കൂടത്തായി കൂട്ടക്കൊല കറി ആന്റ് സയനൈഡ് ആകുമ്പോള്‍
കേരളം ഞെട്ടിത്തരിച്ച പ്രമാദമായ കൂടത്തായി കൊലപാതകത്തെ ആസ്പദമാക്കി ഇന്ത്യ ടുഡേ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി നിര്‍മ്മിച്ച കറി ആന്റ് സയനൈഡ് - ദ ജോളി ജോസഫ് കേസ് എന്ന ഡോക്യു-സീരീസിനെ കുറിച്ച് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ തുടരുകയാണ്. കേരളത്തിന്റെ കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ കൂടത്തായി കേസിന്റെ പ്ലോട്ട് ചിരപരിചിതമല്ലാത്തതാണ്. 14 വര്‍ഷത്തിനിടയില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു കുടുംബത്തിലെ ആറ് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്ന ജോളി അന്നമ്മ ജോസഫ് ആണ് ഡോക്യുമെന്ററിയിലെ കേന്ദ്ര ബിന്ദു. ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ കഥാകൃത്ത് ശാലിനി ഉഷാദേവിയാണ്. ജോളിയുടെ ഭര്‍ത്താവിന്റെ സഹോദരനും സഹോദരിയുമായ റോജോയും, രഞ്ജി തോമസും, ജോളിയുടെ മകന്‍ റൊമോ, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അഭിഭാഷകര്‍, കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് കേരളത്തില്‍ നിന്നൊരു കേസ് വിഷയമായി തെരഞ്ഞെടുക്കുന്നത്.
Subjudice ആയ ഒരു കേസിന്‍മേല്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന പരിമിതികള്‍ കൊണ്ടാവാം വളരെയധികം അവ്യക്തതകള്‍ കേസിന്റെ വസ്തുതകളെ സംബന്ധിച്ച് സീരീസില്‍ ഉണ്ടാവുന്നുണ്ട്. ആ പരിമിതികളെ ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ പരിശോധിച്ചാലും കറി ആന്‍ഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് കണ്ടന്റ് വൈസ് പൊതുബോധത്തോട് ചേര്‍ന്ന് നിന്നാണ് സ്‌ക്രിപ്റ്റ് ചെയ്തിരിക്കുന്നത്, സാധാരണ ഗതിയില്‍ ഒരു ഡോക്യുമെന്ററിയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത 'സെന്റിമെന്‍സും', 'ഫാമിലി ഇമോഷന്‍ സീനും' ആണ് ഈ ഡോക്യുഫിക്ഷന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്നത് എന്നത് തന്നെ ഒരു വലിയ പോരായ്മയാണ്.
ജോളിയുടെ അറസ്റ്റില്‍ നിന്ന് ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നോട്ട് പോയി കൊലപാതകങ്ങള്‍ വിശദീകരിക്കുകയാണ് ഡോക്യുമെന്ററി. വെറും സ്വാഭാവിക മരണമായി ചിത്രീകരിക്കപ്പെട്ട 6 മരണങ്ങള്‍ കൊലപാതകങ്ങള്‍ ആണെന്ന് സംശയം പ്രകടിപ്പിക്കയും, പോലീസില്‍ പരാതി നല്‍കുകയും, ജോളി ജോസഫിന്റെ അറസ്റ്റ് വരെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിര്‍പ്പ് വകവെക്കാതെ സഹോദരന്‍ റോജോയുടെ സഹായത്തോടെ ഫോളോ അപ്പ് ചെയ്യുകയും ചെയ്ത പൊന്നമറ്റം കുടുംബത്തിലെ രഞ്ജി വില്‍സണ്‍, (ജോളി ജോസഫിന്റെ നാത്തൂന്‍) അവരാണ് ഈ ഡോക്യുമെന്ററിയെയും ലീഡ് ചെയ്യുന്നത്. സ്വന്തം മാതാവ്, പിതാവ്, സഹോദരന്‍, ഒരു മെന്ററെ പോലെ കരുതിയിരുന്ന അമ്മാവന്‍, അങ്ങനെ തനിക്ക് വേണ്ടപ്പെട്ട മനുഷ്യര്‍ ഒന്നൊന്നായി ഇല്ലാതായതിന്റെ മാനസികാഘാതം അവരില്‍ പ്രകടമാണ്, അതോടൊപ്പം അതിനു കാരണക്കാരായ മനുഷ്യരോടുള്ള എതിര്‍പ്പുകളും. ഈ രണ്ടു ഘടകങ്ങളും ഒരുമിച്ച് വരുന്നതുകൊണ്ട് തന്നെ രഞ്ജി സംഭാഷണമധ്യേ ഇരുട്ടില്‍ ചെയ്തതെല്ലാം വെളിച്ചത്തില്‍ വരും, മറഞ്ഞിരിക്കുന്നതെല്ലാം അറിയപ്പെടും, മരണപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ?, അങ്ങനെ ധാരാളം ബൈബിള്‍ വചനങ്ങളുടെ സാമ്യമുള്ള പ്രയോഗങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തന്റെ മതവിശ്വാസങ്ങളിലെ നിലപാടുകള്‍ അടയാളപ്പെടുത്തുന്നുണ്ട്. മറ്റൊരഭിമുഖത്തില്‍ 'മഞ്ഞപ്രകാശം കണ്ടു തിരിച്ചുവന്ന ഒരാള്‍ ആണ് ഞാന്‍' എന്നും അവര്‍ പറയുന്നുണ്ട്. (2003 ല്‍ ജോളിയുടെ കൊലപാതക ശ്രമത്തില്‍ (സംശയം) നിന്നും തിരിച്ചു വന്ന നിമിഷത്തെ കുറിച്ച്).
PHOTO: YOUTUBE
ക്രിസ്തുവില്‍ നാമേവരും ഒന്നാണ് എന്നതാണ് ക്രൈസ്തവ വിശ്വാസത്തിന്റെ സാമൂഹിക അടിത്തറ. ബിബ്ലിക്കല്‍ ക്വോട്ടുകള്‍ക്കപ്പുറം രഞ്ജി ആവര്‍ത്തിക്കുന്ന ചില പ്രയോഗങ്ങളും ശ്രദ്ധേയമാണ് കുടുംബം, അധികാരം, സ്വത്ത്, അഭിമാനം, വിദ്യാഭ്യാസം, മേല്‍ക്കൈ, അങ്ങനെ ഒരു പാട്രിയാര്‍ക്യല്‍ സിസ്റ്റത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയതാണ് പൊന്നമാറ്റം കുടുംബം എന്ന് രഞ്ജി തന്നെ സമ്മതിക്കുന്നുണ്ട്. കെവിന്റെ കൊലപാതകം നടന്ന കാലത്ത് ചര്‍ച്ചയായ സവര്‍ണ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ വരേണ്യ അഭിമാന ബോധവും, അതിന്റെ ദൂഷ്യ ഫലങ്ങളും കൂടത്തായി കേസില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്, കൃത്രിമമായി ഉണ്ടാക്കിയ വിദ്യാഭ്യാസ യോഗ്യതയില്‍ ആണ് പ്രോസിക്യൂഷന്റെ ആരോപണ പ്രകാരം ഈ സീരിയല്‍ കില്ലിംഗ് ആരംഭിച്ചിരിക്കുന്നത് എന്ന് കാണാം. കട്ടപ്പനയിലെ ഹൈറേഞ്ച് മേഖലയില്‍ നിന്നും കൂടത്തായി പൊന്നമാറ്റം കുടുംബത്തിലേക്ക് വന്നു കയറുന്ന ഒരു പെണ്‍കുട്ടിക്കുണ്ടാകേണ്ട 'യോഗ്യത' യിലേക്ക് ഫോഴ്‌സ് ചെയ്യപ്പെടുകയായിരുന്നു ജോളി എന്നത് അപ്രിയമാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.
ഡോക്യുമെന്ററിയുടെ ആദ്യ ഭാഗത്ത് തന്നെ മാധ്യമ പ്രവര്‍ത്തക നിഖില ഹെന്‍ട്രി ജോളി കൂടത്തായിയില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോഴും, തെളിവെടുപ്പിന് കൊണ്ട് വരുമ്പോഴും നേരിട്ട ആണ്‍കൂട്ട വെര്‍ബല്‍ ആക്രമണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 'കട്ടപ്പന', 'ഹൈ റേഞ്ച്', അങ്ങനെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയാണ് 'പാപം ചെയ്യാത്ത' ആ നാട്ടുകാര്‍ അവരെ സംബോധന ചെയ്തത്. എന്നാല്‍ പിന്നീട് ഒരിടത്തും അതിന്റെ വിശദാംശങ്ങളിലേക്കോ അവര്‍ നേരിട്ട സൈബര്‍-മാധ്യമ വിചാരണയിലേക്കോ ഡോക്യുമെന്ററി വിരല്‍ ചൂണ്ടുന്നില്ല. പകരം മാധ്യമങ്ങളിലൂടെ രൂപപ്പെട്ട പൊതുബോധത്തിലേക്ക് രഞ്ജിയുടെ സഹായത്തോടെ ഡോക്യുമെന്ററി ഒരിക്കല്‍ കൂടി 'ജോളിയെ' പൂര്‍ണമായും കുറ്റവാളിയാക്കി വിധി തീര്‍പ്പാക്കുകയാണ്. രഞ്ജി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ശരിയാണ് എന്ന ധ്വനിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്, പശ്ചാത്തല സംഗീതം അടക്കമുള്ള ടെക്‌നികല്‍ ഏരിയകള്‍ പോലും അവരുടെ വാദങ്ങള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കുന്നുണ്ട്. ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ സിനിമയില്‍ ചിലപ്പോള്‍ ആ ഫോര്‍മുല വിജയിച്ചേക്കാം എന്നാല്‍ ഒരു ട്രൂ ഇവന്റിനെ ക്രൈം സീരീസ് ഡോക്യുമെന്ററിയാക്കുമ്പോള്‍ അതില്‍ നീതികേടുണ്ട്.
കൂടത്തായി കേസും മാധ്യമങ്ങളും
കൂടത്തായി കേസും മാധ്യമങ്ങളും എന്നത് ഗവേഷണസാധ്യതയുള്ള ഒന്നാന്തരം വിഷയമാണ്. ഒരു സ്ത്രീ കേസില്‍ പ്രതിയായാല്‍ ഉയരുന്ന വഴിവിട്ട ബന്ധം, സെക്‌സ് റാക്കറ്റ്, തുടങ്ങിയ കഥകള്‍ ആദ്യ ദിനം മുതല്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. കുറ്റകൃത്യങ്ങളില്‍ സ്ത്രീ പ്രതിയാകുമ്പോള്‍ പൊതുബോധവും മാധ്യമബോധ്യവും ഒരേരീതിയില്‍ ഒളിനോട്ടതൃപ്തിയിലേക്കും, സ്ത്രീവിരുദ്ധ തീര്‍പ്പുകളിലേക്കും എത്തിച്ചേരും. അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ സമാന്തര അന്വേഷണവും ഇടപെടലും മാധ്യമങ്ങളില്‍ നിന്നുണ്ടായെന്ന് പൊലീസിന് തന്നെ പറയേണ്ടി വന്നതും അതുകൊണ്ടാണ്. സദാചാര നിഷ്ഠ പഠിപ്പിച്ചുള്ള മൊബ് ലിഞ്ചിംഗിന് കുറ്റവാളിയെ എറിഞ്ഞുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുബോധവും ഒരു പോലെ ചെയ്തത്. സോഷ്യല്‍ മീഡിയയും ഒട്ടും വിഭിന്നമായിരുന്നില്ല എന്ന് കൂടി പറയേണ്ടതുണ്ട്. സയനൈഡ് കൊലപാതകം നടക്കുന്നു. ആണുങ്ങള്‍: 'ആദ്യത്തെ ഉരുള ഇനി മുതല്‍ ഭാര്യക്ക്' എന്നായിരുന്നു നവമാധ്യമങ്ങളിലെ ഒരു പോപ്പുലര്‍ ട്രോള്‍, ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരെ മൂന്നു ലക്ഷം അതിക്രമ കേസുകളെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു രാജ്യത്തിരുന്നാണ് ഈ ട്രോള്‍ എന്നോര്‍ക്കണം! ഈ മേഖലയിലേക്കും ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തി നോക്കുന്നില്ല എന്നതും ഖേദകരമാണ്.
PHOTO: FACEBOOK
14 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കേസിന്റെ (ഇനിയും കോടതി വിധി പറയാത്ത) ഡോക്യുമെന്ററി ഒന്നരമണിക്കൂറില്‍ ചിത്രീകരിക്കുമ്പോള്‍ സ്വാഭാവികമായും ധാരാളം ചോദ്യങ്ങളും, സംശയങ്ങളും അവശേഷിക്കും. വാദിഭാഗത്തിന്റെ നരേറ്റീവുകള്‍ക്ക് ശക്തമായ പിന്‍ബലം നല്‍കിയ ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ പക്ഷെ അതുകൊണ്ട് നഷ്ടപ്പെടുത്തിയത് ഈ കേസിലെ മര്‍മ പ്രധാനമായ ചില ഏരിയകള്‍ ആണ്. പൊന്നമറ്റം വീട്ടില്‍ എത്തുന്നതിനു മുന്‍പുള്ള ജോളിയുടെ ജീവിതം എങ്ങനെ ഉള്ളതായിരുന്നു ? അവര്‍ ഒരു born ക്രിമിനല്‍ ആണ് എന്ന വാദത്തിന് അടിസ്ഥാനം ഉണ്ടോ ? കോളേജ് ഹോസ്റ്റലില്‍ അവരുടെ കൂടെ താമസിച്ചിരുന്ന ഒരു സുഹൃത്ത് ജോളിയുടെ മേല്‍ ഒരു മോഷണക്കുറ്റം ആരോപിച്ചതായി വിശ്വസിക്കാവുന്ന സോഴ്സുകളില്‍ നിന്നും വിവരം ഉണ്ട്, ആദ്യ കൊലപാതകം നടത്താന്‍ (അന്നമ്മ തോമസ്) ജോളിക്ക് dog kill വിഷം ഉപയോഗിക്കാന്‍ ധൈര്യം ഉണ്ടായത് അവരുടെ ഭൂതകാലത്തിലെ തന്നെ മറ്റൊരു എക്‌സ്പീരിയന്‍സില്‍ നിന്നും ആണ്, ഇതെല്ലാം ഡോക്യുമെന്ററിയിലെ മേജര്‍ മിസ്സിംഗ് ലിങ്കുകള്‍ ആണ്. ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആരും ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്നില്ല. ആകെ ഡിഫന്‍സ് എന്ന് പറയാവുന്നത് വിവാദ കേസുകളില്‍ എല്ലാം പ്രതിഭാഗം ചേരുന്ന 'കുപ്രസിദ്ധനായ' ബി എ ആളൂര്‍ (ജോളിയുടെ വക്കീല്‍) ആണ്, എന്നാല്‍ അതുപോലും സ്‌ക്രീന്‍ ടൈം വാദി ഭാഗത്തിന്റെ ക്യാപ്റ്റന്‍ രഞ്ജിയുടെ മൂന്നില്‍ ഒന്ന് മാത്രമാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കറി ആന്‍ഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് ഒരു one sided attempt ആണെന്ന നിരീക്ഷണം നില നില്‍ക്കുന്നത് ആണ്.
നിയമ വിദഗ്ധര്‍ ചൂണ്ടികാണിച്ച കൂടത്തായി കേസിലെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം, ശാസ്ത്രത്തിനു മുകളില്‍ വിശ്വാസം പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന തെറ്റായ പ്രവണതകള്‍ ആണ്, മരണപ്പെട്ടയാളുടെ 'കുടുംബത്തെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍' എന്ന പേരില്‍ പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാണെന്നും പോസ്റ്റ് മോര്‍ട്ടം പോലൊരു സംഗതിയെ വൈകാരികമായി അല്ല സമീപിക്കേണ്ടതെന്നുമുള്ള യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പൊതുസമൂഹം തയ്യാറാകണം എന്ന സന്ദേശം കൂടത്തായി കേസ് മുന്നോട്ട് വെക്കുന്നുണ്ട്. കൂടത്തായി കേസിനെ സങ്കീര്‍ണമാക്കുന്ന രണ്ട് കാര്യങ്ങള്‍ ഒന്നാമത്തേത് കുറ്റകൃത്യങ്ങളുടെ കാലപ്പഴക്കം ആണെങ്കില്‍ രണ്ടാമത്തേത് ആദ്യത്തെ രണ്ടു കൊലപാതകങ്ങളും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നു വെച്ചത് ആണ്. ബി എ ആളൂര്‍ ചൂണ്ടിക്കാണിക്കുന്ന മുഴുവന്‍ കാര്യങ്ങളും പ്രസക്തമാകുന്നതും ഈ കോണ്‍ടെക്സ്റ്റില്‍ ആണ്. റീ പോസ്റ്റ്മോര്‍ട്ടം ചെയ്ത റോയ് മാത്യുവിന്റെ കൊലപാതകം ഒഴിച്ച് മറ്റൊരു കൊലപാതകവും കോടതിയില്‍ തെളിയിക്കുക പ്രോസിക്യൂഷനെ സംബന്ധിച്ച് ശ്രമകരമായ ഒന്നാണ്, കണ്മുന്നില്‍ തന്നെ ഇത്രയും വസ്തുതകള്‍ നിലനില്‍ക്കേ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ജോളിയുടെ നേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍, പൊന്നമറ്റം കുടുംബത്തിന്റെ നൊമ്പരങ്ങള്‍ ക്യാപ്റ്റലൈസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഡോക്യുമെന്ററി പരാജയപ്പെട്ടു എന്ന് തന്നെ പറയാം.
മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്തകളും, പൊലീസിന് മുന്നില്‍ ജോളി നടത്തിയ കുറ്റസമ്മതവും, അങ്ങനെ പ്രോസിക്യൂഷന്റെ എല്ലാ ആരോപണങ്ങളും ശരിവെച്ചാല്‍ പോലും ഈ കേസിലെ ഒരു മിസ്സിംഗ് ലിങ്ക് ആണ് രണ്ടാംപ്രതി എന്ന് പറയപ്പെടുന്ന എം എസ് മാത്യുവിന്റെ സാന്നിധ്യം. ജോളിക്ക് കൊല നടത്താനുള്ള സയനൈഡ് നല്‍കിയ അവരുടെ സുഹൃത്തുകൂടിയായ എം എസ് മാത്യുവിന്റെ ഈ കേസിലെ റോള്‍ തുടക്കം മുതല്‍ ദുരൂഹമാണ്. കൊലപാതകം ലക്ഷ്യം വെച്ചുകൊണ്ട് സയനൈഡ് നല്‍കി എന്നതാണ് മാത്യുവിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. സ്വര്‍ണക്കടയില്‍ ജോലി ചെയ്യുന്ന മാത്യുവിന് സയനൈഡ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ല എന്നത് നേര് തന്നെ എന്നാല്‍ കേവലം ജോളിയുമായുള്ള സൗഹൃദത്തിന്റെ പുറത്ത് മാത്രം എങ്ങനെയാണ് ഒന്നിലധികം കൊലപാതകങ്ങള്‍ നടത്താന്‍ അതും അയാള്‍ക്ക് പ്രത്യക്ഷത്തില്‍ യാതൊരു നേട്ടവും ഇല്ലാത്ത കാര്യത്തിന് സയനൈഡ് നല്‍കുന്നത് ? ജോളി ഭര്‍ത്താവ് റോയിയെ കൊന്നതിനു കാരണങ്ങളായി പറയുന്നത് അയാളുടെ മദ്യപാനം, കെടുകാര്യസ്ഥത, സാമ്പത്തിക ബാധ്യത ഒക്കെയാണ്, ശേഷം പൊന്നമറ്റം കുടുംബക്കാരുടെ ബന്ധുകൂടിയായ ഷാജുവിനെ വിവാഹം ചെയ്യാന്‍ അയാളുടെ ഭാര്യയെയും കുഞ്ഞിനേയും കൊലപ്പെടുത്താനും എം എസ് മാത്യു കൂട്ടുനിന്നു എന്നതൊക്കെ ഇനിയും തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്. മോട്ടീവ് പ്രധാനമാണല്ലോ ഇത്തരം കേസുകളില്‍, ആ ലൂപ്പ് ഹോള്‍ പോലീസിന്റെ കുറ്റപത്രത്തില്‍ എന്ന പോലെ ഡോക്യുമെന്ററിയിലും ഉത്തരം ഇല്ലാത്ത ചോദ്യമാണ്.
PHOTO: FACEBOOK
കൂടത്തായി കേസില്‍ പ്രതി എന്ന് ആരോപിക്കപ്പെടുന്ന ജോളി ജോസഫ് ഒരു സോഷ്യല്‍ സൈക്കോപാത്തായിരിക്കാം അല്ലെങ്കില്‍ അവര്‍ക്ക് മെന്റല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ന് മാനസികാരോഗ്യ വിദഗ്ധര്‍ അടിവരയിടുന്നുണ്ട്, 'എനിക്ക് ഒരു ക്രിമിനല്‍ മൈന്‍ഡ് ഉണ്ട്' എന്ന് രഞ്ജിയോട് ജെയിലില്‍ വെച്ച് ജോളി പറയുന്നതായും ഡോക്യുമെന്ററിയില്‍ പരാമര്‍ശം ഉണ്ട്. ഒരുപക്ഷെ സൈക്കോളജിക്കല്‍ ഇഷ്യൂ ഒരു വ്യക്തിയുടെ ഭൂതകാലവും ആയി ബന്ധപ്പെട്ടിരിക്കാനും സാധ്യത വളരെ കൂടുതലാണ്. സൈക്കോപാതിക് ട്രൈറ്റുകള്‍ ജനറ്റിക് ആയി സംഭവിക്കുന്നതിന് ഒട്ടനവധി ഉദാഹരണങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട്. ജോളിയുടെ വിവാഹശേഷം അവര്‍ ജന്മനാടുമായുള്ള ബന്ധം ഏറെകുറെ അവസാനിപ്പിക്കുന്നതായി കാണാം, അവരുടെ രണ്ടാം വിവാഹത്തിന് ആ നാട്ടില്‍ നിന്നുള്ള കുടുംബാംഗങ്ങളോ മറ്റോ പങ്കെടുക്കുന്നുമില്ല, ഇതെല്ലാം ജോളിക്ക് തന്റെ നാടുമായി ക്രിത്യമായ ഒരു ഡിറ്റാച്‌മെന്റ് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്, അതുകൊണ്ട് തന്നെ കട്ടപ്പനയിലെയും, കൂടത്തായിയിലെയും തീര്‍ത്തും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങള്‍ക്ക് ഈ ക്രൈമുമായി ബന്ധം ഉണ്ടായിരിക്കും. Whether or not the individual is healthy, is primarily not an individual matter, but depends on the structure of his society.
എന്ന് എറിക് ഫോം. ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച ജോളിയുടെ പ്രീ-കൂടത്തായി ജീവിതം ഒട്ടും പ്രതിപാദിക്കാതെ കടന്നു പോകുന്ന ഡോക്യുമെന്ററി അപൂര്‍ണമാകുന്നത്.
കുറ്റകൃത്യങ്ങളുടെ നിയമപരമായ വശമെന്നത് നിയമം കുറ്റകൃത്യമെന്നു നിര്‍വചിച്ചിട്ടുള്ള പ്രവൃത്തികള്‍ മാത്രമാണ് കുറ്റകൃത്യമാവുക There is no crime without a law എന്നാണ്. പ്രധാനമായും രണ്ടു ഘടകങ്ങളാണ്. ഒന്നാമതായി Act അഥവാ പ്രവര്‍ത്തി രണ്ടാമതായി Intention അതായത് ഉദ്ദേശം, ഇവയിലേതെങ്കിലും ഒന്നിന്റെ അഭാവത്തില്‍ പ്രസ്തുത പ്രവൃത്തിയെ കുറ്റകൃത്യമായി കണക്കാക്കാന്‍ നിയമം തയ്യാറില്ല. അതായത് കൂടത്തായി കേസ് കോടതിയില്‍ എത്തുമ്പോള്‍ അവിടെ ഡോക്യുമെന്ററി ഹൈലൈറ്റ് ചെയ്യുന്ന കുടുംബത്തിന്റെ ഇമോഷന്‍സിനോ, പൊതു ബോധ വിചാരണക്കോ, മാധ്യമ സര്‍ക്കസിനോ എന്തിനു പോലീസ് കസ്റ്റഡിയില്‍ പറയുന്ന മൊഴിക്ക് പോലും വാലിഡിറ്റി ഇല്ല എന്ന് ചുരുക്കം.
കുറ്റാരോപിതയായി ജയിലില്‍ കിടന്ന് വിചാരണ നേരിടുമ്പോള്‍ കേസിലെ വാദി ഭാഗത്തെ പ്രമുഖരും, ഫോറന്‍സിക് വിദഗ്ധരും ഡോക്യുമെന്ററിയില്‍ നേരിട്ടെത്തി ജോളി കുറ്റക്കാരിയാണെന്ന അന്തിമ വിധി പറയുന്നതിനെച്ചൊല്ലി ഇതിനോടകം തന്നെ നിരവധി വിയോജിപ്പുകള്‍ നവമാധ്യമങ്ങളില്‍ പലതും രേഖപ്പെടുത്തുന്നുണ്ട്. കോടതി വ്യവഹാരങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്ത ഒരു കേസിനെ (കേസ് വിസ്തരിക്കുമ്പോള്‍ അതിന്റെ ബ്രോഡ്കാസ്റ്റിനെ ചൊല്ലി വരെ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍) ആസ്പദമാക്കി ഇത്തരം വണ്‍ സൈഡഡ് നറേറ്റിവ് ഉണ്ടാക്കുന്നതിലെ അപകടം കൂടി മനസ്സിലാക്കേണ്ടതുണ്ട്. പ്രൊപഗണ്ട സിനിമ/സീരീസുകള്‍ക്കു യാതൊരു പഞ്ഞവും ഇല്ലാത്ത ഒരു നാട്ടില്‍ ഇങ്ങനെ ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യുന്നത് ഭാവിയില്‍ അത് എങ്ങനെയൊക്കെ ദുരൂപയോഗപ്പെട്ടേക്കാം എന്ന് കൂടി നാം ഓര്‍ക്കണം.