടുത്തണിയാനുള്ള പുരോഗാമിത്വത്തിന്റെ കവചമാക്കാൻ പൊതുമനുഷ്യർ ശീലിച്ചു എന്നുള്ളതാണ്.REPRESENTATIVE IMAGE | WIKI COMMONS
തുല്യനിലയിലുള്ള മനുഷ്യർക്ക് നിഷേധിക്കപ്പെടുന്ന സാമൂഹികനീതിയുടെ വിഷയമോ മനുഷ്യവകാശലംഘനമോ ആയി ഇവയെ പരിഗണിക്കുന്നതിനു പകരം ഈ കവചത്തിന്റെ പുറന്തോടിനുള്ളിൽ എല്ലാ വിഷയങ്ങളും അങ്ങേയറ്റം മനുഷ്യവിരുദ്ധമായും അരാഷ്ടീയമായും കൈകാര്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. പരസ്യമായി ജാതിയോ, ക്വീർ വിരുദ്ധതയോ, സ്ത്രീവിരുദ്ധതയോ പറയാനറച്ചിരുന്ന ഇടങ്ങളൊക്കെ പതുക്കെ ഒളിഞ്ഞും തെളിഞ്ഞും മറഞ്ഞുമൊക്കെ പച്ചയ്ക്ക് സ്ത്രീവിരുദ്ധതയും ജാതിയും ക്വീർഫോബിയയുമൊക്കെ പറയുന്നിടത്തെത്തിനിൽക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ഫെയ്സ്ബുക്ക് പ്രൊഫൈലെന്നോ പൊതുവിടങ്ങളെന്നോ സിനിമയെന്നോ സാംസ്കാരികോത്സവങ്ങളെന്നോ വ്യത്യാസമില്ലാതെ പ്രചരിക്കുന്ന ഈ അടക്കിപ്പിടിച്ച മനുഷ്യവിരുദ്ധതയുടെ പ്രഭവം ശരിക്കും എവിടം മുതലാണ്? ശരിക്കും ഇതെന്തു തരം മാറ്റമാണ്?
ഈ ചോദ്യത്തിനുത്തരം തിരയാനുള്ള ഏറ്റവും സമകാലികമായ ഉദാഹരണമെന്ന നിലയിൽ കാണേണ്ട ഒന്നാണ് എം. മോഹനൻ സംവിധാനം ചെയ്ത് രാകേഷ് മണ്ടോടി തിരക്കഥയെഴുതി 2025 ജനുവരി 31ന് തീയേറ്ററുകളിലെത്തിയ ‘ഒരു ജാതി ജാതകം’ എന്ന സിനിമ. REPRESENTATIVE IMAGE | WIKI COMMONS
കണ്ണൂർ/ തലശ്ശേരി ഭാഗങ്ങൾ പശ്ചാത്തലമായെത്തുന്ന ഈ സിനിമയിൽ വിനീത് ശ്രീനിവാസൻ, നിഖിലാവിമൽ, സയനോരാഫിലിപ്പ്, രജിതാമധു, കുഞ്ഞിക്കൃഷ്ണൻ അടക്കമുള്ള കണ്ണൂർക്കാരായ അഭിനേതാക്കളടക്കം വലിയൊരു നിര തന്നെ അണിനിരക്കുന്നുമുണ്ട്.
മുപ്പത്തെട്ടു വയസ്സെത്തിയിട്ടും ‘പെണ്ണുകിട്ടാത്ത’ ചെറുപ്പക്കാരൻ അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങളും പരാജയങ്ങളുമൊക്കെയാണ് ഈ സിനിമയുടെ ഉള്ളടക്കമെന്ന് പൊതുവേ പറയാം.
കേരളത്തിൽ ഈ വസ്തുത മറ്റൊരു തരം യാഥാർത്ഥ്യമായാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നിരിക്കെ സിനിമ നായകന്റെ പെണ്ണിനെക്കുറിച്ചുള്ള ഡിമാന്റുകളാണ് അതിന് കാരണമായവതരിപ്പിക്കുന്നത് എന്നുള്ളതാണ് ഇതിന്റെ പ്രമേയപരമായ യഥാർത്ഥതമാശ.
വിദ്യാഭ്യാസം, തൊഴിൽ, ലോകബോധം തുടങ്ങിയവയിലെല്ലാം അടിമുടി നവീകരിക്കപ്പെട്ട പെൺകുട്ടികൾ സാമ്പ്രദായികമായ വിവാഹരീതികളോട് കാണിക്കുന്ന വിമുഖത പതുക്കെയെങ്കിലും വിവാഹക്കമ്പോളങ്ങൾക്ക് ബോധ്യം വന്ന കാലം കൂടിയാണിത്. ഇത്തരമമൊരു സന്ദർഭത്തിലാണ് മുപ്പതു വയസ്സുപിന്നിട്ടു, തടി കൂടുതൽ, കറുപ്പ് നിറം, വിവാഹശേഷവും ജോലിക്കുപോകാനുള്ള താത്പര്യം തുടങ്ങിയ ലൊടുക്കു ന്യായങ്ങൾ പറഞ്ഞ് മിടുക്കികളായ നിരവധി പെൺകുട്ടികളെ ‘മാമ്പ്രത്തെ ജയേഷ്’ എന്ന വിചിത്രകഥാപാത്രം വേണ്ടെന്നു വെയ്ക്കുന്നത്.
ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോകുന്ന നായകനെ കണ്ണൂരിലെ ‘തറവാട്ടു’ മഹിമയുള്ള ഒരു കുലത്തിൽ കൊണ്ടുചെന്നു ജനിപ്പിക്കാനും അധ്യാപകദമ്പതിമാരുടെ മകനായവതരിപ്പിക്കാനും സിനിമ പ്രത്യേകതാത്പര്യം തന്നെയെടുത്തിട്ടുമുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
നേർക്കുനേർക്കു നില്ക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പൊട്ടും പൊടിയും മാത്രം തട്ടിക്കൂട്ടിയെടുത്ത് അവയെ തീർത്തും കാല്പനികമായ ആദർശാത്മതയോടിണക്കി കഥയുണ്ടാക്കുന്ന ശീലം ‘മാണിക്യക്കല്ല്, കഥ പറയുമ്പോൾ തുടങ്ങിയ സിനിമകളിൽത്തന്നെ എം.മോഹനൻ മുമ്പേ പരീക്ഷിച്ചുറപ്പിച്ചിട്ടുള്ളതാണ്.
എന്നാൽ. പുതുലോകം ഏറ്റവും ഗൗരവത്തോടെ സമീപിക്കുന്നതും അവബോധതലത്തിൽ ഓരോ മനുഷ്യനും സ്വാംശീകരിക്കേണ്ടതുമായ ചില നവമാനവമൂല്യങ്ങളെ ഏറ്റവും കുറ്റകരവും അപകടകരവുമായാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ്. മറ്റു ചില തമാശ-കമേഴ്സ്യൽ സിനിമകളെപ്പോലെ ലാഘവബുദ്ധ്യാ ഈ സിനിമയെ ചിരിച്ചുതള്ളാനോ കണ്ടുമറന്നുകളയാനോ പറ്റാതാക്കുന്നത്. അവ ജാതി/ ജെൻഡർ/ ക്വീർ/ ശരീരം തുടങ്ങിയവയെ കേന്ദ്രീകരിച്ചു നടത്തുന്ന മനുഷ്യവിരുദ്ധരാഷ്ട്രീയവും അവയുടെ കോമഡി ചാനലുകൾ പോലുമുപേക്ഷിച്ചുകളഞ്ഞ ഏറ്റവും വികൃതമായ തമാശവത്ക്കരണവും ചിരിയുത്പാദനവുമാണ്.
“സമൂഹത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളെ കുറിച്ചും സിനിമകളിൽ ചർച്ച ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. പക്ഷേ ആ സാഹചര്യങ്ങളൊക്കെ ഇപ്പോൾ മാറി. പല കാര്യങ്ങളും പറയുമ്പോഴും ചർച്ച ചെയ്യുമ്പോഴും സെൻസർ ബോർഡ് വരെ ആ കാര്യങ്ങൾ ഉൾക്കൊള്ളുന്നു. സ്വവർഗ അനുരാഗം, ഗേ, ലെസ്ബിയനിസം തുടങ്ങിയ പ്രയോഗങ്ങൾ 10 വർഷം മുമ്പ് നമ്മുടെ കുടുംബത്തിനുള്ളിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നോ എന്ന് നിങ്ങൾ ചിന്തിക്കണം. ഇപ്പൊ അതൊക്കെ ആ സ്‌പിരിറ്റില്‍ എടുക്കാൻ എല്ലാവർക്കും സാധിച്ചു തുടങ്ങി. അതുകൊണ്ട് തന്നെയാണ് ഒരു കുടുംബ ചിത്രമായി ഒരുക്കിയ ഒരു ജാതി ജാതകത്തിൽ സധൈര്യം പല വിഷയങ്ങളും ഞങ്ങൾ തുറന്നു പറഞ്ഞത്.” സംവിധായകൻ എം.മോഹനൻ ഒരു ഓൺലൈൻ മാധ്യമത്തിനുകൊടുത്ത അഭിമുഖത്തിൽ നിന്നുള്ള വാക്യങ്ങളാണിവ. സംവിധായകൻ എം.മോഹനൻ | PHOTO : WIKI COMMONS
പുതിയ കാലത്തെ മലയാള സിനിമകൾക്ക് ചിരിപ്പിക്കാനുള്ള ശേഷി നഷ്ടപ്പെട്ടു എന്നും സിനിമയിൽ ചിരിയുണ്ടാക്കുമ്പോൾ പുതിയ കാലത്ത് വളരെയധികം സൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം തന്നെ കൂട്ടിച്ചേർക്കുന്നു. ഇത്രയും സൂക്ഷ്മതയും ശ്രദ്ധയുമവകാശപ്പെടുന്ന സംവിധായകനാണ് താനെടുത്ത സിനിമയിൽ തീർത്തും സ്ത്രീവിരുദ്ധവും ഹോമോഫോബിക്കും വിവേചനസ്വഭാവമുള്ളതുമായ കെട്ടുകണക്കിനു തമാശകൾ സിനിമയിലുടനീളം കുത്തിത്തിരുകിയിട്ടുള്ളതെന്നുള്ളതാണ് ഇതിലെ ഐറണി. ഇത് ഏതെങ്കിലും ഒന്നോ രണ്ടോ കഥാപാത്രങ്ങളുടെ വിമർശിക്കപ്പെടേണ്ട മനോഭാവമായല്ല, ടോട്ടാലിറ്റിയിൽത്തന്നെ ക്വീർ മനുഷ്യരെപ്പറ്റി സിനിമയ്ക്കുള്ള അറിവില്ലായ്മയും അപരത്വബോധവുമായി സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്നു എന്നുള്ളത് തീർച്ചയായും പ്രശ്നവൽക്കരിക്കപ്പെടേണ്ടതുണ്ട്.
വേറൊന്ന്, ജെൻഡർ, ഹോമോസെക്ഷ്വാലിറ്റിയടക്കമുള്ള വിഷയങ്ങളെപ്പറ്റി മലയാളസിനിമകൾ അജ്ഞത നടിക്കുന്നത് ഇനിയും തുടരാൻ സാധ്യമല്ല എന്നു തന്നെയാണ്. ‘ദേശാടനക്കിളികൾ കരയാറില്ല’ തൊട്ട് അശാസ്ത്രീയതയ്ക്കുമേൽ മെനഞ്ഞ ‘ചാന്തുപൊട്ട്’ അടക്കമുള്ള സിനിമകളിലൂടെ വളർന്ന് ഞാൻ മേരിക്കുട്ടി,മുംബൈ പോലീസ്, മൂത്തോൻ തുടങ്ങി കാതൽ വരെയെത്തിയതിനുശേഷമാണ് അത്യധികം ക്വീർഫോബിക്കായ കഥാസന്ദർഭങ്ങളും സംഭാഷണങ്ങളും നിറഞ്ഞ ‘ഒരു ജാതി ജാതകം’ തീയേറ്റുകളിൽ നിർദ്ദോഷമായി സ്വീകരിക്കപ്പെടുന്നത് എന്നുള്ളത് സിനിമയുടെ മാത്രമല്ല, കാണിയുടെയും രാഷ്ട്രീയ അലംഭാവത്തിന്റെയും നിഷ്ക്രിയമായ സിനിമ കാണലിന്റെയും കൂടി തെളിവായി മാറുന്നു.ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രത്തിൽ നിന്ന് | PHOTO : WIKI COMMONS
ഹോമോസെക്ഷ്വാലിറ്റിയെപ്പറ്റിയുള്ള ധാരണയില്ലായ്മയുടെ പ്രകടനമെന്നതിലുപരി അത്തരമൊരുള്ളടക്കത്തെ വെറും ചിരിയുൽപാദനവസ്തുവാക്കി മാറ്റി എന്നുള്ളതാണ് ഈ സിനിമ ചെയ്യുന്ന യഥാർത്ഥകുറ്റകൃത്യം. നിരവധി സംഭാഷണഭാഗങ്ങളിലായി ഹോമോസെക്ഷ്വൽ മനുഷ്യരെ അവഹേളിക്കുകയും ട്രോമറ്റൈസ് ചെയ്യാവുന്നതുമായ രംഗങ്ങൾ ആവർത്തിച്ചുകടന്നുവരുന്നു. അവ കഥാഗതിയ്ക്ക് അനിവാര്യമായ സന്ദർഭങ്ങൾ അല്ലാതിരിക്കുമ്പോഴും സംവിധായകന്റെ പെഴ്സ്പെക്ടീവിലുള്ള ഒരു വിമർശനാത്മതയുടെയോ തിരുത്തലിന്റെയോ യാതൊരനുബന്ധങ്ങളു മില്ലാതെ അതേ മനുഷ്വത്വവിരുദ്ധതയിലാണ് സിനിമ അവസാനിപ്പിക്കുന്നത്.
ക്വീർ അവബോധത്തിൽ മാത്രമല്ല, ലോകം പൊരുതിനേടിയെടുത്ത കറുത്ത/ ജാതി/സ്ത്രീ- ശരീരങ്ങളിലേക്കും ചരിത്രത്തിലേക്കുമൊക്കെ വെളിവില്ലാതെ കടന്നുകയറുന്ന സിനിമ അവയെക്കുറിക്കാൻ നിരുപദ്രവമെന്ന വ്യാജേന അങ്ങേയറ്റം അവഹേളനപരമായ പദാവലികൾ ആവർത്തിച്ചാവർത്തിച്ചുച്ചരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇതേ സിനിമയിലെ ക്വീർ-സ്ത്രീവിരുദ്ധപരാമർശങ്ങളെ മുൻനിർത്തി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട റിട്ട് ഹർജി പ്രസക്തമാവുന്നത്. പ്രത്യക്ഷമായിത്തന്നെ ആർട്ടിക്കിൾ- 15 ന്റെ ലംഘനവും ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്ട് 2019 അനുസരിച്ച് കുറ്റകരവുമാവുന്ന ഉള്ളടക്കങ്ങളെ കലയെന്ന ഇളവോടെ പ്രചരിപ്പിക്കുകയും വിപണിക്കിട്ടു കൊടുക്കുകയും ചെയ്യുകയെന്നത് ഗൗരവബുദ്ധ്യാ കാണാനെങ്കിലും നിയമനടപടി കാരണമാവുമെങ്കിൽ അതൊരു നല്ല നീക്കമാണ്. നോർമ്മൽ,സ്ട്രെയിറ്റ്, എലീറ്റ് ചെല്ലപ്പേരുകൾ സ്വന്തമായി കൊണ്ടുനടക്കുകയും അതിൽപ്പെടാത്തവരെയൊക്കെ അപരമനുഷ്യരായി ഹിംസിക്കുകയും ചെയ്യുന്ന കലയിലെയും പൊതുവിടത്തിലെയും ഭൂരിപക്ഷപൊതുബോധത്തോട് ഇങ്ങനെയല്ലാതെ വേറെന്തു തരത്തിലാണ് ഒന്നിടയാനെങ്കിലും നമുക്ക് പറ്റുക?
കണ്ണൂർ പെരളശ്ശേരി എകെജി സ്മാരക ഗവ.ഹയർസെക്കന്ററി സ്കൂളിൽ അധ്യാപികയാണ് ലേഖിക. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.