TMJ
searchnav-menu
post-thumbnail

TMJ Cinema

ദൃശ്യാനുഭവങ്ങളുടെ 2023

07 Jan 2024   |   5 min Read
വിപിൻ മോഹൻ

നിറഞ്ഞ ദൃശ്യാനുഭവം സമ്മാനിച്ച വര്‍ഷമായിരുന്നു 2023. ലോകസിനിമകളെയോ സീരീസുകളെയോ അല്ല ഞാനുദ്ദേശിക്കുന്നത്. ഇന്ത്യന്‍ സിനിമാ/സീരീസുകളെക്കുറിച്ച് മാത്രം. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ലിജോ-മമ്മൂട്ടി പടത്തില്‍ തുടങ്ങി പ്രഭാസ്-പ്രിത്വിരാജ് കോമ്പോയില്‍ ഇറങ്ങിയ സലാറും, ജീത്തു-മോഹന്‍ലാല്‍ കോമ്പോയില്‍ ഇറങ്ങിയ നേരും ഉള്‍പ്പെടെയുള്ളവയെക്കുറിച്ച്. ഇതിനിടയില്‍ ഒന്ന് കണ്ടു മറക്കാവുന്ന ഒരുപാട് ചെറുതും വലുതുമായ പടങ്ങളും സീരീസുകളും വന്നുപോയി. ഇരട്ട, രോമാഞ്ചം, ജെയ്‌ലര്‍, ലിയോ, പുരുഷപ്രേതം, ജവാന്‍, മാമന്നന്‍, 2018, കണ്ണൂര്‍ സ്‌ക്വാഡ്, ഫാലിമി, ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്നിങ്ങനെ. സെന്‍സര്‍ ഇഷ്യൂ കാരണം ജിസിസി രാഷ്ട്രങ്ങളില്‍ റിലീസ് നിഷേധിച്ചതിനാല്‍ 'കാതല്‍- The Core' ഇതുവരെ കാണാന്‍ സാധിച്ചില്ല. ഇതൊക്കെയാണെങ്കിലും മനസ്സില്‍ പതിഞ്ഞ മൂന്ന് സൃഷ്ടികളെ ഒന്ന് റീവൈന്‍ഡ് ചെയ്യാം.

വിചിത്രമായി പെരുമാറുന്ന, ക്രൂരമായി പെരുമാറുന്ന, മനോനില അല്‍പം തെറ്റിയ ആളുകളെ, ജനങ്ങള്‍ സൈക്കോപാത്ത് എന്ന് വിളിച്ചുപോരുന്നത് സാധാരണയായി വരുന്ന കാലമാണിത്. എന്നാല്‍ സൈക്കോപാത്ത് എന്നൊരാളെ വിളിക്കണമെങ്കില്‍ അയാളില്‍ എന്തെല്ലാം ലക്ഷണങ്ങള്‍ ഉണ്ടാകണമെന്ന് ചോദിച്ചാല്‍ നമ്മില്‍ പലര്‍ക്കും കൃത്യമായ ഉത്തരമുണ്ടാവില്ല. ആമസോണ്‍ പ്രൈമില്‍ റിലീസായ 'Dahaad' എന്ന ക്രൈം ത്രില്ലര്‍ സീരീസ് ആ ചോദ്യത്തിനൊരുത്തരമാവും. സ്വാര്‍ത്ഥതയുള്ള, ധാര്‍മ്മികതയെയോ സാമൂഹികമൂല്യങ്ങളെയോ വകവെക്കാത്ത, സ്വയം ഉന്നതനാണെന്ന് കരുതുന്ന, മറ്റുള്ളവരുടെ ജീവനെടുക്കുന്നതില്‍ തെല്ലും മടിയില്ലാത്ത, സെല്‍ഫ് സെന്റേഡായ, സ്വയം ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, മറ്റുള്ളവരോട് ആത്മാര്‍ത്ഥ സ്‌നേഹമോ ബന്ധമോ നിലനിര്‍ത്താനാവാത്ത, എടുത്തുചാട്ടത്തിലും സ്വയം കോഷ്യസായ, ഒരു ക്രിമിനല്‍ പ്രവര്‍ത്തിയില്‍ അത്രയേറെ മുന്‍കരുതലെടുക്കുന്ന..... അങ്ങനെയങ്ങനെ സൈക്കോപാത്തിന്റെ ലക്ഷണങ്ങളെന്ന് നമ്മളെണ്ണിപ്പറയുന്നതെല്ലാം അടങ്ങിയ 'ലക്ഷണമൊത്ത ഒരു സൈക്കോപാത്ത് സീരിയല്‍ കില്ലറെ 'Dahaad' നമുക്ക് സമ്മാനിച്ചു. കൂടുതല്‍ സ്‌പൈന്‍ ചില്ലിങ് എലമെന്റായത്, ഇത് യഥാര്‍ത്ഥത്തില്‍ കര്‍ണ്ണാടക ബേസ്ഡ് ആയി നടന്ന 'സയനൈഡ് മോഹന്‍' എന്ന സൈക്കോപാത്ത് കില്ലറുടെ കഥയാണെന്നതാണ്. മംഗലാപുരത്തും പരിസര പ്രദേശങ്ങളിലുമായി നടന്ന സംഭവത്തെ, ഇന്നത്തെ ഇന്ത്യയിലെ ജാതി-മത-രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ എന്ന സംസ്ഥാനത്തിലേക്ക് പ്ലേസ് ചെയ്തുകൊണ്ടാണ് ഈ സീരിസ് എടുത്തത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ 'സയനൈഡ് മോഹനെ' ദഹാഡില്‍ അവതരിപ്പിച്ചത് വിജയ് വര്‍മ്മയാണ്. ആനന്ദ് സ്വര്‍ണകര്‍ എന്ന കോളേജ് അധ്യാപകനായാണ് വിജയ് വേഷമിട്ടത്. ഈ സീരീസിന് മുന്‍പ് വന്ന ട്രെയ്‌ലറില്‍ മാത്രമല്ല, സീരീസിന്റെ തുടക്കം മുതലേ എല്ലാംകൊണ്ടും പ്രേക്ഷകന്റെ വിരല്‍ നീളുക ആനന്ദ് സ്വര്‍ണകര്‍ എന്ന കുറ്റവാളിയിലേക്കാണ്. അതുകൊണ്ട് തന്നെ ഈ സീരീസിനെക്കുറിച്ചെഴുതുമ്പോള്‍ എവിടെയും ഒരു സ്‌പോയിലര്‍ അലേര്‍ട്ട് വെക്കേണ്ട ആവശ്യമേ വരില്ല. ആനന്ദ് സ്വര്‍ണകര്‍, പെണ്‍കുട്ടികളുടെ മാത്രമല്ല സമൂഹത്തിലെല്ലാവരുടെയും, എന്തിന് കൊച്ചുകുട്ടികളുടെ പോലും ബഹുമാനം നേടിയെടുത്ത അധ്യാപകന്‍. വളരെ മാന്യമായ പെരുമാറ്റവും, വേഷവിധാനവും, മൃദുലമായ ചിരിയും എല്ലാമുള്ള സമൂഹത്തില്‍ നല്ല സ്ഥാനമുള്ളയാള്‍. സ്‌നേഹസമ്പന്നനായ ഭര്‍ത്താവ്. പണത്തിനോട് ആര്‍ത്തിയില്ലാത്ത, സാമൂഹിക പ്രതിബദ്ധതയുള്ള, ഗ്രാമ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന, ഒരു മൊബൈല്‍ ലൈബ്രറി വാന്‍ കൊണ്ടുനടക്കുന്നയാള്‍.

'DAHAAD' | PHOTO: YOUTUBE
തന്റെ അച്ഛന്റെ വെറുപ്പിന് മാത്രം എന്തുകൊണ്ടോ ചെറുപ്പം തൊട്ട് പാത്രമാവുന്ന അയാള്‍ വാരാന്ത്യത്തോടെ തന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേക്ക് മാറുന്നു. പല പേരുകളില്‍, പല നമ്പറുകളിലൂടെ അവിവാഹിതകളായ പെണ്‍കുട്ടികളുമായും സമൂഹത്തിലൊറ്റപ്പെട്ടു ജീവിക്കുന്ന സ്ത്രീകളുമായും ബന്ധം സ്ഥാപിക്കുന്ന അയാളുടെ ഉദ്ദേശം, മോഡസ് ഓപ്പറാണ്ടി എന്നിവ പറഞ്ഞാല്‍ ഒരുപക്ഷെ ഇനിയും ഈ സീരീസ് കാണാത്തവര്‍ക്ക് അതൊരു സ്‌പോയിലര്‍ ആയേക്കാം. ആനന്ദ് സ്വര്‍ണകറായി വിജയ് വര്‍മ്മ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.

'ഡാര്‍ലിംഗ്‌സ്', 'പിങ്ക്', 'മിര്‍സാപൂര്‍', 'ഷീ' എന്നീ സിനിമ/സീരീസുകളിലെ എടുത്തുപറയേണ്ട അഭിനയത്തോടൊപ്പമോ അവയെക്കാള്‍ ഒരുപടി മുകളിലോ പ്ലേസ് ചെയ്യാവുന്ന അഭിനയമാണ് വിജയ് ദഹാഡില്‍ കാഴ്ച്ചവെച്ചത്. ഒട്ടും ലൗഡ് അല്ലാതെ സട്ടിലായ അഭിനയശൈലി. ഇര്‍ഫാന്‍ ഖാന്‍, നവാസുദ്ധീന്‍ സിദ്ധീഖി, മനോജ് ബാജ്‌പൈ, പങ്കജ് ത്രിപാഠി എന്നീ പേരുകള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒരു പേര് തന്നെയാണ് വിജയ് വര്‍മ്മ എന്നത് ഒരിക്കല്‍കൂടി തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ദഹാഡിലേത്. പോലീസ് ഓഫീസറായിരുന്നിട്ടും ജാതിയുടെ നിഴലില്‍ കെട്ടി തൊഴിലിടത്ത് പോലും അകറ്റി നിര്‍ത്തപ്പെടുന്ന, വിവാഹിതയല്ലെന്ന കാരണത്താല്‍ സമൂഹം പുച്ഛത്തോടെ മാത്രം നോക്കുന്ന അഞ്ജലിയായി സൊനാക്ഷി സിന്‍ഹ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചു. സോയ അക്തര്‍, റീമ കഗ്ടി കൂട്ടുകെട്ടിന്റെ ടൈഗര്‍ ബേബി ഫിലിംസും, എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് കമ്പിനിയും ചേര്‍ന്ന് നിര്‍മ്മിച്ച 'ദഹാഡ്' സംവിധാനം ചെയ്തിരിക്കുന്നത് റീമ കഗ്ടിയും, രുചിക ഒബ്റോയ്യും ചേര്‍ന്നാണ്. 
RDX - ഒരു പക്കാ ഫാമിലി ആക്ഷന്‍ മൂവിയാണ്. കോമണ്‍ ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ്, അവര്‍ക്ക് ആവശ്യമുള്ളതെന്താണോ അത് ഒട്ടും ഓവര്‍ബോര്‍ഡാകാതെ നഹാസ് ഹിദായത്ത് ഒരുക്കി അവതരിപ്പിച്ചു.

RDX - എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മ്മവരിക ഹൈലി എക്‌സ്‌പ്ലോസീവായ ബോംബിനെയാണ്. Yes this RDX was Really highly explosive. തിയേറ്ററിനെ ഇളക്കി മറിച്ച RDX.

മലയാള സിനിമാലോകത്ത് ഒരോകാലത്തും ഒരോ ടൈപ്പ് പടങ്ങള്‍ക്ക് കുറച്ച് കൂടുതല്‍ പ്രേക്ഷകരുണ്ടായിരുന്നു. അത്തരത്തില്‍ തൊണ്ണൂറുകളില്‍ കുടുംബപ്രേക്ഷകര്‍ ഏറെ താല്പര്യത്തോടെ കണ്ടിരുന്ന പടങ്ങളാണ് അക്കാലത്ത് ഇറങ്ങിയിരുന്ന ഫാമിലി ആക്ഷന്‍ സിനിമകള്‍. അത്തരത്തിലുള്ള പടങ്ങളൊക്കെ കാണുമ്പോള്‍ കിട്ടുന്നൊരു ഫീല്‍, ഒരു 2k കാലഘട്ടത്തിലേക്ക് ഇത്തിരികൂടി പഞ്ച് ഡയലോഗ്‌സും, സ്റ്റണ്ടും, ഫാമിലി ഇമോഷന്‍സും, ആവശ്യത്തിന് കോമഡിയും എല്ലാം ചേര്‍ത്ത് ഇറക്കിയതായിരുന്നു RDX. ഒരു നവാഗത സംവിധായകനാണ് താനെന്ന് സിനിമയുടെ മേക്കിംഗില്‍ എവിടെയും തോന്നരുതെന്ന വാശിയോടെയാണെന്ന് തോന്നുന്നു നഹാസ് ഈ സിനിമ ചെയ്തത്. സിനിമയുടെ ബാക്‌ബോണ്‍ തന്നെ ഫൈറ്റായിരുന്നു. റോബര്‍ട്ടിന്റെ അറ്റാക്കിങ് കിക്‌സ് ആന്‍ഡ് ബ്ലോക്ക്‌സ്, ഡോണിയുടെ പഞ്ചസ്, സേവ്യറിന്റെ കിക്‌സ്, ബ്ലോക്ക്, പഞ്ച്-ഇവയ്ക്കെല്ലാം പുറമെയുള്ള നഞ്ചാക്ക് അറ്റാക്ക്. ഇങ്ങനെ മൂന്ന് പേര്‍ക്കും മൂന്ന് സ്‌റ്റൈല്‍ ഫൈറ്റാണ് ആക്ഷന്‍ കൊറിയോഗ്രാഫേര്‍സ് ആയ അന്‍പും അറിവും ഡിസൈന്‍ ചെയ്തത്. അതുകൊണ്ട് തന്നെ ഓരോരുത്തരുടെയും ഫൈറ്റ് സീന്‍സ് നല്ല രീതിയില്‍ ആസ്വദിക്കാനായി.

'RDX' | PHOTO: YOUTUBE
ആന്റണി വര്‍ഗീസിന്റെ 'പെപ്പെ' അയാള്‍ തന്നെ അയാള്‍ക്ക് ക്രിയേറ്റ് ചെയ്‌തൊരു ബെഞ്ച്മാര്‍ക്ക് ആയിരുന്നു. അതിനോടൊപ്പം ചേര്‍ത്തുവെക്കാന്‍ കഴിയുന്നൊരു ക്യാരക്റ്ററാണ് ഡോണി. ഞെട്ടിച്ചത് റോബര്‍ട്ടായ ഷെയ്നും, സേവ്യറായ നീരജുമാണ്. ഷെയ്ന്‍ നിഗം വിഷാദഭാവമുള്ള ഒരല്‍പ്പം എക്സെന്‍ട്രിക് ആയ റോളുകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്ത് പോകുമോ എന്ന ഭയം RDX - ലൂടെ മാറിക്കിട്ടിയിരുന്നു. റൊമാന്‍സും, ആക്ഷനും, സെന്റിമെന്‍സും, കോമഡിയും എല്ലാം അയാള്‍ക്ക് വഴങ്ങും. ഭയങ്കര എനര്‍ജിറ്റിക് അപ്പിയറന്‍സായിരുന്നു ഷെയ്‌നിന് ഈ സിനിമയില്‍. നീരജിന്റെ- സേവ്യര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നീരജിലെ ഡാന്‍സറേയും, റാപ്പറേയും ഇതിനുമുന്നേ കണ്ടിട്ടുണ്ടെങ്കിലും അയാള്‍ക്കുള്ളില്‍ നല്ലൊരു ആക്ഷന്‍ ഹീറോ കൂടിയുണ്ടെന്ന് അയാള്‍ പ്രൂവ് ചെയ്തു. ആക്ഷന്‍ സീനുകളില്‍ നഞ്ചാക്കുമായി അയാള്‍ വന്ന് നിന്നപ്പോള്‍ പണ്ടത്തെ ബാബു ആന്റണി തന്നെയാണെന്ന് തോന്നിപ്പോയി, അസാധ്യ മേക്കോവര്‍. അയാള്‍ കൂടി വരുന്ന ഫൈറ്റ് സീക്വന്‍സിലെല്ലാം ഒരു എലേറ്റഡ്/എക്‌സൈറ്റഡ് മൂഡ് ഫീല്‍ ചെയ്തു. പിന്നെ എടുത്തുപറയേണ്ടത് സിനിമയുടെ ഒരോ സീന്‍സിനും അനുയോജ്യമായ ബി.ജി.എം സ്‌കോര്‍ സെറ്റ് ചെയ്ത സാം സി എസിനെയാണ്. പ്രേക്ഷകനെ ഒരോ സീന്‍സുമായി കൂടുതല്‍ കണക്റ്റ് ചെയ്യിക്കാന്‍ സാമിന്റെ മ്യൂസിക്കിനായി. 

നായകന്മാരുടെ ഫൈറ്റ് കാണിക്കാന്‍ വേണ്ടിയുള്ള ഫൈറ്റിംഗ് സീന്‍സല്ല, മറിച്ച് കാണുന്നവര്‍ക്കോരോരുത്തര്‍ക്കും ഈ സമയത്ത് വില്ലന്മാര്‍ക്ക് നല്ല നാല് അടികൊടുക്കണം എന്ന തോന്നലുണ്ടാവുമ്പോഴാണ് ഒരോ ഫൈറ്റ് സീന്‍സും ഈ സിനിമയില്‍ പ്ലേസ് ചെയ്തത്. അതിനാല്‍ തന്നെ ഫൈറ്റ് സീന്‍സെല്ലാം പ്രേക്ഷകന് ഇമോഷണലി നല്ല രീതിയില്‍ കണക്റ്റ് ചെയ്യാനായി. ലാല്‍, ബാബു ആന്റണി, ബൈജു, മാലാ പാര്‍വ്വതി, മഹിമ നമ്പ്യാര്‍, ഐമ എന്നിവരും നല്ല പ്രകടനം കാഴ്ച്ചവെച്ചു. ബാബു ആന്റണിക്ക് സ്‌ക്രീന്‍ സ്പേയ്‌സ് കുറവായിരുന്നെങ്കിലും അയാളുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമായിരുന്നു. വിഷ്ണു അഗസ്ത്യ, മെയിന്‍ വില്ലനായിരുന്ന പോള്‍സന്റെ എല്ലാ ക്രൂരതയും അയാളുടെ കണ്ണുകളിലൂടെ കാണാമായിരുന്നു. നിഷാന്ത് സാഗറിന്റെ ഡേവിസ്, അങ്ങനെ ചെറുതും വലുതുമായി സിനിമയില്‍ വന്നുപോയ ഓരോരുത്തരും അവരവരുടെ ഭാഗം നന്നാക്കിയപ്പോള്‍ നമുക്കന്ന് ലഭിച്ചത് ഒരു അടിപൊളി ഓണം റിലീസാണ്. തീയേറ്ററില്‍ കാണാത്തവര്‍ക്ക് ഒരു നഷ്ടം തന്നെയായിരുന്നു RDX.

CHITTAAH | PHOTO: YOUTUBE
ഇനി ലിസ്റ്റിലുള്ളത് മനസ്സില്ലാമനസ്സോടെ കണ്ടുതുടങ്ങുകയും കണ്ടുകഴിഞ്ഞ് ഒരു വിങ്ങല്‍ മനസ്സില്‍ സമ്മാനിക്കുകയും ചെയ്ത തമിഴ് ചിത്രമാണ്. 'ചിറ്റാ'. കാരണം ഇമോഷണല്‍ റോളര്‍കോസ്റ്റര്‍ പടങ്ങള്‍ പൊതുവേ ഞാനധികം പ്രിഫര്‍ ചെയ്യാറില്ല. എന്നാല്‍ ചിറ്റാ എല്ലാവരും കണ്ടിരിക്കേണ്ട ഒരു പടമായാണ് തോന്നിയത്. സിദ്ധാര്‍ഥ് നിര്‍മ്മിച്ച് അദ്ദേഹം തന്നെയാണ് ലീഡ് ക്യാറക്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധാര്‍ഥിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്രകടനം. അഭിനയിച്ച എല്ലാവരും വിശേഷിച്ച് കുട്ടികള്‍ നന്നായി പെര്‍ഫോം ചെയ്തു. സിനിമയുടെ ഹൈലൈറ്റ് അതിലെ സാമൂഹികപ്രസക്തിയുള്ള വിഷയമാണ്. ഇന്നത്തെ കാലത്ത് കുട്ടികള്‍ എന്ത് വാശികാണിച്ചാലും അതിനെ മറികടക്കാന്‍, അല്ലെങ്കില്‍ അവരെ അല്പം നേരം അടക്കിയിരുത്താന്‍, മൊബൈല്‍ ഗെയിംസും വീഡിയോസും എല്ലാം നല്‍കുന്നത് സര്‍വ്വസാധാരണമാണ്. അതിനെക്കൊണ്ട് ഉണ്ടായേക്കാവുന്ന, അല്ലെങ്കില്‍ കുട്ടികളുടെ ആ വീക്‌നെസ്സിനെ മുതലെടുക്കാന്‍ സാധ്യതയുള്ള മനോഗതിയുള്ള വക്രബുദ്ധിക്കാരെ കുറിച്ച് നമുക്ക് ഒരു അവബോധം തരുന്ന ചിത്രമാണ് ചിറ്റാ.

സ്വന്തം മക്കളെ, അത് ആണായാലും പെണ്ണായാലും, അന്യരുടെ അടുത്ത്, എന്തിന് സ്വന്തം അച്ഛന്റെയടുത്തോ അമ്മാവന്റെയടുത്തോ, സഹോദരന്റെയടുത്തോ, പോലും വിട്ടിട്ട് വരാന്‍ രണ്ടാമതൊന്നു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കാലത്ത്, ഈ ചിത്രത്തിന്റെ പ്രസക്തി വളരെ വലുതാണ്. കുഞ്ഞുങ്ങളെ ഗുഡ് ടച്ച് എന്താണെന്നും, ബാഡ് ടച്ച് എന്താണെന്നും, ഇനി അഥവാ ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ വരുകയോ ചെയ്യുകയോ ചെയ്താല്‍, മാതാപിതാക്കളോട് തുറന്ന് പറയേണ്ടതിന്റെ ആവശ്യകതയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എസ് യു അരുണ്‍കുമാറാണ് സംവിധാനം.


#cinema
Leave a comment